*ചരിത്ര ഭൂമികയിലൂടെ.......*
_*Zac കിഴക്കേതിൽ*_
*ജോർദ്ധാനിലെ മൂന്നാം ദിവസം*
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
*അന്നും പതിവുപോലെ ഞാൻ നേരത്തേ എഴുന്നേറ്റു. എത്രയെത്ര ദിവസങ്ങളാണ് അർത്ഥമേതുമില്ലാതെ ജീവിതത്തിൽ കഴിഞ്ഞു പോയിട്ടുള്ളത്?*
_അത്തരമൊരു ദിവസം എത്രയോ നിറം പകർന്ന് എനിക്കു മുൻപിലേക്കിറങ്ങി വന്നിരിക്കുകയാണ്. ഈ നിറം പകർന്നു തന്ന പച്ച മരുപ്പച്ചയെ (ഗ്രീൻ ഒയാസിസ് ) ഞാൻ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്. അവർ ഒരുക്കിത്തരുന്ന സത്രങ്ങളും ഭക്ഷണവും വളരെയധികം ഉയർന്ന നിലവാരം തന്നെ പുലർത്തിയിരുന്നു. രാവിലേത്തന്നെ നിറം പകർന്ന ചിന്തകളുമായി ഞാൻ താഴെയിറങ്ങി._
സമീർ നല്ല ഉറക്കമാണ്. പള്ളിയിലേക്ക് പോകയാണ് എന്ന് പറഞ്ഞ് അവനെ പകുതി ഉണർത്തിയിട്ടുണ്ട്.
നീളമേറിയ ഹോട്ടലിന്റെ മുൻഭാഗം. എയർപോർട്ടിലേതുപോലെയുള്ള സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷമേ പുറത്തിറങ്ങാൻ പറ്റു. ചെക്കിങ്ങിനു വേണ്ടി ഇരിക്കുന്നത് ഒരു ജോർദ്ദാനി, മാന്യ വനിതയാണ്. ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങി. പുറത്തു നല്ല തണുപ്പുണ്ട്.
അവിടെ കാത്തു നിൽക്കുമ്പോൾത്തന്നെ പുറത്തൊരു *പോലീസ് കാർ*വന്നു നിർത്തിയത് ഞാൻ കണ്ടിരുന്നു. ഡ്രൈവിങ്ങ് സീറ്റിലിരുന്ന പോലീസുകാരൻ എന്നോട് എങ്ങോട്ടാണ് എന്ന് ആംഗ്യത്തിൽ ചോദിക്കുന്നു.
ഒരപരിചിതനായ ടൂറിസ്റ്റിനെ സഹായിക്കാനുള്ള അയാളുടെ വ്യഗ്രത കണ്ട ഞാൻ ജോർദാനീ പോലീസുകാരന്റെ നന്മയെ മനസാ വണങ്ങി. അടുത്തെത്തി അയാൾ എങ്ങോട്ടാണ് എന്നു ചോദിച്ചപ്പോൾ ഇയാൾ പോലീസ് വേഷത്തിലല്ലേ എന്ന് സംശയം തോന്നി. കുറച്ചു കൂടി അടുത്തെത്തിയപ്പോഴാണ് *Taxi* എന്ന ബോർഡ് കണ്ടത്. ഞാൻ മനസ്സിലാക്കിയ ആ നന്മ നിറഞ്ഞ പോലീസുകാരൻ ടാക്സി ഡ്രൈവറാണെന്നറിഞ്ഞപ്പോൾ, ജാള്യം മറച്ച ഞാൻ പള്ളിയെവിടെയാണെന്ന് അയാളോട് ചോദിച്ചറിഞ്ഞു. കുറച്ചപ്പുറത്തു തന്നെയുള്ള പള്ളിയിലേക്ക് പോയി.
പള്ളിയും പരിസരവുമൊക്കെ വീക്ഷിച്ചു, ഉള്ളിലിരുന്നു. ബാങ്ക് സമയമായപ്പോൾ ഒരാൾ എഴുന്നേറ്റ് മുന്നോട്ട് നടക്കുന്നത് കണ്ടു. മുഅദ്ദിനായിരിക്കും, എന്ന ഉറപ്പിൽ ബാങ്ക് കാത്തിട്ട് അയാളെ നോക്കി ഇരുന്നു. അയാൾ അപ്പുറത്തെ റൂമിൽ പോയി ഒരു സ്വിച്ച് ഓണാക്കി സീറ്റിൽ വന്നിരുന്നു. ബാങ്ക് മുഴങ്ങി.
അവിടങ്ങളിൽ ബാങ്ക് ഇങ്ങനെ സിഡിയിൽ പ്ലേ ചെയ്യുകയാണ് പതിവെന്ന്.
