മരിച്ചത് വീട്ടുകാരിയാണ്. പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായിരുന്നില്ല. രാത്രി ഉറങ്ങാൻ കിടന്നതാണ്. രാവിലെ ഉണരുന്നില്ല. മരണാന്തര കർമ്മങ്ങൾ കഴിഞ്ഞു മയ്യിത്ത് വീട്ടിൽ നിന്നും ഖബർസ്ഥാനിലേക്ക് എടുക്കുകയാണ്.
മയ്യിത്ത് കട്ടിൽ പൊക്കിയപ്പോൾ അതിൻറെ മുകൾഭാഗം പുറത്തേക്കുള്ള വാതിൽ കട്ടിളയിൽ ഒന്ന് മുട്ടി. അത്ഭുതം എന്ന് പറയട്ടെ. മയ്യിത്തിനു ജീവൻ വന്നു.ആ സ്ത്രീ പിന്നെയും കുറേ കാലം ഒരു പ്രശ്നവുമില്ലാതെ ജീവിച്ചു. വർധക്യത്തിലെത്തി, അസുഖം വന്നു മരിച്ചു.
മയ്യിത്ത് പള്ളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ സ്ത്രീയുടെ ഭർത്താവ് മയ്യിത്ത് കട്ടിൽ എടുക്കുന്നവരോട് പറഞ്ഞത്രേ.മയ്യിത്ത്കട്ടിൽ വാതിൽ കട്ടിളയിൽ തട്ടാതെ സൂക്ഷിക്കണമെന്ന്.. ഒരു തമാശകഥ മാത്രം ആണിത്. കേൾക്കുമ്പോൾ ആരായാലും ഒന്ന് ചിരിച്ചു പോകും.
പക്ഷെ ആ ചിരിക്ക് പുറത്തേക്ക് വേറൊരു വശമുണ്ട്. ഒന്ന് മാറി ചിന്തിക്കുക. മരിച്ചത് വീട്ടുകാരനാണെന്ന് വെക്കുക. ക്ലൈമാക്സിൽ വരുന്ന ഡയലോഗ് എന്തായിരിക്കും. നെഞ്ചത്തടിച്ചു കൊണ്ട് അയാളുടെ ഭാര്യ വിളിച്ചു പറയും ആ മയ്യത്ത് കട്ടിൽ വാതിൽ കട്ടിളയിൽ ഒന്ന് മുട്ടിച്ചു നോക്കണേ എന്ന്. അങ്ങനെയേ പറയൂ.. അങ്ങനെ പറയാനെ ഒരു പെണ്ണിന് കഴിയൂ.
നമുക്ക് എല്ലാം തമാശയാണ്. ഒരിക്കലും ആസ്വദിക്കാത്ത കുറേ തമാശകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അതിൽ പെട്ടതാണ് കല്യാണം കഴിഞ്ഞാൽ പെട്ടുപോയി എന്ന് പറയുന്ന പുരുഷന്മാരുടെ തമാശ.അങ്ങനെ പറയുന്നവർക്ക് പ്രായഭേദമൊന്നും കാണാറില്ല പലപ്പോഴും. ചെറുപ്പക്കാരനും വയസ്സായവനും പണ്ട് കല്യാണം നടത്തിയ ബ്രോക്കറെ വരെ ഇടയ്ക്കിടെ സ്മരിക്കും. തമാശയാണ്. ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്യുന്നവർ തമാശയിൽ ചേരില്ലെന്ന സർട്ടിഫിക്കേറ്റ് ആയിരിക്കും കിട്ടുക.
വെറുതെ ഭാര്യമാരോട് ഒരിക്കലെങ്കിലും ഒന്ന് ചോദിച്ചു നോക്കുക. നിങ്ങൾക്കെപ്പോഴെങ്കിലും ഈ വിവാഹവും ഒരു കോപ്പും വേണ്ടായിരുന്നു. പഴയ പോലെ ഒറ്റക്കായി സ്വന്തം പാട് നോക്കി ജീവിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന്. ഇനി അവരോട് ചോദിക്കണമെന്നില്ല. നിങ്ങൾ പുരുഷന്മാർ തന്നെ ഒന്ന് സ്വന്തത്തോട് ചോദിക്കുക. ഞാൻ കാരണം, അല്ലെങ്കിൽ എൻറെ വീട്ടുകാർ കാരണം വിവാഹജീവിതം തന്നെ വേണ്ടായിരുന്നു എന്ന് എപ്പോഴെങ്കിലും അവൾ ചിന്തിച്ചിട്ടുണ്ടാകുമോ എന്ന്.. ഇല്ല എന്ന് മറുപടി അവളിൽ നിന്നോ അവളൊരിക്കലും അങ്ങനെ ചിന്തിക്കാൻ ഇടയായിട്ടുണ്ടാകില്ല എന്ന് നിങ്ങൾക്കോ സത്യസന്ധമായി പറയാൻ കഴിയുന്നവർ വളരെ അപൂർവ്വമായിരിക്കും...
