2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വിലാപ യാത്രയിൽ അച്ഛനു തുണപോയവൾ..'

അച്ഛൻ അതിൽ ഒപ്പിട്ടു. നിയമപരമായി അച്ഛനും അമ്മയും പിരിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അവർ ഒന്നിച്ച്‌ ഉണ്ടാവില്ല. അമ്മ ദൂരെയെങ്ങോട്ടോ പോകുമെന്നുറപ്പായിരിക്കുന്നു. ന്യായാധിപന്റെ വിധി മകൾക്ക്‌ അച്ഛനൊപ്പം പോകാം എന്നാണ്. അപ്പോൾ അമ്മ എന്നെയും പിരിയുകയാണ്.

വിധി വന്നതിൽ പിന്നെ അമ്മയുടെ മുഖം മുൻപൊരിക്കലുമല്ലാത്തത്ര ശാന്തമാണ്. സന്തോഷമോ സങ്കടമോ ഇല്ല. എത്രയെത്ര ഭാവങ്ങൾ മിന്നിമാഞ്ഞ മുഖമായിരുന്നു അമ്മയുടേത്‌. ഞാൻ ഭൂമിയിൽ കണ്ണു തുറന്ന ആദ്യനിമിഷങ്ങളിൽ കണ്ട മുഖം അമ്മയുടേതായിരിക്കണം. ഓർമ്മയില്ല.
പക്ഷേ, അച്ഛൻ വല്ലാതെ തളർന്നതായി തോന്നുന്നു. ആ മുഖത്ത്‌ പ്രതീക്ഷയെല്ലാം അവസാനിച്ചിരിക്കുന്നു. അച്ഛനൊരിക്കലും അമ്മയെ പിരിയാൻ ആഗ്രഹിച്ചിരുന്നില്ല എന്നെനിക്കുറപ്പാണ്. അമ്മയും അങ്ങനെ ആഗ്രഹിച്ചിരുന്നു എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഉറപ്പായും ഇല്ല. പിന്നെ എന്തിനാ അമ്മയിങ്ങനെ? അറിയില്ല.

അച്ഛൻ അമ്മയുടെ മുഖത്തേക്ക്‌ കുറേ നേരം നോക്കിയിരുന്നു. എന്തൊക്കെയോ അമ്മയോട്‌ പറയുന്നുണ്ട്‌. നിർവ്വികാരതയോടെ അമ്മ കേട്ടിരിക്കുന്നു. ഇതിനു മുൻപൊരിക്കലും അമ്മ ഇങ്ങനെയായിരുന്നില്ല. അച്ഛൻ പറയുന്നതിനെല്ലാം അമ്മക്ക്‌ മറുപടികളോ മറു ചോദ്യങ്ങളോ ഉണ്ടായിരുന്നു. അവക്കെല്ലാം ചെറുചിരിയുടെയോ തെല്ലുവാശിയുടേയോ തലയാട്ടി ശരിവക്കലിന്റെയോ എതിർപ്പിന്റെയോ ചുവയുമുണ്ടായിരുന്നു. ഇന്നിപ്പോൾ ഇങ്ങനെ അമ്മയെ നിശബ്ദമാക്കുന്നതെന്താവും? ഇടക്ക്‌ അച്ഛൻ എന്നെ നോക്കുന്നുണ്ട്‌, എന്നെ ചൂണ്ടി എന്തോ പറയുന്നുണ്ട്‌. അമ്മക്ക്‌ വലിയ ഭാവമാറ്റമൊന്നുമില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ചത്‌ പോലെ തന്നെ. ഇനിയാരെന്ത്‌ പറഞ്ഞാലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്ന മട്ട്‌.

