2016, ജൂൺ 16, വ്യാഴാഴ്‌ച

"അതൊക്കെ ഒരു വിശ്വാസം”


"അതൊക്കെ ഒരു   വിശ്വാസം”

അവര്‍ അഞ്ചു പേരുണ്ടായിരുന്നു കുരങ്ങന്മാര്‍. കാട്ടില്‍ ‘ പൊളിച്ചു’ നടക്കുന്ന കാലം.

  ഒരു ദിവസം അവരങ്ങനെ നടക്കുകയായിരുന്നു..  പെട്ടെന്നാണ്  ഓര്‍ക്കാപ്പുറത്ത് ഒരു എട്ടിന്റെ പണി കിട്ടിയത് . വേടന്‍ അവരെ കെണി വെച്ച് പിടിച്ചു .

"നമ്മുടെ ഗാങ്ങ് മൊത്തം പെട്ടു. രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല “നമ്മള്‍ തീര്‍ന്നളിയാ, തീര്‍ന്ന്”.....

വേടന്‍ അവരെ ഒരു സായിപ്പിന് വിറ്റു.  സായിപ്പ് ഒരു വല്യ ശാസ്ത്രജ്ഞന്‍ ആയിരുന്നു.
സായിപ്പ് അഞ്ചു കുരങ്ങനേയും വലിയൊരു കൂട്ടിലാക്കി. ജീവപര്യന്തം.. !!!  ഗോതമ്പുണ്ടാ..!!!

 അങ്ങനെയിരിക്കെയാണ് ഒരു ദിവസം സായിപ്പ് കൂടിന് മുകളില്‍ ഒരു വാഴക്കുല കെട്ടിത്തൂക്കിയത്. നല്ല തുടുത്ത മൈസൂര്‍ പഴങ്ങള്‍! പഴക്കുല എടുക്കാനായി കൂടിനു നടുവില്‍ സായിപ്പ് ഒരു കോണിയും കൊണ്ട് വെച്ചിട്ടുണ്ട് . ഒന്നും നോക്കിയില്ല , ഒരു കുരങ്ങന്‍ ചാടി കോണിയില് കേറി‍ . അവന്‍ കോണിയില്‍ കാല് വെച്ചതും, സായിപ്പും അയാളു‍ടെ  പണിക്കാരും, കൂടിന്റെ നാല് ഭാഗത്ത് നിന്നും നല്ല ചൂട് വെളളം എല്ലാരുടെയും ദേഹത്തേക്ക് ചീറ്റി. ഒരു രക്ഷയുമില്ല .. ആ കുരങ്ങന്‍ നിലത്തിറങ്ങിയപ്പോൾ വെളളം ചീറ്റല്‍  നിര്‍ത്തുകയും ചെയ്തു. പഴം തൊടാന്‍ പറ്റിയില്ല!

പിന്നെ എപ്പോഴൊക്കെ ഏതെങ്കിലും കുരങ്ങന്‍ പഴക്കുല എടുക്കാന്‍ നോക്കിയോ അപ്പോഴൊക്കെ എല്ലാരുടെയും മേലേക്ക് ചൂടുവെളളം ചീറ്റി. ആ പഴക്കുല തൊടാന്‍ പറ്റില്ലെന്ന് അവര്‍ക്ക് മനസ്സിലായി. നല്ല പൊളളുന്ന ചൂട് വെളളം എല്ലാരുടേയും ദേഹത്താവുന്നത് മിച്ചം ! ആരെങ്കിലും കേറാന്‍ നോക്കിയാല്‍ എല്ലാരുടേയും ദേഹത്തേക്കും വെളളം അടിക്കും എന്നതുകൊണ്ട്   ഏതെങ്കിലും കുരങ്ങന്‍ കോണിയില്‍ കാല് വെച്ചാല്‍ മറ്റെല്ലാരും കൂടെ അവനെ താഴേക്ക് വലിച്ചിടും എന്ന അവസ്ഥ ആയി. സായിപ്പിനാണെങ്കിൽ  പിന്നീട് ഒരിക്കലും വെളളം ചീറ്റേണ്ടി വന്നില്ല .

ഇങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സായിപ്പ് ആ അഞ്ചു കുരങ്ങന്മാരില്‍ ഒന്നാമനെ മാറ്റി പകരം വേറെ പുതിയൊരു കുരങ്ങനെ ഇട്ടു. ഇപ്പോൾ നാല് പഴയ കുരങ്ങന്മാരും ഒരു പുതിയ കുരങ്ങനും ആണ് കൂട്ടില്‍ . പുതിയ കുരങ്ങന്‍ കൂട്ടില്‍ എത്തിയതും  കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പഴക്കുല കണ്ട് അത് എടുക്കാന്‍ കോണിയിലേക്ക് ചാടി . ഉടനെ മറ്റു നാല് കുരങ്ങന്മാരും അവനെ വലിച്ച് താഴെയിട്ടു . ഈ പരിപാടി കുറച്ച് തവണ തുടര്‍ന്നെങ്കിലും എന്താ സംഭവം എന്ന് നമ്മുടെ പുതിയ കുരങ്ങന് മനസ്സിലായില്ല . വെളളം ചീറ്റുന്ന കാര്യം പുതിയ കുരങ്ങന് അറിയുകയേ ഇല്ലല്ലോ .(ഇതിനിടയില്‍ വെളളം ചീറ്റുന്ന പന്പ സെറ്റ് ഒക്കെ സായിപ്പ് എടുത്ത് മാറ്റിയിരുന്നു )

