2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

മോഷ്ടിച്ച മനസ്സും... മോഷ്ടിക്കാത്ത പണവുമായി .

പാതിരാത്രിയോട് അടുത്തുകാണും ,

വീട്ടിലെ ലൈറ്റണയുന്നതും നോക്കി കള്ളൻ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്നു .

കള്ളന്റെപ്രതീക്ഷകളെ തകർത്തുകൊണ്ടന്നവണ്ണം ഒരു മുറിയിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു .

കള്ളന്റെ മനസ്സിൽ നേരിയ സംഘർഷം ഉടലെടുത്തു  ആരായിരിക്കും  ആ മുറിയിൽ?

ഒരു പക്ഷെ ..
ആ മുറിയിലെ വെളിച്ചം ഓഫാക്കാൻ അവർ മറന്നുപോയതാണെങ്കിലോ ?

കള്ളൻ ആ വീട് ലക്ഷ്യമാക്കി നടന്നു .

പാതിമറച്ച മുഖത്തോടെ , മരക്കൊമ്പിലൂടെ അയാൾ വീടിന്റെ മുകൾനിലയിലെത്തി.

അയാളുടെ കരവിരുതുകൾക്കു മുൻപിൽ  വാതിലുകളെല്ലാം മലർക്കേ തുറന്നുകൊണ്ടിരുന്നു.

കള്ളൻ സാവധാനം താഴത്തെ നിലയിലെത്തി .

നേരത്തെ വെളിച്ചം കണ്ട മുറിയിൽ നിന്നും  ചെറിയ ഞെരുക്കവും  ഉച്ചത്തിലുള്ള ശ്വാസ ഗതിയും ഉയരുന്നത് അയാൾ ശ്രദ്ധിച്ചു.

കള്ളന്റെ ഹൃദയമിടിപ്പ് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു .

ആ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു.
മുറിയുടെ താക്കോൽ അതിന്റെ വാതിലിൽ തന്നെ ഉണ്ടായിരുന്നു.

മുറി പതിയേ തുറന്ന് കള്ളൻ  അകത്തേക്ക്  നോക്കി .
പ്രായമേറിയ ഒരു വല്യമ്മ  ആ കട്ടിലിൽ കിടപ്പുണ്ട് ..

അവർ കിടന്നുകൊണ്ട് തൊട്ടടുത്ത മേശയിൽ  ഇരിക്കുന്ന ഇൻഹേലർ എടുക്കാൻ ശ്രമിക്കുകയാണ്.

പക്ഷെ .....

ഓരോ ശ്രമത്തിനിടയിലും  അത് ദൂരേക്ക് ദൂരേക്ക്  നീങ്ങിക്കൊണ്ടിരുന്നു .

കള്ളൻ ഒരു നിമിഷം ആലോചനയിലാണ്ടു.
തന്റെ അമ്മയുടെ മുഖം കള്ളന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

മുഖംമൂടി ഒന്നുകൂടെ നേരെയിട്ടതിനുശേഷം കള്ളൻ ഇൻഹാലെർ  എടുത്തു വല്യമ്മക്കു നേരെ നീട്ടി ,

അവർ അത് ആർത്തിയോടെ തട്ടിപ്പറിക്കുകയും വായിലേക്ക് സ്പ്രേ ചെയ്യുകയും ചെയ്തു .
അവർ കിതച്ചു കൊണ്ട് കുറേ നേരം തല കുനിച്ചിരുന്നു.

മരുന്നെടുത്തു കൊടുത്തത്  ആരാണന്നുപോലും അപ്പോളവർ നോക്കിയില്ല .

കള്ളൻ കുറച്ചുനേരം അവരെ നോക്കി നെടുവീർപ്പോടെ നിന്നു.
ശബ്ദമുണ്ടാക്കാതെ സാവധാനം പുറത്തേക്കു നടക്കാൻ തിരിഞ്ഞപ്പോൾ  വല്യമ്മ കൈ കൊണ്ട് നില്ക്കാൻ  ആംഗ്യം കാണിച്ചു .

കള്ളന്റെ മുഖം കണ്ട വല്യമ്മ ഭയന്നില്ല, പരിഭ്രമിച്ചില്ല. മറിച്ചു ദൈവദൂതനെ കണ്ടതുപോലെ നിറമിഴിയോടെ പുഞ്ചിരി തൂകി .

കള്ളൻ അവർക്കടുത്തേക്ക് നീങ്ങി വല്യമ്മയെ തലയിണയിൽ ചാരിയിരിക്കാൻ സഹായിച്ചു .

ഇപ്പോൾ  അവർക്കു  നല്ല ആശ്വാസം  തോന്നുന്നുണ്ടെന്ന് കള്ളന് മന്സായിലായി .

ഞാൻ ആദ്യമായിട്ടാണ് ഒരു കള്ളനെ കാണുന്നത്  വല്യമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .

ദൈവത്തെ  കണ്ടിട്ടുണ്ടോ??? 
കള്ളൻ തമാശരൂപേണ മറുചോദ്യം തൊടുത്തു.

കള്ളന്റെ രൂപത്തിൽ മുഖംമൂടി ധരിച്ച ഒരു ദൈവത്തേ ഞാനിന്ന് കണ്ടു.
വല്യമ്മയും  വിട്ടുകൊടുത്തില്ല .

എനിക്ക് കുറച്ചു ചൂടുവെള്ളം  ആ ഫ്ലാസ്കിൽനിന്നു എടുത്തു തരുമോ ?

കള്ളൻ മടിച്ചില്ല .

അയാൾ ചൂടുവെള്ളം ഗ്ലാസിൽ പകർന്നു വല്യമ്മക്കു കൊടുത്തു .

ചൂടുവെള്ളം ഊതികുടിക്കുന്നതിനിടെ വല്യമ്മ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.. 
കള്ളൻ അതെല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.

വല്യമ്മയെ ഈ റൂമിലിട്ടു പൂട്ടി എല്ലാവരും പുറത്തു പോയി എന്നും ...
അവർ നാളെയോ മറ്റന്നാളോ? മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നും കള്ളന് മനസ്സിലായി.

അമ്മ വല്ലതും കഴിച്ചോ???
കള്ളൻ പതിയേ ചോദിച്ചു .?

കഞ്ഞിപ്പാത്രത്തിലേക്ക് നോക്കി അവർ ഒന്നു പുഞ്ചിരിച്ചു.

നീ വല്ലതും കഴിച്ചോ മോനെ ? വല്യമ്മ ചോദിച്ചു .

കള്ളന്റെ ഉള്ളൊന്നു  തേങ്ങി .

അയാൾ പറഞ്ഞു : ഇല്ല.

എടുത്തു തരാൻ എനിക്ക് വയ്യ മോനെ...  എനിക്ക് വയറു നിറഞ്ഞു. നീ അതെടുത്തു കഴിച്ചോ ..

കള്ളന് നന്നായി വിശക്കുന്നുണ്ടായിരുന്നു.  അയാൾ  കഞ്ഞി വേഗത്തിൽ കുടിക്കാൻ  തുടങ്ങി .

ഇടക്കിടെ  അയാൾ ചുറ്റും നോക്കുന്നുണ്ട് .

അപ്പോൾ വല്ല്യമ്മ  അയാൾക്കു നേരെ ഒരു താക്കോൽ കൂട്ടമെടുത്തുനീട്ടി .
അയാൾ അത് വാങ്ങാൻ മടിച്ചു.

വല്യമ്മ പറഞ്ഞു: ഇത് ആ അലമാരയുടെ താക്കോലാ...
നീ ആദ്യം അത് തുറക്ക്.

കള്ളൻ മടിയോടെ അലമാര തുറന്നു .

