2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും



മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌!!! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.

വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌..
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌.

എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ്‌ എല്ലാ നന്മയും നിറയുന്നത്‌. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ്‌ നാം വളര്‍ത്തിയെടുക്കണം. “നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌” എന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ട്‌. രോഗമാണ്‌ പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക്‌ വേഗം സ്ഥാനം ലഭിക്കും.

അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല........................... ..........................Zac കിഴക്കേതില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