2012, ഡിസംബർ 8, ശനിയാഴ്‌ച

വിവാഹിതരാവുമ്പോള്‍

   വിവാഹത്തിനൊരുങ്ങുമ്പോള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ മുഖ്യപരിഗണനയില്‍ വരേണ്ടതുമായ ഒന്നാണ് ലക്ഷ്യനിര്‍ണയം. എന്തിനാണ് വിവാഹം ചെയ്യുന്നത്? ഇതിന്റെ ഉത്തരം എങ്ങനെയാണോ അതിനനുസരിച്ചായിരിക്കും ഓരോരുത്തരുടെയും കുടുംബജീവിതത്തിന്റെ ഐശ്വര്യം.
ഐശ്വര്യപൂര്‍ണമായ കുടുംബജീവിതം അല്ലാഹു ഇഹലോകത്തു തന്നെ നല്‍കുന്ന സ്വര്‍ഗമാണ്. ഭൗതികാര്‍ഥത്തില്‍ വീക്ഷിക്കുമ്പോള്‍ വളരെ താഴ്ന്ന നിലവാരത്തില്‍ കഴിയുന്ന ചില കുടുംബങ്ങള്‍ മറ്റുളളവരില്‍ അസൂയ ജനിപ്പിക്കുമാറുളള ഐശ്വര്യം അനുഭവിക്കുന്നവരായിരിക്കും. എന്നാല്‍ ഭൗതികാനുഗ്രഹത്താല്‍ സമൃദ്ധമായ ചില കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ കണികപോലും ഉണ്ടായില്ലെന്നും വരാം. മകനും മരുമക്കളുമായി പ്രശ്‌നം. തദ്ഫലമായി അവരുടെ മാതാപിതാക്കളുടെ സ്വസ്ഥത നഷ്ടപ്പെടുന്നു. മക്കളുടെ ജീവിതം അസ്വസ്ഥജനകമാവുന്നു, എന്തിനധികം അയല്‍വാസികളും സുഹൃത്തുക്കളും എന്നുവേണ്ട അവരുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമെല്ലാം അതിന്റെ പേരില്‍ കഷ്ടപ്പെടേണ്ടി വരുന്നു. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. പക്ഷെ, ഇതുകണ്ട് പാഠമുള്‍ക്കൊളളുന്നവര്‍ എത്രയുണ്ട്? ഇവിടെയാണ് വിവാഹത്തിന് ഇസ്‌ലാം പഠിപ്പിച്ച പരിപാവനമായ ചില ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ പ്രാധാന്യം.
ശരീര സൗന്ദര്യം മാത്രം ലക്ഷ്യമാക്കി നടക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം താന്‍ സുന്ദരനാണോ അല്ലേ എന്നത് വിഷയമല്ലെങ്കിലും താന്‍ വിവാഹം കഴിക്കുന്നവള്‍ ലോക സുന്ദരിയും അപ്‌സരസുമായിരിക്കണം. ആണാവട്ടെ പെണ്ണാവട്ടെ ശാരീരിക സൗന്ദര്യമെന്നത് താല്‍ക്കാലികം മാത്രമാണ്. ഒരു പ്രായം കഴിഞ്ഞാല്‍ അതിന്റെ മാറ്റ് ഇല്ലാതാകും. വിവാഹം താല്‍ക്കാലിക ഏര്‍പ്പാടല്ലാത്തതുകൊണ്ട് തന്നെ ശാരീരിക സൗന്ദര്യം വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യമായിരിക്കരുത്.
ഒരു വിദേശ രാജ്യത്തെ കുടുംബ കോടതിയില്‍ അല്‍പകാലം ജോലി ചെയ്തപ്പോള്‍ ഇക്കാര്യം ശരിക്കും ബോധ്യമായി. അവിടെയെത്തുന്ന വിവാഹ കേസുകളില്‍ മിക്കതും വിവാഹമോചനവുമായി ബന്ധപ്പെട്ടതാണ്. അവിടെ പരാതിക്കാരായി വരുന്ന യുവതീയുവാക്കളില്‍ മിക്കവരും നല്ല സൗന്ദര്യമുളളവരായിരുന്നു. എന്നിട്ടുമെന്തേ ഇവരുടെ ദാമ്പത്യം നിലനിര്‍ത്താന്‍ ഈ സൗന്ദര്യത്തിന് കഴിയാതെ പോകുന്നു? സൗന്ദര്യം ആസ്വദിക്കുന്നതിന് സ്വഭാവദൂഷ്യമെന്ന മറ വീണിരിക്കുന്നു. വ്യക്തികള്‍ സൗന്ദര്യം ആസ്വദിക്കുന്നത് സൃഷ്ടിപ്പിലുളള അഴകിലൂടെയല്ല, സ്വഭാവത്തിലൂടെയാണ്. സ്‌നേഹവും വാത്സല്യവുമാകുന്നു സൗന്ദര്യം.
