ഞാൻ ഗൾഫിലായിരുന്ന സമയത്ത് പലരും വിളിച്ച് ഒരു വിസ തരപ്പെടുത്തിത്തരാമോ എന്ന് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരും അങ്ങനെ ചോദിക്കാറില്ല. കാരണം ഞാനിപ്പോൾ അവിടെയില്ല.
ചെറുപ്പക്കാർ ശല്യപ്പെടുത്തുന്നു എന്നു നിരന്തരം പരാതിപ്പെടാറുണ്ടായിരുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ഇപ്പോൾ അവരെ ആരും ശല്യപ്പെടുത്താറില്ല. കാരണം അവരുടെ യൗവനമൊക്കെ കൊഴിഞ്ഞ് അവർക്ക് ഇപ്പോൾ അമ്പത്തിയെട്ടു വയസ്സായി.
റിട്ടയേഡ് ആയ ഒരു എസ്ഐയെ കുറിച്ച് എൻറെ കൂട്ടുകാരൻ പറഞ്ഞ ഒരു സംഭവമുണ്ട്. ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടറോട് അദ്ദേഹം പണ്ടത്തെപ്പോലെ കൈവീശി കാണിച്ചു. കണ്ടക്ടർ പറഞ്ഞു, "പണ്ട് താങ്കൾ എസ് എ ആയിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ടിക്കറ്റ് എടുത്ത് പോയാൽ മതി"
ഈ മൂന്ന് സംഭവങ്ങൾ ഇവിടെ പറഞ്ഞത്, ആളുകൾ നിങ്ങളെ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും ആഗ്രഹിക്കുന്നതും ഭയക്കുന്നതും സഹിക്കുന്നതും സമീപിക്കുന്നതും എല്ലാം നിങ്ങളുടെ നിലവിലെ സ്റ്റാറ്റസ് നോക്കിയാണ് എന്നു പറയാനാണ്.
ഇതൊരു തെറ്റല്ല. മനുഷ്യ പ്രകൃതമങ്ങനെയാണ്.
എഴുത്തും വായനയും ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് ആരും ഒരു പുസ്തകത്തിന് അവതാരിക എഴുതിത്തരുമോ എന്നു ചോദിച്ചു സമീപിക്കില്ലല്ലോ. പാടാൻ അറിയാത്ത ഒരാളുടെ അടുത്തേക്ക് ആരും പാട്ടുമായി ചെല്ലുകയും ഇല്ല.
ചുരുക്കത്തിൽ, നിസ്വാർത്ഥം എന്ന് കരുതി ഇന്നു നമുക്ക് ലഭിക്കുന്ന പ്ലസും മൈനസും ആയ സാമീപ്യങ്ങളും അനുഭവങ്ങളും സ്നേഹവും സ്നേഹരാഹിത്യവും എല്ലാം നമ്മുടെ വിദ്യാഭ്യാസവുമായും സമ്പത്തുമായും സൗന്ദര്യവുമായും പ്രായവുമായും പ്രശസ്തിയുമായും ഒക്കെ ബന്ധപ്പെട്ട് നിൽക്കുന്നവയാണ്.
ഇതിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ ചിലതോ നഷ്ടപ്പെടുകയോ വർദ്ധിക്കുകയോ ചെയ്താൽ, തികച്ചും മറ്റൊരു അനുഭവമാണ് നമുക്ക് ലഭിക്കുക. ഒരു എംഎൽഎയെയും മുൻ എംഎൽഎയെയും നോക്കിയാൽ അതു മനസ്സിലാകും.
അഥവാ അറിഞ്ഞുകൊണ്ടു മാത്രമല്ല, അറിയാതെയും മനുഷ്യർ പെരുമാറുന്നത് സ്വാർത്ഥമായി തന്നെയാണ് എന്നു ചുരുക്കം.ആരും ഒന്നും നമുക്ക് വെറുതെ തരുന്നില്ല. ആർക്കും നാം ഒന്നും വെറുതെ കൊടുക്കുന്നുമില്ല.
