2020, ജൂൺ 27, ശനിയാഴ്‌ച

യാത്ര...

യാത്ര...

യാത്രയെക്കാൾ  അറിവും സ്വയം ബോധ്യവും ലോക ബോധ്യവും തരുന്ന വേറെ അറിവുണ്ടാവില്ല..

സഞ്ചാരികളുടെ ഇന്ദ്രിയാനുഭവങ്ങൾക്ക്‌ ധ്യാനിക്കുന്നവന്റെ മനസ്സിനെക്കാൾ വൈവിധ്യാനുഭവങ്ങൾ ഉണ്ടാവും..

എവിടെയോ ഉള്ള എന്തിനെയൊ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ കാണേണ്ടവയെ കാണാതെയും അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ്‌ ജീവിതത്തിലെ വലിയ നഷ്ടം .

അന്വേഷിച്ചിട്ടു
കണ്ടു കിട്ടിയില്ല എന്നതിനെക്കാൾ
ഹൃദയ ഭേദകമാണ്‌
കൂടെ ഉണ്ടായിട്ടും
തിരിച്ചറിയാതെ
പോയി എന്നത്‌.

വായന പോലെ തന്നെയാണ്‌ സഞ്ചാരവും. ആദ്യ വായനയിൽ ശ്രദ്ധിക്കപ്പെടാതിരുന്ന പലതും പുനർവായനയിൽ അടയാളപ്പെടുത്തപ്പെടും .

ഓരോ സഞ്ചാരവും പുതിയ അർത്ഥങ്ങളും അറിവുകളും പകരും. അവ നമ്മെ പക്വമതികളും വിവേകികളും ആക്കും.

യാത്ര ആയാലും വായന ആയാലും ഒരു ലക്ഷ്യവും ഒന്നാം ദിനം തന്നെ പൂർത്തിയാക്കപ്പെടില്ല .
ഒരു തിരിച്ചു വരവ്‌ അപമാനത്തിന്‌ കാരണവും അല്ല..

ആദ്യ വട്ടം ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ല് ആയിരുന്നു എന്ന് തിരിച്ചറിയാനും  പുനർയാത്രകൾ പ്രയോജനപ്പെടും..

2020, ജൂൺ 26, വെള്ളിയാഴ്‌ച

ഇന്നത്തെ പെരിന്തൽമണ്ണയായ കഥ


പെരിന്തൽമണ്ണ....
പഴമയും പുതുമയും
ഇഴപിരിഞ്ഞു കിടക്കുന്ന നാട്...

വള്ളുവക്കോനാതിരികൾ ഭരിച്ചിരുന്ന വള്ളുവനാട് പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പെരിന്തൽമണ്ണ. മലപ്പുറം ജില്ലയിലെ ഒരു പ്രധാന നഗരസഭ പ്രദേശമായ പെരിന്തൽമണ്ണ വ്യാപാര കേന്ദ്രം ആയിട്ടാണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.

പഴമയുടെ അടയാളങ്ങൾ ഇവിടെ നിന്നും ശരവേഗത്തിൽ മറയുകയാണ്, മാറ്റങ്ങൾ ചരിത്രത്തെ പിന്നിലാക്കുമ്പോൾ വികസനത്തെ കൂടെപിടിക്കുവാൻ ഈ നാട് മറന്നിട്ടില്ല, മലപ്പുറം ജില്ലയിൽ തന്നെ അതിവേഗം വളരുന്ന നഗരമായി മാറുകയാണ്.

എന്തുതന്നെയായാലും മലബാറിൻറെയും വള്ളുവനാടിൻറെയും ഒക്കെ ചരിത്രം തിരഞ്ഞെത്തുമ്പോൾ ആദ്യം എത്തിപ്പെടേണ്ട ഇടം പെരിന്തൽമണ്ണയാണ്.

വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും നടത്തിവന്നിരുന്ന കായികാഭ്യാസപ്രകടനം അഥവാ "പെരുംതല്ല്" മത്സരം അരങ്ങേറിയിരുന്ന ഇടം, ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ പൊരുംതല്ല് നടന്നിരുന്നത്, ഈ പെരുംതല്ല് നടന്ന പ്രദേശം കാലക്രമേണ പെരിന്തൽമണ്ണ എന്ന വിളിപ്പേരിലേക്ക് മാറി എന്നതും ഒരു ചരിത്രമാണ്.

