2014, ജൂലൈ 19, ശനിയാഴ്‌ച

എന്‍റെ അറേബ്യന്‍ പ്രണയത്തിലെ നായിക ..!

തിരക്ക് പിടിച്ച ജോലി സമയങ്ങളില്‍ ഷോപ്പില്‍ ആരെല്ലാം വന്നു പോകുന്നു എന്നൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നു കാരണം അതൊക്കെ നോക്കിയിട്ട് എന്ത് കാര്യംഎന്ന് വിചാരിച്ചു  കൊണ്ടെന്‍റെ ജോലി ചെയ്തു തീര്‍ക്കുകയും അത് കഴിഞ്ഞാല്‍ റൂമില്‍ പോയി വല്ല ഖുബൂസോ , തമീസോ പരിപ്പ് കറിയില്‍ മുക്കി പരിപ്പ് കണ്ടു പിടിച്ചവനെ പ്രാകി കൊണ്ട് ഒരു സെവെനപ്പും കുടിച്ച് അള്ളള്ള പടച്ചോനെ മുത്ത്‌ നബിയെ നേര്ച്ചക്കാരെ എന്നും ചൊല്ലി പറഞ്ഞു പുതപ്പ് വലിച്ചിട്ട്  കാലും നീട്ടി ഒറ്റ കിടപ്പ്  . പിന്നെ അലാറത്തില്‍ കോഴി കൂവുമ്പോള്‍ മാത്രമേ ബോധം വരൂ . നേരം വെളുത്താല്‍  പ്രവാസികളുടെ ഒന്നൊന്നര  ഗള്‍ഫു കുളിയൊക്കെ കഴിഞ്ഞു ഷോപ്പില്‍ വന്നു സുലൈമാനിയില്‍  രണ്ടു റസ്‌ക്കു മുക്കി തിന്നു ജോലിയങ്ങോട്ട്  തുടങ്ങും .. ചില ദിവസങ്ങളില്‍ ജോലി ചെയ്തു ക്ഷീണിച്ചാല്‍  കുറച്ചു നേരം പുറത്തേക്ക്‌ നോക്കിയങ്ങനെ ഇരിക്കും ആ ഇരുത്തത്തിലാണ് പലവിധ ചിന്തകളും മൊട്ടിട്ടു വിരിയലും കൊഴിഞ്ഞു വീഴലും ..ജോലിയെടുക്കുന്നത് ഒറ്റക്കായതിനാല്‍ ഒന്ന് മിണ്ടുവാന്‍ പോലും ആരുമില്ലാത്ത ടെന്‍ഷന്‍ മാറ്റാന്‍ ആദ്യമൊക്കെ ഏതെങ്കിലും പാട്ട് വെച്ച് ജോലി ചെയ്യുമായിരുന്നു .. അതൊരു ദിവസം കണ്ടു വന്ന എന്‍റെ പുന്നാര അറബി ഷോപ്പില്‍ പാട്ട് കേള്‍ക്കുന്നത് മംനൂഹ് ആണെന്ന് പറഞ്ഞു നിര്‍ത്തിപ്പിച്ചു .പിന്നീട് നേരം കളയാന്‍ നല്ല നല്ല നടക്കാത്ത പല വിധ  കിനാവുകളും  കണ്ടു കൊണ്ട്  കമ്പ്യൂട്ടര്‍ നന്നാക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയേ ഇല്ലാ .. കമ്പ്യൂട്ടര്‍ നന്നാക്കുവാന്‍ വരുന്നവരില്‍ കുട്ടികളും വലിയവരും വയസ്സന്മ്മാരും കൂടെ കൂട്ടിലിട്ടു വളര്‍ത്തിയ ബ്രോയ്‌ലര്‍ ചിക്കനേ  പോലെയുള്ള മുഴുത്ത അറബിക് തരുണീ മണികള്‍  വരെയുണ്ടായിരിക്കും .. പക്ഷെ നാട്ടിലേത് പോലെ ഈ അറബിക് സുന്ദരികളെ ലൈനടിക്കാന്‍ നിന്നാല്‍ പിന്നെ നാട്ടില്‍ പോകുമ്പോള്‍ കഴുത്തിനും തലക്കുമിടയില്‍ ഒരു വിടവ് വന്നാലോ  എന്ന്  ഭയന്ന് അവരെ നോക്കുവാന്‍ പോലും മടിയായിരുന്നു .. ഇടയ്ക്കു വരുന്ന പെണ്ണുങ്ങള്‍ എന്നെ എന്താ നോക്കാത്തെ യാ ഹിന്ദീ  ? എന്നുള്ള മട്ടില്‍ മുന്നില്‍ തന്നെ നിന്ന് നെഞ്ചും വിരിച്ചു  കൊഞ്ചുമ്പോള്‍ നന്നായി ഒന്നങ്ങോട്ടു നോക്കാന്‍ തല ഉയര്‍ത്തുന്നതും അവരുടെ മുഖത്തിന്‌ മുകളില്‍ വലിച്ചിട്ട ആ ബുര്‍ഖ കാണുമ്പോള്‍ നോക്കണ്ടായിരുന്നു എന്ന് വരെ തോന്നി പോകും .. കാരണം വലിയ പര്‍ദ്ദയും, കറുത്ത  ബുര്ഖയും കൂടി ഒന്നിച്ചു കാണുമ്പോള്‍  ഏതോ വലിയ ജന്തുവാണന്നെ തോന്നൂ .. എന്നാലും വേണ്ടിയില്ല കൊഴിയില്ലെങ്കില്‍ പോത്ത് എന്ന് പറഞ്ഞപോലെ ഇവിടെ ഇതൊക്കെ തന്നെ കിട്ടൂ എന്നും മനസ്സില്‍ പറഞ്ഞു ആ കറുത്ത ഭൂതങ്ങളെ അങ്ങനെ നോക്കിയിരിക്കും ..ഷോപ്പില്‍ വരുന്ന അറബി പെണ്ണുങ്ങളെ എന്‍റെ അറബിയാണ്  എന്നും മാനേജ് ചെയ്യല്‍..! അവനു പെണ്ണുങ്ങള്‍ ഷോപ്പില്‍ വന്നാല്‍ ഒരു ശുഷ്ക്കാന്തിയാണ് ആണുങ്ങള്‍ വന്നാല്‍ ' യാ  സക്കരിയ്യ ശൂഫ്‌ ഹാദാ ( സക്കരിയ്യ അതൊന്നു നോക്കിക്കേ )  എന്നുറക്കെ വിളിച്ചു എന്‍റെ തലയിലോട്ടു അങ്ങട് വെച്ച് തന്നു അവന്‍ ടോം ആന്‍ഡ്‌ ജെറി ഇരുന്നു കാണും ..! ഇങ്ങനെയെല്ലാം മാറ്റമില്ലാതെ നടന്നു കൊണ്ടിരിക്കുന്ന നേരത്താണ് ഒരു ദിവസം ഹിഷാ നമസ്ക്കാരം കഴിഞ്ഞു ഷോപ്പ്‌ തുറന്നതും കടയിലേക്ക് രണ്ടു പെണ് കുട്ടികളുമായി ഒരു കിളവന്‍ അറബി കയറി വരുന്നത് .. എന്‍റെ അറബി ഷോപ്പില്‍ ഇല്ലാത്ത നേരത്ത് കയറി വരുന്ന ഇവരെ കണ്ടതും ഞാന്‍  പ്രാര്‍ഥിച്ചു "എന്‍റെ അറബി ഇപ്പോഴൊന്നും ഷോപ്പിലേക്ക് വരരുതേ" . എന്‍റെയടുത്തെക്ക് വന്ന  കിളവന്‍റെ കയ്യില്‍ നിന്നും ലാപ്‌ ട്ടോപ്പ്  വാങ്ങി ഞാന്‍ മെല്ലെ ചോദിച്ചു " എഷ് മുഷ്ക്കിലാ ..?"  ചോദിക്കുന്നതിനിടക്ക് അയാളുടെ പിറകില്‍ നില്‍ക്കുന്ന രണ്ടു പെണ് കുട്ടികളെ ഞാന്‍ കണ്ടു ഒന്ന് എന്‍റെ അതെ പ്രായം , മറ്റേതു ചെറിയ കുട്ടിയും .. ഞാന്‍ നോക്കിയതും അവറ്റകള്‍ കിളവന്‍റെ ബാക്കിലേക്ക് മാറി നിന്നു..രണ്ടു പേരില്‍ ഒരാളിലേക്ക് എന്തോ ഒരു ഗുരുത്വാഗര്ഷണം  പോലെ അവളെ  ഇടയ്ക്കിടയ്ക്ക് ഞാന്‍ നോക്കാന്‍ ശ്രമിച്ചെങ്കിലും ആ കിളവന്‍ അറബിയുടെ മുഖത്തെ ശൌര്യം കണ്ടപ്പോള്‍  എന്തോ ഒരു  ഭയമുള്ള പേടി പോലെ ഒരു തോന്നല്‍  . പൂച്ചയുടെ മുന്നില്‍ ചുട്ട ഉണക്ക സ്രാവ് കൊണ്ട് വന്നു വെച്ച് വീട്ടുകാരന്‍ കാവല്‍ നിന്ന പോലെ ആ പെണ്ണിനെ എന്‍റെ മുന്നില്‍ കൊണ്ട് വന്നു ഇരുത്തി അയാള്‍ കാവലിരിക്കുന്നു. എന്തൊരു കഷ്ട്ടമാ ഇത് ..!!  