നിസ്കാര സമയമായപ്പോഴേക്കും ഗ്രൂപ്പിലുള്ള പലരും പള്ളിയിലെത്തിയിരുന്നു.
നമസ്കാരം കഴിഞ്ഞ് വീണ്ടും ഹോട്ടലിലെത്തി.
ബ്രേക്ക് ഫാസ്റ്റ് റെഡിയായോ എന്നൊക്കെ ഒന്നു ചുറ്റി നോക്കി . വീണ്ടും റൂമിൽ കയറി സമീറുമൊത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങി.
ഇവിടത്തെ റെസ്റ്റോറന്റിൽ ഏഷ്യൻ യൂറോപ്യൻ വിവേചനം ഇല്ല. എല്ലാർക്കും ഒരേ ഫുഡ് കൗണ്ടറും ഇരിക്കാനുള്ള ഏരിയയും. നല്ല ഭക്ഷണം. ഓരോ ഐറ്റവും പരിശോധിച്ചു കഴിച്ചു. ഓംലെറ്റ് നാട്ടിൽ വെച്ച് വല്ലാതെ കഴിക്കാറില്ല. പക്ഷേ സമീർ ലൈവായി ഓംലെറ്റ് അടിപ്പിച്ച് കൊണ്ടുവന്നതു കണ്ടു. സൈത്തൂൻ കായ്കളും മറ്റും ചേർത്ത ഓംലെറ്റ്. കൊതി തോന്നിയപ്പോൾ ഞാൻ അതും ഒന്ന് ലൈവാക്കി കഴിച്ചു.
ഏഴു മണിക്ക് യാത്ര എന്ന മാനേജർ ഷാഫിയുടെ നിർദ്ദേശം കൃത്യമായി പാലിച്ച് സമയത്തിന് ബസ്സിൽ എല്ലാവരും കയറാറുണ്ട്. പതിവിന് വിപരീതമായി അന്ന് 8:00 മണിക്കാണ് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തത്. ഞങ്ങൾ ജോർദ്ദാൻ വിട്ട് അന്ന് ഇസ്രയേലിലേക്ക് പോകുകയാണ്. അന്ന് കാഴ്ച കാണാനുള്ള ഇറങ്ങലുകൾ കുറവാണ്. അതുകൊണ്ട് *തോബാണ് ( അറബി വേഷം)* ഞാൻ ധരിച്ചിരുന്നത്. ഇസ്രായേലിലേക്ക് കടക്കാനുള്ള ചെക്ക്പോസ്റ്റിൽ എത്തുമ്പോ തോബു പറ്റൂല്ല, പ്രശ്നാവും എന്ന് മാനേജർ ഷാഫി പറഞ്ഞു.
*ജോർദ്ദാനിലെ നിർമ്മാണമേഖലകൾ രാവിലെ ഒൻപതു മണിക്ക് തന്നെ ആരംഭിക്കും. ജനസംഖ്യയിൽ 80% സ്വദേശികളും 20% സുഡാൻ, ഫലസ്തീൻ, ഇറാഖ്, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്ന അഭയാർത്ഥികളുമാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. 35% തൊഴിൽ രഹിതരാണ് ജോർദാനിൽ. അമ്മാനിൽ ജീവിക്കണമെങ്കിൽ ഒരു മാസം കുറഞ്ഞത് 500 ഡോളറെങ്കിലും വേണം. ജീവിതച്ചെലവ് കൂടികൂടി വരുന്ന നഗരമാണിത്. ഒരു കിലോ ബീഫിന് അമ്മാനിൽ 20 ഡോളറും ഗ്രാമങ്ങളിൽ 10 ഡോളറുമാണ്.*
_ഇന്ന് ആദ്യം സന്ദർശിച്ചത് പ്രവാചകശിഷ്യരിൽ പ്രധാനിയായ_
*അബ്ദുറഹ്മാൻ ബ്നു ഔഫ്* _ക്ലാസ് നടത്തിയ സ്ഥലമാണ്._
*അബ്ദുറഹ്മാൻ ബ്നു ഔഫ്*
➖➖➖➖➖➖➖➖➖
*പ്രവാചക ശിഷ്യരിൽ പ്രധാനിയും ധാരാളം സമ്പത്തിന്റെ ഉടമയുമായിരുന്നു അബ്ദുറഹിമാനുബ്നു ഔഫ്. മുസ്ലിമാകുന്നതിന്ന് മുൻപ് അബൂജഹലിന്റെ ഉറ്റമിത്രമായിരുന്നു. പല യുദ്ധസന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ സ്വത്താണ് , ഇസ്ലാമിന് സഹായകമായി മാറിയത്. അല്ലാഹു നൽകിയ സ്വത്തും അനുഗ്രഹങ്ങളും കർമങ്ങൾക്കുള്ള പ്രതിഫലമാണോ എന്ന ഭയത്താൽ, സ്വർഗ്ഗം കാംക്ഷിച്ചു കൊണ്ട് സ്വത്തുക്കളേറെയും ദാനം ചെയ്ത ഭക്തനാണ് അദ്ദേഹം.*
തുടർന്ന് , മൂസാ നബിയുടെ ശിഷ്യനായ *യൂശ്അ ബിന്നൂൻ(അ)*
പ്രവാചകരായ *ഷുഹൈബ്* എന്നിവരുടെയും ശവകുടീരങ്ങൾ കൂടി സന്ദർശിച്ചു.
