2020, ഡിസംബർ 29, ചൊവ്വാഴ്ച

നമുക്കു വേണ്ടത് സ്വയംപര്യാപ്തതയല്ല. സഹവർത്തിത്തമാണ്.

 എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കിഷ്ടമില്ലാതായിരിക്കുന്നു. 


ആരെയെങ്കിലും എന്തിനു വേണ്ടിയായാലും ആശ്രയിക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവും ആയി മാറിയിരിക്കുന്നു.  


മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി  രാപ്പകൽ നമ്മൾ അധ്വാനിക്കുകയാണ്. 


മറ്റൊരാളോടു ലിഫ്റ്റ് ചോദിക്കാൻ മടി തോന്നി എങ്ങിനെയെങ്കിലും ഒരു ചെറു കാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്. 


സ്വന്തം മക്കളെ ആശ്രയിച്ചൊരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം ഡെപ്പോസിറ്റ് ചെയ്യുകയാണ്. 


അപ്പനോട്, അമ്മയോട് പണം  ചോദിക്കാൻ മടിയുള്ള മക്കൾ, അതാര്‍ക്കും കൊടുക്കാതെ ശേഖരിച്ചു വെക്കുകയാണ്. 


ഒരാപത്തു വന്നാൽ സ്വന്തം കെട്ട്യോളു പോലും തള്ളിപ്പറയുമെന്ന ബോധ്യത്താൽ ഭർത്താക്കൻമാർ മറ്റൊരക്കൗണ്ടിൽ മറ്റാരുമറിയാതെ പണം നിക്ഷേപിക്കുകയാണ്. 


പെരുവഴിയിലിറങ്ങേണ്ടി വന്നാൽ ഇരക്കുവാൻ വയ്യെന്നു ചിന്തിച്ചു,  പറഞ്ഞു കിട്ടിയ സ്ത്രീധനവും മുറിഞ്ഞു കിട്ടിയ കുടുംബ സ്വത്തും മുറുകെപ്പിടിച്ചു മരിച്ചു പോവുകയാണ് ഭാര്യമാർ. 


താഴ്ന്നു പോകാതിരിക്കാൻ ഉയര്‍ന്നു പറക്കുകയാണു പ്രവാസികൾ.കുട്ടികള്‍ക്കുള്ള  ഭക്ഷണം ഉണ്ടാക്കി മേശമേല്‍ മൂടി വെച്ചു പായുകയാണ് അമ്മമാര്‍.


മധുവിധു രാവുകള്‍ക്ക്‌ ആയുസ്സു തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. ആദ്യരാത്രികള്‍ ആദ്യ ദിനം തന്നെ ആക്കേണ്ടി വന്നിരിക്കുന്നു. ദമ്പതികളുടെ  കണ്ടു മുട്ടലുകള്‍ ഒഴിവു ദിനങ്ങളിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നു. 


ആയമാരും ഹോം നഴ്സുമാരും കൂട്ടിരിപ്പുകാരും ഷാമിയാനകളും വൃദ്ധസദനങ്ങളും പരസഹായം ചോദിക്കാനുള്ള നമ്മുടെ വിമുഖതയുടെ സന്തതികളാണ്. 


കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചതും മറ്റാരും കാണാനില്ലാത്തപ്പോള്‍ കറി കൂട്ടാതെ  പൊറാട്ട തിന്നാന്‍ ശീലിച്ചതും സ്വാശ്രയത്തെ മുന്നില്‍ കണ്ടാണ്‌. 


അങ്ങിനെ എല്ലാവരും സ്വാശ്രയരാവുകയാണ്. നാളെയെക്കുറിച്ചു ഭയചകിതരായി പായുകയാണ്. ന്യൂക്ലിയർ ആവുകയാണ്. 


കൈ നീട്ടലുകളെ, സഹതാപ നോട്ടങ്ങളെ, തിരസ്കാരങ്ങളെ തുരത്താനുള്ള അതിഭീകര യുദ്ധത്തിലാണ്. 


അങ്ങിനെ സ്വന്തം കാലിൽ നിൽക്കാനായി താങ്ങാനാവുന്നതിലും ഭാരം തലയിലേറ്റുകയാണ് മനുഷ്യർ. ഒറ്റപ്പെടൽ സ്വയം ഏറ്റുവാങ്ങുകയാണ്. 


സഹായിക്കാനുള്ള പ്രകൃതിയുടെ, തനിക്കു പരിചയമുള്ളവരുടെ  അഭിവാഞ്ജയെ അവിശ്വസിക്കുകയാണ്. വീണു പോയാല്‍ കൈപിടിക്കാന്‍  ആരുമുണ്ടാവില്ല എന്നു നിരന്തരം ഉരുവിടുകയാണ്. 


അവനും അവളും പൊട്ടിച്ചിരിക്കുന്നതും പൊട്ടിക്കരയുന്നതും ഇപ്പോൾ ഒറ്റയ്ക്കാണ്. കൂട്ടായിച്ചിരിക്കാൻ, മറ്റൊരു തോളിൽ മുഖമമർത്തിക്കരയാൻ മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതും ഇഷ്ടമില്ല . 


സ്വപ്നം കണ്ടുറങ്ങാന്‍ നാളത്തെ അസൈന്‍മെന്റുകളും ലോണ്‍ എടുത്തുണ്ടാക്കിയ സ്വാശ്രയങ്ങളും അവരെ  അനുവദിക്കുന്നില്ല. 


ആളെ കിട്ടാനുമില്ല.സ്വാശ്രയത്തിനായുള്ള പാച്ചിലിൽ നമ്മളെപ്പോലെ മറ്റുള്ളവരും തിരക്കിലായതിനാൽ ഒന്നിച്ചിരിക്കാൻ മറ്റുള്ളവര്‍ക്കും നേരമില്ല. 


എല്ലാവരും നാളെയുടെ നിരാശ്രയത്തിനായുള്ള തിരക്കിലാണ്. കുട്ടികൾ നന്നായിപ്പഠിക്കുന്നതു പോലും നാളത്തെ സ്വാശ്രയത്തെ മുന്നിൽക്കണ്ടാണ്. 


ഹൃദയങ്ങള്‍ തമ്മില്‍  ചേരില്ലെങ്കിലും സംഘടനകളില്‍, ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍,  പോയിരിക്കാന്‍ അവര്‍ വെമ്പുന്നത് കുറച്ചു മുഖങ്ങളെ ഒന്നിച്ചു കാണാന്‍ ആശ മൂത്തിട്ടാണ്. വല്ലപ്പോഴും ഒന്നിച്ചു കുറച്ചു ബഹളങ്ങള്‍ കേള്‍ക്കാന്‍ പൂതിയായിട്ടാണ്. 


തല്ലു കൂടുന്നതു പോലും മറ്റൊരാളോടൊപ്പം കുറച്ചു നേരം ഒന്നിച്ചു ചിലവഴിക്കാന്‍  വേണ്ടിയാണ്.  


പ്രണയിക്കാൻ, ഒന്നു ചേർത്തു പിടിച്ചു വാരിയെല്ലു പൊടിയും വിധം ഒന്നാലിംഗനം ചെയ്യാൻ, ഒന്നമർത്തി കണ്ണുകളിൽ അധരച്ചൂടോടെ ചുംബിക്കാൻ, കൈ പിടിച്ചൊന്നു കുറച്ചു ദൂരം നടക്കാൻ, മറ്റൊന്നുമാലോചിക്കാതെ ഒരു മുഖത്തു നോക്കി ശല്യപ്പെടാതെയുള്ളൊരു പുഞ്ചിരി സമ്മാനിക്കാൻ നേരമില്ലാതെ നമ്മളോടൊപ്പം ലോകവും പായുകയാണ്. 


ഒറ്റപ്പെടലെന്ന പ്രതിഭാസം നമ്മളെല്ലാവരും ചേർന്നു ഉണ്ടാക്കിയ, പരിപാലിക്കുന്ന, 

സുന്ദരമായ സ്വാശ്രയത്തിന്റെ അതിസുന്ദരിയായ കുഞ്ഞാണ്. 


അതു തുറന്നു പറഞ്ഞാൽപ്പോലും പരിഹാരമെന്തെന്ന ചോദ്യത്താൽ ഒറ്റപ്പെടുമെന്ന ഭയത്താലിതു ഇവിടെ അവസാനിപ്പിക്കുകയാണ്.


നമുക്കു വേണ്ടത് സ്വയംപര്യാപ്തതയല്ല. 

സഹവർത്തിത്തമാണ്.



2020, ഡിസംബർ 23, ബുധനാഴ്‌ച

അടുക്കള

 അടുക്കള....


അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം കയിച്ച് പോണംന്നായിരുന്നു എൻ്റെ ആഗ്രഹം....


പക്ഷേങ്കില് കല്യാണം കയിച്ചത് ഒരു ചെറിയ ഓടിട്ട വീട്ടിലേക്കായിരുന്നു...

സിറ്റൗട്ടില്ല...

കോലായിണ്ട്...

 ഈ കോലായിന്ന് മൂന്ന് തവളച്ചാട്ടം ചാടിയാ അടുക്കളേലെത്തും..

പഞ്ചസാര കലക്കുന്നത് മാത്രല്ല...

നാരങ്ങ പിഴിയുന്ന ഒച്ച വരെ കോലായിക്ക് കേക്കും....


ഞാൻ പണ്ട് തൊട്ടേ ഉള്ളതിലും കൂടുതൽ ബഡായി പറയും....

പത്രാസ് പറച്ചില് പാരമ്പര്യായിറ്റ് കിട്ടിയതാ...


കല്യാണം കയിഞ്ഞപ്പോ എൻ്റെ കൂടെ പഠിച്ച കുട്ടികളൊക്കെ വിശേഷം അറിയാൻ വിളിക്കും...


ഓടിട്ട വീടാന്ന് പറയാൻ എനിക്കൊരു മടിണ്ടായ് നു...

ഒരിക്കൽ ഒരുത്തി വിളിച്ചപ്പോ 

"ഓടിട്ട വീടാണെടീ...

അതോണ്ട് നല്ല സുഖാ.... ക്ലിനിംഗൊക്കെ വേഗം കയ്യും....

 ചൂടും കുറവാ.... പിന്നെ ഒരു 25 സെൻ്റ് മുറ്റം ണ്ടെടീ.... എന്നും അടിച്ച് വാരൽ ഒരു പണിയാ.... പക്ഷേ ഇൻ്റർലോക്ക് ചെയ്തോണ്ട് പുല്ല് പ റിക്കാനൊന്നും ണ്ടാവൂല..... "


അയ്.... അന്തസ്...


25 സെൻറ് ഇൻറർലോക്ക് ചെയ്ത മുറ്റമുള്ള ഓടിട്ട വീട്...


ഓളിനി വിളിക്കൂല....

എനിക്ക് എന്നോടെന്നെ അഭിമാനം തോന്നി....


പക്ഷേ ഇക്കയും  വീട്ടുകാരും ഇങ്ങനേ അല്ല.... എന്താണോ ള്ളത്... അതിൻ്റെ പകുതിയേ കാണിക്കുള്ളൂ....

ഒരു പത്രാസുംല്ല...

ലളിതമായ ജീവിതം....


ഞങ്ങളെ ബെഡ്റൂമില് ഒരു കട്ടില് ഇടാനുള്ള സ്ഥലം മാത്രേ ഉള്ളൂ... പിന്നെ നിസ്കരിക്കാനുള്ള മുസല്ല വിരിക്കാം....


ആദ്യത്തെ മോൾ ഉണ്ടായ സമയത്ത് കട്ടിലിൻ്റെ സൈഡില് ഒരു പലക വെച്ച് വീതി കൂട്ടി....


അത് കഴിഞ്ഞ് രണ്ടാമത്തെ മോൾ ഉണ്ടായപ്പോ ഒരു പലക കൂടി വെച്ചു.....

അപ്പോ കഷ്ടിച്ച് ഒരാൾക്ക് പോവാൻ പാകത്തിന് വാതില് തുറക്കാം....

അത്രേ പറ്റുളളൂ....


അപ്പോ മുതലാണ് പുതിയൊരു വീടിനെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത്....

നല്ലൊരു സന്ദർഭം നോക്കി മൂപ്പരോട് വിഷയം അവതരിപ്പിച്ചു.....


"അതേയ്...... ഞമ്മക്ക് രണ്ടും പെങ്കുട്ട്യോളാ... ഓര് പടക്കം പൊട്ട്ണ മാതിരി ഇപ്പത്തന്നെ വൽതാവും...

പിന്നെ  ഓരെ   കല്യാണം കയിപ്പിക്കലും പൊരണ്ടാക്കലും എല്ലം കൂടി കയ്യൂല...

വീട് പണി ഇപ്പളേ തൊടങ്ങിയാലോ.... "


"ഈ വീടിനെന്താ കൊയപ്പം."


"കൊയപ്പൊന്നൂല്ല... ന്നാലും ഒരു വീട് വേണല്ലോ.... നേരത്തേ തൊടങ്ങാന്ന് വെച്ച് പറഞ്ഞതാ "


"അത് മാണ്ട... ഞമ്മളെപ്പളും ഞമ്മളേക്കാളും താഴെ ഉള്ളോരെ പറ്റി ചിന്തിക്കണം.. സ്വന്തായിറ്റ് ഒരു വീടില്ലാത്ത എത്ര ആൾക്കാര് ണ്ടെന്നറിയോ....

രാത്രി ഇയ്യാ കൽപ്പറ്റ അങ്ങാടിക്കൊന്ന് പോയ്യോക്ക്.... എത്ര ആളാ പീടിയക്കൊലായില് നെരന്ന് കെടക്ക്ണത്.... ഞമ്മക്ക്പ്പോ വെയിലും മഴേം കൊള്ളാത്ത ഒരു വീട്ണ്ടല്ലോ... അത് മതി ."


പിന്നേ..... രണ്ട് മൂന്ന് മെഡിക്കൽ ഷോപ്പും മൂന്നാലേക്കറ് സ്ഥലത്തിൻ്റെ ആധാരോം മേശേല് വെച്ചിട്ടാണല്ലോ ഓരൊക്കെ പിടിയ കൊലായില് കെടക്ക്ണത്... 

ഞാൻ ഒന്നും പറീണില്ല....

എന്നൊക്കെ എനിക്ക് പറയാൻ പൂതിണ്ടേലും ഞാമ്പറയൂല.....

കാരണം കെട്ടിയോന്മാരോട് തർക്കുത്തരം പറഞ്ഞാ നരകത്തിൽ പോവും..


അങ്ങനെ ആ പൂതി പറച്ചില് ഞാൻ നിർത്തി...


ഞങ്ങളെ വീടിൻ്റെ ഭാഗത്ത് ഭയങ്കര കൊരങ്ങൻമാരെ ശല്യം ആണ്.

ഉള്ള പച്ചക്കറീം തേങ്ങയും വാഴക്കുലേം ഒക്കെ നശിപ്പിക്കും....

എന്നിട്ട് വീടിൻ്റെ ഓടിൻ്റെ മേലെ കേറി നിന്ന് സർക്കസ് കളിക്കും....

അപ്പോ ഓട് ഓരോന്നായിറ്റ് പൊട്ടും..


മഴക്കാലം ആവുമ്പോ ഈ പൊട്ടിയ ഓട്മ്മന്ന്  വെള്ളം ചോരാൻ തുടങ്ങും....


മഴക്കാലത്ത് ഓട്ടിൻ പുറത്ത് കേറാൻ ആളെ കിട്ടൂലാന്ന് പറഞ്ഞ് അത് നന്നാക്കൂല...


മഗ്രിബ് നിസ്ക്കാരം കഴിഞ്ഞ് ഒരു ഏഴ് മണി ആവുമ്പോ വാപ്പ അടുക്കളേക്ക്  വരും...

എന്നിട്ട് മേലോട്ട് നോക്കി ഒരു 10 മിനിറ്റ് നിക്കും...

നാലാമത്തെ വരീല്  മൂന്നാമത്തെ ഓടാണ് പൊട്ടീക്ക്ണത്...

അടീലൊരു പ്ലാസ്റ്റിക്കിൻ്റെ കഷണം  വെച്ച് ഒരു കോല് വെലങ്ങത്തില് വെച്ചാ മതി.....

എന്നും പറഞ്ഞ് പോവും.....


പിന്നെ ഒരു ഒമ്പതര അവുമ്പോ എൻ്റെ മണിമാരൻ വരും ....

കുളിയൊക്കെ കഴിഞ്ഞ് അടുക്കളേലെത്തും..

അഞ്ച് മിനിറ്റ്  മുകളിലേക്ക് നോക്കി നിക്കും....

മൂന്നാമത്തെ വരീല് നാലാമത്തെ ഓടാണ് പൊട്ടിയത് ...

അടിലൊരു പ്ലാസ്റ്റിക് വെച്ച് വടി നേരെ വെച്ചാ മതി.... പിന്നെ ചോരൂല..."


ഇതും പറഞ്ഞ് മൂപ്പരും പോവും.....

കോല് വടി ആവും... വേറെ വ്യത്യാസൊന്നുല്ല..


ആ സമയത്തൊക്കെ എനിക്ക് ഏറ്റവും കൂടുതൽ കടപ്പാട് ഉജാല സോപ്പ് പൊടീൻ്റെ കമ്പനിക്കാരോടായിരുന്നു....

അഞ്ച് കിലോ സോപ്പ് പൊടി വാങ്ങുമ്പോ  ഒരു ബക്കറ്റ് ഫ്രീ കിട്ടും.

അങ്ങനെ കുറേ ബക്കറ്റ്ണ്ട് വീട്ടില് ....

അതും പിന്നെ പെയിൻ്റിൻ്റെ ബക്കറ്റും അടുക്കളേല് നിരത്തി വെക്കും....

നിറയുമ്പോ കൊണ്ടോയി മറിക്കും....


മഴക്കാലവും ഈ ബക്കറ്റുകളും തമ്മിൽ വർഷങ്ങളായി വല്ലാത്തൊരു ആത്മ ബന്ധം ഉണ്ട്....


അത് കഴിഞ്ഞ് പിന്നെ ചിമ്മിനിക്കൂട് ചോരാൻ തുടങ്ങി...

നമ്മള് ഗ്യാസ് ഉപയോഗിക്കല് വളരെ കുറവാ..

ഇഷ്ടം പോലെ വിറക് ഉള്ളോണ്ട് അധികവും അടുപ്പാണ് ഉയോഗിക്കാ....

അടുപ്പിൻ്റട്ത്ത്  ബക്കറ്റ് വെക്കാൻ പറ്റൂല....


ബിരിയാണി വെക്കുന്ന ചെമ്പട്ടി വെക്കും....

അതും നിറയുമ്പോ എടുത്ത് ഒഴിച്ച് കളയും....

അപ്പോ എൻ്റെ മണിമാരൻ വീണ്ടും വരും....

"എന്തെല്ലാം സൗകര്യങ്ങളാ അനക്ക് ഞാൻ ചെയ്ത് തര്ന്നത്..

അടുപ്പിലേക്ക് വരെ വാട്ടർ കണക്ഷണാ....

അൻ്റെ പൈസക്കാര് അമ്മോൻമാരാവ്ടെ ണ്ടോ ഇജ്ജാദി സെറ്റപ്പ്...." 


ഇനിക്ക്  ങ്ങനെ അരിച്ച് കയറും....എ ബി സി ഡി X Y Z വരെ പറയാൻ മുട്ടും...

അപ്പൾത്തേക്കും നരകം ഓർമ വരും.... പിന്നൊന്നും മുണ്ടൂല....


ആകപ്പാടെ കുളം പോലെ ആയ അടുക്കള മുക്കി പിഴിഞ്ഞ് തുടക്കുമ്പോ ഞാനിങ്ങനെ ആലോയ്ക്കും....

എന്തൊക്കായ്നും...

പഞ്ചാര കലക്ക്ണ ഒച്ച കേക്കാത്ത സിറ്റൗട്ട്... വല്യ വീട്.... ഇത്പ്പോ ജില്ലാശുപത്രീന്ന് മെഡിക്കൽ കോളേജ്ക്ക്  വന്ന പോലായി....


അങ്ങനെ കുറേ കഴിഞ്ഞ് ഞാൻ മൂന്നാമത്തെ മോളെ പ്രഗ്നൻ്റായി....

