കാറ്റില്‍ പെട്ട് ആടിയുലയുന്ന തോണിയില്‍ ഭാര്യയും ഭര്‍ത്താവുമിരിക്കുന്നു. ഭയവിഹ്വലനായ ഭര്‍ത്താവ് ഭാര്യയോട് ചോദിച്ചു: ``ഇത്ര ഭയപ്പെടേണ്ട സമയത്തും നീ എങ്ങനെയാണ് സമാധാനത്തോടെ ഇരിക്കുന്നത്?''
അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭര്‍ത്താവിന്റെ കഴുത്തിനു നേരെ ചേര്‍ത്തുപിടിച്ച് ഭാര്യ ചോദിച്ചു: ``നിങ്ങള്‍ക്ക് പേടിയുണ്ടോ?'' അയാള്‍ പറഞ്ഞു: ``ഇല്ല.'' ``എന്തുകൊണ്ട്?'' ......``എന്റെ കഴുത്തിനോട് ചേര്‍ത്തു കത്തിചൂണ്ടിനില്‌ക്കുന്നത് എന്നെ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ ഭാര്യയാണ്. അതുകൊണ്ട് എനിക്കൊട്ടും ഭയമില്ല''.
അപ്പോള്‍ ഭാര്യ പറഞ്ഞു: ``അതുതന്നെയാണ് എന്റെയും സമാധാനം.
*എന്നെ ഏറ്റവും സ്‌നേഹിക്കുന്ന, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ നാഥനാണ് ഈ കാറ്റും കോളുമെല്ലാം എന്റെ നേര്‍ക്ക് അയച്ചത്. അതുകൊണ്ട് ഞാനെന്തിന് ഭയപ്പെടണം?*
എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും കൂടുതല്‍ അറിയുന്നവന്‍ അവനാണ്.'' അല്ലാഹുവിന്റെ ഇഷ്‌ടം തിരിച്ചറയുമ്പോള്‍ നിര്‍ഭയത്വം കൈവരുന്നു. അല്ലാഹുവിനോടുള്ള ഇഷ്‌ടം പെരുകുമ്പോള്‍ നിര്‍ഭയത്വം ഇരട്ടിക്കുന്നു. അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും.
ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും. ``നിങ്ങള്‍ അല്ലാഹുവെ സഹായിച്ചാല്‍ അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക് കരുത്തു നല്‍കുകയും ചെയ്യും'' (47:7)
എന്നത് അല്ലാഹുവിന്റെ വാഗ്‌ദാനമാണ്.
_*ഓരോ കാര്യങ്ങളില്‍ പെട്ട് അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത് മഹാഭാഗ്യമാണ്. നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ് അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.*_
അല്ലാഹുവെപ്പറ്റിയുള്ള ചിന്തയ്‌ക്കിടയില്‍ മറ്റു പലതിനെയും മറന്നാലും പല വിചാരങ്ങള്‍ക്കിടയില്‍ അല്ലാഹു മാഞ്ഞുപോകാതിരിക്കട്ടെ. ഉന്നതനായൊരു പണ്ഡിതന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ, എനിക്കുള്ളതെല്ലാം നിനക്കുതരാം. നിന്റെ ഒരു തിരുനോട്ടം മതിയെനിക്ക്.'
ആത്മാര്‍ത്ഥതയോടെ മാത്രം അല്ലാഹുവിനെ ആരാധിക്കുക. ആരെയും ഭയപ്പെടരുത്; അല്ലാഹുവിനെ ഒഴികെ. എല്ലാം അവനില്‍ നിന്ന് പ്രതീക്ഷിക്കുക. സ്വയം അല്ലാഹുവില്‍ അര്‍പ്പിക്കുക. കാരണം എല്ലാത്തിന്റെയും കേന്ദ്രം അവനാണ്. അവനില്‍ മാത്രം അഭയം തേടുക. അല്ലാഹു ഏകനാണ് എന്നതാണ് ഏറ്റവും വലിയ സത്യം.’
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