2016, ജൂലൈ 18, തിങ്കളാഴ്‌ച

ആടുമേക്കൽ: ഹദീസ് ഒരു വിശദീകരണം


സമൂഹത്തിൽ നിന്നും അകന്നു നിന്നു ആടിനെ മേച്ചു കൊണ്ടു ജീവിക്കുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത് എന്നു ധ്വനിപ്പിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരു ഹദീസ് ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് പേര് അതിന്റെ നിജസ്ഥിതി ചോദിക്കുകയുണ്ടായി.

ഹദീസ് താഴെ കാണുന്നതുപ്രകാരമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ يَفِرُّ بِدِينِهِ مِنْ الْفِتَنِ (كتاب الإيمان ، صحيح البخاري)

അബൂ സഈദിൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: "കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു മുസ്ലിം തന്റെ മത(വിശ്വാസ)വുമായി, പർവതങ്ങളുടെ ശിഖിരങ്ങളിലോ മഴ ധാരാളം പെയ്യുന്ന സ്ഥലങ്ങളിലോ തന്റെ ആടുകളുമായി പോകുന്ന കാലം വരും. ആ കാലത്ത് അതായിരിക്കും അവന്റെ നല്ല സമ്പത്ത്. (ബുഖാരി: കിതാബിൽ ഈമാൻ, കിതാബിൽ ഫിതൻ).

മുകളിൽ നൽകിയ ഹദീസ് ഇന്ന് ഫേസ്ബുക് പോസ്റ്റിലും വാട്സാപ്പ് ഗൂപ്പുകളിലും അതിന്റെ മലയാളം മാത്രം നൽകി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ഹദീസിൽ വന്നതുപോലെയല്ല, അതിനെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് പോസ്റ്ററിൽ കാണുന്നത്. അത് ബോധപൂർവമായ അബദ്ധമല്ലെന്നു കരുതട്ടെ. ഇപ്പോൾ ചില ചെറുപ്പക്കാർ നാട്ടിൽ നിന്നും അപ്രത്യക്ഷമായപ്പോൾ അതുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പലരും ഈ ഹദീസിനെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നു മനസ്സിലാവുന്നു.

ജീവിച്ചിരിക്കുന്ന സമൂഹത്തിൽ നിന്ന് ഒളിച്ചോടി സൂഫികളെ പോലെ സന്യാസ ജീവിതം നയിക്കാൻ ഈ ഹദീസ് പഠിപ്പിക്കുന്നില്ല. കുഴപ്പങ്ങളും കൊലകളും കലാപങ്ങളുമെല്ലാം ഉണ്ടാവുമ്പോൾ നാട്ടിൽ നിൽക്കാൻ സാധിക്കാതെ പർവ്വത ശിഖിരങ്ങളിലോ മഴപെയ്യുന്ന പ്രദേശങ്ങളിലോ തന്റെ കൈവശമുള്ള ആടുകളുമായി പോവേണ്ടി വരുന്ന ഒരു കാലം വരും എന്ന കാര്യം നബി (സ്വ) സ്വഹാബത്തിനെ അറിയിക്കുകയാണിവിടെ ചെയ്യുന്നത്. ഈ ഹദീസിന്റെ താൽപര്യപ്രകാരം ഉത്തമനൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരാളും ആടിനെ മേച്ച് പർവ്വത ശിഖിരങ്ങളിലോ മറ്റോ പോയതായി ചരിത്രവുമില്ല.

എന്നാൽ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ എപ്രകാരമായിരിക്കണമെന്നു വ്യക്തമായി നിർദ്ദേശിക്കുന്ന ഹദീസുകൾ വേറെയുണ്ട്. അതിൽ ഒരു ഹദീസ് താഴെ നൽകുന്നു.

الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنْ الْمُؤْمِنِ الَّذِي لَا يُخَالِطُ النَّاسَ وَلَا يَصْبِرُ علَى أَذَاهُمْ - الترمذي ، أبن ماجه وصححه الألباني