ഇനീം കട്ടിലിന് പലക വെച്ചാ വാതില് തൊറക്കാൻ പറ്റൂലാന്ന് തോന്നീറ്റായ്ക്കും മൂപ്പര് പുതിയ വീടിന് കുറ്റിയടിച്ചു......


അങ്ങനെ വീട് പണി തുടങ്ങിയപ്പോ എൻ്റെ അഭിപ്രായങ്ങളുടെ ലിസ്റ്റ് കൊടുത്തു..


ചിമ്മിനിക്കൂട് നല്ല കട്ടീല്  വാർക്കണം....

അടുക്കള ഓട് വേണ്ട.

അടുപ്പിലേക്ക് വാട്ടർ കണക്ഷൻ ആവശ്യല്ല...

റിമോട്ട്ളള ഫാൻ വേണം..

പലക  വെക്കാത്ത കട്ടിൽ വേണം..


അങ്ങനെ ചെറിയ ചെറിയ അനുഭവത്തിലെ പാളിച്ചകള് പറഞ്ഞു..


പ്രസവവും വീട് പണിയും ആരാദ്യം എന്ന് പറഞ്ഞ് നടന്നോണ്ടിരുന്നു.


അങ്ങനെ മോള് ണ്ടായി കുറച്ച് കഴിഞ്ഞപ്പോ വീട് പണീം കഴിഞ്ഞു...


അയ്.... വീണ്ടും അന്തസ്സ്...


നല്ല പത്രാസ്ള്ള വീട്...

പണ്ടെങ്ങോ ഉറങ്ങി പോയ വീമ്പത്തരം   വീണ്ടും തലപൊക്കി...


വീടിൻ്റെ തലങ്ങും വിലങ്ങും നിന്ന് ചറപറ ഫോട്ടോസെടുത്ത് ഗ്രൂപ്പിലിട്ട്.... ഒരു മനസ്സുഖം....


കുറേ കഷ്ടപ്പെട്ടതിന് കാര്യണ്ടായി...

ഞാൻ വിജാരിച്ച പോലത്തെ അടുക്കള കിട്ടി....


ഇപ്പോ  അടുക്കളേന്ന് ഇടക്കിടക്ക് പഞ്ചാര കലക്കുമ്പോ മോളെ ഞാൻ സിറ്റൗട്ടില് നിർത്തും.... 

എന്നിട്ട് ഉറക്കെ ചോയ്ക്കും....


" കേൾക്കുന്നുണ്ടോ "


"ഇല്ലമ്മച്ചിയേ...."


ഇത് കേൾക്കുമ്പോ ഒരു സുഖാ..... ഒരു മനസുഖം...

2020, ഡിസംബർ 22, ചൊവ്വാഴ്ച

ഭയവും ഒരു ലഹരിയാണ്.

 ഭയവും ഒരു ലഹരിയാണ്. 


അതു ശീലിച്ചു പോയവര്‍ക്ക് ഇടയ്ക്കിടെ അതു കിട്ടിക്കൊണ്ടിരിക്കണം. 


ഇല്ലെങ്കിലാണ് അവര്‍ക്കു  ഫ്രസ്റ്റ്വേഷന്‍ (നിരാശ, മോഹഭംഗം etc)  അനുഭവപ്പെടുക.  


ഭയം ആഗ്രഹിച്ചു വരുന്നവര്‍ക്ക് മറ്റെന്തെങ്കിലും നല്‍കിയാല്‍  

അവര്‍ തൃപ്തരാവില്ല. 


അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. അവര്‍ക്കു വേണ്ടുന്ന ഉത്തരം ലഭിക്കുന്നതുവരെ അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. 


അവരാഗ്രഹിക്കുന്നത്‌ കിട്ടിയില്ലെങ്കില്‍ ഭയം ലഭിക്കുന്ന ഇടം നോക്കി അവര്‍ പോയിക്കൊണ്ടിരിക്കും. 


മദ്യം ശീലിച്ചു പോയവര്‍ അതു കിട്ടാതെ വരുമ്പോള്‍ ഊടുവഴികളിലൂടെ മദ്യം  അന്വേഷിച്ചു പോകുന്നതു പോലെ!


ഭയം മാത്രമല്ല ലഹരി.. 


ദു:ഖവും ഉത്കണ്ഠയും ദേഷ്യവും എല്ലാം  ലഹരിയാണ്. 


ദു:ഖിച്ചു ശീലിച്ചു പോയവര്‍ എങ്ങിനെയെങ്കിലും എവിടെ നിന്നെങ്കിലും അടുത്ത ദു:ഖത്തിനായുള്ള വക കണ്ടെത്തും.  


ദേഷ്യം പിടിക്കുന്നവര്‍ ഇടയ്ക്കിടെ ദേഷ്യം പിടിച്ചു കൊണ്ടിരിക്കും.


അഥവാ, മിക്കവിഷയങ്ങളിലെയും അടിസ്ഥാന വിഷയം ദു:ഖമോ ഭയമോ സങ്കടമോ ദേഷ്യമോ  ആവണമെന്നില്ല, മറിച്ചു ആളുകളുടെ പ്രകൃതമായിരിക്കും അവരുടെ ബാഹ്യപ്രകടനങ്ങളെ നിയന്ത്രിക്കുന്നത്. 


ഇത്തരം എല്ലാ ബാഹ്യപ്രകടനങ്ങളിലൂടെയും അടിസ്ഥാനപരമായി അവര്‍ കൈവരിക്കുന്നത്  റിലാക്സേഷന്‍ ആണ്. കരയുമ്പോള്‍ സംഭവിക്കുന്നത്‌ അതാണ്‌. ദേഷ്യം പിടിക്കുമ്പോൾ എന്തെങ്കിലും എറിഞ്ഞു പൊട്ടിക്കുന്നത് റിലാക്സേഷനു വേണ്ടിയാണ്. 


ഭാര്യമാർ ഭർത്താക്കൻമാരെ ശുണ്ഠി പിടിപ്പിക്കുന്നത് കണ്ടിട്ടില്ലേ, പൊട്ടലും ചീറ്റലും യുദ്ധവും സ്ഫോടനവും കഴിഞ്ഞു,  അടി തുടങ്ങിയ വിഷയത്തെ അരിച്ചു പെറുക്കി നോക്കിയാൽ പ്രശ്നത്തിന്റെ പൂട പോലും അവിടെ ബാക്കി കാണില്ല.


വേറെ എന്തോ പ്രശ്നത്തെ ഒതുക്കാൻ വേണ്ടി മനസ്സു കണ്ടെത്തുന്ന ലഹരി..


കരഞ്ഞു ശീലിച്ചവര്‍ കരയുമ്പോള്‍ അവരറിയാതെ ഒരു അനുഭൂതി നുകരുന്നുണ്ട്. 


കഞ്ചാവ് അടിക്കുന്നവനും കള്ളു കുടിക്കുന്നവനും സിഗരറ്റ് വലിക്കുന്നവരും ചായ കുടിക്കുന്നവരും എല്ലാം അനുഭവിക്കുന്ന അതേ അനുഭൂതി.


ഇത്തരം മാനസികമോ ശാരീരികമോ ആയ സെഡേഷനിലൂടെ (a state of calm or sleep produced by a sedative drug or sedative action) അവരവരനുഭവിക്കുന്ന ഇന്റെര്‍ണല്‍  ഫ്രസ്റ്റ്വേഷനെ (ആത്മദാഹത്തെ) 

 മറികടക്കുകയാണ് ചെയ്യുന്നത്. 


എന്താണോ ശീലിച്ചു പോയത്, അത് ആ സമയത്ത്, അവര്‍ ആഗ്രഹിക്കുന്ന നേരത്തു തന്നെ സംഭവിക്കണം.


ഏതൊരു  അഡിക്ഷന്‍റെയും പൊതുസ്വഭാവമാണത്. ആളുകള്‍ കലഹിക്കുന്നതും തെറി വിളിക്കുന്നതും എല്ലാം ഉള്ളിലെ അഗ്നിപര്‍വ്വതങ്ങളെ ശാന്തമാക്കാന്‍ വേണ്ടി ചെയ്യുന്ന ലാവാ ഒഴുക്കുകള്‍ ആണ്.


നല്ല ചുട്ട അടികിട്ടുമ്പോള്‍ അതുവരെയും പോരു കാളപോലെ നിന്നവർ  അതിശാന്തരായി മാറുന്നത് കാണാം. 


എനിക്കൊരു ചുട്ട അടി വേണം എന്നു ചോദിക്കാന്‍ ആവില്ലല്ലോ. ചോദിച്ചു വാങ്ങിയാല്‍ അതിന്‍റെ ശരിയായ ലഹരി ലഭിക്കുകയുമില്ല. തനിക്കു വേണ്ടത് ചുട്ട അടിയാണെന്ന് ആവശ്യക്കാരന് മനസ്സിലാവുന്നുമുണ്ടാവില്ല. 


ചിലരെ വേദനിപ്പിച്ചാലാണ് അവരില്‍ പ്രണയം ഉണരുക. 


ഈ കൊറോണ കാലത്ത് ഇതെന്തിനാണ് പറഞ്ഞത് എന്നു കരുതുന്നവരുണ്ടാകും. 


നെഗറ്റീവ് ന്യൂസുകളും ഭയപ്പെടുത്തലുകളും നിരന്തരം തേടിപ്പോകുന്നത് നമ്മള്‍ പോലും അറിയണമെന്നില്ല. 


നാമറിയാതെ ഒരു ലഹരി നാമതില്‍ നിന്നെല്ലാം നുകരുന്നുണ്ട്. നമ്മുടെ ശീലത്തില്‍ അതുണ്ട്. 


നാമറിയാതെ നമ്മില്‍ ശീലിച്ചു നില്‍ക്കുന്ന ഇത്തരം അഡിക്ഷനുകളെ അതിജീവിക്കാന്‍ നമുക്കു കഴിയണം.  


ഇല്ലെങ്കില്‍ ശരീരം തളരും. 


കണ്ണുകള്‍ വാടും. 


ഹൃദയം പഴയ 110 KV സബ്സ്റ്റേഷന്‍ പോലെ വോള്‍ട്ടേജ് കുറയും. 

കൊറോണ വന്നു കടിക്കും.

2020, ഡിസംബർ 19, ശനിയാഴ്‌ച

എന്റെ മരണം

 عند موتي لن اقلق

എന്റെ മരണ സമയത്ത് ഞാൻ ഒട്ടും അസ്വസ്ഥനാവില്ല. 


ولن اهتم  بجسدي البالي

ദ്രവിച്ചു പോവുന്ന എന്റെ ശരീരത്തെ ഞാൻ പരിഗണിക്കുകയേ ഇല്ല. 


 فإخواني من المسلمين سيقومون باللازم وهو:

മരണശേഷം വേണ്ടുന്ന ചുവടെയുള്ള കാര്യങ്ങൾ എന്റെ സഹോദരങ്ങൾ ചെയ്യും. 


1- يجردونني من ملابسي...

1.  എന്റെ ധരിച്ച വസ്ത്രങ്ങൾ അവർ അഴിച്ചു മാറ്റും.

2- يغسلونني...

2. അവരെന്നെ കുളിപ്പിക്കും.


3- يكفنونني ...

3. അവരെന്നെ കഫൻ ചെയ്യും.


4- يخرجونني من بيتي ...

4. എന്റെ വീട്ടിൽ  നിന്ന് അവരെന്നെ പുറത്തേക്കെടുക്കും.


   5- يذهبون بي لمسكني الجديد ( القبر ) ...

എന്റെ പുതിയ താമസ സ്ഥലത്തേക്ക് (ഖബറിലേക്ക്) അവരെന്നെ കൊണ്ട് പോകും. 


6- وسيأتي الكثيرون لتشييع جنازتي...

എന്റെ ജനാസയെ അനുഗമിക്കാൻ ധാരാളം ആളുകൾ വരും.


 بل سيلغي الكثير منهم أعماله ومواعيده  لأجل دفني ...

തീർന്നില്ല, അവരിൽ പലരും അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും എന്റെ അന്ത്യകർമ്മങ്ങൾക്കുവേണ്ടി മാറ്റിവെക്കും.


 وقد يكون الكثير منهم لم يفكر في نصيحتي يوما من الأيام ...

അവരിൽ പലരും ഒരിക്കൽ പോലും എന്റെ നന്മയെകുറിച്ച് ആലോചിച്ചവരായിരിക്കില്ല.


7- أشيائي سيتم التخلص منها ...

എന്റെ എല്ലാ വസ്തു വകകളിൽ നിന്നും ഞാൻ സ്വതന്ത്രനാവും.


مفاتيحي ...

എന്റെ ചാവിക്കൂട്ടങ്ങൾ...

كتبي ...

എന്റെ ഗ്രന്ഥങ്ങൾ...

حقيبتي ...

എന്റെ ബാഗ്

أحذيتي ...

എന്റെ ചെരിപ്പുകൾ ...


ملابسي وهكذا...

എന്റെ വസ്ത്രങ്ങൾ  അങ്ങനെയങ്ങനെ...


 وإن كان أهلي موفقين فسوف يتصدقون بها لتنفعني ...

എന്റെ കുടുംബം നല്ലവരെങ്കിൽ, മുകളിലെ എന്റെ വസ്തുക്കൾ അവർ എന്റെ പരലോക ഗുണത്തിനായി ദാനം ചെയ്തേക്കാം... 


تأكدوا بأن الدنيا لن تحزن علي...

ഈ ലോകം എന്നെക്കുറിച്ചോർത്ത് ദുഖിക്കില്ലെന്ന് നിങ്ങൾ ഉറപ്പിച്ചോളൂ...


  ولن تتوقف حركة العالم  ...

ലോകത്തിലെ ഒരു ചലനവും നിലക്കുകയില്ല.


واﻻقتصاد سيستمر ...

സാമ്പത്തിക സ്ഥിതി നിലവിലുള്ളത് പോലെ തന്നെ തുടരും...


ووظيفتي سيأتي  غيري ليقوم بها  ...

എന്റെ ജോലി ഏറ്റെടുക്കാൻ മറ്റാരെങ്കിലും വരും. 


وأموالي ستذهب حلالاً للورثة ...

എന്റെ സ്വത്തുക്കൾ നിയമാനുസൃതം എന്റെ അനന്തരാവകാശികളുടേതാകും.


بينما أنا  الذي سأحاسب عليها !!!

അതേ സമയം ആ സ്വത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുന്നത് ഞാനും!!!


 القليل والكثير ...النقير والقطمير ... 

വലുതിനും ചെറുതിനും പരമാണുവിനുമെല്ലാം.


و إن أول ما يسقط مني عند موتي هو اسمي !!!

മരണശേഷം എനിക്കാദ്യം എന്റെ പേര് നഷ്ടമാവും.


لذلك عندما اموت سيقولون  عني أين " الجثة "..؟

അങ്ങനെ,മരണപ്പെട്ടാലുടൻ അവർ "മൃതദേഹം" എവിടെ എന്നാണ് എന്നെക്കുറിച്ച്  ചോദിക്കുക.

 

ولن ينادوني باسمي ..!

എന്റെ പേരവർ വിളിക്കുകയേ ഇല്ല.


وعندما يريدون الصلاة علي سيقولون احضروا "الجنازة" !!!  

എന്റെ മേൽ നിസ്കാരത്തിന് സമയാവുമ്പോൾ "ജനാസ"  എടുക്കൂ എന്നാണവർ പറയുക. 


ولن ينادوني باسمي ..!

പേര് വിളിക്കുകയേയില്ല.


وعندما يشرعون بدفني سيقولون قربوا الميت ولن يذكروا اسمي  ..!

മറമാടിത്തുടങ്ങുമ്പോഴും "മയ്യിത്ത് ഇറക്കിവെക്കൂ" എന്നേ പറയൂ.  പേര് പറയുകയേ ഇല്ല...!


لذلك لن يغرني نسبي ولا قبيلتي 

ഇതെല്ലാം എനിക്ക് നന്നായി  അറിയുന്നതിനാൽ, എന്റെ തറവാടിനാലോ ഗോത്ര മഹിമയാലോ ഞാൻ ഒരിക്കലും വഞ്ചിതനാവില്ല. 


ولن يغرني منصبي ولا شهرتي ...

എന്റെ സ്ഥാനമോ പ്രശസ്തിയോ  എന്നെ വഞ്ചിക്കുകയില്ല. 


فما أتفه هذه الدنيا وما أعظم ما نحن مقبلون عليه ...

ഈ ദുനിയാവ് എത്ര നിസ്സാരമാണ്! നാം കടന്നു ചെല്ലാനിരിക്കുന്ന ലോകം എത്ര ഭയാനകമാണ്. 


 فيا ايها الحي الآن  ...

ഇന്ന് ജീവനോടെയുള്ളവരേ 


 اعلم ان الحزن عليك سيكون على  ثلاثة أنواع:

നമ്മുടെ പേരിൽ ഇവിടെ മൂന്നു തരം സങ്കടക്കാരുണ്ടാവും എന്ന് നീ  മനസ്സിലാക്കണം. 


1- الناس الذين يعرفونك سطحياً سيقولون مسكين

1. താങ്കളെ ഉപരിപ്ലവമായി മാത്രം അറിയുന്നവർ. "പാവം" എന്നവർ സഹതപിക്കും. 


2- أصدقاؤك سيحزنون ساعات أو أياماً ثم يعودون إلى  حديثهم بل وضحكهم 

2. നിന്റെ കൂട്ടുകാർ ഒരുപക്ഷേ,  മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ദുഖിക്കും. പിന്നീട് അവരുടെ  സംസാരങ്ങളും ചിരി തമാശകളും അവർ തുടരും. 

  

3- الحزن العميق في البيت

3-വീട്ടിലെ അഗാധമായ ദുഃഖം. 


سيحزن أهلك أسبوعا... أسبوعين ،شهرا...شهرين أو حتى سنة

കുടുംബക്കാർ ഒരാഴ്ച, രണ്ടാഴ്ച, ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ഒരു വർഷക്കാലം ദുഖിക്കുമായിരിക്കും. 


وبعدها سيضعونك في أرشيف الذكريات!!!

ശേഷം അവരും താങ്കളെ ഓർമ്മകളുടെ അറകളിൽ കുടിയിരുത്തും. 


انتهت قصتك بين الناس

ആളുകൾക്കിടയിൽ താങ്കളുടെ കഥ അവസാനിച്ചു.


وبدأت قصتك الحقيقيه وهي الآخرة 

പരലോകമെന്ന യഥാർത്ഥ കഥ തുടങ്ങുകയായി.


 لقد زال عنك:

ചുവടെ പറയുന്ന കാര്യങ്ങൾ താങ്കൾക്ക്  എന്നേക്കുമായി ഇല്ലാതായി

1- الجمال ...

1. സൗന്ദര്യം....

2- والمال ...

2. സമ്പത്ത് 

3- والصحة ...

3. ആരോഗ്യം 

4- والولد ...

4. മക്കൾ 

5- فارقت الدور...والقصور

5 . വീടും കൊട്ടാരങ്ങളും താങ്കൾ ഇട്ടേച്ചുപോന്നു...

6- والزوج ...


6. ഭാര്യ...

 

ولم يبق معك الا عملك

താങ്കളുടെ കർമ്മങ്ങൾ മാത്രമാണ് കൂടെയുള്ളത്.


وبدأت الحياة الحقيقية 

താങ്കൾ യഥാർത്ഥ ജീവിതം ആരംഭിച്ചിരിക്കുകയാണ്. 


والسؤال هنا :

ഇവിടെയാണ് ചോദ്യം കടന്നു വരുന്നത്: 

ماذا أعددت لقبرك وآخرتك من الآن ؟؟؟

താങ്കളുടെ ഖബറിനുവേണ്ടിയും പരലോകത്തി നുവെണ്ടിയും  താങ്കൾ എന്ത് തയ്യാറാക്കി വെച്ചിട്ടുണ്ട് ???


هذه حقيقة تحتاج الى تأمل ... 

ഏറെ ചിന്തിക്കേണ്ടുന്ന യാഥാർത്ഥ്യമാണിത്... 


لذلك احرص على :

അതിനാൽ ചുവടെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.

1- الفرائض ...

1. നിർബന്ധ ആരാധനകൾ

2- النوافل ...

2. സുന്നത്തായ കർമ്മങ്ങൾ  

3- صدقة السر ...

