2016, ജൂൺ 14, ചൊവ്വാഴ്ച

ബധിരനായ ഒരു ദൈവത്തെയല്ല നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്

അല്‍പം ഫോണോഫോബിക് ആയ ഒരാള്‍ റമദാനില്‍ പള്ളിയില്‍ ജമാഅത്തായി നിസ്‌കരിക്കാന്‍ ചെന്നിട്ടുണ്ടെങ്കില്‍, അത് കേരളത്തിലെ ഒരു പരമ്പരാഗത ശാഫിഈ പള്ളിയുമാണെങ്കില്‍, നിസ്‌കാരത്തില്‍ ഇമാം ഫാതിഹ ഓതിക്കഴിഞ്ഞ ശേഷം ഉയരുന്ന ആമീന്‍ വിളി, അല്ലെങ്കില്‍ തറാവീഹിലെ ഈരണ്ട് റക്അത്തുകള്‍ക്കിടയില്‍ മുഴങ്ങുന്ന അല്ലാഹുമ്മ സല്ലി എന്ന കൂട്ടനിലവിളി അതുമതി അയാള്‍ അറ്റാക്ക് വന്ന് മരിക്കാന്‍. പുതിയ കെട്ടിട നിര്‍മാണ സാങ്കേതിക വിദ്യക്ക് സ്തുതി. പ്രവാചകന്റെ കാലത്തേതു പോലെ പനയോലയും പനമ്പട്ടയും കൊണ്ട് മേയുന്ന പള്ളിയായിരുന്നെങ്കില്‍ മേല്‍ക്കൂര എപ്പം പറന്നൂന്ന് ചോദിച്ചാ മതി.

ബധിരനായ ഒരു ദൈവത്തെയല്ല നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് എന്ന് പ്രത്യേകം പറഞ്ഞ, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചെന്നു വീഴുന്നത് ബധിരകര്‍ണങ്ങളിലല്ല എന്ന് പഠിപ്പിച്ച പ്രവാചകന്റെ വചനങ്ങള്‍, എന്നെക്കുറിച്ച് എന്റെ അടിയാറുകള്‍ നിന്നോട് ചോദിക്കുകയാണെങ്കില്‍ ഞാനിതാ സമീപത്ത് തന്നെ, അവന്റെ കണ്ഠനാഡിയെക്കാള്‍ എന്റെ ദാസനോടടുത്ത് എന്ന് പറഞ്ഞ അല്ലാഹുവിന്റെ ആയത്തുകള്‍ ഒക്കെയും ഒരു ഭാഗത്ത് നില്‍ക്കട്ടെ. ഒരു തരം വാശിയും മല്‍സരത്വരയും പോലെ അലറിവിളിക്കുന്നതെന്തിന് എല്ലാ മതവിശ്വാസികളും അവരുടെ ആരാധനകളില്‍ എന്നാണ് തിരിയാത്തത്. ദൈവത്തിനെന്തിന് ഇത്ര ഒച്ച?

ആരാധനകളുടെ ലക്ഷ്യമെന്തെന്ന് പോലും ആലോചിക്കാതെ, ഒരു കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ദൈവികയുക്തിയെയും അതിന്മേല്‍ നമ്മള്‍ പ്രയോഗിക്കേണ്ട മനുഷ്യയുക്തിയെയും ഒട്ടും പരിഗണിക്കാതെ ആരാധനകളോട് കാണിക്കുന്ന ഭ്രമം യുക്തിവാദി ആചാര്യനായ റിച്ചഡ് ഡോകിന്‍സ് പറഞ്ഞ Delusion ആവാനേ തരമുള്ളൂ. ഒരുതരം വിഭ്രാന്തി. മതജീവിതത്തില്‍ വിഭ്രാന്തികള്‍ക്കും വിഭൂതികള്‍ക്കുമുള്ള പങ്കിന് വലിയ പ്രാധാന്യം നൽകാത്ത ഒരാളായതു കൊണ്ടാവാം ഇത്തരം അഭ്യാസങ്ങളോട് എനിക്ക് രാജിയാവാന്‍ പറ്റാത്തത്. ഒരുപക്ഷേ എന്റെ കുുഴപ്പമാകാനും മതി.

