2017, നവംബർ 8, ബുധനാഴ്‌ച

ജോർദ്ധാനിലെ രണ്ടാം ദിവസം

*ചരിത്ര ഭൂമികയിലൂടെ.......*

                                _*Zac കിഴക്കേതിൽ*_

*ജോർദ്ധാനിലെ രണ്ടാം ദിവസം*

                   ദീർഘമായ യാത്രക്കു ശേഷമുള്ള അതിസുന്ദരമായ ഉറക്കം. പെട്രസെല്ല ഹോട്ടലിലെ  ശാന്തമായ അന്തരീക്ഷവും , നനുത്ത ശയ്യയും ഒക്കെക്കൂടി വല്ലാതെ ഉറങ്ങിപ്പോയേക്കുമോ എന്നു ഞാൻ പേടിച്ചിരുന്നു. എങ്കിലും  സാധാരണ പോലെ രാവിലെ 3 മണിക്ക് എണീറ്റു. നാട്ടിലെ ശീലവും അങ്ങിനെയാണ്. ചൂടുവെള്ളത്തിൽ കുളിച്ച് ഫ്രഷായി. ഞാൻ സ്ഥിരമായി ചെയ്യാറുള്ള പ്രാർത്ഥനാ കാര്യങ്ങളിൽ മുഴുകി.ശേഷം ഈ ദിവസത്തേക്കായി  കരുതി വെച്ച വേഷം (മഞ്ഞ പേൻറും കറുപ്പും വെളുപ്പും വരയൻ ടീ ഷർട്ടും)  ധരിച്ചു.
5:07 നാണ് സുബഹി ബാങ്ക്. ഇത് ഞാൻ രാത്രി തന്നെ ഹോട്ടലിൽ കൗണ്ടറിൽ നിന്നും ചോദിച്ചറിഞ്ഞിരുന്നു.

ഇവിടെ സുബഹി ബാങ്കിന്റെ 15 മിനിട്ട് മുമ്പ് ഒരു Extra ബാങ്ക് കൊടുക്കാറുണ്ട്. 5 മണിക്ക് റൂമിൽ നിന്നും പുറത്തിറങ്ങി. അതിനു മുമ്പ് സമീറിനെ വിളിച്ചുണർത്തി ഞാൻ പള്ളിയിലേക്ക് പോകുകയാണ് എന്നു പറഞ്ഞിരുന്നു. താഴെ കൗണ്ടറിലെത്തി. അപ്പോൾ റിസപ്പ്ഷനിൽ നിന്നും ജോലിക്കാരൻ എല്ലാ റൂമിലുള്ളവരേയും ഫോൺ ചെയ്ത് വിളിച്ചുണർത്തുന്നുണ്ടായിരുന്നു. ബാങ്ക് കൊടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി കുറച്ചു നടന്നു. പള്ളി എവിടെയാണെന്നറിയില്ല. പല വാഹനങ്ങൾക്കും കൈ കാണിച്ചു. ഒരു കാറു നിർത്തി. ( കാൽ സെഞ്ചുറിയോളം മക്കയിലായിരുന്നതുകൊണ്ട് , അറബി സംസാരം നല്ല വശമുണ്ട് .) പള്ളിയെവിടെയെന്ന് ചോദിച്ചു. അദ്ധേഹം പറഞ്ഞു *"ഞാനും പള്ളിയിലേക്കാണ് കയറിക്കോളൂ"* അൽഹംദുലില്ല എന്ന് മനസ്സിൽ പറഞ്ഞു ഞാൻ കാറിൽകയറി. കാറിൽ കയറിയപ്പോൾ മുതൽ തിരിച്ച് മടങ്ങാനുള്ള വഴി മനസ്സിൽ ഓർത്ത് വെക്കുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്ററോളം യാത്ര ചെയ്ത് ഒരു പള്ളിയുടെ മുമ്പിലിറക്കി കാറ് പോയി. ഇവിടങ്ങളിൽ ബാങ്ക് കൊടുത്ത് 30 മിനിട്ടിന് ശേഷമാണ് നമസ്ക്കാരം. സുന്നത്ത് നമസ്ക്കാരം കഴിഞ്ഞ് ഖുർആൻ പരായണം ചെയ്യുമ്പോൾ   എങ്ങനെ തിരിച്ചു പോകും എന്നതിനെ പറ്റി എനിക്കൊരു ബേജാറുണ്ടായിരുന്നു, മനസ്സിൽ.  കുറെ വളവും തിരിവും കയറ്റവും ഇറക്കവുമൊക്കെ കഴിഞ്ഞാണ് ഞാൻ  പള്ളിയിലെത്തിയതേയ്......
ഞാൻ മനസ്സിൽ തവക്കൽത്തു അലല്ലാഹ് (അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നു) എന്നു ഉറപ്പിച്ചു. ഖുർആൻ പാരായണം തുടർന്നു. ഏകദേശം10 മിനുട്ട് കഴിഞ്ഞ് പള്ളിയുടെ ഉൾഭാഗം മൊത്തം വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ കൊണ്ടു വന്ന് വിട്ട ആളെ ഞാൻ കണ്ടു. അയാളെന്നെയും കണ്ടു. കണ്ട ഉടനെ ആദ്ധേഹം കൈ കൊണ്ട് തിരിച്ച് കൊണ്ടു ആക്കാം എന്ന് ആക്ഷൻ കാണിച്ചു. വീണ്ടും ഞാൻ അല്ലാഹുവിനെ സ്തുതിച്ചു.നമസ്ക്കാരം കഴിഞ്ഞ് കാറിൽ മടങ്ങി. തിരിച്ച് ഞാൻ കയറിയ സ്ഥലത്ത് വണ്ടി നിർത്തി. "ഇറങ്ങിക്കോളൂ " എന്നു പറഞ്ഞു.
ഇവിടെയല്ല. കുറച്ചും കൂടി മുന്നോട്ടാണ് ഹോട്ടൽ. ഞാൻ  മടിക്കാതെ അതദ്ധേഹത്തോട് പറഞ്ഞു. അങ്ങിനെ ഹോട്ടലിന്റെ മുന്നിൽ നിർത്തി ഇറങ്ങി. അറബിയിൽ നന്ദി പറഞ്ഞു.  *ശുക്രൻ*.........

