2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

ജോർദ്ദാനിലെത്തിയ ഒന്നാം ദിവസം.

*ചരിത്ര ഭൂമികയിലൂടെ.......*
                               _*Zac കിഴക്കേതിൽ*_

‌ _2 - യാത്ര  തുടങ്ങിയപ്പോൾ._

*ജോർദ്ദാനിലെത്തിയ ഒന്നാം ദിവസം.*
➖➖➖➖➖➖➖➖➖➖➖➖➖➖➖

ദിവസം തുടങ്ങിയത് (അത്  12 മണിക്കാണ് തുടങ്ങുന്നത് എന്നല്ലേ  നിങ്ങളും ഞാനും പറയാറ്) തന്നെ എയർപോർട്ടിലാണ്.

എയർപോർട്ടിലെ കാത്തിരിപ്പും  ഫ്ലൈറ്റിലെ ദീർഘയാത്രയും എനിക്കത്ര സന്തോഷമുള്ള കാര്യമല്ല.  ഗ്രൂപ്പിലായപ്പോൾ അതും  വലിയ കുഴപ്പമില്ലാതെ നീങ്ങിത്തുടങ്ങുകയാണ്.

സെപ്റ്റംബർ 25 തിങ്കൾ അതിരാവിലെ 4:15 നായിരുന്നു വിമാനം.
എയർ അറേബ്യയുടേതായിരുന്നു വിമാനം. ലോഞ്ചിൽ ഒന്നിച്ചിരുന്നപ്പോഴാണ് എല്ലാവരുമായും  പരിചയപ്പെടുന്നത്. മുൻപ് സൂചിപ്പിച്ചിരുന്ന  വാട്സ് ആപ്പ് ഗ്രൂപ് സജീവമായിരുന്നു. പുലർച്ചെത്തന്നെ തത്സമയ വിവരങ്ങൾ പലരും ഗ്രൂപ്പിൽ ഇട്ടിരുന്നു. ഞാൻ സ്വന്തം വകയും കുറേ ഫോട്ടോകളെടുത്തയച്ചു.

നിരവധി യാത്രക്കാർ വിമാനം കാത്തിരിപ്പുണ്ടായിരുന്നു. എയർ അറേബ്യയുടെ ആസ്ഥാനമായ ഷാർജയിലേക്കാണ് ഞങ്ങൾ ആദ്യം പോകേണ്ടത് . കണക്ഷൻ ഫ്ലൈറ്റ് അവിടെ നിന്നാണ്.  അവിടെ നിന്നും ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലേക്കാണ് പോകേണ്ടത്. അതും എയർ അറേബ്യയുടെ വിമാനത്തിൽ തന്നെ.
നെടുമ്പാശ്ശേരിയിൽ കാത്തിരിപ്പ് തന്നെയായിരുന്നു. അതിനിടയിൽ രാത്രി തഹജ്ജുദ് നമസ്കാരം എയർപോർട്ടിൽ നിർവ്വഹിച്ചു. അവിടെ നല്ലൊരു പ്രയർ റൂമുണ്ട്. പോകുന്ന സ്ഥലങ്ങളിൽ കുടിക്കാനുള്ള വെള്ളം ലഭിക്കാൻ വലിയ സംഖ്യ നൽകേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞിരുന്നതിനാൽ കുറച്ച് വെള്ളക്കുപ്പികൾ നേരത്തേ ലഗ്ഗേജിൽ പലരും കരുതിയിരുന്നു. ഞാൻ വെള്ളം കരുതിയിരുന്നില്ല. വിമാനത്തിൽ ആവശ്യമുള്ള സാധങ്ങൾക്കെല്ലാം വലിയ വില കൊടുക്കണം. ആകെയുള്ള കുറച്ചു ഡോളർ നേരത്തേ ചെലവഴിച്ചു തീർത്താൽ അവസാനം കഷ്ടത്തിലാകുമെന്ന ചിന്തയാൽ പലരും ഡോളർ  സൂക്ഷിക്കുകയായിരുന്നു. എന്നാലും ചായ ശീലമാക്കിയവർ 95 രൂപ കൊടുത്ത് ഇവിടുന്ന് ചായ കുടിച്ചു.  എനിക്ക് അതിന്റെ ആവശ്യം വന്നില്ല. ഞാനൊരു 37 വർഷമായിട്ടുണ്ടാകും ചായയും കാപ്പിയും നിർത്തിയിട്ട്......