'നമുക്കൊന്ന് നടക്കാം..?'
അച്ഛൻ ചോദിച്ചു, അമ്മ എതിർത്തില്ല. അച്ഛൻ എന്നെയും കൂട്ടി. അവർ കുറച്ച്‌ മുൻപിലായി നടന്നു നീങ്ങി. എനിക്കമ്മയോടോ അച്ഛനോടോ എന്തെങ്കിലും പറയണമെന്ന് തോന്നിയില്ല. ചെറുതായി എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. കണ്ണീർ മൂടൽ തീർത്ത കാഴ്ചയിൽ രണ്ട്‌ രൂപങ്ങൾ തമ്മിൽ ചേർന്ന് മുന്നിൽ നടന്നു നീങ്ങിക്കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു പുതുമോടിയോടെ തമ്മിൽ പ്രണയിച്ച്‌ നടക്കുന്ന ഇണകളെ പോലെ അവർ നടക്കുന്നു. നടക്കട്ടെ, ഇനിയൊരിക്കലും അവർ ഇങ്ങനെ ചേർന്ന് നടക്കില്ല, ഇനിയൊരിക്കലും ഞാൻ ഈ കാഴ്ച കാണുകയുമില്ല. ശല്യപ്പെടുത്തേണ്ട, പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത്‌ അവർ യാത്ര പറയട്ടെ. എന്തൊക്കെ പറയാനുണ്ടാവും?

അവർ ആദ്യം കണ്ട്‌ മുട്ടിയതിനെ പറ്റി? വിവാഹത്തിനു സമ്മതം മൂളിയതിനെപറ്റി? പ്രണയം പങ്ക്‌ വച്ചതിനെ പറ്റി? ചിലപ്പോ ഞാൻ അവരുടെ ജീവിതത്തിലേക്ക്‌ കടന്ന് വരുന്നു എന്നറിഞ്ഞ ദിവസത്തെ പറ്റി? ഏയ്‌, അതാവില്ല. കഴിഞ്ഞ കാലത്തെ കുറിച്ചാവില്ല. കഴിഞ്ഞു പോയ ദിനങ്ങളെയോർത്തോ കിട്ടാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോർത്തോ പരിഭവങ്ങൾ പറഞ്ഞ്‌ അമ്മയെ ഇത്‌ വരെ കണ്ടിട്ടില്ല. പോയകാലത്തെ ചുരുക്കം ചില സുന്ദരയോർമ്മകളെ നുണഞ്ഞിരിക്കുന്ന പതിവും അമ്മക്കില്ലായിരുന്നു. അമ്മയുടെ എല്ലാ സ്വപ്നങ്ങളും പല കൈ വഴിയിലൂടെ ഒഴുകിയെത്തുന്നത്‌ എന്നെ നല്ല നിലക്ക്‌ വിവാഹം കഴിപ്പിച്ചയക്കുക എന്ന അവസാന ലക്ഷ്യത്തിലേക്കായിരുന്നു.

അതാവും. നല്ല ഉടയാടകളും ആഭരണനങ്ങളും അണിയിച്ച്‌ എന്നെ അയക്കുന്ന നാളയെ പറ്റിയാവും. അമ്മ ഓരോ നിർദ്ദേശങ്ങൾ പറയുന്നുണ്ടാവും. അച്ഛൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടാവും. അല്ലെങ്കിൽ അച്ഛൻ വലിയ വായിൽ അമ്മക്ക്‌ ചില ഉറപ്പുകൾ കൊടുക്കുന്നുണ്ടാവും. ഇത്ര പവൻ സ്വർണ്ണവും ഇത്ര രൂപയും കൊടുത്തെന്നെ അയക്കാമെന്ന്. എന്തായാലും അവർ സംസാരിക്കട്ടെ, അവസാനമായി.

പണ്ടൊരിക്കൽ അപ്രതീക്ഷിതമയി അടുക്കളയിലേക്ക്‌ ഓടിച്ചെന്നതും കെട്ടിപ്പിടിച്ച്‌ നിൽക്കുന്ന അച്ചനെ എന്നെ കണ്ടതോടെ 'ദേ നമ്മുടെ മോൾ' എന്ന് ചളിപ്പോടെ പറഞ്ഞ്‌ അമ്മ തള്ളിമാറ്റി കുതറിയതും അച്ഛന്റെ കൈ കൊണ്ടൊരു ചട്ടി താഴെ വീണുടഞ്ഞതും, അത്‌ കണ്ട്‌ 'നശിപ്പിച്ചോ മനുഷ്യാ, നമുക്കൊരു മോളാ, അവളെ കെട്ടിക്കാനുള്ളതാ' എന്ന് പറഞ്ഞതും ഇന്നലെ നടന്നത്‌ പോലെ ഓർമ്മ വരുന്നു. പൊട്ടാതിരിക്കുന്ന ഓരോ ചട്ടിയിലും കലത്തിൽ വീഴാൻ വൈകുന്ന ഓരോ അരിമണിയിലും എന്റെ നല്ല ഭാവിയെ കണ്ടിരുന്നു അമ്മ.

