*ചരിത്ര ഭൂമികയിലൂടെ .....*
_Zac കിഴക്കേതിൽ_
_*1 - ഒരുക്കം*_
ലോകം കാണാൻ പണ്ടേ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അതിനു ചരിത്ര പരമായ എന്തെങ്കിലും കാരണങ്ങൾ ഉള്ളതായി എനിക്കു തോന്നീട്ടില്ല.
മറ്റുള്ളവരെ അതിശയിപ്പിക്കുന്നതിലായിരുന്നു , എന്നും എനിക്ക് ഹരം.
പഠന കാലത്ത് ഇത്താത്തക്ക് തുണയായി തിരുവനന്തപുരത്തും, ബോംബെയിലും, പഠന ട്ടൂറായി ഡൽഹിയിലും പോയതാണ് ആദ്യകാല യാത്രാനുഭവങ്ങൾ.
പിന്നീടൊരിക്കൽ ഉപ്പാനോട് പറയാതെ ലൈസൻസ് കിട്ടിയ ഉടനെ ബൈക്കിൽ കോഴിക്കോട്ന്ന് പെരിന്തൽമണ്ണക്ക് പോയതാണ് ഹരം പിടിച്ച ഒരു യാത്ര.
കോഴ്സ് കഴിഞ്ഞധികം കഴിയും മുൻപ് സൗദിയിലേക്ക് പോയി. അന്ന് ജോലിയന്വേഷിച്ച് സൗദിയിലേക്ക് തന്നെ പോകാൻ ഒരു രഹസ്യ കാരണമുണ്ടായിരുന്നു.
*"എന്റെ ഈർക്കിലു പോലെ മെലിഞ്ഞ 48 കിലോ ശരീരം ഒന്നു പുഷ്ടിപ്പെടുത്തണം. പാന്റ് ഇൻ ചെയ്യുമ്പോൾ ഉഷാറായി നിക്കാൻ മാത്രം കുടവയറുണ്ടാകണം."*🤣🤣
സൗദി അറേബ്യയിൽ ജോലിയിൽ കയറിയതോടെ എന്റെ ഇഷ്ടങ്ങളുടെ ചരിത്രവും വർത്തമാനങ്ങളുമൊക്കെ മാറി.
യാത്രയൊക്കെ വെറുതെ സഞ്ചാരം CD യിൽ കാണുന്നതും, വായിക്കുന്നതുമായി.
അപ്പോഴും *"നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക , അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടറിയുക , "* എന്ന വാക്യം എന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുനിന്നു.
പുണ്യ റസൂലിന്റെ മദീനയും , ശിക്ഷയിറങ്ങിയ മദനി സാലിഹും, താഇഫും, തബൂക്കും,ദമ്മാമും, അൽ ബഹയും, അബഹയും, ഖമീസ് മുശൈത്തും, മഹായലും, ജിദ്ദയുമൊക്കെ ................കണ്ടു. യൗവനത്തിന്റെ 23 വർഷങ്ങളിൽ മക്കയായിരുന്നു എന്റെ ഗോദ.
അന്നൊക്കെ പ്രിയം നാടിനോടായിരുന്നു. നാട്ടിലേക്കുള്ള യാത്രകൾ, സന്തോഷം പകർന്നു തന്നപ്പോൾ മറ്റു യാത്രകൾ മറന്നു.
കുടുംബവുമൊത്ത് 1994 മുതൽ മക്കയിൽ താമസിക്കെ നാട്ടിലെ പലതും മിസ് ചെയ്യുന്നുണ്ടായിരുന്നു.
ഞാൻ കണ്ടിട്ടുള്ള പല പ്രവാസി കുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായി എന്റെ കെട്ട്യോളും കുട്ട്യോളും നാടിനെ പ്രണയിക്കുന്നവരായിരുന്നു. അതു കൊണ്ട് തന്നെയാണ് 2010ൽ കുടുംബം നാട്ടിൽ സ്ഥിരവാസമാക്കിയതും.(കുട്ടികളുടെ ഹയർ പഠനം കാരണം) ശേഷമുള്ള 2 വർഷമുള്ള ഏകാന്തവാസം എന്നെ നാടിനോടുള്ള ഭ്രാന്തമായ പ്രണയത്തിലാഴ്ത്തി. എങ്ങിനെയും നാട്ടിലെത്തുക എന്ന ചിന്ത എന്നെ സദാ മഥിച്ചു.