അതേസമയം സമൂഹത്തോടുള്ളതെന്ന് മതം നിര്‍ണയിക്കുന്ന ഉത്തരവാദിത്തങ്ങളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഭ്രമങ്ങള്‍ വ്യാപകമായ തോതില്‍ കാണാറുമില്ല. ചില സാദാ മതപഠന ക്ലാസ്സുകളെടുക്കാന്‍ പോയിരുന്ന കാലത്തെ അനുഭവം പറയാം. ചോദ്യം നിസ്‌കാരത്തെക്കുറിച്ചാണെങ്കില്‍ ഐച്ഛികമായ നിസ്‌കാരങ്ങളുടെ സമയത്തെക്കുറിച്ച ദുര്‍ബ്ബലമായ ഹദീസുകളും പൊക്കിക്കൊണ്ടു വന്നിട്ട് ആ സമയത്ത് നിസ്‌കരിക്കേണ്ട'തില്ലേ' എന്നാണ് ചോദിക്കുന്നതെങ്കില്‍ അത് സകാത്തിനെക്കുറിച്ചാകുമ്പോള്‍ കൊടുക്കേണ്ട'തുണ്ടോ' എന്നാവും ചോദ്യം. എനിക്ക് തോന്നാറുള്ളത് പഠിച്ച ഫിഖ്ഹിന് അല്‍പം വ്യത്യസ്തമായ കാര്യമാണ്. അതാകട്ടെ, ഒരു ഫത് വയല്ല താനും. എന്തിന് ഇങ്ങനെ അന്വേഷിക്കുന്നു. കൈയില്‍ വന്ന പണത്തിന്റെ രണ്ടര ശതമാനം എന്നത് വലിയ സംഖ്യയൊന്നുമല്ല. പത്തായിരം രൂപ ശമ്പളക്കാരന്, അല്ലെങ്കില്‍ അതിനെക്കാള്‍ കുറഞ്ഞ വരുമാനക്കാരന് പോലും അയാള്‍ക്ക് കിട്ടുന്നതില്‍ ആയിരം രൂപക്ക് ഇരുപത്തഞ്ച് രൂപ. ഇതൊന്നുറപ്പിക്കാന്‍ ഇത്രയ്ക്ക് പാടു പെടേണ്ടതുണ്ടോ എന്നതാണ് തിരിയാത്തത്. ഫിഖ്ഹിലെ നിബന്ധനകളുടെ തികവൊന്നും നോക്കാതെ വൈയക്തികമായി ഓരോരുത്തരും അത്രയും മാത്രം ചെലവഴിച്ചാല്‍ത്തന്നെ ഒരു സമൂഹത്തിലെ പ്രശ്‌നങ്ങളുടെ മൂന്നിലൊന്നെങ്കിലും തീര്‍ന്നേക്കുമെന്ന്  തോന്നുന്നു.

എന്തായാലും ഒച്ച വെച്ചും കൈയടിച്ചും കീര്‍ത്തിക്കേണ്ട ഒന്നല്ല ദൈവം. മതമെന്നാല്‍ അര്‍ത്ഥം തിരിയാത്ത ആചാരങ്ങളുടെ സമാഹാരവുമല്ല. മതം ബന്ധമാണ്. Religion എന്ന ഇംഗ്ലീഷ് പദത്തിന്റെ തന്നെ അര്‍ത്ഥം അതാണ്. Ligare എന്ന ലത്തീന്‍ പദം ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ഇതിന്റെ കൂടെ Re ചേരുമ്പോള്‍ കിട്ടുന്നതാണ് റിലിജ്യന്‍. അത് ഒന്നാമതായും ദൈവത്തോടും രണ്ടാമതായി മറ്റ് മനുഷ്യരോടും മൂന്നാമതായി ചുറ്റുപാടുകളോടുമുള്ള ബന്ധമാണ്. ഭൗതികസന്തോഷത്തിന്റെ കാര്യത്തിലാണെങ്കിലും ആധ്യാത്മികാനന്ദത്തിന്റെ കാര്യമാണെങ്കിലും മനുഷ്യന്‍ സ്വാര്‍ത്ഥനാകരുത്. അതാണ് മതം, അതാണ് നോമ്പ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