*യുശ്അ ബിന്നൂൻ:*
➖➖➖➖➖➖➖➖
*മൂസാനബിയുടെ ശിഷ്യനും , മൂസാ നബിയുടെയും ഹാറൂൻ നബിയുടേയും വഫാത്തിനു ശേഷം ഇസ്രായേല്യരുടെ നേതൃത്വം ഏറ്റെടുത്ത ഖലീഫയുമായിരുന്നു യുശ്അ ബിന്നൂൻ. മൂസാനബിയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്ന ഇസ്രാഈൽ ജനത ഫലസ്തീൻ കീഴടക്കി , അവിടെ പ്രവേശിച്ചത് യുശ്അ ബിന്നൂൻ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു.*
*ശുഐബ് നബി:*
➖➖➖➖➖➖➖➖➖
*മൂസാ നബിയുടെ സമകാലികനായി മദിയൻ എന്ന സ്ഥലത്തുണ്ടായിരുന്ന പ്രവാചകനാണ് ശുഐബ് ( അ ). ഒരു ഖിബ്ത്തിയെ വധിച്ചു പോയപ്പോൾ രാജ്യം വിട്ടുപോയ മൂസാ (അ) എത്തിയത് ശുഐബ് നബിയുടെ അടുത്താണ്. ശുഐബ് നബിയുടെ മകളെയാണ് മൂസാനബി കല്യാണം കഴിച്ചത് എന്നും അറിയപ്പെടുന്നു.*
നിർദിഷ്ട ജോർദ്ദാൻവാലി പദ്ധതികൾക്കു സമീപത്തുകൂടിയാണ് ബസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഏകദേശം പതിനൊന്ന് മണിയോടു കൂടി *ചാവുകടലിന്റെ (dead sea)* തീരത്തെത്തി. അമ്മാൻ റിസോർട്ടിൽ കൂടിയാണ് ചാവുകടലിൽ പ്രവേശിച്ചത്. ജോർദാനിൽ ചാവുകടലിൽ ഇറങ്ങണമെങ്കിൽ ഇങ്ങനെയുള്ള റിസോർട്ടിൽ കൂടി മാത്രമേ സാധിക്കുകയുള്ളൂ.അത് ചെലവുള്ള കാര്യവുമാണ്, ഇസ്രയേലിലാണെങ്കിൽ സൗജന്യവുമാണ്. അമ്മാനിൽ നിന്നും ഏകദേശം 55 കിലോമീറ്റർ സഞ്ചരിച്ചാണ് ചാവുകടലിൽ എത്തിയത്. *ഡെഡ്സീ* എന്ന് ഇംഗ്ലീഷിലും, *ബഹർ മൗത്ത്* എന്ന് അറബിയിലും, *ചാവുകടൽ* എന്ന് മലയാളത്തിലും ഇതിന് പേര് പറയുന്നു. ഇത് ജോർദ്ദാനിലും ഇസ്രയേലിലുമായി വിഭജിച്ചു കിടക്കുന്നു. ചാവുകടലിൽ എത്തുന്നതിന് ഉദ്ദേശം 30 കിലോമീറ്റർ മുമ്പ് തന്നെ താഴോട്ടുള്ള ഇറക്കമാണ്. അതു കഴിഞ്ഞ് ഒരു 15 കിലോമീറ്റർ കഴിഞ്ഞാൽ ഭൂമി 'സീലെവലിൽ ' (sea level-സമുദ്രനിരപ്പ്) ആണെന്ന ബോർഡ് കാണാം. പിന്നീടുള്ള യാത്ര സമുദ്രനിരപ്പിൽ നിന്നും താഴേക്കായിരുന്നു. പക്ഷെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ചാവു തടാക സ്ഥലത്തേക്ക് കടൽവെള്ളം കയറുന്നില്ല.