വല്ല വിധേനയും നാടു പിടിച്ചു.
23 വർഷം എന്നെ നെഞ്ചേറ്റിയ മക്കയെ പിന്നിലുപേക്ഷിച്ച് ഞാൻ പോന്നത് അത്ര മേൽ ആഹ്ലാദമൊന്നുമില്ലാതെ എന്നെ കാത്തു നിന്ന നാട്ടിലേക്കായിരുന്നു.
എന്റെ ഭാര്യയും മക്കളുമല്ലാത്തവരാരും എന്റെ മടങ്ങി വരവിനു വലിയ ആവേശ പ്രതികരണം നൽകിയില്ല.
പടച്ചവന്റെ കൃപയാൽ അസുഖങ്ങളൊന്നും ഇല്ലാതിരുന്നതും സാമ്പത്തിക നില അല്ലാഹു അനുഗ്രഹിച്ച് ഭദ്രമാക്കിത്തന്നതും എനിക്ക് തുണയായി.
കുട്ടികൾ സന്തുഷ്ടരായി. വലിയ ഒരു ഉത്തരവാദിത്തം - കുടുംബ ഭരണം - പങ്കു വെക്കാൻ ആളടുത്തുണ്ടായതിൽ പ്രിയതമയും സന്തോഷിച്ചു.
ഞാനാകട്ടെ , കണ്ട മുഖങ്ങളെത്തന്നെ വീണ്ടും വീണ്ടും കണ്ടും, പറഞ്ഞ മറുപടികൾ തന്നെ പറഞ്ഞും മടുത്തു തുടങ്ങിയിരുന്നു. കുട്ടികൾ ഓരോരുത്തരായി വീട്ടിൽ നിന്നും ഹോസ്റ്റലിലേക്കും ജോലി സ്ഥലത്തേക്കുമൊക്കെയായി മാറിയിരിക്കുന്നു. വൈകിയുണ്ടായ രണ്ടു ഭാഗ്യങ്ങൾ (അമൽ & സിയാദ് )ഭാര്യയെ തിരക്കിലുമാക്കി. നാടിനോടുള്ള എന്റെ പ്രണയം ചോർന്നു തുടങ്ങിയിരിക്കുന്നു.
ജീവിതത്തിൽ പ്രണയം നഷടമായിത്തുടങ്ങുന്നത് ആദ്യം തിരിച്ചറിയുന്നത് എന്റെ പ്രിയതമയാണ്. സ്വാഭാവികമായും അതങ്ങിനെയാവണമല്ലോ
അവൾ ഓരോ ട്രിപ്പുകൾ പ്ലാൻ ചെയ്യും. കാസർഗോഡ്, കണ്ണൂർ, തൃശൂർ , എറണാകുളം , കൊല്ലം,ആലപ്പുഴ, ഊട്ടി, കോയമ്പത്തൂർ, ഗോവ ............... പലയിടത്തും കറങ്ങി.
പലവട്ടം പോയിപ്പോയി ഊട്ടിക്ക് ഞങ്ങളെ മടുത്തു.
കോയമ്പത്തൂരും മടുത്തു തുടങ്ങി.
ഇനിയും ദീർഘമായി പോകണമെങ്കിൽ കുട്ടികളുമൊത്തു പറ്റില്ല. അവർക്കത്രയൊന്നും ത്രാണിയുണ്ടാവില്ല.
അങ്ങിനെ കഴിഞ്ഞ മാർച്ചിൽ നോർത്ത് ഇന്ത്യ മുഴുവൻ കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങി. *കാശ്മീർ,രാജസ്ഥാൻ, UP, ഡെൽഹി ,ആഗ്ര, അജ്മീർ, ജയ്പൂർ, പഞ്ചാബ്................. അങ്ങിനെ ഒരു പാട് സംസ്ഥാനങ്ങൾ ഒരു മാസത്തോളമുള്ള യാത്ര.* യാത്ര മുഴുവൻ ആസ്വദിച്ചു. കാണേണ്ട സ്ഥലങ്ങൾ. *ഏകത്വത്തിൽ ഉണ്ടെന്ന് നാം പഠിച്ച നാനാത്വത്തിന്റെ വിവിധ മുഖങ്ങൾ.*
പോകുന്നതു മുഴുവൻ ഒരു നിഗൂഢതയാക്കി ഞാൻ ഹരം കൊണ്ടു. യാത്രയുടെ ചാർട്ടുകളൊക്കെ അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ചു.