ഒന്നും സംസാരിക്കാതെയിരിക്കുന്ന അവളോട്‌ എനിക്ക് പല കുശലങ്ങളും  ചോദിക്കുവാനുണ്ടായിരുന്നു പക്ഷെ ..  അവറ്റകള്‍ ഒന്ന് നോക്കുന്നത്  പോലുമില്ല   ഹോ എന്തൊരു ജന്മങ്ങള്‍ നാട്ടിലെ ഗേള്‍സ്‌ വല്ലതും ആയിരുന്നെങ്കില്‍  മൊബൈല്‍ നമ്പര്‍ വരെ തന്നിട്ടുണ്ടായിരിക്കും  ഈ സമയം കൊണ്ട് ..!  ഇവിടെ ഉള്ളവളുമാര്‍ക്കൊന്നും  ഈ റൊമാന്റിക്ക് ഹോര്‍മോണുകള്‍ ശരീരത്തില്‍ ഇല്ലേ എന്നൊക്കെ  ചിന്തിച്ചു കൂട്ടി വേഗം കമ്പ്യൂട്ടര്‍ നന്നാക്കി കൊടുത്തു കാഷും വാങ്ങി അവര്‍ പോകുന്നതും അങ്ങനെ നോക്കി നിന്നു .. കാറിലേക്ക്  നടക്കുമ്പോള്‍ ഒരു വട്ടമെങ്കിലും അവളൊന്നു തിരിഞ്ഞു നോക്കിയാലോ എന്ന് ധരിച്ചു അവര്‍ കാറില്‍ കയറി പോകുന്നത് വരെ ഞാന്‍ നോക്കിയിരുന്നു ,  വെറുതെ പോലും തിരിഞ്ഞു നോക്കാതെ അവര്‍ കാറില്‍ കയറി പോയപ്പോള്‍ ആശ്വാസം കിട്ടാന്‍ വേണ്ടി ഞാന്‍  പറഞ്ഞു " അഹങ്കാരികള്‍ ലോകത്ത്‌ പെണ്ണുങ്ങള്‍ എല്ലാം കണക്കാ " കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ എന്‍റെ ജോലി തുടര്‍ന്ന് കൊണ്ടിരുന്നു .. ദിവസങ്ങള്‍ മാസങ്ങളായി ഓടിയകലുന്നത് നോക്കി നില്‍ക്കാതെ  പ്രവാസം അനുഭവിച്ചു തീര്‍ക്കുന്നതിനിടയിലാണ് ഒരു ദിവസം രാവിലെ അവളുടെ കാര്‍ ഷോപ്പിനു മുന്നില്‍ വന്നു നിന്നത് ....കാര്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായിരുന്നു ഇതവളുടെ കാര്‍ തന്നെയാണെന്ന് . എന്തൊരു ഓര്‍മ്മശക്തി  ..! അവള്‍ കാറില്‍നിന്നുമിറങ്ങി എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കി നില്‍ക്കുമ്പോള്‍ കമ്പ്യൂട്ടറുമായി കുണുങ്ങി കുണുങ്ങി അവള്‍ നടന്നു വരുന്നത് എന്‍റെ ഷോപ്പിലേക്കാണെന്ന് മനസ്സിലായതും  പെട്ടെന്ന് ഞാന്‍ പോക്കറ്റില്‍  ചീര്‍പ്പ് തപ്പി പിന്നീടാണ് ഓര്‍മ്മ വന്നത് നാട്ടിലല്ല ഇപ്പോള്‍ ഗള്‍ഫിലാണ് നില്‍ക്കുന്നത്‌ എന്ന് .. കിളവനറബി കൂടെയുണ്ടാകുമെന്ന് പേടിച്ച് പിറകിലേക്ക് ഞാനൊന്ന് വലിഞ്ഞു നോക്കി ഭാഗ്യം ആരുമില്ല ഡ്രൈവര്‍ മാത്രമേയോള്ളൂ . ഷോപ്പിലേക്ക് കയറി വന്ന അവള്‍ ഞാനിരിക്കുന്ന സീറ്റിനരികില്‍ വന്നു കൊണ്ട് ലാപ്‌ട്ടോപ്പ് ഓണ്‍ ചെയ്തു  സ്ക്രീനില്‍ കാണുന്ന റോസാ പൂ എനിക്ക്  തരാന്‍ വേണ്ടി വെച്ചതാണോ അറബി പെണ്ണെ എന്നൊക്കെ അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ നല്ല തല്ല് നാട്ടില്‍ പോയാല്‍ ഫ്രീയായി കിട്ടും എന്തിനാപ്പോ വിസ എടുത്തു വന്നു ഇവെടെന്നു  മേടിക്കുന്നെ  എന്നൊക്കെ തോന്നിയത് കൊണ്ടാവണം ഞാന്‍ അവളോട്‌ ഒന്നും  ചോദിച്ചില്ല .. എന്താണ് പ്രശ്നം ലാപ്പിനു എന്ന് ചോദിച്ചതും .. ആ സുന്ദരി മനോഹരമായ ശബ്ദത്തില്‍ പറയുവാന്‍ തുടങ്ങി കമ്പ്യൂട്ടറിന്‍റെ കേടുകള്‍ പറയുമ്പോഴെല്ലാം ഞാനവളുടെ കണ്ണുകളിലേക്ക് മാത്രം ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു എന്ത് മനോഹരമായ കണ്ണുകള്‍ .. ബുര്‍ഖയുടെയുള്ളില്‍ നിന്നും വരുന്ന അവളുടെ ശബ്ദവും ആ കണ്ണുകളും അവളിലേക്കെന്നെ  ആഞ്ഞു വലിക്കുകയായിരുന്നു . കൂടുതല്‍ നേരം അവളെ ഷോപ്പില്‍ നിര്‍ത്താതെ പെട്ടെന്ന് ശെരിയാക്കി കൊടുത്തു കാഷോന്നും  വേണ്ടാന്നു പറഞ്ഞു നോക്കാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല കാരണം ഷോപ്പ്‌ അറബിയുടെതാണല്ലോ .. ന്നാലും അവളുടെ കയ്യില്‍ നിന്നും കൂടുതല്‍ വാങ്ങുവാന്‍ വയ്യെന്ന് കരുതി കുറച്ചു മേടിക്കാന്‍ നിന്നപ്പോള്‍ ബാഗി ഖല്ലി  ( ബാക്കി വെച്ചോ ) എന്ന് ചിരിചു കൊണ്ടവള്‍ പറഞ്ഞപ്പോള്‍ അത് വാങ്ങാതിരിക്കുവാന്‍ മനസ്സ് സമ്മതിച്ചില്ല  ആ കാഷും വാങ്ങി ഒരു ശുക്രനും പറഞ്ഞു അവളെ യാത്രയാക്കി ..നാട്ടില്‍ ലവ് ലെറ്റര്‍ തരുന്നു ഇവിടെ റിയാല്‍ തരുന്നു ഇത് ലവ് ആയീന്ന തോന്നുന്നേ എന്നൊക്കെ സ്വയം മനസ്സിലിട്ടു   ഹരിച്ചും ഗുണിച്ചും വൈ കണക്ക് ചെയ്തും ഞാനവളെയങ്ങോട്ടു  പ്രണയിച്ചാലോ എന്നാലോചിച്ചതും മനസ് ഒന്ന് ആക്കി ചിരിച്ചു കൊണ്ട്  " ഇത് വരെ കിട്ടിയതൊന്നും പോര അല്ലെ .? എന്ന് ചോദിച്ചതും ഞാന്‍ പ്രണയത്തില്‍ നിന്നും പിന്മാറി .. ഇനി അവള്‍ വരില്ലെന്ന് കണക്ക് കൂട്ടിയിരുന്ന എന്‍റെ കണക്ക് കൂട്ടലുകളെ തകിടം മറിച്ചു കൊണ്ടവള്‍ ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഷോപ്പില്‍ വരികയും എന്തെങ്കിലുമൊക്കെ  വാങ്ങുകയും  ചെയ്യുവാന്‍ തുടങ്ങി  .കാരണം അവളുടെ വീട് ശോപ്പിനടുത്തു എവിടെയോ  ആയിരുന്നു . അവളെ കണ്ടിട്ടില്ലെങ്കിലും അവള്‍ മനോഹരിയായിരുന്നു  അവളുടെ കണ്ണുകളും നടത്തവും സംസാരവും ഇടയ്ക്കിടയ്ക്ക് കളിയാക്കി ചിരിക്കുന്ന  ചിരിയുടെ മനോഹാരിതയുമെല്ലാം ഞാന്‍ ഇടക്കിടക്ക്  നോക്കി നില്‍ക്കുമായിരുന്നു  .. പതിവിനു വിപരീതമായി അവളൊരു