പുലർച്ചെ 4:15ന് തന്നെ ഞങ്ങളേയും കൊണ്ട് വിമാനം പറന്നുയർന്നു. എന്റെ സീറ്റ് പാസേജിനോട്  അടുത്ത സീറ്റായിരുന്നു.(നെടുമ്പാശേരിയിൽ ബോർഡിങ്ങ് പാസ് തരുന്ന ഉദ്യോഗസ്ഥനോട് Window സീറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. അദ്ധേഹം ഇല്ലെന്ന് പറഞ്ഞു. പക്ഷെ അദ്ധേഹം ഷാർജ - ജോർദ്ധാൻ വിമാനത്തിന് Window സീറ്റ് തന്നു.ഞാൻ ഹാപ്പിയായി) ഏകദേശം സുബഹിയായി എന്നു തോന്നിയപ്പോൾ സീറ്റിൽ നിന്നു തന്നെ നമസ്ക്കാരം നിർവഹിച്ചു. ഉയരങ്ങൾ താണ്ടി നാഴികകൾ പിന്നിലാക്കി ഷാർജ വിമാനത്താവളത്തിലെത്തുമ്പോൾ സമയം 6:30. കൂടുതൽ സംഘാംഗങ്ങളെ അവിടെ നിന്നും പരിചയപ്പെട്ടു. ഷാർജ എയർപോർട്ടിൽ നിന്നും ഞാനൊന്ന് ഫ്രഷായി, കോട്ടൊഴിവാക്കി കളർഫുൾ T- ഷർട്ടും, നീലകളർ പേൻറും, കേപ്പും ധരിച്ചു. ഗ്രൂപ്പിലുള്ള പലർക്കും എന്നെ മനസ്സിലായില്ല. ആകെ 32 പേരുള്ള ഗ്രൂപ്പിൽ ഞാൻ മാത്രമാണ് ഡ്രസ്സ് ചെയ്ഞ്ച് ചെയ്തത്. മുൻകൂട്ടി ഹാന്റ് ബേഗിൽ ഞാൻ ഡ്രസ്സ് കരുതിയിരുന്നു. കാരണം ലഗേജ് നെടുമ്പാശേരി കൊടുത്താൽ പിന്നെ ജോർദ്ധാനിലാണ് കിട്ടുക എന്ന് ഞാൻ മുൻകൂട്ടി കണ്ടിരുന്നു.😃
ഡ്രസ് ചെയിഞ്ചിംഗും  അതിന്റെ കളറും എനിക്കൊരു  വലിയ ആവേശമാണ്.
ഫോട്ടോ എടുക്കുക എന്നതും എന്റെ ഒരു ക്രെയ്സ് ആണ്. അതു കൊണ്ട് ഷാർജ air port ൽ നിന്നും  കുറച്ച് ഫോട്ടോസെടുത്തു.