ഒരിക്കൽ കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുമ്പോൾ അവൾ പറഞ്ഞു ഭർത്താവ് അടുത്ത ആഴ്ച ഗൾഫിൽ നിന്ന് വരുന്നുണ്ടെന്ന്. നീ നല്ല സന്തോഷത്തിലാവുമല്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി "അയാൾ വരുന്നത് തന്നെ എനിക്ക് പേടിയാണ്, ദേഷ്യമാണ്"എന്നായിരുന്നു. കിടപ്പറയിലെ സാന്നിധ്യമായിരുന്നു അവൾ ഏറെ വെറുത്തിരുന്നത് എന്ന് ചോദിക്കാതെതന്നെ അവളുടെ മറുപടി. അയാളും പലരോടും പറഞ്ഞുകാണും പെണ്ണ് കെട്ടിയതോടെ ജീവിതം പോയെന്ന്....
നിങ്ങളുടെ സാന്നിധ്യത്തെ അവൾ എത്രമാത്രം താത്പര്യപ്പെടുന്നു എന്നത് നിങ്ങളുടെ പെരുമാറ്റത്തെ ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രവാസികളുടെ കാര്യമായാലും നിങ്ങളുടെ ഒരു ഫോൺ കോളിനെ, ചാറ്റിനെ അവൾ എത്ര താല്പര്യത്തോടെ കാത്തിരിക്കുന്നു എന്നത് നിങ്ങൾക്ക് അവളോടുള്ള പ്രണയത്തെ അടിസ്ഥാനമാക്കിയായിരിക്കും..
ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനെ ഭാര്യ ചിരിച്ചുകൊണ്ട് വാതിൽപ്പടിയിൽ വരവേൽക്കണം എന്നത് എല്ലാർക്കും ഇഷ്ടമുള്ളതും എല്ലാവരും പരസ്പരം ഉപദേശിക്കുന്നതുമാണ്.പക്ഷെ അവളെങ്ങനെ ചിരിച്ചുകൊണ്ട് നിങ്ങളെ കാത്തിരിക്കണമെങ്കിൽ അകത്തുകയറിയിട്ട് നിങ്ങൾ എങ്ങനെ ആവുന്നു എന്നതിനനുസരിച്ചാണ്.നിങ്ങളും അതുപോലെ ചിരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിക്കുകയും കുശലങ്ങൾ പറയുകയും മക്കളെ കൊഞ്ചിക്കുകയും ചെയ്യുമ്പോഴേ അങ്ങനെ വാതിൽപ്പടിയിൽ സ്വീകരിക്കാനും ആളുണ്ടാവുകയുള്ളൂ.
ഒരിക്കൽ ആയിഷബീവിയുമായി സംസാരിച്ചുകൊണ്ടിരുന്ന പ്രവാചകൻ (സ )എൻറെ ഖദീജയുടെ ശബ്ദം എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങുകയാണ്. ഖദീജബീവിയുടെ സഹോദരി ഹാലയാണ് പുറത്ത്. ഖദീജബീവി മരിച്ചു എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഈ സംഭവം നടക്കുന്നത്. എന്നിട്ടും പ്രവാചകൻ ഖദീജബീവിയുടെ ശബ്ദം പോലും മറന്നിട്ടില്ല. ആ ഉള്ളിലുള്ള പ്രണയം എത്രയുണ്ട്..
പ്രവാചകന്റെ ജീവിത വഴിയിൽ ഖദീജ എത്രത്തോളം താങ്ങും തണലുമായിരുന്നോ അത്രത്തോളം അതിനേക്കാളേറെ പ്രണയം പ്രവാചകന് ഖദീജയോടുണ്ടായിരുന്നു. നീ ഖദീജയെപ്പോലെയാവുക. നിൻറെ ഭർത്താവ് സ്നേഹത്തിന്റെ പ്രവാചകൻ ആവും എന്ന് പറയുന്നത് തിരിച്ചും വായിക്കാം. നീ പ്രവാചകൻ ഖദീജയെ പ്രണയിച്ച പോലെ പ്രണയിക്കുക. നിൻറെ പെണ്ണ് നിനക്ക് ഖദീജയായി മാറും എന്നും വായിക്കാമല്ലോ..