*ചാവുകടലിന് 55 കിലോമീറ്റർ നീളവും 15 കിലോമീറ്റർ വീതിയും 300 മീറ്റർ താഴ്ചയുമുണ്ട്. മറ്റൊരു സമുദ്രവുമായും ചാവുകടലിന് ബന്ധമില്ല. ഇതിലെ വെള്ളം എങ്ങോട്ടും ഒഴുകി പോകുന്നില്ല. അതുകൊണ്ട് തന്നെ ഇതിന് ഒരു തടാകത്തിന്റെ സ്വഭാവമാണുള്ളത്. വെള്ളം ഉപ്പുരസമായതിനാൽ കടൽ എന്ന് വിളിക്കുന്നു എന്നു മാത്രം. ലോകത്തിലെ തന്നെ ഏക ലവണാംശം കൂടിയ കടലാണിത്. ഈ കടലിലെ ഉപ്പിന്റെ അളവ് സാധാരണ കടലിൽ നിന്നും ഒൻപത് ഇരട്ടി കൂടുതലാണ്. വെള്ളത്തിന് സാന്ദ്രത കൂടുതലായതിനാൽ മുങ്ങിപ്പോകാതെ അനായാസം ഇതിന്റെ മുകളിൽ കിടക്കാൻ കഴിയും. മനുഷ്യന്റെ ഭാരം ഈ കടൽ ജലത്തേക്കാൾ കുറയുന്നതു കൊണ്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സാധിക്കുന്നത്.*
_സമുദ്രനിരപ്പിൽ നിന്നും 1300 അടി താഴെയാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ചാവുകടൽ ദിനം കഴിയുന്തോറും മരിച്ച് കൊണ്ടിരിക്കുകയാണ്. ജോർദ്ദാൻ നദിയിൽ നിന്നും ഒഴുകി വരുന്ന ജലമാണ് ഇതിന്റെ ഇപ്പോഴുള്ള നിലനിൽപ്പിന്നാധാരം. ചാവുകടലിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകി പോകാനുള്ള കൈവഴികളൊന്നുമില്ല. വെള്ളം ഇവിടെ കെട്ടി കിടന്നു ബാഷ്പീകരിച്ചു പോകുന്നു. ജീവനുള്ളതിനൊന്നും ഈ ജലത്തിൽ ജീവിക്കുവാൻ സാധിക്കാത്തതു കൊണ്ടാണ് ഇതിനെ *" ചാവുകടൽ "*എന്ന് വിളിക്കുന്നത്._
*ത്വക്ക് - ചർമ്മ രോഗമുള്ളവർ ഈ കടലിൽ കുളിക്കുന്നത് രോഗശമനത്തിന് നല്ലതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.*
ചാവുകടലിൽ കുളിക്കുന്നതിനാൽ പ്രത്യേകം വസ്ത്രങ്ങൾ കരുതാൻ തലേദിവസം പറഞ്ഞതുകൊണ്ട് എല്ലാവരും സ്വിമ്മിംഗ് ഡ്രസ് കരുതിയിട്ടുണ്ടായിരുന്നു. അമ്മാൻ ബീച്ച് റിസോർട്ടിൽ കടന്നയുടനെ ഒരു സുവനീർ ഷോപ്പ് കാണാം. തിരക്കൊന്നുമില്ലാത്ത ഒരു റിസോർട്ട്. ഡ്രസ്സ് മാറുന്നതിനും മറ്റും അവിടെ പ്രത്യേകം റൂമുകളുണ്ട്. കടലിൽ കുളിക്കുന്നതിന് വേണ്ടി സ്ത്രീജനങ്ങൾ ഒഴികെ മിക്കവരും ഡ്രസ്സ് മാറി വന്നു. ലോഹനിർമ്മിതമായ തൊന്നും ശരീരത്തിൽ ധരിക്കാൻ പാടില്ല. അവയിലൊക്കെ ഈ വെള്ളം പറ്റിയാൽ കളർ മങ്ങുകയോ ദ്രവിച്ചു പോകുകയോ ചെയ്യും. ഈ ജലം വായിലൂടെ അകത്ത് പോകുവാനോ കണ്ണിൽ ആകുവാനോ പാടുള്ളതല്ല. നീന്തുമ്പോൾ കൈകാലുകൾ തുഴയരുതെന്ന് പ്രത്യേകം പറയുന്നുമുണ്ട്. ഇംഗ്ലീഷുകാരൊക്കെ കറുത്ത ടാറു പോലെയുള്ള ചെളി ദേഹത്തെല്ലാം പുരട്ടി കുറച്ച് സമയം വെയിലു കൊണ്ടതിനു ശേഷമാണ് കുളിക്കുന്നത്.