കണക്ഷൻ വിമാനം ഷാർജയിൽ നിന്നും അമ്മാനിലേക്ക്  പുറപ്പെടുമ്പോൾ സമയം 8:30. എയർ അറേബ്യയുടേതു തന്നെയാണ് അതും. പ്രഭാതഭക്ഷണം ഈ വിമാനത്തിൽ ആയിരുന്നു.  3 ഇഡ്ലിയും ചട്നിയും. നല്ല വിശപ്പുണ്ടായിരുന്നു. 3 ഇഡ്ലി എനിക്ക് ഒന്നുമല്ലായിരുന്നു. വീട്ടിലാകുമ്പോൾ മിനിമം 12 ഇഡ്ലി തിന്നുന്നയാളാ ഞാൻ.  ഉദ്ദേശം 10:30ഓടു കൂടി ഞങ്ങളേയും വഹിച്ചുകൊണ്ടുള്ള വിമാനം ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാന്റെ ആകാശപരിധിയിലെത്തി.. താഴോട്ടു നോക്കിയപ്പോൾ മഹാനഗരിയുടെ പ്രവിശാലത കണ്ടു. വെളിച്ചത്തിനുമേൽ വെളിച്ചമായിക്കിടക്കുന്ന അമ്മാൻ നഗരത്തിനു മുകളിൽ ഞങ്ങളുടെ വിമാനം വട്ടമിട്ടു. 10:30നു തന്നെ ഞങ്ങൾ ലാന്റ് ചെയ്തു.
(ജോർദ്ദാൻ സമയവും ഇന്ത്യൻ സമയവും തമ്മിൽ ഏകദേശം രണ്ടര മണിക്കൂർ വ്യത്യാസമാണുള്ളത്. ) എയർപോർട്ടിന്റെ ഉള്ളിൽ  പെട്ടെന്ന് കടന്നു. രാവിലെത്തന്നെ ആയതു കൊണ്ട് തിരക്ക് കുറവായിരുന്നു. എമിഗ്രേഷൻ നടപടികൾക്കു കാത്തു നിൽക്കേണ്ടി വന്നില്ല, ഗ്രൂപ്പ് മാനേജർ ഞങ്ങളുടെ എല്ലാവരുടേയും പാസ്പോർട്ട് വാങ്ങിച്ചു മൊത്തത്തിൽ അറൈവൽ സീൽ വെച്ച് കൊണ്ടുവന്നു. ഞങ്ങൾ ജോർദ്ദാൻ മണ്ണിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു. സ്വീകരിക്കാൻ ഗൈഡ് മുറാദ് പുറത്തു കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടെ വെച്ച് സൗദിയിൽ നിന്നും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ *മഹബുബ് സാഹിബ്* ഞങ്ങളുടെയൊപ്പം ചേർന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അയാളായിരുന്നു ഞങ്ങളുടെ യാത്രയുടെ ഹരം പോകാതെ നോക്കിയിരുന്നത്. കളിയും ചിരിയും തമാശയും ഒക്കെയായി ...

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി നല്ലൊരു വലിയ AC ബസ്സിൽ ഞങ്ങൾ കയറി. ലഗേജുകൾ ബസ്സിന്റെ അടിഭാഗത്ത് കയറ്റി, ഞാൻ ഡൈവറുടെ സീറ്റിന്റെ അവിടെ നിന്നും 5 മത്തെ സീറ്റിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത സീറ്റിൽ എന്റെ ഹാൻഡ് ബാഗും വെച്ചു.ബസ്സിൽ Wi-fi ഉണ്ടായിരുന്നു.അതു കൊണ്ട് ,പോകുന്ന സ്ഥലങ്ങളിൽ എടുക്കുന്ന ഫോട്ടോകൾ അടിക്കുറിപ്പ് വെച്ച് അപ്പപ്പോൾ വാട്‌സ് ആപ്പിൽ നാട്ടിലേക്ക്  അയച്ചിരുന്നു.

യാത്രയുടെ ഒന്നാം ദിനം ആരംഭിക്കുകയാണ്. ഗൈഡ് എല്ലാവർക്കും അന്നത്തേക്കുള്ള കുടിവെള്ളം വിതരണം ചെയ്തു.പതിവിനു വിപരീതമായി റൂട്ട് മാപ്പ് ഗൈഡ് മാറ്റി വരച്ചു.ഇന്ന് നേരെ പെട്രയിലേക്ക്, പോകുന്ന വഴി മദിയനും മൗണ്ട് നെബോയും........