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമ്പാദിക്കുന്നവരായിരുന്നു അറബികളായ ഈ ചെറുപ്പക്കാര്‍. ഗള്‍ഫ് രാജ്യത്ത് വിവാഹം എന്നത് ചെറുപ്പക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിപാടിയാണ്. നമ്മുടെ നാട്ടിലേതിന് നേര്‍ വിപരീതം. ഇവിടെ സ്ത്രീധനം വെച്ച് കളിക്കുന്ന കളികളും വിലപേശലും മഹറ് വെച്ച് അവിടെ നടക്കുന്നു. വിവാഹമോചനം ചെയ്താല്‍ മറ്റൊരു വിവാഹം എന്നത് അത്തരക്കാര്‍ക്ക് അത്ര എളുപ്പമല്ല. മോചിതയാക്കപ്പെട്ടവളാകട്ടെ അധികം താമസിയാതെ പുനര്‍വിവാഹം ചെയ്യപ്പെടുകയും ചെയ്യും. അതിനാല്‍ വളരെ പ്രയാസകരമായ സാഹചര്യത്തില്‍ യാതൊരു രക്ഷയും ഇല്ലാത്തപ്പോള്‍ മാത്രമേ അവിടത്തെ പുരുഷന്മാര്‍ വിവാഹമോചനത്തിന് മുതിരുകയുളളൂ. എന്നിട്ടുപോലും വിവാഹമോചന കേസുകള്‍ ധാരാളമായി കോടതികളില്‍ വരുമ്പോള്‍ അതിന്റെ കാരണം സ്വഭാവദൂഷ്യമാണെന്ന് കാണാം. സൗന്ദര്യമോ സമ്പത്തോ തറവാടിത്തമോ, വീണ്ടും ഒരു വിവാഹം അത്രയെളുപ്പമല്ല എന്ന വിശ്വാസമോ ഒന്നും തന്നെ ചീത്ത സ്വഭാവിയായ ഇണയെ വെച്ചുകൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ഇവിടെയാണ് വിവാഹത്തിന്റെ മുഖ്യലക്ഷ്യം സൗന്ദര്യമായിക്കൂടാ എന്ന് പറയാന്‍ കാരണം. ഈ കാര്യം സമ്പത്തിനും കുലത്തിനുമെല്ലാം ബാധകമാണ്. അതുകൊണ്ടാണ് ജീവിതനിഷ്ഠക്കും സല്‍സ്വഭാവത്തിനുമായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടത് എന്ന് നബി (സ) പഠിപ്പിച്ചിട്ടുളളത്. ആണിനോടും പെണ്ണിനോടും ഇക്കാര്യം അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്.
വിവാഹം കഴിക്കുന്നതില്‍ എത്ര കാലമെടുത്താലും തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച പിണഞ്ഞിട്ടില്ലെങ്കില്‍ ഭാവി ജീവിതം ഐശ്വര്യപൂര്‍ണമായിരിക്കും. ഒരു ബന്ധം ഉരുത്തിരിഞ്ഞുവരാന്‍ കാലതാമസം നേരിട്ടത് അനുഗ്രഹത്തിന് വേണ്ടിയാണെന്ന് അപ്പോള്‍ ബോധ്യമാകും. ഒരുപാട് സ്വപ്നങ്ങളുമായി വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പിഴവ് സംഭവിക്കുന്നതോടെ തങ്ങളുടെ ജീവിതം നരകമായി തുടങ്ങി നരകമായി ഒടുങ്ങും. അതാണ് അല്ലാഹുവിന്റെ നടപടിക്രമവും. അതിനാല്‍ വളരെ സൂഷ്മതയോടും അവധാനതയോടും കൂടി മാത്രമേ വിവാഹം എന്ന ഗൗരവമുളള സംഭവത്തെ സമീപിക്കാവൂ.