ചെറിയ താക്കോൽ കൊണ്ട്  ചെറിയ കള്ളി തുറക്ക് വല്ല്യമ്മ പറഞ്ഞു :

കള്ളൻ അതുപോലെ ചെയ്തു .
അതും തുറന്നു .

കള്ളന്റെ മുഖത്തു ഒരു അന്ധാളിപ്പ് പടർന്നു .

പഴയ സ്വർണ്ണവും  ,
ഒരുപാടു പുതിയ പുതിയ നോട്ടുകളും അതിൽ നിറഞ്ഞിരുന്നു .

"നിനക്കിഷ്ടമുള്ളതു  എടുക്കാം,ഒന്നും പേടിക്കേണ്ട  എല്ലാം എന്റേതാണ് "

കള്ളന്റെ കരം വിറച്ചു.
അയാൾക്ക് ഒന്നും എടുക്കാൻ കഴിഞ്ഞില്ല.

വിതുമ്പുന്ന മനസ്സോടെ അയാൾ കസേരയിൽ തിരികെ വന്നിരുന്നു .

നിനക്ക് ഒന്നും വേണ്ടേ ? വല്യമ്മ ചോദിച്ചു?

കള്ളൻ ഒന്നും മിണ്ടിയില്ല .

കുറേ നേരം നിശബ്ദത...
പിന്നീടെപ്പോഴോ അയാളുടെ നേർത്ത സ്വരം പുറത്തേക്ക് വന്നു.

ഞാനൊരു കള്ളനൊന്നുമല്ലമ്മേ...
നിവർത്തി ഇല്ലാത്തോണ്ട് പറ്റിപ്പോയതാ... എന്നോട് പൊറുക്കണം .

നാളെ എന്റമ്മച്ചിയുടെ  ഓപ്പറേഷനാണ് .
പണം  മുൻകൂർ അടച്ചെങ്കിലേ ഓപ്പറേഷൻ നടക്കൂ എന്ന് ഡോക്ടർമാർ തീർത്ത് പറഞ്ഞിരിക്കുന്നു. 

ഭക്ഷണം പോലും കഴിക്കാതെ,
പണം സംഘടിപ്പിക്കാൻ ഒരു പാട് ഞാനലഞ്ഞു.

ഒരാൾ പോലും കണ്ട ഭാവം നടിച്ചില്ല.
കൂട്ടുകാരും, കുടുംബക്കാരും കൈയ്യൊഴിഞ്ഞു.

അതാ..... ഞ... ഞ.... ഞാ....ൻ!

കള്ളന്റെ മുഖം മൂടിയിൽ
നനവ് പടരുന്നത്  വല്യമ്മ  കണ്ടു .

വല്യമ്മ ഊന്നുവടിയിൽ സാവദാനം എഴുനേറ്റു ,അലമാരിയിൽ നിന്നും പണപ്പെട്ടയുമായി കള്ളന്റെ അടുത്തേക്ക് വന്നു,
അത് അവന്റെ മടിയിൽ വച്ചു കൊടുത്തു .

കള്ളൻ വല്യമ്മയുടെ മുഖത്തേക്ക് പകച്ച് നോക്കി . 

ആവശ്യമുള്ളതു എടുത്തു ബാക്കിയുള്ളത് തിരികെ  തരിക. വല്യമ്മ പറഞ്ഞു.

അവനാ  കൈകളിൽ മുഖം ചേർത്തു.
അവന്റെ കണ്ണീർ ആ പാദങ്ങളിൽ ഉറ്റിവീണു.

ആ മാതൃഹൃദയം തേങ്ങി...

വല്യമ്മ കള്ളന്റെ മുടിയിൽ തഴുകി, വാത്സല്യപൂർവ്വം അവനേ തന്റെ മാറോട് ചേർത്ത് നെറുകയിൽ ചുമ്പിച്ചു.

എന്നിട്ടു പറഞ്ഞു  :

നിനക്ക് എന്നേയും....
ഒരമ്മയായി കണ്ടൂടേടാ മോനേ ....???

നിന്റെ അമ്മ തന്നാൽ നീ വാങ്ങൂലേ ...?

ഇത് മോഷണമുതലായി കാണേണ്ട.

ഇത് എന്റെ ജീവൻ രക്ഷിച്ചതിന്ന് നിനക്കുള്ള പ്രതിഫലമാണ്,

നീ ഇവിടെ വന്നത് കൊണ്ട് രണ്ടു ജീവനാണ്  രക്ഷപെട്ടത് ...

ഒന്ന്  എന്റേതും , മറ്റൊന്ന് നിന്റെ അമ്മയുടെയും ..

ആ സംസാരം ഒരുപാട് നീണ്ടുനിന്നു.

ആ അമ്മയും മകനും വല്ലാതെ അടുത്തു .

ആ മാതൃഹൃദയം പുതിയ ഒരു മകനെ ഗർഭം ധരിച്ചു.

അവിടെ നിന്നും യാത്ര പറഞ്ഞു കള്ളൻ  പുറത്തേക്കു നടക്കാൻ നേരം
കള്ളൻ പറഞ്ഞു :

ഞാനിനിയും വരും ....
ഈ പണം തിരികെ നൽകാനും,
എന്റമ്മയുടെ സുഖവിവരങ്ങൾ അറിയാനും,

അത് പറയുമ്പോൾ  അവന്റെ കണ്ഠം ഇടറിയിരുന്നു .

കള്ളൻ വന്ന വഴിയിലൂടെ തന്നെ എല്ലാം  നേരെയാക്കി  പുറത്തെത്തി.

അപ്പോഴും  ആ മുറിയിലെ വെളിച്ചം കെടുത്തിയിരുന്നില്ല.

കള്ളൻ ആ മുറിയിലേക്ക് നോക്കി കലങ്ങിയ  ഹൃദയവുമായി തിരിഞ്ഞു നടന്നു.

മോഷ്ടിച്ച മനസ്സും...
മോഷ്ടിക്കാത്ത പണവുമായി .

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

നീയെന്ത് നേടി ...???


                    രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .

നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?

അയാൾ തല താഴ്ത്തി പറഞ്ഞു അതെ .

ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?

ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .

ഉം ... ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും ..?

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു തരാം.

അയാൾ ദൈവത്തെ പിന്തുടർന്നു .

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .

ആ കാണുന്നതെന്താണ് ..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .

എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .

ശവമടക്കു കഴിഞ്ഞ തന്റെ വീട് ,മൂകമായ ചുറ്റുപ്പാട് ,ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു . വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ ..,

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു .ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.

അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .

അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ ദു:ഖം തളം കെട്ടിയ കണ്ണുകൾ .

തന്റെ മകൾ അമ്മയോടെന്തൊ ചോദിക്കുന്നു അയാൾ ചെവികൾ കൂർമ്മിച്ചു .,

അമ്മെ , എന്റെ അച്ഛനെവിടെ .,

അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി ..പുറകെ ഭാര്യയുടെ നിലവിളിയും .

ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമെ നോക്കാൻ കഴിഞ്ഞുള്ളു .

വലിച്ചിട്ട  ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .

അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തൊ തിരയുന്നു .നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.

നീയെന്തു നേടി ...?

ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖകാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .

നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ ...?

ഇല്ല ... അയാൾ വാവിട്ടു കരഞ്ഞു.

പ്രായം തളർത്തിയ ചുമലുകൾ ,ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും ,രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതു കൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല .... ഇല്ല ഞാൻ കരയില്ല ...,

അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .

നീയെന്ത് നേടി ....? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും ...?

അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .

ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .

അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,

നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും ,കാറുകളും .സുഖ സൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .

ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .

നീ എന്തു നേടി ...?

അയാൾ ദൈവത്തെ ദയനീയമായി നോക്കി .

വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .

നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ ...?

ഉത്തരമില്ല ..,

കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും ,ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?