3. രഹസ്യമായി ചെയ്യുന്ന ദാനധർമ്മങ്ങൾ. 

 4- عمل صالح ...

4. സത്കർമങ്ങൾ

5- صلاة الليل...

5. രാത്രി നിസ്കാരം. 

لعلك تنجو

അങ്ങനെ താങ്കൾ രക്ഷപ്പെടാം.


 ان ساعدت على تذكير الناس بهذه المقالة وانت حي الآن

ഈ വിഷയം ഓർമപ്പെടുത്താൻ ജീവിച്ചിരിക്കെ താങ്കൾ ആളുകളെ സഹായിച്ചാൽ 


ستجد أثر تذكيرك في ميزانك يوم القيامة بإذن الله...

അല്ലാഹുവിന്റെ സഹായത്താൽ അതിന്റെ പ്രതിഫലം താങ്കളുടെ മീസാനിൽ നാളെ ലഭിച്ചിരിക്കും.


 (وذكّر فإن الذكرى تنفعُ المؤمنين) 

(താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം നിശ്ചയം സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു) 


لماذا يختار الميت 

“الصدقة”لو رجع للدنيا 

ഭൂമിയിലേക്ക് മടങ്ങാൻ അവസരം തന്നാൽ "സ്വദഖ" ചെയ്യാമെന്ന് മരണാസന്നനായ ആൾ പറയുന്നതെന്തുകൊണ്ടാണ്? 


كما قال تعالى

( رب لولا أخرتني إلى أجل قريب فأصدق...)

അല്ലാഹു പറഞ്ഞതുപോലെ:

 (നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്?

 അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യാം...) 

ولم يقل : 

  لأعتمر او لأصل أو لأصوم

ഞാൻ ഉംറ ചെയ്യാമെന്നോ നിസ്കരിക്കാമെന്നോ നോമ്പെടുക്കാമെന്നോ പറഞ്ഞില്ല. 


قال العلماء : 

പണ്ഡിതന്മാർ പറയുന്നു:-


ما ذكر الميت الصدقة إلا لعظيم ما رأى من اثرها بعد موته

മരണ ശേഷം സ്വദഖയ്ക്ക് അവൻ കണ്ട അതിമഹത്തരമായ പ്രതിഫലമാണ് അദ്ദേഹം സ്വദഖയെ മാത്രം പറയാൻ കാരണം.  


 فأكثروا من الصدقة 

   അതിനാൽ ധാരാളമായി സ്വദഖ ചെയ്യുക...


പടച്ച റബ്ബ് നമുക്കേവർക്കും ഈമാനോടു കൂടിയുള്ള നല്ല പുഞ്ചിരി തൂകിയ മരണം നൽകി അനുഗ്രഹിക്കട്ടേ...


ആമീൻ യാ റബ്ബൽ ആലമീൻ...

2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

മാതാവും പിതാവും

 ഒരു മകൻ ഒരിക്കൽ അവൻറെ ഉമ്മയോട് ചോദിച്ചു.


 മക്കളായ ഞങ്ങളെ വളർത്താൻ ഉപ്പയാണോ  ഉമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??


 ആ ഉമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ  എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു

കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ   നിങ്ങളുടെ ഉപ്പയുടെ  ത്യാഗം ഒന്നും ഈ ഉമ്മയ്ക്ക് ഇല്ല.


ഞാൻ വിവാഹം കഴിഞ്ഞു  വരുമ്പോൾ  നിങ്ങളുടെ ഉപ്പ  ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും  ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.


 പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി  നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഉപ്പ  ഓടുകയായിരുന്നു.


 നമുക്ക്  ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ  വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ഉപ്പയുടെ  വിയർപ്പാണ് ഞാനും  നിങ്ങളും ഈ കുടുംബവും.

ആ മകൻ ഇതേ ചോദ്യം അവൻറെ ഉപ്പയോടു൦ ചോദിച്ചു....


ആ  ഉപ്പയുടെ  മറുപടി... മറ്റൊന്നായിരുന്നു ....


 നിങ്ങളുടെ ഉമ്മയുടെ ത്യാഗം അതെത്ര  എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ  അവൾ  സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. അവളുടെ ക്ഷമയും  സഹനവും ആണ് ഇന്ന് ഈ കുടുംബത്തെ ഇവിടെ വരെ എത്തിച്ചത്. അവൾക്കും  ഉണ്ടായിരുന്നു ഇഷ്ടങ്ങൾ സ്വപ്നങ്ങൾ അതെല്ലാം വേണ്ടെന്നുവയ്ക്കുകയായിരുന്നു  എനിക്കും നിങ്ങൾക്കും വേണ്ടി.... നമ്മുടെ കുടുംബത്തിന് വേണ്ടി.... എൻറെ  സാമ്പത്തികം അവളുടെ കയ്യിൽ ഭദ്രമായിരുന്നു

 എൻറെ വരവുകൾ അറിഞ്ഞ്  അവൾ  ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം  ഉള്ളത് അല്ലാതെ... അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി  പൊരുതുകയായിരുന്നു ... അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല...


ആ മകൻ അവൻറെ  സഹോദരങ്ങളോട് പറഞ്ഞു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് ...

അതെ ഉപ്പയുടെ  ത്യാഗം  മനസ്സിലാക്കുന്ന ഉമ്മയും ഉമ്മയുടെ ത്യാഗം  മനസ്സിലാക്കുന്ന ഉപ്പയും   അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്....

ഉപ്പയും   ഉമ്മയും  രണ്ടല്ല അവർ ഒരു കിരീടത്തിലെ രണ്ടു പൊൻതൂവലുകൾ ആണ്....




2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

സൂര്യന്റെ മുൻപേ ഉണരുക

 


നിങ്ങൾ നിങ്ങൾക്ക് തന്നെ നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് നേരത്തെ ഉണരുക എന്നുള്ളത്. ഒരു ദിവസത്തിലെ ഏറ്റവും സുന്ദരവും ക്രിയാത്മകവുമായ സമയം പുലർകാലത്തെ രണ്ടോ മൂന്നോ  മണിക്കൂറുകളാണ്. ചുറ്റുമുള്ള വായുവിനു പോലും ശാന്തത കൈവരുന്ന സമയം. 

ഉറക്ക പ്രിയർക്ക് ഏറ്റവും പ്രിയപ്പെട്ട സമയവും  ഇതുതന്നെ. ഇവരെ സംബന്ധിച്ചിടത്തോളം ഉണരാൻ വേണ്ടി ബെഡിനോനോടും പുതപ്പിനോടും ഒരു യുദ്ധം തന്നെ വേണ്ടി വന്നേക്കാം. എന്നിരുന്നാലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ, അത് പ്രാർത്ഥനയാവാം, എഴുത്ത് ആകാം,  നടത്തം ആവാം, യോഗ ആവാം  ഇതിലും നല്ല ഒരു സമയം വേറെയില്ല. 


വിജയികളുടെ ജീവചരിത്രം എടുത്ത് പരിശോധിച്ചാൽ അവരിൽ ഭൂരിഭാഗം ആളുകളും നേരത്തെ ഉണരുന്ന ശീലം ഉണ്ടായിരുന്നവരാണ് കാണാൻ സാധിക്കും.


ഓർക്കുക


ജീവിതത്തിലെ ഏറ്റവും സുന്ദരവും ക്രിയാത്മകവുമായ നിമിഷങ്ങൾ കേവലം ഒരു പുതപ്പിനടിയിൽ നഷ്ടപ്പെടുത്താനുള്ളതല്ല.

2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കരഞ്ഞുകൊണ്ട് നാം വെറും കയ്യാൽ ഈ ഭൂമിയിൽ ജനിക്കുന്നു; വെറും കയ്യാലെ അന്ത്യയാത്രയും.

ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം.  വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ  ആരാധകരുണ്ട്.  മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനായില്ല. മരണവേദനയിൽ ആരും ആശ്വാസം നൽകാൻ അടുത്തുണ്ടായില്ല!

നാടൻ പാട്ടിനെ ജനകീയമാക്കിയ സിനിമാനടൻ കലാഭവൻ മണി. 100 കോടിയുടെ സ്വത്തുണ്ടെന്നു പറയപ്പെടുന്നു. ജീവിച്ചത് 44 വയസുവരെ മാത്രം. കരളില്ലാതായിട്ട് തിരിച്ചറിയാൻപോലും  കോടിയിലെ ഒരു രൂപ കൊണ്ടുപോലും സാധിച്ചില്ല. സമ്പാദ്യം വിട്ട് പോയ്മറഞ്ഞു.


ജയലളിത: പതിനായിരം കോടിയുടെ സ്വത്ത്. രണ്ട് മാസം ഐസിയുവിൽ കിടന്നത് ജീവനോടെയോ അല്ലാതെയോ എന്നറിയില്ല. പതിനായിരം കോടി സ്വത്തുണ്ടായിട്ടും രണ്ടു മാസം പുറംലോകം കാണാനോ ആരോടെങ്കിലും സംസാരിക്കാനോ ആശ്വാസ വാക്ക് കേട്ട് മരിക്കാനോ കഴിഞ്ഞില്ല.

പാഠമുണ്ടൊരു പാട് ഈ ജീവിത മരണങ്ങളിൽ. 

മരണത്തിന് ആരോടും ദയയില്ല. എങ്ങനെ, എവിടെ, എപ്പോൾ എന്നില്ല. ഒന്നും കയ്യിൽ കരുതാൻ അനുവദിക്കില്ല. കരുതിയാലും പ്രയോജനം ചെയ്യില്ല. വന്നു വിളിക്കുമ്പോൾ ഒരു മിനിറ്റു കൂടി തരൂ.....

ഒരു നിമിഷം കൂടി തരൂ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഒരു സെക്കന്റ് പോലും നീട്ടിക്കിട്ടൂ.....ല്ല.

ചതിച്ച് കൈക്കലാക്കാനും വെട്ടിപ്പിടിക്കാനും കാണിക്കുന്ന ആവേശം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ദാനധർമ്മത്തിനാണ് കാണിക്കേണ്ടത്; അതിനു മാത്രമേ പരലോകത്ത് മൂല്യമുള്ളൂ. മരിക്കുമ്പോൾ വിട്ടുപോയ സ്വത്തിന് പുതിയ അവകാശികൾ വരും. 

കരഞ്ഞുകൊണ്ട് നാം വെറും കയ്യാൽ ഈ ഭൂമിയിൽ ജനിക്കുന്നു;

വെറും കയ്യാലെ അന്ത്യയാത്രയും.

അതുകൊണ്ടു ജീവിച്ചിരിക്കുമ്പോൾ കഴിവതും ദാനധർമ്മങ്ങൾ ചെയ്തു ജീവിക്കുക... അശരണരെ കഴിയുന്ന രീതിയിൽ സഹായിക്കുക...

ജീവിച്ചിരിക്കുമ്പോൾ ഒരു പൂവിതൾ പോലും നൽകാതെ, മുള്ളുകൾ നിറഞ്ഞ, കയ്പേറിയ ജീവിതത്തിലേക്ക് തള്ളിവിട്ടിട്ട്, മരണപ്പെട്ടു കഴിയുമ്പോൾ പൂക്കളും, പൂച്ചെണ്ടും, പൂമാലകളും, റീത്തും ആർക്കും വേണ്ട......



2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ന്യൂജെൻകാലഘട്ടത്തിൽ അച്ഛനെ മറക്കുന്ന - വെറുക്കുന്ന മക്കൾ..


അച്ഛൻ്റെ ഒച്ച ഇഷ്ടമല്ല

അച്ഛൻ്റെ വാശി ഇഷ്ടമല്ല

അച്ഛൻ്റെ നോട്ടം ഇഷ്ടമല്ല

അച്ഛൻ്റെ ഉപദേശം ഇഷ്ടമല്ല

അച്ഛൻ്റെ ഇടപെടലുകൾ ഇഷ്ടമല്ല..

അങ്ങനെയങ്ങനെ ഒരുപാട്

ഇഷ്ടമില്ലായ്മകളാണ്..

ശല്ല്യമാണ് അച്ഛൻ..


വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ.. !!!


പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞവനാണ് അച്ഛൻ..


പുതു ജീവിതത്തോടനുബന്ധിച്ച് അമ്മ- ഭാര്യ -സഹോദരി -സഹോദർ - അമ്മാവൻ - അമ്മായി എന്നിവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും

വീർപ്പടക്കി കഴിഞ്ഞവൻ അച്ഛൻ..


കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്..

ഐക്യത്തിനായ്..

സമാധാനത്തിനായ്..

ഒരുപാട് അനിഷ്ടങ്ങളെ പുറമേ

പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവൻ അച്ഛൻ 🤍


പല ജോലികൾ, 

പല വേഷങ്ങൾ 

പല സ്ഥലങ്ങൾ..


വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി  സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും     മനോഹരമായൊരു വീട്  വയ്ക്കാൻ പെട്ടപാടുകൾ..

 

മക്കൾക്ക് LKG മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും..


മക്കളെക്കുറിച്ച് ഒരുപാടൊരുപാട് 

പ്രതീക്ഷകളും

മോഹങ്ങളും..


എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി..


ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ  അയാൾ വീടിനുള്ളിൽ തനിച്ചായി..


മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി..


കാരണം..


മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്..


ഇതെല്ലാം കാണുന്ന അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി..


സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ഉപേക്ഷിച്ച്  കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം..


ഇത് ഒരാളുടെ മാത്രം  പ്രശ്നമല്ല..


നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ..


മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും..


ഇതിനിടക്ക് പിതാവിനെ മറക്കും..


പലപ്പോഴും  കരയുന്ന അമ്മമാരെ മക്കൾ കാണും, പക്ഷെ: കരയുന്ന പിതാവിനെ മക്കൾ കാണില്ല..


പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും..


ഭാര്യയുടെ ഗർഭകാലത്ത് പിറക്കുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനായി പഴവർഗ്ഗങ്ങൾ , പോഷകാഹാരങ്ങൾ. ചെക്കപ്പുകൾ , പീഡിയാട്രീഷൻ എന്നിവക്കായി നെട്ടോട്ടമോടിയ അച്ഛനെ മക്കളോർക്കില്ല..


പ്രസവാശുപത്രിയിൽ കൊടുമഴയത്ത് ആശുപത്രി പരിസരത്ത് കൊതുക് കടിയേറ്റ് കുത്തിയിരുന്ന 

അച്ഛൻ്റെ സഹനം ത്യാഗമായി

ഒരു മക്കളും കരുതാറില്ല..


രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത അച്ഛൻ..


[ പണ്ട് ഉണ്ടായ കഷ്ടപ്പാടുകൾ....

റബ്ബർ തോട്ടത്തിലെപ്പണി

കൊത്തപ്പണി', മലക്കറിവട്ടിച്ചുമട് എന്നിവ പറഞ്ഞാൽ പഴമ്പുരാണം തള്ളുന്നു എന്ന കളിയാക്കലും]


അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ.. അച്ഛനെന്ന കടലിനെ മറക്കുന്നു പലപ്പോഴും..


അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല.


പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ..


മക്കളെ ഉപദേശിക്കാനൊരുമ്പെട്ടാൽ

നിങ്ങളുടെ കാലമല്ല  ഇത്..

എന്നുപദേശിക്കുന്ന അമ്മമാരുടെ മുന്നിൽ അന്തംവിട്ടിരിക്കുന്ന അച്ഛൻ..


അതൊക്കെ തന്നെയാണ് ചില അച്ചന്മാർ വീട്ടിൽ പോലും അന്യരാക്കുന്നത്..


അടച്ചിട്ട മുറികൾക്കുള്ളിൽ

ടിക്ടോക്കും പബ്ജിയും ചാറ്റും ഗെയിമുകളുംTV സീരിയലുകളും തകർത്താടുമ്പോൾ വാർത്താചാനലുകൾ പോലും അന്യമാകുന്നൊരച്ഛൻ..


നിങ്ങൾ മക്കൾ തർക്കുത്തരം പറയുമ്പോഴും

അവഗണിക്കുമ്പോഴും

അച്ഛന്റെ മുഖത്തേയ്ക്കും കണ്ണുകളിലേക്ക് ഒന്നു നോക്കണം.. കടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നടക്കുന്ന ഓരോ പിതാവിന്റെയും 

മഹത്വവും സഹനവും വേദനയും നൊമ്പരവും

അറിയണമെങ്കിൽ ഓരോ പുത്രന്മാരും അവരൊരു

അച്ഛനാകുമ്പോൾ മാത്രം..

അപ്പോൾ കാലങ്ങളൊരുപാട്

കഴിഞ്ഞിരിക്കും.. 👍


സമർപ്പണം:

        എല്ലാപിതാക്കന്മാർക്കും. 🙏


2020, ജൂലൈ 6, തിങ്കളാഴ്‌ച

Middle age

കമല സുരയ്യയുടെ,
 കമല ദാസ് എന്ന
 തൂലിക നാമത്തിൽ
 Middle age എന്നൊരു
 ഇംഗ്ലീഷ് കവിതയുണ്ട്.

 അതിൽ അവർ
 ഒരമ്മ എപ്പോഴാണ്
 മധ്യവയസ്‌ക
 ആകുന്നതെന്ന്
 പറയുന്നുണ്ട്..

 ഒരമ്മ മധ്യവയസ്സിൽ
 എത്തുന്നത്
 ശരീരത്തിൽ
 ചുളിവുകൾ
 വരുമ്പോഴല്ല,
 പകരം അവരുടെ
 കുട്ടികൾ അവരോട്
 കയർത്തു
 സംസാരിക്കാൻ
 തുടങ്ങുമ്പോഴാണ്,
 എല്ലാത്തിനും
 അവരോട് കുട്ടികൾ
 ദേഷ്യപ്പെട്ടു
 തുടങ്ങുമ്പോഴാണ്.

 സ്വന്തം കുട്ടികൾ
 എവിടെ പോകുമ്പോഴും
 അമ്മയും വരണം,
 അല്ലെങ്കിൽ അമ്മ
 എവിടെ പോകുമ്പോഴും
 കൂടെ വരാൻ കുട്ടികൾ
 ശാഠ്യം പിടിക്കുമ്പോൾ
 അവർ അമ്മയാണ്.

  എന്നാൽ അമ്മ
 കൂടെ വരണ്ട
 എന്ന് പറഞ്ഞു
 തുടങ്ങുന്നതോടെ,
 അല്ലെങ്കിൽ
 അവിടെ അമ്മ
 ഒറ്റക്ക് പൊയ്ക്കോളൂ
 എന്ന് കുട്ടികൾ
 പറഞ്ഞു
 തുടങ്ങുന്നതോടെ
 ആ അമ്മ
 മധ്യവയസ്സിൽ
 എത്തിയിരിക്കുന്നു
 എന്ന് നിഷ്കളങ്ക
 സ്നേഹത്തിന്റെ
 കവിയത്രി
 വിശദീകരിക്കുന്നു.

 എന്നാൽ
 കുട്ടിക്കാലത്ത്
 അമ്മയുടെ കൂടെ
 പോകാൻ കുഞ്ഞു
 ആഗ്രഹിച്ചതിലധികം
 മധ്യവയസ്സിൽ അമ്മ
 തന്റെ മക്കളുടെ
 കൂടെ പോകാൻ   
ആഗ്രഹിക്കുന്നുണ്ടാകും
 എന്ന സത്യം
 കമലാദാസ് പറഞ്ഞു
 വെക്കുന്നു.

 മധ്യവയസ്സ് എത്തിയ
 അമ്മയെ മക്കൾക്ക്
 വേണ്ടത് ചായ
 ഉണ്ടാക്കാനും,
 അവരുടെ വസ്ത്രങ്ങൾ
 അലക്കാനും
 മാത്രമായിരിക്കും.

 ഈ സമയത്ത്
 മക്കളുടെ സാമീപ്യം
 ഏറെ കൊതിക്കുന്ന,
 പണ്ട് അവരെ പുറത്ത്
 കൊണ്ട് പോയ പോലെ
 മക്കൾ തന്നെയും
 പുറത്ത് കൊണ്ട്
 പോകുന്നത്
 കൊതിക്കുന്ന അമ്മ,

 ഒരു വിങ്ങലോടെ
 തന്റെ മകന്റെ റൂമിൽ
 ചെന്ന് മകന്റെ
 പുസ്തകങ്ങളെയും
 വസ്ത്രങ്ങളെയും
 ഒറ്റക്കിരുന്നു
 വിങ്ങലോടെ
 തടവുന്നത് കവിയത്രി
 വിശദീകരിക്കുന്നുണ്ട്..

