2020, ഏപ്രിൽ 28, ചൊവ്വാഴ്ച

മിനിമലിസം

നമുക്കും ഒന്ന് ശീലിച്ചാലോ  മിനിമലിസം.. !!

എന്താണ് മിനിമലിസം

മിനിമലിസം എന്നത് ഒരു  ജീവിതരീതിയാണ്... "കുറവാണ് അധികം" എന്ന ആശയത്തിലൂന്നിയുള്ള ജീവിതശൈലി..  'ഉള്ളതുകൊണ്ട് ഓണംപോലെ' എന്നൊക്കെ പറയില്ലേ..  അതുതന്നെ... കുറഞ്ഞ വസ്തുവകകളുമായി സന്തോഷപൂർവ്വം ജീവിതം നയിക്കുക.. !!

ജപ്പാനിലെ സെൻ ബുദ്ധിസത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ് മിനിമലിസമെന്നും,  അതല്ല അമേരിക്കയിൽ നിന്നും കടംകൊള്ളുകയായിരുന്നെന്നും വാദങ്ങളുണ്ട്...!!

മിനിമലിസ്റ്റുകൾ ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു.. ലളിതമായ വസ്ത്രധാരണം... ഇവരുടെ സ്വീകരണ മുറിയിൽ ശ്വാസം മുട്ടിക്കുന്ന ഫർണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല... അച്ചടക്കത്തിന്റെയും,  മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസത്തിന്റെ വാതിൽ തുറക്കുന്നത്... ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആർത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്... സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന ബോധ്യം... ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മിനിമലിസ്റ്റുകൾ കൈയിൽ വയ്ക്കാറുള്ളൂ...!!

ബിൽ ഗേറ്റ്സിനെപ്പോലെ,  വാറൻ ബഫറ്റിനെപ്പോലെ കൊട്ടാരങ്ങൾ വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവർ... ഒന്നോ രണ്ടോ ഫർണീച്ചറുകളും,  വിരലിലെണ്ണാവുന്ന പാത്രങ്ങളും,  വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവർ...  വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവർ....
മിനിമലിസ്റ്റുകൾ ജീവിതത്തെ നിരാകരിക്കുന്നില്ല,  മറിച്ച് ലളിത വഴികളിലൂടെ അതിനെ നേരിടുന്നു... മിനിമലിസം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്...!!

നമുക്കും ഒന്ന് മാറി ചിന്തിച്ചാലോ.. 

എടുത്താൽ പൊങ്ങാത്ത ഹോം ലോൺ അടച്ചു തീർക്കാൻ വേണ്ടിയാണോ  നമ്മൾ ജീവിക്കേണ്ടത് ?  ഒരു ചെറിയ വീട് പോരേ നമുക്ക് ജീവിക്കാൻ.. വീട്,  സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഒരിടം അല്ലേ,  അതോ പൊങ്ങച്ചം കാണിക്കാനുള്ളതോ..   അടുത്തുള്ള വീട്ടുകാർ വാങ്ങിയതെല്ലാം നമ്മുടെ വീട്ടിലും വേണമെന്ന വാശി എന്തിനാണ്.. നമുക്ക് ആവശ്യമുള്ളത് മാത്രം  പോരേ.... ബ്രാൻഡഡ് വസ്ത്രങ്ങളേക്കാൾ നല്ലത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളല്ലേ...  വണ്ടികളും,  ഇലക്ട്രോണിക് സാധനങ്ങളും കേടാകുമ്പോൾ മാറ്റിയാൽ പോരേ.... ചൂടുള്ള കഞ്ഞിയും,  പയറുമല്ലേ ആരോഗ്യത്തിനു നല്ലത്,  ഒരാഴ്ച്ച പഴക്കമുള്ള ചിക്കനേക്കാൾ..  കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ജീവിതാവസാനം ആശുപത്രിയിൽ കൊടുത്തു നരകിച്ചു മരിക്കേണ്ടി വരില്ലല്ലോ... !!

ഒരു മാസം പണിയില്ലാതെ വന്നപ്പോൾ, ആറക്ക ശമ്പളം വാങ്ങിയിരുന്നവർ പോലും  വല്ലാതെ തകർന്നുപോയത് അടച്ചു തീർക്കാനുള്ള ഹോം ലോണിനെപ്പറ്റി ഓർത്തല്ലേ..  കാർ ലോണിനെപ്പറ്റി ഓർത്തല്ലേ..  കടം വാങ്ങിക്കൂട്ടിയ ക്രെഡിറ്റ് കാർഡുകളെ ഓർത്തല്ലേ..  !!  അല്ലാതെ അരി മേടിക്കുന്നതോർത്തല്ലല്ലോ.. !!

ഇനിയെങ്കിലും നമുക്ക് മിനിമലിസത്തിലേക്കു മാറിക്കൂടെ.  നമുക്ക് ജീവിക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി.... അത്യാർത്തി മാറ്റിവെച്ചാൽ വളരെ ലളിതമായി  സന്തോഷത്തോടെ ജീവിക്കാം,  ഇനിയിപ്പോൾ,  ആറുമാസം ജോലിയില്ലെങ്കിലും.. !! വർഷങ്ങളായി ഞാനൊരു  മിനിമലിസ്റ്റ് ആണ്.. എന്റെ ആവശ്യങ്ങൾ വളരെ ചെറുതാണ്..  ആവശ്യമില്ലാത്തതൊന്നും ഞാൻ വീട്ടിലോ,  കയ്യിലോ വെക്കാറില്ല..  എനിക്കത് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്... 
അനുഭവിച്ചു തന്നെ അറിയണം... !

2020, ഏപ്രിൽ 14, ചൊവ്വാഴ്ച

സ്വന്തം ഭാര്യയെ ഇനിയെങ്കിലും അത്ര മോശക്കാരിയായി കാണാതിരിക്കുക!


    ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഭാര്യമാരെയും കൊറോണയേയും താരതമ്യം ചെയ്തു കൊണ്ട് ചിലർ പടച്ചു വിടുന്ന ട്രോളുകൾ കൊണ്ട്നിറഞ്ഞിരിക്കുകയാണല്ലോ.
21 ദിവസം ഭാര്യയോടൊപ്പം ജീവിക്കുന്നതിന് ആശംസകളും ഓൾ ദി ബെസ്റ്റും…ഇവരൊക്കെ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും..

കല്യാണം കഴിക്കാൻ പെണ്ണു തിരക്കി നാടു മുഴുവൻ നടന്ന് പെണ്ണിനു മൂക്കിൽ രണ്ട് ദ്വാരം, ചിരിക്കുമ്പോൾ പല്ലു കാണാം ഉറങ്ങുമ്പോൾ കണ്ണടയ്ക്കും മുതലായ കുറ്റങ്ങളും പാസ്സാക്കി ചായയും പലഹാരവും വെട്ടി വിഴുങ്ങി ഒടുവിൽ ഏതോ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും രാജകുമാരിയായി ജീവിക്കുന്ന ജീവിതത്തെപ്പറ്റി ഒരുപാട് പ്രതീക്ഷകളുള്ള ഒരു പെണ്ണിനെ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു..

