2021, നവംബർ 20, ശനിയാഴ്‌ച

മലക്ക് നടന്ന് പോകുന്നത് കണ്ടു

 മദ്റസ വിട്ട് വീട്ടിലെത്തിയ മകൻ ഉപ്പയോട് പറഞ്ഞു.

''ഉപ്പാ ഞാൻ മലക്ക് നടന്ന്  പോകുന്നത് കണ്ടു.

''നേരാണോടാ മോനേ..!!''  കുട്ടി പറഞ്ഞു തീരുമ്പോഴേക്ക് ഉപ്പയുടെ ചോദ്യം.

''അതെയുപ്പാ..

മദ്റസ വിട്ടു വരുമ്പോഴാ കണ്ടത്''


ഉപ്പ ഫോണിൽ കിട്ടിയവരെയൊക്കെ വിളിച്ചു പറഞ്ഞു.

''ൻെറ മോൻ സുലൈമാൻ മലക്കിനെ കണ്ടു''

കേട്ടവർ കേട്ടവർ സുലൈമാന്റെ വീട്ടിലേക്കോടിയെത്തി.

മലക്കിനെ കണ്ട സുലൈമാനെ ഒരു നോക്ക് കാണാനും കൈ മുത്താനും വീട്ടിൽ തിക്കും തിരക്കുമായി.

സുലൈമാന്റെ പോക്കറ്റ് നിറഞ്ഞപ്പോൾ മുറ്റത്ത് വലിയ ബക്കറ്റുകൾ നിരന്നു.

ആളുകൾ കാണിക്കയായി പണം അതിലിട്ടു. മലക്കിനെ കണ്ട സുലൈമാനെ കണ്ടവരും മുത്തിയവരും ആത്മ നിർവൃതിയോടെ നിന്നു.


സമയം  അസർ കഴിഞ്ഞു. നമസ്കാരം കഴിഞ്ഞ് പളളിയിലെ മൗലവിയും സുലൈമാനെ കാണാൻ വീട്ടിലെത്തി.

അദ്ദേഹം സുലൈമാനോട് സലാം പറഞ്ഞു.

എന്നിട്ടവനോട് ചോദിച്ചു.

''മലക്ക് പോകുന്നത് മോൻ ശരിക്കും കണ്ടോ?''

''അതെ, മലക്ക് പോകുന്നത് ഞാൻ കണ്ടതാ''

''സത്യമാണോ?''

''സത്യം''

''എങ്ങനെയാ കണ്ടത്?''

''കഴുത്തിൽ ഒരു മാലയുണ്ട്. തലയിൽ തുണി കൊണ്ടുളള വലിയൊരു ഭാണ്ഢമുണ്ട്. കറുത്ത മുണ്ടാണ് ഉടുത്തത്. 'സാമിയേ അയ്യപ്പോ അയ്യപ്പോ സാമിയേ..'ന്ന് വിളിച്ചു പറയുന്നുണ്ട്''


സുലൈമാൻെറ മറുപടി കേട്ട്  മുത്താൻ വന്നവർ അന്തം വിട്ട് വിരൽ മൂക്കത്ത് വെക്കണോ മൂക്കിലിടണോ  എന്ന് ശങ്കിച്ചു.

നിമിഷങ്ങൾ കൊണ്ട് വീട് ശൂന്യം.

സുലൈമാന്റെ ഉപ്പ വീടിനുള്ളില്‍ പോയി.ഒളിച്ചിരുന്നു.


സുലൈമാൻ കളവൊന്നും പറഞ്ഞിട്ടില്ല. മലക്ക് പോകുന്നത് കണ്ടൂന്നാണ് പറഞ്ഞത്.🤭😜🥴🏃‍♀️🏃‍♀️

എന്റെ അടുക്കള അനുഭവം

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നയി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച്   അവിയലും, കൂട്ടുകറിയും, ഗോപീ മഞ്ചൂരി എന്നിവ പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ ആഘോഷവേളകളിൽ അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളാണ്‌ ഞാന്‍.  


കഥ ഇതല്ല... 