 ഇത്രയും ആകുമ്പോൾ
 ഞാനില്ലാത്തപ്പോൾ
 എന്റെ റൂമിൽ കയറി
 എന്റെ സാധനങ്ങൾ
 തൊട്ട് നോക്കുന്ന
 അമ്മയെ
 ഞാനറിയുന്നു..

 ഞാൻ എന്റെ
 മക്കളെയും കൊണ്ട്
 പുറത്തു പോകുമ്പോൾ
 'മ്മമ്മയെയും
 കൂട്ടുമോ..' എന്ന്
 എന്റെ മകളോട്‌
 ചോദിക്കുമ്പോഴുള്ള
 അമ്മയുടെ ചിരിയിലെ
 കണ്ണീരു ഞാനറിയുന്നു..

 അമ്മക്ക്
 വേണ്ടപ്പെട്ടവരുടെ
 അടുത്തേക്ക് ഒന്നാക്കി
 തരുമോ എന്ന
 ചോദ്യത്തിന് എനിക്ക്
 തിരക്കാണ്, നിങ്ങൾ
 ഒറ്റക്ക് പൊയ്ക്കോളൂ
 എന്ന ഉത്തരം
 കൊടുക്കുമ്പോൾ,
 പണ്ട് അമ്മ എവിടെ
 പോകുമ്പോഴും കൂടെ
 പോകാൻ കരഞ്ഞ
 എന്നെ അമ്മ
 ഓർക്കുന്നത്
 ഞാനറിയുന്നു......

 ഞാനും ഇതിൽ നിന്നും വ്യത്യസ്ഥൻ
 അല്ലാതായിരിക്കുന്നു.
 പക്ഷേ സമയം  തിരിച്ചറിവുകളേറ്റു
 വാങ്ങുമ്പേഴേക്കും
 കാലം കൊഴിഞ്ഞു
 വീണു പോയിരിക്കും..

2020, ജൂലൈ 4, ശനിയാഴ്‌ച

2020, ജൂൺ 27, ശനിയാഴ്‌ച

യാത്ര...

യാത്ര...

യാത്രയെക്കാൾ  അറിവും സ്വയം ബോധ്യവും ലോക ബോധ്യവും തരുന്ന വേറെ അറിവുണ്ടാവില്ല..

സഞ്ചാരികളുടെ ഇന്ദ്രിയാനുഭവങ്ങൾക്ക്‌ ധ്യാനിക്കുന്നവന്റെ മനസ്സിനെക്കാൾ വൈവിധ്യാനുഭവങ്ങൾ ഉണ്ടാവും..

എവിടെയോ ഉള്ള എന്തിനെയൊ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ കാണേണ്ടവയെ കാണാതെയും അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ്‌ ജീവിതത്തിലെ വലിയ നഷ്ടം .

അന്വേഷിച്ചിട്ടു
കണ്ടു കിട്ടിയില്ല എന്നതിനെക്കാൾ
ഹൃദയ ഭേദകമാണ്‌
കൂടെ ഉണ്ടായിട്ടും
തിരിച്ചറിയാതെ
പോയി എന്നത്‌.

വായന പോലെ തന്നെയാണ്‌ സഞ്ചാരവും. ആദ്യ വായനയിൽ ശ്രദ്ധിക്കപ്പെടാതിരുന്ന പലതും പുനർവായനയിൽ അടയാളപ്പെടുത്തപ്പെടും .

ഓരോ സഞ്ചാരവും പുതിയ അർത്ഥങ്ങളും അറിവുകളും പകരും. അവ നമ്മെ പക്വമതികളും വിവേകികളും ആക്കും.

യാത്ര ആയാലും വായന ആയാലും ഒരു ലക്ഷ്യവും ഒന്നാം ദിനം തന്നെ പൂർത്തിയാക്കപ്പെടില്ല .
ഒരു തിരിച്ചു വരവ്‌ അപമാനത്തിന്‌ കാരണവും അല്ല..

ആദ്യ വട്ടം ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ല് ആയിരുന്നു എന്ന് തിരിച്ചറിയാനും  പുനർയാത്രകൾ പ്രയോജനപ്പെടും..

2020, ജൂൺ 26, വെള്ളിയാഴ്‌ച

ഇന്നത്തെ പെരിന്തൽമണ്ണയായ കഥ


പെരിന്തൽമണ്ണ....
പഴമയും പുതുമയും
ഇഴപിരിഞ്ഞു കിടക്കുന്ന നാട്...

വള്ളുവക്കോനാതിരികൾ ഭരിച്ചിരുന്ന വള്ളുവനാട് പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പെരിന്തൽമണ്ണ. മലപ്പുറം ജില്ലയിലെ ഒരു പ്രധാന നഗരസഭ പ്രദേശമായ പെരിന്തൽമണ്ണ വ്യാപാര കേന്ദ്രം ആയിട്ടാണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.

പഴമയുടെ അടയാളങ്ങൾ ഇവിടെ നിന്നും ശരവേഗത്തിൽ മറയുകയാണ്, മാറ്റങ്ങൾ ചരിത്രത്തെ പിന്നിലാക്കുമ്പോൾ വികസനത്തെ കൂടെപിടിക്കുവാൻ ഈ നാട് മറന്നിട്ടില്ല, മലപ്പുറം ജില്ലയിൽ തന്നെ അതിവേഗം വളരുന്ന നഗരമായി മാറുകയാണ്.

എന്തുതന്നെയായാലും മലബാറിൻറെയും വള്ളുവനാടിൻറെയും ഒക്കെ ചരിത്രം തിരഞ്ഞെത്തുമ്പോൾ ആദ്യം എത്തിപ്പെടേണ്ട ഇടം പെരിന്തൽമണ്ണയാണ്.

വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും നടത്തിവന്നിരുന്ന കായികാഭ്യാസപ്രകടനം അഥവാ "പെരുംതല്ല്" മത്സരം അരങ്ങേറിയിരുന്ന ഇടം, ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ പൊരുംതല്ല് നടന്നിരുന്നത്, ഈ പെരുംതല്ല് നടന്ന പ്രദേശം കാലക്രമേണ പെരിന്തൽമണ്ണ എന്ന വിളിപ്പേരിലേക്ക് മാറി എന്നതും ഒരു ചരിത്രമാണ്.

പെരിന്തൽമണ്ണയുടെ കഥകൾക്ക് സാക്ഷികളായിരുന്ന കെട്ടിടങ്ങൾ അപ്രത്യക്ഷമാകുവാൻ തുടങ്ങിയിട്ട് കാലങ്ങളായി. എങ്കിലും ഒരുകാലത്തിനും പിടികൊടുക്കാതെ ചിലതെങ്കിലും ബാക്കിയുണ്ട്, പാതായിക്കര മനയാണ് അതിൽ പ്രധാനപ്പെട്ടത്. നിരവധി പുരാതന ആചാരങ്ങൾ നിലനിന്നിരുന്ന മന ഇന്ന് കഴിഞ്ഞുപോയ കാലത്തിൻ്റെ ശേഷിപ്പായി നിലനിൽക്കുന്നു.

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തെ പരാമർശിക്കാതെ പെരിന്തൽമണ്ണയുടെ ചരിത്രം പൂർത്തിയാവില്ല,
കേരളത്തിലെ തന്നെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വള്ളുവനാട് രാജാക്കന്മാർ പരിപാലിച്ചു പോന്നിരുന്ന ഈ ക്ഷേത്രം കേരളത്തിലെ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതു കൂടിയാണ്. പേരുപോലെ തന്നെ ഒരു ചെറിയ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി വിഗ്രഹമാണ് തിരുമന്ധാംകുന്നിലേത്.

മലബാറിലെ ആദ്യ ഹൈസ്കൂൾ, ആദ്യ കോടതി, ആദ്യ താലൂക്ക് ഓഫീസ് എന്നിവ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ചത് പെരിന്തൽമണ്ണയിലാണ്.
മലബാറിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇന്നത്തെ പെരിന്തല്‍മണ്ണ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. 1865-ല്‍ റൈറ്റ് സ്കൂള്‍ ആയിട്ടാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രഫഷണൽ കോളേജുകളും എജിനീയറിംങ് കോളേജും അലിഖഡ് മുസ്ലീം യൂണിവേഴ്സിറ്റിയും കൊണ്ട് സമ്പന്നമാണിവിടം.

തളിക്ഷേത്രം, പുത്തൂര്‍ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം തുടങ്ങിയ ഒട്ടനവധി ക്ഷേത്രങ്ങളും. പാതായിക്കര ജുമാ മസ്ജിദ്, മാനത്ത്മംഗലം ജുമാ മസ്ജിദ് തുടങ്ങി ഒട്ടനവധി മുസ്ലീം പള്ളികളും. ലൂര്‍ദ് മാതാ ചര്‍ച്ച്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് തുടങ്ങിയവയുമാണ് ഇവിടുത്തെ പ്രധാന ആരാധാനലയങ്ങൾ.

കേരള ചരിത്രത്തിലെ ഒട്ടേറെ മഹാരഥന്മാർക്ക് ജന്മം നൽകിയ നാടാണ് പെരിന്തൽമണ്ണ. പൂന്താനവും ഇഎംഎസും അവരിൽ ചിലർ മാത്രമാണ്. കേരള ചരിത്രത്തിൽ തന്നെ കൊടുങ്കാറ്റു വീശിയിട്ടുള്ള പല തീരുമാനങ്ങൾക്കും കാരണമായ ഇഎംഎസ് ജനിച്ച ഏലംകുളം മനയും ഈ നാടിൻ്റെ അഭിമാനത്തിൻ്റെ ഭാഗമാണ്.

ആശുപത്രികളുടെ നഗരം എന്നറിയപ്പെടുന്ന  പെരിന്തൽമണ്ണയിൽ,നാല് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും, ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയായ ഇഎംഎസ് സ്മാരക ആശുപത്രിയും കൂടാതെ ഗവ. ജില്ലാശുപത്രിയും സ്ഥിതി ചെയ്യുന്നു.

പെരിന്തൽമണ്ണയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്, സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന സിഗ്നല്‍ പോയിന്റായിരുന്നു. സര്‍വേയ്ക്കായി മലയിൽ അവര്‍ കൊടി കുത്തിയതോടെയാണ് "കൊടികുത്തിമല" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍
പറ്റിയ സമയം.
കോഴിക്കോട് കടൽ മുതൽ മണ്ണാർക്കാട് ഡാം വരെയുള്ള പ്രദേശങ്ങളുടെ ദൂര കാഴ്ച ഇവിടെ നിന്ന് സാധ്യമാകും. കൊടികുത്തിയുടെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.



2020, ജൂൺ 5, വെള്ളിയാഴ്‌ച

അല്‍പം കൂടി കാത്തിരിക്കാൻ എന്ത് തടസ്സമാണുള്ളത്?

"പടച്ചോനേ ഞാൻ പള്ളിയിൽ പോകുന്നു, വന്നിട്ട് കാണാട്ടോ" എന്ന് പറഞ്ഞ സൂഫിയുടെ ഒരു കഥ കേട്ടിട്ടുണ്ട്. ദൈവം ആരാധനാലയങ്ങള്‍ക്കകത്താണോ എന്നത് ആരാധനാലയങ്ങളോളം പഴക്കമുള്ള ഒരു ചര്‍ച്ചാ വിഷയമാണ്.

ഒരുപക്ഷേ ആരാധനകളെയും ജീവിതവിശുദ്ധിയെയും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് പല വീക്ഷണങ്ങളുള്ളതായി കാണാം.

ആരാധനകളും മൂല്യങ്ങളും വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഒന്നാണെന്നും രണ്ടും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്നും രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വാദിക്കുന്ന ഒരു കൂട്ടര്‍.

മോക്ഷം കിട്ടാൻ ആരാധനാ കര്‍മങ്ങൾ മതിയെന്നും ജീവിതത്തിലെ മൂല്യരാഹിത്യങ്ങളെ ആരാധനകൾ കൊണ്ട് പരിഹരിക്കാമെന്നും (വാദിക്കുന്നില്ലെങ്കിലും) വിശ്വസിക്കുന്ന മറ്റൊരു കൂട്ടര്‍.

ആരാധനകൾ പ്രധാനവും എപ്പോഴും നിലനില്‍ത്തേണ്ടതുമാണെങ്കിലും മൂല്യങ്ങള്‍ക്കാണ് ഏറ്റവും പവിത്രതയെന്നും ആരാധനകളുടെ അനുവര്‍ത്തനം തന്നെ മൂല്യബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണെന്നും മൂല്യബോധത്തിന്റെയും ജീവിതവിശുദ്ധിയുടെയും അഭാവത്തിൽ അനുഷ്ഠാനങ്ങളൊന്നും ഫലവത്താകില്ലെന്നും ചിന്തിക്കുന്നു മൂന്നാമത്തെ കൂട്ടര്‍.

മൂല്യബോധവും വിശുദ്ധിയുമുണ്ടെങ്കിൽപ്പിന്നെ ആരാധനകളേ വേണ്ടതില്ല എന്ന് വാദിക്കുന്ന ആളുകളും ഉണ്ട് എന്നത് മറക്കുന്നില്ല.

വേറൊരു കോണിൽ നിന്ന് നോക്കിയാല്‍,
ആരാധന തന്നെ ജീവിതമാക്കിയ ഒരു കൂട്ടര്‍,
ജീവിതത്തെ ആരാധനയാക്കിയ മറ്റൊരു കൂട്ടരും.

ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിനെക്കുറിച്ച വിശകലനങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ.

പള്ളിയിൽ ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനാണ് പ്രവാചകൻ പഠിപ്പിച്ചത്. അതുകൊണ്ട് സാമൂഹ്യമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ഒറ്റക്കുള്ള ആരാധനയെക്കാൾ ഇരുപത്തേഴിരട്ടി ഫലപ്രദം എന്ന് നബി അതിനെക്കുറിച്ചരുളിയിട്ടുണ്ട്. ആ ഫലങ്ങളാകട്ടെ, ഒരുമിച്ച് ചേരുമ്പോഴുള്ള സാമുഹ്യഫലം കൂടി ചേരുന്നതാണ്.

അന്നിലക്ക് പള്ളിയിൽ ഒരുമിച്ചു ചേരുന്നത് ഫലപ്രദമായ, പുണ്യകരമായ ഒരു കാര്യം തന്നെയാണ്. അതങ്ങനെയല്ലാത്തതു കൊണ്ടല്ല കഴിഞ്ഞ കുറേ ദിവസങ്ങളായി നാം പള്ളികൾ പൂട്ടിയിട്ടത്. സാമൂഹികമായ ഒരു നന്മയെ ലാക്കാക്കിയാണ് അപ്രകാരം ചെയ്തത്.

ഒരുപക്ഷേ, ഒരുമിച്ചു ചേരുമ്പോൾ ലഭിക്കുന്ന സാമൂഹ്യഫലങ്ങളുടെ ആയിരം ഇരട്ടി ഫലപ്രദമായിരിക്കും ഇന്നേരത്ത് ശാരീരികമായ അകലം പാലിക്കാനുള്ള ഈ തീരുമാനം എന്ന് ഇതെഴുതുന്നയാൾ കരുതുന്നു.

ഇതിലുണ്ടാകുന്ന അസ്വസ്ഥതകളെ ഒരുതരം ഒബ്‌സെഷനായി മാത്രം കാണാനേ എന്റെ ബോധം എന്നെ അനുവദിക്കുന്നുള്ളൂ എന്ന് പറയേണ്ടി വരുന്നു. തുടക്കം മുതല്‍ക്കേ ആ അസ്വാസ്ഥ്യം ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. ഖുൽ ഇന്നൽമൗതല്ലദീ തഫിര്‍റൂന മിന്‍ഹു ഫ ഇന്നഹു മുലാഖീകും എന്ന ആയത്തൊക്കെ ഓതിക്കൊണ്ടാണ് ഈ പ്രകടനം.

സര്‍ക്കാറിന്റെ വിളംബരം വരുന്നതിന് മുന്നേ തന്നെ സാമൂഹ്യസാഹചര്യം കണക്കിലെടുത്ത് പള്ളി പൂട്ടിയിടാൻ തീരുമാനിച്ച *പെരിന്തൽമണ്ണ ഹുദ മഹല്ല് കമ്മിറ്റിയെ* ഇപ്പോൾ വീണ്ടും അഭിനന്ദിക്കേണ്ടതുണ്ട്. പല പള്ളികളും ഉടനെത്തന്നെ ആ പാത പിന്തുടര്‍ന്നു.

ഇപ്പോഴിതാ തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്തും ഉചിതമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നു.

ആരാധനാലയങ്ങൾ തുറക്കാൻ സര്‍ക്കാർ അനുമതി നല്‍കിയപ്പോഴും തല്‍ക്കാലം പെട്ടെന്ന് തുറക്കേണ്ടതില്ല എന്നവർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പള്ളിയെയും പള്ളിയിൽ വരുന്നവരെയും പരിപാലിക്കാൻ തങ്ങള്‍ക്ക് കഴിയില്ല എന്നും അവർ തുറന്നു സമ്മതിക്കുന്നു.

ഇക്കാര്യം തുറന്ന് സമ്മതിക്കാതെ, നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് വരുത്തിക്കൊണ്ട് പള്ളികൾ തുറക്കുന്നുണ്ടെങ്കിൽ അത് വലിയ ദ്രോഹമായിത്തീരും എന്നത് മറക്കരുത്.

നൂറോ അതില്‍ക്കുറവോ മാത്രം ആളുകൾ
താപനില പരിശോധിക്കാനുള്ള സൗകര്യം
രോഗലക്ഷണങ്ങളുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും കുട്ടികളെയും വൃദ്ധന്മാരെയും അകറ്റി നിര്‍ത്തല്‍
ഗ്രന്ഥങ്ങളിലോ മറ്റോ തൊടാന്‍ അനുവദിക്കായ്ക
കര്‍ശനമായ സാമൂഹിക അകലം
കയറാനും ഇറങ്ങാനും പ്രത്യേക വഴികള്‍...

ഇതൊക്കെ പാലിക്കാൻ ഏത് പള്ളിക്കമ്മിറ്റിക്കാണ് സാധിക്കുക. അത് പറ്റാതെ വരുമ്പോൾ നിയമം ലംഘിക്കപ്പെടും. നമ്മുടെ നാട്ടിൽ ആരാധനാലയങ്ങളിലും മറ്റുമൊക്കെ പൊലീസിന് ഇടപെടുന്നതിലും പരിമിതികളുണ്ട്.

ഒന്നോര്‍ക്കുക..,
ആരാധനാലയങ്ങൾ സമൂഹത്തിന്റെ രോഗം ശമിപ്പിക്കുന്നതിന് വേണ്ടിയാവണം,
രോഗം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാകരുത്.

ഫലപ്രദമല്ലാത്ത ആരാധനകൾ കൊണ്ടെന്ത് പ്രയോജനം! (അല്‍പം കൂടി കാത്തിരിക്കാൻ എന്ത് തടസ്സമാണുള്ളത്?)

2020, മേയ് 27, ബുധനാഴ്‌ച

മന്ദഹസിച്ചു മരിക്കാനായാൽ മരണമെത്ര മനോഹരം


മരണം ഒരു യാഥാർത്ഥ്യമാണ്. വലിയൊരു അനുഗ്രവും. മരണമില്ലായിരുന്നുവെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു. മൂത്തു നരച്ച് പല്ലു കൊഴിഞ്ഞ് വില്ലുപോലെ വളഞ്ഞ് ഉണക്ക മുന്തിരി പോലെ ചുക്കിച്ചുളിഞ്ഞ് മരിക്കാതെ,  മടുപ്പിക്കുന്ന ഈ ലോകത്ത്  മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ചോർത്തിട്ടുണ്ടോ?