കല്യാണം കഴിഞ്ഞും പഠിപ്പിക്കാം ജോലിക്ക് വിടാം..ഗൾഫിലേക്ക് കൂടെ കൊണ്ടു പോകാം എന്നൊക്കെയുള്ള നടക്കാത്ത വാഗ്ദാനങ്ങൾ കൊടുക്കും..എന്നിട്ട് സ്വന്തം ഭാര്യയെ പുലർത്താൻ അവളുടെ പാവം തന്തയെ പിഴിഞ്ഞ് പൊന്നായും പണമായും എണ്ണി മേടിച്ച് താലിയെന്നൊരു കുരുക്കിൽ തളച്ച് അവളെ സ്വന്തം വീട്ടിൽ അമ്മായിയമ്മ/നാത്തൂൻമാരുടെ അസൂയപ്പോരിനിടയ്ക്ക് കൊണ്ടു തള്ളും..

മോന് ഏതെങ്കിലുമൊരു പെണ്ണു കിട്ടിയാൽ മതിയെന്ന് പ്രാർത്ഥനയുമായി നടന്ന ചില തളളമാർക്ക് പെണ്ണൊരുത്തി വന്നു കയറുമ്പോഴേക്ക് തുടങ്ങും സൂക്കേട്..പിന്നെ തൊടുന്നതും വെക്കുന്നതും കുറ്റം..ആദ്യ ദിനം തന്നെ തുടങ്ങും കൊണ്ടുവന്ന പൊന്നിന്റെ കണക്കെടുപ്പ്.സ്വന്തം വീട്ടിലേക്കൊന്നു പോകാനിറങ്ങിയാൽ കാലു വേദന,തലകറക്കം ഇല്ലാത്ത അസുഖങ്ങളില്ല.

പുതുപ്പെണ്ണിനെ കാണാൻ വന്ന അഞ്ചാറ് അയൽക്കാരികളാരെങ്കിലും "അയ്യോ ഇത്ര നാൾ നോക്കി നടന്നിട്ട് മോന് ഇതേ കിട്ടിയുള്ളോ " എന്നൊരു വാക്കു കിട്ടാൻ കാത്തിരിക്കും.
ഓ! എന്തു ചെയ്യാനാ നമ്മുടെ തലവര എന്നൊരു ദീർഘനിശ്വാസവും വിടും. കല്യാണ പിറ്റേന്ന് മുതൽ തുടങ്ങും വിശേഷം ആയില്ലേ എന്ന അന്വേഷണം.

വല്ല വിധേനയും ഗർഭിണി ആയാൽ ഓ.. വല്ലാതങ്ങ് തളരണ്ട...നമ്മളും ഇതൊക്കെ കഴിഞ്ഞാ വന്നതെന്നുള്ള പറച്ചിലും.ഇതൊക്കെ സഹിച്ച് നിങ്ങൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി  എച്ചിൽപാത്രവും കഴുകി നിങ്ങളുടെ അടിവസ്ത്രം വരെ അലക്കി സകല പണികളും ചെയ്ത് തളർന്ന് ഒടുവിൽ കിടപ്പറയിലെ പരാക്രമങ്ങളും സഹിച്ച് നിങ്ങൾ മാത്രമാണ് ലോകം എന്നു കരുതി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും.. ഈ ഭാര്യമാരെ കുറ്റപ്പെടുത്തുന്നവരോട് ഒറ്റ ചോദ്യം അഞ്ചു ദിവസം തികച്ച് ഭാര്യയോടൊത്തു ജീവിക്കാൻ കഴിയാത്ത ഇവരൊക്കെ എന്തിനാണ്  കല്യാണം കഴിക്കാൻ പോയത്? നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ "ഡാ പൊന്നുമോനെ ഞങ്ങടെ വീട്ടിൽ ഒരു പെണ്ണുണ്ട് ,നീ ഒന്നു വന്ന് കെട്ടിക്കൊണ്ട് പോടാ " എന്ന്? 

ഭാര്യയും അമ്മയോളം തന്നെ മഹത്ത്വമുള്ളവളാണ്..അമ്മ നിങ്ങൾക്കു വേണ്ടി സ്വന്തം ജീവൻ പകുത്തു നൽകുമ്പോൾ ഭാര്യ നിങ്ങളുടെ അടുത്ത തലമുറയെ ഉൾക്കൊള്ളാനായി സ്വന്തം ജീവനും ജീവിതവും നൽകുന്നു. ഭാര്യമാരെ തീരെ തരം താഴ്ത്തിയുള്ള പോസ്റ്റുകൾക്കും ട്രോളുകൾക്കും ലൈക്ക് അടിക്കാനും സപ്പോർട്ട് ചെയ്യാനുംകുറേ സ്ത്രീകൾ ഉണ്ടെന്നതാണ് അതിശയം..

നിങ്ങൾ ഭാര്യയോട് ഉപമിക്കുന്ന ഈ കൊറോണ ഉണ്ടല്ലോ.? അതു വന്നാൽ ഈ ലൈക്ക് തരുന്നവരൊന്നും നിങ്ങളുടെ ജില്ലയിൽ പോലും വരില്ല.എന്നാൽ അവിടെയും ഒരു മടിയും കൂടാതെ നിങ്ങളുടെ ഭാര്യ ഉണ്ടാവും..ഓരോ നിമിഷവും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവൾ ഉറങ്ങാതെ കാത്തിരിക്കും. എഴുന്നേൽക്കാൻ വയ്യാതെ പുഴുവരിച്ച് കിടന്നാലും നിങ്ങളുടെ മലവും മൂത്രവും ഒരറപ്പുമില്ലാതെ അവൾ കോരും. അവസാന തുള്ളി വെള്ളം തരാനും കാറ്റു പോയി തെക്കേപ്പറമ്പിലേക്കെടുക്കുമ്പോഴും നെഞ്ചത്തടിച്ചു കരയാനും അവൾ മാത്രമേ കാണൂ...
സ്വന്തം ഭാര്യയെ ഇനിയെങ്കിലും അത്ര മോശക്കാരിയായി കാണാതിരിക്കുക!

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ

*ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ*

*1.ഇടിച്ചക്കത്തോരൻ*

🔹ചേരുവകൾ

1. ഇടിച്ചക്ക പ്രായത്തിലുള്ള
ചക്ക– ഒന്ന്
2. നാളികേരം–ഒന്ന് (ചിരവിയത്)
3. കടുക്, വറ്റൽ മുളക്,
ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്‌പൂൺ
4. കറിവേപ്പില–ഒരു തണ്ട്
5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്‌പൂൺ
6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്‌പൂൺ വീതം
7. ഉപ്പ്–പാകത്തിന്
പാചകം ചെയ്യുന്നവിധം

ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്‌ക്കുക.

