ഭയവും ഒരു ലഹരിയാണ്.
അതു ശീലിച്ചു പോയവര്‍ക്ക് ഇടയ്ക്കിടെ അതു കിട്ടിക്കൊണ്ടിരിക്കണം.
ഇല്ലെങ്കിലാണ് അവര്‍ക്കു ഫ്രസ്റ്റ്വേഷന്‍ (നിരാശ, മോഹഭംഗം etc) അനുഭവപ്പെടുക.
ഭയം ആഗ്രഹിച്ചു വരുന്നവര്‍ക്ക് മറ്റെന്തെങ്കിലും നല്‍കിയാല്‍
അവര്‍ തൃപ്തരാവില്ല.
അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. അവര്‍ക്കു വേണ്ടുന്ന ഉത്തരം ലഭിക്കുന്നതുവരെ അവര്‍ ചോദ്യങ്ങള്‍ ചോദിക്കും.
അവരാഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കില്‍ ഭയം ലഭിക്കുന്ന ഇടം നോക്കി അവര്‍ പോയിക്കൊണ്ടിരിക്കും.
മദ്യം ശീലിച്ചു പോയവര്‍ അതു കിട്ടാതെ വരുമ്പോള്‍ ഊടുവഴികളിലൂടെ മദ്യം അന്വേഷിച്ചു പോകുന്നതു പോലെ!
ഭയം മാത്രമല്ല ലഹരി..
ദു:ഖവും ഉത്കണ്ഠയും ദേഷ്യവും എല്ലാം ലഹരിയാണ്.
ദു:ഖിച്ചു ശീലിച്ചു പോയവര്‍ എങ്ങിനെയെങ്കിലും എവിടെ നിന്നെങ്കിലും അടുത്ത ദു:ഖത്തിനായുള്ള വക കണ്ടെത്തും.
ദേഷ്യം പിടിക്കുന്നവര്‍ ഇടയ്ക്കിടെ ദേഷ്യം പിടിച്ചു കൊണ്ടിരിക്കും.
അഥവാ, മിക്കവിഷയങ്ങളിലെയും അടിസ്ഥാന വിഷയം ദു:ഖമോ ഭയമോ സങ്കടമോ ദേഷ്യമോ ആവണമെന്നില്ല, മറിച്ചു ആളുകളുടെ പ്രകൃതമായിരിക്കും അവരുടെ ബാഹ്യപ്രകടനങ്ങളെ നിയന്ത്രിക്കുന്നത്.
ഇത്തരം എല്ലാ ബാഹ്യപ്രകടനങ്ങളിലൂടെയും അടിസ്ഥാനപരമായി അവര്‍ കൈവരിക്കുന്നത് റിലാക്സേഷന്‍ ആണ്. കരയുമ്പോള്‍ സംഭവിക്കുന്നത് അതാണ്. ദേഷ്യം പിടിക്കുമ്പോൾ എന്തെങ്കിലും എറിഞ്ഞു പൊട്ടിക്കുന്നത് റിലാക്സേഷനു വേണ്ടിയാണ്.
ഭാര്യമാർ ഭർത്താക്കൻമാരെ ശുണ്ഠി പിടിപ്പിക്കുന്നത് കണ്ടിട്ടില്ലേ, പൊട്ടലും ചീറ്റലും യുദ്ധവും സ്ഫോടനവും കഴിഞ്ഞു, അടി തുടങ്ങിയ വിഷയത്തെ അരിച്ചു പെറുക്കി നോക്കിയാൽ പ്രശ്നത്തിന്റെ പൂട പോലും അവിടെ ബാക്കി കാണില്ല.
വേറെ എന്തോ പ്രശ്നത്തെ ഒതുക്കാൻ വേണ്ടി മനസ്സു കണ്ടെത്തുന്ന ലഹരി..
കരഞ്ഞു ശീലിച്ചവര്‍ കരയുമ്പോള്‍ അവരറിയാതെ ഒരു അനുഭൂതി നുകരുന്നുണ്ട്.
കഞ്ചാവ് അടിക്കുന്നവനും കള്ളു കുടിക്കുന്നവനും സിഗരറ്റ് വലിക്കുന്നവരും ചായ കുടിക്കുന്നവരും എല്ലാം അനുഭവിക്കുന്ന അതേ അനുഭൂതി.
ഇത്തരം മാനസികമോ ശാരീരികമോ ആയ സെഡേഷനിലൂടെ (a state of calm or sleep produced by a sedative drug or sedative action) അവരവരനുഭവിക്കുന്ന ഇന്റെര്‍ണല്‍ ഫ്രസ്റ്റ്വേഷനെ (ആത്മദാഹത്തെ)
മറികടക്കുകയാണ് ചെയ്യുന്നത്.
എന്താണോ ശീലിച്ചു പോയത്, അത് ആ സമയത്ത്, അവര്‍ ആഗ്രഹിക്കുന്ന നേരത്തു തന്നെ സംഭവിക്കണം.
ഏതൊരു അഡിക്ഷന്‍റെയും പൊതുസ്വഭാവമാണത്. ആളുകള്‍ കലഹിക്കുന്നതും തെറി വിളിക്കുന്നതും എല്ലാം ഉള്ളിലെ അഗ്നിപര്‍വ്വതങ്ങളെ ശാന്തമാക്കാന്‍ വേണ്ടി ചെയ്യുന്ന ലാവാ ഒഴുക്കുകള്‍ ആണ്.
നല്ല ചുട്ട അടികിട്ടുമ്പോള്‍ അതുവരെയും പോരു കാളപോലെ നിന്നവർ അതിശാന്തരായി മാറുന്നത് കാണാം.
എനിക്കൊരു ചുട്ട അടി വേണം എന്നു ചോദിക്കാന്‍ ആവില്ലല്ലോ. ചോദിച്ചു വാങ്ങിയാല്‍ അതിന്‍റെ ശരിയായ ലഹരി ലഭിക്കുകയുമില്ല. തനിക്കു വേണ്ടത് ചുട്ട അടിയാണെന്ന് ആവശ്യക്കാരന് മനസ്സിലാവുന്നുമുണ്ടാവില്ല.
ചിലരെ വേദനിപ്പിച്ചാലാണ് അവരില്‍ പ്രണയം ഉണരുക.
ഈ കൊറോണ കാലത്ത് ഇതെന്തിനാണ് പറഞ്ഞത് എന്നു കരുതുന്നവരുണ്ടാകും.
നെഗറ്റീവ് ന്യൂസുകളും ഭയപ്പെടുത്തലുകളും നിരന്തരം തേടിപ്പോകുന്നത് നമ്മള്‍ പോലും അറിയണമെന്നില്ല.
നാമറിയാതെ ഒരു ലഹരി നാമതില്‍ നിന്നെല്ലാം നുകരുന്നുണ്ട്. നമ്മുടെ ശീലത്തില്‍ അതുണ്ട്.
നാമറിയാതെ നമ്മില്‍ ശീലിച്ചു നില്‍ക്കുന്ന ഇത്തരം അഡിക്ഷനുകളെ അതിജീവിക്കാന്‍ നമുക്കു കഴിയണം.
ഇല്ലെങ്കില്‍ ശരീരം തളരും.
കണ്ണുകള്‍ വാടും.
ഹൃദയം പഴയ 110 KV സബ്സ്റ്റേഷന്‍ പോലെ വോള്‍ട്ടേജ് കുറയും.
കൊറോണ വന്നു കടിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