2020, ജൂൺ 5, വെള്ളിയാഴ്‌ച

അല്‍പം കൂടി കാത്തിരിക്കാൻ എന്ത് തടസ്സമാണുള്ളത്?

"പടച്ചോനേ ഞാൻ പള്ളിയിൽ പോകുന്നു, വന്നിട്ട് കാണാട്ടോ" എന്ന് പറഞ്ഞ സൂഫിയുടെ ഒരു കഥ കേട്ടിട്ടുണ്ട്. ദൈവം ആരാധനാലയങ്ങള്‍ക്കകത്താണോ എന്നത് ആരാധനാലയങ്ങളോളം പഴക്കമുള്ള ഒരു ചര്‍ച്ചാ വിഷയമാണ്.

ഒരുപക്ഷേ ആരാധനകളെയും ജീവിതവിശുദ്ധിയെയും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് പല വീക്ഷണങ്ങളുള്ളതായി കാണാം.

ആരാധനകളും മൂല്യങ്ങളും വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഒന്നാണെന്നും രണ്ടും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്നും രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വാദിക്കുന്ന ഒരു കൂട്ടര്‍.

മോക്ഷം കിട്ടാൻ ആരാധനാ കര്‍മങ്ങൾ മതിയെന്നും ജീവിതത്തിലെ മൂല്യരാഹിത്യങ്ങളെ ആരാധനകൾ കൊണ്ട് പരിഹരിക്കാമെന്നും (വാദിക്കുന്നില്ലെങ്കിലും) വിശ്വസിക്കുന്ന മറ്റൊരു കൂട്ടര്‍.

ആരാധനകൾ പ്രധാനവും എപ്പോഴും നിലനില്‍ത്തേണ്ടതുമാണെങ്കിലും മൂല്യങ്ങള്‍ക്കാണ് ഏറ്റവും പവിത്രതയെന്നും ആരാധനകളുടെ അനുവര്‍ത്തനം തന്നെ മൂല്യബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണെന്നും മൂല്യബോധത്തിന്റെയും ജീവിതവിശുദ്ധിയുടെയും അഭാവത്തിൽ അനുഷ്ഠാനങ്ങളൊന്നും ഫലവത്താകില്ലെന്നും ചിന്തിക്കുന്നു മൂന്നാമത്തെ കൂട്ടര്‍.

മൂല്യബോധവും വിശുദ്ധിയുമുണ്ടെങ്കിൽപ്പിന്നെ ആരാധനകളേ വേണ്ടതില്ല എന്ന് വാദിക്കുന്ന ആളുകളും ഉണ്ട് എന്നത് മറക്കുന്നില്ല.

വേറൊരു കോണിൽ നിന്ന് നോക്കിയാല്‍,
ആരാധന തന്നെ ജീവിതമാക്കിയ ഒരു കൂട്ടര്‍,
ജീവിതത്തെ ആരാധനയാക്കിയ മറ്റൊരു കൂട്ടരും.

ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിനെക്കുറിച്ച വിശകലനങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ.

പള്ളിയിൽ ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനാണ് പ്രവാചകൻ പഠിപ്പിച്ചത്. അതുകൊണ്ട് സാമൂഹ്യമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ഒറ്റക്കുള്ള ആരാധനയെക്കാൾ ഇരുപത്തേഴിരട്ടി ഫലപ്രദം എന്ന് നബി അതിനെക്കുറിച്ചരുളിയിട്ടുണ്ട്. ആ ഫലങ്ങളാകട്ടെ, ഒരുമിച്ച് ചേരുമ്പോഴുള്ള സാമുഹ്യഫലം കൂടി ചേരുന്നതാണ്.

അന്നിലക്ക് പള്ളിയിൽ ഒരുമിച്ചു ചേരുന്നത് ഫലപ്രദമായ, പുണ്യകരമായ ഒരു കാര്യം തന്നെയാണ്. അതങ്ങനെയല്ലാത്തതു കൊണ്ടല്ല കഴിഞ്ഞ കുറേ ദിവസങ്ങളായി നാം പള്ളികൾ പൂട്ടിയിട്ടത്. സാമൂഹികമായ ഒരു നന്മയെ ലാക്കാക്കിയാണ് അപ്രകാരം ചെയ്തത്.