കുന്നുകളുടേയും മലകളുടേയും നാടാണ് അമ്മാൻ. ഓരോ പട്ടണവും കുന്നിനു മുകളിലോ താഴ് വരകളിലോ ആയാണ് സ്ഥിതി ചെയ്യുന്നത്. വൈൻമരങ്ങളും, ഒലീവ് മരങ്ങളും, അത്തിമരങ്ങളും, മുന്തിരിവള്ളികളും,ഓരോ വീടിനേയും സുന്ദരമാക്കി മാറ്റിയിട്ടുണ്ട്. പാർപ്പിട സംസ്കാരം കേരളത്തിലെ ഗ്രാമീണ മുഖത്തെ ഓർമ്മിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിരവധി പ്രവാചകൻമാർ തങ്ങളുടെ ദൗത്യവുമായി യാത്ര ചെയ്തിരുന്ന വഴിയിലൂടെയാണ് ബസ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പൗരാണിക കാലം മുതലേ ഇന്ത്യയിലേയും ചൈനയിലേയും കച്ചവട സംഘങ്ങൾ ഈ വഴിയിലൂടെയാണത്രേ സഞ്ചരിച്ചിരുന്നത്. ചരിത്രത്തിൽ ഇതിനെ        *" സിൽക്ക് റൂട്ട്  "* എന്നാണ് വിളിച്ചിരുന്നത്. ഗൈഡ് മുറാദ് തന്റെ അറിവിന്റെ അക്ഷയഖനി തുറക്കുകയാണ്.

ട്രാൻസ് ജോർദ്ദാൻ എന്നാണ് ജോർദ്ദാന്റെ പഴയ പേര്. ഇത് എണ്ണയില്ലാത്ത അറബ് രാഷ്ട്രമാണ്. അറബ് സമ്പന്നത എണ്ണയിൽ ഊട്ടപ്പെട്ടതാണെങ്കിലും ജോർദ്ദാന്റെ സാമ്പത്തിക സ്രോതസ്സുകൾ കൃഷിയും ടൂറിസവുമാണ്. ചരിത്ര പ്രസിദ്ധമായ ജോർദാൻ നദി നാടിന്റെ പ്രശസ്തിയും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ബസ്സിനൊപ്പം ഗൈഡിന്റെ വിവരണങ്ങളും മുന്നോട്ട് നീങ്ങി. ഞങ്ങളുടെ ഈജിപ്തിലേയും, പലസ്തീനിലേയും, ഇസ്രായേലിലേയും ഗൈഡുമാരെപ്പോലെയല്ല മുറാദ്, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനും കഴിവുള്ളയാളുമാണ്. ഇംഗ്ലീഷുകാർ ഇംഗ്ലീഷ് സംസാരിക്കുന്നത് പോലെ. പലതും ക്യാച്ച് ചെയ്യാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.

സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രയേൽ എന്നിവയാണ് ജോർദാന്റെ അതിർത്തി. ദീനാറാണ് നാണയം. ഡോളറിനേക്കാളും മൂല്യമുള്ള കറൻസി. ഒരു ജോർദ്ദാൻ ദിനാർ = 91 ഇന്ത്യൻ രൂപയാണ്. അറബിയാണ് രാഷ്ട്രഭാഷ. ജനസംഖ്യയിൽ 95% മുസ്ലീങ്ങളും 5 % കൃസ്ത്യാനികളുമാണ്. ജനാധിപത്യ രീതിയിലാണ് കാര്യങ്ങളെങ്കിലും ഭരണത്തിന്റെ ചെങ്കോൽ രാജാവിൽ നിക്ഷിപ്തമാണ്. ജോർദ്ദാന്റെ രാജപാതയിലൂടെ ബസ്സ് മുന്നോട്ട് കുതിക്കുകയാണ് മൗണ്ട് നെബോ ലക്ഷ്യമാക്കി. അമ്മാൻ വൃത്തിയുള്ള നഗരമാണ്. കെയ്റോയിലെപ്പോലെ തിരക്കില്ലെങ്കിലും വാഹനങ്ങൾക്ക് യാതൊരു കുറവുമില്ല. ജനങ്ങൾ വൃത്തിയിൽ ജീവിക്കുന്നവരാണ്. പ്രൗഢമാണവരുടെ വേഷവിധാനം. 1946-ലാണ് ഈ രാജ്യം ബ്രിട്ടന്റെ കോളനിയിൽ നിന്നും മോചനം നേടുന്നത്. ഇന്ത്യയും ജോർദ്ദാനുമൊക്കെ അടുത്തടുത്ത കാലങ്ങളിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ്. ജൂൺ 2നാണ് സ്വാതന്ത്ര്യ ദിനം.1967 ലെ അറബ് -ഇസ്രയേൽ യുദ്ധത്തിനു ശേഷം അമ്മാനിൽ അഭയാർത്ഥികളായി വന്ന് സ്വദേശികളായി മാറിയ നിരവധി ഫലസ്തീനികളുണ്ട്. ഞങ്ങളുടെ ഗൈഡ് മുറാദും കുടുംബവും അക്കൂട്ടത്തിൽ വന്നവരായിരുന്നു.

ഏകദേശം 45 മിനുട്ടോളം സഞ്ചരിച്ച് ഞങ്ങൾ മൗണ്ട് നെബോയിലെത്തി. ഇത് ജബൽ മൂസ എന്നും അറിയപ്പെടുന്നു. ഫ്രാൻസിസ്കൻ കൃസ്ത്യാനികളുടെ അധീനതയിലാണ് ഈ സ്ഥലം. കുറച്ച് മുകളിലോട്ട് കയറിയാൽ പള്ളിയാണ് ,അതിനകത്ത് ഇരുന്നാണത്രേ മോശ ജനങ്ങൾക്ക് ഉത്ബോധനം ചെയ്തിരുന്നത്. സഞ്ചാരികൾ വളരെ കുറവായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ അമ്മാൻ നഗരത്തേയും ഇസ്രയേൽ ഫലസ്തീൻ പ്രവിശ്യകളുമൊക്കെ കാണാൻ സാധിക്കും. ഇവിടെ വെച്ചാണ് ദൈവം വാഗ്ദത്തഭൂമി മോശയ്ക്ക് കാണിച്ചു കൊടുത്തത് എന്നാണ് വിശ്വാസം. ഇതുപ്രകാരമാണ് ഇസ്രയേൽ ഈ മണ്ണ് മോസസിന്റെ വാഗ്ദത്തഭൂമിയാണ് എന്നവകാശപ്പെടുകയും മറ്റുള്ളവരെ തുരത്തുകയും ചെയ്യുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം മൗണ്ട് നെബോയിൽ കാണാൻ ഒന്നുമില്ല.

ഉച്ചഭക്ഷ്ണം നല്ലൊരു ഹോട്ടലിൽ നിന്നും ബൊഫെയായി കഴിച്ചു. സൂപ്പർ ഭക്ഷണം, അറേബ്യൻ രുചിയുള്ള ഭക്ഷണങ്ങൾ. ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് അത്ര പിടിച്ചില്ലാ എന്ന് തോന്നി എനിക്ക്.