അപ്പുപ്പൻമാരും അമ്മുമ്മമാരും നാടും വീടും നിറഞ്ഞു കവിഞ്ഞ് ഒരോ കുടുംബത്തിലും നൂറും ഇരുന്നൂറും ചിലപ്പോൾ അതിൽ കൂടുതലും അംഗങ്ങൾ ഉണ്ണാനും ഉറങ്ങാനും ഉടുതുണിക്കുമായി കലപിലകൂട്ടി കലഹിക്കുന്ന കാഴ്ച സുന്ദരമായിരിക്കുമോ?

കാലനില്ലാ കാലത്തെക്കുറിച്ച് കുഞ്ചൻ നമ്പ്യാർ വർണിച്ച ഒരു വരി ഇപ്രകാരമാണ്:
"അഞ്ഞുറു വയസ്സുള്ളോരപ്പുപ്പനവനിന്ന് കുഞ്ഞായിട്ടിരിക്കുന്നോരപ്പുപ്പനവനുണ്ട്!"

അഞ്ഞൂറു വയസ്സുള്ള അപ്പുപ്പന്റെ അപ്പുപ്പൻ കുഞ്ഞായിട്ട് ഇവിടെത്തന്നെയിരുന്നാൽ തലമുറകളുടെ തളളിച്ചയിൽ സംസ്കരണ കേന്ദ്രമില്ലാത്ത കേരളത്തിലെ മാലിന്യക്കൂമ്പാരം പോലെ  മനുഷ്യക്കൂമ്പാരങ്ങളുടെ  ഇടമായി ഭൂമി മാറുകയില്ലേ?

കുറച്ചു ജീവിച്ച് കട്ടിലൊഴിഞ്ഞു കൊടുക്കുന്ന നമ്മൾ അടുത്ത തലമുറയോട് വലിയ കാരുണ്യമാണു ചെയ്യുന്നത്. ജീവിതത്തിന്റെ അനശ്വരതയിൽ ചിരഞ്ജീവിയായി ജീവിക്കാൻ ഇഹലോകം പര്യാപ്തമല്ല. പരിമിതമായ വിഭവങ്ങൾ മാത്രമേ പടച്ചവൻ ഇവിടെ ഒരുക്കിയിട്ടുള്ളൂ. ഭൂമിയിൽ വാസത്തിന് വന്ന പ്രഥമ മനുഷ്യരോട് പടച്ചവൻ പറഞ്ഞ വാചകം ഖുർആൻ ഉദ്ധരിക്കുന്നത് കാണുക: നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (ഖുർആൻ: 2/36) ഒരു നിശ്ചിത കാലത്തേക്കുള്ള വിഭവങ്ങൾ മാത്രമേ ഇവിടുള്ളൂ

കുറഞ്ഞ ദൂരം മാത്രമുള്ള നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടതും അനുഭവിച്ചതുമായ സൗഭാഗ്യങ്ങൾ ചെറുതായിരുന്നോ?

ഇന്നലെകളിൽ ഞാൻ കിടന്ന വയറിനേക്കാൾ വലിയ ലോകം വേറെയുണ്ടോ?

കെകാലിട്ടടിച്ച് മടിയിൽ കിടന്നപ്പോൾ കണ്ട മാതാവിന്റെ മുഖത്തേക്കാൾ  മനസ്സിനെ സ്വാധിനിച്ച വേറെ മുഖമുണ്ടോ?

തൊട്ടിലിൽ കാലിട്ടടിക്കുമ്പോൾ കുഞ്ഞിളം കാലിൽ ചുംബിച്ച്, പിച്ചവെക്കാൻ പ്രായമെത്തിയപ്പോൾ കുഞ്ഞിക്കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച പിതാവിനോളം  ധൈര്യം പകർന്നവർ വേറെയുണ്ടോ?

വളരാൻ കിടന്ന ഉദരത്തിൽ നമ്മുടെ മുമ്പോ ശേഷമോ കയറിക്കിടന്ന സഹോദങ്ങൾ തന്ന മനോഹരമായ കളി ജീവിതം വേറെ എവിടെയെങ്കിലും അനുഭവിക്കുമോ?

ജീവിതയാത്രയിൽ കണ്ടുമുട്ടിയ ഇണ സമ്മാനിച്ച അനിർവചനീയ നിമിഷങ്ങളും മക്കളോരോന്നായി കടന്നു വന്നപ്പോഴുണ്ടായ ആനന്ദവും   ഒരു ഓലക്കുടിലായാൽ പോലും വീട് തന്ന സുരക്ഷിതത്വവും കൂടെ നടന്ന കൂട്ടുകാരും അങ്ങനെ അങ്ങനെ വാക്കുകളെ തോൽപ്പിക്കുന്ന അനുഗ്രഹക്കൂമ്പാരങ്ങൾ തുച്ഛ ജീവിതത്തിൽ നാം വാരിക്കൂട്ടിയില്ലേ? എന്നിട്ടും ... നമുക്ക് തൃപ്തിയായോ? ലഭിച്ചതൊന്നും പോരെന്ന ആർത്തിയല്ലേ ഇപ്പോഴും നമ്മെ കിതപ്പിക്കുന്നത്!?

ഈ ആർത്തിക്കിടയിൽ നാം മറന്നതാരെയാണ്? ഓർക്കാതെ പോയതന്താണ്?

അളവില്ലാതെ അനുഗ്രഹങ്ങളെ വാരിത്തന്നവന് നന്ദി പറയാൻ  മറന്നു. 
അനുഗ്രഹങ്ങൾ ആസ്വദിച്ചെഴുന്നേൽക്കുമ്പോൾ ഹംദ് ചൊല്ലാൻ മറന്നു.
നന്മയുടെ കച്ചവടക്കാർ വഴിയിൽ വെച്ച് തന്ന പുണ്യങ്ങളെ മറന്ന് വെച്ച് നടന്നു.
ചെന്നു ചേരേണ്ട വീടിനെ മറന്നു.
മടക്കം റബ്ബിലേക്കാണെന്ന് മന:പ്പൂർവ്വം  മറന്നു, എല്ലാം മറന്ന് നാം ധൃതിയിൽ ഓടുകയാണ്. ഒരായിരം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനിടയിലും പരാതിക്കെട്ടുകൾ ചുമലിൽ ചുമന്ന് നെടുവീർപ്പുകളുമായുള്ള ഓട്ടം.

സ്പീഡ് കുറക്കണ്ട. വേഗത്തിലോടു . ആറടി നീളത്തിൽ അരപ്പൊക്കത്തിൽ  നിനക്കായ് കുഴിച്ച കുഴിയിലേക്ക്.... ഒറ്റക്ക് പോയി വീഴുന്ന ഒത്ത  കുഴിയിലേക്ക്. ..ഇഹലോകത്തെ കളിയുടെ അവസാനം ആ കുഴിയാണ്. വേറെ ആരും അവകാശത്തർക്കത്തിന് വരില്ല. നീ ഓടി നേടിയ കുഴി നിനക്ക് സ്വന്തം.

ആറടി മണ്ണിൽ അമർന്നു കിടക്കുന്നതിന് മുമ്പ് പാശ്ചാത്താപത്തിനും തുടർ ജീവിതത്തിൽ മാറ്റത്തിനും  തയാറാണെങ്കിൽ ആ കുഴിയിലാണ് നിന്റെ സ്വർഗ വാതിലുകൾ. റമദാൻ നിന്നെ കൈപിടിച്ച് കൊണ്ടു പോയത് അവിടെക്കാണ്.  സ്വർഗത്തിലേക്കുള്ള ഒരായിരം വിഭവങ്ങളുമായി ധൃതിയിലോടുന്ന നിന്നോടൊപ്പം റമദാനും  വന്നുപോയി. റമദാൻ കൈപിടിച്ചേൽപ്പിച്ച നന്മകളെ മരണം വരെ കൈക്കുമ്പിളിൽ സുക്ഷിക്കാൻ സാധിച്ചാൽ നമുക്ക് മന്ദഹസിച്ചു മരിക്കാം. പടച്ചവന്റെ മുന്നിൽ പതിതരാകുന്ന നേരത്ത് നമുക്കായി റമദാൻ അവിടെയെത്തും.   വിജയം വാങ്ങിത്തരുന്നത്  വരെ വാശിയോടെ വാദിക്കുന്ന വക്കീലായി. റബ്ബ് തുണക്കട്ടെ!

2020, മേയ് 12, ചൊവ്വാഴ്ച

തോർത്ത് പുരാണം

തോർത്ത് പുരാണം

രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. ജാള്യതയും നാണക്കേടുമൊക്കെ തോന്നിയാൽ തോർത്ത് തല വഴി മൂടിയും നടക്കാമത്രേ..

മലയാളിയുടെ പ്രിയപ്പെട്ട മേൽമുണ്ടായ തോർത്തിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്.

തോർത്ത് തലയിൽ വട്ടം കെട്ടിയാൽ ചട്ടമ്പിയാകാം.
അരയിൽ കെട്ടിയാൽ വിധേയനും.

തോർത്ത് തലക്കെട്ടാക്കിയാൽ മുതലാളിയാകാം.
ഉടുവസ്ത്രമാക്കിയാൽ തൊഴിലാളിയും .

തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ആദരവ് പ്രകടിപ്പിക്കാം.
അരയിൽ ഉടുത്ത തോർത്തഴിച്ച് അശ്ലീലവും.

തോർത്ത് രണ്ടു തരം ഉണ്ടെന്നാണ് പ്രശസ്ത തോർത്തോളജിസ്റ്റുകൾ പറയുന്നത്.
രണ്ടു നൂലുകൾ ചേർത്ത് നെയ്യുന്ന ഈ രേഴ തോർത്തും ഒറ്റ നൂൽ മാത്രം ഉപയോഗിച്ചു ചെയ്യുന്ന സാധാരണ തോർത്തും.
(പാണ്ടി തോർത്ത് എന്നൊരിനമുണ്ടെന്നൊരു വാദവുമുണ്ട്)

തോർത്ത്  തെങ്ങിലും കമുകിലും കയറാനുള്ള താൽക്കാലിക തളപ്പാക്കാം. ചുമടെടുക്കുമ്പോൾ തലയിൽ താങ്ങാക്കാം.
ഈരേഴ തോർത്തുകൊണ്ട് വേണമെങ്കിൽ പരൽ മീനെ പിടിച്ചും കളിക്കാം.

തോർത്ത് കുളിക്കാനും മുഖം തുടയ്ക്കാനും ഉപയോഗിക്കാം. കുളി കഴിഞ്ഞ് മുടിയിലെ വെള്ളം വാർന്നു പോവാനായി തലയിൽ തോർത്തു ചുറ്റിക്കെട്ടി ചായയുമായി വന്നു വിളിക്കുന്ന പെമ്പ്രന്നോരെ വേണേൽ ഒന്നു സ്വപ്നോം കാണാം.

ശാന്തിക്കാരനും പാചകക്കാരനും പിച്ചക്കാരനും പൊറോട്ടാ അടിക്കാരനും ഒഴിച്ചുകൂടാനാവാത്ത ഒരു മേൽമുണ്ടു കൂടിയാണ് തോർത്ത്.

തോർത്ത്, പാചകം ചെയ്യുമ്പോൾ വസ്ത്രത്തിനു മുകളിൽ ഏപ്രണായി ഉപയോഗിക്കാം. ബിജുവിനെപ്പോലുള്ളവർക്ക് തോർത്തിൽ തേങ്ങ കെട്ടി കുറ്റവാളികളുടെ നടുവിനടിച്ച് വേദന മാറ്റാം.
ആയുർവേദ സുഖചികിത്സക്കും മറ്റും പോകുന്നവർക്ക് ഒരു ഡസൻ മുന്തിയ ഇനം ബാഗിൽ കരുതുകയും ചെയ്യാം.

തൽക്കാലം ഒരു ശ്ലോകം കഴിച്ച്  തോർത്തു പുരാണം നിർത്താം..

ലക്ഷ്മണനോ തോർത്തില്ല
രാമനോ മുണ്ടില്ല.

( ലക്ഷ്മണൻ അതോർത്തില്ല. രാമൻ മിണ്ടീല.. എന്ന് അച്ചടിഭാഷ
   

2020, ഏപ്രിൽ 28, ചൊവ്വാഴ്ച

മിനിമലിസം

നമുക്കും ഒന്ന് ശീലിച്ചാലോ  മിനിമലിസം.. !!

എന്താണ് മിനിമലിസം

മിനിമലിസം എന്നത് ഒരു  ജീവിതരീതിയാണ്... "കുറവാണ് അധികം" എന്ന ആശയത്തിലൂന്നിയുള്ള ജീവിതശൈലി..  'ഉള്ളതുകൊണ്ട് ഓണംപോലെ' എന്നൊക്കെ പറയില്ലേ..  അതുതന്നെ... കുറഞ്ഞ വസ്തുവകകളുമായി സന്തോഷപൂർവ്വം ജീവിതം നയിക്കുക.. !!

ജപ്പാനിലെ സെൻ ബുദ്ധിസത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ് മിനിമലിസമെന്നും,  അതല്ല അമേരിക്കയിൽ നിന്നും കടംകൊള്ളുകയായിരുന്നെന്നും വാദങ്ങളുണ്ട്...!!

മിനിമലിസ്റ്റുകൾ ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു.. ലളിതമായ വസ്ത്രധാരണം... ഇവരുടെ സ്വീകരണ മുറിയിൽ ശ്വാസം മുട്ടിക്കുന്ന ഫർണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല... അച്ചടക്കത്തിന്റെയും,  മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസത്തിന്റെ വാതിൽ തുറക്കുന്നത്... ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആർത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്... സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന ബോധ്യം... ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മിനിമലിസ്റ്റുകൾ കൈയിൽ വയ്ക്കാറുള്ളൂ...!!

ബിൽ ഗേറ്റ്സിനെപ്പോലെ,  വാറൻ ബഫറ്റിനെപ്പോലെ കൊട്ടാരങ്ങൾ വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവർ... ഒന്നോ രണ്ടോ ഫർണീച്ചറുകളും,  വിരലിലെണ്ണാവുന്ന പാത്രങ്ങളും,  വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവർ...  വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവർ....
മിനിമലിസ്റ്റുകൾ ജീവിതത്തെ നിരാകരിക്കുന്നില്ല,  മറിച്ച് ലളിത വഴികളിലൂടെ അതിനെ നേരിടുന്നു... മിനിമലിസം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്...!!

നമുക്കും ഒന്ന് മാറി ചിന്തിച്ചാലോ.. 

എടുത്താൽ പൊങ്ങാത്ത ഹോം ലോൺ അടച്ചു തീർക്കാൻ വേണ്ടിയാണോ  നമ്മൾ ജീവിക്കേണ്ടത് ?  ഒരു ചെറിയ വീട് പോരേ നമുക്ക് ജീവിക്കാൻ.. വീട്,  സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഒരിടം അല്ലേ,  അതോ പൊങ്ങച്ചം കാണിക്കാനുള്ളതോ..   അടുത്തുള്ള വീട്ടുകാർ വാങ്ങിയതെല്ലാം നമ്മുടെ വീട്ടിലും വേണമെന്ന വാശി എന്തിനാണ്.. നമുക്ക് ആവശ്യമുള്ളത് മാത്രം  പോരേ.... ബ്രാൻഡഡ് വസ്ത്രങ്ങളേക്കാൾ നല്ലത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളല്ലേ...  വണ്ടികളും,  ഇലക്ട്രോണിക് സാധനങ്ങളും കേടാകുമ്പോൾ മാറ്റിയാൽ പോരേ.... ചൂടുള്ള കഞ്ഞിയും,  പയറുമല്ലേ ആരോഗ്യത്തിനു നല്ലത്,  ഒരാഴ്ച്ച പഴക്കമുള്ള ചിക്കനേക്കാൾ..  കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ജീവിതാവസാനം ആശുപത്രിയിൽ കൊടുത്തു നരകിച്ചു മരിക്കേണ്ടി വരില്ലല്ലോ... !!

ഒരു മാസം പണിയില്ലാതെ വന്നപ്പോൾ, ആറക്ക ശമ്പളം വാങ്ങിയിരുന്നവർ പോലും  വല്ലാതെ തകർന്നുപോയത് അടച്ചു തീർക്കാനുള്ള ഹോം ലോണിനെപ്പറ്റി ഓർത്തല്ലേ..  കാർ ലോണിനെപ്പറ്റി ഓർത്തല്ലേ..  കടം വാങ്ങിക്കൂട്ടിയ ക്രെഡിറ്റ് കാർഡുകളെ ഓർത്തല്ലേ..  !!  അല്ലാതെ അരി മേടിക്കുന്നതോർത്തല്ലല്ലോ.. !!

ഇനിയെങ്കിലും നമുക്ക് മിനിമലിസത്തിലേക്കു മാറിക്കൂടെ.  നമുക്ക് ജീവിക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി.... അത്യാർത്തി മാറ്റിവെച്ചാൽ വളരെ ലളിതമായി  സന്തോഷത്തോടെ ജീവിക്കാം,  ഇനിയിപ്പോൾ,  ആറുമാസം ജോലിയില്ലെങ്കിലും.. !! വർഷങ്ങളായി ഞാനൊരു  മിനിമലിസ്റ്റ് ആണ്.. എന്റെ ആവശ്യങ്ങൾ വളരെ ചെറുതാണ്..  ആവശ്യമില്ലാത്തതൊന്നും ഞാൻ വീട്ടിലോ,  കയ്യിലോ വെക്കാറില്ല..  എനിക്കത് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്... 
അനുഭവിച്ചു തന്നെ അറിയണം... !

2020, ഏപ്രിൽ 14, ചൊവ്വാഴ്ച

സ്വന്തം ഭാര്യയെ ഇനിയെങ്കിലും അത്ര മോശക്കാരിയായി കാണാതിരിക്കുക!


    ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഭാര്യമാരെയും കൊറോണയേയും താരതമ്യം ചെയ്തു കൊണ്ട് ചിലർ പടച്ചു വിടുന്ന ട്രോളുകൾ കൊണ്ട്നിറഞ്ഞിരിക്കുകയാണല്ലോ.
21 ദിവസം ഭാര്യയോടൊപ്പം ജീവിക്കുന്നതിന് ആശംസകളും ഓൾ ദി ബെസ്റ്റും…ഇവരൊക്കെ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും..

കല്യാണം കഴിക്കാൻ പെണ്ണു തിരക്കി നാടു മുഴുവൻ നടന്ന് പെണ്ണിനു മൂക്കിൽ രണ്ട് ദ്വാരം, ചിരിക്കുമ്പോൾ പല്ലു കാണാം ഉറങ്ങുമ്പോൾ കണ്ണടയ്ക്കും മുതലായ കുറ്റങ്ങളും പാസ്സാക്കി ചായയും പലഹാരവും വെട്ടി വിഴുങ്ങി ഒടുവിൽ ഏതോ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും രാജകുമാരിയായി ജീവിക്കുന്ന ജീവിതത്തെപ്പറ്റി ഒരുപാട് പ്രതീക്ഷകളുള്ള ഒരു പെണ്ണിനെ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു..

കല്യാണം കഴിഞ്ഞും പഠിപ്പിക്കാം ജോലിക്ക് വിടാം..ഗൾഫിലേക്ക് കൂടെ കൊണ്ടു പോകാം എന്നൊക്കെയുള്ള നടക്കാത്ത വാഗ്ദാനങ്ങൾ കൊടുക്കും..എന്നിട്ട് സ്വന്തം ഭാര്യയെ പുലർത്താൻ അവളുടെ പാവം തന്തയെ പിഴിഞ്ഞ് പൊന്നായും പണമായും എണ്ണി മേടിച്ച് താലിയെന്നൊരു കുരുക്കിൽ തളച്ച് അവളെ സ്വന്തം വീട്ടിൽ അമ്മായിയമ്മ/നാത്തൂൻമാരുടെ അസൂയപ്പോരിനിടയ്ക്ക് കൊണ്ടു തള്ളും..

മോന് ഏതെങ്കിലുമൊരു പെണ്ണു കിട്ടിയാൽ മതിയെന്ന് പ്രാർത്ഥനയുമായി നടന്ന ചില തളളമാർക്ക് പെണ്ണൊരുത്തി വന്നു കയറുമ്പോഴേക്ക് തുടങ്ങും സൂക്കേട്..പിന്നെ തൊടുന്നതും വെക്കുന്നതും കുറ്റം..ആദ്യ ദിനം തന്നെ തുടങ്ങും കൊണ്ടുവന്ന പൊന്നിന്റെ കണക്കെടുപ്പ്.സ്വന്തം വീട്ടിലേക്കൊന്നു പോകാനിറങ്ങിയാൽ കാലു വേദന,തലകറക്കം ഇല്ലാത്ത അസുഖങ്ങളില്ല.

