2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

പണം കായ്ക്കുന്ന മരം


ഭാര്യയുടെ കൂരമ്പു പോലുള്ള
വാക്കുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല...
ഒന്ന് തിരിഞ്ഞുനോക്കാൻ പോലും തോന്നുന്നില്ല.
പലപ്രാവശ്യം താന്‍ വീടുവിട്ട് ഇറങ്ങിയിട്ടുണ്ട് .
 ഇത്രയും നിരാശ തോന്നിയിട്ടില്ല..
പക്ഷേ ഇന്ന്....
ആർക്കു വേണ്ടിയാണ് താൻ ഇത്രയും
 കാലം ജീവിച്ചത്.. ഒരു ആയുസ്സുകൊണ്ട് എന്ത് നേടി.. ഉള്ളിലെ സങ്കടങ്ങള്‍
കണ്ണീരായി ചാലിട്ടൊഴുകി..

കർച്ചീഫ് കൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അയാൾ കാറിന്റെ ഡോർ തുറന്നു...
വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..

30 വർഷത്തെ തന്റെ പ്രവാസ ജീവിതത്തിന്റെ വിയർപ്പ് ഇരുനില വീടിന്റെ രൂപത്തിൽ തന്നെ നോക്കി പല്ലിളിച്ചു ചിരിക്കുന്നതായി  അയാൾക്ക് തോന്നി..

കാറിന്റെ അകത്തു കയറിയതും
 ചെവിയിൽ നിന്ന് ഹെഡ്സെറ്റ് എടുത്ത് മാറ്റിക്കൊണ്ട് ഷമീറിന്റെ ചോദ്യം..

ഉപ്പാ...പാസ്പോർട്ടും ടിക്കറ്റും എടുത്തില്ലേ...

മ്...   അയാൾ ഒന്ന് മൂളി..

ഹെഡ്സെറ്റ് വീണ്ടും ചെവിയിലേക്ക് തന്നെ കയറ്റിവച്ച് ഷമീർ വണ്ടി മുന്നോട്ടെടുത്തു..

ഇംഗ്ലീഷ് പാട്ടിന്റെ ഈരടികൾക്ക്  സ്റ്റിയറിംഗിൽ  താളമിട്ടുകൊണ്ട് ഷമീര്‍ കാറുമായി  എയർപോർട്ടിലേക്ക് കുതിച്ചു..

ഷമീറിനോട് എന്തൊക്കെയോ പറയണമെന്നുണ്ട്..
നല്ലോണം പഠിക്കണം..
 ഉമ്മയെ നല്ലോണം നോക്കണം ..
വാഹനം ശ്രദ്ധിച്ച് പതുക്കെ ഓടിക്കണം . പക്ഷേ അവന്‍ മറ്റൊരു ലോകത്താണ്..
അവന്റേതായ ലോകത്ത്..

എയർപോർട്ടിൽ കാർ നിർത്തി ഷമീർ ചാടിയിറങ്ങി..

ഡിക്കി തുറന്ന് ലഗേജ് എടുത്ത്
ട്രോളിയിൽ വെച്ചു..

ഉപ്പാ.. ഞാൻ പൊയ്ക്കോട്ടെ..
ട്രോളി നിങ്ങൾ തള്ളിക്കൊണ്ട് പോകില്ലേ.. എനിക്ക് കുറച്ച് തിരക്കുണ്ട് .
ഇന്ന് ബ്രസീലിന്റെ കളിയുണ്ട് ..
തുടക്കംമുതൽ കാണണം ..
ഞാൻ പോകുന്നു..
പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഷമീർ കാറിൽ കയറിയിരുന്നു..

അയാൾ കുറച്ചു സമയം അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു..

ആകെയുള്ള ഒരു ആൺതരി..
രണ്ടുവർഷം ഇനി അവനെ കാണില്ല..
യാത്ര പറഞ്ഞ് തന്റെ മോനെയൊന്ന്  കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്പുന്നു..

അവന്‍ കണ്ണിൽ നിന്നു മറയുന്നത് വരെ അയാള്‍ അവിടെത്തന്നെ നിന്നു..

നെഞ്ചിൽ എന്തോ കുത്തിയിറക്കുന്ന വേദന..
വയസ്സ് 57 കഴിഞ്ഞു..
ഇല്ലാത്ത രോഗങ്ങളൊന്നുമില്ല..
തന്റെ സമാധാനത്തിന് വേണ്ടിയെങ്കിലും സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകാമായിരുന്നില്ലേ അവന്...

എയർപോർട്ടിന് അകത്തു കയറിയപ്പോഴാണ് അറിഞ്ഞത് ഫ്ലൈറ്റ്
രണ്ട് മണിക്കൂറ് വൈകിയാണെന്ന് ..
ലെഗേജ് സൈഡിൽ ഒതുക്കി വെച്ച് കസേരയിലിരുന്നു..
ഇരിപ്പുറയ്ക്കുന്നില്ല ..
നെഞ്ചിൽ ഒരു വല്ലാത്ത നീറ്റൽ..
ഇനിയും പ്രവാസത്തിലേക്കു ഒരു മടക്കയാത്ര സ്വപ്നത്തിൽപോലും വിചാരിച്ചതല്ല..
പക്ഷേ തന്റെ വിധി..
ഇനിയുള്ള കാലം തന്റെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള
തന്റെ ആഗ്രഹം..
മക്കളോടും പേരകുട്ടികളോടുമൊപ്പം താൻ സ്വപ്നം കണ്ട സന്തോഷങ്ങൾ..
എല്ലാം തകർന്നത് ആ ഒരൊറ്റ
നിമിഷത്തിൽ ആണ്..
താൻ ആരുമല്ലെന്നും ഒന്നുമല്ലെന്നും തിരിച്ചറിഞ്ഞ നിമിഷം..