ഉത്തരമില്ല ...,

നിങ്ങൾ അണികൾ തമ്മിൽ തമ്മിൽ തല്ലുന്നു ,മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ  നേതാക്കാൻമാർ വാക്ക് പോരല്ലാതെ .,തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?

ഉത്തരമില്ല ..,

രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..? 

ഉത്തരത്തിന് പകരം കണ്ണുനീർ നികത്താൽ പറ്റാത്ത വിടവുകളിലേക്ക്  ഒലിച്ചിറങ്ങി ......

ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഢികൾ .ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.

ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു ആ മഴ അയാളുടെ വീടിനെയും നനച്ചു കൊണ്ടിരുന്നു .

ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ....

നീയെന്ത് നേടി ...???

                    

2018, ഫെബ്രുവരി 15, വ്യാഴാഴ്‌ച

ലോകത്തിലെ ഏറ്റവും നല്ല അമ്മ

പൂന്തോട്ടത്തിലെ തന്റെ ജോലിയില്‍ മുഴുകിയിരുന്ന ഗംഗാദാസ് സ്കൂളിലെ പ്യുണ്‍ , തന്നെ പ്രിന്‍സിപ്പല്‍ വിളിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അകാരണമായി ഒന്ന് ഭയന്നു..

'പ്രിന്‍സിപ്പല്‍ മാം നിങ്ങളെ വിളിച്ചു ..ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു "

'ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു' എന്നുള്ള വാക്കിലെ ഊന്നല്‍ ആണ് ഗംഗാ ദാസിനെ ഭയപ്പെടുത്തിയത് ..

പ്രിന്‍സിപ്പലിന്റെ മുറിയിലേയ്ക്ക് നടക്കുമ്പോള്‍ ഗംഗാദാസ് വല്ലാതെ ഭയന്നിരുന്നു ..

താന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ , ആരെങ്കിലും തന്നെക്കുറിച്ച് പരാതി എന്തെങ്കിലും പറഞ്ഞുവോ ..

ഇങ്ങനെ നിരവധി സംശയങ്ങള്‍ മനസ്സില്‍ വന്നതുകൊണ്ട് പ്രിന്‍സിപ്പല്‍ റൂമിലേയ്ക്ക് കടക്കുമ്പോള്‍ ഗംഗാദാസ്‌ നന്നായി വിയര്‍ത്ത് കഴിഞ്ഞിരുന്നു ..

ഗംഗാദാസ്‌ വന്നയുടന്‍ തന്നെ പ്രിന്‍സിപ്പല്‍ മേശപ്പുറത്ത് ഇരിക്കുന്ന ഒരു പേപ്പര്‍ ഗംഗാദാസിനെ കാണിച്ചു ..

' ഗംഗാദാസ് ആ പേപ്പര്‍ എടുത്ത് വായിക്കു ..'

ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന പേപ്പര്‍ കണ്ടതും

' മാം , എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല ..മാം എന്നോട് ക്ഷമിക്കണം ..അറിവില്ലാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് പൊറുക്കണം ..എന്നെയും എന്റെ മകളെയും ഇവിടെ നിന്ന് പുറത്താക്കരുത്‌ ..'

ഗംഗാദാസിന്റെ സങ്കടവും വിഷമവും കണ്ടപ്പോള്‍

' ഏയ്‌ , ഗംഗാ ദാസ്‌ അങ്ങനെ ഒന്നും ഇല്ല ..ഇത് നിങ്ങളുടെ മകള്‍ എഴുതിയതാണ്..അത് എന്താണ് എന്ന് ഗംഗാദാസ്‌ അറിയണം എന്ന് കരുതിയാണ് വായിക്കാന്‍ പറഞ്ഞത് '

' മാം , അവള്‍ പാവമാണ് ..അവള്‍ എന്തെങ്കിലും അവിവേകം എഴുതിയെങ്കില്‍ , ദയമായി അവളോട്‌ ക്ഷമിക്കണം ..ഞാന്‍ അവളെ പറഞ്ഞു ശരിയാക്കാം ..'

' ഗംഗാദാസ്‌ അങ്ങനെ അല്ല , നിങ്ങള്‍ ഈ കത്ത് വായിച്ച് കേള്‍ക്കണം ..ഞാന്‍ അവളുടെ ടീച്ചറെ വിളിപ്പിക്കാം '

മകള്‍ എന്താണ് എഴുതിയത് എന്നറിയാതെ വിഷമിച്ചു നില്‍ക്കുന്ന ഗംഗാദാസിന്റെ അടുത്തേയ്ക്ക് മകളുടെ ക്ലാസ് ടീച്ചര്‍ എത്തി ..

' ഗംഗാദാസ്‌ , ഇന്നലെ 'മദേര്‍സ് ഡേ ' ആയിരുന്നു ..അമ്മമാരേ ഓര്‍മിക്കുന്ന ദിവസം ..ആ ദിവസത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതുവാന്‍ ഞാന്‍ എല്ലാ കുട്ടികളോടും പറഞ്ഞു ..

നിങ്ങളുടെ മകള്‍ , രേണു ദാസ്‌ എഴുതിയ കത്താണ് ഇത് ..ഇംഗ്ലീഷിലാണ് എഴുത്ത് ..നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കത്ത് വായിക്കാം ..അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു തരാം..'

തുടര്‍ന്ന്‍ ടീച്ചര്‍ ഇംഗ്ലീഷ് ഭാഷയില്‍ കത്ത് വായിക്കുകയും അതിന്റെ തര്‍ജ്ജിമ ഹിന്ദിയില്‍ നടത്തുകയും ചെയ്തു ..

കത്ത് ഇങ്ങനെയാണ്

"ഇന്ന് ഞങ്ങളോട് 'മദേര്‍സ് ഡേ ' യെ കുറിച്ച് എഴുതുവാന്‍ ടീച്ചര്‍ പറഞ്ഞു ..

ബീഹാറിലെ ഏറ്റവും ദാരിദ്രം നിറഞ്ഞ ഒരു കുഗ്രാമമാണ് എന്റെ ജന്മസ്ഥലം ..

ആശുപത്രികള്‍ ഒന്നും ഇല്ലാത്ത സ്ഥലം ..

സ്കൂളുകളും ഇല്ല ..

പ്രസവത്തില്‍ തന്നെ കുട്ടികളും അമ്മമാരും മരിക്കുന്നത് അവിടെ സാധാരണമാണ് ..

എന്റെ അമ്മയും പ്രസവത്തില്‍ തന്നെ മരിച്ചു..

അമ്മയ്ക്ക് എന്നെ ഒന്ന് കാണുവാനോ എടുക്കുവാനോ കഴിഞ്ഞില്ല ..

എന്നെ നഴ്സിന്റെ കൈയ്യില്‍ നിന്നും എടുത്തത് എന്റെ അച്ഛന്‍ ആണ്.

ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അമ്മയുടെ കാലന്‍ ആയി എന്നാണ് അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞത് ..

അതുകൊണ്ടുതന്നെ അച്ഛന്‍ അല്ലാതെ ഒരാളും എന്നെ ഒരിക്കല്‍ പോലും എടുത്തിട്ടില്ല..

എന്നെ കുളിപ്പിച്ചതും എന്റെ കാര്യങ്ങള്‍ നോക്കിയതും എല്ലാം എന്റെ അച്ഛനാണ് ..

അച്ഛനെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചു ..

അച്ഛന്‍ വിസമ്മതിച്ചു ..

ധാരാളം പശുക്കളും കുറെ വയലുകളും അച്ഛന് ഉണ്ടായിരുന്നു ..

വിവാഹം കഴിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കൊടുക്കില്ല എന്നും എല്ലാവരും അച്ഛനോട് പറഞ്ഞു ..