ഏകദേശം ഒരു മണിക്കൂർ സമയം കുളിക്കുവാനായി നൽകിയിട്ടുണ്ട്. വീഡിയോ എടുക്കുന്നതിനിടെ തിരുവനന്തപുരത്തുകാരനായ ഒരാളുടെ ഫോൺ കടലിൽ വീണത് വലിയ വിഷമമുണ്ടാക്കി.
*വെള്ളം എപ്പോഴും എന്നെ മോഹിപ്പിക്കുമെങ്കിലും നീന്തൽ വലിയ വശമില്ലാത്തതിനാൽ, എപ്പോഴും, വെള്ളം എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ചാവുകടലിൽ മുങ്ങിപ്പോവില്ലെന്ന് 100 % ഉറപ്പുണ്ടായിട്ടും വെള്ളത്തിൽ കിടന്നപ്പോൾ ഞാൻ തുഴഞ്ഞു കൊണ്ടേ യിരുന്നു.*
_കടലിൽ കുളിച്ചതിനു ശേഷം ശുദ്ധജലത്തിൽ കുളിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഞാൻ തോബ് മാറിയിട്ടാണ് കുളിക്കാനുള്ള ഡ്രസ്സ് ഇട്ടത്. അതു മാറ്റി, ഷാഫിയുടെ നിർദ്ദേശം മാനിച്ച് ടീ ഷർട്ടും പാൻറും ധരിച്ചു._
*ഇനി ബോർഡർ ക്രോസിങ്ങാണല്ലോ..*
ഡ്രസ്സ് മാറുന്നതിനു വേണ്ടി പ്രത്യേകം മുറികളുണ്ടെങ്കിലും അവിടെയൊന്നും പോകാൻ മെനക്കെടാതെ തുറസ്സായ സ്ഥലത്ത് നിന്ന് നാടൻ ശൈലിയിൽ തുണി മാറ്റുന്നവരേയും കാണാം. പാശ്ചാത്യ ശൈലിയിലുള്ള റിസോർട്ട് ആയതിനാൽ ആണും പെണ്ണും ഇടകലർന്നാണ് കുളിക്കുന്നതും മറ്റും. *ബിക്കിനി ധരിച്ച സ്ത്രീകളെ ആദ്യമായാണ് ജീവിതത്തിൽ ഇത്രയധികം കാണുന്നതും.*
*_ദൈവിക കല്പനയ്ക്ക് എതിരായി സ്വവർഗ്ഗ ലൈംഗികതയെന്ന മ്ലേച്ഛമായ പ്രവൃത്തി നടത്തിയ സദൂം എന്ന പട്ടണത്തെ ഒരു ഘോരശബ്ദം ആകാശത്ത് നിന്നും ഇറക്കി ദൈവം നശിപ്പിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് നാം കാണുന്ന ചാവുകടൽ ._*
ലഞ്ച് കഴിഞ്ഞ് അടുത്ത യാത്ര ഇസ്രയേലിലേക്ക് .ഇത്രയും ദിവസമായിട്ട് ആദ്യമായാണ് പലരും വയറ് നിറയെ സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്നത്. *എനിക്കാദ്യം മുതൽ തന്നെ ഭക്ഷണമൊക്കെ നല്ലതായിട്ടാണ് അനുഭവപ്പെട്ടത്. എനിക്ക് അറബിക് ഭക്ഷണങ്ങളാണ് കൂടുതൽ പ്രിയം.* അതുകൊണ്ട് ,സത്യത്തിൽ അന്നത്തെ ഉച്ചഭക്ഷണം എനിക്കത്ര സംതൃപ്തിയൊന്നും തന്നില്ലായിരുന്നു.
ജോർദാൻ വാലിയിലൂടെയാണ് യാത്രയെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ഇത് ജറുസലേം ഹൈവേ കൂടിയാണ്. ഈ പ്രദേശം വളരെയധികം ഫലഭൂയിഷ്ഠമാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാം. വാഴയും, ഈത്തപ്പനകളും ഇവിടെ നിറഞ്ഞു നിൽക്കുന്നു. വാഴകൃഷിയുടെ മഹാലോകം തന്നെ വഴിയിലുടെനീളം കാണാം. കേരളത്തിലെത്തിയെന്ന് ആരോ ബസ്സിൽ നിന്നും കമന്റ് പറയുന്നതും കേൾക്കാം. കൃഷിക്കാർക്കുള്ള പാർപ്പിടങ്ങളും മൃഗങ്ങൾക്കുള്ള സങ്കേതങ്ങളും എവിടേയും കാണാം. ചില സ്ഥലങ്ങളിൽ നിരനിരയായി വീടുകൾ കാണാം. ആടുകളെ മേക്കുന്നവർ നിരവധി.അതിൽ കുട്ടികളും കുറവല്ല.അവർ പൂർവ്വിക പ്രവാചകൻമാരുടെ പാത പിന്തുടരുന്നതുപോലെ തോന്നി. കൃഷി നനയ്ക്കാനുള്ള ചെറിയ തടാകം പോലെയുള്ള കുളങ്ങൾ ചില സ്ഥലങ്ങളിൽ കാണാം. ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശം ഫലപുഷ്ടി കൊണ്ട് ജോർദ്ദാനെ സമ്പന്നമാക്കുന്നു.