ഒരു പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ  ഞാന്‍ എന്റെ വീടിന്റെ അടുക്കളയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. അപ്പോഴാണ്‌ ഞാനൊരു സത്യം മനസിലാക്കുന്നത് നേരംപോക്കിന് കിസപറഞ്ഞു പാചകം ചെയ്യുന്ന അടുക്കളയല്ല യഥാര്‍ത്ഥഅനുഭവത്തിന്റെ അടുക്കള... അതൊരു സമരഭൂമിയാണ് അവിടെനില്കുന്നവര്‍ ഒറ്റക്കൊരു പോരാളിയും... അടുക്കള എന്റെ ജീവിതത്തില്‍ പെട്ടന്ന് തന്നെ പല മാറ്റങ്ങളും വരുത്തി. വെളുപ്പിന് ആറരയോടെ എഴുന്നേല്‍ക്കണം. പുതപ്പിനടിയിലെ സുഖമുള്ള ഉറക്കം എനിക്ക് നഷ്ട്ടമായി... മുഖംകഴുകി അടുക്കളയിലെത്തിയാല്‍ ആദ്യം കട്ടഞ്ചായക്ക്‌ വെള്ളം വെക്കും... ചായ ആകുന്ന സമയത്ത് അരികഴുകി കുക്കറിലാകി അടുപ്പില്‍വയ്ക്കും... പത്രം വായിച്ച് ആസ്വദിച്ചുകുടിച്ച കട്ടഞ്ചായ പണികളുടെ ഇടയിലെ ചെറിയ ഇടവേളകളിൽ കുടിക്കാന്‍ ശീലിച്ചു... ചോറാകുന്ന സമയത്ത് പ്രഭാത ഭക്ഷണത്തിനുള്ള പണിതുടങ്ങും.... ദോശയുണ്ടാക്കൽ  ,ചപ്പാത്തിക്ക് കുഴക്കല്‍....പുട്ട്.. അങ്ങനെ...പിന്നെ ഉച്ചക്കത്തെക്കുള്ള കറിക്ക്,ഉപ്പേരി... നാളികേരം പൊതിച്ച്, തേങ്ങ ചിരകൽ,ചട്ടിണി.

 അടുക്കളയുടെ ചെറിയ ദൂരത്ത്‌ ഒരുപാട് ദൂരം നടന്നാലേ ഇതൊക്കെ സാധ്യാമാകു. ഈ യാത്രക്ക് ഒരു താളമുണ്ട്... ഒരു പ്രത്യേക വേഗമുണ്ട്.... എങ്കിലേ സമയബന്ധിതമായി ഇതൊക്കെ സാധ്യമാകു....ഒരു നോട്ടം പോലുംവേണ്ട കൈ നീട്ടിയാല്‍ തനിയെ ചെന്ന് മുളക് പാത്രത്തിലും ഉപ്പുപാത്രത്തിലുമൊക്കെ കൈ ചെന്ന് തൊടും എത്ര കാലങ്ങള്‍ കൊണ്ട് സിദ്ധിച്ചതാണ് ഇവര്‍ അടുക്കളയിലെ ഈ കൃത്യത...


 കായിക സമ്മര്‍ദം മാത്രമല്ല മാനസിക സമ്മര്‍ദ്ദത്തിന്റെ സമയം കൂടിയാണ് ഓരോ പാചകവും.

 മാവില്‍ വെള്ളം കൂടിയാല്‍ ഇഡ്ഡലി സ്വാഹ, കറിക്ക് ഉപ്പോ മുളകോകൂടിയാല്‍, ചോറോന്നു വെന്തുപോയാല്‍... ഇതിനൊക്കെ എത്രയോ തവണ   ഭാര്യയോടു കുറ്റം പറഞ്ഞ ആളാണ്‌ ഞാന്‍. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അത്രമേല്‍ ഏകാഗ്രത വേണം ഓരോ ചെറിയ പാചകത്തിലും...


 ഇതിനിടയിൽ കയ്യിൽ ഏൽക്കുന്ന ചെറിയ പൊള്ളലുകളും മുറിവുകളും ശ്രെദ്ധിക്കാൻ എവിടെ നേരം... നമ്മളുണ്ടാക്കിയ ഭക്ഷണം കുട്ടികൾ ആസ്വതിച്ചുകഴിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ നമ്മളനുഭാവിക്കുന്ന ഒരു സന്തോഷമുണ്ട്.... നന്നായാല്‍ ആരും ഒരു നല്ലവാക്ക് പറയില്ല എന്ന് നമുക്കറിയാം... പാചകം കഴിയുമ്പോഴേക്കും കഴുകാന്‍ ഒരു കുന്ന് പാത്രമുണ്ടാകും.... അതെല്ലാം കഴുകി കുളിച്ചു ജോലിക്ക് പോകാന്‍ തിടുക്കപ്പെട്ടൊരുങ്ങി കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒന്നും കഴിക്കാന്‍ ആവില്ല.... ഒരു ചായ മാത്രം വലിച്ചുകുടിച്ചു ജോലിസ്ഥലത്ത് സമയത്തിനെത്താന്‍ ഓട്ടം തുടങ്ങും...രാവിലെ കഴിക്കാതെ ഓടുന്ന എന്റെ പങ്കാളിയെ എത്രമാത്രം ഞാന്‍ ചീത്തപറഞ്ഞിട്ടുണ്ട്... “നിനക്ക് അഹങ്കാരമാണ് അന്നക്കുത്താണ് ...” പക്ഷെ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അടുക്കളയില്‍കിടന്ന് ഈ യുദ്ധം കഴിയുമ്പോള്‍ നമുക്കൊന്നും കഴിക്കാനാവില്ല....