ഒരുപക്ഷേ, ഒരുമിച്ചു ചേരുമ്പോൾ ലഭിക്കുന്ന സാമൂഹ്യഫലങ്ങളുടെ ആയിരം ഇരട്ടി ഫലപ്രദമായിരിക്കും ഇന്നേരത്ത് ശാരീരികമായ അകലം പാലിക്കാനുള്ള ഈ തീരുമാനം എന്ന് ഇതെഴുതുന്നയാൾ കരുതുന്നു.

ഇതിലുണ്ടാകുന്ന അസ്വസ്ഥതകളെ ഒരുതരം ഒബ്‌സെഷനായി മാത്രം കാണാനേ എന്റെ ബോധം എന്നെ അനുവദിക്കുന്നുള്ളൂ എന്ന് പറയേണ്ടി വരുന്നു. തുടക്കം മുതല്‍ക്കേ ആ അസ്വാസ്ഥ്യം ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. ഖുൽ ഇന്നൽമൗതല്ലദീ തഫിര്‍റൂന മിന്‍ഹു ഫ ഇന്നഹു മുലാഖീകും എന്ന ആയത്തൊക്കെ ഓതിക്കൊണ്ടാണ് ഈ പ്രകടനം.

സര്‍ക്കാറിന്റെ വിളംബരം വരുന്നതിന് മുന്നേ തന്നെ സാമൂഹ്യസാഹചര്യം കണക്കിലെടുത്ത് പള്ളി പൂട്ടിയിടാൻ തീരുമാനിച്ച *പെരിന്തൽമണ്ണ ഹുദ മഹല്ല് കമ്മിറ്റിയെ* ഇപ്പോൾ വീണ്ടും അഭിനന്ദിക്കേണ്ടതുണ്ട്. പല പള്ളികളും ഉടനെത്തന്നെ ആ പാത പിന്തുടര്‍ന്നു.

ഇപ്പോഴിതാ തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്തും ഉചിതമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നു.

ആരാധനാലയങ്ങൾ തുറക്കാൻ സര്‍ക്കാർ അനുമതി നല്‍കിയപ്പോഴും തല്‍ക്കാലം പെട്ടെന്ന് തുറക്കേണ്ടതില്ല എന്നവർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പള്ളിയെയും പള്ളിയിൽ വരുന്നവരെയും പരിപാലിക്കാൻ തങ്ങള്‍ക്ക് കഴിയില്ല എന്നും അവർ തുറന്നു സമ്മതിക്കുന്നു.

ഇക്കാര്യം തുറന്ന് സമ്മതിക്കാതെ, നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് വരുത്തിക്കൊണ്ട് പള്ളികൾ തുറക്കുന്നുണ്ടെങ്കിൽ അത് വലിയ ദ്രോഹമായിത്തീരും എന്നത് മറക്കരുത്.

നൂറോ അതില്‍ക്കുറവോ മാത്രം ആളുകൾ
താപനില പരിശോധിക്കാനുള്ള സൗകര്യം
രോഗലക്ഷണങ്ങളുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും കുട്ടികളെയും വൃദ്ധന്മാരെയും അകറ്റി നിര്‍ത്തല്‍
ഗ്രന്ഥങ്ങളിലോ മറ്റോ തൊടാന്‍ അനുവദിക്കായ്ക
കര്‍ശനമായ സാമൂഹിക അകലം
കയറാനും ഇറങ്ങാനും പ്രത്യേക വഴികള്‍...

ഇതൊക്കെ പാലിക്കാൻ ഏത് പള്ളിക്കമ്മിറ്റിക്കാണ് സാധിക്കുക. അത് പറ്റാതെ വരുമ്പോൾ നിയമം ലംഘിക്കപ്പെടും. നമ്മുടെ നാട്ടിൽ ആരാധനാലയങ്ങളിലും മറ്റുമൊക്കെ പൊലീസിന് ഇടപെടുന്നതിലും പരിമിതികളുണ്ട്.

ഒന്നോര്‍ക്കുക..,
ആരാധനാലയങ്ങൾ സമൂഹത്തിന്റെ രോഗം ശമിപ്പിക്കുന്നതിന് വേണ്ടിയാവണം,
രോഗം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാകരുത്.

ഫലപ്രദമല്ലാത്ത ആരാധനകൾ കൊണ്ടെന്ത് പ്രയോജനം! (അല്‍പം കൂടി കാത്തിരിക്കാൻ എന്ത് തടസ്സമാണുള്ളത്?)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