ഞങ്ങൾ യാത്ര തുടരുകയാണ്. പർവ്വതപ്രാന്തപ്രദേശങ്ങളിലൂടെ, വയലുകളും തോട്ടങ്ങളും നിറഞ്ഞ സമതലങ്ങളിലൂടെ, മനോഹരമായ താഴ് വരകളിലൂടെ ബസ്സ് മുന്നോട്ട് നീങ്ങി. മനോഹാരിതയുടെ പര്യായമായ ജോർദാന്റെ ഹൃദയഭൂമിയിലൂടെയുള്ള യാത്ര. അടുത്തത് മാഉ ഷുഹൈബ്. ഷുഹൈബ് പ്രവാചകന്റെ പെൺമക്കൾക്ക് വേണ്ടി മോസസ് (മൂസാ നബി)വെള്ളം കോരിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഉറവയാണ് ഇവിടത്തെ കാഴ്ച. ഗുഹ പോലെയുള്ള ഉറവയ്ക്ക് ചുറ്റും ചെറിയകുളം പോലെ ഒന്ന് നിർമ്മിച്ചിരുന്നു. ഞങ്ങളൊഴികെ വേറൊരു സഞ്ചാരികളും അവിടെ ഉണ്ടായിരുന്നില്ല. അധികനേരം അവിടെ ചെലവഴിക്കാൻ സമയമുണ്ടായിരുന്നില്ല. പിന്നിട് ഞങ്ങൾ മുഅത്വ യുദ്ധം നടന്നതിന്റെ പരിസരത്തുള്ള  ഒരു വലിയ പള്ളിയുണ്ട്. അവിടെ വെച്ച് ളുഹറും അസറും ഒന്നിച്ച് നമസ്ക്കരിച്ചു. സമയം 4:30 pm.ഇതിന്റെ പരിസരത്ത് 3 മഖ്ബറകൾ ഉണ്ട്. മഖ്ബറകൾ സന്ദർശിച്ചു
_*1- സൈദ് ബ്നു ഹാരിസ് (റ)*_
➖➖➖➖➖➖➖➖➖➖
*ഖുർആനിൽ പേരെടുത്തു പരാമർശിക്കപ്പെട്ട ഏക സഹാബി. പ്രവാചകൻറെ അടിമയായി കൂടെ നിന്ന അദ്ധേഹത്തിന് പ്രവാചകനെ വിട്ടുപിരിയാൻ കഴിയില്ലായിരുന്നു. സ്വന്തം പിതാവ് വന്നു വിളിച്ചപ്പോൾ പ്രവാചകൻ പോകാൻ അനുവദിച്ചെങ്കിലും പ്രവാചകന്റെ കൂടെയുള്ള സഹവാസം അദ്ധേഹം ഏറെ ഇഷ്ടപെട്ടതിനാൽ പ്രവാചകന്റെ കൂടെ നിന്നു. പ്രാവചക പത്നി സൈനബിന്റെ ആദ്യ ഭർത്താവ്. മുഅത്വ യുദ്ധം തുടങ്ങിയപ്പോൾ അതിന്റെ പടനായകൻ. അദ്ധേഹം ശഹീദായതിന് ശേഷമാണ് ജാഫറബ്നു അബീത്വലിബ് നേതൃത്വം ഏറ്റെടുത്തത്.*

_*2-ജാഫറബ്നു അബീത്വലിബ്-( ജാഫർ ത്വയ്യാർ)*_
➖➖➖➖➖➖➖➖➖➖
 ( അബൂത്വാലിബ്നെറ മകനും, അലി (റ : അ) നെറ ജേഷ്ഠൻ )