ഇവിടെ തെരഞ്ഞെടുപ്പ് സാധാരണഗതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവുക. പലരും മനസ്സിലാക്കിയിട്ടുളളത് സ്ത്രീയുടെ ഭാഗത്ത് ഈ വിഷയത്തില്‍ കാര്യമായ പങ്കൊന്നുമില്ല എന്നാണ്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീകളുടെ ഭാഗത്തു നിന്ന് തനിക്കനുയോജ്യമായ ഭര്‍ത്താവിനെ കണ്ടെത്താനുളള ശ്രമം നടന്നിട്ടുളളതിന്റെ ഉദാഹരണങ്ങളും കാണാവുന്നതാണ്. അങ്ങനെ തെരഞ്ഞെടുത്തവരില്‍ ഏറ്റവും സമര്‍ഥയും ഭാഗ്യവതിയും ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. പ്രവാചക തിരുമേനി(സ)യെ തെരഞ്ഞെടുത്ത മഹതി ഖദീജ(റ). തന്റെ ഭര്‍ത്താവിനെ സ്വയം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത ഇത്ര അനുഗ്രഹീതയായ മഹതിയെ വേറെ കാണുകയില്ല.
മുഹമ്മദാകട്ടെ വിഷയം തന്റെ പിതൃവ്യന്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ചു. അങ്ങനെ പിതൃവ്യന്‍മാരുടെ സമ്മതവും ലഭിച്ചു. അതില്‍ ഹംസ മുഹമ്മദ് (സ)യോടൊപ്പം നേരിട്ട് ഖദീജയുടെ അടുത്തെത്തി ഔദ്യോഗികമായി വിവാഹാഭ്യര്‍ത്ഥന നടത്തി.
ചരിത്രത്തിലെ ഏറ്റവും അനുഗ്രഹീതമായ വിവാഹം നടക്കാന്‍ പോകുകയാണ്. രണ്ട് അനാഥകള്‍ തമ്മിലാണ് വിവാഹം. രണ്ടുപേരും പക്ഷെ, തറവാട്ടുകാരും കുലീനരുമാണ്. ഖദീജയുടെ പിതാവ് ഖുവൈലിദും നേരത്തെ മരിച്ചുപോയിരുന്നു. 20 ഒട്ടകങ്ങള്‍ മഹ്‌റായി കൊണ്ടുവന്നിട്ട് അബൂത്വാലിബ് തന്നെ വിവാഹ ഖുതുബ നിര്‍വ്വഹിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ''ബുദ്ധിവൈഭവം കൊണ്ടോ, സാമര്‍ത്ഥ്യം കൊണ്ടോ പദവിയും മാന്യതയും കൊണ്ടോ ഖുറൈശികളുടെ കൂട്ടത്തില്‍ മുഹമ്മദിനോട് കിടപിടിക്കാവുന്ന ഒരു ചെറുപ്പക്കാരനും ഇല്ല. അത്രയ്ക്ക് ഉന്നതനായ ചെറുപ്പക്കാരനാണ് മുഹമ്മദ്. ഇനി സമ്പത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നിലാണ്. എന്നാല്‍ സമ്പത്ത് കേവലം നീങ്ങിപ്പോകുന്ന തണലുപോലെ, അല്ലെങ്കില്‍ തിരിച്ചുവാങ്ങിക്കാന്‍ ആളു കാത്തുനില്‍ക്കുന്ന വായ്പപോലെയാണ്. അത്രയേ ഉളളൂ അതിന്റെ കാര്യം...
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: ഖദീജ ഒരുത്തമ മാതൃക തന്നെ. മഹാനായ ഒരു പുരുഷന്റെ ജീവിതം പൂര്‍ണതയിലെത്തിക്കുന്നതില്‍ വിജയിച്ച ഉദാത്തവും ഉന്നതവുമായ മാതൃക. തന്നിലര്‍പ്പിതമായ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിസ്മരിക്കാനാവാത്ത പങ്ക് വഹിച്ച, അതുല്യമായ സേവനങ്ങളര്‍പ്പിച്ച അസാമാന്യമായ ത്യാഗവും അര്‍പ്പണ ബോധവും പ്രദര്‍ശിപ്പിച്ച മഹതിയായിരുന്നു ഖദീജ. അതെ, ഉത്തമനായ പതിക്ക് ഉത്തമയായ പത്‌നി. ലോകം കണ്ട ഏറ്റവും സ്‌നേഹ സമ്പന്നയായ മാതൃകാദമ്പതികള്‍.