*2.കൊത്തുചക്കത്തോരൻ*

🔹ചേരുവകൾ

1. മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം
2. തേങ്ങ– ഒരു മുറി
3. മഞ്ഞൾപ്പൊടി–അര ടീസ്‌പൂൺ
മുളകുപൊടി– ഒരു ടീസ്‌പൂൺ
4. കടുക്– ഒരു ടീസ്‌പൂൺ
വറ്റൽ മുളക്–അഞ്ചെണ്ണം
ഉഴുന്നുപരിപ്പ്–ഒരു ടീസ്‌പൂൺ
അരി–രണ്ട് ടീസ്‌പൂൺ
5. കറിവേപ്പില– നാലു തണ്ട്
6. ഉപ്പ്– പാകത്തിന്
7. വെളിച്ചെണ്ണ – അഞ്ച് ടീസ്‌പൂൺ

🔹പാചകം ചെയ്യുന്ന വിധം

ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി. ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്‌ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക.

*3.ചക്ക എരിശേരി*

🔹ചേരുവകൾ

1. ചക്ക (ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി–ഒന്നര ടീസ്‌പൂൺ
3. മഞ്ഞൾപ്പൊടി–ഒന്നര ടീസ്‌പൂൺ
4. മുളകുപൊടി– ഒന്നര ടീസ്‌പൂൺ
5. ഉപ്പ്– പാകത്തിന്
6. വെളിച്ചെണ്ണ– അഞ്ച് ആറ് ടീസ്‌പൂൺ
7. തേങ്ങ (അരയ്‌ക്കാൻ)– ഒരു മുറി
വറുക്കാൻ– ഒരു തേങ്ങ
8. ജീരകം– ഒരു ടീസ്‌പൂൺ
9. നെയ്യ്–ഒന്നര ടീസ്‌പൂൺ
10. കടുക്– രണ്ടു ടീസ്‌പൂൺ

🔹പാചകം ചെയ്യുന്ന വിധം

അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തു വേവിക്കുക. വെന്തു വരുമ്പോൾ ജീരകം ചേർത്തരച്ച തേങ്ങയും ചേർക്കുക. അതിലേക്ക് നെയ്യിൽ വറുത്ത ജീരകം, കുരുമുളകുപൊടി, കറിവേപ്പില , വറുത്ത തേങ്ങ എല്ലാം ഇളക്കി യോജിപ്പിച്ച് തിളക്കുമ്പോൾ തീയണച്ചു ഇറക്കി വയ്‌ക്കുക. ചക്ക വേവിച്ചതിൽ വെള്ളം അധികം ഉണ്ടാകാൻ പാടില്ല.

*4.ചക്ക മുളോഷ്യം*

1. ചക്ക (മൂത്ത ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി– അര ടീസ്‌പൂൺ
3. മഞ്ഞൾപ്പൊടി– അര ടീസ്‌പൂൺ
4. പച്ചമുളക്– ആറ്/ഏഴ് എണ്ണം
5. വെളിച്ചെണ്ണ– രണ്ടു ടീസ്‌പൂൺ
6. ഉപ്പ്– പാകത്തിന്
7. തേങ്ങ– ഒന്ന്
8. ജീരകം– അര ടീസ്‌പൂൺ
9. കറിവേപ്പില–മൂന്നു തണ്ട്
പാചകം ചെയ്യുന്ന വിധം

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേർത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേർത്ത് തിളപ്പിക്കുക. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീയണയ്‌ക്കുക.

*5.ചക്കപ്പുഴുക്ക്*

1. ചക്ക (വിളഞ്ഞത്)– കാൽ ഭാഗം
2. തേങ്ങ– ഒന്ന്
3. മഞ്ഞൾപ്പൊടി– അര ടീസ്‌പൂൺ
മുളകുപൊടി– ഒരു ടീസ്‌പൂൺ
ജീരകം– അര ടീസ്‌പൂൺ
4. ചെറിയ ഉള്ളി– 8 /10 ചുള
5. പച്ചമുളക്– 5 / 6 എണ്ണം
6. വെളിച്ചെണ്ണ– രണ്ടു ടീസ്‌പൂൺ
7. കറിവേപ്പില– അഞ്ചു തണ്ട്

🔹പാചകം ചെയ്യുന്ന വിധം

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ ആണയ്‌ക്കുക. പച്ചമുളകിനു പകരം കൊല്ലമുളക് ഉപയോഗിക്കാം.

*6.ചക്കബജി*

1. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം
2. കടലമാവ്–50 ഗ്രാം
3. അരിപ്പൊടി–രണ്ടു ടീസ്‌പൂൺ
4. മുളകുപൊടി–മുക്കാൽ ടീസ്‌പൂൺ
5. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ
6. കായപ്പൊടി–കാൽ ടീസ്‌പൂൺ
7. കുരുമുളകുപൊടി–കാൽ ടീസ്‌പൂൺ
8. ഉപ്പ്–പാകത്തിന്

🔹പാകം ചെയ്യുന്ന വിധം

കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്‌ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.

*7.ചക്കപ്പലഹാരം*

1. പഴുത്ത ചക്ക–അര കിലോ ( ശർക്കരയും നെയ്യും
ചേർത്തു വരട്ടിയത്)
2. അരിപ്പൊടി–250 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരെണ്ണം
4. തേങ്ങ ചെറുതായി
നുറുക്കിയത് –കാൽ മുറി
5. എടനയുടെ ഇല അല്ലെങ്കിൽ
വാഴയില–20 എണ്ണം

🔹പാചകം ചെയ്യുന്ന വിധം

വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അൽപ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയിൽ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയിൽ വച്ച് വേവിച്ചെടുക്കുക.

*8.ചക്കചീഡ*

1. ചക്ക വരട്ടിയത് –250 ഗ്രാം
2. അരിപ്പൊടി–200 ഗ്രാം
3. വെളിച്ചെണ്ണ–അര കിലോ
പാകം ചെയ്യുന്ന വിധം

ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.

*9.ചക്കപ്രഥമൻ*

1. ചക്ക വരട്ടിയത്–500 ഗ്രാം
2. ശർക്കര–
3. തേങ്ങ–മൂന്നെണ്ണം
4. ചുക്കുപൊടി–ഒരു ടീസ്‌പൂൺ
5. ജീരകപ്പൊടി–അര ടീസ്‌പൂൺ
6. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
7. തേങ്ങാപ്പാൽ–മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ)
8. നെയ്യ്–അഞ്ച് ടീസ്‌പൂൺ

🔹പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക.

*10.ചക്ക അട*

1. ചക്കപ്പഴം–നുറുക്കിയത് (നാല് ചുളയുടെ)
2. അരിപ്പൊടി–100 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരു മുറി
4,. ശർക്കര–200 ഗ്രാം
5. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
6. വാഴയില വാട്ടിയത്–15 എണ്ണം

🔹പാകം ചെയ്യുന്ന വിധം

അരിപ്പൊടി ഇഡ്‌ഡലി മാവിെൻറ പാകത്തിന് കുഴയ്‌ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ തിരുമ്മിവയ്‌ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നപോലെ മടക്കി ആവിയിൽ വേവിക്കുക.

*11.ചക്ക വറുത്തത്*

ചക്കച്ചുള നീളത്തിൽ അരിഞ്ഞത് – നാലിലൊന്നു ഭാഗം (വിളഞ്ഞത്)
2. വെളിച്ചെണ്ണ –ഒരു കിലോ
3. കല്ലുപ്പു കുറച്ച് വെള്ളത്തിൽ കലക്കുക–രണ്ട് ടീസ്‌പൂൺ

🔹പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക.