*മഞ്ഞുമൂടിയ കാശ്മീർ എന്നെ വല്ലാതെ മോഹിപ്പിച്ചു.* ആരോ പറഞ്ഞതുപോലെ അത് ഭൂമിയിലെ സ്വർഗം തന്നെ . ഒരിക്കൽക്കൂടി കാശ്മീരിലേക്കു മാത്രം (ആപ്പിൾ സീസൺ കാണാൻ ) ഒന്നു പോയാലോ എന്നൊക്കെ ആലോചിക്കവെയാണ് Green oasis ന്റെ പരസ്യം കണ്ടത്.
*ഈജിപ്ത്* എന്നും എന്റെ സ്വപ്നമാണ്. മക്കയിൽ ജോലി സ്ഥലത്തുള്ള മിസിരികളുമായുള്ള (ഈജിപ്ഷ്യൻ മാരെ വിളിക്കുന്ന പേര് ) ദീർഘകാല സഹവാസം എന്റെ ഈജിപ്ത് മോഹം വളർത്തിയിട്ടുണ്ട്. മക്കയിലുള്ളപ്പോൾ പലപ്പോഴും ശ്രമിച്ചിട്ടും നടക്കാതെ പോയ യാത്ര!.
യാത്ര ബുക്കുചെയ്തു , Instructional ക്ലാസ് കഴിഞ്ഞു. ഒരുക്കങ്ങൾ കുറേശ്ശെ തുടങ്ങി. സാധനങ്ങൾ ഓരോന്നായി സംഘടിപ്പിച്ചു തുടങ്ങി. *പുതിയ മെബൈൽ, ക്യാമറ, യൂണിവേഴ്സൽ അഡാപ്റ്റർ, പവർ ബാങ്ക്, .....*യാത്രയുടെ ദിവസം വെളിപ്പെടുത്തിട്ടില്ല.
എന്റെ ഇഷ്ടങ്ങൾക്കു എപ്പോഴും പിന്തുണ നിൽക്കുന്ന ഭാര്യ ഇടക്കിടെ കലമ്പുന്നുണ്ട്. ഷെഡ്യൂൾ കിട്ടാൻ വേണ്ടി. ഞാനിങ്ങനെ വഴുതി നിൽക്കുകയാണ്.
സെപ്റ്റംബർ 17ന് *Quaran ചരിത്ര ഭൂമി യാത്ര* എന്ന വാട്സ് ആപ് ഗ്രൂപിൽ ഞാനും ചേർന്നു. അതിൽ ഒരറിയിപ്പ്, നിങ്ങളുടെ കുടുംബങ്ങളെ ഈ ഗ്രൂപ്പിൽ ചേർത്താൽ വിവരങ്ങൾ കൈമാറാം.
_ഒരു നിമിഷത്തിൽ അറിയാതെ ഞാനവളുടെ നമ്പറും അതിൽ ചേർത്തു._
😳😳 *തീർന്നു, എല്ലാ നിഗൂഢതയും.* 😳😳
ജലീൽ സാഹിബ് ( മാനേജിംഗ് ഡയറക്ടർ Green Oasis ) താഴെ കാണുന്ന Message. ഗ്രൂപ്പിൽ ഇട്ടു 👇👇
...................................................