ദിവസം" എഷ് ഇസ്‌മ് ക്ക്  ..? ( നിന്‍റെ പേരെന്താ ..?)" എന്ന് ചോദിച്ചപ്പോള്‍ എനിക്കങ്ങോട്ട് കുളിര് കോരി..!! കോരിയ കുളിര് മാറുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " അന സക്കരിയ്യ ..!" സക്കരിയ്യ എന്ന വാക്കിന്‍റെ  അര്‍ഥം പറഞ്ഞു കൊണ്ടവള്‍ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍  പണ്ടെങ്ങോ അടഞ്ഞു പോയ  അനുരാഗത്തിന്റെ കുഴലുകളില്‍ നിന്നും എന്തൊക്കെയോ   പുറത്തേക്കു ശക്തിയായി ഒഴുകാന്‍ തുടങ്ങി ..പിന്നീട് അവള്‍ ഷോപ്പില്‍ വരുമ്പോഴെല്ലാംസക്കരിയ്യ ദ്കഫാലക്ക് എന്ന് ചോദിച്ചതിനു ശേഷം മാത്രമായിരുന്നു ബാക്കിയുള്ള കാര്യങ്ങള്‍ പറയാറ് .. അവളുടെ വരവും കാത്തിരിക്കുന്നത് എനിക്കൊരു ഹരമായി കാരണം വായിനോട്ടം പണ്ടേ എന്‍റെയൊരു പ്ലസ്‌ പോയിന്റ്‌ ആയത് കൊണ്ടാവണം അവളുടെ കാര്‍ പുറത്തു കണ്ടാല്‍ പിന്നെ എന്തോ ഒരു ലത് പോലെയാണ് എന്താ പറയാ എനിക്കറിഞ്ഞൂടാ എന്തൊക്കെയോ ആണ്  .. അവളുടെ വാപ്പയായ കിളവനറബിയെ  ഇതിനിടയില്‍ ഞാന്‍ നല്ല കൂട്ടുകാരനാക്കി  മാറ്റി കാരണം അഥവാ അങ്ങേര്‍ എന്‍റെ അമ്മായി അപ്പന്‍ ആയാലോ ങേ . ആ വീട്ടിലെ യേത് കമ്പ്യൂട്ടര്‍ കേട്  വന്നാലും നന്നാക്കുവാന്‍ എന്‍റെ ഷോപ്പിലേക്ക് കൊണ്ട് വരല്‍ പതിവായി ..ഏതോ  ഒരു ദിവസം അവളുടെ അനുജത്തി ഷോപ്പില്‍ അവളുടെ കംപ്യൂട്ടറുമായി വന്നപ്പോള്‍ ആ  കുട്ടിയോട് ഞാനവളുടെ പേര് ചോദിച്ചു  .. അങ്ങനെ അവളുടെ പേര് കിട്ടി " നൂറ " മനോഹരമായ പേര് ..ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു പോകുന്നു മനസ്സിന് എന്തോ ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു വല്ലാത്ത സുഖം .. നേരം വെളുക്കുവാന്‍ വേണ്ടി കാത്തിരിക്കുന്ന രാത്രികള്‍ .. റൂമിന്‍റെ സൈടുകളിലുളള ചെറിയ ചെറിയ പൊത്തുകളില്‍ നിന്നും സുബഹിന്‍റെ ബാങ്ക് കേട്ടുണര്‍ന്ന ചെറിയ കിളികള്‍ എന്തൊക്കെയോ എന്നും വിളിച്ചു പറയുന്നു ..അവളോട്‌  തോന്നുന്നത് പ്രണയമാണോ എന്നൊന്നും അറിയില്ലെങ്കിലും അവളെ എപ്പോഴും  കാണണമെന്ന് കൊതിച്ചു പോകുന്നു .. ആ പെണ്ണിന്‍റെ മനോഹരമായ ശബ്ദം വല്ലാതെ മനസ്സിനെ ആകര്‍ഷിച്ചിരിക്കുന്നു  .. ഇത് വരെ ഞാന്‍ കേട്ടിട്ടുള്ള പെണ് സ്വരങ്ങളില്‍ മധുരമായ ശബ്ദമായിരുന്നു അവള്‍ക്കു  .. എന്ത് പറയുമ്പോഴും  ചിരിച്ചു കൊണ്ട്  തുടങ്ങുന്ന  അവളെ നോക്കി നില്‍ക്കുന്ന  ഒരു ദിവസം അവളെന്നെയൊന്നു സൂക്ഷിച്ചു  നോക്കി .. ആ നോട്ടം കണ്ടതും എന്‍റെ ഇടതു നെഞ്ചിന്‍റെ വലതു ഭാഗത്ത്‌ എന്തോ ഒരു വലിവ് അനുഭവപെട്ടത് പോലെ  .. കണ്ണുകള്‍ തമ്മില്‍ അടക്കം പറയാന്‍ തുടങ്ങുന്നതും അവള്‍ നോട്ടം പിന്‍ വലിച്ചു . കയ്കള്‍ രണ്ടും കെട്ടികൊണ്ട്   ഷോപ്പിലിരിക്കുന്ന സാധനങ്ങളെ നോക്കി കൊണ്ടവള്‍   എന്‍റെ മുന്നിലൂടെ  നടന്നു  പോകുമ്പോഴെല്ലാം അവള്‍ക്കൊരു പ്രത്യേക ഗന്ധമായിരുന്നു ബ്രൂട്ടിന്‍റെയും, എറ്റെര്‍ണലിന്റെയും , റോയല്‍ മിറാജിന്‍റെയും  സുഗന്ധങ്ങളെക്കാള്‍  സ്മെല്‍   അവളടിക്കുന്ന പെര്‍ഫ്യൂമിനുണ്ടായിരുന്നു   . ആ സ്മെല്‍  അവളുടെ മേനിയുമായി ചേര്‍ന്ന് വരുന്ന സുഗന്ധം എന്നെ ഇരുന്ന ഇരുപ്പില്‍ നിന്നും പലപ്പോഴും എഴുന്നേല്‍പ്പിച്ചു  നിര്‍ത്തുവാന്‍  തുടങ്ങി ..മൊട്ടിട്ടു തുടങ്ങിയ അനുരാഗം അവളറിയാതെ ഞാന്‍ മനസ്സിലിട്ടു നനച്ചു വളര്‍ത്തുന്നതിനിടയിലാണ് അന്നൊരു ദിവസം ഉറങ്ങാന്‍ കിടന്നതും അവള്‍ എന്‍റെ സ്വപ്നത്തില്‍ വരുന്നത് .. ഈന്തപനക്ക് ചുവട്ടില്‍ അവളെയും കുറിച്ചോര്‍ത്തിരിക്കുന്ന എന്‍റെയടുത്തെക്ക് ദൂരെ നിന്നും കറുത്ത പര്‍ദ്ദയണിഞ്ഞു കൊണ്ടവള്‍ ഓടി വരുന്നു  മണലില്‍ അവളുടെ നഗ്നപാദങ്ങള്‍ പതിക്കുമ്പോള്‍ മണല്‍ തരികള്‍  രോമാഞ്ചം കൊണ്ട് പുളകിതരാവുന്നത് ഞാന്‍ ശ്രദ്ധിച്ചു  .. ഓടി വന്നു  കിതച്ചു  നില്‍ക്കുന്ന അവളെ നോക്കി നില്‍ക്കുന്ന എന്നെ നോക്കി കൊണ്ടവള്‍    മുഖം മറച്ച ബുര്‍ഖ മെല്ലെയൊന്നു  പൊക്കി .. പൂന്തോട്ടം കണ്ട വണ്ടിനെ പോലെ ഞാനവളെ അനുരാഗവിലോചിതനായി നോക്കി നിന്നു .. സുറുമയെഴുതിയ കണ്ണുകളും, തേനിന്‍റെ മധുരം പറ്റി നില്‍ക്കുന്ന ചുണ്ടുകളും ,തൊട്ടാല്‍ വഴുക്കുന്ന  കവിളുകളും, നാണം വരുന്ന മുഖത്തേ കൂടുതല്‍ മനോഹരമാക്കുന്ന ചെരിഞ്ഞ പുരികങ്ങളുമുള്ള അവള്‍ കുറച്ചെന്‍റെയടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട്   ആ ചുവന്ന ചുണ്ടുകള്‍ എന്നോടായി മന്ത്രിച്ചു  " അഹുബ്ബക്ക് ...  " ( എനിക്ക് നിന്നെ ഇഷ്ട്ടമാണ്  )അതങ്ങോട്ട് കേട്ടതും ഞാന്‍ ഈന്തപന മരത്തില്‍ ബലമായി പിടിച്ചു .. വിറക്കുന്ന ചുണ്ടുകളുമായി ഞാനവളുടെ ചെവിയില്‍  മെല്ലെ പറഞ്ഞു   " ലവ് യു  യാ ഹൂറി  .." പുഞ്ചിരിച്ചു കൊണ്ടവള്‍ എന്‍റെ കയ്പിടിച്ചു കൊണ്ട് ചോദിച്ചു  " നമുക്ക് ഈ മരുഭൂമിയിലൂടെ നടക്കാം,സമ്മതിച്ചു കൊണ്ടവള്‍ നീട്ടിയ ആ കരങ്ങളില്‍ മെല്ലെ പിടിച്ചു കൊണ്ട്  ഞങ്ങള്‍ നടക്കാന്‍ തുടങ്ങി ,, പ്രണയം കണ്ടു നില്‍ക്കുന്ന ഈന്ത പന മരങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു തണുത്ത കാറ്റ് ആ മരുഭൂമിയില്‍ വീശി   ..  റിയാദ്‌ മരുഭൂമിയിലെ മണലിലൂടെ നൂറയുടെ കയ്പിടിച്ചു .നടക്കുമ്പോഴെല്ലാം ഞാനവളെ തന്നെ നോക്കുകയായിരുന്നു . വടക്കന്‍ റിയാദില്‍ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം പൊടികാറ്റുണ്ട് അതവളുടെ ബുര്ഖയിലും പര്ദ്ദയിലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു .. തണലത്ത് നിന്നും വെയിലത്തെക്ക് ഓരോ തവണ അവള്‍ വരുമ്പോഴും  മൊഞ്ച് കൂടി കൂടി വന്നു അന്നാ മരുഭൂമിയില്‍ വെച്ചു ഞാനുറപ്പിച്ചു ഈ അറബിച്ചികുട്ടിയെ ഞാനാര്‍ക്കും കൊടുക്കൂലാന്നു .. ഇവളെയും കൊണ്ടേ ഞാന്‍ വിമാനത്തില്‍ കയറൂ എന്ന്  മനസ്സില്‍ പറഞ്ഞു ഞാനവളെ`എന്‍റെ` തോളോട് ചേര്‍ത്തതും ദൂരെ നിന്നും  പാഞ്ഞു വരുന്ന  മുതവ്വയുടെ  കാര്‍ കണ്ടതും ഒരുമിച്ചായിരുന്നു . അവള്‍ പരിഭ്രമിച്ചു കൊണ്ട് പതുക്കെ പറഞ്ഞു  മുതവ ഈജി  ..!. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്നെയും കൊണ്ടവള്‍ ഓടാന്‍ തുടങ്ങി  . ഓടിയോടി ഞങ്ങള്‍ ചെന്ന് വീണത്‌  വലിയൊരു കുഴിയില്‍..!! കുഴിയില്‍ വീണതും ഉറക്കില്‍ നിന്നും ഞെട്ടി ഉണര്‍ന്ന ഞാന്‍ ബെഡിലിരുന്ന് കുറച്ചു നേരമൊന്നു കിതച്ചു.. കിതപ്പ് മാറിയപ്പോള്‍  മൊബൈലെടുത്ത് സമയമൊന്നു നോക്കി  മൂന്നു മണി കഴിഞ്ഞു മുപ്പത്തിമൂന്നു മിനുട്ട്  .. കോപ്പിലെ സ്വപ്നമായി പോയല്ലോ ഇത്  എന്ന് മനസ്സില്‍ പറഞ്ഞു   അവിടെയങ്ങനെ കിടന്നു അവള്‍ വീണ്ടും വന്നാലോ എന്നും വിചാരിച്ചു കൊണ്ട് കണ്ണുകളിറിക്കി പിടിച്ചു  . പിന്നീടുള്ള ഉറക്കത്തില്‍ അവള്‍ വന്നില്ലെങ്കിലും  അവളുടെ മുഖം കണ്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍ ..  