*12.ചക്കച്ചമ്മന്തി*

1. ചക്ക (ഉണ്ടായി വരുന്ന സമയത്തെ)–2 എണ്ണം
2. തേങ്ങാമുറി–ഒന്ന്
3. കൊല്ലമുളക്–10 എണ്ണം
4. ചെറിയ ഉള്ളി–അഞ്ച് അല്ലി
5. കറിവേപ്പില–ഒരു തണ്ട്
6. ഉഴുന്നുപരിപ്പ്–ഒരു സ്‌പൂൺ
7. വാളൻ പുളി– ഒരു കുഞ്ഞു നെല്ലിക്കയോളം
8. ഉപ്പ്–പാകത്തിന്

🔹പാകം ചെയ്യുന്ന വിധം

ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. എല്ലാം കൂടി പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്‌ക്കുക. ഉപ്പ് പാകത്തിനു ചേർക്കുക..

*13.ചക്കപ്പപ്പടം*

മൂത്ത ചക്കച്ചുള –25 എണ്ണം
2. കൊല്ലമുളക്–10 എണ്ണം
3. ജീരകം–ഒരു ടീസ്‌പൂൺ
4. കായപ്പൊടി–ഒരു ടീസ്‌പൂൺ
5. ഉപ്പ് – പാകത്തിന്
6. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ

🔹പാകം ചെയ്യുന്ന വിധം

ചക്കച്ചുള കുരുമുളക് , ഉപ്പ് , കുരുമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. വെള്ളം വേവാൻ മാത്രം, കൂടരുത്. ബാക്കി എല്ലാ ചേരുവ കൂടി അരയ്‌ക്കണം. തുണിയിലോ, പ്ലാസ്‌റ്റിക് ഷീറ്റിലോ പപ്പടത്തിെൻറ വട്ടത്തിൽ പരത്തുക. മൂന്നു ദിവസം ഉണക്കുക. ഉണങ്ങിയതിനുശേഷം വെള്ളം തളിച്ച് തുണിയിൽനിന്നു പറിച്ചെടുക്കുക. വീണ്ടും ഉണക്കുക. വായുകേറാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

*14.ചക്ക പഴംപൊരി*

1. പഴുത്ത വരിക്കച്ചക്ക–10 ചുള
2. മൈദ–കാൽ ടീസ്‌പൂൺ
3. അരിപ്പൊടി–മൂന്നു ടീസ്‌പൂൺ
4. പഞ്ചസാര– അഞ്ചു ടീസ്‌പൂൺ
5. വെളിച്ചെണ്ണ–അരക്കിലോ വറുക്കാൻ ആവശ്യത്തിന്

🔹പാകം ചെയ്യുന്ന വിധം

മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്‌ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക.

*15.ചക്കത്തോരൻ*

മൂത്ത ചക്കച്ചുള – കാൽ ഭാഗം
മുളകുപൊടി – ഒരു ടീ സ്‌പൂൺ
മഞ്ഞൾപ്പൊടി –അര ടീസ്‌പൂൺ
കടുക്–രണ്ടു ടീസ്‌പൂൺ
വറ്റൽ മുളക്–എട്ടെണ്ണം
ഉഴുന്നുപരിപ്പ്–അര ടീസ്‌പൂൺ
അരി–രണ്ടു ടീസ്‌പൂൺ
കറിവേപ്പില– നാലുതണ്ട്
തേങ്ങ–ഒന്ന്
ഉപ്പ്–പാകത്തിന്

🔹പാകം ചെയ്യുന്ന വിധം

കടുക്, മുളക്, കറിവേപ്പില, ഉഴുന്ന്, അരി എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചക്കച്ചുളയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. വേകാൻ മാത്രം കുറച്ച് വെള്ളമൊഴിക്കുക. വെന്തശേഷം ചിരകിയ തേങ്ങ ചേർക്കുക. അതിലേക്ക് പച്ചവെളിച്ചെണ്ണ, കറിവേപ്പില ഇടുക.

*16.ചക്ക വറ്റൽ*

ചക്കച്ചുളയിൽ നിന്നും കുരുനീക്കിയ ശേഷം തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം കോരിയെടുത്തു വെയിലത്ത് ഉണക്കി ചക്ക വറ്റലായി ഉപയോഗിക്കാം.

*17.ചക്ക ഉപ്പേരി*

ചക്കച്ചുള ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം.

*18.ചക്കവരട്ടി*

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ആവി കയറ്റിയശേഷം ശർക്കര പാവുകാച്ചിയതിലിട്ടു വെള്ളം വറ്റുന്നതു വരെ ചൂടാക്കുക. വെള്ളം വറ്റുമ്പോഴേക്കും നെയ്യ് ചേർക്കണം. തുടർന്നു ഏലയ്ക്കാ പൊടിയും ചേർത്തു തണുപ്പിച്ചു ഉപയോഗിക്കാം.

*19.ചക്കപ്പൊരി*

പഴുത്ത വരിക്ക ചക്കയുടെ ചുള രണ്ടായി മുറിച്ചു ഏത്തയ്ക്കാ അപ്പം ഉണ്ടാക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

*20.ചക്കപഞ്ചമി*

ചക്കച്ചുള, ചക്കക്കുരു, അച്ചിങ്ങാ പയർ എന്നിവ ചെറിയ കഷണങ്ങളാക്കി ഉണ്ടാക്കുന്ന വിഭവം. ചക്കക്കുരു ആദ്യം വേവിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ളവയും ആവശ്യത്തിനു മസാലക്കൂട്ടുകളും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു കടുകു വറുത്ത് ഉപയോഗിക്കാം.

*21.ഇടിച്ചക്ക സാമ്പാർ*

ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കി സാമ്പാർ വയ്ക്കാം.

*22.പച്ചച്ചക്ക പുഴുക്ക്*

വിളഞ്ഞ പച്ചച്ചക്കയുടെ ചുള ചെറുതായി അരിഞ്ഞു വേവിച്ചു ഉപയോഗിക്കുന്നതാണ് പുഴുക്ക്. രുചി കൂടാൻ ചക്കക്കുരുവും അരിഞ്ഞു ഇതോടൊപ്പം ചേർക്കും.

*23.ചക്കപ്പുട്ട്*

അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്തു പുട്ട് ഉണ്ടാക്കാം.

*24.ചക്കയപ്പം*

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തു കൂട്ട് ഉണ്ടാക്കും. അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തിയ ശേഷം ചക്കക്കൂട്ട് അതിലേക്കു വാരി വച്ചു ഇലമടക്കി ആവിയിൽ പുഴുങ്ങിയെടുക്കും.

*25.ചക്ക അവിയൽ*

ചക്കച്ചുള, ചക്കമടൽ, (ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞതിനു ശേഷമുള്ള ഭാഗം) മാങ്ങ, പടവലം, വെള്ളരിക്ക, ചക്കക്കുരു, മുരിങ്ങയ്ക്ക എന്നിവ ചേർത്തു അവിയൽ വയ്ക്കാം.