പുതുപ്പെണ്ണിനെ കാണാൻ വന്ന അഞ്ചാറ് അയൽക്കാരികളാരെങ്കിലും "അയ്യോ ഇത്ര നാൾ നോക്കി നടന്നിട്ട് മോന് ഇതേ കിട്ടിയുള്ളോ " എന്നൊരു വാക്കു കിട്ടാൻ കാത്തിരിക്കും.
ഓ! എന്തു ചെയ്യാനാ നമ്മുടെ തലവര എന്നൊരു ദീർഘനിശ്വാസവും വിടും. കല്യാണ പിറ്റേന്ന് മുതൽ തുടങ്ങും വിശേഷം ആയില്ലേ എന്ന അന്വേഷണം.

വല്ല വിധേനയും ഗർഭിണി ആയാൽ ഓ.. വല്ലാതങ്ങ് തളരണ്ട...നമ്മളും ഇതൊക്കെ കഴിഞ്ഞാ വന്നതെന്നുള്ള പറച്ചിലും.ഇതൊക്കെ സഹിച്ച് നിങ്ങൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി  എച്ചിൽപാത്രവും കഴുകി നിങ്ങളുടെ അടിവസ്ത്രം വരെ അലക്കി സകല പണികളും ചെയ്ത് തളർന്ന് ഒടുവിൽ കിടപ്പറയിലെ പരാക്രമങ്ങളും സഹിച്ച് നിങ്ങൾ മാത്രമാണ് ലോകം എന്നു കരുതി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും.. ഈ ഭാര്യമാരെ കുറ്റപ്പെടുത്തുന്നവരോട് ഒറ്റ ചോദ്യം അഞ്ചു ദിവസം തികച്ച് ഭാര്യയോടൊത്തു ജീവിക്കാൻ കഴിയാത്ത ഇവരൊക്കെ എന്തിനാണ്  കല്യാണം കഴിക്കാൻ പോയത്? നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ "ഡാ പൊന്നുമോനെ ഞങ്ങടെ വീട്ടിൽ ഒരു പെണ്ണുണ്ട് ,നീ ഒന്നു വന്ന് കെട്ടിക്കൊണ്ട് പോടാ " എന്ന്? 

ഭാര്യയും അമ്മയോളം തന്നെ മഹത്ത്വമുള്ളവളാണ്..അമ്മ നിങ്ങൾക്കു വേണ്ടി സ്വന്തം ജീവൻ പകുത്തു നൽകുമ്പോൾ ഭാര്യ നിങ്ങളുടെ അടുത്ത തലമുറയെ ഉൾക്കൊള്ളാനായി സ്വന്തം ജീവനും ജീവിതവും നൽകുന്നു. ഭാര്യമാരെ തീരെ തരം താഴ്ത്തിയുള്ള പോസ്റ്റുകൾക്കും ട്രോളുകൾക്കും ലൈക്ക് അടിക്കാനും സപ്പോർട്ട് ചെയ്യാനുംകുറേ സ്ത്രീകൾ ഉണ്ടെന്നതാണ് അതിശയം..

നിങ്ങൾ ഭാര്യയോട് ഉപമിക്കുന്ന ഈ കൊറോണ ഉണ്ടല്ലോ.? അതു വന്നാൽ ഈ ലൈക്ക് തരുന്നവരൊന്നും നിങ്ങളുടെ ജില്ലയിൽ പോലും വരില്ല.എന്നാൽ അവിടെയും ഒരു മടിയും കൂടാതെ നിങ്ങളുടെ ഭാര്യ ഉണ്ടാവും..ഓരോ നിമിഷവും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവൾ ഉറങ്ങാതെ കാത്തിരിക്കും. എഴുന്നേൽക്കാൻ വയ്യാതെ പുഴുവരിച്ച് കിടന്നാലും നിങ്ങളുടെ മലവും മൂത്രവും ഒരറപ്പുമില്ലാതെ അവൾ കോരും. അവസാന തുള്ളി വെള്ളം തരാനും കാറ്റു പോയി തെക്കേപ്പറമ്പിലേക്കെടുക്കുമ്പോഴും നെഞ്ചത്തടിച്ചു കരയാനും അവൾ മാത്രമേ കാണൂ...
സ്വന്തം ഭാര്യയെ ഇനിയെങ്കിലും അത്ര മോശക്കാരിയായി കാണാതിരിക്കുക!

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ

*ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ*

*1.ഇടിച്ചക്കത്തോരൻ*

🔹ചേരുവകൾ

1. ഇടിച്ചക്ക പ്രായത്തിലുള്ള
ചക്ക– ഒന്ന്
2. നാളികേരം–ഒന്ന് (ചിരവിയത്)
3. കടുക്, വറ്റൽ മുളക്,
ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്‌പൂൺ
4. കറിവേപ്പില–ഒരു തണ്ട്
5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്‌പൂൺ
6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്‌പൂൺ വീതം
7. ഉപ്പ്–പാകത്തിന്
പാചകം ചെയ്യുന്നവിധം

ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്‌ക്കുക.

*2.കൊത്തുചക്കത്തോരൻ*

🔹ചേരുവകൾ

1. മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം
2. തേങ്ങ– ഒരു മുറി
3. മഞ്ഞൾപ്പൊടി–അര ടീസ്‌പൂൺ
മുളകുപൊടി– ഒരു ടീസ്‌പൂൺ
4. കടുക്– ഒരു ടീസ്‌പൂൺ
വറ്റൽ മുളക്–അഞ്ചെണ്ണം
ഉഴുന്നുപരിപ്പ്–ഒരു ടീസ്‌പൂൺ
അരി–രണ്ട് ടീസ്‌പൂൺ
5. കറിവേപ്പില– നാലു തണ്ട്
6. ഉപ്പ്– പാകത്തിന്
7. വെളിച്ചെണ്ണ – അഞ്ച് ടീസ്‌പൂൺ

🔹പാചകം ചെയ്യുന്ന വിധം

ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി. ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്‌ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക.

*3.ചക്ക എരിശേരി*

🔹ചേരുവകൾ

1. ചക്ക (ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി–ഒന്നര ടീസ്‌പൂൺ
3. മഞ്ഞൾപ്പൊടി–ഒന്നര ടീസ്‌പൂൺ
4. മുളകുപൊടി– ഒന്നര ടീസ്‌പൂൺ
5. ഉപ്പ്– പാകത്തിന്
6. വെളിച്ചെണ്ണ– അഞ്ച് ആറ് ടീസ്‌പൂൺ
7. തേങ്ങ (അരയ്‌ക്കാൻ)– ഒരു മുറി
വറുക്കാൻ– ഒരു തേങ്ങ
8. ജീരകം– ഒരു ടീസ്‌പൂൺ
9. നെയ്യ്–ഒന്നര ടീസ്‌പൂൺ
10. കടുക്– രണ്ടു ടീസ്‌പൂൺ

🔹പാചകം ചെയ്യുന്ന വിധം

അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തു വേവിക്കുക. വെന്തു വരുമ്പോൾ ജീരകം ചേർത്തരച്ച തേങ്ങയും ചേർക്കുക. അതിലേക്ക് നെയ്യിൽ വറുത്ത ജീരകം, കുരുമുളകുപൊടി, കറിവേപ്പില , വറുത്ത തേങ്ങ എല്ലാം ഇളക്കി യോജിപ്പിച്ച് തിളക്കുമ്പോൾ തീയണച്ചു ഇറക്കി വയ്‌ക്കുക. ചക്ക വേവിച്ചതിൽ വെള്ളം അധികം ഉണ്ടാകാൻ പാടില്ല.

*4.ചക്ക മുളോഷ്യം*

1. ചക്ക (മൂത്ത ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി– അര ടീസ്‌പൂൺ
3. മഞ്ഞൾപ്പൊടി– അര ടീസ്‌പൂൺ
4. പച്ചമുളക്– ആറ്/ഏഴ് എണ്ണം
5. വെളിച്ചെണ്ണ– രണ്ടു ടീസ്‌പൂൺ
6. ഉപ്പ്– പാകത്തിന്
7. തേങ്ങ– ഒന്ന്
8. ജീരകം– അര ടീസ്‌പൂൺ
9. കറിവേപ്പില–മൂന്നു തണ്ട്
പാചകം ചെയ്യുന്ന വിധം

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേർത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേർത്ത് തിളപ്പിക്കുക. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീയണയ്‌ക്കുക.

*5.ചക്കപ്പുഴുക്ക്*

1. ചക്ക (വിളഞ്ഞത്)– കാൽ ഭാഗം
2. തേങ്ങ– ഒന്ന്
3. മഞ്ഞൾപ്പൊടി– അര ടീസ്‌പൂൺ
മുളകുപൊടി– ഒരു ടീസ്‌പൂൺ
ജീരകം– അര ടീസ്‌പൂൺ
4. ചെറിയ ഉള്ളി– 8 /10 ചുള
5. പച്ചമുളക്– 5 / 6 എണ്ണം
6. വെളിച്ചെണ്ണ– രണ്ടു ടീസ്‌പൂൺ
7. കറിവേപ്പില– അഞ്ചു തണ്ട്

🔹പാചകം ചെയ്യുന്ന വിധം

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ ആണയ്‌ക്കുക. പച്ചമുളകിനു പകരം കൊല്ലമുളക് ഉപയോഗിക്കാം.

*6.ചക്കബജി*

1. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം
2. കടലമാവ്–50 ഗ്രാം
3. അരിപ്പൊടി–രണ്ടു ടീസ്‌പൂൺ
4. മുളകുപൊടി–മുക്കാൽ ടീസ്‌പൂൺ
5. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ
6. കായപ്പൊടി–കാൽ ടീസ്‌പൂൺ
7. കുരുമുളകുപൊടി–കാൽ ടീസ്‌പൂൺ
8. ഉപ്പ്–പാകത്തിന്

🔹പാകം ചെയ്യുന്ന വിധം

കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്‌ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.

*7.ചക്കപ്പലഹാരം*

1. പഴുത്ത ചക്ക–അര കിലോ ( ശർക്കരയും നെയ്യും
ചേർത്തു വരട്ടിയത്)
2. അരിപ്പൊടി–250 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരെണ്ണം
4. തേങ്ങ ചെറുതായി
നുറുക്കിയത് –കാൽ മുറി
5. എടനയുടെ ഇല അല്ലെങ്കിൽ
വാഴയില–20 എണ്ണം

🔹പാചകം ചെയ്യുന്ന വിധം

വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അൽപ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയിൽ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയിൽ വച്ച് വേവിച്ചെടുക്കുക.

*8.ചക്കചീഡ*

1. ചക്ക വരട്ടിയത് –250 ഗ്രാം
2. അരിപ്പൊടി–200 ഗ്രാം
3. വെളിച്ചെണ്ണ–അര കിലോ
പാകം ചെയ്യുന്ന വിധം

ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.

*9.ചക്കപ്രഥമൻ*

1. ചക്ക വരട്ടിയത്–500 ഗ്രാം
2. ശർക്കര–
3. തേങ്ങ–മൂന്നെണ്ണം
4. ചുക്കുപൊടി–ഒരു ടീസ്‌പൂൺ
5. ജീരകപ്പൊടി–അര ടീസ്‌പൂൺ
6. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
7. തേങ്ങാപ്പാൽ–മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ)
8. നെയ്യ്–അഞ്ച് ടീസ്‌പൂൺ

🔹പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക.

*10.ചക്ക അട*

1. ചക്കപ്പഴം–നുറുക്കിയത് (നാല് ചുളയുടെ)
2. അരിപ്പൊടി–100 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരു മുറി
4,. ശർക്കര–200 ഗ്രാം
5. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
6. വാഴയില വാട്ടിയത്–15 എണ്ണം

🔹പാകം ചെയ്യുന്ന വിധം

അരിപ്പൊടി ഇഡ്‌ഡലി മാവിെൻറ പാകത്തിന് കുഴയ്‌ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ തിരുമ്മിവയ്‌ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നപോലെ മടക്കി ആവിയിൽ വേവിക്കുക.

*11.ചക്ക വറുത്തത്*

ചക്കച്ചുള നീളത്തിൽ അരിഞ്ഞത് – നാലിലൊന്നു ഭാഗം (വിളഞ്ഞത്)
2. വെളിച്ചെണ്ണ –ഒരു കിലോ
3. കല്ലുപ്പു കുറച്ച് വെള്ളത്തിൽ കലക്കുക–രണ്ട് ടീസ്‌പൂൺ

🔹പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക.

*12.ചക്കച്ചമ്മന്തി*

1. ചക്ക (ഉണ്ടായി വരുന്ന സമയത്തെ)–2 എണ്ണം
2. തേങ്ങാമുറി–ഒന്ന്
3. കൊല്ലമുളക്–10 എണ്ണം
4. ചെറിയ ഉള്ളി–അഞ്ച് അല്ലി
5. കറിവേപ്പില–ഒരു തണ്ട്
6. ഉഴുന്നുപരിപ്പ്–ഒരു സ്‌പൂൺ
7. വാളൻ പുളി– ഒരു കുഞ്ഞു നെല്ലിക്കയോളം
8. ഉപ്പ്–പാകത്തിന്

🔹പാകം ചെയ്യുന്ന വിധം

ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. എല്ലാം കൂടി പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്‌ക്കുക. ഉപ്പ് പാകത്തിനു ചേർക്കുക..

*13.ചക്കപ്പപ്പടം*

മൂത്ത ചക്കച്ചുള –25 എണ്ണം
2. കൊല്ലമുളക്–10 എണ്ണം
3. ജീരകം–ഒരു ടീസ്‌പൂൺ
4. കായപ്പൊടി–ഒരു ടീസ്‌പൂൺ
5. ഉപ്പ് – പാകത്തിന്
6. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ

🔹പാകം ചെയ്യുന്ന വിധം

ചക്കച്ചുള കുരുമുളക് , ഉപ്പ് , കുരുമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. വെള്ളം വേവാൻ മാത്രം, കൂടരുത്. ബാക്കി എല്ലാ ചേരുവ കൂടി അരയ്‌ക്കണം. തുണിയിലോ, പ്ലാസ്‌റ്റിക് ഷീറ്റിലോ പപ്പടത്തിെൻറ വട്ടത്തിൽ പരത്തുക. മൂന്നു ദിവസം ഉണക്കുക. ഉണങ്ങിയതിനുശേഷം വെള്ളം തളിച്ച് തുണിയിൽനിന്നു പറിച്ചെടുക്കുക. വീണ്ടും ഉണക്കുക. വായുകേറാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

*14.ചക്ക പഴംപൊരി*

1. പഴുത്ത വരിക്കച്ചക്ക–10 ചുള
2. മൈദ–കാൽ ടീസ്‌പൂൺ
3. അരിപ്പൊടി–മൂന്നു ടീസ്‌പൂൺ
4. പഞ്ചസാര– അഞ്ചു ടീസ്‌പൂൺ
5. വെളിച്ചെണ്ണ–അരക്കിലോ വറുക്കാൻ ആവശ്യത്തിന്

🔹പാകം ചെയ്യുന്ന വിധം

മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്‌ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക.

*15.ചക്കത്തോരൻ*

മൂത്ത ചക്കച്ചുള – കാൽ ഭാഗം
മുളകുപൊടി – ഒരു ടീ സ്‌പൂൺ
മഞ്ഞൾപ്പൊടി –അര ടീസ്‌പൂൺ
കടുക്–രണ്ടു ടീസ്‌പൂൺ
വറ്റൽ മുളക്–എട്ടെണ്ണം
ഉഴുന്നുപരിപ്പ്–അര ടീസ്‌പൂൺ
അരി–രണ്ടു ടീസ്‌പൂൺ
കറിവേപ്പില– നാലുതണ്ട്
തേങ്ങ–ഒന്ന്
ഉപ്പ്–പാകത്തിന്

🔹പാകം ചെയ്യുന്ന വിധം

കടുക്, മുളക്, കറിവേപ്പില, ഉഴുന്ന്, അരി എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചക്കച്ചുളയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. വേകാൻ മാത്രം കുറച്ച് വെള്ളമൊഴിക്കുക. വെന്തശേഷം ചിരകിയ തേങ്ങ ചേർക്കുക. അതിലേക്ക് പച്ചവെളിച്ചെണ്ണ, കറിവേപ്പില ഇടുക.

*16.ചക്ക വറ്റൽ*

ചക്കച്ചുളയിൽ നിന്നും കുരുനീക്കിയ ശേഷം തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം കോരിയെടുത്തു വെയിലത്ത് ഉണക്കി ചക്ക വറ്റലായി ഉപയോഗിക്കാം.

*17.ചക്ക ഉപ്പേരി*

ചക്കച്ചുള ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം.

*18.ചക്കവരട്ടി*

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ആവി കയറ്റിയശേഷം ശർക്കര പാവുകാച്ചിയതിലിട്ടു വെള്ളം വറ്റുന്നതു വരെ ചൂടാക്കുക. വെള്ളം വറ്റുമ്പോഴേക്കും നെയ്യ് ചേർക്കണം. തുടർന്നു ഏലയ്ക്കാ പൊടിയും ചേർത്തു തണുപ്പിച്ചു ഉപയോഗിക്കാം.

*19.ചക്കപ്പൊരി*

പഴുത്ത വരിക്ക ചക്കയുടെ ചുള രണ്ടായി മുറിച്ചു ഏത്തയ്ക്കാ അപ്പം ഉണ്ടാക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

*20.ചക്കപഞ്ചമി*

ചക്കച്ചുള, ചക്കക്കുരു, അച്ചിങ്ങാ പയർ എന്നിവ ചെറിയ കഷണങ്ങളാക്കി ഉണ്ടാക്കുന്ന വിഭവം. ചക്കക്കുരു ആദ്യം വേവിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ളവയും ആവശ്യത്തിനു മസാലക്കൂട്ടുകളും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു കടുകു വറുത്ത് ഉപയോഗിക്കാം.

*21.ഇടിച്ചക്ക സാമ്പാർ*

ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കി സാമ്പാർ വയ്ക്കാം.

*22.പച്ചച്ചക്ക പുഴുക്ക്*

വിളഞ്ഞ പച്ചച്ചക്കയുടെ ചുള ചെറുതായി അരിഞ്ഞു വേവിച്ചു ഉപയോഗിക്കുന്നതാണ് പുഴുക്ക്. രുചി കൂടാൻ ചക്കക്കുരുവും അരിഞ്ഞു ഇതോടൊപ്പം ചേർക്കും.

*23.ചക്കപ്പുട്ട്*

അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്തു പുട്ട് ഉണ്ടാക്കാം.

*24.ചക്കയപ്പം*

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തു കൂട്ട് ഉണ്ടാക്കും. അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തിയ ശേഷം ചക്കക്കൂട്ട് അതിലേക്കു വാരി വച്ചു ഇലമടക്കി ആവിയിൽ പുഴുങ്ങിയെടുക്കും.

*25.ചക്ക അവിയൽ*

ചക്കച്ചുള, ചക്കമടൽ, (ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞതിനു ശേഷമുള്ള ഭാഗം) മാങ്ങ, പടവലം, വെള്ളരിക്ക, ചക്കക്കുരു, മുരിങ്ങയ്ക്ക എന്നിവ ചേർത്തു അവിയൽ വയ്ക്കാം.

*26.ചക്ക അച്ചാർ*

വിളഞ്ഞ ചക്കയരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മറ്റും ചേർത്തു അച്ചാർ ഉണ്ടാക്കാം.

*27.ചക്കക്കുരുപ്പായസം*

തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോൾ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശർക്കര എന്നിവ ചേർത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർക്കമുമ്പോഴേക്കും പായസം റെഡി.

*28.ചക്കക്കുരു കട്‌ലറ്റ്*

ചക്കക്കുരു വേവിച്ചു ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി റൊട്ടിപ്പൊടി പുരട്ടി മുട്ടയുടെ വെള്ളക്കരുവിൽ മുക്കിൽ വെളിച്ചെണ്ണയിൽ വറുത്തു കോരണം.