പെൺകുട്ടികളെ സ്കൂൂളിലയക്കണ്ട എന്നെല്ലാരും പറഞ്ഞപ്പോഴും 'എന്റെ മോൾ പഠിച്ചോട്ടെ, അല്ലേൽ നിങ്ങളെ പോലൊരു കോന്തനു തന്നെ അവളെ കൊടുക്കേണ്ടി വരും' എന്നമ്മയുടെ വാക്കുകൾക്ക്‌ മുൻപിൽ അച്ചൻ ചമ്മി കീഴടങ്ങിയതും എല്ലാം  മുന്നിൽ തെളിയുന്നുണ്ട്‌. അച്ഛൻ എപ്പോഴും അമ്മയുടെ മുൻപിൽ തോറ്റിട്ടേയുള്ളു. അതിൽ അച്ഛനൊരഭിമാനക്കുറവോ അമ്മക്കൊരു അഹങ്കാരമോ ആയി കണ്ടിട്ടില്ല. അല്ലെങ്കിൽ അമ്മയുടെ മുമ്പിൽ തോൽക്കുന്നതച്ഛനൊരു ഹരമായിരുന്നിരിക്കണം. ആ അച്ഛനെ ഉപേക്ഷിച്ചാണമ്മയിന്ന് പോകാൻ കാത്ത്‌ നിൽക്കുന്നത്‌. ഇവിടെയും അച്ഛൻ തോൽക്കുകയാണ്. അമ്മയുടെ മുന്നിൽ.

കുറച്ചേറെ നടന്നിരിക്കുന്നുവെന്ന് കാൽ കഴച്ച്‌ തുടങ്ങിയപ്പോഴാണ്ൺ ഓർമ്മ വന്നത്‌. അച്ഛൻ വിയർത്ത്‌ ക്ഷീണിച്ചിരിക്കുന്നു. അമ്മ ഇപ്പഴും ഉഷാറായി തന്നെ. അടുക്കളയിൽ നിലക്കാത്ത യന്ത്രം പോലെ പ്രവർത്തിക്കുന്ന തനിക്ക്‌ ഈ യാത്ര വല്ലതുമാണോ എന്നൊരു ഭാവമാകാം ചിലപ്പൊ. അച്ചൻ ഒരിടത്ത്‌ കുറച്ച്‌ നേരം ഇരുന്നു. അമ്മയും. ഞാൻ ഇത്തിരി മാറിയിരുന്നു.

അൽപം കഴിഞ്ഞ്‌ അച്ഛൻ വീണ്ടും എഴുന്നേറ്റു. 'പോകാം..?' അമ്മക്ക്‌ എതിർപ്പൊന്നും കണ്ടില്ല. ഞങ്ങൾ നടപ്പ്‌ തുടർന്നു. വലിയ പാതകൾ പിന്നിട്ട്‌ ചെറുനിരത്തുകളിലേക്കും പിന്നീട്‌ എന്റെ കാലുകൾക്കേറ്റവും ഇണങ്ങുന്ന എന്റെ ഗ്രാമത്തിലേക്കുള്ള നടപ്പാതകളിലേക്കും തിരിഞ്ഞു. വഴിയിലുള്ള കല്ലും ചെളിയും അച്ഛനെ കൂടുതൽ പരീക്ഷിച്ചെങ്കിലും അമ്മയുടെ മുൻപിൽ ഇനിയും തോൽക്കരുതെന്ന പോൽ അച്ഛൻ നടന്നു. ഇടക്കെപ്പഴോ അച്ഛന്റെ കണ്ണു നിറഞ്ഞിരിക്കുന്നതായി തോന്നി. എന്റെ കവിളുകളിൽ എന്തായാലും കണ്ണീർ, തോട്‌ വെട്ടിയിരുന്നു.

