2020, ഏപ്രിൽ 14, ചൊവ്വാഴ്ച

സ്വന്തം ഭാര്യയെ ഇനിയെങ്കിലും അത്ര മോശക്കാരിയായി കാണാതിരിക്കുക!


    ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഭാര്യമാരെയും കൊറോണയേയും താരതമ്യം ചെയ്തു കൊണ്ട് ചിലർ പടച്ചു വിടുന്ന ട്രോളുകൾ കൊണ്ട്നിറഞ്ഞിരിക്കുകയാണല്ലോ.
21 ദിവസം ഭാര്യയോടൊപ്പം ജീവിക്കുന്നതിന് ആശംസകളും ഓൾ ദി ബെസ്റ്റും…ഇവരൊക്കെ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും..

കല്യാണം കഴിക്കാൻ പെണ്ണു തിരക്കി നാടു മുഴുവൻ നടന്ന് പെണ്ണിനു മൂക്കിൽ രണ്ട് ദ്വാരം, ചിരിക്കുമ്പോൾ പല്ലു കാണാം ഉറങ്ങുമ്പോൾ കണ്ണടയ്ക്കും മുതലായ കുറ്റങ്ങളും പാസ്സാക്കി ചായയും പലഹാരവും വെട്ടി വിഴുങ്ങി ഒടുവിൽ ഏതോ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും രാജകുമാരിയായി ജീവിക്കുന്ന ജീവിതത്തെപ്പറ്റി ഒരുപാട് പ്രതീക്ഷകളുള്ള ഒരു പെണ്ണിനെ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു..

കല്യാണം കഴിഞ്ഞും പഠിപ്പിക്കാം ജോലിക്ക് വിടാം..ഗൾഫിലേക്ക് കൂടെ കൊണ്ടു പോകാം എന്നൊക്കെയുള്ള നടക്കാത്ത വാഗ്ദാനങ്ങൾ കൊടുക്കും..എന്നിട്ട് സ്വന്തം ഭാര്യയെ പുലർത്താൻ അവളുടെ പാവം തന്തയെ പിഴിഞ്ഞ് പൊന്നായും പണമായും എണ്ണി മേടിച്ച് താലിയെന്നൊരു കുരുക്കിൽ തളച്ച് അവളെ സ്വന്തം വീട്ടിൽ അമ്മായിയമ്മ/നാത്തൂൻമാരുടെ അസൂയപ്പോരിനിടയ്ക്ക് കൊണ്ടു തള്ളും..

മോന് ഏതെങ്കിലുമൊരു പെണ്ണു കിട്ടിയാൽ മതിയെന്ന് പ്രാർത്ഥനയുമായി നടന്ന ചില തളളമാർക്ക് പെണ്ണൊരുത്തി വന്നു കയറുമ്പോഴേക്ക് തുടങ്ങും സൂക്കേട്..പിന്നെ തൊടുന്നതും വെക്കുന്നതും കുറ്റം..ആദ്യ ദിനം തന്നെ തുടങ്ങും കൊണ്ടുവന്ന പൊന്നിന്റെ കണക്കെടുപ്പ്.സ്വന്തം വീട്ടിലേക്കൊന്നു പോകാനിറങ്ങിയാൽ കാലു വേദന,തലകറക്കം ഇല്ലാത്ത അസുഖങ്ങളില്ല.

പുതുപ്പെണ്ണിനെ കാണാൻ വന്ന അഞ്ചാറ് അയൽക്കാരികളാരെങ്കിലും "അയ്യോ ഇത്ര നാൾ നോക്കി നടന്നിട്ട് മോന് ഇതേ കിട്ടിയുള്ളോ " എന്നൊരു വാക്കു കിട്ടാൻ കാത്തിരിക്കും.
ഓ! എന്തു ചെയ്യാനാ നമ്മുടെ തലവര എന്നൊരു ദീർഘനിശ്വാസവും വിടും. കല്യാണ പിറ്റേന്ന് മുതൽ തുടങ്ങും വിശേഷം ആയില്ലേ എന്ന അന്വേഷണം.

വല്ല വിധേനയും ഗർഭിണി ആയാൽ ഓ.. വല്ലാതങ്ങ് തളരണ്ട...നമ്മളും ഇതൊക്കെ കഴിഞ്ഞാ വന്നതെന്നുള്ള പറച്ചിലും.ഇതൊക്കെ സഹിച്ച് നിങ്ങൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി  എച്ചിൽപാത്രവും കഴുകി നിങ്ങളുടെ അടിവസ്ത്രം വരെ അലക്കി സകല പണികളും ചെയ്ത് തളർന്ന് ഒടുവിൽ കിടപ്പറയിലെ പരാക്രമങ്ങളും സഹിച്ച് നിങ്ങൾ മാത്രമാണ് ലോകം എന്നു കരുതി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും.. ഈ ഭാര്യമാരെ കുറ്റപ്പെടുത്തുന്നവരോട് ഒറ്റ ചോദ്യം അഞ്ചു ദിവസം തികച്ച് ഭാര്യയോടൊത്തു ജീവിക്കാൻ കഴിയാത്ത ഇവരൊക്കെ എന്തിനാണ്  കല്യാണം കഴിക്കാൻ പോയത്? നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ "ഡാ പൊന്നുമോനെ ഞങ്ങടെ വീട്ടിൽ ഒരു പെണ്ണുണ്ട് ,നീ ഒന്നു വന്ന് കെട്ടിക്കൊണ്ട് പോടാ " എന്ന്? 

ഭാര്യയും അമ്മയോളം തന്നെ മഹത്ത്വമുള്ളവളാണ്..അമ്മ നിങ്ങൾക്കു വേണ്ടി സ്വന്തം ജീവൻ പകുത്തു നൽകുമ്പോൾ ഭാര്യ നിങ്ങളുടെ അടുത്ത തലമുറയെ ഉൾക്കൊള്ളാനായി സ്വന്തം ജീവനും ജീവിതവും നൽകുന്നു. ഭാര്യമാരെ തീരെ തരം താഴ്ത്തിയുള്ള പോസ്റ്റുകൾക്കും ട്രോളുകൾക്കും ലൈക്ക് അടിക്കാനും സപ്പോർട്ട് ചെയ്യാനുംകുറേ സ്ത്രീകൾ ഉണ്ടെന്നതാണ് അതിശയം..

നിങ്ങൾ ഭാര്യയോട് ഉപമിക്കുന്ന ഈ കൊറോണ ഉണ്ടല്ലോ.? അതു വന്നാൽ ഈ ലൈക്ക് തരുന്നവരൊന്നും നിങ്ങളുടെ ജില്ലയിൽ പോലും വരില്ല.എന്നാൽ അവിടെയും ഒരു മടിയും കൂടാതെ നിങ്ങളുടെ ഭാര്യ ഉണ്ടാവും..ഓരോ നിമിഷവും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവൾ ഉറങ്ങാതെ കാത്തിരിക്കും. എഴുന്നേൽക്കാൻ വയ്യാതെ പുഴുവരിച്ച് കിടന്നാലും നിങ്ങളുടെ മലവും മൂത്രവും ഒരറപ്പുമില്ലാതെ അവൾ കോരും. അവസാന തുള്ളി വെള്ളം തരാനും കാറ്റു പോയി തെക്കേപ്പറമ്പിലേക്കെടുക്കുമ്പോഴും നെഞ്ചത്തടിച്ചു കരയാനും അവൾ മാത്രമേ കാണൂ...
സ്വന്തം ഭാര്യയെ ഇനിയെങ്കിലും അത്ര മോശക്കാരിയായി കാണാതിരിക്കുക!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