*26.ചക്ക അച്ചാർ*

വിളഞ്ഞ ചക്കയരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മറ്റും ചേർത്തു അച്ചാർ ഉണ്ടാക്കാം.

*27.ചക്കക്കുരുപ്പായസം*

തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോൾ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശർക്കര എന്നിവ ചേർത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർക്കമുമ്പോഴേക്കും പായസം റെഡി.

*28.ചക്കക്കുരു കട്‌ലറ്റ്*

ചക്കക്കുരു വേവിച്ചു ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി റൊട്ടിപ്പൊടി പുരട്ടി മുട്ടയുടെ വെള്ളക്കരുവിൽ മുക്കിൽ വെളിച്ചെണ്ണയിൽ വറുത്തു കോരണം.

*29.ചക്കക്കുരു അസ്ത്രം*

ചക്കക്കുരു വട്ടത്തിൽ അരിഞ്ഞു മാങ്ങയും തേങ്ങയും ചേർത്ത് ഓണാട്ടുകരയുടെ തനതു വിഭവമായ അസ്ത്രം വയ്ക്കും പോലം ചക്കക്കുരു അസ്ത്രം വയ്ക്കാം.

*30.ചക്കക്കുരു മെഴുക്കുപുരട്ടി*

ചക്കക്കുരു കനം കുറച്ചു ചെറുതായി അരിഞ്ഞു മെഴുക്കു പുരട്ടാം.

*31.ചക്കക്കുരു പടവലങ്ങ തോരൻ*

ചക്കക്കുരു, പടവലങ്ങ എന്നിവ ചേർത്തു തോരൻ വെയ്ക്കാം.

*32.ചക്കക്കുരു ഉക്കാര*

ചക്കക്കുരു നല്ലതായി തൊലി കളഞ്ഞു മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചു വെള്ളം വാർത്തു അരകല്ലിൽ നല്ലതു പോലെ പൊടിച്ചെടുക്കണം. ശർക്കര പാവാക്കി തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേർക്കണം. തുടർന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേർക്കുക.

*33.ചകിണി തോരൻ*

ചക്കച്ചുളയുടെ പുറത്തുളള ഇതളുകളാണു ചകിണി. ചകിണി ചെറുതായി അരിഞ്ഞു തേങ്ങയും മറ്റും ചേർത്തു തോരൻ ഉണ്ടാക്കാം.

*34.ചകിണി ബജി*

വരിക്ക ചക്കയുടെ നീളമുള്ള ചകിണിയെടുത്ത് അരിമാവ്, കായം, ഉപ്പ്, മുളകു പൊടി എന്നിവയുടെ കുഴമ്പിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

*35.ചക്ക അട*

ആദ്യം തന്നെ എന്റെ ഇഷ്ട വിഭവമായ ചക്കയടയെക്കുറിച്ചു തന്നെ പറയാം.ചക്ക കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും മികച്ച വിഭവം എന്ന് കരുതുന്നത് ചക്ക അടയാണ്. അതിനായി നന്നായി പഴുത്ത ചക്കപ്പഴം കുരു കളഞ്ഞത് എടുക്കുക. അതിലേക്കു അരിപ്പൊടിയോ റവയോ ഗോതമ്പു പൊടിയോ ചേർത്ത് കുറച്ചു ശർക്കരയും ( മധുരമേറിയ ചുളയെങ്കിൽ ശർക്കര കുറവ് മതി ) ചേർത്ത് അതിൽ കുറച്ചു തേങ്ങയും ചിരകി ചേർക്കണം. പിന്നീട് അല്പം ഏലക്കായ പൊടിച്ചു ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് പൊടി കുഴക്കും പോലെ ഉരുട്ടി എടുത്തു വയ്ക്കുക. ഇടന ഇലയിൽ കുമ്പിൾ കുത്തി അതിൽ കുഴച്ച പൊടി നിറച്ചു ഇലകൊണ്ടു തന്നെ കുമ്പിൾ അടച്ചു അപ്പച്ചട്ടിയിൽ വേവിക്കുക.

*36.ചക്കപ്പുഴുക്ക്*

ചക്കപ്പുഴുക്കിന് പച്ച ചക്ക ചുള ചെറുതായി നുറുക്കി എടുക്കുക. കുറച്ചു ചക്ക കുരുവും അതിൽ അരിഞ്ഞിടുക. തേങ്ങാ ചിരവി അതിൽ ഒരു നുള്ളു ഉപ്പും മഞ്ഞളും ജീരകവും കാന്താരിയും ഉള്ളിയും വെളുത്തുള്ളിയും വേപ്പിലയും വേണമെങ്കിൽ അല്പം ഇറച്ചി മസാലയും ആകാം.ചക്ക ചുള ഒഴികെമറ്റെല്ലാം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.ഈ അരപ്പു അരിഞ്ഞു വച്ച ചക്ക ചുളയിൽ ചേർത്തിളക്കുക. ഒരല്പം വെള്ളം ചേർത്തിളക്കി യോജിപ്പിച്ചു അടുപ്പിൽ വയ്ക്കുക. വെന്തു കഴിഞ്ഞു വീണ്ടും ഇളക്കി യോജിപ്പിക്കുക. ചക്കപ്പുഴുക്ക് റെഡിയായി.

*37.ചക്കചിപ്സ്*

പച്ച ചക്കച്ചുള കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വിലപിടിച്ചതും ആവശ്യക്കാരുള്ളതുമായ വിഭവമാണ് ചക്ക ചിപ്സ്. ചക്ക ചുള ചെറുതായി നുറുക്കി അത് എണ്ണയിൽ വറുത്തു കോരി എടുത്താൽ ചക്ക ചിപ്സ് റെഡി.

*38.ചക്കക്കുരു മാങ്ങാക്കറി*

ചക്ക ക്കുരു ചെറുതായി നുറുക്കി എടുത്തു വേവിക്കുക. അതിലേക്കു അരിഞ്ഞെടുത്ത മാങ്ങയും ചേർത്ത് നന്നായി കുരു വെന്തുടയുന്ന പാകത്തിൽ വേവിക്കുക. മഞ്ഞൾപ്പൊടിയും ഒരൽപം മുളകുപൊടിയും ഉപ്പും ചേർക്കാം. അതിലേക്കു തേങ്ങാ അരപ്പു ചേർത്ത് കടുക് പൊട്ടിച്ചു കറിയായി ഉപയോഗിക്കാം.

*39.ഇടിച്ചക്ക ബോ*

🔹ചേരുവകകള്‍

ഇടിച്ചക്ക -ഒരു ചക്കയുടെ പകുതി
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 7 എണ്ണം
ഉരുളക്കിഴങ്ങ് – 1
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍
കടുക് – ആവശ്യത്തിന്
മൈദ – 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്

🔹തയ്യാറാക്കുന്ന രീതി

ചക്കച്ചുളകള്‍ കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ശേഷം വെള്ളം വാര്‍ത്തു കളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചു വെയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദ മാവില്‍ മഞ്ഞള്‍പൊടി, മുളകുപൊടി, പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. അതിനേയ്ക്ക് ഉരുട്ടി വെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില്‍ പൊരിച്ച് എടുക്കുക.

