2012, ഡിസംബർ 18, ചൊവ്വാഴ്ച

മുരിങ്ങ ഇല

മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്റെഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.
പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.
എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.
വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.
പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും.
ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്.
മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

2012, ഡിസംബർ 8, ശനിയാഴ്‌ച

വിവാഹിതരാവുമ്പോള്‍

   വിവാഹത്തിനൊരുങ്ങുമ്പോള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ മുഖ്യപരിഗണനയില്‍ വരേണ്ടതുമായ ഒന്നാണ് ലക്ഷ്യനിര്‍ണയം. എന്തിനാണ് വിവാഹം ചെയ്യുന്നത്? ഇതിന്റെ ഉത്തരം എങ്ങനെയാണോ അതിനനുസരിച്ചായിരിക്കും ഓരോരുത്തരുടെയും കുടുംബജീവിതത്തിന്റെ ഐശ്വര്യം.
ഐശ്വര്യപൂര്‍ണമായ കുടുംബജീവിതം അല്ലാഹു ഇഹലോകത്തു തന്നെ നല്‍കുന്ന സ്വര്‍ഗമാണ്. ഭൗതികാര്‍ഥത്തില്‍ വീക്ഷിക്കുമ്പോള്‍ വളരെ താഴ്ന്ന നിലവാരത്തില്‍ കഴിയുന്ന ചില കുടുംബങ്ങള്‍ മറ്റുളളവരില്‍ അസൂയ ജനിപ്പിക്കുമാറുളള ഐശ്വര്യം അനുഭവിക്കുന്നവരായിരിക്കും. എന്നാല്‍ ഭൗതികാനുഗ്രഹത്താല്‍ സമൃദ്ധമായ ചില കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ കണികപോലും ഉണ്ടായില്ലെന്നും വരാം. മകനും മരുമക്കളുമായി പ്രശ്‌നം. തദ്ഫലമായി അവരുടെ മാതാപിതാക്കളുടെ സ്വസ്ഥത നഷ്ടപ്പെടുന്നു. മക്കളുടെ ജീവിതം അസ്വസ്ഥജനകമാവുന്നു, എന്തിനധികം അയല്‍വാസികളും സുഹൃത്തുക്കളും എന്നുവേണ്ട അവരുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമെല്ലാം അതിന്റെ പേരില്‍ കഷ്ടപ്പെടേണ്ടി വരുന്നു. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. പക്ഷെ, ഇതുകണ്ട് പാഠമുള്‍ക്കൊളളുന്നവര്‍ എത്രയുണ്ട്? ഇവിടെയാണ് വിവാഹത്തിന് ഇസ്‌ലാം പഠിപ്പിച്ച പരിപാവനമായ ചില ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ പ്രാധാന്യം.
ശരീര സൗന്ദര്യം മാത്രം ലക്ഷ്യമാക്കി നടക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം താന്‍ സുന്ദരനാണോ അല്ലേ എന്നത് വിഷയമല്ലെങ്കിലും താന്‍ വിവാഹം കഴിക്കുന്നവള്‍ ലോക സുന്ദരിയും അപ്‌സരസുമായിരിക്കണം. ആണാവട്ടെ പെണ്ണാവട്ടെ ശാരീരിക സൗന്ദര്യമെന്നത് താല്‍ക്കാലികം മാത്രമാണ്. ഒരു പ്രായം കഴിഞ്ഞാല്‍ അതിന്റെ മാറ്റ് ഇല്ലാതാകും. വിവാഹം താല്‍ക്കാലിക ഏര്‍പ്പാടല്ലാത്തതുകൊണ്ട് തന്നെ ശാരീരിക സൗന്ദര്യം വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യമായിരിക്കരുത്.