ശേഷം പ്രവാചക ശിഷ്യരിൽ പ്രധാനിയായിരുന്ന *അബൂഉബൈദത്തുൽജറാഹ്*എന്ന വ്യക്തിയുടേയും,
പിന്നീട് *ദിറാർ ബ്നു അസ്വർ*എന്ന വ്യക്തിയുടെയും ശവകുടീരം കൂടി സന്ദർശിച്ചു.
ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് പിറന്ന നാട്ടിൽ നിന്നും ഫലസ്തീനികളെ തുരത്തിയോടിച്ച് അധികാരം സ്ഥാപിച്ച ജൂതരാഷ്ട്രമായ ഇസ്രയേലിലേക്കായിരുന്നു. അതിർത്തിയിൽ ഫോട്ടോ എടുക്കരുതെന്ന് കർശന വിലക്കുണ്ടായിരുന്നു. ജോർദ്ദാനിൽ നിന്നും എക്സിറ്റ് അടിക്കാൻ ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി, ക്യൂവിൽ നിൽക്കുമ്പോഴും ജോർദ്ദാന്റെ ചരിത്ര ഭൂമിക നൽകിയ കൗതുകങ്ങളുടെ ലോകത്ത് തന്നെയായിരുന്നു ഞാൻ. ജോർദ്ദാനിലെ അവസാന നിമിഷങ്ങൾ കടന്നു പോകുമ്പോൾ *ചാവുകടലിനേറെയും, അമ്മാന്റെയും, പെട്രയുടേയും, അസ്ഹാബുൽ കഹഫിന്റേയും നാട്ടിലെ ചരിത്ര സാക്ഷ്യങ്ങൾ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.*
എക്സിറ്റ് അടിച്ചതിനു ശേഷം ഗൈഡ് ഒഴികെ ബാക്കിയെല്ലാവരും ബസ്സിൽ കയറി.ഗൈഡിന് ജോർദ്ദാൻ അതിർത്തി വരേയേ അനുമതിയുള്ളൂ. ബസ്സിന് ഇസ്രയേൽ ബോർഡർ വരേയും. ഉദ്ദേശം 4:00 മണിയോടു കൂടി കിംഗ് ഹുസൈൻ ബ്രിഡ്ജിനടുത്തുള്ള ജോർദ്ദാൻ ബോർഡറിൽ ഞങ്ങളെത്തിച്ചേർന്നു. അവിടെ കവചിത വാഹനങ്ങളിൽ യന്ത്രത്തോക്കുകളുമായി നിൽക്കുന്ന ഇസ്രയേൽ പട്ടാളത്തെ കണ്ടു. ഒരു പട്ടാളക്കാരൻ വന്നു ഞങ്ങളുടെ എല്ലാവരുടേയും പാസ്പോർട്ട് പരിശോധിച്ചു. ഇരു രാജ്യങ്ങളുടേയും അതിർത്തി , കാവൽ സൈനികരെ കൊണ്ട് സജീവമായിരുന്നു. സൗഹൃദത്തിലാണ് ഇന്ന് ഇരു രാഷ്ട്രമെങ്കിലും അതിർത്തിയിലെ സുരക്ഷ കർശനമാണ്.
*ലോകത്തിന് എന്നും ഭീതി മാത്രം സമ്മാനിക്കുന്ന ഒരു രാജ്യത്ത് നേരിട്ട് പ്രവേശിക്കുകയായിരുന്നു ഞങ്ങൾ. അഞ്ച് പതിറ്റാണ്ടുകളായി ഈ ഭീകരരെപ്പറ്റി ഞാൻ കേൾക്കാനും വായിക്കാനും മനസ്സിലാക്കാനും തുടങ്ങിയിട്ട്. ആ രാജ്യത്തിന്റെ മണ്ണിലാണല്ലോ ഇപ്പോഴുള്ളതെന്ന കാര്യം ഓർത്തപ്പോൾ മനസ്സ് ആകെയൊരു കിടിലം കൊണ്ടു. അതിർത്തിയിൽ തലങ്ങും വിലങ്ങും ജൂത പട്ടാളക്കാരെ കണ്ടു. യന്ത്രത്തോക്കുകൾ കയ്യിലേന്തി അവർ ശത്രുവിനെ പ്രതീക്ഷിച്ചിരിക്കുകയായിരിക്കും.*
ജോർദ്ദാനിൽ നിന്നും ഞങ്ങളേയും വഹിച്ച് വന്ന ആൽഫ ബസ് (Alpha Bus) ഇതിനകം തിരിച്ച് പോയിരുന്നു.