ഹോട്ടലിൽ കയറി നേരെ ഡൈനിങ്ങ്‌ ഹാളിൽ പോയി നോക്കി.  സ്റ്റാഫ് ഭക്ഷണം അറേഞ്ച് ചെയ്യുന്നതേയുള്ളു.  എല്ലാം ചുറ്റിനടന്ന് കണ്ട്, ചിലതൊക്കെ രുചിച്ചു നോക്കിയ ശേഷം റൂമിലേക്ക് പോയി.
ഭക്ഷണം റെഡിയായിക്കാണുമെന്ന്  തോന്നിയ സമയത്തു തന്നെ കഴിക്കാനിറങ്ങി. *എന്നും ഡൈനിംഗ് ഹാളിൽ ആദ്യം എത്തുന്നയാൾ ഞാനാണ്.  ഏതാണ് ഏറ്റവും ടേസ്റ്റുള്ളത് എന്നൊക്കെ  എല്ലാവർക്കും പറഞ്ഞും കൊടുക്കാല്ലൊ.*😂🤣
*_പല ഭക്ഷണങ്ങളും തിന്നാൻ പറ്റുന്നതാണ് ( നമുക്ക് പറ്റുന്ന രുചിയുള്ളത്) എന്ന് ഞാനാണ്  ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാറുള്ളത്._*😂🤣  പലരും കോൺഫ്ലേക്സും മറ്റും രുചിയുണ്ടാവില്ലെന്ന് കരുതി  തൊടാറില്ല, ഞാനാണതിന്റെ ഒറിജിനൽ ഈറ്റിംഗ്  തിയറി  എല്ലാർക്കും ഡെമോൺസ്ട്രേഷൻ നടത്തിക്കൊടുത്തത്.😂🤣😂🤣

 7:30 നു തന്നെ ഭക്ഷണം കഴിച്ച് ചെക്കൗട്ട് ചെയ്ത് എല്ലാവരും ബസ്സിൽ കയറി. യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുകയാണ്. ഹോട്ടലിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പുരാതന നഗരമായ പെട്രയിലേക്കാണ് പോകുന്നത്. ആധുനിക ലോകാത്ഭുതങ്ങളിലും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലും നേരത്തേ തന്നെ സ്ഥാനം പിടിച്ചതും പുരാതന അത്ഭുത നഗരത്തിന്റെ ശേഷിപ്പുമായ പെട്ര, ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽ നിന്നും  300 Km അകലെയാണെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ബസ്സ് പാർക്കിംഗിൽ നിന്നും നടന്ന് ടിക്കറ്റ് കൗണ്ടറിന്റെ അരികിലെത്തി സെക്യൂരിറ്റി ചെക്കിംഗിനു വേണ്ടി നിന്നു.
 പെട്രയെന്നാൽ "പാറ" എന്നാണർത്ഥം. നേരത്തേയുള്ള പേര് സെല്ല എന്നും ആയിരുന്നു. ഞങ്ങളുടെ ഹോട്ടലിന്റെ പേരും പെട്രസെല്ല എന്നാണല്ലോ.. ഗ്രീക്ക് ഭാഷയാണ് പെട്ര. BC ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ ഗോത്രവർഗ്ഗമായിരുന്ന നെബാത്തികളുടെ ആസ്ഥാനമായിരുന്നു ഇത്. പ്രാചീന കാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു പെട്ര. പ്രവാചകൻ സ്വാലിഹുമായി ബന്ധപ്പെട്ടതാണ്      നെബാത്തികളുടെ ഗോത്ര ചരിത്രം. ഈ ജനതയാണ് മൂവായിരം വർഷം പഴക്കമുള്ള മലകൾക്കിടയിലെ കരിങ്കല്ലിൽ തീർത്ത വിസ്മയ നഗരം കൊത്തി നിർമ്മിച്ചത്. ഗോഥിക് വാസ്തുശില്പകലകളാൽ സമ്പുഷ്ടമായിരുന്നു ഈ നഗരമെന്ന് അവശിഷ്ടങ്ങളിൽ നിന്നും തെളിയുന്നു. കരിങ്കൽമലയിലെ കിഴക്കാംതൂക്കായ നിമ്നോന്നതങ്ങളായ പാറഭിത്തികൾ തുരന്ന് നിർമ്മിച്ച വീടുകളും ആരാധനാലയങ്ങളും ശവകല്ലറകളും പാർക്കും ഖജനാവും ഇപ്പോഴും ഇവിടെ കാണാം.