അങ്ങനെയെങ്കിൽ ജീവിതം ആവുന്നത്ര സുന്ദരമാകാൻ എന്താണ് വഴി?
"ആവുന്നത്ര" സജീവമായി നിലകൊള്ളുക. സാമ്പത്തികമായി താഴ്ന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക. അറിവുകൾ സമ്പാദിച്ചു കൊണ്ടേയിരിക്കുക. ആവുന്നത്ര സ്നേഹം പകരുക. ആരോഗ്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
ഇല്ലെങ്കിൽ..
ഇല്ലെങ്കിൽ എന്ത് സംഭവിക്കും?..
ഇന്ന് നിങ്ങളെ കാണാൻ കൊതിക്കുന്നവർ.. കേൾക്കാൻ കൊതിക്കുന്നവർ.. മിണ്ടാൻ ആഗ്രഹിക്കുന്നവർ..
നാളെ നിങ്ങളെക്കുറിച്ച് ഓർക്കുക പോലുമില്ല.
ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇതൊരു തെറ്റല്ല. മനുഷ്യപ്രകൃതത്തിന്റെ പ്രകൃതം അങ്ങനെയാണ്.
മുകളിൽ ഇൻവർട്ടഡ് കോമയിൽ ഞാൻ ഒരു വാക്ക് എഴുതിയിട്ടുണ്ടായിരുന്നു. "ആവുന്നത്ര" എന്ന വാക്കായിരുന്നു അത്. അതൊരിക്കൽ കൂടി ഇവിടെ ആവർത്തിക്കാം.
"ആവുന്നത്ര" സജീവമായി നിലകൊള്ളുക. "ആവുന്നത്ര" സാമ്പത്തികമായി താഴ്ന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
"ആവുന്നത്ര" അറിവുകൾ സമ്പാദിച്ചു കൊണ്ടേയിരിക്കുക. ആവുന്നത്ര സ്നേഹം പകരുക.
"ആവുന്നത്ര" ആരോഗ്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. "ആവുന്നത്ര" സൗന്ദര്യം സംരക്ഷിക്കുക.
എന്തിനാണ് ഞാനത് ഇൻവെർട്ടഡ് കോമയിൽ ഇട്ടത്?
അതിലും കാര്യമുണ്ട്. നാം എത്രതന്നെ ശ്രമിച്ചാലും "ആവുന്നത്ര"യ്ക്കും ഒരു പരിധിയുണ്ട്. കാലത്തെ പിടിച്ചു കെട്ടാൻ നമുക്ക് കഴിയില്ലല്ലോ. എത്രയൊക്കെ നാം ശ്രമിച്ചാലും നമുക്ക് പ്രായമാകും. നമ്മുടെ അറിവ് ഔട്ട് ഡേറ്റഡ് ആകും. നാം ഹൃദയത്തിൽ കൊണ്ടുനടന്ന പാട്ടുകൾ പഴഞ്ചനാകും. പുതിയ പാഷനുകളും ഫാഷനുകളും നമ്മെ പിൻനിരയിലേക്ക് തള്ളും.
അതിനാൽ...
അതിനാൽ...
ഈ നിമിഷത്തെ,
നിലവിലുള്ള സൗഭാഗ്യങ്ങളെ,
ഇന്നിൻറെ സൗന്ദര്യത്തെ,
ഇപ്പോൾ കാണുന്ന പൂക്കളെ,
ആവുന്നത്ര നുകരുക. നാം കൊതിക്കുന്ന ദേശങ്ങളിലേക്ക് ഇപ്പോൾ തന്നെ യാത്ര പോവുക. ചേർത്തുപിടിക്കേണ്ട വരെ ഇന്ന് തന്നെ പോയി കാണുക.
കാരണം, നാളെ അത് നമുക്ക് അപ്രാപ്യമായേക്കാം.
എന്താ? എന്താണ് നിങ്ങൾക്ക് തോന്നുന്നത്? ഞാൻ പറഞ്ഞത് ശരിയല്ലേ?