*ഹിജ്റക്കു മുൻപ് അബ്സീനിയൻ പാലായനത്തിൽ നജ്ജാശിയുടെ കൊട്ടാരത്തിൽ കയറി ഇസ്ലാമിനെ പരിജയപ്പെടുത്തി പ്രൗഡഗംഭീരമായ പ്രസംഗം നടത്തിയ സ്വഹാബി വര്യൻ. പിന്നീട് നജ്ജാശി ഇസ്ലാം സ്വീകരിക്കുന്നു. കേവലം ആടിനെ മേച്ചു നടന്ന  വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ആളായിരുന്ന ജഅഫറാണ്  നജ്ജാശിയുടെ കൊട്ടാരത്തിൽ ഇസ്ലാമിനെപ്പറ്റി പ്രഭാഷണം നടത്താൻ നിയോഗിക്കപ്പെട്ടത് എന്ന്  ഈ സന്ദർഭത്തിൽ നമ്മളോർക്കുക. പിന്നീട് മുഅത്വ യുദ്ധത്തിൽ  സൈദുബിനു ഹാരിസ്  രക്തസാക്ഷിയായാൽ നേതൃത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടതും ഇദ്ദേഹം തന്നെയായിരുന്നു. നിയോഗം പോലെത്തന്നെ അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും , ധീരമായ പോരാട്ടത്തിനൊടുവിൽ ഇതേ യുദ്ധത്തിൽ രക്തസാക്ഷിയാവുകയും ചെയ്തു. ഇദ്ദേഹം രക്തസാക്ഷിയായ വിവരം  സ്വഹാബിമാരെ നബി(സ്വ) അറിയിച്ച സന്ദർഭത്തിൽ റസൂൽ ആരോടൊ സലാം മടക്കുന്നതായി സ്വഹാബിമാർ കാണുകയും ,എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. ജഅഫർ ഇപ്പോൾ ഒരു കിളിയായി വന്ന് എന്നെ സലാം ചൊല്ലി അഭിവാദ്യം ചെയ്തു ,ഞാനതിന് പ്രത്യഭിവാദ്യം ചെയ്തതാണ് എന്ന്  റസൂൽ സ്വഹാബിമാരോട് പറയുകയും ചെയ്തു.  അങ്ങിനെയാണ് അദ്ദേഹത്തിന് ജഅഫർ ത്വയ്യാർ എന്ന പേര് വന്നത് , സ്വർഗത്തിൽ പറന്നു നടക്കുന്ന ജഅഫർ എന്ന അർത്ഥത്തിൽ.*

 _*3 - അബ്ദുള്ളാഹിബിനു റവാഅ (റ)*_
➖➖➖➖➖➖➖➖➖➖
*ഇസ്ലാമിക സമൂഹത്തിൽ അറിയപ്പെടുന്ന കവിയായിരുന്നു  അബ്ദുല്ലാഹിബ്നു റവാഅ(റ) . മക്കക്കാരനായിരുന്ന ഇദ്ദേഹം ഹിജ്റ ചെയ്ത് മദീനയിലെത്തിയതായിരുന്നു.  മുഅത്വ യുദ്ധത്തിൽ ജഅഫറിബ്നു അബീത്വാലിബി(റ) നു ശേഷം നേതൃസ്ഥാനം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു.  റസൂലിന്റെ നിർദ്ദേശമനുസരിച്ച്  നേതൃത്വം ഏറ്റെടുക്കുകയും, അതേ യുദ്ധത്തിൽ   രക്തസാക്ഷിയാവുകയും ചെയ്തു. ‌മുഅത്വ യുദ്ധം തുടങ്ങിയപ്പോൾ  3000 ത്തോളം  മാത്രം  വരുന്ന മുസ്ലിം സൈന്യം മൂന്ന് ലക്ഷത്തോളം വരുന്ന എതിർ സൈന്യത്തെക്കണ്ട് യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞാലോ എന്ന് ശങ്കിച്ച ഒരു സന്ദർഭമുണ്ടായി. അവിടെ " നാം യുദ്ധം ജയിക്കാൻ  വേണ്ടി വന്നവരല്ല , രക്തസാക്ഷികളാകാൻ വേണ്ടി വന്നവരാണ് " എന്ന്  ആവേശമുണർത്തി പ്രസംഗിക്കുകയും ആ ആവേശത്തിൽ മുസ്ലിംകൾ  യുദ്ധത്തിലേക്ക് മുന്നേറുകയും ചെയ്തു.*