"ജനങ്ങളുമായി ഇടപഴകുകയും അവരുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളുമായി ഇടപഴകാത്ത അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ അവലംബിക്കാത്ത വിശ്വാസിയെക്കാൾ ഉത്തമൻ." (തിർമുദി 5207, ഇബ്നു മാജ 4032 - അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഈ ഹദീസ് ഒരു പൊതു നിർദ്ദേശമാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ സംഭവിക്കുന്ന കാര്യത്തെ കുറിച്ചല്ല, മറിച്ച് ഒരു യഥാർത്ഥ വിശ്വാസി എപ്രകാരമായിരിക്കണമെന്നാണ് ഇത് പഠിപ്പിക്കുന്നത്. ജനങ്ങളുമായി ഇടപെടുകയും നല്ല ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുകയും അന്തർമുഖരായി നടക്കാതെ പൊതുജീവിതത്തിന്റെ ഭാഗമായി തന്നെ കഴിയുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്നു ഈ ഹദീസ് പഠിപ്പിക്കുന്നു. സ്വാഭാവികമായും ഒരു വിശ്വാസി ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ഒട്ടനവധി കാര്യങ്ങൾ സമൂഹത്തിൽ കാണപ്പെടും. അത്തരം മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ ഉണ്ടാവുമ്പോൾ അതിനെ ക്ഷമ കൊണ്ട് നേരിടാനാണ് പ്രവാചകന്റെ നിർദ്ദേശം. തിന്മ കണ്ടാൽ ഒരു വിശ്വാസി എന്തുചെയ്യണം എന്നും നബി (സ്വ) പഠിപ്പിച്ചു.

عن أبي سعيد الخدري رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ , فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذلك أضعَفُ الإيمان (مسلم)

അബൂ സഈദ് അൽ ഖുദ്‌രി (റ) വിൽ നിന്നു: റസൂൽ (സ്വ) പറയുന്നത് ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ കൈ കൊണ്ട് തടയട്ടെ, അതിനു സാധിക്കില്ലെങ്കിൽ അവന്റെ നാവു കൊണ്ട്, അതിനും സാധിക്കില്ലെങ്കിൽ അവന്റെ ഹൃദയം കൊണ്ട്. അതാണ് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടി (മുസ്ലിം) "

തിന്മകൾ കാണുമ്പോൾ ഓടി ഒളിക്കുന്നതിനു പകരം തിന്മകളെ നന്മകൾ കൊണ്ട് നേരിടുകയും അവയെ തിരുത്തുവാനാവശ്യമായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. വിശ്വാസിയുടെ പ്രായോഗിക ജീവിതത്തെ അനാവരണം ചെയ്യുന്ന നിർദ്ദേശങ്ങളാണ് ഈ ഹദീസുകളിൽ കാണാൻ കഴിയുന്നത്.

ഒരു ഹദീസ് കാണുമ്പോൾ ഒരു പ്രത്യേക കോണിലേക്ക് മാത്രം അതിലടങ്ങിയ ആശയത്തെ കൊണ്ടു പോവുന്നതിനു പകരം മറ്റുള്ള ഹദീസുകളും പ്രവാചക നിർദ്ദേശങ്ങളും പരിശോധിച്ചു കൊണ്ട് അതിലെ ആശയങ്ങളെ ഗ്രഹിക്കാനാണ് ശ്രമിക്കേണ്ടത്. ഒരു പ്രദേശത്ത് ഇസ്‌ലാമികമായി ജീവിക്കാൻ ഒരു നിലക്കും സാധ്യമല്ലാതെ വരുമ്പോൾ തന്റെ സ്വത്തുക്കളുമായി വല്ല മലമ്പ്രദേശത്തും ജീവിച്ച് മതത്തെ സംരക്ഷിച്ചുകൊള്ളട്ടെയെന്നാണ് ഇപ്പോൾ അമിതമായി പ്രചരിപ്പിക്കപ്പെടുന്ന ഹദീസിന്റെ താൽപര്യം.

ഈ കാര്യത്തിൽ ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങളിൽ വന്ന കാര്യങ്ങൾ പരിശോധിച്ചാൽ കാര്യം വ്യക്തമാവും.
أَيُّ النَّاسِ أَفْضَلُ ؟ فَقَالَ : رَجُلٌ يُجَاهِدُ فِي سَبِيلِ اللَّهِ بِمَالِهِ وَنَفْسِهِ ثُمَّ مُؤْمِنٌ فِي شِعْبٍ مِنَ الشِّعَابِ يَعْبُدُ رَبَّهُ وَيَدَعُ النَّاسَ مِنْ شَرِّهِ

മുകളിൽ നൽകിയ മുസ്ലിം ഉദ്ദരിച്ച ഹദീസിന്റെ ശറഹിൽ ഇമാം നവവി പറയുന്നു:

فِيهِ : دَلِيلٌ لِمَنْ قَالَ بِتَفْضِيلِ الْعُزْلَةِ عَلَى الِاخْتِلَاطِ ، وَفِي ذَلِكَ خِلَافٌ مَشْهُورٌ ، فَمَذْهَبُ الشَّافِعِيِّ وَأَكْثَرِ الْعُلَمَاءِ أَنَّ الِاخْتِلَاطَ أَفْضَلُ بِشَرْطِ رَجَاءِ السَّلَامَةِ مِنَ الْفِتَنِ ، وَمَذْهَبُ طَوَائِفَ أَنَّ الِاعْتِزَالَ أَفْضَلَ ، وَأَجَابَ الْجُمْهُورُ عَنْ هَذَا الْحَدِيثِ بِأَنَّهُ مَحْمُولٌ عَلَى الِاعْتِزَالِ فِي زَمَنِ الْفِتَنِ وَالْحُرُوبِ ، أَوْ هُوَ فِيمَنْ لَا يَسْلَمُ النَّاسُ مِنْهُ ، وَلَا يَصْبِرُ عَلَيْهِمْ ، أَوْ نَحْوُ ذَلِكَ مِنَ الْخُصُوصِ ، وَقَدْ كَانَتِ الْأَنْبِيَاءُ صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِمْ وَجَمَاهِيرُ الصَّحَابَةِ وَالتَّابِعِينَ وَالْعُلَمَاءِ وَالزُّهَّادِ مُخْتَلِطِينَ ، فَيُحَصِّلُونَ مَنَافِعَ الِاخْتِلَاطِ كَشُهُودِ الْجُمُعَةِ وَالْجَمَاعَةِ وَالْجَنَائِزِ وَعِيَادَةِ الْمَرْضَى وَحِلَقِ الذِّكْرِ وَغَيْرِ ذَلِكَ

"ഇഖ്തിലാതിനെക്കാൾ (കൂടിക്കലരലിനേക്കാൾ) ഉസ്‌ലത്തിനാണ് (ഒഴിഞ്ഞു നിൽക്കലിനാണ്) ശ്രേഷ്ഠത എന്നു പറയുന്നവരുടെ തെളിവ് ഇതാണ്. എന്നാൽ അതിൽ അഭിപ്രായവ്യത്യാസം പ്രസിദ്ധമാണ്. അധികം ഉലമാക്കളുടെയും ശാഫിയുടെയും വീക്ഷണം ഫിത്നകളിൽ നിന്നും മുക്തമാണെങ്കിൽ ശ്രേഷ്ഠം കൂടിക്കലരൽ ആകുന്നു എന്നതാണ്. എന്നാൽ ചില വിഭാഗങ്ങളുടെ വീക്ഷണം 'ഇഅതിസാൽ' (ഒഴിഞ്ഞു നിൽക്കൽ) ആകുന്നു ഉത്തമം എന്നാണ്. ഈ ഹദീസിനെ കുറിച്ച് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് യുദ്ധങ്ങളുടെയും കുഴപ്പങ്ങളുടെയും കാലത്തോ ജനങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും ക്ഷമ കൈക്കൊള്ളാൻ കഴിയാത്തവരെ കുറിച്ചോ അല്ലെങ്കിൽ അപ്രകാരം പ്രത്യേകമാക്കപ്പെട്ട അവസ്ഥകളിലോ ആണ് ഒഴിഞ്ഞു നിൽക്കലിനെ പരിഗണിക്കേണ്ടത് എന്നാണ്. പ്രവാചകന്മാരും ഭൂരിപക്ഷം സ്വഹാബിമാരും താബിഉകളും ഉലമാക്കളും സുഹ്‌ഹാദുകളും കൂടിക്കലർന്നു ജീവിക്കുന്നവരായിരുന്നു. ഇഖ്തിലാത്തിന്റെ (കൂടിക്കലരലിന്റെ) ഉപകാരങ്ങളായ ജുമുഅ, ജമാഅത്ത്, ജനാസ, രോഗികളെ സന്ദർശിക്കൽ അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും ധാരാളം നേട്ടങ്ങൾ നേടിയെടുക്കുന്നവരുമായിരുന്നു അവർ."

ഇബ്നുമാജയുടെ ഹാശിയതിൽ ഇമാം സിന്ദി പറയുന്നു:
الْحَدِيث يَدُلّ عَلَى أَنَّ الْمُخَالِطَ الصَّابِرَ خَيْرٌ مِنْ الْمُعْتَزِل

”ക്ഷമ അവലംബിച്ചുകൊണ്ട് കൂടി കലർന്നു ജീവിക്കുന്ന ആളാണ് ഒഴിഞ്ഞു മാറി ജീവിക്കുന്നവനെക്കാളും ഉത്തമനെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.”