*ഇസ്രയേൽ വിസ പാസ്പോർട്ടിൽ അടിക്കുന്നത് അപകടമായിരുന്നു. കാരണം, ഇസ്രയേലിന്റെ വല്ല സീലും പാസ്പോർട്ടിൽ പതിഞ്ഞു പോയാൽ അറബി രാജ്യങ്ങളിലേക്കുള്ള സഞ്ചാരത്തിന് പിന്നീടത് തടസ്സമാകും. അതുകൊണ്ട് തന്നെ പ്രത്യേക അനുമതി കാർഡുകളാണ് അതിർത്തിയിൽ നിന്നും സന്ദർശകർക്ക് നൽകുന്നത്.*
_ആൾത്തിരക്ക് തീരെയില്ല എന്ന് പറയാൻ പറ്റിയ സമയത്തായിരുന്നു ഞങ്ങൾ ചെക്ക്പോസ്റ്റിൽ എത്തിയത്.സംശയം തോന്നുന്നവരെ അടിമുടി പരിശോധിക്കുക അവരുടെ ഒരു രീതിയാണ്. തൊപ്പിയും താടിയും പൈജാമയും ധരിച്ച ഞങ്ങളുടെ കൂട്ടത്തിലെ മംഗലാപുരം സ്വദേശിയായ ഒരാളുടെ ലഗ്ഗേജ് അഴിച്ച് തന്നെ പരിശോധിച്ചു. ഞങ്ങളുടെ ഇസ്രയേൽ ബസ്സ് ചെക്ക്പോസ്റ്റിൽ എത്തിയിട്ടില്ലാത്തതിനാൽ എമിഗ്രേഷൻ ക്ലിയറൻസിനു വേണ്ടി കുറച്ച് കൂടി സമയമെടുത്തു. ജോർദ്ദാൻ ഗൈഡ് മുറാദ് ഇതേസമയം മെസ്സഞ്ചറിലൂടെ എമിഗ്രേഷൻ കിട്ടിയോ എന്ന് സമീറിനോട് തിരക്കുന്നുണ്ടായിരുന്നു. കൗണ്ടറുകളിൽ ഓഫീസർമാരായി വനിതകളാണ് കൂടുതലും. വ്യത്തിയും വെടിപ്പുമുള്ള ചെക്ക്പോസ്റ്റിലെ ടൂറിസ്റ്റ് ലോഞ്ചിൽ വെച്ച് നേരത്തേ കരുതിയ കുറച്ച് ഭക്ഷണമൊക്കെ കഴിച്ച് താൽകാലികമായി ഉണ്ടായിരുന്ന വിശപ്പടക്കി._
ബസ്സ് വന്നെന്ന വിവരത്തെ തുടർന്ന് ഞങ്ങളെല്ലാവരും മാനേജർ ഷാഫിയുടെ നിർദേശപ്രകാരം മൂന്ന് കൗണ്ടറുകളുടെ മുന്നിലായി ക്യൂ നിന്നു. പാസ്പോർട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ പ്രാവശ്യത്തെ അവസ്ഥകൾ മുമ്പ് ക്ലാസിൽ പറഞ്ഞിരുന്നത് കൊണ്ട് തെല്ല് ഭയത്തോടും ഉത്കണ്ഠയോടെയുമാണ് ക്യൂവിൽ നിന്നത്. ഗ്രൂപ്പിലെ നാല്പത് വയസ്സ് തികയാത്ത ഏഴു പേരൊഴികെ ബാക്കിയെല്ലാവർക്കും എമിഗ്രേഷൻ ക്ലിയറൻസ് കിട്ടി.