ഒരു വിദേശ രാജ്യത്തെ കുടുംബ കോടതിയില്‍ അല്‍പകാലം ജോലി ചെയ്തപ്പോള്‍ ഇക്കാര്യം ശരിക്കും ബോധ്യമായി. അവിടെയെത്തുന്ന വിവാഹ കേസുകളില്‍ മിക്കതും വിവാഹമോചനവുമായി ബന്ധപ്പെട്ടതാണ്. അവിടെ പരാതിക്കാരായി വരുന്ന യുവതീയുവാക്കളില്‍ മിക്കവരും നല്ല സൗന്ദര്യമുളളവരായിരുന്നു. എന്നിട്ടുമെന്തേ ഇവരുടെ ദാമ്പത്യം നിലനിര്‍ത്താന്‍ ഈ സൗന്ദര്യത്തിന് കഴിയാതെ പോകുന്നു? സൗന്ദര്യം ആസ്വദിക്കുന്നതിന് സ്വഭാവദൂഷ്യമെന്ന മറ വീണിരിക്കുന്നു. വ്യക്തികള്‍ സൗന്ദര്യം ആസ്വദിക്കുന്നത് സൃഷ്ടിപ്പിലുളള അഴകിലൂടെയല്ല, സ്വഭാവത്തിലൂടെയാണ്. സ്‌നേഹവും വാത്സല്യവുമാകുന്നു സൗന്ദര്യം.
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമ്പാദിക്കുന്നവരായിരുന്നു അറബികളായ ഈ ചെറുപ്പക്കാര്‍. ഗള്‍ഫ് രാജ്യത്ത് വിവാഹം എന്നത് ചെറുപ്പക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിപാടിയാണ്. നമ്മുടെ നാട്ടിലേതിന് നേര്‍ വിപരീതം. ഇവിടെ സ്ത്രീധനം വെച്ച് കളിക്കുന്ന കളികളും വിലപേശലും മഹറ് വെച്ച് അവിടെ നടക്കുന്നു. വിവാഹമോചനം ചെയ്താല്‍ മറ്റൊരു വിവാഹം എന്നത് അത്തരക്കാര്‍ക്ക് അത്ര എളുപ്പമല്ല. മോചിതയാക്കപ്പെട്ടവളാകട്ടെ അധികം താമസിയാതെ പുനര്‍വിവാഹം ചെയ്യപ്പെടുകയും ചെയ്യും. അതിനാല്‍ വളരെ പ്രയാസകരമായ സാഹചര്യത്തില്‍ യാതൊരു രക്ഷയും ഇല്ലാത്തപ്പോള്‍ മാത്രമേ അവിടത്തെ പുരുഷന്മാര്‍ വിവാഹമോചനത്തിന് മുതിരുകയുളളൂ. എന്നിട്ടുപോലും വിവാഹമോചന കേസുകള്‍ ധാരാളമായി കോടതികളില്‍ വരുമ്പോള്‍ അതിന്റെ കാരണം സ്വഭാവദൂഷ്യമാണെന്ന് കാണാം. സൗന്ദര്യമോ സമ്പത്തോ തറവാടിത്തമോ, വീണ്ടും ഒരു വിവാഹം അത്രയെളുപ്പമല്ല എന്ന വിശ്വാസമോ ഒന്നും തന്നെ ചീത്ത സ്വഭാവിയായ ഇണയെ വെച്ചുകൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ഇവിടെയാണ് വിവാഹത്തിന്റെ മുഖ്യലക്ഷ്യം സൗന്ദര്യമായിക്കൂടാ എന്ന് പറയാന്‍ കാരണം. ഈ കാര്യം സമ്പത്തിനും കുലത്തിനുമെല്ലാം ബാധകമാണ്. അതുകൊണ്ടാണ് ജീവിതനിഷ്ഠക്കും സല്‍സ്വഭാവത്തിനുമായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടത് എന്ന് നബി (സ) പഠിപ്പിച്ചിട്ടുളളത്. ആണിനോടും പെണ്ണിനോടും ഇക്കാര്യം അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്.
വിവാഹം കഴിക്കുന്നതില്‍ എത്ര കാലമെടുത്താലും തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച പിണഞ്ഞിട്ടില്ലെങ്കില്‍ ഭാവി ജീവിതം ഐശ്വര്യപൂര്‍ണമായിരിക്കും. ഒരു ബന്ധം ഉരുത്തിരിഞ്ഞുവരാന്‍ കാലതാമസം നേരിട്ടത് അനുഗ്രഹത്തിന് വേണ്ടിയാണെന്ന് അപ്പോള്‍ ബോധ്യമാകും. ഒരുപാട് സ്വപ്നങ്ങളുമായി വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പിഴവ് സംഭവിക്കുന്നതോടെ തങ്ങളുടെ ജീവിതം നരകമായി തുടങ്ങി നരകമായി ഒടുങ്ങും. അതാണ് അല്ലാഹുവിന്റെ നടപടിക്രമവും. അതിനാല്‍ വളരെ സൂഷ്മതയോടും അവധാനതയോടും കൂടി മാത്രമേ വിവാഹം എന്ന ഗൗരവമുളള സംഭവത്തെ സമീപിക്കാവൂ.
ഇവിടെ തെരഞ്ഞെടുപ്പ് സാധാരണഗതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവുക. പലരും മനസ്സിലാക്കിയിട്ടുളളത് സ്ത്രീയുടെ ഭാഗത്ത് ഈ വിഷയത്തില്‍ കാര്യമായ പങ്കൊന്നുമില്ല എന്നാണ്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീകളുടെ ഭാഗത്തു നിന്ന് തനിക്കനുയോജ്യമായ ഭര്‍ത്താവിനെ കണ്ടെത്താനുളള ശ്രമം നടന്നിട്ടുളളതിന്റെ ഉദാഹരണങ്ങളും കാണാവുന്നതാണ്. അങ്ങനെ തെരഞ്ഞെടുത്തവരില്‍ ഏറ്റവും സമര്‍ഥയും ഭാഗ്യവതിയും ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. പ്രവാചക തിരുമേനി(സ)യെ തെരഞ്ഞെടുത്ത മഹതി ഖദീജ(റ). തന്റെ ഭര്‍ത്താവിനെ സ്വയം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത ഇത്ര അനുഗ്രഹീതയായ മഹതിയെ വേറെ കാണുകയില്ല.
മുഹമ്മദാകട്ടെ വിഷയം തന്റെ പിതൃവ്യന്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ചു. അങ്ങനെ പിതൃവ്യന്‍മാരുടെ സമ്മതവും ലഭിച്ചു. അതില്‍ ഹംസ മുഹമ്മദ് (സ)യോടൊപ്പം നേരിട്ട് ഖദീജയുടെ അടുത്തെത്തി ഔദ്യോഗികമായി വിവാഹാഭ്യര്‍ത്ഥന നടത്തി.
ചരിത്രത്തിലെ ഏറ്റവും അനുഗ്രഹീതമായ വിവാഹം നടക്കാന്‍ പോകുകയാണ്. രണ്ട് അനാഥകള്‍ തമ്മിലാണ് വിവാഹം. രണ്ടുപേരും പക്ഷെ, തറവാട്ടുകാരും കുലീനരുമാണ്. ഖദീജയുടെ പിതാവ് ഖുവൈലിദും നേരത്തെ മരിച്ചുപോയിരുന്നു. 20 ഒട്ടകങ്ങള്‍ മഹ്‌റായി കൊണ്ടുവന്നിട്ട് അബൂത്വാലിബ് തന്നെ വിവാഹ ഖുതുബ നിര്‍വ്വഹിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ''ബുദ്ധിവൈഭവം കൊണ്ടോ, സാമര്‍ത്ഥ്യം കൊണ്ടോ പദവിയും മാന്യതയും കൊണ്ടോ ഖുറൈശികളുടെ കൂട്ടത്തില്‍ മുഹമ്മദിനോട് കിടപിടിക്കാവുന്ന ഒരു ചെറുപ്പക്കാരനും ഇല്ല. അത്രയ്ക്ക് ഉന്നതനായ ചെറുപ്പക്കാരനാണ് മുഹമ്മദ്. ഇനി സമ്പത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നിലാണ്. എന്നാല്‍ സമ്പത്ത് കേവലം നീങ്ങിപ്പോകുന്ന തണലുപോലെ, അല്ലെങ്കില്‍ തിരിച്ചുവാങ്ങിക്കാന്‍ ആളു കാത്തുനില്‍ക്കുന്ന വായ്പപോലെയാണ്. അത്രയേ ഉളളൂ അതിന്റെ കാര്യം...
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: ഖദീജ ഒരുത്തമ മാതൃക തന്നെ. മഹാനായ ഒരു പുരുഷന്റെ ജീവിതം പൂര്‍ണതയിലെത്തിക്കുന്നതില്‍ വിജയിച്ച ഉദാത്തവും ഉന്നതവുമായ മാതൃക. തന്നിലര്‍പ്പിതമായ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിസ്മരിക്കാനാവാത്ത പങ്ക് വഹിച്ച, അതുല്യമായ സേവനങ്ങളര്‍പ്പിച്ച അസാമാന്യമായ ത്യാഗവും അര്‍പ്പണ ബോധവും പ്രദര്‍ശിപ്പിച്ച മഹതിയായിരുന്നു ഖദീജ. അതെ, ഉത്തമനായ പതിക്ക് ഉത്തമയായ പത്‌നി. ലോകം കണ്ട ഏറ്റവും സ്‌നേഹ സമ്പന്നയായ മാതൃകാദമ്പതികള്‍.
വിവാഹത്തിന്റെ പ്രധാനലക്ഷ്യമായി അല്ലാഹു പറഞ്ഞത് ശാന്തിയും സമാധാനവും അനുഭവിക്കാനുളള ഇടമായിട്ടാണ്. അല്ലാഹു പറഞ്ഞു: ''സ്വന്തം വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ച് തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. എന്തിനെന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിതന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. (അര്‍റൂം : 21)
ഇവിടെ ശാന്തി നുകരുക എന്ന ഈ പ്രയോഗത്തിന്റെ സാക്ഷ്യം നബി(സ) തിരുമേനിക്ക് പ്രവാചകത്വ ലബ്ധിയുടെ പ്രഥമ സന്ദര്‍ഭത്തില്‍ തന്നെ നമുക്ക് കാണാം. ഹിറാഗുഹയില്‍ നിന്ന് പേടിച്ചുവിറച്ച് 'എന്നെ പുതപ്പിക്കൂ' എന്ന് നിലവിളിച്ചുകൊണ്ട് മുഹമ്മദ് വരുന്നു. പത്‌നി വളരെ സമചിത്തതയോടെ രംഗം കൈകാര്യം ചെയ്യുന്നു. ഭര്‍ത്താവിന്റെ ബേജാറും വെപ്രാളവും കാണുമ്പോള്‍ കൂടുതല്‍ വെപ്രാളപ്പെടുക എന്ന പതിവാണല്ലോ പല ഭാര്യമാരിലും. എന്നാല്‍ അല്ലാഹു സൂചിപ്പിച്ചപോലെ ശാന്തി പകരുന്നതരത്തില്‍ ഖദീജ(റ) സന്ദര്‍ഭത്തിന്റെ തേട്ടം പരിഗണിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. തിരുമേനി ആവശ്യപ്പെട്ട പ്രകാരം പുതപ്പ് നല്‍കി അല്‍പം വിശ്രമിക്കട്ടെ എന്ന് വിചാരിച്ച് അല്‍പം കഴിഞ്ഞ് സമീപത്ത് ചെന്നിരുന്നു. അന്നേരം തിരുമേനി വീണ്ടും പറഞ്ഞു : ''ഖദീജാ, എനിക്ക് പേടിയാകുന്നു.'' ഖദീജ പറഞ്ഞു: ''പേടിക്കാനോ? താങ്കളൊ? താങ്കളെപ്പോലുളളവരെ അല്ലാഹു ഒരിക്കലും കൈവിടില്ല.'' ''എന്തുകൊണ്ട്?'' ഖദീജ തന്നെ കാരണം വ്യക്തമാക്കുന്നു. ''താങ്കള്‍ ബന്ധുക്കളോട് നന്നായി ബന്ധം ചാര്‍ത്തുന്നു. നിസ്സഹായരുടെ ഭാരം ചുമക്കുന്നു. അവശതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, എന്ത് ആപത്തും എവിടെ ഉണ്ടായാലും താങ്കളവിടെ ഓടിയെത്തുന്നു. ഇങ്ങനെയൊക്കെയുളള ഒരാളെ അല്ലാഹു കുഴക്കുകയില്ല.''
തിരുമേനിയെ സംബന്ധിച്ചേടത്തോളം സമാശ്വാസത്തിന്റെ കുളിര്‍മഴയായിരുന്നു ഈ കേട്ടതൊക്കെയും. ഇതുകേട്ട നബി(സ) ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ചു. ഇത്രയും കൊണ്ട് ഖദീജ(റ) മതിയാക്കിയില്ല. കേവലമായ വാക്കുകളില്‍ ഒതുക്കാതെ പ്രായോഗികമായി തന്റെ പ്രിയതമനെ സമാധാനിപ്പിക്കാനുളള വഴി കണ്ടെത്തുക കൂടി ചെയ്യുന്നു. പണ്ഡിതനും കാരണവരുമായ പിതൃവ്യന്‍ വറഖത്തുബ്‌നു നൗഫലിന്റടുത്തേക്ക് കൂട്ടികൊണ്ടുപോവുകയാണ്. അദ്ദേഹമാണ് മുഹമ്മദ്(സ) യോട് താനൊരു പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന വിവരം അറിയിക്കുന്നത്. താന്‍ അല്ലാഹുവിന്റെ സവിശേഷം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമായിക്കഴിഞ്ഞു എന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇവിടെ ഖദീജ(റ)യുടെ പക്വവും സന്ദര്‍ഭോചിതവുമായ നിലപാടുകള്‍ ഏവര്‍ക്കും ഗുണപാഠമാവേണ്ടതാണ്.

ഭൂമി എപ്പോഴും പത്ത് കാര്യങ്ങള്‍ വിളിച്ച് പറയുന്നു


1 . *മനുഷ്യാ എന്റെ പുറത്ത് നീ ഓടി നടക്കുന്നു,എന്നാല്‍ നിന്റെ അന്ത്യം എന്റെ ഉള്ളിലായിരിക്കും

2 . * എന്റെ പുറത്ത് നീ പാപം ചെയ്യുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ശിക്ഷിക്കപ്പെടും 

3 . * എന്റെ പുറത്ത് നീ ചിരിച്ചു കൂത്താടുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ കരഞ്ഞു കരഞ്ഞു തളരും

4 . *എന്റെ പുറത്ത് നീ ആഹ്ലാദിക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ദുഖിക്കും

5 . *എന്റെ പുറത്ത് നീ ധനം ശേഖരിക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ഖേദിക്കും

6 . *എന്റെ പുറത്ത് നീ നിഷിദ്ധ ആഹാരങ്ങള്‍ ഭൂജിക്കുന്നു,എന്നാല്‍ എന്റെ ഉള്ളില്‍ നിന്നെ പുഴുക്കള്‍ തിന്നും

7 . *എന്റെ പുറത്ത് നീ അഹങ്കരിച്ചു നടക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ നിന്ദ്യന്‍ ആകും

8 , *എന്റെ പുറത്ത് നീ ആഹ്ലാദഭരിതനായ് നടക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ദുഖിതനായ് പതിക്കും

9 .* എന്റെ പുറത്ത് നല്ല വെളിച്ചത്തില്‍ നീ നടക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ അന്ധകാരത്തില്‍ വലയും

10 . *എന്റെ പുറത്ത് വലിയ ആള്കൂട്ടങ്ങളില്‍ നീ വിലസുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ എകനായിതീരും .

2012, ഡിസംബർ 4, ചൊവ്വാഴ്ച

ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍


വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിക്കുക... വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.

1)
ഹാര്‍ട്ട് അറ്റാക്ക്വന്ന വ്യക്തിയെ ബോധമുണ്ടെങ്കില് ‍ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം.

2)
രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നു കണ്ടാല്‍ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി കാലുകള്‍ക്കിടയില്‍ രണ്ട് തലയിണകള്‍ വെച്ച്കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹംഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.

3) രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.

4) മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.

5) ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോഅനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോമാത ്രമേ രോഗിയെഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.

6) ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില് ‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ , പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.

7) നെഞ്ചുവേദനയുണ്ടങ്കില്‍ നാക്കിനടിയിലിട്ട് അലിയിച്ചിറക്കുന്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം)ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചു കഴിക്കുന്നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്‍റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷം ഈ മരുന്നു നാക്കിന്‍റെ അടിയില്‍ ഇട്ട് അലിയിപ്പിച്ചിറക്കിക്കുക.

8) ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരോ നിമിഷവും ഓരോ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ ‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരു ടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കുവാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.

9) ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനംസംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കുക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത്തി കഴുത്ത്ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്തി ശ്വാസോച്ഛാസത്തി ന് തടസ്സമുണ്ടാക്കാത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും , ശ്വാസകോശത്തിന്റയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവാനുള്ളപ്രഥമ ശുശ്രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ നടത്തി ആശുപത്രിയിലേയ്ക്ക് എത്രയും പെട്ടന്ന് എത്തിക്കുക.

10) ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാ ണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള് ‍ ഉണ്ടാക്കിയേക്കക്കാം.

11) രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പഴയ ചികിത്സാരോഖകള്‍ , പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഇ.സിജി,എന്നിവയു ണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

Please visit my blog                                                      www.zeekuzac.blogspot.com

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚» + 919747709002  «╝ 

2012, ഡിസംബർ 3, തിങ്കളാഴ്‌ച

എല്ലാവരും മരിക്കെണ്ടാവരാണ്


അസ്സലാമു അലൈകും..

നാം ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ അല്ലെങ്കില്‍ നമ്മുടെ ചിന്തകള്‍ , അതുമല്ലെങ്കില്‍ നമ്മുടെ ജീവിത രീതി കണ്ടാല്‍ തോന്നും കാലാ കാലം നാം ഇവിടെ ജീവിക്കും നാം ആരും മരിക്കില്ല എന്ന്. അതല്ല സത്യം നാം എല്ലാവരും മരിക്കെണ്ടാവരാണ്. നശ്വരമായ ഈ ദുനിയാവിലെ കുറഞ്ഞ ജീവിതത്തിനു ശേഷം നമുക്ക് അനശ്വരമായ ഒരു ജീവിതം ഉണ്ട്. അഹങ്കാരിയായി തോന്നിയത് പോലെ ജീവിക്കുമ്പോള്‍ ഇതെല്ലം ഓര്‍ക്കുന്നത് നല്ലതാണു. ആ
ഖിറത്തെ മറന്നു ദുനിയാവ് സമ്പാദിക്കുന്നവന് അവസാനം ആറടി മണ്ണും മൂന്നു കഷ്ണം തുണിയും മാത്രം ബാക്കിയുണ്ടാവൂ. മാത്രമല്ല ആഖിറത്തെ മറന്നു നീ ആര്‍ക്കു വേണ്ടിയാണോ സമ്പാദിച്ചത് അവരായിരിക്കും നാളെ നിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ . നാളെ മഅശരയില്‍ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും മാതാപിതാക്കള്‍ക്ക് മക്കളും മക്കള്‍ക്ക്‌ മാതാപിതാക്കളും തമ്മില്‍ തമ്മില്‍ ശത്രുക്കള്‍ ആയിരിക്കും . ഓരോരുത്തരും ദുനിയാവില്‍ വെച്ച് ചെയ്യാതിരുന്ന കടപ്പാടുകളെ കുറിച്ച് പരസ്പരം കടിച്ചു കീറുന്ന അവസ്ഥയായിരിക്കും അന്ന്.

ഇതിനു വേണ്ടിയാണോ ഹലാലും ഹറാമും നോക്കാതെയുള്ള ധന സംബാദനത്തിനു വേണ്ടിയുള്ള ഈ നെട്ടോട്ടം. എന്തിനു വേണ്ടിയാണ് എവിടെക്കാണ്‌ അല്ലാഹുവിനെ മറന്നുകൊണ്ടുള്ള നിസ്കരിക്കാന്‍ പോലും മറന്ന അല്ലെങ്കില്‍ നേരമില്ലാതെ ധനം സമ്പാതിച്ചു വെച്ചത്...??? മക്കള്‍ക്കുള്ളത് അവര്‍ സമ്പാതിക്കട്ടെ...നിങ്ങള്‍ അവര്‍ക്ക് വിദ്യാഭ്യാസവും അതിനു വേണ്ട സംവിധാനവും ഒരുക്കുക...ബാക്കി നിങ്ങളുടെ ഉഖുറവിയായ ജീവിതത്തിനു വേണ്ടി ചിലവഴിക്കുക.ഈ സമ്പാദ്യങ്ങള്‍ എല്ലാം ഇവിടെ ഇട്ടിട്ടു പോകാനുള്ളതാണ് എന്ന് എപ്പോഴും ചിന്തിക്കുക. ഹലാലല്ലാത്തത് പറ്റിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കൊടുത്തു വീട്ടുക അല്ലെങ്കില്‍ പോരുത്തപ്പെടുവിക്കുക. മക്കള്‍ക്ക്‌ ദീനിയായ വിദ്യാഭ്യാസം നല്‍കുക. അത് ഉഖുറവിയായ ജീവിതത്തിനുള്ള ഒരു മുതല്‍ കൂട്ടാണ്. ഭാര്യ സന്താനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വങ്ങുമ്പോള്‍ ഔറത്ത് മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മാതാപിതാക്കളെ പരിചരിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്യുകയും ചെയ്യുക. മത പിതാക്കളുടെ ഗുരുത്തവും പൊരുത്തവും സമ്പാദിക്കുക....

സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കുക...നല്ലവനായി സത്യസന്ധതയോട് കൂടി ജീവിക്കുക. എല്ലാ സല്കര്‍മ്മങ്ങള്‍ക്കും ഇഖ്ലാസ് , ഈമാന്‍ , യാഖീന്‍ , ഖുശൂഅ, ഇഹ്സാന്‍ തുടങ്ങിയ ഗുണങ്ങള്‍ ആവശ്യമാണ്‌...അതുണ്ടാവാനുള്ള വഴി അന്യേശിക്കുക.

നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു. " ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വാദിഖീങ്ങളോടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക..

റസൂല്‍ (സ) തങ്ങള്‍ പരാജയത്തിന്റെ അടയാളങ്ങളും നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തല്ലപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.

നാം ഏപ്പോഴും മരണത്തെ ഓര്‍ക്കുന്നവനാകുക....നാഥന്‍ നമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍ പെടുത്തുമാറാകട്ടെ...സ്വാദിഖീങ്ങളുടെ കൂടെ സഹവസിക്കാന്‍ അള്ളാഹു നമുക്ക് തൌഫീഖ് നല്‍കുമാറാകട്ടെ..

NB : സ്വാദിഖീങ്ങള്‍ എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖുമാര്‍ ആണെന്നാണ് മുഫസ്സിരീങ്ങള്‍ പറയുന്നത്...അത് കൊണ്ട് ഒരു യഥാര്‍ത്ഥ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖിനെ ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് നിരന്തരം തേടുക....(പണ്ഡിതനായാലും പാമാരനായാലും ശെരി) ആഖിറം വിജയിക്കാന്‍ വേണ്ടി.....!