*29.ചക്കക്കുരു അസ്ത്രം*

ചക്കക്കുരു വട്ടത്തിൽ അരിഞ്ഞു മാങ്ങയും തേങ്ങയും ചേർത്ത് ഓണാട്ടുകരയുടെ തനതു വിഭവമായ അസ്ത്രം വയ്ക്കും പോലം ചക്കക്കുരു അസ്ത്രം വയ്ക്കാം.

*30.ചക്കക്കുരു മെഴുക്കുപുരട്ടി*

ചക്കക്കുരു കനം കുറച്ചു ചെറുതായി അരിഞ്ഞു മെഴുക്കു പുരട്ടാം.

*31.ചക്കക്കുരു പടവലങ്ങ തോരൻ*

ചക്കക്കുരു, പടവലങ്ങ എന്നിവ ചേർത്തു തോരൻ വെയ്ക്കാം.

*32.ചക്കക്കുരു ഉക്കാര*

ചക്കക്കുരു നല്ലതായി തൊലി കളഞ്ഞു മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചു വെള്ളം വാർത്തു അരകല്ലിൽ നല്ലതു പോലെ പൊടിച്ചെടുക്കണം. ശർക്കര പാവാക്കി തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേർക്കണം. തുടർന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേർക്കുക.

*33.ചകിണി തോരൻ*

ചക്കച്ചുളയുടെ പുറത്തുളള ഇതളുകളാണു ചകിണി. ചകിണി ചെറുതായി അരിഞ്ഞു തേങ്ങയും മറ്റും ചേർത്തു തോരൻ ഉണ്ടാക്കാം.

*34.ചകിണി ബജി*

വരിക്ക ചക്കയുടെ നീളമുള്ള ചകിണിയെടുത്ത് അരിമാവ്, കായം, ഉപ്പ്, മുളകു പൊടി എന്നിവയുടെ കുഴമ്പിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

*35.ചക്ക അട*

ആദ്യം തന്നെ എന്റെ ഇഷ്ട വിഭവമായ ചക്കയടയെക്കുറിച്ചു തന്നെ പറയാം.ചക്ക കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും മികച്ച വിഭവം എന്ന് കരുതുന്നത് ചക്ക അടയാണ്. അതിനായി നന്നായി പഴുത്ത ചക്കപ്പഴം കുരു കളഞ്ഞത് എടുക്കുക. അതിലേക്കു അരിപ്പൊടിയോ റവയോ ഗോതമ്പു പൊടിയോ ചേർത്ത് കുറച്ചു ശർക്കരയും ( മധുരമേറിയ ചുളയെങ്കിൽ ശർക്കര കുറവ് മതി ) ചേർത്ത് അതിൽ കുറച്ചു തേങ്ങയും ചിരകി ചേർക്കണം. പിന്നീട് അല്പം ഏലക്കായ പൊടിച്ചു ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് പൊടി കുഴക്കും പോലെ ഉരുട്ടി എടുത്തു വയ്ക്കുക. ഇടന ഇലയിൽ കുമ്പിൾ കുത്തി അതിൽ കുഴച്ച പൊടി നിറച്ചു ഇലകൊണ്ടു തന്നെ കുമ്പിൾ അടച്ചു അപ്പച്ചട്ടിയിൽ വേവിക്കുക.

*36.ചക്കപ്പുഴുക്ക്*

ചക്കപ്പുഴുക്കിന് പച്ച ചക്ക ചുള ചെറുതായി നുറുക്കി എടുക്കുക. കുറച്ചു ചക്ക കുരുവും അതിൽ അരിഞ്ഞിടുക. തേങ്ങാ ചിരവി അതിൽ ഒരു നുള്ളു ഉപ്പും മഞ്ഞളും ജീരകവും കാന്താരിയും ഉള്ളിയും വെളുത്തുള്ളിയും വേപ്പിലയും വേണമെങ്കിൽ അല്പം ഇറച്ചി മസാലയും ആകാം.ചക്ക ചുള ഒഴികെമറ്റെല്ലാം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.ഈ അരപ്പു അരിഞ്ഞു വച്ച ചക്ക ചുളയിൽ ചേർത്തിളക്കുക. ഒരല്പം വെള്ളം ചേർത്തിളക്കി യോജിപ്പിച്ചു അടുപ്പിൽ വയ്ക്കുക. വെന്തു കഴിഞ്ഞു വീണ്ടും ഇളക്കി യോജിപ്പിക്കുക. ചക്കപ്പുഴുക്ക് റെഡിയായി.

*37.ചക്കചിപ്സ്*

പച്ച ചക്കച്ചുള കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വിലപിടിച്ചതും ആവശ്യക്കാരുള്ളതുമായ വിഭവമാണ് ചക്ക ചിപ്സ്. ചക്ക ചുള ചെറുതായി നുറുക്കി അത് എണ്ണയിൽ വറുത്തു കോരി എടുത്താൽ ചക്ക ചിപ്സ് റെഡി.

*38.ചക്കക്കുരു മാങ്ങാക്കറി*

ചക്ക ക്കുരു ചെറുതായി നുറുക്കി എടുത്തു വേവിക്കുക. അതിലേക്കു അരിഞ്ഞെടുത്ത മാങ്ങയും ചേർത്ത് നന്നായി കുരു വെന്തുടയുന്ന പാകത്തിൽ വേവിക്കുക. മഞ്ഞൾപ്പൊടിയും ഒരൽപം മുളകുപൊടിയും ഉപ്പും ചേർക്കാം. അതിലേക്കു തേങ്ങാ അരപ്പു ചേർത്ത് കടുക് പൊട്ടിച്ചു കറിയായി ഉപയോഗിക്കാം.

*39.ഇടിച്ചക്ക ബോ*

🔹ചേരുവകകള്‍

ഇടിച്ചക്ക -ഒരു ചക്കയുടെ പകുതി
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 7 എണ്ണം
ഉരുളക്കിഴങ്ങ് – 1
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍
കടുക് – ആവശ്യത്തിന്
മൈദ – 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്

🔹തയ്യാറാക്കുന്ന രീതി

ചക്കച്ചുളകള്‍ കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ശേഷം വെള്ളം വാര്‍ത്തു കളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചു വെയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദ മാവില്‍ മഞ്ഞള്‍പൊടി, മുളകുപൊടി, പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. അതിനേയ്ക്ക് ഉരുട്ടി വെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില്‍ പൊരിച്ച് എടുക്കുക.

*40.ചക്കപ്പഴം പാല്‍ ഹല്‍വ*

🔹ആവശ്യമായ സാധനങ്ങള്‍

പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
പശുവിന്‍ പാല്‍ – അഞ്ച് കപ്പ്
പഞ്ചസാര – മൂന്ന് കപ്പ്
നെയ്യ് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി – അര കപ്പ്
വെള്ളം – ഒരു കപ്പ്

🔹തയാറാക്കുന്നവിധം

ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നൂല്‍പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള്‍ പാല്‍ ചേര്‍ത്തു വീണ്ടും ഇളക്കുക. അല്‍പം മുറുകിക്കഴിയുമ്പോള്‍ നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലക്കായും ചേര്‍ക്കുക. നന്നായി മുറുകിക്കഴിയുമ്പോള്‍ ഹല്‍വ സൂക്ഷിച്ചു വയ്ക്കാന്‍ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില്‍ ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്‍വ നിറച്ച് മുകളില്‍ നിന്ന് അമര്‍ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്‍ന്ന് ഹല്‍വയുടെ മുകളില്‍ വച്ച് അലങ്കരിക്കുക.

*41.റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട*

🔹ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
വറുത്ത റവ
(ഇളം ബ്രൗണ്‍ നിറമാകണം) – അഞ്ച് കപ്പ്
ശര്‍ക്കര – മൂന്ന് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്ക – 15 എണ്ണം

🔹തയാറാക്കുന്നവിധം

വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ ഇടുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്‌തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില്‍ വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്‍പ്പരുവമാകുമ്പോള്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.


*42.ചക്ക എരിശ്ശേരി*

ചക്ക എരിശ്ശേരിയുണ്ടാക്കാന്‍ മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള്‍ തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും വേണം.

*43.ചക്കക്കുരുത്തോരന്‍*

ചക്കക്കുരുത്തോരന്‍ വേനല്‍ക്കാലത്തെ ഒരുവിഭവമായിരുന്നു. ചക്കക്കുരു നുറുക്കാതെ മഞ്ഞപ്പൊടിയും മുളകും ഉപ്പും ചേര്‍ത്ത് വേവിച്ച് ഉടയ്ക്കണം. ചീനച്ചട്ടി അടുപ്പത്തുവച്ച് മുളകും കടുകും പൊട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്ത് രണ്ടുളളിയും ജീരകവും അല്‍പം നാളികേരവും കൂടി പൊട്ടിക്കഴിഞ്ഞ കടുകില്‍ ഉടനെ ഇടുക. ഉടച്ച ചക്കക്കുരു ഇതിലേയ്ക്കിട്ട് ഇളക്കുക. ഒന്നാംതരം തോരനും പലഹാരവുമാണിത്.

*44.ചക്കപ്പഴം അരി ഉണ്ട*

🔹ആവശ്യമായ സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച പച്ചരി (മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന ഇടിയപ്പംപൊടി ആയാലും മതി) – അഞ്ച് കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്കാ – 15 എണ്ണം പൊടിച്ചത്

🔹തയാറാക്കുന്നവിധം

പച്ചരി പൊടിച്ചത് ചീനച്ചട്ടിയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക( മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്നില്ലെങ്കില്‍ ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാന്‍ സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്നു ശര്‍ക്കര ഉരുകി നൂല്‍ പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്‌സിയില്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്തു ജലാംശം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലയ്ക്കാ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതില്‍ നിന്ന് ഒരുകപ്പ് മാറ്റി ഒരു മുറത്തില്‍ വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടിച്ചതു വാങ്ങിവച്ച് ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിന് മുന്‍പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേര്‍ക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തില്‍ ഇട്ട പൊടിയില്‍ മുക്കിയെടുത്താല്‍ ചക്ക അരി ഉണ്ട റെഡി.

*45.ചക്കപ്പഴം പാല്‍ ഹല്‍വ*

🔹ആവശ്യമായ സാധനങ്ങള്‍

പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
പശുവിന്‍ പാല്‍ – അഞ്ച് കപ്പ്
പഞ്ചസാര – മൂന്ന് കപ്പ്
നെയ്യ് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി – അര കപ്പ്
വെള്ളം – ഒരു കപ്പ്

🔹തയാറാക്കുന്നവിധം

ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നൂല്‍പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള്‍ പാല്‍ ചേര്‍ത്തു വീണ്ടും ഇളക്കുക. അല്‍പം മുറുകിക്കഴിയുമ്പോള്‍ നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലക്കായും ചേര്‍ക്കുക. നന്നായി മുറുകിക്കഴിയുമ്പോള്‍ ഹല്‍വ സൂക്ഷിച്ചു വയ്ക്കാന്‍ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില്‍ ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്‍വ നിറച്ച് മുകളില്‍ നിന്ന് അമര്‍ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്‍ന്ന് ഹല്‍വയുടെ മുകളില്‍ വച്ച് അലങ്കരിക്കുക.


*46.ചക്കപ്പഴം മുറുക്കിയത്*

🔹ആവശ്യമായ സാധനങ്ങള്‍

പഴുത്ത ചക്ക – അഞ്ച് കപ്പ്
നെയ്യ് – അര കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
ഏലയ്ക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
നിലക്കടല വറുത്തത് – അര കപ്പ്

🔹തയാറാക്കുന്നവിധം

ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. ചേരുവ ശര്‍ക്കര ചൂടാക്കി നൂല്‍പ്പരുവമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ചക്കപ്പഴം അരച്ചത് ചേര്‍ത്ത് ഇളക്കുക. ഏലക്കാ പൊടിച്ചതും നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളതും ചേര്‍ത്തു നന്നായി ചേരുന്നതുവരെ ഇളക്കുക. നിലക്കടല തൊലികളഞ്ഞ് ചേര്‍ത്തിളക്കുക. ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കണം. തുടര്‍ന്നു ചക്കപ്പഴം മുറുക്കിയതു സൂക്ഷിച്ചുവയ്ക്കാന്‍ കരുതിയ പാത്രത്തില്‍ നെയ്യില്‍ ബാക്കിവച്ചിരുന്നത് പുരട്ടിയശേഷം ചക്കപ്പഴം മുറുക്കിയതു നിറച്ചശേഷം മുകളില്‍ നിന്ന് അമര്‍ത്തിപ്പരത്തുക. രുചികരമായ ഈ വിഭവം ജാമിനു പകരമായി ഉപയോഗിക്കാവുന്നതാണ്.

*47.റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട*

🔹ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
വറുത്ത റവ
(ഇളം ബ്രൗണ്‍ നിറമാകണം) – അഞ്ച് കപ്പ്
ശര്‍ക്കര – മൂന്ന് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്ക – 15 എണ്ണം

🔹തയാറാക്കുന്നവിധം

വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ ഇടുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്‌തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില്‍ വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്‍പ്പരുവമാകുമ്പോള്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.


*48.ചക്ക മടല്‍ മസാല ഫ്രൈ*

 ചക്ക മടല്‍ മുള്ളുകള്‍ കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയില്‍ അരിഞ്ഞെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിച്ച് അതിലേക്ക് അറിഞ്ഞുവെച്ചിരിക്ക ചക്ക മടല്‍ ചേര്‍ക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആയ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തിള്ളി എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും ചെറു കഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്‍ത്ത് ഒന്നുകൂടി തിളച്ചതിനുശേഷം വിളമ്പാം.

*49.ചക്ക അച്ചാര്‍*

ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് ജീരകം,കടുക്,മല്ലി,ചതച്ച പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേര്‍ക്കാം. മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 5 മിനിട്ട് പാകം ചെയ്യാം. അടുപ്പില്‍ നിന്ന് എടുത്തശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അങ്ങനെ ചക്ക അച്ചാര്‍ തയ്യാര്‍.

*50.ചക്ക കുരു അവിയല്‍*

ആദ്യം ചക്കകുരു മുറിച്ച് രണ്ട് മണിക്കൂര്‍ വേവിക്കാന്‍ വെയ്ക്കാം. പാകം ആയ ചക്കക്കുരുവിലേക്ക് മുരിങ്ങക്ക,ചുവന്നുള്ളി,മഞ്ഞള്‍പ്പൊടി,ചില്ലി പൗഡര്‍,ജീരക പൗഡര്‍ ഒരുകപ്പ് വെള്ളവും ചേര്‍ക്കുക. ചെറിയ തീയില്‍ പാകം ചെയ്യാന്‍ വെയ്ക്കം.വെള്ളം വറ്റുന്നവരെ അടുപ്പില്‍ വെയ്ക്കാം. ചെറുതായി വെന്തുകഴിഞ്ഞാല്‍ തേങ്ങ,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേര്‍ക്കാം. പാകം ആയാല്‍ കടുക് പൊട്ടിച്ചതും ചേര്‍ക്കുക. ചക്ക കുരു അവിയല്‍ തയ്യാര്‍.

2020, ഏപ്രിൽ 5, ഞായറാഴ്‌ച

കേരളം ക്യൂബയിൽ നിന്നും പഠിക്കേണ്ടത് !


1989 ലാണ് ക്യൂബ വലിയൊരു പ്രതിസന്ധിയിൽ അകപ്പെടുന്നത്. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകർന്നപ്പോൾ ക്യൂബയുടെ കാർഷികമേഖല
അവതാളത്തിലായി. രാസവളങ്ങൾ, കീടനാശിനികൾ,  പെട്രോൾ, കാർഷിക യന്ത്രങ്ങൾ എന്നിവയെല്ലാം റഷ്യയിൽ നിന്നും വരണമായിരുന്നു. ക്യൂബയിൽ ഭൂരിഭാഗവും കരിമ്പ് കൃഷിയായിരുന്നു. മാർക്കറ്റ് വില നൽകി റഷ്യ പഞ്ചസാര വാങ്ങിയിരുന്നതിനാൽ ക്യൂബ സമൃദ്ധിയിലായിരുന്നു.
ക്യൂബയ്ക്കാവശ്യമായിരുന്ന ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയുമൊക്കെ 80 ശതമാനവും പുറത്തു നിന്നായിരുന്നു ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 1989 മുതൽ സോവിയറ്റ് യൂനിയനിൽ നിന്നുള്ള  ഇറക്കുമതി ഗണ്യമായി കുറഞ്ഞു.
89 മുതൽ 92 വരെയുള്ള 3 വർഷങ്ങൾ ക്യൂബ ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയിലായി. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഫിദൽ കാസ്ട്രോ നയവിദഗ്ദരെ വിളിച്ചു ചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്തു.
തുടര്‍ന്നാണ് പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയിൽ കേന്ദ്രീകരിക്കാൻ ക്യൂബ തീരുമാനിച്ചത്. അതിനാവശ്യമായ ബദൽ സാങ്കേതിക വിദ്യ ക്യൂബ തയ്യാറാക്കി.  ഇന്ധനലഭ്യത കുറവ് മൂലം യന്ത്രങ്ങൾ അധികം വേണ്ടാത്ത പരമ്പരാഗത ചെറുകിട കൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.  1992 മുതൽ ക്യൂബ നഗരകേന്ദ്രീകൃതമായ ഭക്ഷ്യ കൃഷി ആരംഭിച്ചു. പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി ചെറിയ ചെറിയ തോട്ടങ്ങൾ നിർമിച്ചു. കൃഷി വിദഗ്ധരെ വിളിച്ചു പരിശീലനങ്ങൾ സംഘടിപിച്ചു. ഹവാനയിലെ കാർഷിക സർവകലാശാലയിൽ ജൈവകൃഷി കോഴ്സ് ആരംഭിച്ചു. ജൈവകൃഷിയുമായി ബന്ധപ്പെട്ട അനവധി പ്രസിദ്ധീകരണങ്ങൾ ഇറക്കി.നഗരവാസികളെ മണ്ണൊരുക്കാനും കമ്പോസ്റ്റ് നിർമിക്കാനും പച്ചക്കറി കൃഷി തട്ടുകളുണ്ടാക്കാനുമൊക്കെ പഠിപ്പിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടൻ അറിവുകളെ പ്രയോജനപ്പെടുത്തി, ഒപ്പം വൈവിധ്യമുള്ള വിളകൾ ഒരുമിച്ച് കൃഷി ചെയ്തു. കള നിയന്ത്രിക്കാൻ കൃഷിയിടങ്ങൾ പൊതയിട്ടു നിർത്തി. നഗരങ്ങളിൽ ഇടനിലക്കാരില്ലാത്ത കർഷകർ നേരിട്ട് നടത്തുന്ന നാട്ടുചന്തകൾ ആരംഭിച്ചു. വെറും വട്ടപൂജ്യത്തിൽ നിന്നും തുടങ്ങിയ നഗരങ്ങളിലെ  കൃഷി വെറും മൂന്ന്  നാലുവർഷം കൊണ്ട്  ടൺ കണക്കിന് പച്ചക്കറി ഉൽപാദിപ്പിക്കാൻ തുടങ്ങി.  ക്യൂബയിലെ പ്രധാന നഗരമായ ഹവാനയിൽ മാത്രം 318 പച്ചക്കറിത്തോട്ടങ്ങളുണ്ട്. ഹവാനയിലെയും വില്ലക്ലാരയിലെയും ജനങ്ങൾ കഴിക്കുന്ന പച്ചക്കറിയുടെ 70 ശതമാനവും ഈ നഗരങ്ങളിൽ   ഉൽപാദിപ്പിച്ചതു തന്നെയാണ്. അതുകൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ടായി.  ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു. ഇതിനൊക്കെ നേതൃത്വം നൽകിയ 93ൽ രൂപീകരിച്ച ക്യൂബയിലെ 'അസോസിയേഷൻ ക്യൂബാന ദെ അഗ്രികൾച്ചുറാ ഓർഗാനിക്കയ്ക്ക് (ACAO) 1999ൽ നോബൽ പ്രൈസിന് തുല്യമെന്ന് കരുതുന്ന 'റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്'  ലഭിക്കുകയുണ്ടായി. ക്യൂബയുടെ ജൈവവിപ്ലവത്തെകുറിച്ച് പഠിക്കാൻ ഇന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കുന്നു.

