2016, ജൂൺ 26, ഞായറാഴ്‌ച

വലത് കൈ കൊണ്ട് നൽക്കുന്ന ദാനം ഇടത് കൈ അറിയരുതെന്ന് "

കിറ്റുമായി അവരെത്തി. കൂടെ ഫോട്ടോ ഗ്രാഫെറും ഉണ്ട്. . . .. .
''ദേ..... ഇങ്ങോട്ട് നോക്ക്...''

ഫോട്ടോഗ്രാഫർ പോസ് റെഡിയാക്കാനുളള തിരക്കിലാണ്...

റിലീഫ് സെല്ലിന്റ വലിയ റമളാൻ - പെരുന്നാൾ സ്പെഷ്യൽ  കിറ്റ് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ജുനൈദ് മോന്റെ കുഞ്ഞുകൈകൾ ഭാരം താങ്ങാനാവാതെ താഴ്ന്നു പോവുന്നുണ്ടായിരുന്നു..!
കൂടെ ആ കുഞ്ഞു ശിരസും...!

രണ്ട് കൊല്ലം മുൻപ് ഇത് പോലൊരു നോമ്പിനാണ് ഒരപകടത്തിൽ നാട്ടിലെ എല്ലാരുടെയും കണ്ണിലുണ്ണിയും കൂലി പണിക്കാരനുമായ  ഉപ്പ, അനിയത്തിയേയും ഉമ്മയേയും ജുനൈദ് മോനെ ഏൽപ്പിച്ച് ദൈവസന്നിതിയിലേക്ക്   പോയത് ....

''ഇവിടെ.....
ലെൻസിലേക്ക് നോക്ക്....''

പോസ് റെഡിയാവാത്ത തോണ്ടാണെന്ന് തോന്നുന്നു ഫോട്ടോഗ്രാഫറുടെ ശബ്ദം കുറച്ച് കനത്തത്  തുടങ്ങിയിട്ടുണ്ട്...

ജുനൈദ് മോൻ ഒരു വിധം ഫോട്ടോയ്ക്ക് നിന്ന് കൊടുത്തു.

കയ്യിലെ വലിയ കിറ്റ് അടുത്തു കണ്ട കസേരയിൽ വെച്ചു നെടുവീർപ്പിട്ടു...

അടുത്തിരുന്നു ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോയുടെ ഫോക്കസ്  റെഡിയാണോ എന്ന് പരിശോദിക്കുന്നത് അൽഭുതത്തോടെ ജുനൈദ് മോൻ നോക്കി നിൽക്കുന്നു....
----------------

മൈക്കിൽ  അടുത്ത  പേരു മുഴങ്ങി....
ആൾക്കൂട്ടത്തിനിടയിൽ നിന്നും കുനിഞ്ഞ ശിരസുമായി ഒരു യുവാവ് വേദിയെ ലക്ഷ്യമാക്കി ഇഴഞ്ഞിട്ടെന്നവണ്ണം നടന്നു വരുന്നുണ്ട്....

കൂടെ കൈ പിടിച്ച് വരുന്ന സവാദിനെ കണ്ട് പ്പോഴാണ് ജുനൈദ് മോന് ആളെ മനസിലായത്.....

കരൾ അസുഖം മൂലം ഭാരിച്ച പണിയൊന്നും എടുക്കാനാവാതെ ചികിത്സയുമായി കഴിഞ്ഞ് കൂടുന്ന , തന്റെ പ്രിയ കൂട്ടുകാരൻ സവാദിന്റെ ഉപ്പ ...

സ്റ്റേജിൽ  കയറി മുഖ്യാദിതിയുടെ കയ്യിൽ നിന്നും കിറ്റ് വാങ്ങുമ്പോൾ ആ കൈകൾ വിറയ്ക്കുന്നതും കണ്ണ് നിറഞ്ഞൊഴുകുന്നതും അൽഭുതത്തോടെ മാത്രമേ ജുനൈദ് മോന് കാണാൻ ആയിട്ടുളളൂ ....

ദൈവത്തിന്റെ പരീക്ഷണം മൂലം പിന്നോക്കം വന്നവൻ ഒരു നേരത്തേ അന്നത്തിന് വേണ്ടി മറ്റുളളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നപ്പോൾ ആത്മാഭിമാനത്തിനേറ്റ മുറിവിൽ നിന്ന് കിനിയുന്ന രക്തമാണ് ആ കണ്ണീരെന്ന് മനസിലാക്കാൻ അവന്റെ കുഞ്ഞു മനസ്സ് വളർന്നിട്ടില്ലല്ലോ?..

''കൈ നിറയെ സാധനം കിട്ടുമ്പോഴും ആളുകൾ കരയോ..?''
ജുനൈദ് തന്നോട് തന്നെ ചോദിച്ചു

അവൻ കണ്ട കണ്ണീര് ഇല്ലായ്മയുടെ  മാത്രമായിരുന്നു ...