താൻ ഇനി ഗൾഫിലേക്ക്
 മടങ്ങിപ്പോകുന്നില്ല എന്ന് കേട്ടപ്പോൾ മകന്റെ മുഖത്ത് കണ്ട പുച്ഛഭാവം..
അവന് ഇതുവരെ എന്തെങ്കിലും കുറവ്  വരുത്തിയിട്ടുണ്ടോ താന്‍..?
നല്ല വിദ്യാഭ്യാസം.
അവനിഷ്ടപ്പെട്ട ബൈക്ക് .കാർ .
വില കൂടിയ മൊബൈൽ ഫോണുകൾ..

ഇഷ്ടപ്പെട്ടവനെ തന്നെ കല്യാണം
കഴിപ്പിച്ചു കൊടുത്ത് ജീവിക്കാനുള്ള വരുമാനവും ഉണ്ടാക്കി കൊടുത്തിട്ടും ആവശ്യങ്ങളുടെ നീണ്ട നിര നിരത്തി ഇതിനെല്ലാം ഇനി എന്തു ചെയ്യും എന്ന്  മുഖത്ത് നോക്കി ചോദിച്ച ഏകമകൾ..

അതിലും വലിയ പ്രഹരം നല്‍കിയത് തന്റെ ഭാര്യ ആയിരുന്നില്ലേ...?
30 കൊല്ലം തന്റെ എല്ലാമെല്ലാമായിരുന്ന ഭാര്യയുടെ വാക്കുകൾ..
ഇനിയിവിടെ നിന്നിട്ടെന്ത് കാര്യം..?
നിൽക്കേണ്ട സമയത്ത് കൂടെ
നിൽക്കാതെ ഈ വയസ്സുകാലത്ത് കൂടെ നിന്നിട്ട് എന്തിനാണ്..?

നെഞ്ച് തകര്‍ന്നു പോയത് ആ വാക്കുകള്‍ കേട്ടപ്പോഴാണ്..
കുടുംബത്തിന് വേണ്ടിയല്ലേ താൻ പ്രവാസിയായത്..
 ഓരോ പ്രാവശ്യം നാട്ടിലേക്ക് വരുമ്പോഴും മക്കളുടെ ഭാവിയെക്കുറിച്ച് ആകുലതപ്പെട്ട്  അവള്‍ തന്നെയല്ലേ തന്നെ മടക്കി അയച്ചിരുന്നത്..
30 വർഷം തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കിവച്ച് മണലാരണ്യത്തിൽ തന്റെ യൗവ്വനം
ഉരുക്കി തീർത്തത് തന്റെ കുടുംബത്തിനു വേണ്ടിയല്ലേ..

താൻ അവർക്ക് വെറും പണം കായ്ക്കുന്ന മരം മാത്രം ആയിരുന്നു ..
തന്റെ ഉള്ളിലെ ഭർത്താവിനെയോ  അച്ഛനെയോ കാണാൻ  ആർക്കും കഴിഞ്ഞില്ല..
30 വർഷം താൻ നഷ്ടപ്പെടുത്തിയ
തന്റെ കുടുംബജീവിതം ഇനിയുള്ള
തുച്ഛമായ ആയുസ്സിൽ എങ്കിലും തിരിച്ചുപിടിക്കാനുള്ള തന്റെ ആഗ്രഹം
തന്റെ ഭാര്യ പോലും മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർത്തപ്പോൾ അയാളുടെ
സങ്കടങ്ങൾ ഒരു തേങ്ങലായി പുറത്തേക്കുവന്നു കൊണ്ടിരുന്നു..

ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ കർച്ചീഫ് മുഖത്ത് വിരിച്ച് ചുമരിലേക്ക് തലയും ചാരിവച്ച് കിടന്നു....
നെഞ്ചിനുള്ളിൽ ആളിക്കത്തുന്ന
തീ പുറത്ത് വരാതിരിക്കാൻ ഒരു കൈകൊണ്ട് നെഞ്ചു തടവി കൊണ്ട് ഇരുന്നു..
 നിമിഷങ്ങൾ മണിക്കൂറുകളായി..  അബുദാബിയിലേക്കുള്ള  യാത്രക്കാർ ബോർഡിങ് പാസിനു വേണ്ടി കൗണ്ടർ നാലില്‍ വരിയായി നില്‍ക്കണമെന്ന് അറിയിപ്പ് വന്നതും ആളുകള്‍ അങ്ങോട്ടേക്കോടി..
ഈ സമയവും അയാള്‍ മാത്രം ഒന്നും അറിയാത്ത പോലെ സമാധാനമായുറങ്ങി..
പോലീസുകാരന്‍ തട്ടി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതും അയാള്‍ തറയിലേക്ക് മുഖമടച്ച് വീണതും ഒരുമിച്ചായിരുന്നു..

ഡോക്ടര്‍ മൂക്കിലൂടെ ഒലിച്ചിറങ്ങിയ
രക്തം തുടച്ചു വൃത്തിയാക്കി..

ഒരു മണിക്കൂര്‍ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഹൃദയം പൊട്ടിയാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു...     ഈ സമയം വീട്ടില്‍ ഭര്‍ത്താവിന്റെ ആദ്യശംമ്പളം കൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് കണക്കു കൂട്ടുകയായിരുന്നു ഭാര്യ...

1 അഭിപ്രായം: