പറയേണ്ടതു പോലെ പറയാനറിയില്ലെങ്കിൽ മൗനമാണ് നല്ലത്. നമുക്ക് പറയാനുള്ളത് എന്ത് എന്നത് മറ്റുളളവർക്ക് മനസ്സിലാകില്ല എന്നതു മാത്രമല്ല അതിന്റെ പ്രശ്നം, നാം ഉദ്ദേശിച്ചത് തികച്ചും മറ്റൊരു അർത്ഥത്തിൽ വായിക്കപ്പെടുകയും ചെയ്യും. പിന്നെ അതാവും നമ്മുടെ യഥാർത്ഥ പ്രശ്നത്തേക്കാൾ വലിയ പ്രശ്നം. അത്തരം ഇടങ്ങളിൽ മൗനമാണ് ഏറ്റവും നല്ല ആയുധം.
നമ്മുടെ വാക്കിന്, അഭിപ്രായത്തിന് വില കൽപ്പിക്കപ്പെടാത്ത ഇടങ്ങളിലും മൗനം തന്നെയാണ് ഭൂഷണം. വെറുതെ കുറച്ചു കലപില ശബ്ദങ്ങളും ഡിസ്റെസ്പക്റ്റുമല്ലാതെ മറ്റൊന്നും അതു തിരികെ തരില്ല.
ചിലരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരു മറുപടി കൊടുക്കാൻ ഉണ്ടായെന്നു വരില്ല. ചിലപ്പോൾ ആ ചോദ്യത്തിന് ഉത്തരമേ നൽകാനുണ്ടാവില്ല. ചിലപ്പോൾ "കാലം" ആയിരിക്കാം ആ ചോദ്യത്തിന് മറുപടി നൽകേണ്ടത്. വേറെയും ചിലപ്പോൾ ചില ഉത്തരങ്ങൾ മറച്ചു പിടിക്കേണ്ടിയും വന്നേക്കാം. അത്തരം ഇടങ്ങളിലും മൗനമവലംബിക്കലാണ് ഉചിതം.
പ്രതികരിക്കാതിരിക്കുന്നത് പ്രതികരിക്കുന്നതിനേക്കാൾ പതിൻമടങ്ങ് എതിരാളിയെ ഭയപ്പെടുത്തുന്ന ഇടങ്ങളുണ്ട്. അത്തരം ഇടങ്ങളിൽ ശബ്ദത്തേക്കാൾ ശക്തി മൗനത്തിനാണ്.
രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാൻ, നീക്കങ്ങളും തന്ത്രങ്ങളും എതിരാളിക്കു പിടി കിട്ടാതിരിക്കാൻ, തെറ്റിദ്ധാരണകൾ ഉണ്ടായി ശത്രുത സമ്പാദിക്കാതിരിക്കാൻ ഒക്കെയും ചിലപ്പോൾ ഏറ്റവും നല്ലത് മൗനമാണ്.
ചിന്തകൾക്ക് ചില്ലകൾ പണിയാനും മൗനം സഹായകമാകാറുണ്ട്. സദാ ചിലച്ചു കൊണ്ടിരിക്കുന്നവർ ഓട്ട വീണ അണക്കെട്ടു പോലെയാണ്. സംഭരണശേഷി കുറഞ്ഞിരിക്കും. ക്രിയാത്മകത മൗനത്തിന്റെ കൂടി കുഞ്ഞാണ്. നിറകുടം തുളുമ്പില്ല എന്നു കേട്ടിട്ടില്ലേ.
ആശയക്കുഴപ്പങ്ങളിൽ, അസ്വസ്ഥതകളിൽ, അതിവൈകാരികതകളിൽ, ഉൻമാദാവസ്ഥയിൽ, ക്ഷോഭകാലങ്ങളിൽ, പ്രകോപനങ്ങളിൽ, പൊട്ടിത്തെറികളിൽ, ഏറ്റവും നല്ല കൂട്ടുകാരൻ മൗനമാണ്.
വിഡ്ഢികൾക്കുള്ള നൽകാവുന്ന മറുപടികളിൽ ഏറ്റവും മികച്ച മറുപടിയാണ് മൗനം. ഊർജ്ജം വെറുതെ പാഴാകുന്നത് അത് ഒഴിവാക്കിത്തരുന്നു. മൗനം സമയം നേടിത്തരുന്നു. തർക്കം സമയത്തെ തിന്നു തീർക്കുന്നു.
അറിവില്ലായ്മകളിലും പൂർണ്ണ ധാരണയില്ലായ്മകളിലും മൗനമാണ് ഉചിതം. ശ്രദ്ധയാണ് ശ്രേഷ്ഠം.
കണ്ഠമിടറുമ്പോഴും വാക്കുകൾ പതറുമ്പോഴും ഓർമ്മകൾക്ക് മങ്ങൽ അനുഭവപ്പെടുമ്പോഴും മനസ്സു തകരുമ്പോഴും മൊഴിയഴക് കുറയും. അപ്പോഴൊക്കെയും ഏറ്റവും കുറച്ചു മാത്രം മിണ്ടുന്നതാവും ഉചിതം.
ശ്രോതാവ് ശ്രദ്ധയിലും ശ്രാദ്ധത്തിലുമല്ലെങ്കിൽ, നല്ല മാനസികാവസ്ഥയിലല്ലെങ്കിൽ, നാമുമായി താൽപര്യത്തിലല്ലെങ്കിൽ, അവിടെയും മൗനം ഭൂഷണമാകാറുണ്ട്.
ഹൃദയശൂന്യമായ പദങ്ങളടങ്ങിയ മന്ത്രണങ്ങളേക്കാൾ നല്ലത് ഹൃദയനിർഭരമായ മൗനപ്രാർത്ഥനകളാണ്.
മൗനം നിശ്ശബ്ദതയുടെയും പുഞ്ചിരിയുടെയും ആത്മനിയന്ത്രണത്തിന്റെയും തയ്യാറെടുപ്പുകളുടെയും ചിറകിൽ സഞ്ചരിക്കുന്നു. ബഹളം വാഗ്ധോരണിയുടെയും അധികാരത്തിന്റെയും പിടിവാശിയുടെയും നിയന്ത്രണമില്ലായ്മയുടെയും തേരിൽ സഞ്ചരിക്കുന്നു.
അർത്ഥമില്ലാത്ത വാക്കുകളേക്കാൾ അർത്ഥഗർഭമായ മൗനമാണ് പലപ്പോഴും ഉചിതമെന്നു ചുരുക്കം. വാക്കുകൾ തോൽക്കുന്നിടത്ത് മൗനം അതിജയിക്കാറുണ്ട് എന്ന് പെരുക്കം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