ഒരാൾക്ക് 4500 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ജോർദ്ദാൻ കറൻസി നൽകിയാണ് അകത്തേക്ക് പ്രവേശനം നേടിയത്. ടൂർ കമ്പനിയാണ് ഇത് നൽകിയത്. മെയിൻ ഗെയിറ്റ് കടന്നയുടനെ ഒരു ജലധാരയും ധാരാളം സുവനീർ ഷോപ്പുകളും കാണാം. സഞ്ചാരികൾ വന്നു തുടങ്ങുന്നേയുള്ളൂ.രണ്ടുതരം വഴികളാണ് ഇവിടെ, ഒന്ന് നടന്ന് പോകുന്നവർക്കും മൃഗസവാരിക്കാർക്ക് വേറൊന്നും. ഡോളർ ചെലവാക്കാൻ മടിയായതിനാലും നടന്നു പോയാൽ കൂടുതൽ കാഴ്ചകൾ കാണാമെന്നതിനാലും ഞാൻ ആദ്യത്തേത് തെരഞ്ഞെടുത്തു. ചൂടിന് ശക്തി കൂടി വരുന്നു. നഗരമെന്ന് പറയാൻ ഇപ്പോൾ ഇവിടെ ഒന്നുമില്ലെങ്കിലും ആ കാലത്തെ മല ഭിത്തികൾ തുരന്നുണ്ടാക്കിയ അത്ഭുത വേലകൾ കൗതുകം ജനിപ്പിക്കുന്നതാണ്.

*മുമ്പ് മക്കയിലെ താമസക്കാലത്ത്  2000 ത്തിൽ  ഞങ്ങൾ കുടുംബ സമേതം മദായിൻ സ്വാലിഹ് എന്ന സ്ഥലം സന്ദർശിച്ചിരുന്നു. അവിടെയും പെട്രയിലേതിനു സമാനമായ നിർമിതികൾ ഉണ്ട്. അവിടെ സ്വാലിഹ് നബിയുടെ സമുദായത്തെ അല്ലാഹു ഒരു ഘോരശബ്ദത്താൽ നശിപ്പിച്ചു എന്ന് ഖുർആൻ സ്ഥിരപ്പെടുത്തിയ പ്രദേശമാണ്. അവിടെ സ്വാലിഹ് നബിക്ക് അല്ലാഹു ഇറക്കി ക്കൊടുത്ത ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണറും മറ്റും ഉണ്ട്. അന്ന് അതിശയ പരവേശത്തോടെ അത് കണ്ടു തീർത്തിരുന്നു എന്നതിനാൽത്തന്നെ പെട്രയിലെ പാറ തുരന്ന നിർമിതികൾ എന്നെ അത്ഭുത പരതന്ത്രനൊന്നുമാക്കിയില്ല. എങ്കിലും ഞാൻ മദീനയിൽ നിന്നും 500 കിലോമീറ്ററോളം അകലെക്കിടക്കുന്ന അൽ ഉല പട്ടണ പരിസരത്തെ മദായിൻ സ്വാലിഹും പെട്രയിലെ പുരാതന നഗരവും ഏതുവിധത്തിലായിരിക്കാം ബന്ധം എന്ന് അതിശയിച്ചു കൊണ്ടേ യിരുന്നു.*