ഇതേ പ്രവാചകന്റെ അനുയായികൾ ആണ് നമ്മൾ. നിൻറെ ഭാര്യയെ നീ എത്രത്തോളം മനോഹരമായി പ്രണയിക്കണം എന്ന് ജനതയ്ക്ക് കാണിച്ചു കൊടുത്ത പ്രവാചകൻ. യുദ്ധതടവുകാരെ മോചിപ്പിക്കാൻ കിട്ടിയ ധനത്തിൽ തന്റെ പ്രിയപ്പെട്ട ഖദീജയുടെ മുത്തുമാല തിരിച്ചറിഞ്ഞ പ്രവാചകൻ. ഏതെങ്കിലും സിനിമ സീൻ അല്ല.ദൈവം ഏകനാണെന്നും നിങ്ങൾ അവനിലേക്ക് മടങ്ങൂ എന്നും ലോക ജനതയെ പഠിപ്പിച്ചു കൊടുക്കുവാൻ അഖിലലോക രക്ഷിതാവായ റബ്ബ് നിയോഗിച്ച പ്രവാചകൻ ,ഒരു പർവ്വതത്തിന്മേൽ അവതരിച്ചിരുന്നെങ്കിൽ അത് ദൈവ ഭയത്താൽ പൊട്ടിച്ചിതറുമെന്ന് പറഞ്ഞ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട പ്രവാചകനാണ്. ആ പ്രവാചകനാണ് ദൗത്യനിർവ്വഹണത്തിനിടയിൽ
മരിച്ചുപോയ തന്റെ പ്രിയതമയുടെ മാല കാണുമ്പോൾ അത് നെഞ്ചോട് ചേർത്ത് പിടിക്കുന്നത്.ഇതിലും മനോഹരമായ ഒരു പ്രണയം നിങ്ങൾക് എവിടെ കാണാൻ കഴിയും. ഭാര്യക്ക് കൈമാറിയ മഹർ എങ്ങനെയുള്ളതാണെന്ന് പോലും നിങ്ങളിൽ പലർക്കും ഇപ്പോ ഓർമ കാണില്ല . അതിനെക്കുറിച്ചെങ്ങാൻ പരിഭവം പറഞ്ഞാൽ നിങ്ങൾ പെണ്ണുങ്ങളെപ്പോലെ സ്വർണ്ണവും ഡ്രെസ്സുമൊക്കെ ഓർത്തുവെക്കാൻ ഞങ്ങൾക്കെവിടെ നേരമെന്ന ഒരൊഴുക്കൻ മറുപടി ആവും നിങ്ങളുടേത്. പക്ഷെ നിങ്ങളെക്കാൾ വലിയ ദൗത്യം ഏൽപ്പിക്കപ്പെട്ട പ്രവാചകൻ അത് മനോഹരമായി ഓർത്തുവെച്ചിരുന്നു..
ഭാര്യക്ക് വായിലേക്ക് ഭക്ഷണം വെച്ചുകൊടുക്കാനും ഭാര്യ കുടിച്ച പാത്രത്തിൽ അവളുടെ ചുണ്ട് വെച്ച അതേ ഭാഗം വെച്ച് തന്നെ കുടിക്കാനും പ്രവാചകൻ നേരത്തെ കാണിച്ചു തന്നിട്ടുണ്ട്.ഭാര്യ അതിൽ വിഷം കലക്കിയോ എന്നറിയാൻ ആയിരുന്നില്ല അത്. അത് പ്രണയമായിരുന്നു.
ഒരു പെണ്ണ് കുടുംബത്തിലെ ആറുപേരെ വിഷം കൊടുത്തു കൊന്നു എന്ന് കേൾക്കുമ്പോൾ നമ്മളിലുണരുന്ന ഒരു തരം വികാരമുണ്ടല്ലോ. ഇനിയങ്ങോട്ട് ഭാര്യക്ക് ഉരുട്ടിവായിൽ വെച്ച് കൊടുത്തിട്ടേ നമ്മൾ കഴിക്കാൻ പാടുള്ളൂ എന്ന് പറയുന്ന ആ ഒരു വികാരം. കേരളത്തിൽ അങ്ങോളമിങ്ങോളം ഭാര്യയെയും മക്കളെയും പ്രിയപ്പെട്ടവരെയുമൊക്കെ കെട്ടിത്തൂക്കിയും വിഷം കൊടുത്തും വെള്ളത്തിൽ തള്ളിയിട്ടുമൊക്കെ കൊന്നിട്ടും ഇളകാത്ത ആ വികാരം. അതിൻറെ പേര് തമാശ എന്നല്ല. അതൊരു തരം ക്രൂരതയാണ്. ഒരു പെണ്ണും ആണൊരുത്തൻ ഏതെങ്കിലും നാട്ടിൽ ഇങ്ങനെ ചെയ്‌തെന്ന് വെച്ച് ജാഗ്രത പുലർത്തണം പെണ്ണുങ്ങളെ എന്ന് പറയാത്ത കാലത്തോളം അവൾക് നിന്നെ വിശ്വാസമുണ്ട്. അവൾ അങ്ങനെ പറയില്ല. കാരണം പുരുഷൻ അങ്ങനെയൊക്കെ ആവാം എന്ന് ആരൊക്കെയോ ഇവിടെ അലിഖിത നിയമം എഴുതി വെച്ചിട്ടുണ്ട്. അതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്തരം ക്രൂരമായ തമാശകൾ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