*40.ചക്കപ്പഴം പാല്‍ ഹല്‍വ*

🔹ആവശ്യമായ സാധനങ്ങള്‍

പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
പശുവിന്‍ പാല്‍ – അഞ്ച് കപ്പ്
പഞ്ചസാര – മൂന്ന് കപ്പ്
നെയ്യ് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി – അര കപ്പ്
വെള്ളം – ഒരു കപ്പ്

🔹തയാറാക്കുന്നവിധം

ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നൂല്‍പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള്‍ പാല്‍ ചേര്‍ത്തു വീണ്ടും ഇളക്കുക. അല്‍പം മുറുകിക്കഴിയുമ്പോള്‍ നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലക്കായും ചേര്‍ക്കുക. നന്നായി മുറുകിക്കഴിയുമ്പോള്‍ ഹല്‍വ സൂക്ഷിച്ചു വയ്ക്കാന്‍ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില്‍ ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്‍വ നിറച്ച് മുകളില്‍ നിന്ന് അമര്‍ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്‍ന്ന് ഹല്‍വയുടെ മുകളില്‍ വച്ച് അലങ്കരിക്കുക.

*41.റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട*

🔹ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
വറുത്ത റവ
(ഇളം ബ്രൗണ്‍ നിറമാകണം) – അഞ്ച് കപ്പ്
ശര്‍ക്കര – മൂന്ന് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്ക – 15 എണ്ണം

🔹തയാറാക്കുന്നവിധം

വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ ഇടുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്‌തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില്‍ വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്‍പ്പരുവമാകുമ്പോള്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.


*42.ചക്ക എരിശ്ശേരി*

ചക്ക എരിശ്ശേരിയുണ്ടാക്കാന്‍ മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള്‍ തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും വേണം.

*43.ചക്കക്കുരുത്തോരന്‍*

ചക്കക്കുരുത്തോരന്‍ വേനല്‍ക്കാലത്തെ ഒരുവിഭവമായിരുന്നു. ചക്കക്കുരു നുറുക്കാതെ മഞ്ഞപ്പൊടിയും മുളകും ഉപ്പും ചേര്‍ത്ത് വേവിച്ച് ഉടയ്ക്കണം. ചീനച്ചട്ടി അടുപ്പത്തുവച്ച് മുളകും കടുകും പൊട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്ത് രണ്ടുളളിയും ജീരകവും അല്‍പം നാളികേരവും കൂടി പൊട്ടിക്കഴിഞ്ഞ കടുകില്‍ ഉടനെ ഇടുക. ഉടച്ച ചക്കക്കുരു ഇതിലേയ്ക്കിട്ട് ഇളക്കുക. ഒന്നാംതരം തോരനും പലഹാരവുമാണിത്.

*44.ചക്കപ്പഴം അരി ഉണ്ട*

🔹ആവശ്യമായ സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച പച്ചരി (മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന ഇടിയപ്പംപൊടി ആയാലും മതി) – അഞ്ച് കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്കാ – 15 എണ്ണം പൊടിച്ചത്

🔹തയാറാക്കുന്നവിധം

പച്ചരി പൊടിച്ചത് ചീനച്ചട്ടിയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക( മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്നില്ലെങ്കില്‍ ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാന്‍ സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്നു ശര്‍ക്കര ഉരുകി നൂല്‍ പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്‌സിയില്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്തു ജലാംശം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലയ്ക്കാ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതില്‍ നിന്ന് ഒരുകപ്പ് മാറ്റി ഒരു മുറത്തില്‍ വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടിച്ചതു വാങ്ങിവച്ച് ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിന് മുന്‍പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേര്‍ക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തില്‍ ഇട്ട പൊടിയില്‍ മുക്കിയെടുത്താല്‍ ചക്ക അരി ഉണ്ട റെഡി.

*45.ചക്കപ്പഴം പാല്‍ ഹല്‍വ*

🔹ആവശ്യമായ സാധനങ്ങള്‍

പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
പശുവിന്‍ പാല്‍ – അഞ്ച് കപ്പ്
പഞ്ചസാര – മൂന്ന് കപ്പ്
നെയ്യ് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി – അര കപ്പ്
വെള്ളം – ഒരു കപ്പ്

🔹തയാറാക്കുന്നവിധം

ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നൂല്‍പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള്‍ പാല്‍ ചേര്‍ത്തു വീണ്ടും ഇളക്കുക. അല്‍പം മുറുകിക്കഴിയുമ്പോള്‍ നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലക്കായും ചേര്‍ക്കുക. നന്നായി മുറുകിക്കഴിയുമ്പോള്‍ ഹല്‍വ സൂക്ഷിച്ചു വയ്ക്കാന്‍ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില്‍ ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്‍വ നിറച്ച് മുകളില്‍ നിന്ന് അമര്‍ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്‍ന്ന് ഹല്‍വയുടെ മുകളില്‍ വച്ച് അലങ്കരിക്കുക.


*46.ചക്കപ്പഴം മുറുക്കിയത്*

🔹ആവശ്യമായ സാധനങ്ങള്‍

പഴുത്ത ചക്ക – അഞ്ച് കപ്പ്
നെയ്യ് – അര കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
ഏലയ്ക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
നിലക്കടല വറുത്തത് – അര കപ്പ്

🔹തയാറാക്കുന്നവിധം

ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. ചേരുവ ശര്‍ക്കര ചൂടാക്കി നൂല്‍പ്പരുവമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ചക്കപ്പഴം അരച്ചത് ചേര്‍ത്ത് ഇളക്കുക. ഏലക്കാ പൊടിച്ചതും നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളതും ചേര്‍ത്തു നന്നായി ചേരുന്നതുവരെ ഇളക്കുക. നിലക്കടല തൊലികളഞ്ഞ് ചേര്‍ത്തിളക്കുക. ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കണം. തുടര്‍ന്നു ചക്കപ്പഴം മുറുക്കിയതു സൂക്ഷിച്ചുവയ്ക്കാന്‍ കരുതിയ പാത്രത്തില്‍ നെയ്യില്‍ ബാക്കിവച്ചിരുന്നത് പുരട്ടിയശേഷം ചക്കപ്പഴം മുറുക്കിയതു നിറച്ചശേഷം മുകളില്‍ നിന്ന് അമര്‍ത്തിപ്പരത്തുക. രുചികരമായ ഈ വിഭവം ജാമിനു പകരമായി ഉപയോഗിക്കാവുന്നതാണ്.

*47.റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട*

🔹ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
വറുത്ത റവ
(ഇളം ബ്രൗണ്‍ നിറമാകണം) – അഞ്ച് കപ്പ്
ശര്‍ക്കര – മൂന്ന് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്ക – 15 എണ്ണം

🔹തയാറാക്കുന്നവിധം

വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ ഇടുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്‌തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില്‍ വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്‍പ്പരുവമാകുമ്പോള്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.