*അങ്ങിനെ ലോകം എന്നെ ത്രീവ്രവാദിയല്ലാ എന്ന് അംഗീകരിച്ചു. കാരണം ഇസ്റേയലിലേക്ക് കയറാൻ പെർമിഷൻ കിട്ടി*
എന്റെ റൂം മേറ്റ് സമീറും , മാനേജർ ഷാഫിയും അമീർ സഗീർ മൗലവിയും ഉൾപ്പടെ 7 പേർക്കാണ് ക്ലിയറൻസ് കിട്ടാതെ കാത്തു നിൽക്കേണ്ടി വന്നത്. എന്തിനേയും ഏതിനേയും അവർ സംശയദൃഷ്ടിയോടു കൂടി മാത്രമേ നോക്കി കാണൂ. സമീറിന്റെ ഈമെയിൽ ഐഡി gurabah916@gmail.com എന്നാണ്. അതിനെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു എങ്കിലും അധികം ബുദ്ധിമുട്ടിച്ചില്ല എന്ന് സമീർ പറഞ്ഞു.
*ലോഞ്ചിലേക്ക് കിടക്കുമ്പോൾ എന്റെ തലയിൽ വെച്ചിരുന്ന സ്റ്റീൽ ഹെയർബാന്റുകാരണം വിസിലടിച്ചു. തൊപ്പിയും ഹെയർ ബാൻറും ഊരിമാറ്റിയ ശേഷമാണ് കടന്നു പോന്നത്.*
അനുമതി ലഭിച്ചവർ ഓരോരുത്തരായി ബസ്സിലേക്ക് നീങ്ങി.ഏഴു പേരുടെ പാസ്പോർട്ടുകൾ ലോകത്താകമാനമുളള ഭീകരവിരുദ്ധ ഏജൻസികൾക്ക് അയച്ചുകൊടുത്ത് ഭീകരരല്ല എന്ന് ഉറപ്പു വരുത്താൻ അല്പം സമയമെടുത്തു. ഏകദേശം 7:30 മണിയോടു കൂടി അവസാനത്തെ വ്യക്തിയുടേയും പാസ്പോർട്ട് തിരികെ കിട്ടി. ലഗ്ഗേജ് ഡിക്കിയിൽ കയറ്റി ജറുസലേം ഗോൾഡ് ടൂർസ് എന്ന ബസ്സിൽ സ്ഥാനം പിടിച്ചു. *ഞങ്ങളെല്ലാവരും ഇപ്പോൾ ഇസ്രയേലിന്റെ മണ്ണിലാണുള്ളത്. ഒരുപാട് പറഞ്ഞുകേട്ട, വായിച്ചറിഞ്ഞ, മനസ്സിലാക്കിയ, പേടിപ്പെടുത്തുന്നതെന്ന് കേട്ടറിഞ്ഞ ഇസ്രയേലിലേക്കുള്ള സഞ്ചാരം ആരംഭിക്കുകയായിരുന്നു.* പുതുതായി വന്ന ഗൈഡ് അഹമ്മദിനെയും അയാളുടെ ശിഷ്യൻ ഡ്രൈവറേയും പരിചയപ്പെട്ടു. *ബെതലഹേമി*ലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. അതെ, ജീസസ് ക്രൈസ്റ്റ് ജനിച്ച പൗരാണിക നഗരമായ *ബെത്ലഹേമിലെത്തി.*
ഞങ്ങൾ 2 പേരും മഗ്രിബും ഇശായും നമസ്ക്കരിച്ചു. ഭക്ഷണം കഴിക്കാൻ ഡൈനിങ്ങ് ഹാളിൽ കയറി നല്ല സൂപ്പർ ബൊഫെ... ഇവിടെ ഹാളിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ ഗ്രൂപ്പും ഉണ്ടായിരുന്നു. അതിലെ സ്ത്രീകളും പുരുഷൻമാരും ഒരേ പോലത്തെ ടിഷർട്ടും തൊപ്പിയും ധരിച്ചിട്ടായിരുന്നു ഉണ്ടായിരുന്നത്. ഭക്ഷണം നല്ല വണ്ണം കഴിച്ച് റൂമിലേക്ക് കയറി, കുറച്ച് തോണ്ടി ഉറങ്ങാൻ തയ്യാറെടുത്തു, ഭയങ്കര സ്പോഞ്ചുള്ള ബെഡ്ഡായതു കൊണ്ട് ബ്ളാങ്കറ്റ് വിരിച്ച് താഴെ കിടന്നു.
നാളെ രാവിലെ പലസ്തീനിലെ പള്ളിയിൽ സുബഹി നമസ്ക്കാരത്തിൽ പങ്കെടുക്കണം എന്ന നിയ്യത്തിൽ പ്രാർത്ഥന ചൊല്ലി ഉറങ്ങാൻ കിടന്നു.
*സമീർ ഇന്നധികം വാട്സ്ആപ്പിൽ തോണ്ടിയത് കണ്ടില്ല. പ്രിയതമയുമായി എന്തെങ്കിലും പറഞ്ഞ് ഉടക്കിയോ എന്നറിയില്ല....*🤣🤣🤣