6 മാസം പ്രായമുള്ള എന്നെ മാത്രം എടുത്ത് , എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് അച്ഛന്‍ അങ്ങനെയാണ് ഈ നഗരത്തില്‍ എത്തുന്നത്‌ ..

എന്നെ വളര്‍ത്താന്‍ അച്ഛന്‍ എല്ലാ ജോലിയും ചെയ്തു ..

അച്ഛന് അധികം വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ നല്ല ജോലികള്‍ ഒന്നും കിട്ടിയില്ല ..

അങ്ങനെ വിവിധ ജോലികള്‍ ചെയ്യുമ്പോഴാണ് അച്ഛന്‍ ഈ സ്കൂളിലെ തോട്ടക്കാരന്‍ ആകുന്നത് ..

അച്ഛന്‍ പലപ്പോഴും പല ഭക്ഷണ സാധനങ്ങളും എനിക്ക് നല്‍കുമ്പോള്‍ , അച്ഛന് അവ ഇഷ്ടമില്ല എന്ന് പറഞ്ഞിരുന്നതിന്റെ അര്‍ഥം ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട് ..

കാരണം അവ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു ..

ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ സന്തോഷത്തോടെ എന്നെ നോക്കിയിരിക്കുന്ന അച്ഛനെ ഞാന്‍ ഓര്‍ക്കാറുണ്ട് ..

ത്യാഗമാണ് ഒരു അമ്മയുടെ മുഖമുദ്ര എങ്കില്‍ എന്റെ അമ്മ എന്ന് പറയാവുന്നത് എന്റെ അച്ഛനെയാണ് ..

വാത്സല്യമാണ് അമ്മ എങ്കില്‍ , എന്റെ അമ്മ എന്റെ അച്ഛന്‍ തന്നെയാണ് ..

കാരുണ്യമാണ് അമ്മയെങ്കില്‍ എന്റെ അച്ചനാണ് എന്റെ അമ്മ ..

ഈ മദേര്‍സ് ഡേയില്‍ എന്റെ അച്ഛന് എല്ലാവിധ ആശംസകളും അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു , കാരണം ലോകത്തിലെ ഏറ്റവും നല്ല അമ്മ എന്റെ അച്ഛന്‍ തന്നെയാണ് ..

ഈ സ്കൂളിലെ കഠിന അദ്വാനിയായ തോട്ടക്കാരന്‍ എന്റെ അച്ഛനാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു ..

ഇങ്ങനെയുള്ള ഒരു അച്ഛന്റെ മകളായി ജനിച്ചത്‌ എന്റെ മുന്‍ജന്മ പുണ്യമായി ഞാന്‍ കരുതുന്നു ..

ഈ കത്ത് ഇങ്ങനെ എഴുതിയിത് കൊണ്ട് , പരീക്ഷയില്‍ ഞാന്‍ തോല്‍ക്കും എന്ന് എനിക്ക് അറിയാം ..

എന്നാലും ഈ ദിവസം എന്റെ അച്ഛന്റെ നിസ്വാര്‍ഥമായ സ്നേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു "

കത്ത് വായിച്ച് കഴിഞ്ഞപ്പോള്‍ ഓഫീസില്‍ തികഞ്ഞ നിശബ്ദത

ഗംഗാദാസിന്റെ അടക്കിപിടിച്ച തേങ്ങലുകള്‍ മാത്രം കേള്‍ക്കാം ..

നിറ കണ്ണുകളോടെ ഗംഗാദാസ്‌ ടീച്ചറിന്റെ കൈയ്യില്‍ നിന്നും ആ കത്ത് വാങ്ങി ..

സാവധാനം ആ കത്ത് തന്റെ നെഞ്ചോടുചേര്‍ത്തു..

മകളുടെ ജീവന്‍ ആ കത്തില്‍ ഉണ്ടെന്ന് തോന്നുന്ന രീതിയില്‍ ഗംഗാദാസ്‌ കണ്ണുകള്‍ അടച്ചു പിടിച്ചു ..

പ്രിന്‍സിപ്പല്‍ സാവധാനം ഗംഗാദാസിനെ തോളില്‍ കൈവെച്ചു ..

സാവധാനം ഗംഗാദാസിനെ കസേരയില്‍ ഇരുത്തി ..

' ഈ വെള്ളം കുടിക്കു..ഗംഗാ ..'

" ഗംഗാദാസ്‌ , നിങ്ങളുടെ മകള്‍ക്ക് ഈ കത്തിന് പത്ത് മാര്‍ക്കും ലഭിച്ചു ..മുഴുവന്‍ മാര്‍ക്കും നേടിയ ഏക കുട്ടിയാണ് രേണു ..

ഈ സ്കൂളിന്റെ ചരിത്രത്തില്‍ മദേര്‍സ് ഡേ ' കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല കത്താണിത്..

എന്റെ അധ്യാപക ജീവിതത്തിലെയും ഏറ്റവും നല്ല മൂഹുര്‍ത്തം കൂടിയാണിത് ..

നാളെ ഈ സ്കൂളില്‍ മദേര്‍സ് ഡേ ' യുടെ ആഘോഷം നടക്കുകയാണ് ..

ഞങ്ങള്‍ അധ്യാപകരും മാനേജ് മെന്റും ഒരു തീരുമാനം എടുത്തു ..

നാളത്തെ ചടങ്ങിലെ വിശിഷ്ട അതിഥി ഗംഗാദാസ്‌ ആണ് .

സ്വന്തം കുട്ടിയെ വളര്‍ത്തുവാന്‍ ഒരു അച്ഛന്‍ സഹിച്ച എല്ലാ ത്യാഗത്തിന്റെയും പരിണിത ഫലമാണ് രേണുദാസ്‌ ..

രേണുദാസ്‌ ഈ സ്കൂളിന്റെ അഭിമാനമായ മിടുക്കിയാണ് .

ആ മിടുക്കിയെ വളര്‍ത്തിയ താങ്കള്‍ തന്നെയാണ് നാളത്തെ അതിഥി ..

താങ്കള്‍ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മ ..'"
....................................................
ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ രേഖാചിത്രം ..

2018, ഫെബ്രുവരി 14, ബുധനാഴ്‌ച

ഐ ❤ യൂ

ഐ ❤ യൂ

നമ്മൾ
ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് മടി കൂടാതെ തുറന്നു പറയണമെന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛനാണ്....!

ഞാനൊരു പെണ്ണായതു കൊണ്ട് എന്റെ അമ്മ വളരെ കർക്കശ സ്വഭാവത്തോടെയാണ് പലപ്പോഴും എന്നോടു പെരുമാറിയിട്ടുള്ളത്....,

അതിന്റെ പ്രധാന കാരണം ദിവസേനയുള്ള അമ്മയുടെ പത്രവായനയാണ്....!

ഒരോ ദിവസവും തുടങ്ങുന്നത് ശുഭകരമായിട്ടാണെങ്കിലും അമ്മ പത്രം വായിക്കാൻ തുടങ്ങുന്നതോടെ അമ്മക്ക് എന്നോടുള്ള സ്നേഹമൊക്കെ അങ്ങു പോകും...!

കാരണം..,
ദിവസവും ഒരു പെൺക്കുട്ടിയേയെങ്കിലും തട്ടികൊണ്ടു പോകുകയോ പീഡിപ്പിക്കുകയോ ചെയ്യാപ്പെടാതെ ഒരു ദിവസത്തെ പത്രവും വാർത്തയും ഇറങ്ങുന്നില്ലെന്നു അറിയുന്നതോടെ അമ്മ  ഭദ്രകാളിയായി എന്റെ മുന്നിൽ ഉറഞ്ഞുത്തുള്ളും....!