 ഞാനും മിക്കപ്പോഴും ചായ ഏറിയാൽ ഒരു ദോശ മാത്രമേ കുടിക്കാറുള്ളൂ...! മുൻപ് എട്ടും പത്തും കഴിച്ചിരുന്നു.

ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തി കുളിച്ച്  അവള്‍ മയങ്ങാന്‍ കിടക്കാറുണ്ട് അതിനും ഞാന്‍ എത്രയോതവണ കലഹിചിട്ടുണ്ട്.... പക്ഷെ എനിക്കിപ്പോളറിയാം... കാലത്ത് തുടങ്ങുന്ന ഈ അദ്ധ്വാനം നമ്മളെ വല്ലാതെ തളര്‍ത്തിക്കളയും... ഈ സമയത്തായിരിക്കും നല്ല ഫ്രഷ്‌ മീനാണെന്നും പറഞ്ഞ് ഓഫിസിൽ നിന്നും വരുന്ന വഴിയേ സഞ്ചിനിറയെ പച്ചമീനുമായി ഞാൻ വരിക.നല്ല മീന്‍ കൂട്ടാനുള്ള പൂതിയില്‍ വൈകുന്നേരം മീനുമായി വരുന്ന എന്നെ അവള്‍ നോക്കിയ ആ ദയനിയ നോട്ടത്തിന്റെ അര്‍ത്ഥം അപ്പോഴാണ്‌ എനിക്ക് മനസിലായത്....

അത്താഴം കഴിച്ചു കഴിഞ്ഞ് കഴിച്ച പാത്രങ്ങളും വെച്ചപാത്രങ്ങളും കഴുകി അടുക്കള അടിച്ചുവാരി അടുക്കള സ്ലാബ് തുടച്ച് ആ തുണി സ്ലാബിന്റെ മുകളില്‍ വിരിച്ച് കൈയും കാലും കഴുകി കട്ടിലിന്റെ അരികിലെത്തുമ്പോള്‍ത്തന്നെ ക്ഷീണംകൊണ്ട് പാതി ഉറക്കത്തിലാവും.... സാധാരണ അത്താഴം കഴിഞ്ഞ് ഞാന്‍ ഫോണും നോക്കി കട്ടിലില്‍ വന്നുകിടക്കും... പണികളെല്ലാം തീര്‍ത്ത് അവള്‍ വരുന്നതും കാത്ത്... അവള്‍ വന്ന് ഫോണെടുത്ത് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ശല്ല്യം ചെയ്യും ... ഇപ്പഴല്ലേ ഫോണ്‍ നോക്കുന്നത്... പലപ്പഴും ഫോണ്‍ വെക്കുന്നതും അവള്‍ ഉറക്കത്തിലേക്ക് പോകുന്നതും ഒരുമിച്ചായിരിക്കും... ഇതിന്റെ പേരില്‍ എത്രയെത്ര തവണ ഞാന്‍ പരിഭവിച്ചിട്ടുണ്ട് കലഹിചിട്ടുണ്ട്..... പക്ഷെ ഇപ്പോള്‍ ഞാനും മനസിലാക്കുന്നു അടുക്കളയെന്ന സമരഭൂമിയിലെ യുദ്ധം നമ്മളെ മാനസികമായും ശാരീരികമായും ആകെ തളര്‍ത്തിക്കളയും.... അടുക്കള ജീവിതം അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല... തുണിയലക്കല്‍ അതുണക്കല്‍, അടിച്ചുവാരല്‍....ആ പട്ടിക അങ്ങനെ നീളും... അടുക്കളയില്‍ വല്ലപ്പോഴും ചായക്ക് കടിയുണ്ടാക്കിയും കറിക്കരിഞ്ഞും സഹായിക്കുന്ന ഭര്‍ത്താവെന്ന് ഞാന്‍ ഇനിയൊരിക്കലും വീമ്പു പറയില്ല.... കാരണം അടുക്കള വിശദീകരിക്കാന്‍പോലും കഴിയാത്ത സങ്കര്‍ഷങ്ങള്‍ നിറഞ്ഞ സ്ഥാപനമാണ്‌.... ചെറുപ്പത്തില്‍  അച്ഛന്‍ എന്തെങ്കിലും ആവശ്യത്തിനായിപോലും അടുക്കളയില്‍ നില്‍ക്കുന്നത് കണ്ടാല്‍ ചീത്തപറയുമായിരുന്നു. ആണ്‍കുട്ടികള്‍ അടുക്കളയില്‍ കയറാന്‍ പാടില്ലത്രേ... കാലം അതെല്ലാം മാറ്റി അടുക്കള അത്ര നിഷിദ്ധ സ്ഥലമാല്ലായെന്ന് ജീവിതം പഠിപ്പിച്ചിട്ടുണ്ട്. എന്നാലും എനിക്ക് തോന്നുന്നത് ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്.... 

