പെരിന്തൽമണ്ണ....
പഴമയും പുതുമയും
ഇഴപിരിഞ്ഞു കിടക്കുന്ന നാട്...
വള്ളുവക്കോനാതിരികൾ ഭരിച്ചിരുന്ന വള്ളുവനാട് പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പെരിന്തൽമണ്ണ. മലപ്പുറം ജില്ലയിലെ ഒരു പ്രധാന നഗരസഭ പ്രദേശമായ പെരിന്തൽമണ്ണ വ്യാപാര കേന്ദ്രം ആയിട്ടാണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.
പഴമയുടെ അടയാളങ്ങൾ ഇവിടെ നിന്നും ശരവേഗത്തിൽ മറയുകയാണ്, മാറ്റങ്ങൾ ചരിത്രത്തെ പിന്നിലാക്കുമ്പോൾ വികസനത്തെ കൂടെപിടിക്കുവാൻ ഈ നാട് മറന്നിട്ടില്ല, മലപ്പുറം ജില്ലയിൽ തന്നെ അതിവേഗം വളരുന്ന നഗരമായി മാറുകയാണ്.
എന്തുതന്നെയായാലും മലബാറിൻറെയും വള്ളുവനാടിൻറെയും ഒക്കെ ചരിത്രം തിരഞ്ഞെത്തുമ്പോൾ ആദ്യം എത്തിപ്പെടേണ്ട ഇടം പെരിന്തൽമണ്ണയാണ്.
വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും നടത്തിവന്നിരുന്ന കായികാഭ്യാസപ്രകടനം അഥവാ "പെരുംതല്ല്" മത്സരം അരങ്ങേറിയിരുന്ന ഇടം, ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ പൊരുംതല്ല് നടന്നിരുന്നത്, ഈ പെരുംതല്ല് നടന്ന പ്രദേശം കാലക്രമേണ പെരിന്തൽമണ്ണ എന്ന വിളിപ്പേരിലേക്ക് മാറി എന്നതും ഒരു ചരിത്രമാണ്.
പെരിന്തൽമണ്ണയുടെ കഥകൾക്ക് സാക്ഷികളായിരുന്ന കെട്ടിടങ്ങൾ അപ്രത്യക്ഷമാകുവാൻ തുടങ്ങിയിട്ട് കാലങ്ങളായി. എങ്കിലും ഒരുകാലത്തിനും പിടികൊടുക്കാതെ ചിലതെങ്കിലും ബാക്കിയുണ്ട്, പാതായിക്കര മനയാണ് അതിൽ പ്രധാനപ്പെട്ടത്. നിരവധി പുരാതന ആചാരങ്ങൾ നിലനിന്നിരുന്ന മന ഇന്ന് കഴിഞ്ഞുപോയ കാലത്തിൻ്റെ ശേഷിപ്പായി നിലനിൽക്കുന്നു.
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തെ പരാമർശിക്കാതെ പെരിന്തൽമണ്ണയുടെ ചരിത്രം പൂർത്തിയാവില്ല,
കേരളത്തിലെ തന്നെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വള്ളുവനാട് രാജാക്കന്മാർ പരിപാലിച്ചു പോന്നിരുന്ന ഈ ക്ഷേത്രം കേരളത്തിലെ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതു കൂടിയാണ്. പേരുപോലെ തന്നെ ഒരു ചെറിയ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി വിഗ്രഹമാണ് തിരുമന്ധാംകുന്നിലേത്.
മലബാറിലെ ആദ്യ ഹൈസ്കൂൾ, ആദ്യ കോടതി, ആദ്യ താലൂക്ക് ഓഫീസ് എന്നിവ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ചത് പെരിന്തൽമണ്ണയിലാണ്.
മലബാറിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇന്നത്തെ പെരിന്തല്‍മണ്ണ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. 1865-ല്‍ റൈറ്റ് സ്കൂള്‍ ആയിട്ടാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രഫഷണൽ കോളേജുകളും എജിനീയറിംങ് കോളേജും അലിഖഡ് മുസ്ലീം യൂണിവേഴ്സിറ്റിയും കൊണ്ട് സമ്പന്നമാണിവിടം.
തളിക്ഷേത്രം, പുത്തൂര്‍ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം തുടങ്ങിയ ഒട്ടനവധി ക്ഷേത്രങ്ങളും. പാതായിക്കര ജുമാ മസ്ജിദ്, മാനത്ത്മംഗലം ജുമാ മസ്ജിദ് തുടങ്ങി ഒട്ടനവധി മുസ്ലീം പള്ളികളും. ലൂര്‍ദ് മാതാ ചര്‍ച്ച്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് തുടങ്ങിയവയുമാണ് ഇവിടുത്തെ പ്രധാന ആരാധാനലയങ്ങൾ.
കേരള ചരിത്രത്തിലെ ഒട്ടേറെ മഹാരഥന്മാർക്ക് ജന്മം നൽകിയ നാടാണ് പെരിന്തൽമണ്ണ. പൂന്താനവും ഇഎംഎസും അവരിൽ ചിലർ മാത്രമാണ്. കേരള ചരിത്രത്തിൽ തന്നെ കൊടുങ്കാറ്റു വീശിയിട്ടുള്ള പല തീരുമാനങ്ങൾക്കും കാരണമായ ഇഎംഎസ് ജനിച്ച ഏലംകുളം മനയും ഈ നാടിൻ്റെ അഭിമാനത്തിൻ്റെ ഭാഗമാണ്.
ആശുപത്രികളുടെ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ,നാല് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും, ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയായ ഇഎംഎസ് സ്മാരക ആശുപത്രിയും കൂടാതെ ഗവ. ജില്ലാശുപത്രിയും സ്ഥിതി ചെയ്യുന്നു.
പെരിന്തൽമണ്ണയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്, സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന സിഗ്നല്‍ പോയിന്റായിരുന്നു. സര്‍വേയ്ക്കായി മലയിൽ അവര്‍ കൊടി കുത്തിയതോടെയാണ് "കൊടികുത്തിമല" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍
പറ്റിയ സമയം.
കോഴിക്കോട് കടൽ മുതൽ മണ്ണാർക്കാട് ഡാം വരെയുള്ള പ്രദേശങ്ങളുടെ ദൂര കാഴ്ച ഇവിടെ നിന്ന് സാധ്യമാകും. കൊടികുത്തിയുടെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