ഏതു മന്ത്രവാദി വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലാന്നു പറഞ്ഞപ്പോലെ എവിടെ  ഏതു പെൺക്കുട്ടിക്ക് എന്തു സംഭവിച്ചാലും അതിന്റെ പാർശ്വഫലം ഞാനും കൂടി ഇവിടെ അനുഭവിക്കേണ്ട അവസ്ഥയാണ്...,

അതു കൊണ്ടു തന്നെ അമ്മയെന്നാൽ ഭയമായിരുന്നു എനിക്ക്...!

അതു കൊണ്ടു തന്നെ ആ സമയമൊക്കെ എങ്ങിനെയെങ്കിലും പഠിച്ചു ജയിച്ച് കോളേജിലൊക്കെയാവുമ്പോൾ ബാഗ്ലൂരോ മൈസൂരോ കോയമ്പത്തൂരോ മറ്റോ പോയി പഠിക്കണമെന്ന് വലിയ മോഹമായിരുന്നു..,
അതു മറ്റൊന്നും കൊണ്ടല്ല അമ്മയോടൊത്തുള്ള ജീവിതം അത്രയേറെ ബുദ്ധിമുട്ടായി എനിക്ക്  തോന്നിയിരുന്നു....,

എനിക്കത്രക്ക് അസഹ്യമായിരുന്നു അമ്മയുടെ ദിനംപ്രതിയുള്ള ചീത്തയും ഉപദേശവും വട്ടം വരച്ചുള്ള സംരക്ഷണവും ഒക്കെ അതു കൊണ്ടു തന്നെ കുറച്ചു സ്വാതന്ത്രത്തോടെയുള്ള ഒരു ജീവിതം ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു........,

അമ്മയുടെ ചീത്ത പറച്ചിലുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും പലപ്പോഴും അച്ഛനാണ് എന്നെ രക്ഷിച്ചു കൊണ്ടിരുന്നത്...,

എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് മൈസൂരിലെ ഒരു ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അമ്മക്ക് അതൊട്ടും താൽപ്പര്യമില്ലായിരുന്നു.,

കൺമുന്നിൽ ഉണ്ടായിട്ടു തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയാത്തപ്പോൾ ശ്രദ്ധ ഒട്ടും എത്തിപ്പെടാത്ത  മറ്റൊരു സ്ഥലം എന്നത് അമ്മയുടെ സങ്കൽപ്പങ്ങൾക്കും അപ്പുറത്തായിരുന്നു...,

അവിടെയും അച്ഛൻ തന്നെയായിരുന്നു എന്റെ രക്ഷക്കെത്തിയത് അച്ഛനോട് അമ്മക്ക് വലിയ സ്നേഹമായിരുന്നു അതു കൊണ്ടു തന്നെ അച്ഛനെന്തെങ്കിലും കാര്യത്തിൽ എന്നെ അനുകൂലിച്ചാൽ അമ്മ ദേഷ്യമെല്ലാം ഉള്ളിലൊതുക്കി അതിനു സമ്മതിക്കും ഇവിടെയും അതു തന്നെയായിരുന്നു സംഭവിച്ചത് അങ്ങിനെ പുതിയ ജീവിതം സ്വപ്നം കണ്ട് ഞാൻ പറന്നു.....,

മൈസൂരിലെത്തിയതോടെ കുറേശെ കുറേശയായി ഞാൻ എന്റെ പുതിയ ജീവിതവും ആസ്വദിച്ചു തുടങ്ങി.....,

ആദ്യമെല്ലാം നാടും നഗരവും അവിടുത്തെ കാഴ്ച്ചകളും നല്ല ത്രില്ലായിരുന്നു പിന്നെ
അങ്ങിനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ വാലന്റെൻസ് ഡേ ദിനം വന്നടുത്തു

അതറിഞ്ഞതു മുതൽ വലിയ സന്തോഷത്തിലായിരുന്നു ഞാൻ ഇതു വരെ അങ്ങിനെ ഒരു ആഘോഷത്തിലും അമ്മയേ ഭയന്ന് ഞാൻ പങ്കു കൊണ്ടിട്ടില്ല ഇതിപ്പോ എല്ലാം കൊണ്ടും സുവർണ്ണമായ ഒരവസരമാണ് മൈസൂർ പോലുള്ള മെട്രോ നഗരങ്ങളിൽ ഇതൊരു ഗംഭീര ആഘോഷവുമാണ് അതറിഞ്ഞതു മുതൽ ദിനമെണ്ണി ഞാനും കാത്തിരുന്നു....!

ഒരു ശനിയാഴ്ച്ചയായിരുന്നു വാലന്റെൻസ് ഡേ...!

എന്നാൽ വ്യാഴാഴ്ച്ച വൈകീട്ട് അച്ഛൻ എന്നെ ഫോൺ വിളിച്ചു  ഫോൺ വിളിക്കുമ്പോൾ പലപ്പോഴും അമ്മയോട് സംസാരിക്കാൻ എനിക്കു  മടിയായിരുന്നു...,

അന്ന് അത് മനസ്സിലാക്കിയിട്ടെന്നൊണ്ണം അച്ഛൻ ചില കാര്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ

അന്നേരമാണ് ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന എനിക്കു പോലും മനസ്സിലായിട്ടില്ലാത്ത ചിലകാര്യങ്ങൾ ഞാനറിയുന്നത്...,

അമ്മക്ക് എപ്പോഴും എന്നെ കുറിച്ചുള്ള വേവലാധി ആണത്രെ..,

ഇവിടെ വെച്ച് എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാൽ ആരെയെങ്കിലും വിളിച്ചു വരുത്താൻ പോലും തൊട്ടടുത്ത് അടുത്തറിയുന്ന ആരും ഇല്ലെന്നുള്ളതും വലിയ ഭയത്തോടെയായിരുന്നു അമ്മ കണ്ടിരുന്നതെന്നും....!

കൂടെ മറ്റൊന്നു കൂടി അച്ഛൻ പറഞ്ഞു...,

ഈ അച്ഛനെക്കാളേറെ നിന്റെ അമ്മ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ നിന്നോട് കുറച്ചു കൂടുതലായി അടുപ്പം കാണിച്ചപ്പോൾ അവൾക്കു ഭയമായി രണ്ടു പേരും ഒരു പോലെ സ്നേഹം കൊണ്ട് നിന്നെ മൂടിയാൽ നിന്റെ പിടിവാശികൾ അമിതമായാലോ എന്ന ആശങ്കയിലും ഭയത്തിലുമാണ് എന്നെ നിന്നെ സ്നേഹിക്കാൻ വിട്ട് അവൾ മാറി നിന്നത്...!

അതു പോലെ മോള് അറിയാത്ത മറ്റൊരു കാര്യം കൂടി അച്ഛൻ പറയാം...,

നിനക്ക് സ്ക്കൂൾ അവധിയുള്ള ദിവസങ്ങളിൽ ഞാൻ നിന്നെ നേരത്തെ ഉണർത്താൻ പലപ്പോഴും വരുമായിരുന്നു അപ്പോൾ നിന്റെ അമ്മ പറയും " അവളെ ഉണർത്തണ്ട അവൾ ഉറങ്ങിക്കോട്ടെ അവൾ ഉറക്കം ആസ്വദിക്കുകയാണ് അവൾക്ക് മതിവരും വരെ അവൾ ഉറങ്ങട്ടെയെന്ന് പലപ്പോഴും നീ ഉറങ്ങുന്നതും നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന നിന്റെ അമ്മയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് നീ ഉറങ്ങുമ്പോഴാണ് അവൾ നിന്നെ കൂടുതലും സ്നേഹിച്ചിട്ടുള്ളത്....!