കാരണം പ്രഭാതത്തിലെ സുഖമുള്ള ഉറക്കത്തിന്... ക്ഷീണമില്ലാത്ത പകലുകൾക്ക്... സ്വസ്ഥമായ രാത്രികൾക്ക് എല്ലാവർക്കും തുല്ല്യ അവകാശമില്ലേ... അവസര സമത്വം അടുക്കളയിലും വേണ്ടേ....????

 നിങ്ങൾ ഇരട്ട ഉദ്യോഗമുള്ള സ്ത്രീകൾ ഗ്രേറ്റ്‌ ആണ്‌ പൊളി ആണ്‌🙏🙏🙏




2021, നവംബർ 16, ചൊവ്വാഴ്ച

മൗനം ഭൂഷണമാകുന്ന ഇടങ്ങൾ


പറയേണ്ടതു പോലെ പറയാനറിയില്ലെങ്കിൽ മൗനമാണ് നല്ലത്. നമുക്ക് പറയാനുള്ളത് എന്ത് എന്നത് മറ്റുളളവർക്ക് മനസ്സിലാകില്ല എന്നതു മാത്രമല്ല അതിന്റെ പ്രശ്നം, നാം ഉദ്ദേശിച്ചത് തികച്ചും മറ്റൊരു അർത്ഥത്തിൽ വായിക്കപ്പെടുകയും ചെയ്യും. പിന്നെ അതാവും നമ്മുടെ യഥാർത്ഥ പ്രശ്നത്തേക്കാൾ വലിയ പ്രശ്നം. അത്തരം ഇടങ്ങളിൽ മൗനമാണ് ഏറ്റവും നല്ല ആയുധം.


നമ്മുടെ വാക്കിന്, അഭിപ്രായത്തിന് വില കൽപ്പിക്കപ്പെടാത്ത ഇടങ്ങളിലും മൗനം തന്നെയാണ് ഭൂഷണം. വെറുതെ കുറച്ചു കലപില ശബ്ദങ്ങളും ഡിസ്റെസ്പക്റ്റുമല്ലാതെ മറ്റൊന്നും അതു തിരികെ തരില്ല.


ചിലരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരു മറുപടി കൊടുക്കാൻ ഉണ്ടായെന്നു വരില്ല. ചിലപ്പോൾ ആ ചോദ്യത്തിന് ഉത്തരമേ നൽകാനുണ്ടാവില്ല. ചിലപ്പോൾ "കാലം" ആയിരിക്കാം ആ ചോദ്യത്തിന് മറുപടി നൽകേണ്ടത്. വേറെയും ചിലപ്പോൾ ചില ഉത്തരങ്ങൾ മറച്ചു പിടിക്കേണ്ടിയും വന്നേക്കാം. അത്തരം ഇടങ്ങളിലും മൗനമവലംബിക്കലാണ് ഉചിതം.


പ്രതികരിക്കാതിരിക്കുന്നത് പ്രതികരിക്കുന്നതിനേക്കാൾ പതിൻമടങ്ങ് എതിരാളിയെ ഭയപ്പെടുത്തുന്ന ഇടങ്ങളുണ്ട്. അത്തരം ഇടങ്ങളിൽ ശബ്ദത്തേക്കാൾ ശക്തി മൗനത്തിനാണ്.


രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാൻ, നീക്കങ്ങളും തന്ത്രങ്ങളും എതിരാളിക്കു പിടി കിട്ടാതിരിക്കാൻ, തെറ്റിദ്ധാരണകൾ ഉണ്ടായി ശത്രുത സമ്പാദിക്കാതിരിക്കാൻ ഒക്കെയും ചിലപ്പോൾ ഏറ്റവും നല്ലത് മൗനമാണ്.


ചിന്തകൾക്ക് ചില്ലകൾ പണിയാനും മൗനം സഹായകമാകാറുണ്ട്. സദാ ചിലച്ചു കൊണ്ടിരിക്കുന്നവർ ഓട്ട വീണ അണക്കെട്ടു പോലെയാണ്. സംഭരണശേഷി കുറഞ്ഞിരിക്കും. ക്രിയാത്മകത മൗനത്തിന്റെ കൂടി കുഞ്ഞാണ്. നിറകുടം തുളുമ്പില്ല എന്നു കേട്ടിട്ടില്ലേ.


ആശയക്കുഴപ്പങ്ങളിൽ, അസ്വസ്ഥതകളിൽ, അതിവൈകാരികതകളിൽ, ഉൻമാദാവസ്ഥയിൽ, ക്ഷോഭകാലങ്ങളിൽ, പ്രകോപനങ്ങളിൽ, പൊട്ടിത്തെറികളിൽ, ഏറ്റവും നല്ല കൂട്ടുകാരൻ മൗനമാണ്.


വിഡ്ഢികൾക്കുള്ള നൽകാവുന്ന മറുപടികളിൽ ഏറ്റവും മികച്ച മറുപടിയാണ് മൗനം. ഊർജ്ജം വെറുതെ പാഴാകുന്നത് അത് ഒഴിവാക്കിത്തരുന്നു. മൗനം സമയം നേടിത്തരുന്നു. തർക്കം സമയത്തെ തിന്നു തീർക്കുന്നു.


അറിവില്ലായ്മകളിലും പൂർണ്ണ ധാരണയില്ലായ്മകളിലും മൗനമാണ് ഉചിതം. ശ്രദ്ധയാണ് ശ്രേഷ്ഠം. 


കണ്ഠമിടറുമ്പോഴും വാക്കുകൾ പതറുമ്പോഴും ഓർമ്മകൾക്ക് മങ്ങൽ അനുഭവപ്പെടുമ്പോഴും മനസ്സു തകരുമ്പോഴും മൊഴിയഴക് കുറയും. അപ്പോഴൊക്കെയും ഏറ്റവും കുറച്ചു മാത്രം മിണ്ടുന്നതാവും ഉചിതം.


ശ്രോതാവ് ശ്രദ്ധയിലും ശ്രാദ്ധത്തിലുമല്ലെങ്കിൽ, നല്ല മാനസികാവസ്ഥയിലല്ലെങ്കിൽ, നാമുമായി താൽപര്യത്തിലല്ലെങ്കിൽ, അവിടെയും മൗനം ഭൂഷണമാകാറുണ്ട്.


ഹൃദയശൂന്യമായ പദങ്ങളടങ്ങിയ മന്ത്രണങ്ങളേക്കാൾ നല്ലത് ഹൃദയനിർഭരമായ മൗനപ്രാർത്ഥനകളാണ്.


മൗനം നിശ്ശബ്ദതയുടെയും പുഞ്ചിരിയുടെയും ആത്മനിയന്ത്രണത്തിന്റെയും തയ്യാറെടുപ്പുകളുടെയും ചിറകിൽ സഞ്ചരിക്കുന്നു. ബഹളം വാഗ്ധോരണിയുടെയും അധികാരത്തിന്റെയും പിടിവാശിയുടെയും നിയന്ത്രണമില്ലായ്മയുടെയും തേരിൽ സഞ്ചരിക്കുന്നു.


അർത്ഥമില്ലാത്ത വാക്കുകളേക്കാൾ അർത്ഥഗർഭമായ മൗനമാണ് പലപ്പോഴും ഉചിതമെന്നു ചുരുക്കം. വാക്കുകൾ തോൽക്കുന്നിടത്ത് മൗനം അതിജയിക്കാറുണ്ട് എന്ന് പെരുക്കം.