*48.ചക്ക മടല്‍ മസാല ഫ്രൈ*

 ചക്ക മടല്‍ മുള്ളുകള്‍ കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയില്‍ അരിഞ്ഞെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിച്ച് അതിലേക്ക് അറിഞ്ഞുവെച്ചിരിക്ക ചക്ക മടല്‍ ചേര്‍ക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആയ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തിള്ളി എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും ചെറു കഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്‍ത്ത് ഒന്നുകൂടി തിളച്ചതിനുശേഷം വിളമ്പാം.

*49.ചക്ക അച്ചാര്‍*

ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് ജീരകം,കടുക്,മല്ലി,ചതച്ച പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേര്‍ക്കാം. മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 5 മിനിട്ട് പാകം ചെയ്യാം. അടുപ്പില്‍ നിന്ന് എടുത്തശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അങ്ങനെ ചക്ക അച്ചാര്‍ തയ്യാര്‍.

*50.ചക്ക കുരു അവിയല്‍*

ആദ്യം ചക്കകുരു മുറിച്ച് രണ്ട് മണിക്കൂര്‍ വേവിക്കാന്‍ വെയ്ക്കാം. പാകം ആയ ചക്കക്കുരുവിലേക്ക് മുരിങ്ങക്ക,ചുവന്നുള്ളി,മഞ്ഞള്‍പ്പൊടി,ചില്ലി പൗഡര്‍,ജീരക പൗഡര്‍ ഒരുകപ്പ് വെള്ളവും ചേര്‍ക്കുക. ചെറിയ തീയില്‍ പാകം ചെയ്യാന്‍ വെയ്ക്കം.വെള്ളം വറ്റുന്നവരെ അടുപ്പില്‍ വെയ്ക്കാം. ചെറുതായി വെന്തുകഴിഞ്ഞാല്‍ തേങ്ങ,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേര്‍ക്കാം. പാകം ആയാല്‍ കടുക് പൊട്ടിച്ചതും ചേര്‍ക്കുക. ചക്ക കുരു അവിയല്‍ തയ്യാര്‍.

2020, ഏപ്രിൽ 5, ഞായറാഴ്‌ച

കേരളം ക്യൂബയിൽ നിന്നും പഠിക്കേണ്ടത് !


1989 ലാണ് ക്യൂബ വലിയൊരു പ്രതിസന്ധിയിൽ അകപ്പെടുന്നത്. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകർന്നപ്പോൾ ക്യൂബയുടെ കാർഷികമേഖല
അവതാളത്തിലായി. രാസവളങ്ങൾ, കീടനാശിനികൾ,  പെട്രോൾ, കാർഷിക യന്ത്രങ്ങൾ എന്നിവയെല്ലാം റഷ്യയിൽ നിന്നും വരണമായിരുന്നു. ക്യൂബയിൽ ഭൂരിഭാഗവും കരിമ്പ് കൃഷിയായിരുന്നു. മാർക്കറ്റ് വില നൽകി റഷ്യ പഞ്ചസാര വാങ്ങിയിരുന്നതിനാൽ ക്യൂബ സമൃദ്ധിയിലായിരുന്നു.
ക്യൂബയ്ക്കാവശ്യമായിരുന്ന ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയുമൊക്കെ 80 ശതമാനവും പുറത്തു നിന്നായിരുന്നു ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 1989 മുതൽ സോവിയറ്റ് യൂനിയനിൽ നിന്നുള്ള  ഇറക്കുമതി ഗണ്യമായി കുറഞ്ഞു.
89 മുതൽ 92 വരെയുള്ള 3 വർഷങ്ങൾ ക്യൂബ ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയിലായി. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഫിദൽ കാസ്ട്രോ നയവിദഗ്ദരെ വിളിച്ചു ചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്തു.
തുടര്‍ന്നാണ് പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയിൽ കേന്ദ്രീകരിക്കാൻ ക്യൂബ തീരുമാനിച്ചത്. അതിനാവശ്യമായ ബദൽ സാങ്കേതിക വിദ്യ ക്യൂബ തയ്യാറാക്കി.  ഇന്ധനലഭ്യത കുറവ് മൂലം യന്ത്രങ്ങൾ അധികം വേണ്ടാത്ത പരമ്പരാഗത ചെറുകിട കൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.  1992 മുതൽ ക്യൂബ നഗരകേന്ദ്രീകൃതമായ ഭക്ഷ്യ കൃഷി ആരംഭിച്ചു. പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി ചെറിയ ചെറിയ തോട്ടങ്ങൾ നിർമിച്ചു. കൃഷി വിദഗ്ധരെ വിളിച്ചു പരിശീലനങ്ങൾ സംഘടിപിച്ചു. ഹവാനയിലെ കാർഷിക സർവകലാശാലയിൽ ജൈവകൃഷി കോഴ്സ് ആരംഭിച്ചു. ജൈവകൃഷിയുമായി ബന്ധപ്പെട്ട അനവധി പ്രസിദ്ധീകരണങ്ങൾ ഇറക്കി.നഗരവാസികളെ മണ്ണൊരുക്കാനും കമ്പോസ്റ്റ് നിർമിക്കാനും പച്ചക്കറി കൃഷി തട്ടുകളുണ്ടാക്കാനുമൊക്കെ പഠിപ്പിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടൻ അറിവുകളെ പ്രയോജനപ്പെടുത്തി, ഒപ്പം വൈവിധ്യമുള്ള വിളകൾ ഒരുമിച്ച് കൃഷി ചെയ്തു. കള നിയന്ത്രിക്കാൻ കൃഷിയിടങ്ങൾ പൊതയിട്ടു നിർത്തി. നഗരങ്ങളിൽ ഇടനിലക്കാരില്ലാത്ത കർഷകർ നേരിട്ട് നടത്തുന്ന നാട്ടുചന്തകൾ ആരംഭിച്ചു. വെറും വട്ടപൂജ്യത്തിൽ നിന്നും തുടങ്ങിയ നഗരങ്ങളിലെ  കൃഷി വെറും മൂന്ന്  നാലുവർഷം കൊണ്ട്  ടൺ കണക്കിന് പച്ചക്കറി ഉൽപാദിപ്പിക്കാൻ തുടങ്ങി.  ക്യൂബയിലെ പ്രധാന നഗരമായ ഹവാനയിൽ മാത്രം 318 പച്ചക്കറിത്തോട്ടങ്ങളുണ്ട്. ഹവാനയിലെയും വില്ലക്ലാരയിലെയും ജനങ്ങൾ കഴിക്കുന്ന പച്ചക്കറിയുടെ 70 ശതമാനവും ഈ നഗരങ്ങളിൽ   ഉൽപാദിപ്പിച്ചതു തന്നെയാണ്. അതുകൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ടായി.  ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു. ഇതിനൊക്കെ നേതൃത്വം നൽകിയ 93ൽ രൂപീകരിച്ച ക്യൂബയിലെ 'അസോസിയേഷൻ ക്യൂബാന ദെ അഗ്രികൾച്ചുറാ ഓർഗാനിക്കയ്ക്ക് (ACAO) 1999ൽ നോബൽ പ്രൈസിന് തുല്യമെന്ന് കരുതുന്ന 'റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്'  ലഭിക്കുകയുണ്ടായി. ക്യൂബയുടെ ജൈവവിപ്ലവത്തെകുറിച്ച് പഠിക്കാൻ ഇന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കുന്നു.