അച്ഛനതു പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ വന്നു നിറഞ്ഞു എനിക്ക് അപ്പോൾ തന്നെ അമ്മയെ കാണണം എന്നായി...,

അതൊടെ എല്ലാ ആഘോഷങ്ങളും എന്റെ ചിന്തയുടെ മണ്ടലങ്ങളിൽ നിന്നു എങ്ങോ മാഞ്ഞു പോയി..,

പിറ്റെ ദിവസം വെള്ളിയാഴ്ച്ച തന്നെ ഞാൻ നാട്ടിലെക്കുള്ള വണ്ടി  പിടിച്ചു...,

വീട്ടിലെത്തിയിട്ടും അമ്മയോട് സംസാരിക്കാൻ എനിക്കെന്തോ ഭയം...,
അതു മനസിലാക്കിയ അച്ഛൻ അടുത്തു വിളിച്ച് എന്നോടു പറഞ്ഞു ഒരാൺക്കുട്ടിക്ക് പെൺക്കുട്ടിയോടും
ഒരു പെൺക്കുട്ടിക്ക് ആൺക്കുട്ടിയോടും പറയാൻ മാത്രമല്ല

സ്വന്തം അമ്മയോടും പറയാം
ഐ ലൗ യൂ " എന്ന വാക്ക്...!

അതു കേട്ട് ഞാനച്ഛനെ നോക്കിയതും അച്ഛൻ തലകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു...,

എനിക്ക് തീൻമേശയിൽ ഭക്ഷണമൊരുക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് നടന്നുച്ചെന്ന് പുറകിലൂടെ അമ്മയെ കെട്ടിപ്പിടിച്ച് ആ വാലന്റൈൻസ് ഡേയിൽ എന്റെ അമ്മയുടെ ചെവിയിൽ ഞാൻ പറഞ്ഞു

ഐ ലൗ യൂ അമ്മ " യെന്ന്

അതു കേട്ടതും എന്നെ മുന്നിലേക്ക് പിടിച്ചു നിർത്തി നിറക്കണ്ണുകളോടെ അമ്മ എന്റെ മൂർദ്ധാവിൽ ചുംബിച്ചു...,

അതോടെ
സ്വന്തം വീടിനേക്കാൾ മനോഹരമായതൊന്നും
ഈ ലോകത്തിലെന്നു എനിക്ക് മനസ്സിലായി...!

ഭക്ഷണശേഷം സോഫയിൽ  ഞാനമ്മയുടെ മടിയിൽ തലവെച്ചു കിടന്നതും അതു കണ്ട്  അച്ഛൻ അങ്ങോട്ട് വന്ന് എന്റെ കാലെടുത്തു മടിയിൽ വെച്ച് ഞങ്ങൾക്കൊപ്പമിരുന്നു...!

അപ്പോൾ ഞാൻ മനസ്സിലോർത്തു

ലോകം ഇന്ന് അവർ പ്രണയിക്കുന്നവർക്കൊപ്പവും
ഞാനിന്ന് എന്നെ സ്നേഹിക്കുന്നവർക്കൊപ്പവുമാണെന്ന്..!

Z@c
❤💜💛💚

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

യാത്ര പറയും മുംമ്പേ ............

കുവൈത്തിൽ അടുത്തിടെ മരണപ്പെട്ട എഴുത്തുകാരൻ അബ്ദുല്ല അൽ ജാറല്ലാഹ്‌ മരണത്തിന്നു മുമ്പു കുറിച്ചിട്ട വാക്കുകൾ ഇങ്ങനെ വായിക്കാം:

മരണം എന്റെ ചുമലിന്നു പിറകിൽ കാത്തിരിക്കുന്നതിൽ ഞാൻ അസ്വസ്ഥനാവില്ല. നശ്വരതയോട്‌ അടുത്തു കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്നും ഞാൻ അമിതപ്രാധാന്യം നൽകുന്നില്ല.   എന്റെ മുസ്ലിം സഹോദരങ്ങൾ മരണാന്തര കർമ്മങ്ങൾ ഏറ്റെടുത്തു കൊള്ളും. അവയിൽ ചിലതിങ്ങനെ:
എന്റെ ഉടയാടകൾ അവർ അഴിച്ചു മാറ്റും.
എന്നെ കുളിപ്പിക്കും
തൂവെള്ളത്തുണിയിൽ എന്നെ ചുറ്റിപ്പൊതിയും
വീട്ടിൽ നിന്നെന്നെ ഇറക്കിക്കൊണ്ടു പോകും
എന്റെ പുതിയ ആവാസ കേന്ദ്രത്തിലേക്കു അഥവാ കുഴിമാടത്തിലേക്കു എന്നെ ചുമക്കും. ഒരു പാടു പേർ എന്റെ അന്ത്യ യാത്രയിൽ അണിചേരും. എന്റെ കബറടക്കത്തിന്നായി, പലരും പല പതിവു പണികളും വേണ്ടെന്നു വെച്ചും പലർക്കും അനുവദിച്ച കൂടിക്കഴകൾ നിർത്തിവെച്ചും എത്തിച്ചേരും.
ആ കർമ്മ നിരതരിൽ അധിക പേരും ഞാൻ ജീവിച്ചിരുന്നപ്പോൾ എന്നോട്‌ ഗുണകാംക്ഷ കാണിക്കാത്തവരാണു.
എന്റേതെന്ന് ഞാൻ അഭിമാനം കൊള്ളുന്ന പലതും എന്നെ വിട്ടു പോകും:
എന്റെ താക്കോൽകൂട്ടങ്ങൾ, എന്റെ ഗ്രന്ഥശേഖരങ്ങൾ, എന്റെ തുണിപ്പെട്ടികളും പാദരക്ഷകളും, എന്റെ ഉടുമുണ്ടുകളും ... അങ്ങിനെ പലതും!! എന്റെ ബന്ധുക്കൾ നീതിബോധമുള്ളവരാണെങ്കിൽ എനിക്ക് മരണ ശേഷം ഉപകാരപ്പെടട്ടേ എന്ന ഉദ്ദേശത്തോടെ അവ ആർക്കെങ്കിലും ധർമ്മം ചെയ്യും.

ഉറപ്പിച്ചു പറയാം ദുനിയാവ്‌ ഒരിക്കലും എന്റെ വേർപ്പാടിൽ സങ്കടപ്പെടില്ല. എന്റെ മരണം കൊണ്ട്‌ ഭൂഭ്രമണം നിലച്ചു  പോവുകയുമില്ല. വ്യവഹാരങ്ങളെല്ലാം പതിവു പോലെ നടന്നുകൊണ്ടിരിക്കും. എനിക്കു പകരം ജോലിചെയ്യാൻ എന്റെ കസേരയിൽ പകരക്കാരനെത്തും. എന്റെ ധനം ന്യായമായും അനന്തരാവകാശികൾ പങ്കിട്ടെടുക്കും. എന്നാലോ ആ ധനത്തെക്കുറുച്ച്‌ കണക്കു പറയേണ്ടതു ഞാനും!. അതു കൂമ്പാരമാവട്ടെ കഷ്ഠിച്ചുള്ളതാവട്ടെ. അണുമണിത്തൂക്കമാവട്ടെ ഈത്തപ്പഴക്കുരുവിനെ പൊതിഞ്ഞ പാട കണക്കു നിസ്സാരമാവട്ടെ.

മരണപ്പെട്ടാൽ എത്രയും പെട്ടെന്നു എന്നിൽ നിന്നു ഉതിർന്നു വീഴുന്നത്‌ എന്റെ പേരു തന്നെ. പിന്നെ അന്വേഷണം മയ്യത്തിനെക്കുറിച്ചാണു. എന്റെ പേർ ആരും വിളിക്കില്ല. എനിക്കു വേണ്ടി നമസ്കരിക്കാൻ അണിചേർന്നു നിൽക്കുമ്പോൾ വിളിച്ചു പറയുന്നതു ജനാസ കൊണ്ടു വരൂ എന്നാണു. അവരാരും എന്റെ പേർ ഉരിയാടില്ല. എന്നെ ഇടുങ്ങിയ ഇരുട്ടറയിലേക്കു ഇറക്കിവെക്കാൻ തുനിയുമ്പോഴും അവർക്ക്‌ മയ്യത്താണു പരതുക. നിമിഷങ്ങൾ കൊണ്ടു എന്റെ നാമം വിസ്മൃതിൽ കുഴിച്ചുമൂടപ്പെട്ടു.