*ഗ്രീൻ ഒയാസിസിന്റെ ഖുർആൻ ചരിത്രഭൂമിയിലൂടെ 8 -മത്തെ ബാച്ച് സെപ്റ്റംബർ 25 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പുറപ്പെടും. 32 പേരടങ്ങുന്ന ബാച്ചിന് സഗീർ മൗലവി ശ്രീമൂലനഗരം, ഷാഫി എന്നിവർ നേതൃത്വം നൽകും. ജോർദാൻ, ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഒക്ടോബർ 5 ന് പുലർച്ചെ 3 മണിക്ക് കൊച്ചിയിൽ തിരിച്ചെത്തും.*
*ലോകമഹാത്ഭുതങ്ങളായ പെട്ര, പിരമിഡുകൾ, ആദ്യ ഖിബ്‌ലയും മൂന്നാമത്തെ ഹറമുമായ മസ്ജിദുൽ അഖ്സ, എക്കാലത്തെയും വലിയ നിഷേധിയായ ഫിർഔനിന്റെ ശരീരം, അസ്‌ഹാബുൽ കഹ്ഫിന്റെ ഗുഹ, ലോകത്തെ ഏറ്റവും പഴക്കമുള്ള നഗരമായ ജെറീക്കോ, തൂർ-സീന, സൂയസ് കനാൽ തുടങ്ങിയ 90 ഓളം സ്ഥലങ്ങൾ സന്ദർശിക്കുന്നു.*
_*ജലീൽ മങ്കരത്തൊടി*_
_*മാനേജിംഗ് ഡയറക്ടർ*_
.....................................................
_ശ്ശെ , പിന്നൊക്കെ അവരും അറിഞ്ഞു._
മോൾ ഡ്രസുകളൊക്കെ ജോഡിയൊപ്പിച്ചു. *പല വർണ്ണങ്ങളിലുള്ള വസ്ത്രങ്ങളോട് പണ്ടേ എനിക്ക് വലിയ ഭ്രമമാണ്.* ഇൻസ്ട്രക്ഷനൽ ക്ലാസിൽ വെച്ച് പത്ത് ജോഡി വസ്ത്രം കൊണ്ടുവരണം എന്നു പറഞ്ഞത് നിങ്ങൾക്ക് കോളായി എന്ന് ഭാര്യയും മകളും എന്നെ കളിയാക്കി.അവൾ എടുത്തു വെക്കേണ്ട സാധനങ്ങൾ തരം തിരിച്ചു.
പാക്കിംഗ് കഴിഞ്ഞു.
ചരിത്രവും ലോകവും കണ്ട് പ്രണയവുമായി തിരിച്ചു വരാൻ വേണ്ടി, Sep 24 ന് വൈകുന്നേരം 5.30 pm ന് അവർ എന്നെ യാത്രയാക്കി.
എവിടെയും നേരത്തെ എത്തുക എന്നതാണ് എന്റെ രീതി. പതിവു പോലെ 7.30 ന് പുറപ്പെടുന്ന വണ്ടിയിൽ ലഗേജ് കയറ്റാൻ 6:15 ന് മുമ്പ് തന്നെ ഞാൻ മലപ്പുറത്തെത്തി. ലഗേജുകൾ Oasis ട്രാവൽസ് നിൽക്കുന്ന ബിൽഡിങ്ങിന്റെ സെക്യൂരിറ്റിയെ ഏൽപ്പിച്ച് കാറുമായി ഞാൻ എന്റെ ബന്ധുവീട്ടിൽ പോയി. കാർ അവിടെ നിർത്തിയിട്ട് തിരിച്ച് വീണ്ടും ഗ്രൂപ്പിന്റെ ഓഫീസിലെത്തി. വണ്ടി റെഡിയാണ്.കുറച്ചു പേർ എത്തിയിട്ടുണ്ട്. ഇനിയും പലരും എത്താനുണ്ട്. പലരും വഴിയിൽ നിന്ന് കയറുന്നവരും ഉണ്ട്.
7.30 pm ന് പുറപ്പെടുമെന്ന് പറഞ്ഞിരുന്നെങ്കിലും 8.10 - ഓടെ പുറപ്പെട്ടു. ഒരു ഗ്രൂപ്പാവുമ്പോൾ അതൊരു ഡിലേ എന്നു പറയാൻ ആവില്ല.
എല്ലാവരേയും ചെറുതായൊന്നു പരിചയപ്പെട്ട ഞാൻ ഏറ്റവും പിറകിലെ സീറ്റിൽ സുഖപ്രദമായ ഇരിപ്പിടം കണ്ടെത്തി . രാത്രി ഉറക്കം ശരിയായിട്ടില്ലെങ്കിൽ തുടക്കത്തിലേ ഒരു മുഷിപ്പൻ ഫീലിംഗാവുമല്ലോ എന്നു കരുതി, കോട്ടൊക്കെ അഴിച്ചു വെച്ചു നീണ്ടു നിവർന്നു കിടന്നു. വണ്ടിയുടെ താളത്തിൽ മുന്നോട്ടുള്ള ദിവസങ്ങൾ മനക്കണ്ണിൽ കണ്ടു കൊണ്ട് കിടന്നു.