എത്ര സുന്ദരിയാണവള്‍ . ഞാന്‍ കണ്ട സ്വപ്നം അവളുംകണ്ടിട്ടുണ്ടാവുമോ എന്നൊക്കെ സംശയിച്ചു രാവിലെ അവളുടെ വരവും കാത്തു ഞാന്‍ ശോപ്പിലിരുന്നു പക്ഷെ എന്ത് കൊണ്ടോ  അന്ന് മുതല്‍ അവള്‍ ഷോപ്പില്‍ വരാതെയായി .. കാണാത്തതിനു  കാരണം ആരോടെങ്കിലും തിരക്കാനും വയ്യാത്ത അവസ്ഥ .. കൂറ ചോക്ക വരച്ചത് മണത്ത കൂറയെ പോലെ ഞാന്‍ ഷോപ്പിലിരുന്നു വട്ടം കറങ്ങാന്‍ തുടങ്ങി . ദിവസം കഴിയുംതോറും പതിയെ പതിയെ മനസ്സിനെ നിയന്ത്രിച്ചു  ശെരിയായി വരുമ്പോള്‍  കുറെ മാസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും ഷോപ്പില്‍ വന്നു പക്ഷെ പതിവിനു വിപരീതമായി കൂടെ ഏതോ മുന്‍പ്‌ കണ്ടിട്ടില്ലാത്ത  ഒരു അറബിയുമുണ്ട് .ഇത്രയും ദിവസം കാണാത്തതിലുള്ള  പരിഭവം പറയാന്‍ നില്‍ക്കുന്ന ഞാന്‍ അയാളെ കണ്ടതും ആ പരിഭവം തന്നെ മറന്നു പോയി  . കൂടെയുള്ള ആളുടെ പിന്നില്‍ നിന്നു കൊണ്ടവള്‍ സംസാരിക്കുവാന്‍ തുടങ്ങി കമ്പ്യൂട്ടര്‍ നന്നാക്കുന്നതിനിടയില്‍ അയാള്‍ സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോയതും ഞാനവളോട്‌ ചോദിച്ചു " മിന്‍ ഹാദാ ? ( അതാരാണ് ?) അതിനുള്ള മറുപടി കിട്ടിയപ്പോള്‍ പവര്‍ സപ്ലേ അടിച്ചു പോയ മതര്‍ ബോര്‍ഡ്‌ പോലെ എന്‍റെ ഫാന്‍ നിന്നു .. അവള്‍ പറഞ്ഞു ഹാദാ  സൌജ്‌ ..! ( എന്‍റെ കെട്ട്യോന്‍ ) . കല്ല്യാണം ഉണ്ടെന്നൊരു വാക്ക് പറയാമായിരുന്നില്ലേ എന്നൊക്കെ അവളോട്‌ ചോദിച്ചു പൊട്ടി കരയണം എന്നുണ്ടായിരുന്നു പക്ഷെ  ഞാന്‍ മിണ്ടിയില്ല   കാരണം അവളെന്റെ ആരാ ..? എന്നൊക്കെ  ചിന്തിച്ചു ഞാന്‍ . ആ ലാപ്പ്ട്ടോപ്പ് നന്നാക്കുമ്പോള്‍ .. മനസ്സില്‍ പണ്ട് പരീ കുട്ടി പാടിയ പാട്ടായിരുന്നു പാടിയിരുന്നത് .. കംപ്യൂട്ടറുമായി  അവള്‍ അയാളുമോത്ത്  പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ പഴയത് പോലെ അവളെ നോക്കി നിന്നില്ല അവള്‍ തിരിഞ്ഞു നോക്കുമോ എന്ന് നോക്കാന്‍ മനസ്സ്‌ പറഞ്ഞെങ്കിലും  പോയി പണി നോക്കടാ മനസ്സേ എന്നും പറഞ്ഞു ഞാന്‍ ചെയറില്‍ വന്നിരുന്നു . ന്നിട്ട് മെല്ലെ എന്നോട് തന്നെ പറഞ്ഞു " അങ്ങനെ അറബി പെണ്ണിനേ പ്രേമിക്കാനുള്ള പൂതിയും പണ്ടാറടങ്ങി "" ഈശ്വര ന്തിനീ പരീക്ഷണം . ഇതെല്ലാം ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ പ്രാര്‍ത്ഥന കൊണ്ട്സംഭവിക്കുന്നതാവണം നിനക്കുള്ളതു മണിയറയില്‍ വെച്ച് ഞാന്‍ തരണ്ട് യെന്നും  പറഞ്ഞു ഞാനാ അധ്യായം സീല്‍ ചെയ്തു ..!വാല്‍  പീസ്‌ : പൂതികള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല കെട്ടാ ..!!സസ്നേഹം സക്കരിയ്യ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