എന്റെ രക്തബന്ധങ്ങളൊ ഗോത്രസഹജീവികളോ എന്നോടൊരു സഹതാപവും കാണിക്കുന്നില്ല. എന്റെ പദവികളോ പ്രശസ്തിയോ എന്നൊടൊരു കനിവും കാണിക്കുന്നില്ല.

ഈ ദുനിയാവു എത്രമാത്രം നിസ്സാരമാണു! നാം കടന്നു ചെല്ലുന്ന മറുലോകം എത്ര ഭീതിതവും!

ഇന്നിപ്പോൾ രക്തം സിരയിലോടുന്നവനേ;
നിന്റെ മേൽ പൊഴിക്കപ്പെടുന്ന ദുഖം മൂന്നു വിധമാണു: നിന്നെ ആഴത്തിലറിയാത്തവർ പറയും; മിസ്കീൻ! നിന്റെ ഉറ്റ ചെങ്ങാതിമാർക്കുണ്ടാകുന്ന വ്യസനം മണിക്കുറുകളോ ദിവസങ്ങളൊ മാത്രം ആയുസ്സുള്ളവ. പിന്നെയവർ അവരുടെ സല്ലാപങ്ങളിലേക്കും പൊട്ടിച്ചിരികളിലേക്കും തിരിച്ചെത്തും.
പിന്നെ നിന്റെ വീട്ടുകാർക്കുണ്ടവുന്ന അഖാത ദുഖമല്ലേ.... അതൊരാഴ്ചവട്ടം കോണ്ടോ ഒരർദ്ധ മാസം കോണ്ടോ ഏറിയാൽ ഒരു മാസത്തേക്കോ...  പിന്നെയവർ നിന്നെ വിസ്മൃതിയുടെ മാറാപ്പിൽ മടക്കിവെക്കും. നിന്റെ ഐഹിക ജനസംമ്പർക്ക കഥകൾക്കിവിടെ വിരാമമായി. പിന്നെയാണു നിന്റെ യഥാർഥ ജീവിത നാടകത്തിന്റെ തിരശ്ശീല ഉയരുന്നതു......പാരത്രികം!!

നിന്റെ സൗന്ദര്യം ചിതലരിച്ചു. നിന്റെ ധനം വഴിയിൽ നിന്നു തന്നെ നിന്നോട്‌ യാത്ര പറഞ്ഞു. മക്കളും ആയുരാരോഗ്യവും നിന്റെ ഒരു കാതമകലെപ്പോലുമില്ല. കുടിലും കൊട്ടാരവും കുടുമ്പിനിയും വിടചൊല്ലിപ്പിരിഞ്ഞു. നിന്നോടൊപ്പം ബാക്കിയുള്ളതു നിന്റെ കർമ്മങ്ങൾ മാത്രം!

ഒന്ന് ചോദിച്ചോട്ടെ, നിന്റെ ഖബറിലേക്കും പരലോകത്തേക്കും നീ കരുതി വെച്ചതെന്താണു? നീ ആഴത്തിൽ ചിന്തിക്കേണ്ട ഒരു യാഥാർത്ഥ്യമാണതു.

താഴെ പറയുന്ന കാര്യങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുക:
1- നിർബന്ധ നമസ്കാരങ്ങൾ
2- സുന്നത്ത്‌ നമസ്കാരങ്ങൾ
3- സ്വകാര്യ ദാനങ്ങൾ
4-സൽകർമ്മങ്ങൾ
5- രാത്രി നമസ്കാരം
ഇവ നിന്റെ രക്ഷാമാർഗ്ഗം തുറന്നു തന്നേക്കാം.
ഇപ്പോൾ ജീവിച്ചിരിക്കുന്ന നീ ഈ കുറിപ്പു കൊണ്ടു മറ്റുള്ളവരെ ബോധവൽക്കരിച്ചാൽ അതിന്റെ ഗുണഫലം അന്ത്യനാളിൽ നിന്റെ കർമ്മങ്ങൾ തൂക്കിനോക്കുന്നേടത്തു നിനക്കനുഭവപ്പെടും.

( നീ ഉൽബോധിപ്പിക്കുക; ഉൽബോധനം വിശ്വാസികൾക്കു പ്രയോജനപ്പെടും)


2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

പണം കായ്ക്കുന്ന മരം


ഭാര്യയുടെ കൂരമ്പു പോലുള്ള
വാക്കുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല...
ഒന്ന് തിരിഞ്ഞുനോക്കാൻ പോലും തോന്നുന്നില്ല.
പലപ്രാവശ്യം താന്‍ വീടുവിട്ട് ഇറങ്ങിയിട്ടുണ്ട് .
 ഇത്രയും നിരാശ തോന്നിയിട്ടില്ല..
പക്ഷേ ഇന്ന്....
ആർക്കു വേണ്ടിയാണ് താൻ ഇത്രയും
 കാലം ജീവിച്ചത്.. ഒരു ആയുസ്സുകൊണ്ട് എന്ത് നേടി.. ഉള്ളിലെ സങ്കടങ്ങള്‍
കണ്ണീരായി ചാലിട്ടൊഴുകി..

കർച്ചീഫ് കൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അയാൾ കാറിന്റെ ഡോർ തുറന്നു...
വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..

30 വർഷത്തെ തന്റെ പ്രവാസ ജീവിതത്തിന്റെ വിയർപ്പ് ഇരുനില വീടിന്റെ രൂപത്തിൽ തന്നെ നോക്കി പല്ലിളിച്ചു ചിരിക്കുന്നതായി  അയാൾക്ക് തോന്നി..

കാറിന്റെ അകത്തു കയറിയതും
 ചെവിയിൽ നിന്ന് ഹെഡ്സെറ്റ് എടുത്ത് മാറ്റിക്കൊണ്ട് ഷമീറിന്റെ ചോദ്യം..

ഉപ്പാ...പാസ്പോർട്ടും ടിക്കറ്റും എടുത്തില്ലേ...

മ്...   അയാൾ ഒന്ന് മൂളി..

ഹെഡ്സെറ്റ് വീണ്ടും ചെവിയിലേക്ക് തന്നെ കയറ്റിവച്ച് ഷമീർ വണ്ടി മുന്നോട്ടെടുത്തു..

ഇംഗ്ലീഷ് പാട്ടിന്റെ ഈരടികൾക്ക്  സ്റ്റിയറിംഗിൽ  താളമിട്ടുകൊണ്ട് ഷമീര്‍ കാറുമായി  എയർപോർട്ടിലേക്ക് കുതിച്ചു..

ഷമീറിനോട് എന്തൊക്കെയോ പറയണമെന്നുണ്ട്..
നല്ലോണം പഠിക്കണം..
 ഉമ്മയെ നല്ലോണം നോക്കണം ..
വാഹനം ശ്രദ്ധിച്ച് പതുക്കെ ഓടിക്കണം . പക്ഷേ അവന്‍ മറ്റൊരു ലോകത്താണ്..
അവന്റേതായ ലോകത്ത്..

എയർപോർട്ടിൽ കാർ നിർത്തി ഷമീർ ചാടിയിറങ്ങി..

ഡിക്കി തുറന്ന് ലഗേജ് എടുത്ത്
ട്രോളിയിൽ വെച്ചു..