മക്കയിലെ പരിശുദ്ധ കഅബയെ മാതൃകയാക്കി അതുപോലൊന്ന് ഇവിടെ, പെട്രയിൽ, നിർമ്മിച്ചതായി കാണാം. മല ഉയരത്തിലും നീളത്തിലും രണ്ട് കീറാക്കിയെടുത്തത് പോലെയിരിക്കുന്നു. നടുവിൽ താഴെ തറയിൽ ഒരുക്കിയ നടപ്പാതയ്ക്ക് ഏകദേശം എട്ടടിയിൽ താഴെ മാത്രമേ വീതിയുള്ളു. മല പ്രകൃതിയാൽ തന്നെ മുറിഞ്ഞു കിടന്നതല്ല, മനുഷ്യർ തന്നെ മുറിച്ചു വഴിയുണ്ടാക്കിയതാണ്. ഭിത്തിയിൽ മുഴച്ചു നിൽക്കുന്ന ഭാഗങ്ങളില്ല. ചെടികളും പുല്ലുകളുമില്ല. വൃത്തിയായ മല ഭിത്തികൾ. എല്ലാം തന്നെ വളരെ ഭംഗിയായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കവാടത്തിനരികെ പടച്ചട്ടയും കുന്തവും പരിചയുമായി പഴയ രാജ സൈനികരെപ്പോലെ തോന്നിക്കുന്ന രണ്ടു പേരെ കാണാം. ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ പണം ചോദിക്കുമെങ്കിലും ഞങ്ങൾ കൊടുത്തില്ല. ഇനി ചൂടിന്റെ കാഠിന്യമില്ല . കാരണം വെയിൽ കടക്കാത്ത പാതയിലൂടെയാണ് അടുത്ത നടത്തം. ഒന്ന് രണ്ട് സ്ഥലങ്ങളിൽ ലഘു പലഹാരങ്ങളും പാനീയങ്ങളും വിൽക്കുന്ന തട്ടുകടകളുണ്ട്. വാഹനങ്ങൾക്ക് പ്രവേശനമില്ല. കഴുതപ്പുറത്തോ കുതിരപ്പുറത്തോ സഞ്ചരിക്കാം. പക്ഷെ ഭയങ്കര ചാർജാണ്. അതു കൊണ്ട് 90% ടൂറിസ്റ്റുകളും നടന്നാണ് എല്ലാം നോക്കി കാണുന്നത്. നടന്നു കാണാൻ രസവുമാണ്. മഴവെള്ളം ദൂരെയുള്ള ജലസേചനത്തിന് കൊണ്ടുപോകാൻ ഉണ്ടാക്കിയ മാർഗ്ഗം അതിശയിപ്പിക്കുന്നതാണ്. ഉയരത്തിൽ കയ്യെത്താ ദൂരത്ത് തുരന്നുണ്ടാക്കിയ വീടുകൾ തുറന്നിട്ടതാണ്. ഞങ്ങളുടെ ഗ്രൂപ്പിലെ പലരും അവിടെ നിന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