ഇമാം സ്വൻആനി പറയുന്നു:

فيه أفضلية من يخالط الناس مخالطة يأمرهم فيها بالمعروف وينهاهم عن المنكر ويحسن معاملتهم فإنه أفضل من الذي يعتزلهم ولا يصبر على المخالطة .. (الصنعاني – سبل السلام 416/4)

ജനങ്ങളുമായി ഇടകലർന്നുകൊണ്ട് നന്മ ഉപദേശിച്ചും തിന്മ വിരോധിച്ചും നല്ല നിലയിൽ വർത്തിച്ചും കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനെന്നു അതിൽ (ആ ഹദീസിൽ) ഉണ്ട്. അവരിൽ നിന്നും വിട്ടുനിൽക്കുന്നവനെക്കാളും ഇടകലരുന്നതിൽ ക്ഷമ അവലംബിക്കാതിരിക്കുന്നവനേക്കാളും ഏറ്റവും ഉത്തമം അവനാകുന്നു. (സുബുലുസ്സലാം 4/416)

ഇമാം തുർമുദി ഉദ്ധരിക്കുകയും അൽബാനി ഹസൻ ആണെന്ന് പറയുകയും ചെയ്തിട്ടുള്ള ഒരു ഹദീസ് ശ്രദ്ധിക്കുക.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : مَرَّ رَجُلٌ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم بِشِعْبٍ فِيهِ عُيَيْنَةٌ مِنْ مَاءٍ عَذْبَةٌ فَأَعْجَبَتْهُ لِطِيبِهَا . فَقَالَ : لَوْ اعْتَزَلْتُ النَّاسَ فَأَقَمْتُ فِي هَذَا الشِّعْبِ ، وَلَنْ أَفْعَلَ حَتَّى أَسْتَأْذِنَ رَسُولَ اللَّهِ صلى الله عليه وسلم . فَذَكَرَ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ : ( لا تَفْعَلْ ، فَإِنَّ مُقَامَ أَحَدِكُمْ فِي سَبِيلِ اللَّهِ أَفْضَلُ مِنْ صَلاتِهِ فِي بَيْتِهِ سَبْعِينَ عَامًا . أَلا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَيُدْخِلَكُمْ الْجَنَّةَ ؟ وحسنه الألباني في صحيح الترمذي

അബൂ ഹുറൈറ (റ) വിൽ നിന്നും: അദ്ദേഹം പറഞ്ഞു: സ്വഹാബികളിൽ പെട്ട ഒരാൾ ശുദ്ധ ജലമൊഴുകുന്ന കൊച്ചരുവിയുള്ള ഒരു മലഞ്ചെരുവിലൂടെ നടന്നു. അതിന്റെ സ്വച്ഛത കണ്ട് അദ്ദേഹത്തിന് അത്ഭുതമായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ജനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ട് ഞാൻ ഈ മലഞ്ചെരുവിൽ താമസിച്ചെങ്കിൽ എത്ര നന്നായിരുന്നു! എന്നാൽ അല്ലാഹുവിന്റെ തിരുദൂതരോട് അനുമതി തേടാതെ ഞാനൊരിക്കലും അത് ചെയ്യില്ല. അങ്ങനെ അദ്ദേഹം റസൂൽ (സ്വ) യോട് ആ കാര്യം സൂചിപ്പിച്ചു. അപ്പോൾ റസൂൽ (സ്വ) പറഞ്ഞു: "അങ്ങനെ ചെയ്യരുത്. നിങ്ങളിലൊരാൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിൽക്കുന്നതാണ് അയാളുടെ വീട്ടിൽ വെച്ച് എഴുപത് വർഷം നമസ്കരിക്കുന്നതിനേക്കാൾ നല്ലത്. അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരികയും നിങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ?" .

ഇതിൽനിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത് ഒരു വിശ്വാസി തന്റെ സമൂഹത്തിൽ സജീവമായി നന്മ പ്രചരിപ്പിച്ചും തിന്മകൾക്കെതിരെ പ്രതികരിച്ചും സജീവമായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്നാണ്. സമൂഹത്തിൽ നിന്നകന്നു ആടിനെ മേച്ച് നടക്കാൻ പ്രവാചകൻ നിർദ്ദേശിച്ചിട്ടില്ല.
والله ولي الشاهد ........
(നമ്മുടെ ചിന്തകളെ നേർവഴിക്ക് തിരിച്ചുവിടാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകുമാറാകട്ടെ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