ഉപ്പാ.. ഞാൻ പൊയ്ക്കോട്ടെ..
ട്രോളി നിങ്ങൾ തള്ളിക്കൊണ്ട് പോകില്ലേ.. എനിക്ക് കുറച്ച് തിരക്കുണ്ട് .
ഇന്ന് ബ്രസീലിന്റെ കളിയുണ്ട് ..
തുടക്കംമുതൽ കാണണം ..
ഞാൻ പോകുന്നു..
പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഷമീർ കാറിൽ കയറിയിരുന്നു..

അയാൾ കുറച്ചു സമയം അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു..

ആകെയുള്ള ഒരു ആൺതരി..
രണ്ടുവർഷം ഇനി അവനെ കാണില്ല..
യാത്ര പറഞ്ഞ് തന്റെ മോനെയൊന്ന്  കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്പുന്നു..

അവന്‍ കണ്ണിൽ നിന്നു മറയുന്നത് വരെ അയാള്‍ അവിടെത്തന്നെ നിന്നു..

നെഞ്ചിൽ എന്തോ കുത്തിയിറക്കുന്ന വേദന..
വയസ്സ് 57 കഴിഞ്ഞു..
ഇല്ലാത്ത രോഗങ്ങളൊന്നുമില്ല..
തന്റെ സമാധാനത്തിന് വേണ്ടിയെങ്കിലും സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകാമായിരുന്നില്ലേ അവന്...

എയർപോർട്ടിന് അകത്തു കയറിയപ്പോഴാണ് അറിഞ്ഞത് ഫ്ലൈറ്റ്
രണ്ട് മണിക്കൂറ് വൈകിയാണെന്ന് ..
ലെഗേജ് സൈഡിൽ ഒതുക്കി വെച്ച് കസേരയിലിരുന്നു..
ഇരിപ്പുറയ്ക്കുന്നില്ല ..
നെഞ്ചിൽ ഒരു വല്ലാത്ത നീറ്റൽ..
ഇനിയും പ്രവാസത്തിലേക്കു ഒരു മടക്കയാത്ര സ്വപ്നത്തിൽപോലും വിചാരിച്ചതല്ല..
പക്ഷേ തന്റെ വിധി..
ഇനിയുള്ള കാലം തന്റെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള
തന്റെ ആഗ്രഹം..
മക്കളോടും പേരകുട്ടികളോടുമൊപ്പം താൻ സ്വപ്നം കണ്ട സന്തോഷങ്ങൾ..
എല്ലാം തകർന്നത് ആ ഒരൊറ്റ
നിമിഷത്തിൽ ആണ്..
താൻ ആരുമല്ലെന്നും ഒന്നുമല്ലെന്നും തിരിച്ചറിഞ്ഞ നിമിഷം..

താൻ ഇനി ഗൾഫിലേക്ക്
 മടങ്ങിപ്പോകുന്നില്ല എന്ന് കേട്ടപ്പോൾ മകന്റെ മുഖത്ത് കണ്ട പുച്ഛഭാവം..
അവന് ഇതുവരെ എന്തെങ്കിലും കുറവ്  വരുത്തിയിട്ടുണ്ടോ താന്‍..?
നല്ല വിദ്യാഭ്യാസം.
അവനിഷ്ടപ്പെട്ട ബൈക്ക് .കാർ .
വില കൂടിയ മൊബൈൽ ഫോണുകൾ..

ഇഷ്ടപ്പെട്ടവനെ തന്നെ കല്യാണം
കഴിപ്പിച്ചു കൊടുത്ത് ജീവിക്കാനുള്ള വരുമാനവും ഉണ്ടാക്കി കൊടുത്തിട്ടും ആവശ്യങ്ങളുടെ നീണ്ട നിര നിരത്തി ഇതിനെല്ലാം ഇനി എന്തു ചെയ്യും എന്ന്  മുഖത്ത് നോക്കി ചോദിച്ച ഏകമകൾ..

അതിലും വലിയ പ്രഹരം നല്‍കിയത് തന്റെ ഭാര്യ ആയിരുന്നില്ലേ...?
30 കൊല്ലം തന്റെ എല്ലാമെല്ലാമായിരുന്ന ഭാര്യയുടെ വാക്കുകൾ..
ഇനിയിവിടെ നിന്നിട്ടെന്ത് കാര്യം..?
നിൽക്കേണ്ട സമയത്ത് കൂടെ
നിൽക്കാതെ ഈ വയസ്സുകാലത്ത് കൂടെ നിന്നിട്ട് എന്തിനാണ്..?

നെഞ്ച് തകര്‍ന്നു പോയത് ആ വാക്കുകള്‍ കേട്ടപ്പോഴാണ്..
കുടുംബത്തിന് വേണ്ടിയല്ലേ താൻ പ്രവാസിയായത്..
 ഓരോ പ്രാവശ്യം നാട്ടിലേക്ക് വരുമ്പോഴും മക്കളുടെ ഭാവിയെക്കുറിച്ച് ആകുലതപ്പെട്ട്  അവള്‍ തന്നെയല്ലേ തന്നെ മടക്കി അയച്ചിരുന്നത്..
30 വർഷം തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കിവച്ച് മണലാരണ്യത്തിൽ തന്റെ യൗവ്വനം
ഉരുക്കി തീർത്തത് തന്റെ കുടുംബത്തിനു വേണ്ടിയല്ലേ..

താൻ അവർക്ക് വെറും പണം കായ്ക്കുന്ന മരം മാത്രം ആയിരുന്നു ..
തന്റെ ഉള്ളിലെ ഭർത്താവിനെയോ  അച്ഛനെയോ കാണാൻ  ആർക്കും കഴിഞ്ഞില്ല..
30 വർഷം താൻ നഷ്ടപ്പെടുത്തിയ
തന്റെ കുടുംബജീവിതം ഇനിയുള്ള
തുച്ഛമായ ആയുസ്സിൽ എങ്കിലും തിരിച്ചുപിടിക്കാനുള്ള തന്റെ ആഗ്രഹം
തന്റെ ഭാര്യ പോലും മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർത്തപ്പോൾ അയാളുടെ
സങ്കടങ്ങൾ ഒരു തേങ്ങലായി പുറത്തേക്കുവന്നു കൊണ്ടിരുന്നു..

ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ കർച്ചീഫ് മുഖത്ത് വിരിച്ച് ചുമരിലേക്ക് തലയും ചാരിവച്ച് കിടന്നു....
നെഞ്ചിനുള്ളിൽ ആളിക്കത്തുന്ന
തീ പുറത്ത് വരാതിരിക്കാൻ ഒരു കൈകൊണ്ട് നെഞ്ചു തടവി കൊണ്ട് ഇരുന്നു..
 നിമിഷങ്ങൾ മണിക്കൂറുകളായി..  അബുദാബിയിലേക്കുള്ള  യാത്രക്കാർ ബോർഡിങ് പാസിനു വേണ്ടി കൗണ്ടർ നാലില്‍ വരിയായി നില്‍ക്കണമെന്ന് അറിയിപ്പ് വന്നതും ആളുകള്‍ അങ്ങോട്ടേക്കോടി..
ഈ സമയവും അയാള്‍ മാത്രം ഒന്നും അറിയാത്ത പോലെ സമാധാനമായുറങ്ങി..
പോലീസുകാരന്‍ തട്ടി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതും അയാള്‍ തറയിലേക്ക് മുഖമടച്ച് വീണതും ഒരുമിച്ചായിരുന്നു..

ഡോക്ടര്‍ മൂക്കിലൂടെ ഒലിച്ചിറങ്ങിയ
രക്തം തുടച്ചു വൃത്തിയാക്കി..

ഒരു മണിക്കൂര്‍ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഹൃദയം പൊട്ടിയാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു...     ഈ സമയം വീട്ടില്‍ ഭര്‍ത്താവിന്റെ ആദ്യശംമ്പളം കൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് കണക്കു കൂട്ടുകയായിരുന്നു ഭാര്യ...