പതിനാല് വർഷങ്ങൾക്കു മുമ്പ് ക്യൂബയിൽ നടന്ന  ഈ നിർമ്മാണാത്മകമായ വിപ്ലവത്തെ പറ്റി 'ഒരേ ഭൂമി ഒരേ ജീവൻ' മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച "ക്യൂബയിലേക്കോരു ക്യൂ" എന്ന ലേഖനങ്ങളുടെ സമാഹാരം  അന്നത്തെ ജൈവകർഷകർക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നതാണ്. ജനകീയ വിപ്ലവത്തെക്കുറിച്ചും ഫിദൽകാസ്ട്രോയുടെ നേതൃത്വത്തെക്കുറിച്ചുമെക്കെ വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷം ക്യൂബയിലെ ഈ നിർമ്മാണാത്മകമായ ജൈവവിപ്ലവത്തെ വേണ്ടത്ര പരിഗണിച്ചില്ല. ഇപ്പോൾ ഈ കൊറോണക്കാലത്ത് നമ്മുടെ ഇടതുപക്ഷ സർക്കാർ ഭക്ഷ്യ കൃഷിയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു. നല്ലതു തന്നെ, ഒരു പ്രതിസന്ധി വരുമ്പോഴാണല്ലോ ചിലപ്പോൾ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുക.!

കേരളത്തിനാവശ്യമായ ഭക്ഷണത്തിന്റെ 80 ശതമാനത്തോളവും പുറമെ നിന്നാണ് വരുന്നത്. കേരളത്തിൽ കൃഷി ഭൂമിയില്ലാത്തതു കൊണ്ടല്ല ഇങ്ങനെയായത്. നാണ്യവിളകൾക്ക് നൽകിയ മുൻതൂക്കം  മൂലമാണ്.  നമ്മുടെ കാർഷിക യോഗ്യമായ  ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെൽകൃഷി. വെറും 5 ശതമാനം മാത്രമാണ് പച്ചക്കറി കൃഷി. ക്യൂബ പഞ്ചസാര കയറ്റിയച്ചതുപോലെ നമ്മൾ നാണ്യവിളകൾ കയറ്റിയയ്ക്കുന്നു. കോടി കണക്കിന് രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ ഇറക്കുമതി ചെയ്തുക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
വിദേശപണവും ടൂറിസവും മദ്യവും റബ്ബറുമൊക്കെയാണ് നമ്മുടെ എക്കണോമി. പൂർണ്ണമായും പരാശ്രിതമായ സമ്പത്ത് വ്യവസ്ഥ.! 

സർക്കാർ പച്ചക്കറി കൃഷി ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതും വിത്തുകൾ നൽകുന്നതുമൊക്കെ ഏറെ പ്രതീക്ഷ നല്‍കുന്ന സംഗതിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയോ അതിനാവശ്യമായ സംവിധാനങ്ങളോ  നമുക്കുണ്ടോ?  തീർത്തും ഉപരിപ്ലവമായാണ് കാര്യങ്ങൾ നീങ്ങുന്നത്. ജൈവകൃഷിയിൽ ഒട്ടും വിശ്വാസമില്ലാത്ത ഭാരിച്ച ശമ്പളം പറ്റുന്ന കുറെ കാർഷിക വിദഗ്ദരുള്ള നമ്മുടെ കാര്‍ഷിക സർവകലാശാല അഴിച്ചു പണിയേണ്ടിയിരിക്കുന്നു.!

ഭക്ഷ്യ സ്വാശ്രയത്തെ കുറിച്ച് സംസാരിക്കുമ്പോൾ എന്തോ നാണംകെട്ട പരിപാടിയാണെന്ന് നെറ്റി ചുളിക്കുന്ന പലരുമിണ്ടിവിടെ.
മദ്യം വിറ്റു കാശുണ്ടാക്കുകയും അതു കുടിച്ച് കരള് തകർന്ന ജനങ്ങളെ ചികിത്സിക്കാൻ ലോട്ടറി വിൽക്കുകയും ചെയ്യുന്ന സാമ്പത്തിക - ആരോഗ്യ ക്രമത്തോട് ഇവർക്കൊട്ടും നാണമില്ലാതാനും.!
കേരളത്തിൽ ഒരു കാലത്തും ഭക്ഷ്യ സ്വയംപര്യാപ്ത ഉണ്ടായിരുന്നില്ലായെന്നും ഇനിയുണ്ടാകാനും പോകുന്നില്ലായെന്നും വിശ്വസിക്കുന്നവരാണിവർ.! അതേ സമയം തന്നെ ഏറ്റവും കൂടുതൽ പ്രമേഹരോഗവും കാൻസർ രോഗമുള്ളതുമൊക്കെ കേരളത്തിൽ തന്നെയാണ്.  ഇതും കൂടി മാറ്റിയാലേ കേരളത്തിന്റെ ആരോഗ്യ രംഗത്തെ സ്തുതികൾ അർത്ഥവത്താകൂ..!

ആരോഗ്യമുള്ള ഭക്ഷണം പ്രാദേശികമായി ഉറപ്പു വരുത്തലായിരിക്കണം ഒരു സർക്കാരിന്റെ പ്രഥമ കടമ. നമ്മുടെ ഉൽപാദനമേഖലയെ ആ രീതിയിൽ മെച്ചപ്പെടുത്താനും കുറേപേർക്ക് തൊഴിൽ ലഭിക്കാനും അതുവഴി സാധിക്കും. ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. കൊറോണ പോലെയുള്ള മഹാമാരികളും പ്രതിസന്ധികളും വരുമ്പോൾ അയൽ സംസ്ഥാനങ്ങൾ കൊട്ടിയടച്ച അതിർത്തി തുറക്കാൻ കോടതി നിരങ്ങേണ്ട ഗതികേടുമുണ്ടാകില്ല.

ഇതൊരവസരമാണ്. ജനങ്ങൾ തയ്യാറാണ്. കുറച്ചു ജൈവകൃഷിയിൽ തൽപരരായ ചെറുപ്പക്കാരെ തയ്യാറാക്കുക. അവർക്കാവശ്യമായ പരിശീലനങ്ങൾ നൽകുക. അവരെ ജനങ്ങളുടെ അടുത്തേയ്ക്ക് അയക്കുക. ഒപ്പം  പ്രാദേശിക വിപണികളുമൊരുക്കുക. നമ്മൾ വിചാരിച്ചാൽ പുറമേയ്ക്ക് കൊടുക്കാനുള്ള പച്ചക്കറി വരെയുണ്ടാക്കാൻ പറ്റും. പച്ചക്കറിക്കൊപ്പം നെല്ലും മീനും പ്രാദേശികമായി ആവുന്നത്ര ഉണ്ടാക്കാൻ സാധിക്കണം.  അങ്ങനെയൊരു ചരിത്രവും നമുക്കുണ്ടായിരുന്നു.   ഈ പ്രതിസന്ധിയെ നാം മറികടക്കേണ്ടത് ഇങ്ങനെയും കൂടിയായിരിക്കണം.