പതിനാല് വർഷങ്ങൾക്കു മുമ്പ് ക്യൂബയിൽ നടന്ന  ഈ നിർമ്മാണാത്മകമായ വിപ്ലവത്തെ പറ്റി 'ഒരേ ഭൂമി ഒരേ ജീവൻ' മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച "ക്യൂബയിലേക്കോരു ക്യൂ" എന്ന ലേഖനങ്ങളുടെ സമാഹാരം  അന്നത്തെ ജൈവകർഷകർക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നതാണ്. ജനകീയ വിപ്ലവത്തെക്കുറിച്ചും ഫിദൽകാസ്ട്രോയുടെ നേതൃത്വത്തെക്കുറിച്ചുമെക്കെ വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷം ക്യൂബയിലെ ഈ നിർമ്മാണാത്മകമായ ജൈവവിപ്ലവത്തെ വേണ്ടത്ര പരിഗണിച്ചില്ല. ഇപ്പോൾ ഈ കൊറോണക്കാലത്ത് നമ്മുടെ ഇടതുപക്ഷ സർക്കാർ ഭക്ഷ്യ കൃഷിയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു. നല്ലതു തന്നെ, ഒരു പ്രതിസന്ധി വരുമ്പോഴാണല്ലോ ചിലപ്പോൾ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുക.!

കേരളത്തിനാവശ്യമായ ഭക്ഷണത്തിന്റെ 80 ശതമാനത്തോളവും പുറമെ നിന്നാണ് വരുന്നത്. കേരളത്തിൽ കൃഷി ഭൂമിയില്ലാത്തതു കൊണ്ടല്ല ഇങ്ങനെയായത്. നാണ്യവിളകൾക്ക് നൽകിയ മുൻതൂക്കം  മൂലമാണ്.  നമ്മുടെ കാർഷിക യോഗ്യമായ  ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെൽകൃഷി. വെറും 5 ശതമാനം മാത്രമാണ് പച്ചക്കറി കൃഷി. ക്യൂബ പഞ്ചസാര കയറ്റിയച്ചതുപോലെ നമ്മൾ നാണ്യവിളകൾ കയറ്റിയയ്ക്കുന്നു. കോടി കണക്കിന് രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ ഇറക്കുമതി ചെയ്തുക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
വിദേശപണവും ടൂറിസവും മദ്യവും റബ്ബറുമൊക്കെയാണ് നമ്മുടെ എക്കണോമി. പൂർണ്ണമായും പരാശ്രിതമായ സമ്പത്ത് വ്യവസ്ഥ.! 

സർക്കാർ പച്ചക്കറി കൃഷി ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതും വിത്തുകൾ നൽകുന്നതുമൊക്കെ ഏറെ പ്രതീക്ഷ നല്‍കുന്ന സംഗതിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയോ അതിനാവശ്യമായ സംവിധാനങ്ങളോ  നമുക്കുണ്ടോ?  തീർത്തും ഉപരിപ്ലവമായാണ് കാര്യങ്ങൾ നീങ്ങുന്നത്. ജൈവകൃഷിയിൽ ഒട്ടും വിശ്വാസമില്ലാത്ത ഭാരിച്ച ശമ്പളം പറ്റുന്ന കുറെ കാർഷിക വിദഗ്ദരുള്ള നമ്മുടെ കാര്‍ഷിക സർവകലാശാല അഴിച്ചു പണിയേണ്ടിയിരിക്കുന്നു.!

ഭക്ഷ്യ സ്വാശ്രയത്തെ കുറിച്ച് സംസാരിക്കുമ്പോൾ എന്തോ നാണംകെട്ട പരിപാടിയാണെന്ന് നെറ്റി ചുളിക്കുന്ന പലരുമിണ്ടിവിടെ.
മദ്യം വിറ്റു കാശുണ്ടാക്കുകയും അതു കുടിച്ച് കരള് തകർന്ന ജനങ്ങളെ ചികിത്സിക്കാൻ ലോട്ടറി വിൽക്കുകയും ചെയ്യുന്ന സാമ്പത്തിക - ആരോഗ്യ ക്രമത്തോട് ഇവർക്കൊട്ടും നാണമില്ലാതാനും.!
കേരളത്തിൽ ഒരു കാലത്തും ഭക്ഷ്യ സ്വയംപര്യാപ്ത ഉണ്ടായിരുന്നില്ലായെന്നും ഇനിയുണ്ടാകാനും പോകുന്നില്ലായെന്നും വിശ്വസിക്കുന്നവരാണിവർ.! അതേ സമയം തന്നെ ഏറ്റവും കൂടുതൽ പ്രമേഹരോഗവും കാൻസർ രോഗമുള്ളതുമൊക്കെ കേരളത്തിൽ തന്നെയാണ്.  ഇതും കൂടി മാറ്റിയാലേ കേരളത്തിന്റെ ആരോഗ്യ രംഗത്തെ സ്തുതികൾ അർത്ഥവത്താകൂ..!

ആരോഗ്യമുള്ള ഭക്ഷണം പ്രാദേശികമായി ഉറപ്പു വരുത്തലായിരിക്കണം ഒരു സർക്കാരിന്റെ പ്രഥമ കടമ. നമ്മുടെ ഉൽപാദനമേഖലയെ ആ രീതിയിൽ മെച്ചപ്പെടുത്താനും കുറേപേർക്ക് തൊഴിൽ ലഭിക്കാനും അതുവഴി സാധിക്കും. ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. കൊറോണ പോലെയുള്ള മഹാമാരികളും പ്രതിസന്ധികളും വരുമ്പോൾ അയൽ സംസ്ഥാനങ്ങൾ കൊട്ടിയടച്ച അതിർത്തി തുറക്കാൻ കോടതി നിരങ്ങേണ്ട ഗതികേടുമുണ്ടാകില്ല.

ഇതൊരവസരമാണ്. ജനങ്ങൾ തയ്യാറാണ്. കുറച്ചു ജൈവകൃഷിയിൽ തൽപരരായ ചെറുപ്പക്കാരെ തയ്യാറാക്കുക. അവർക്കാവശ്യമായ പരിശീലനങ്ങൾ നൽകുക. അവരെ ജനങ്ങളുടെ അടുത്തേയ്ക്ക് അയക്കുക. ഒപ്പം  പ്രാദേശിക വിപണികളുമൊരുക്കുക. നമ്മൾ വിചാരിച്ചാൽ പുറമേയ്ക്ക് കൊടുക്കാനുള്ള പച്ചക്കറി വരെയുണ്ടാക്കാൻ പറ്റും. പച്ചക്കറിക്കൊപ്പം നെല്ലും മീനും പ്രാദേശികമായി ആവുന്നത്ര ഉണ്ടാക്കാൻ സാധിക്കണം.  അങ്ങനെയൊരു ചരിത്രവും നമുക്കുണ്ടായിരുന്നു.   ഈ പ്രതിസന്ധിയെ നാം മറികടക്കേണ്ടത് ഇങ്ങനെയും കൂടിയായിരിക്കണം.


2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

വാലന്റൈൻ ദിനാഘോഷവും നമ്മുടെ കാഴ്ചപ്പാടും

💞

എല്ലാ ന്യൂ ജെനറേഷനുകളും നിർബന്ധമായും വായിക്കാൻ ശ്രമിക്കുക...

എല്ലാ വർഷവും ഫെബ്രുവരി 14- നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം, അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം എന്നാണു ഇതറിയപ്പെടുന്നത്. വിശേഷിച്ചും പാശ്ചാത്യർ തങ്ങൾ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ കൈമാറാനും ഇഷ്ടം അറിയിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. യുവത്വം ആഗോള വിശുദ്ധ ദിനമായി ഫെബ്രുവരി 14 ആഘോഷിക്കാൻ വെമ്പൽ കൊള്ളുകയാണ്. നിരവധി കഥകൾ ഇതുമായി ബന്ധപ്പെട്ടു പറയപ്പെടുന്നു...

*ഒരൽപം ചരിത്ര കഥ:*

മൂന്നാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തി തന്റെ സേന വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ യുവാക്കൾ പുതുതായി സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു. ഇതിന്റെ കാരണം ചക്രവർത്തി കണ്ടെത്തി. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹവും വിവാഹ നിശ്ചയങ്ങളും നിരോധിച്ചു...

 ഈ കാലഘട്ടത്തിൽ വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, ഈ നിയമത്തെ മറികടന്നു. പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി രഹസ്യമായി പെണ്‍കുട്ടികൾക്ക് കത്തയക്കുകയും അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാനും തുടങ്ങി. ഇതിനെ ഒരു പിടി യുവാക്കളും പിന്തുണച്ചു. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈൻ ബിഷപ്പിനെ ജയിലിൽ അടച്ചു...

വാലൻന്റൈൻ ബിഷപ്പ് അസ്റ്റീരിയസ് എന്ന ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു എന്നാണു പറയപ്പെടുന്നത്. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. എ. ഡി. 270 ഫെബ്രുവരി 14 നായിരുന്നു ഈ സംഭവം. തലവെട്ടാൻ കൊണ്ടുപോകുന്നതിനു മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് "ഫ്രം യുവർ വാലൻന്റൈൻ" എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ചക്രവർത്തിയുടെ കൽപനയാൽ തലയറുത്തു കൊലചെയ്യപ്പെട്ട ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി വിശുദ്ധൻ രക്ത സാക്ഷിയായ ദിനം എന്ന അർത്ഥത്തിൽ ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം അഥവാ പ്രണയത്തിന്റെ ദിനം എന്ന നിലയിൽ ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ആദ്യമായി വാലന്റൈന്സ് ഡേ ആഘോഷിച്ചത് റോമിൽ ആയിരുന്നു. ആദ്യമായി സന്ദേശങ്ങളും ഗിഫ്റ്റുകളും ഈ ദിവസത്തിൽ അയക്കാൻ ആരംഭിച്ചത് അമേരിക്കയിൽ ആണ് എന്നൊരു വിശ്വാസവുമുണ്ട്. വാലന്റൈൻ എന്ന പുരോഹിതന്റെ ഓർമ്മയായിട്ടാണ് ഇത് തുടങ്ങിയതെങ്കിലും കാലക്രമേണ ലോകത്തെമ്പാടും അത് കമിതാക്കളുടെ ദിനമായി പരിണമിക്കുകയായിരുന്നു...

വാലന്റൈന്‍സ് ഡേ പല രൂപങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ പേരുകള്‍ എഴുതി ഒരു ബോക്‌സില്‍ നിക്ഷേപിക്കുന്നു. കല്യാണ പ്രായമായ പുരുഷന്മാര്‍ അതില്‍ നിന്ന് ഒന്നെടുത്ത്, ആരുടെ പേരാണോ അതില്‍ ഉള്ളത് ആ സ്ത്രീയുമായി ഒരു വര്‍ഷക്കാലം സഹവസിക്കുന്നു. ആ സമയത്തിനിടക്ക് അവര്‍ പരസ്പരം സമ്മതിച്ച് വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ ആഘോഷത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു. പിന്നീട് ക്രൈസ്തവ സഭ ഇത്തരം ആഘോഷങ്ങള്‍ വിലക്കുകയും അതിന്റെ ഫലമായി ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു.

 പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ പുനരാരംഭിച്ചു. പ്രണയ ലേഖനങ്ങളും കവിതകളും ആശംസകളും അടങ്ങിയ "വാലന്റൈന്‍സ് ബുക്ക്" എന്ന പുസ്തകം വിപണിയില്‍ വ്യാപകമായി കിട്ടിത്തുടങ്ങി. ആശംസാ കാർഡുകളും, ചുവന്ന പൂക്കളും, ഹൃദയത്തിന്റെ ചുകപ്പൻ രൂപങ്ങളും, ചുവപ്പ് വസ്ത്രങ്ങളും, കേക്കുകളും കമ്പോളത്തിലെത്തി. പിന്നീട് ഇന്റര്‍നെറ്റും ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളും ഈ ആഘോഷത്തെ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു...

മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കൂടി വരുന്നു. ഇത് മനുഷ്യ സമൂഹത്തിൽ അരാജകത്വവും അധാർമ്മികതകളും വളർത്തുന്ന ദിനമായിട്ടാണ് അനുഭവപ്പെടുന്നത്. അതിനാലാണ് ചില രാജ്യങ്ങൾ ഇതിനെതിരെ രംഗത്ത് വരുന്നത്...

ഉദാഹരണമായി "പ്രണയ ദിനത്തില്‍ സെക്‌സ് പാടില്ല, ക്ഷേത് രദര്‍ശനം നടത്തി മനസ് ശുദ്ധമാക്കണം." തായ്‌ലന്‍ഡിലെ ബാങ്കോക്ക് ഭരണാധികാരികളാണ് ഇങ്ങനയൊരു നിര്‍ദേശവുമായി നഗരവാസികളെ സമീപിച്ചിരിക്കുന്നത്. തെക്കന്‍ ഏഷ്യയില്‍ കൗമാരക്കാരില്‍ ഏറ്റവും അധികം അവിഹിത ഗര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തായ്‌ലന്റിലാണ്. അതുപോലെ എച്ച്‌. ഐ. വി. ബാധ ഏറ്റവും കൂടുതലുള്ള പുരുഷന്‍മാരും ഇവിടെയാണുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് വ്യാപകമായ ആഘോഷങ്ങള്‍ നടത്തിവരുന്നു. ബുദ്ധമത വിശ്വാസികളേറെയുള്ള തായ്‌ലന്‍ഡില്‍ പാശ്ചാത്യ ജീവിത രീതികള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ വക ഇങ്ങനെയൊരു പ്രഖ്യാപനം. പ്രണയദിനം ആഘോഷിക്കാന്‍ ഏറ്റവും നല്ല വഴി ദേവാലയത്തില്‍ പോകുന്നതാണ് എന്ന് അധികൃതര്‍ പറയുന്നു. കന്യകാത്വം നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ദിവസമാണ് വാലന്റൈന്‍സ് ഡേ എന്ന സര്‍വേ ഫലങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നീക്കം ബന്ധപ്പെട്ടവർ നടത്തുന്നത്. നമ്മുടെ രാജ്യത്തും ഇതിനെതിരെ പല സംഘടനകളും രംഗത്ത് വരുന്നുണ്ട്.

*ഈ വിഷയത്തിലുള്ള നമ്മുടെ കാഴ്ചപ്പാട്:*

   അറിയുക, മനുഷ്യനുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഇസ്ലാം നമുക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മനുഷ്യർക്ക് ഗുണപരമായ ഏതു കാര്യവും ഇസ്ലാം അംഗീകരിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്നേഹവും കാരുണ്യവും ഇസ്ലാമിന്റെ മുഖമുദ്രയാണ്. ഇസ്ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. അതിന്റെ നിയമ നിർദ്ദേശങ്ങൾ സൃഷ്ടാവായ അല്ലാഹു അവന്റെ അവസാനത്തെ ദൂതനായ മുഹമ്മദ്‌ നബി  (സ) മുഖേന മാനവ സമൂഹത്തിനു അറിയിച്ചു തന്നതാണ്...

മുസ്ലിം സമൂഹത്തോട് മാത്രമല്ല, ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാ മനുഷ്യരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ്ലാമിന്റെ പൊതുതത്വം. ഒരാൾ മറ്റൊരാളെ സ്നേഹിക്കേണ്ടത് എങ്ങനെ എന്നും അതിനുള്ള രീതികൾ എന്താണെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാര രീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ്ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നു ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു.

 അതിനാൽ പറയട്ടെ.., ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും തികച്ചും ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഒരു വിശ്വാസിക്ക് ആചരിക്കാൻ കഴിയില്ല. ഇത് യുവതി യുവാക്കളെ മാത്രമല്ല ഇളം തലമുറയെ പോലും വഴി തെറ്റിക്കുന്നു എന്നാതാണ് യാഥാർത്ഥ്യം. "സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു."
 (അല്‍ഹുജുറാത്ത് : 10) ഇങ്ങനെയാണ് വിശുദ്ധ ഖുർആൻ നമ്മോടു പറയുന്നത്.

 ഇസ്ലാം ആളുകളെ പരസ്പരം മാനസികമായി അടുപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള ധാരാളം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിശ്വാസി സമൂഹത്തിനായുള്ള ആഘോഷ സുദിനങ്ങളും ഇസ്ലാം അറിയിച്ചിട്ടുണ്ട്. വർഷത്തിലെ രണ്ടു പെരുന്നാളുകൾ മുസ്ലിംകളുടെ ആഘോഷ സുദിനങ്ങളാണ്. എന്തിനധികം തമ്മിൽ കണ്ടുമുട്ടുമ്പോൾ സലാം പറയണം എന്നത് പോലും പരസ്പരം സ്നേഹം നില നിർത്താനുള്ള മാർഗ്ഗമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്...

 എന്നാൽ, നിങ്ങൾ പരസ്പരം സ്നേഹം പങ്കിടൂ എന്ന് പഠിപ്പിക്കുന്ന ഇസ്ലാം വാലന്റൈന്‍സ് ഡേ പോലുള്ള പ്രത്യേക അവസരങ്ങളില്‍ പാശ്ചാത്യന്‍ രീതികളെ അന്ധമായി അനുകരിച്ച് അധാര്‍മിക മാര്‍ഗം അവലംബിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുന്നു. നന്മകൾ പ്രോത്സാഹിപ്പിക്കാനും തിന്മകൾ നിരുത്സാഹപ്പെടുത്താനും ആണ് ഇസ്ലാം മനുഷ്യരോട് പറയുന്നത്. അതിനാൽ തിന്മകൾക്കു വളംവെക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷത്തിനു ഇസ്ലാമികമായി യാതൊരു അടിസ്ഥാനവും ഇല്ല. അതിനാല്‍ ഈ ആഘോഷത്തില്‍ ഏത് രൂപത്തിലുള്ള പങ്കാളിത്തവും ഒരു വിശ്വാസി എന്ന നിലയിൽ ഒഴിവാക്കപ്പെടേണ്ടതാണ്.

 മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഈ ദിവസത്തിൽ നടക്കുന്നതായി നമുക്ക് കാണാം. കണ്ണിൽ കാണുന്ന എന്തിനെയും മുൻപിൻ നോക്കാതെ നെഞ്ചിലേറ്റുന്ന കൗമാരത്തെ സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ വര്‍ത്തമാന കാലം നമുക്ക് കാണിച്ചുതരുന്നത്...

 കൂട്ടത്തിൽ പറയട്ടെ.., ഇന്ന് ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്നത് സാമ്രാജ്യത്ത്വ മുതലാളിത്ത്വ വ്യവസ്ഥിതികൾക്ക് കീഴ്പ്പെട്ട കമ്പോള താല്പര്യങ്ങളാണ്. അവയുടെ ചരക്കുകൾ വിറ്റഴിക്കാനുള്ള കുടില തന്ത്രങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം ആഘോഷങ്ങൾ എന്ന് നാം അറിയണം. അവരുടെ താല്പര്യങ്ങൾക്ക് ഓശാന പാടാതെ, നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും പണയം വെക്കാതെ ജാഗ്രത പാലിക്കാൻ നാം തയ്യാറാകണം.

 യുവതി യുവാക്കൾ പരസ്പരം ദർശിക്കാനും സ്പർശിക്കാനും ഉള്ള അവസരമായി സ്വീകരിക്കുന്നതും വാണിജ്യ വല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ത്ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ദാമ്പത്യ ബന്ധത്തിലും, കുടുംബ ജീവിതത്തിലും ഉണ്ടാകേണ്ട പവിത്രതയും മൂല്യ ബോധവും തകർത്തെറിഞ്ഞു ധാര്‍മിക മൂല്യച്യുതിയിലേക്കും ആഭാസത്തിലേക്കും മാനവികതയെ പ്രത്യേകിച്ച് യുവതയെ തള്ളിവിടുകയും ചെയ്യുന്നു എന്നതാണ് സത്യം...

 ഇസ്ലാമിക വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഇത്തരം ആഘോഷങ്ങൾ ഒരു വിശ്വാസി ആഘോഷിക്കുവാൻ പാടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സൗദി ഫത്‌വാ ബോർഡു നൽകിയ മറുപടിയുടെ രത്നച്ചുരുക്കം.