തൃശൂരെത്തിയപ്പോൾ വണ്ടി നിർത്തി, പലരും മൂത്രമൊഴിക്കാൻ ഇറങ്ങി. അല്പം മുമ്പേ ഈ ശങ്ക തോന്നിയെങ്കിലും മറ്റുള്ളവരെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി, അർദ്ധ മയക്കത്തിൽ തുടരുകയായിരുന്ന ഞാനും ഇറങ്ങി.
ശങ്ക തീർത്തു കയറിയവരേയും കൊണ്ട് ബസ് വീണ്ടും നീങ്ങി.
ആളുകൾ ഇടക്ക് കയറുന്നതൊക്കെ ഉറക്കക്കണ്ണിൽ ഞാൻ കാണുന്നുണ്ടായിരുന്നു. അങ്ങിനെ പോകെ വണ്ടിയുടെ താളം ഒരു തൊട്ടിലാട്ടം പോലെ എന്നെ പൊതിഞ്ഞ ആ കുറഞ്ഞ മണിക്കൂറിൽ ഞാൻ നന്നായുറങ്ങി.
പെട്ടെന്ന് ഒരു കുലുക്കത്തിലോ മറ്റോ ഞാൻ ഞെട്ടിയുണർന്നു. തുറന്ന കണ്ണിലേക്ക് തുളച്ചു കയറുന്ന വെളിച്ചം, കാതുകളെ ഇക്കിളിപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങൾ,
പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ബഹളങ്ങൾ .......... സമയം 11.30 pm.
നെടുമ്പാശേരി എത്തിയിരിക്കുന്നു.
കോട്ടൊക്കെ തപ്പിയെടുത്ത്, മുഖം തുടച്ച് ഞാൻ ഫ്രഷായി.
എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ത്തന്നെ എല്ലാവർക്കും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് തന്നു. അതു കഴുത്തിൽ അണിഞ്ഞ് വരിയാക്കി നിർത്തിയാണ് ഞങ്ങളുടെ ടീം ലീഡർ ഷാഫി ഞങ്ങളെ എയർപോർട്ടിലേക്ക് കടത്തിയത്. അതോടെ ഗ്രൂപ്പിൽ ഏറ്റവും ചെറുപ്പകാരിയായ ഡോക്ടർ നസീഹയും ...... പ്രായക്കൂടുതലായ ഷരീഫ് സാഹിബും ഉൾക്കൊള്ളുന്ന ഞങ്ങളുടെ യാത്രാ സംഘം ലീഡർക്കു കീഴിൽ സവിനയം ഒതുങ്ങി.
നെടുമ്പാശേരിയിൽ ഞാനാദ്യമായിട്ടാണ്. വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞത്. അതി മനോഹരമായ അകത്തളം .
ഔദ്യോഗിക ഉപചാരങ്ങൾക്കു ശേഷം ഗ്രൂപ്പ് മെമ്പേഴ്‌സ് എല്ലാവരും ലോഞ്ചിൽ ഒന്നിച്ചിരുന്നു.
ഷാഫിയുടെ നേതൃ പാടവവും സഗീർ മൗലവിയുടെ ഇസ്ലാമിക വിജ്ഞാനവും ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെ.
പിന്നീടുള്ള ദിവസങ്ങളിൽ ഒരിക്കൽ പോലും മടുത്തു പോവാതെ തുടക്കത്തിലെ ഊർജ്ജം നില നിർത്താൻ എട്ടാം ബാച്ചിലെ ഓരോ അംഗങ്ങളും കാരണക്കാരായി .
അങ്ങിനെ ഹോളിലാൻറ് എന്ന പുതിയ കുടുംബത്തിലും കൂടി എന്നെ അംഗമാക്കിയ യാത്രക്ക് തുടക്കമായി.
.......................... _*Zac കിഴക്കേതിൽ*_