ഈ മൂന്ന് മഖ്ബറകളും ഉള്ള പള്ളിക്ക് കുറച്ചകലെയായാണ്  മുഅത്വയുദ്ധം നടന്ന സ്ഥലം. അത്  ദൂരെ നിന്നു കണ്ടു.
പിന്നീട് ബസിൽ കയറി . അപ്പോൾ സമയം 5:45 pm.ഒരു മണിക്കൂർ യാത്ര ചെയ്ത ശേഷം സ്വന്തം ചിലവിൽ ചായകുടിക്കാൻ ഒരു ഹോട്ടലിൽ കയറി.
ഞങ്ങൾക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഏകദേശം 250 km അകലെയുള്ള പെട്രയിലെ *പെട്രസെല്ല* എന്ന ഹോട്ടലിലെത്തുമ്പോൾ സമയം രാത്രി  8.00 മണി. 5 Star ഹോട്ടലായിരുന്നു. അവിടെ ഞങ്ങളെ കാത്ത് ഒരു അടിപൊളി ബൊഫെ ഡിന്നറുമുണ്ടായിരുന്നു.
2 പേർക്കുള്ള റൂമായിരുന്നു. (യാത്രയിലുടനീളം സമീർ എന്ന 30 വയസ്സുള്ള കണ്ണൂരുകാരൻ ആയിരുന്നു എന്റെ ഒപ്പം റൂമിലുണ്ടായിരുന്നത്.) റൂമിൽ കയറി ലഗേജ് എല്ലാം വെച്ച് ഒന്ന് ഫ്രഷായി ഡിന്നർ കഴിക്കാൻ താഴെ നിലയിലുള്ള ഡൈനിങ്ങ് ഹാളിലേക്ക് വന്നു. അവിടെ ഞങ്ങൾ ഇന്ത്യക്കാർക്ക് കഴിക്കാൻ ഒരു ഭാഗം ഒഴിവാക്കി വെച്ചിരുന്നു. ഒരു പാട് യൂറോപ്യൻസും അവിടെയുണ്ടായിരുന്നു. അവർക്ക് ഇതുപോലെ സ്ഥലം മാറ്റി വെച്ചിരുന്നു. നമ്മുടെ ഗ്രൂപ്പിലുള്ള പലരും അറിയാതെ യൂറോപ്പ്യൻകാരുടെ ഭാഗത്ത് കയറിയിരുന്നിരുന്നു. പിന്നിട് സപ്ളയർ പറഞ്ഞ ശേഷമാണ് പലരും മാറിയിരുന്നത് . ഭക്ഷണം എല്ലാവർക്കും ഒരേ ഐറ്റം ആയിരുന്നു. ഞാൻ നല്ലവണ്ണം കഴിച്ചു. നാട്ടിലാകുമ്പോൾ രാത്രി  ഒരു ജ്യൂസ് മാത്രമാണ് കുടിക്കാറ്. ഇവിടെ ഭക്ഷണത്തിന്റെ വെറൈറ്റി കണ്ടപ്പോൾ എന്റെ കൺട്രോൾ എല്ലാം തെറ്റി.ശേഷം റൂമിൽ കയറി നല്ലോണമൊന്ന് കുളിപാസാക്കി (നാട്ടിലാകുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുൻപ് കുളിപാസാക്കാറുണ്ട് ) ഞങ്ങൾ 2 പേരും മഗ് രിബും ഇശായും നമസ്ക്കരിച്ചു. ഉറങ്ങാൻ തയ്യാറെടുത്തു, കാരണം കഴിഞ്ഞ ഒരു ദിവസത്തെ ഉറക്കിന്റെ ബാക്കിയുണ്ട് ഞങ്ങൾക്കെല്ലാവർക്കും.....................
 *അല്ലാഹുവേ എന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നിന്റെ നാമത്തിൽ ഞാനുറങ്ങുന്നു.......* എന്ന പ്രാർത്ഥന ചൊല്ലി ഉറങ്ങാൻ കിടന്നു.

_സമീർ അപ്പോഴും വാട്സ്ആപ്പിൽ അവന്റെ പ്രിയതമയുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്._

.....................   _*Zac കിഴക്കേതിൽ*_


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