പെട്രയിലെ അത്ഭുതകരമായ ശിൽപ കരകൗശല ചാരുതകൾ എല്ലാം തന്നെ നടന്നു കാണണമെങ്കിൽ ഒരു ദിവസത്തിലധികം വേണം.ഭീമാകാരമായ മലകളെ കെട്ടിടാകൃതിയിൽ കൊത്തിയെടുത്ത "great treasury" - അത്ഭുതവും കൗതുകമുളവാക്കുന്നതുമാണ്. അതിനകത്തേക്ക് ആർക്കും പ്രവേശനമില്ല. രണ്ട് "ഭടൻമാർ "അവിടേയും കാവൽനിൽക്കുന്നുണ്ട്. ഹുക്കയും കഞ്ചാവും വലിക്കുന്ന , കാഴ്ചയിൽ ജാക്ക് സ്പാരോയെ പോലെയിരിക്കുന്ന നിരവധി സ്വദേശി യുവാക്കളെ ഇതിനു ചുറ്റും കാണാം. ചെറിയൊരു തട്ടുകടയും സുവനീർ ഷോപ്പും ഇവിടെയുമുണ്ട്. ദൂരെ കോടതിയും, സ്റ്റേഡിയവും, ഭോജനശാലയുമൊക്കെ കാണാമെങ്കിലും ഗൈഡ് അനുവദിച്ചു സമയം കഴിയാറായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ കൂട്ടിലങ്ങാടി സ്വദേശി മഹബൂബ് മാത്രം കഴുതപ്പുറത്തിരുന്ന് എല്ലാം ചുറ്റിക്കണ്ട് തിരിച്ചു വന്നു. ഇവിടെ അധിവസിച്ച ജനവിഭാഗത്തിന്റെ ഗതിയും പാലായനവും ഇന്നും അജ്ഞാതമാണ്. മനുഷ്യരാശിയുടേയോ ജീവജാലങ്ങളുടേയോ ഒരു സാന്നിധ്യവും ഇവിടെയില്ല. എങ്ങും വിജനതയും ശ്മശാന മൂകതയുമാണ്. AD 1812 ലാണ് ജോഹാൻ ബുക്കാർട്ട് എന്ന സ്വിസ് പര്യവേഷകന്റെ നേതൃത്വത്തിൽ ഈ ചുവന്ന പുരാതന നഗരം കണ്ടെത്തിയത്.
ചരിത്രത്തിന് വിസ്മരിക്കാനാവാത്ത ഗുഹകളുടെ നാടാണ് ജോർദ്ദാൻ. ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്രയും ഖുർആൻ പ്രതിപാദിച്ച റഖീമിലെ ഗുഹകളുമെല്ലാം അതിന് സാക്ഷ്യം വഹിക്കുന്നു. പെട്രയെ പിന്നിലാക്കി ബസ്സ് നീങ്ങുമ്പോൾ സമയം 11  കഴിഞ്ഞിരുന്നു.
അമ്മാനിലേക്കുള്ള  വഴിയിലൂടെയാണ് സഞ്ചാരം. ഏകദേശം 15 മിനിട്ടിന്റെ വഴി ദൂരം പിന്നിട്ടപ്പോൾ ബസ് നിർത്തി.  ഇവിടെ മൂസാനബിക്ക്  സ്വന്തം ജനതക്ക് വെള്ളം ലഭ്യമാക്കാൻ വേണ്ടി അല്ലാഹു  പുറപ്പെടുവിച്ച അരുവിയുണ്ട്.  ഒരു ചെറിയ കെട്ടിടത്തിൽ കെട്ടിയുണ്ടാക്കിയ  ടാങ്കിലൂടെ അത് കവിഞ്ഞൊഴുകി പുറത്തേക്ക്  പോകുന്നു.
അവിടെ ഒരു ജോർദാനി വെള്ളം കുപ്പിയിലാക്കുന്നത് കണ്ടു. ഞാനതു വാങ്ങി കുറച്ചു കുടിച്ചു. നല്ല മിനറൽ വാട്ടറിന്റെ ശുദ്ധിയും രുചിയും. എല്ലാവരും അതിൽ നിന്ന് മുഖം കഴുകുകയും വെള്ളം കുടിക്കുകയും ചെയ്തു. കുപ്പി കയ്യിൽ കരുതാഞ്ഞതിനാൽ  ഇത്തിരി വെള്ളമെടുക്കാനുള്ള പലരുടേയും മോഹം നടന്നില്ല.
ഇതിന്നെതിരെ കുറച്ചകലെയായാണ് ഞങ്ങളുടെ ബസ് നിർത്തിയിരുന്നത്. അവിടെ നിന്നും ഈ അരുവി ഉറവ പൊട്ടിയൊഴുകി വരുന്ന  കൊച്ചു കുന്ന് വ്യക്തമായി കാണുന്നുണ്ടായിരുന്നു.
ഇനി നേരെ അമ്മാനിലേക്ക് .
ബസ്സ് ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിന്റെ മുൻപിൽ നിർത്തി - കഴിഞ്ഞ ദിവസം വൈകുന്നേരം ചായ കുടിക്കാൻ കയറിയ ഹോട്ടലായിരുന്നു അത്. നല്ല ബൊഫെ ഭക്ഷണം. നല്ലവണ്ണം കഴിച്ചു.

_ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ ഉമ്മാന്റെ പ്രായമുള്ള ഒരു ന്യൂയോർക്ക് കാരി വല്ല്യുമ്മ  കുഞ്ഞി ട്രൗസറുമിട്ട് , ഒഴിഞ്ഞിരുന്ന്  പുകവലിക്കുന്നു._

😂🤣 *ഇപ്പഴത്തെ ഭാഷയിൽ പറഞ്ഞാൽ ........ തിന്നു തിന്നു ...... മെടുത്തിട്ട് .... ഒരു റിലാക്സേഷനു വേണ്ടിയാവാം.* 😂🤣

_എനിക്കതു കണ്ടിട്ട്  യാതൊരു സമാധാനവുമില്ല.  വല്ലാതെ കൗതുകം തോന്നിയാൽ എനിക്കപ്പോൾ അത്  ഫ്രെയിമിലാക്കണം. ഞാൻ കേറി ഹെഡ് ചെയ്തു._

