2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച

പ്രവാസ ജീവിതത്തിൽ നിന്ന് താനിത് വരെ ഒന്നും നേടിയിട്ടില്ല എന്ന് പറയുന്നവരോട്.


പ്രവാസ ജീവിതത്തിൽ നിന്ന് താനിത് വരെ ഒന്നും നേടിയിട്ടില്ല എന്ന് പറയുന്നവരോട്.

ഒരു കപ്പ് നെയ് ചോറിന്റെ അരിക്ക്  അതിന്റെ ഇരട്ടി വെള്ളം ഒഴിക്കണമെന്ന്  പഠിച്ചത് എവിടെ നിന്നാ  ? 

താൻ കഴിച്ചതും കുടിച്ചതുമായ പാത്രങ്ങൾ താൻ തന്നെ കഴുകി വെക്കണമെന്ന് പഠിച്ചത് എവിടെ നിന്നാ ?

ഏത് ഭക്ഷണം കഴിച്ചാലും അതിന് ഉപ്പില്ല മുളകില്ല ടേയ്സ്റ്റില്ല എന്ന് ആവലാതി പറയാൻ പാടില്ല എന്ന് പഠിച്ചത് എവിടെ നിന്നാ  ?

തന്റെ  ഓഹരി മാത്രമേ താൻ എടുക്കാവൂ അപരൻറത് അവിടെ തന്നെ വെച്ചേക്കണം എന്ന് പഠിച്ചത് എവിടെ നിന്നാ  ?

ഇന്നലെ ഫ്രിഡ്ജിൽ വെച്ചത് നാളെ ചൂടാക്കി കഴിച്ചാലും ഒന്നും സംഭവിക്കുകയില്ല എന്ന് പഠിച്ചത് എവിടെ നിന്നാ ?

ജീവിതത്തിലെ കൃത്യ നിഷ്ഠയും അലാറം വെച്ചുള്ള ഉറക്കവും ഉണരലും പഠിച്ചത് എവിടെ നിന്നാ ?

ശബ്ദമുണ്ടാക്കാതെ ഡോർ തുറക്കാനും അടക്കാനും പഠിച്ചത് എവിടെ നിന്നാ ?

തലയിണയെ പ്രിയ സഖിയും  പ്രാണ സഖിയുമാക്കി കിടന്നുറങ്ങാൻ പഠിച്ചത് എവിടെ നിന്നാ?

ഹയവാനും ( മൃഗം ) കൽബും ( പട്ടി ) ഹിമാറും ( കഴുത ) ആദ്യം പഠിച്ചത് എവിടെ നിന്നാ? 

ക്ഷമ എന്ന രണ്ടക്ഷരം പ്രാവർത്തികമാക്കാൻ പഠിച്ചത് എവിടുന്നാ ?

എത്ര കൂരിരുട്ടിലും റൂമിലുള്ളവർക്ക് അലോസരമുണ്ടാക്കാതെ ലൈറ്റുകൾ പ്രകാശിപ്പിക്കാതെ വസ്ത്രം മാറാനും ശബ്ദമില്ലാതെ ഭക്ഷണം കഴിക്കാനും ശീലിച്ചത് എവിടുന്നാ ?

നൂറ് കിട്ടിയാൽ കടം കൂടി വാങ്ങി 110 നാട്ടിലേക്ക് അയക്കാൻ പഠിച്ചത് എവിടെ  നിന്നാ ?

കറണ്ടും വെള്ളവും സോപ്പും പേസ്റ്റും സൂക്ഷിച്ച് ഉപയോഗിക്കാൻ പഠിച്ചത് എവിടുന്നാ ?

സ്കൂളിൽ നിന്ന് 10 ഉം 15 ഉം വർഷം പഠിക്കാത്ത പല ഭാഷകളും പഠിച്ചത് എവിടെ നിന്നാ ?

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പഠിച്ചത് എവിടുന്നാ?

സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കാനറിയാത്തവൻ പ്രവാസിയായി രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തന്നെ ബിരിയാണിയും സദ്യയും കഫ്സയും ഉണ്ടാക്കാൻ പ്രാവീണ്യം നേടുന്ന ടെക്നിക് എവിടുന്ന് നേടിയതാ?

ലോകത്തിലെ ഏതൊരു യുണിവേഴ്സിറ്റിയിൽ പഠിച്ചാലും നേടാനാകാത്ത സാമ്പത്തിക ശാസ്ത്രം പഠിച്ചത് എവിടുന്നാ ?

തക്കാളിയും സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും മുളക് പൊടിയും മല്ലിപ്പൊടിയും ചൂടായ എണ്ണയിൽ ഇട്ട് വഴറ്റി അതിലേക്ക് മീനിട്ടാൽ മീൻകറിയും ചിക്കനിട്ടാൽ ചിക്കൻകറിയും മട്ടനിട്ടാൽ മട്ടൻ കറിയും തൈരൊഴിച്ചാൽ മോര് കറിയും ഇതൊന്നുമല്ലെങ്കിൽ തക്കാളിക്കറിയും ആകുമെന്നുള്ള പ്രവാസി ടെക്നിക് ഏതെങ്കിലും കോളേജിൽ പഠിച്ചാൽ കിട്ടുമോ, അല്ലെങ്കിൽ ഹോംസയൻസ് പഠിച്ചാൽ കിട്ടുമോ ,പറയ്

എന്നിട്ടും ,,,,,,,???
പറയുകയാ ഞാൻ ഒന്നും നേടിയിട്ടില്ലാന്ന്.
ഓരോ പ്രവാസിക്കും സ്മരണ വേണം സ്മരണ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