പെരിന്തൽമണ്ണയുടെ കഥകൾക്ക് സാക്ഷികളായിരുന്ന കെട്ടിടങ്ങൾ അപ്രത്യക്ഷമാകുവാൻ തുടങ്ങിയിട്ട് കാലങ്ങളായി. എങ്കിലും ഒരുകാലത്തിനും പിടികൊടുക്കാതെ ചിലതെങ്കിലും ബാക്കിയുണ്ട്, പാതായിക്കര മനയാണ് അതിൽ പ്രധാനപ്പെട്ടത്. നിരവധി പുരാതന ആചാരങ്ങൾ നിലനിന്നിരുന്ന മന ഇന്ന് കഴിഞ്ഞുപോയ കാലത്തിൻ്റെ ശേഷിപ്പായി നിലനിൽക്കുന്നു.

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തെ പരാമർശിക്കാതെ പെരിന്തൽമണ്ണയുടെ ചരിത്രം പൂർത്തിയാവില്ല,
കേരളത്തിലെ തന്നെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വള്ളുവനാട് രാജാക്കന്മാർ പരിപാലിച്ചു പോന്നിരുന്ന ഈ ക്ഷേത്രം കേരളത്തിലെ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതു കൂടിയാണ്. പേരുപോലെ തന്നെ ഒരു ചെറിയ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി വിഗ്രഹമാണ് തിരുമന്ധാംകുന്നിലേത്.

മലബാറിലെ ആദ്യ ഹൈസ്കൂൾ, ആദ്യ കോടതി, ആദ്യ താലൂക്ക് ഓഫീസ് എന്നിവ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ചത് പെരിന്തൽമണ്ണയിലാണ്.
മലബാറിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇന്നത്തെ പെരിന്തല്‍മണ്ണ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. 1865-ല്‍ റൈറ്റ് സ്കൂള്‍ ആയിട്ടാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രഫഷണൽ കോളേജുകളും എജിനീയറിംങ് കോളേജും അലിഖഡ് മുസ്ലീം യൂണിവേഴ്സിറ്റിയും കൊണ്ട് സമ്പന്നമാണിവിടം.

തളിക്ഷേത്രം, പുത്തൂര്‍ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം തുടങ്ങിയ ഒട്ടനവധി ക്ഷേത്രങ്ങളും. പാതായിക്കര ജുമാ മസ്ജിദ്, മാനത്ത്മംഗലം ജുമാ മസ്ജിദ് തുടങ്ങി ഒട്ടനവധി മുസ്ലീം പള്ളികളും. ലൂര്‍ദ് മാതാ ചര്‍ച്ച്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് തുടങ്ങിയവയുമാണ് ഇവിടുത്തെ പ്രധാന ആരാധാനലയങ്ങൾ.

കേരള ചരിത്രത്തിലെ ഒട്ടേറെ മഹാരഥന്മാർക്ക് ജന്മം നൽകിയ നാടാണ് പെരിന്തൽമണ്ണ. പൂന്താനവും ഇഎംഎസും അവരിൽ ചിലർ മാത്രമാണ്. കേരള ചരിത്രത്തിൽ തന്നെ കൊടുങ്കാറ്റു വീശിയിട്ടുള്ള പല തീരുമാനങ്ങൾക്കും കാരണമായ ഇഎംഎസ് ജനിച്ച ഏലംകുളം മനയും ഈ നാടിൻ്റെ അഭിമാനത്തിൻ്റെ ഭാഗമാണ്.

ആശുപത്രികളുടെ നഗരം എന്നറിയപ്പെടുന്ന  പെരിന്തൽമണ്ണയിൽ,നാല് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും, ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയായ ഇഎംഎസ് സ്മാരക ആശുപത്രിയും കൂടാതെ ഗവ. ജില്ലാശുപത്രിയും സ്ഥിതി ചെയ്യുന്നു.

പെരിന്തൽമണ്ണയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്, സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന സിഗ്നല്‍ പോയിന്റായിരുന്നു. സര്‍വേയ്ക്കായി മലയിൽ അവര്‍ കൊടി കുത്തിയതോടെയാണ് "കൊടികുത്തിമല" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍
പറ്റിയ സമയം.
കോഴിക്കോട് കടൽ മുതൽ മണ്ണാർക്കാട് ഡാം വരെയുള്ള പ്രദേശങ്ങളുടെ ദൂര കാഴ്ച ഇവിടെ നിന്ന് സാധ്യമാകും. കൊടികുത്തിയുടെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.