അടുത്ത ദിവസം രണ്ടാമത് ഒരു കുരങ്ങനെ കൂടി എടുത്ത് മാറ്റി പുതിയ വേറൊരു കുരങ്ങനെ കൂട്ടിലാക്കി . ഇപ്പോൾ കൂട്ടില്‍ നമ്മുടെ പഴയ ഗാങ്ങിലെ മൂന്നു പേരും അതില്‍ പെടാത്ത രണ്ടു പേരും ! രണ്ടാമതായി വന്ന പുതിയ കുരങ്ങന്‍ പഴക്കുല കണ്ട് കോണി കേറാന്‍ നോക്കിയപ്പോൾ ബാക്കി നാല് പേരും കൂടിയാണ് അവനെ താഴേക്ക് വലിച്ചിട്ടത് . സത്യത്തില്‍ ആ വലിച്ചിടുന്ന നാല് കുരങ്ങന്മാരില്‍ ഒരാള്‍ക്ക്  താന്‍ എന്തിനാണ് അവനെ വലിച്ച് താഴെ ഇടുന്നത് എന്ന് അറിയില്ലായിരുന്നു . എല്ലാരും ചെയ്യുന്നു ....ഇന്നലെ എന്നേം വലിച്ച് താഴെ ഇട്ടിരുന്നു... അതുകൊണ്ട് ഞാനും ചെയ്യുന്നു... അത്ര തന്നെ !

മൂന്നാം ദിവസം സായിപ്പ് മൂന്നാമത്തെ കുരങ്ങനെയും റീപ്ലേസ് ചെയ്തു . പഴയ പോലത്തെ പരിപാടികള്‍ സംഭവിച്ചു. ഇത്തവണ പുതിയ കുരങ്ങനെ വലിച്ചിടുന്ന നാല് കുരങ്ങന്മാരില്‍ രണ്ടു പേര്‍ക്ക് എന്താണ് സംഭവം എന്നറിയില്ല . വെളളം ചീറ്റിയിരുന്ന കാര്യമൊന്നും അവര്‍ രണ്ട് പേരും കണ്ടിട്ടേ ഇല്ല .

പിന്നീട് നാലാമത്തെ കുരങ്ങനേയും അതിന് ശേഷമുളള ദിവസം അഞ്ചാമത്തേതിനേയും സായിപ്പ് റീപ്ലേസ് ചെയ്തു . ഇപ്പോൾ കൂട്ടില്‍ ഉളള അഞ്ച് കുരങ്ങന്മാരില്‍ ആരും നമ്മടെ പഴയ ഗാങ്ങില്‍ ഉളളവരല്ല. അവര്‍ ആരും വെളളം ചീറ്റുന്ന സംഭവം കണ്ടിട്ടുമില്ല .( വെളളം ചീറ്റുന്ന സെറ്റ് അപ്പ്‌ ഒക്കെ എന്നേ സായിപ്പ് തൂക്കി വിറ്റിരുന്നു. ) എങ്കിലും ഏറ്റവും പുതിയ കുരങ്ങന്‍ പഴക്കുല എടുക്കാന്‍ നോക്കിയപ്പോൾ ബാക്കി എല്ലാരും കൂടി അവനെ പിടിച്ചു താഴേക്ക് വലിച്ചിട്ടു . എന്തിനാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു . എങ്കിലും എല്ലാരും അത് തുടര്‍ന്നു !!!!.
.
.
.

.
.
വാല്‍ക്കഷ്ണം  :-  ഒരു ലോജികും ഇല്ലാത്ത ഏതെങ്കിലും ആചാരങ്ങള്‍....  ഇവിടുത്തെ നാട്ടുനടപ്പ്.... "അതൊക്കെ ഒരു വിശ്വാസം”..... “നമ്മുടെ  സംസ്കാരത്തിന്റെ ഭാഗം..."...  "മതം പറഞ്ഞത്"......  എന്നൊക്കെ പറഞ്ഞ്..... അങ്ങനെ എന്തെങ്കിലും  നടക്കുന്നത് കാണുമ്പോൾ ഈ കഥ എങ്ങാനും ഓര്‍മ്മ വന്നാല്‍  ഞാന്‍ ഉത്തരവാദിയല്ല !!!
Z@c കിഴക്കേതിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