 *May I take one selfie with you................*

*Ok no problem*...............
*_എന്നും പറഞ്ഞ് വല്യുമ്മ എന്റെ തോളിൽ വന്ന് കൈയ്യിട്ട്  ഒരു പിടുത്തം. ഞാൻ തന്നെ ബേജാറായി. അങ്ങിനെ കുറച്ച് സെൽഫി ഞാനെടുത്തു. പൊതുവെ സെൽഫിയെടുക്കാൻ താൽപര്യമില്ലാത്തയളാ ഞാൻ. വേറെയാരെയും കണ്ടില്ല ഫോട്ടോ എടുപ്പിക്കാൻ, അതു കൊണ്ട്  തൽക്കാലം സെൽഫി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു._*

വീണ്ടും ബസ്സിൽ കയറി യാത്ര തുടർന്നു. നാട്ടിലാകുമ്പോൾ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങുക എന്നത് എന്റെ ഒരു പതിവുശീലമാണ്. അത് ഇവിടങ്ങളിൽ ബസ്സിൽ നിന്നും നടത്താറാണ്............ _സഗീർ മൗലവിയുടെ  വിവരണങ്ങൾ അര മയക്കത്തിൽ കേൾക്കും._

3:45pm ന് റഖീം എന്ന സ്ഥലത്തെത്തി. ഇവിടെയാണ് 309 വർഷം ഉറങ്ങിയ ഏഴ് യുവാക്കൾ താമസിച്ച ഗുഹയുള്ളത്.അമ്മാനിൽ നിന്നും ഏകദേശം 13 Km ദൂരത്താണ് അസ്ഹാബുൽ കഹഫിന്റെ ചരിത്രാവശിഷ്ടമുള്ള റഖീം സ്ഥിതി ചെയ്യുന്നത്. ഒരുയർന്ന കുന്നിൻ പ്രദേശമാണിത്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇവിടേക്കുള്ള സഞ്ചാരം സുഗമമാണ്. ജോർദാൻ ഭരണകൂടം വൃത്തിയുള്ള, വിശാലമായ റോഡാണ് ഈ കുന്നിൻ ചെരിവിലേക്ക് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് ഇവിടെയെത്താൻ യാതൊരു പ്രയാസവുമില്ല.ഇതിന്റെ തൊട്ടടുത്ത് തന്നെ ആ പേരിൽ (മസ്ജിദ് അൽ കഹഫ്) ഒരു പള്ളിയും ഉണ്ട്.  ഇവിടെ വച്ച് ഞങ്ങൾ ളുഹറും അസറും ജംആക്കി നമസ്കരിച്ചു.  നമസ്കാര ശേഷം മാത്രമേ അവിടം തുറക്കുകയുള്ളൂ. അതും 5 മണി വരെ മാത്രം.നല്ല തിരക്കുണ്ടായിരുന്നു. ഓരോ ഗ്രൂപ്പിനും വളരെ കുറഞ്ഞ സമയം മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഈ ഗുഹയെപ്പറ്റി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രബലാഭിപ്രായം അത് ജോർദ്ദാനിലാണെന്നാണ്.തുർക്കിയിലും ചൈനയിലും സ്കോട്ട്ലാന്റിൽ വരെ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.