2020, ജൂൺ 5, വെള്ളിയാഴ്‌ച

അല്‍പം കൂടി കാത്തിരിക്കാൻ എന്ത് തടസ്സമാണുള്ളത്?

"പടച്ചോനേ ഞാൻ പള്ളിയിൽ പോകുന്നു, വന്നിട്ട് കാണാട്ടോ" എന്ന് പറഞ്ഞ സൂഫിയുടെ ഒരു കഥ കേട്ടിട്ടുണ്ട്. ദൈവം ആരാധനാലയങ്ങള്‍ക്കകത്താണോ എന്നത് ആരാധനാലയങ്ങളോളം പഴക്കമുള്ള ഒരു ചര്‍ച്ചാ വിഷയമാണ്.

ഒരുപക്ഷേ ആരാധനകളെയും ജീവിതവിശുദ്ധിയെയും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് പല വീക്ഷണങ്ങളുള്ളതായി കാണാം.

ആരാധനകളും മൂല്യങ്ങളും വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഒന്നാണെന്നും രണ്ടും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്നും രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വാദിക്കുന്ന ഒരു കൂട്ടര്‍.

മോക്ഷം കിട്ടാൻ ആരാധനാ കര്‍മങ്ങൾ മതിയെന്നും ജീവിതത്തിലെ മൂല്യരാഹിത്യങ്ങളെ ആരാധനകൾ കൊണ്ട് പരിഹരിക്കാമെന്നും (വാദിക്കുന്നില്ലെങ്കിലും) വിശ്വസിക്കുന്ന മറ്റൊരു കൂട്ടര്‍.

ആരാധനകൾ പ്രധാനവും എപ്പോഴും നിലനില്‍ത്തേണ്ടതുമാണെങ്കിലും മൂല്യങ്ങള്‍ക്കാണ് ഏറ്റവും പവിത്രതയെന്നും ആരാധനകളുടെ അനുവര്‍ത്തനം തന്നെ മൂല്യബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണെന്നും മൂല്യബോധത്തിന്റെയും ജീവിതവിശുദ്ധിയുടെയും അഭാവത്തിൽ അനുഷ്ഠാനങ്ങളൊന്നും ഫലവത്താകില്ലെന്നും ചിന്തിക്കുന്നു മൂന്നാമത്തെ കൂട്ടര്‍.

മൂല്യബോധവും വിശുദ്ധിയുമുണ്ടെങ്കിൽപ്പിന്നെ ആരാധനകളേ വേണ്ടതില്ല എന്ന് വാദിക്കുന്ന ആളുകളും ഉണ്ട് എന്നത് മറക്കുന്നില്ല.

വേറൊരു കോണിൽ നിന്ന് നോക്കിയാല്‍,
ആരാധന തന്നെ ജീവിതമാക്കിയ ഒരു കൂട്ടര്‍,
ജീവിതത്തെ ആരാധനയാക്കിയ മറ്റൊരു കൂട്ടരും.

ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിനെക്കുറിച്ച വിശകലനങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ.

പള്ളിയിൽ ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനാണ് പ്രവാചകൻ പഠിപ്പിച്ചത്. അതുകൊണ്ട് സാമൂഹ്യമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ഒറ്റക്കുള്ള ആരാധനയെക്കാൾ ഇരുപത്തേഴിരട്ടി ഫലപ്രദം എന്ന് നബി അതിനെക്കുറിച്ചരുളിയിട്ടുണ്ട്. ആ ഫലങ്ങളാകട്ടെ, ഒരുമിച്ച് ചേരുമ്പോഴുള്ള സാമുഹ്യഫലം കൂടി ചേരുന്നതാണ്.

അന്നിലക്ക് പള്ളിയിൽ ഒരുമിച്ചു ചേരുന്നത് ഫലപ്രദമായ, പുണ്യകരമായ ഒരു കാര്യം തന്നെയാണ്. അതങ്ങനെയല്ലാത്തതു കൊണ്ടല്ല കഴിഞ്ഞ കുറേ ദിവസങ്ങളായി നാം പള്ളികൾ പൂട്ടിയിട്ടത്. സാമൂഹികമായ ഒരു നന്മയെ ലാക്കാക്കിയാണ് അപ്രകാരം ചെയ്തത്.