ഞങ്ങൾ വീടിനോടടുത്തു. ചില പരിചിതമുഖങ്ങൾ ഇടക്ക്‌ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അപരിചിതമായതും. മുറ്റം കടന്നപ്പോഴേക്ക്‌ പലരും ഓടിയെത്തി. ക്ഷീണിതനായിരുന്ന അച്ഛനേക്കാൾ എല്ലാവരും അമ്മയെ ഗൗനിക്കുന്നതായി തോന്നി. ആരോ ഒരു പായ വിരിച്ചു. അച്ഛൻ അമ്മയെ ചുമലിൽ നിന്നിറക്കി, അതിൽ നേരെ കിടത്തി. അമ്മക്കിപ്പോഴും ഭാവമാറ്റമില്ല.

അച്ഛൻ അകത്തു കയറി, മുളപ്പെട്ടി തുറന്നു. അമ്മക്ക്‌ വിവാഹത്തിനു നൽകിയ ചുവന്ന സാരി പുറത്തെടുത്ത്‌ അതിൽ മുഖം ചേർത്ത്‌ ഒരു ശ്വാസമെടുത്തു. അമ്മയുടെ, അമ്മയുണ്ടാക്കുന്ന പലഹാരത്തിന്റെ, അച്ഛന്റെ ബീഡിയുടെ ഗന്ധം എന്റെ മൂക്കിനെ പൊതിയുന്ന പോലെ തോന്നി. അച്ഛൻ അമ്മയെ സാരി പുതപ്പിച്ചു, അടുത്തിരുന്നു. അമ്മയുടെ കവിളിൽ ഉമ്മ വച്ച്‌ ചെവിയിൽ എന്തോ പറഞ്ഞു. ഈ അവസാന യാത്രയിലെങ്കിലും അമ്മയെ ജയിച്ചതിന്റെ സന്തോഷം അച്ഛൻ പങ്കിട്ടതാവാം. എന്നെ കൈ കൊണ്ട്‌ വിളിച്ചു. ഞാനും അമ്മക്കും അച്ഛനും അടുത്തിരുന്നു. അമ്മയുടെ നെറ്റിയിലും കവിളിലും തെരുതെരെ ഉമ്മ വച്ചു. ഒരു ഭാവവ്യത്യാസവും കൂടാതെ അമ്മയത്‌ ഏറ്റുവാങ്ങി. ആയിരം അന്ത്യചുംബനങ്ങൾ..!!

അപ്പോഴേക്കുമാരൊക്കെയോ അങ്ങോട്ടെത്തിത്തുടങ്ങിയിരുന്നു. അതിലാരോ അച്ഛനെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞു.
'അത്‌ മാഞ്ചി, ഭാര്യയുടെ ശവം ചുമന്ന് കൊണ്ട്‌ വന്നയാൾ, അടുത്തിരിക്കുന്നത്‌ മാഞ്ചിയുടെ മകൾ, കൂടെയുണ്ടായിരുന്നവൾ.'

അൽഭുതത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങൾ മാറിയിരിക്കുന്നു എന്ന്.
ഇന്നലെ വരെയില്ലാതിരുന്ന എന്തോ ഒന്ന് ഇന്ന് ഞങ്ങൾക്ക്‌ ഉണ്ടായിരിക്കുന്നുവെന്ന്.

ഇന്ന് എന്റെ അച്ഛൻ, ഭാര്യയുടെ മൃതദേഹം കൊണ്ട്‌ മൈലുകൾ താണ്ടിയ അമാനുഷികൻ,
ഞാൻ ആ അച്ഛന്റെയും അമ്മയുടേയും മകൾ,
കൊല്ലപ്പെടുമ്പോൾ, ജീവനോടെ കത്തിക്കപ്പെടുമ്പോൾ, മാനഭംഗത്തിനിരയാകുമ്പോൾ, ശവം ചുമക്കുമ്പോൾ, അത്‌ വാർത്തയാകുമ്പോൾ,
അപ്പോൾ മാത്രം മേൽവിലാസം ലഭിക്കുന്ന ഇന്ത്യയുടെ മക്കൾ,

ഇന്ന് ഞങ്ങൾക്കും ഒരു മേൽവിലാസമായിരിക്കുന്നു.

'അത്‌ ദന മാഞ്ചി, ഭാര്യയുടെ ശവം ചുമന്ന് ദൂരങ്ങൾ നടന്നവൻ.
ഞാൻ ചൗള, ദന മാഞ്ചിയുടെ മകൾ, ആ വിലാപ യാത്രയിൽ അച്ഛനു തുണപോയവൾ..'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