ഈസാനബി(ജീസസ് ക്രൈസ്റ്റ് ) നു ശേഷം ഒരു കാലത്ത് ക്രിസ്ത്യാനികൾ ദുർമാർഗത്തിൽ മുഴുകുകയും അവർക്കിടയിൽ ബിംബാരാധന പ്രചരിക്കുകയും ചെയ്തു. അക്കാലത്ത് ‘ദഖ്യാനൂസ്’ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാൾ ജനങ്ങളെ ബിംബാരാധനക്ക് നിർബന്ധിച്ചു കൊണ്ടിരുന്നു.അതിന് വഴങ്ങാത്ത കുറച്ചു യുവാക്കൾ രാജാവ് നാട്ടിലില്ലാത്ത ഒരു സന്ദർഭത്തിൽ സ്ഥലംവിട്ടു.അങ്ങനെ അവര് നാട്ടിനടുത്തുള്ള മലയിലെ ഒരു ഗുഹയില് അഭയം പ്രാപിച്ചു. ഏഴു പേരുണ്ടായിരുന്ന ആ യുവാക്കളുടെ കൂട്ടത്തില് ഒരു നായയും വന്നു ചേർന്നു. അതിനെ ആട്ടിക്കളയാൻ വളരെ പണിപ്പെട്ടുവെങ്കിലും അതവരെ പിന്തുടരുക തന്നെയായിരുന്നു ചെയ്തത്. സംഘത്തിന് രഹസ്യമായി ഭക്ഷണവും മറ്റും കൊണ്ടുവന്നിരുന്നത് തങ്ങളുടെ കൂട്ടത്തിൽപെട്ട തംലീഖാ എന്നയാളായിരുന്നു. ഒരിക്കല് അദ്ദേഹം പട്ടണത്തില് പോയി തിരിച്ചു വന്നപ്പോൾ രാജാവ്
സ്ഥലത്തെത്തിയിട്ടുണ്ടെന്നും, തങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നുണ്ടെന്നുമുള്ള വിവരം
കിട്ടി. അവർ വലിയ ദുഃഖത്തിലും പരിഭ്രമത്തിലുമായി. അങ്ങനെ എല്ലാവരും പരസ്പരം വസ്വിയ്യത്ത് ചെയ്തും
അല്ലാഹുവിനോടുള്ള പ്രാര്ഥനയിൽ നിരതരായും ഇരിക്കെ അവരെയും നായയെയും അല്ലാഹു ഉറക്കിക്കളഞ്ഞു.സൂര്യാസ്തമനത്തിന് മുമ്പായിരുന്നു അത്.
രാജാവാകട്ടെ, അവരുടെ വിവരം അന്വേഷിച്ചറിഞ്ഞ് പരിവാര സമേതം സ്ഥലത്തെത്തി. ഉറങ്ങിക്കിടക്കുന്ന യുവാക്കളെ അകത്താക്കി ഗുഹാമുഖം അടച്ചു കളഞ്ഞു. സത്യവിശ്വാസം ഉള്ളിൽ മറച്ചുവെച്ചിരുന്ന രണ്ടുപേർ രാജാവിന്റെ പരിവാരങ്ങളിലുണ്ടായിരുന്നു.അവർ ആ യുവാക്കളുടെ പേരുകളും ചരിത്രവും രണ്ട്
കല്പലകകളില് രേഖപ്പെടുത്തി. ഒരു ചെമ്പുപെട്ടിയിലാക്കി അവിടെ രഹസ്യമായി സൂക്ഷിച്ചു. അന്ത്യകാലത്തിന്
മുമ്പായി ഈ യുവാക്കളെ അല്ലാഹു സത്യവിശ്വാസികൾക്ക്
വെളിപ്പെടുത്തിക്കൊടുക്കുമെന്നും അപ്പോൾ ഇവരുടെ ചരിത്രം അവർ അറിയുമെന്നുമുള്ള ഉത്തമവിശ്വാസത്തോടെയാണ് അവരങ്ങനെ എഴുതി വെച്ചത്.കാലചക്രം അതിവേഗം കറങ്ങി. ദഖ്യാനൂസ് രാജാവും അയാളുടെ ഭരണവുമെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു.അനന്തരം മൂന്നര നൂറ്റാണ്ടുകൾക്ക് ശേഷം തുടർന്നു വന്ന് ഭരണം
നടത്തിയ വേറൊരു ഭരണാധികാരി സത്യവിശ്വാസിയും മതഭക്തനുമായിരുന്നു. പ്രജകളിൽ സത്യവിശ്വാസികളും അവിശ്വാസികളും ഉണ്ട്.
ഇത് രാജാവിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
പരലോകജീവിതത്തെക്കുറിച്ച് അല്ലാഹു വ്യക്തമായ ഒരു തെളിവ് നല്കിയെങ്കിൽ എന്ന് അദ്ദേഹം ആത്മാര്ഥമായി ആഗ്രഹിച്ചു. അല്ലാഹുവിനോട് നിഷ്കളങ്കമായി പ്രാര്ഥിച്ചു. ഇതിനിടക്ക് ഒരാട്ടിടയൻ തന്റെ ആടുകള്ക്ക് താവളം ശരിപ്പെടുത്തേണ്ടതിനായി ആ ഗുഹാമുഖത്ത് ചെന്നു. പഴയ ഭിത്തി പൊളിച്ചു. അപ്പോഴായിരുന്നു നൂറ്റാണ്ടുകളായി അതിനുള്ളിൽ നിദ്രയിൽ ലയിച്ചു കിടന്നിരുന്ന യുവാക്കളെ അല്ലാഹു ഉണർത്തിയത്. ഉറങ്ങിയപ്പോൾ ഉണ്ടായിരുന്നത്
പോലെയല്ലാതെ യാതൊരു വ്യത്യാസവും തങ്ങളുടെ ദേഹത്തിൽ അവർ കണ്ടില്ല.
