2015, ഡിസംബർ 11, വെള്ളിയാഴ്‌ച

അടുക്കള

അടുക്കള.....

 സൂര്യോദയത്തിനു് മുന്നേ അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവനുണ്ട്‌ വീട്ടിൽ.....

വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ തികയാതെ വരുമ്പോൾ എനിക്കിത്‌ ഇഷ്ടമല്ലെന്നോതി വീതിച്ച്‌ കൊടുക്കുന്ന ഒരു ജന്മമുണ്ട്‌ വീട്ടിൽ.......

പരിഭവങ്ങളില്ലാതെ.... പവിത്രമായൊരു പ്രണയം പറഞ്ഞുതന്ന ഒരു നനഞ്ഞ പൂവുണ്ട്‌ വീട്ടിൽ....

മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ....

മക്കളും... ഭർത്താവും...വീടും ഉറങ്ങിയതിന്‌ ശേഷം ഉറങ്ങി.... അലാറം അടിക്കും മുന്നേ ഉണരുന്നൊരു ശരീരമുണ്ട്‌ വീട്ടിൽ......

അടുക്കളയിലെ ചൂടും.. ചൂരും നുകർന്ന് സ്വയം ശുദ്ധ വായു ശ്വസിക്കാൻ മറന്ന ഒരു മറവിക്കാരിയുണ്ട്‌ വീട്ടിൽ....

പുറത്ത്‌ പോയവർ വീടണയുംവരെ ഉള്ളിൽ തീ നിറച്ച്‌ തേങ്ങലോടെ കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട്  വീട്ടിൽ....

പടച്ചോനോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ....

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട്  വീട്ടിൽ.....

പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ....

സ്വയം ശ്രദ്ധിക്കാൻ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ....

ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കർഡ്‌ ഒപ്പുവെക്കാൻ പിതാവ് വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ......

മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ......

ഒടുവിലാ സാഗരം കളമൊഴിയുംബോൾ....

കരയുന്നൊരു വീടും.... വാടിത്തളർന്ന പൂവുകളും പറയും...

അമ്മയില്ലാത്തൊരു വീട്‌.... വീടേ അല്ലെന്ന്........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