വിവാഹത്തിന്റെ പ്രധാനലക്ഷ്യമായി അല്ലാഹു പറഞ്ഞത് ശാന്തിയും സമാധാനവും അനുഭവിക്കാനുളള ഇടമായിട്ടാണ്. അല്ലാഹു പറഞ്ഞു: ''സ്വന്തം വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ച് തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. എന്തിനെന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിതന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. (അര്‍റൂം : 21)
ഇവിടെ ശാന്തി നുകരുക എന്ന ഈ പ്രയോഗത്തിന്റെ സാക്ഷ്യം നബി(സ) തിരുമേനിക്ക് പ്രവാചകത്വ ലബ്ധിയുടെ പ്രഥമ സന്ദര്‍ഭത്തില്‍ തന്നെ നമുക്ക് കാണാം. ഹിറാഗുഹയില്‍ നിന്ന് പേടിച്ചുവിറച്ച് 'എന്നെ പുതപ്പിക്കൂ' എന്ന് നിലവിളിച്ചുകൊണ്ട് മുഹമ്മദ് വരുന്നു. പത്‌നി വളരെ സമചിത്തതയോടെ രംഗം കൈകാര്യം ചെയ്യുന്നു. ഭര്‍ത്താവിന്റെ ബേജാറും വെപ്രാളവും കാണുമ്പോള്‍ കൂടുതല്‍ വെപ്രാളപ്പെടുക എന്ന പതിവാണല്ലോ പല ഭാര്യമാരിലും. എന്നാല്‍ അല്ലാഹു സൂചിപ്പിച്ചപോലെ ശാന്തി പകരുന്നതരത്തില്‍ ഖദീജ(റ) സന്ദര്‍ഭത്തിന്റെ തേട്ടം പരിഗണിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. തിരുമേനി ആവശ്യപ്പെട്ട പ്രകാരം പുതപ്പ് നല്‍കി അല്‍പം വിശ്രമിക്കട്ടെ എന്ന് വിചാരിച്ച് അല്‍പം കഴിഞ്ഞ് സമീപത്ത് ചെന്നിരുന്നു. അന്നേരം തിരുമേനി വീണ്ടും പറഞ്ഞു : ''ഖദീജാ, എനിക്ക് പേടിയാകുന്നു.'' ഖദീജ പറഞ്ഞു: ''പേടിക്കാനോ? താങ്കളൊ? താങ്കളെപ്പോലുളളവരെ അല്ലാഹു ഒരിക്കലും കൈവിടില്ല.'' ''എന്തുകൊണ്ട്?'' ഖദീജ തന്നെ കാരണം വ്യക്തമാക്കുന്നു. ''താങ്കള്‍ ബന്ധുക്കളോട് നന്നായി ബന്ധം ചാര്‍ത്തുന്നു. നിസ്സഹായരുടെ ഭാരം ചുമക്കുന്നു. അവശതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, എന്ത് ആപത്തും എവിടെ ഉണ്ടായാലും താങ്കളവിടെ ഓടിയെത്തുന്നു. ഇങ്ങനെയൊക്കെയുളള ഒരാളെ അല്ലാഹു കുഴക്കുകയില്ല.''
തിരുമേനിയെ സംബന്ധിച്ചേടത്തോളം സമാശ്വാസത്തിന്റെ കുളിര്‍മഴയായിരുന്നു ഈ കേട്ടതൊക്കെയും. ഇതുകേട്ട നബി(സ) ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ചു. ഇത്രയും കൊണ്ട് ഖദീജ(റ) മതിയാക്കിയില്ല. കേവലമായ വാക്കുകളില്‍ ഒതുക്കാതെ പ്രായോഗികമായി തന്റെ പ്രിയതമനെ സമാധാനിപ്പിക്കാനുളള വഴി കണ്ടെത്തുക കൂടി ചെയ്യുന്നു. പണ്ഡിതനും കാരണവരുമായ പിതൃവ്യന്‍ വറഖത്തുബ്‌നു നൗഫലിന്റടുത്തേക്ക് കൂട്ടികൊണ്ടുപോവുകയാണ്. അദ്ദേഹമാണ് മുഹമ്മദ്(സ) യോട് താനൊരു പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന വിവരം അറിയിക്കുന്നത്. താന്‍ അല്ലാഹുവിന്റെ സവിശേഷം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമായിക്കഴിഞ്ഞു എന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇവിടെ ഖദീജ(റ)യുടെ പക്വവും സന്ദര്‍ഭോചിതവുമായ നിലപാടുകള്‍ ഏവര്‍ക്കും ഗുണപാഠമാവേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