''മ്മച്ചീ ...
ക്ക് കൊറച്ചുംകൂടി ചോറ് വേണം..''
അത്താഴം കഴിക്കുമ്പോൾ  അനിയത്തി വീണ്ടും ചോറ് ചോദിച്ചപ്പോൾ  താൻ അവളെ ചീത്ത പറഞ്ഞതാണ്...
''ഉമ്മച്ചിക്കി ഉണ്ടാവൂല....
ഇനി നോമ്പ് തൊറക്കുമ്പോ തിന്നാ....''

അപ്പോ
പാത്രത്തിലെ ചോറ് അനിയത്തിക്ക് നൽകിയിട്ട്      
"ഉമ്മച്ചിയ്ക്ക് വെഷക്കുന്നില്ല മോനെ... ഓള് തിന്നോട്ടെന്ന് ... "
പറയുമ്പോഴും ഉമ്മന്റ കണ്ണു നിറഞ്ഞ് നിൽകണതവൻ കണ്ടിരുന്നു...

പിന്നെ അവരു കഴിച്ച് പോയപ്പോ കലത്തിലെ ബാക്കി വന്ന ചോറിന്റെ വറ്റ് കഞ്ഞി വെള്ളത്തിലേക്ക് തട്ടി അതു കുടിക്കുമ്പോൾ ചോർന്നൊലിക്കുന്ന കണ്ണ് തട്ടം കൊണ്ട് തുടയ്ക്കുന്നതേ അവൻ കണ്ടിട്ടുളളൂ....

ഇതിപ്പൊ ആദ്യായിട്ടാ ഒരാള് കൈ നിറച്ചും സാധനം കിട്ടുമ്പോ കരയണതെന്നാലോചിച്ച് അവൻ വീടിനെ ലക്ഷ്യമാക്കി നടന്നു

പിറ്റേന്ന് സ്കൂളിൽ ചെല്ലുമ്പോ ടേബിളിന് ചുറ്റും കുട്ടികളെല്ലാരും  കൂടി നിൽക്കുന്നു"

''ജുനോ...
നീ ചക്കാത്ത് വാങ്ങണ ഫോട്ടം പത്രത്തിൽ വന്ന് ക്ക്....''
അവനെ കണ്ടതും വിനോദ് പറഞ്ഞു.

ക്ലാസിൽ കൂട്ട ചിരി ഉയർന്നു.

കൂട്ടുകാർക്കിടയിൽ താൻ അപമാനിക്കപ്പെട്ടെന്ന് തോന്നിയ കുഞ്ഞു മനസ് ബെഞ്ചിൽ തലവെച്ചു കിടന്ന് കരച്ചിലടക്കാൻ പാടുപ്പെടുകയായിരുന്നു ...

വീട്ടിലെത്തിയതും ഉമ്മയേ കെട്ടി പിടിച്ച് കരഞ്ഞോണ്ടവൻ കാര്യം പറഞ്ഞു....

''ന്റെ കുട്ടി കരയണ്ട ...''
ജുനൈദ് മോനെ തന്നോട് ചേർത്ത് പിടിച്ച് ഉമ്മ പറഞ്ഞു...
"പടച്ചവന് കൂടുതൽ ഇഷ്ടം ഉളളവരെയാണ് അവൻ കൂടുതൽ പരീക്ഷിക്കുന്നത് '.... "

അത് കേട്ടപ്പോൾ വെയിലിനിടയിലെ വേനൽ മഴ പോലെ ആ കുഞ്ഞു കണ്ണ് കണ്ണീരിനിടയിലും തിളങ്ങുന്നുണ്ടായിരുന്നു.

തിരക്ക് പിടിച്ച ലോകത്ത് കാലം ആരെയും കാത്തിരിക്കാതെ ബഹു ദൂരം മുന്നോട്ട് നീങ്ങി....

കൂടെ ജുനൈദ് മോൻ വളർന്ന് വലിയ ആളായി...

വിധിയുടെ വികൃതിയാവാം ഇന്ന് നാട്ടിൽ റിലീഫ് നടത്തുന്നത് ജുനൈദിന്റെ നേത്യത്തിൽ ആണ് ....

"വലത് കൈ കൊണ്ട് നൽക്കുന്ന ദാനം ഇടത് കൈ അറിയരുതെന്ന് " മദീനയുടെ രാജകുമാരൻ പഠിപ്പിപ്പിച്ചെതെന്തിനെന്ന് അവനറിയാം......

അത് കൊണ്ട് അർഹത പെട്ടവർക്ക് അവൻ ആരുമറിയാതെ റമളാൻ കിറ്റ് വീട്ടിലെത്തിച്ച് കൊടുക്കുന്നു....

(കഥാപത്രങ്ങൾ സാങ്കൽപ്പികം മാത്രമാണ്....)
.
.
പ്രിയരെ ,
റിലീഫ് പ്രവർത്തനം ഇല്ലായ്മയുടെ നിലയില്ലാ കയത്തിൽ മുങ്ങി താഴുന്നവന് ഒരു പിടിവളളി യാണെന്നതിൽ യാതൊരു സംശയവുമില്ല...

*അത്*
*പാവപ്പെട്ടവനെ ജനമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ ആവാതെ നോക്കണേ...*

എല്ലായിടത്തും ജുനൈദ് മാർ വളർന്ന് വരട്ടെ എന്ന പ്രാർഥനയോടെ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