ഒരുപക്ഷേ, ഒരുമിച്ചു ചേരുമ്പോൾ ലഭിക്കുന്ന സാമൂഹ്യഫലങ്ങളുടെ ആയിരം ഇരട്ടി ഫലപ്രദമായിരിക്കും ഇന്നേരത്ത് ശാരീരികമായ അകലം പാലിക്കാനുള്ള ഈ തീരുമാനം എന്ന് ഇതെഴുതുന്നയാൾ കരുതുന്നു.

ഇതിലുണ്ടാകുന്ന അസ്വസ്ഥതകളെ ഒരുതരം ഒബ്‌സെഷനായി മാത്രം കാണാനേ എന്റെ ബോധം എന്നെ അനുവദിക്കുന്നുള്ളൂ എന്ന് പറയേണ്ടി വരുന്നു. തുടക്കം മുതല്‍ക്കേ ആ അസ്വാസ്ഥ്യം ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. ഖുൽ ഇന്നൽമൗതല്ലദീ തഫിര്‍റൂന മിന്‍ഹു ഫ ഇന്നഹു മുലാഖീകും എന്ന ആയത്തൊക്കെ ഓതിക്കൊണ്ടാണ് ഈ പ്രകടനം.

സര്‍ക്കാറിന്റെ വിളംബരം വരുന്നതിന് മുന്നേ തന്നെ സാമൂഹ്യസാഹചര്യം കണക്കിലെടുത്ത് പള്ളി പൂട്ടിയിടാൻ തീരുമാനിച്ച *പെരിന്തൽമണ്ണ ഹുദ മഹല്ല് കമ്മിറ്റിയെ* ഇപ്പോൾ വീണ്ടും അഭിനന്ദിക്കേണ്ടതുണ്ട്. പല പള്ളികളും ഉടനെത്തന്നെ ആ പാത പിന്തുടര്‍ന്നു.

ഇപ്പോഴിതാ തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്തും ഉചിതമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നു.

ആരാധനാലയങ്ങൾ തുറക്കാൻ സര്‍ക്കാർ അനുമതി നല്‍കിയപ്പോഴും തല്‍ക്കാലം പെട്ടെന്ന് തുറക്കേണ്ടതില്ല എന്നവർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പള്ളിയെയും പള്ളിയിൽ വരുന്നവരെയും പരിപാലിക്കാൻ തങ്ങള്‍ക്ക് കഴിയില്ല എന്നും അവർ തുറന്നു സമ്മതിക്കുന്നു.

ഇക്കാര്യം തുറന്ന് സമ്മതിക്കാതെ, നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് വരുത്തിക്കൊണ്ട് പള്ളികൾ തുറക്കുന്നുണ്ടെങ്കിൽ അത് വലിയ ദ്രോഹമായിത്തീരും എന്നത് മറക്കരുത്.

നൂറോ അതില്‍ക്കുറവോ മാത്രം ആളുകൾ
താപനില പരിശോധിക്കാനുള്ള സൗകര്യം
രോഗലക്ഷണങ്ങളുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും കുട്ടികളെയും വൃദ്ധന്മാരെയും അകറ്റി നിര്‍ത്തല്‍
ഗ്രന്ഥങ്ങളിലോ മറ്റോ തൊടാന്‍ അനുവദിക്കായ്ക
കര്‍ശനമായ സാമൂഹിക അകലം
കയറാനും ഇറങ്ങാനും പ്രത്യേക വഴികള്‍...

ഇതൊക്കെ പാലിക്കാൻ ഏത് പള്ളിക്കമ്മിറ്റിക്കാണ് സാധിക്കുക. അത് പറ്റാതെ വരുമ്പോൾ നിയമം ലംഘിക്കപ്പെടും. നമ്മുടെ നാട്ടിൽ ആരാധനാലയങ്ങളിലും മറ്റുമൊക്കെ പൊലീസിന് ഇടപെടുന്നതിലും പരിമിതികളുണ്ട്.

ഒന്നോര്‍ക്കുക..,
ആരാധനാലയങ്ങൾ സമൂഹത്തിന്റെ രോഗം ശമിപ്പിക്കുന്നതിന് വേണ്ടിയാവണം,
രോഗം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാകരുത്.

ഫലപ്രദമല്ലാത്ത ആരാധനകൾ കൊണ്ടെന്ത് പ്രയോജനം! (അല്‍പം കൂടി കാത്തിരിക്കാൻ എന്ത് തടസ്സമാണുള്ളത്?)