പിന്നെ പതിവു പോലെ ഭക്ഷണം വാങ്ങുവാനായി തങ്ങളുടെ പക്കലുണ്ടായിരുന്ന
വെള്ളിയുമായി തംലീഖയെ അവർ പട്ടണത്തിലേക്കയച്ചു.
ദഖ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കരുതലോടെയാണ് അദ്ദേഹം അങ്ങാടിയിൽ കടന്നത്.എന്തൊരദ്ഭുതം! പട്ടണത്തിന്റെ സ്ഥിതിയാകെ മാറിക്കഴിഞ്ഞിരിക്കുന്നു.
പരിചയക്കാരെ ആരെയും കാണുന്നില്ല. ഈസാ നബി(അ)ന്റെ നാമം കേൾക്കുന്നു….. അദ്ദേഹം ആകെ ചിന്താധീനനായി. ഏതായാലും ഒരു കടയിൽ കയറി ഭക്ഷണ സാധനത്തിനായി തന്റെ പക്കലുണ്ടായിരുന്ന വെള്ളി കൊടുത്തു. കച്ചവടക്കാരന് ആ നാണയം ആശ്ചര്യപൂര്വം തിരിച്ചും മറിച്ചും നോക്കി. ഇത് പണ്ടുണ്ടായിരുന്ന ദഖ്യാനൂസ് രാജാവിന്റെ കാലത്തെ നാണയമാണല്ലോ! നിങ്ങൾക്കെവിടന്നാണ് നിക്ഷേപം കിട്ടിയത്? അയാള് ചോദിച്ചു. അപ്പോഴേക്കും അവിടെ പലരും ഒരുമിച്ചുകൂടി. അവർ തംലീഖയെ രാജാവിന്റെ മുമ്പില് ഹാജറാക്കി. കൊട്ടാരത്തിലെത്തിയ തംലീഖാ, രാജാവിനും അനുയായികൾക്കും തങ്ങളുടെ ചരിത്രം വിവരിച്ചു കൊടുക്കുകയും കൂട്ടുകാർ ഗുഹയിലുണ്ടെന്നു ഉണര്ത്തുകയും ചെയ്തു.
സത്യാവസ്ഥ അറിഞ്ഞു വരാൻ രാജാവ് രണ്ടു
പ്രമുഖ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുകയും ഒരു വമ്പിച്ച ജനാവലിയും തംലീഖയുമൊന്നിച്ച് അവര് ഗുഹാമുഖത്തെത്തുകയുമുണ്ടായി. തംലീഖാ അകത്ത് കടന്നു. കൂട്ടുകാരെ വിവരമറിയിച്ചു. അല്പം കഴിഞ്ഞ്
അകത്ത് കടന്നപ്പോൾ രാജ ദൂതൻമാർ അദ്ഭുത പരതന്ത്രരായിപ്പോയി! കൽകെട്ടിന്റെ അവശിഷ്ടങ്ങളിൽ നിന്നും ചെമ്പുപെട്ടികിട്ടി. അത് തുറന്ന് നോക്കിയപ്പോൾ അതിൽ എഴുതി വെച്ചിരുന്ന പലകകളിൽ നിന്നും കാര്യം
മനസ്സിലാക്കുകയും അവർ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. രാജാവ് ഈ വിവരങ്ങളെല്ലാം അറിഞ്ഞു വളരെ സന്തോഷിച്ചു. താനാഗ്രഹിച്ചത്
പോലെയുള്ള ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുത്തതിൽ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. താമസിയാതെ രാജാവും സ്ഥലത്തെത്തി ഗുഹയിൽ കടന്ന് യുവാക്കളെ ആലിംഗനംചെയ്തു. അവര് രാജാവിന് വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ രാജാവ് നോക്കിനിൽക്കെ തന്നെ അവർ തങ്ങളുടെ സ്ഥാനങ്ങളിൽ ചെന്ന് കിടക്കുകയും ഉറങ്ങുകയും ചെയ്തു-അവസാനത്തെ ഉറക്കം. അവരെ അല്ലാഹു മരണപ്പെടുത്തുകയുണ്ടായി.ഇതാണ്
ഗുഹാവാസികളുടെ ചരിത്ര സംക്ഷേപം.

ഗുഹയുടെ പുറത്ത് പുരാതനമായ നിരവധി തൂണുകളും പ്രത്യേകശിലകളാൽ അലംകൃതമായ പടികളുമുണ്ട്. അകത്ത് പ്രവേശിച്ച് രണ്ട് മൂന്ന് പടികൾ താഴോട്ടിറങ്ങിയപ്പോൾ ഗുഹ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് കണ്ടു. ഒന്ന് നേരേയും രണ്ടും മൂന്നും ഇടതും വലതും ഭാഗത്തേക്കാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.ഇതിൽ ഇടതും വലതുമുള്ള ഭാഗങ്ങളിൽ പെട്ടികളുടെ രൂപത്തിൽ ഏഴ് ഖബറുകൾ സ്ഥിതി ചെയ്യുന്നു. അതിലൊന്നൊഴികെ ബാക്കിയെല്ലാം തുറന്ന് കിടക്കുകയാണ്. മൃതദേഹങ്ങളുടെ യാതൊരു അവശിഷ്ടങ്ങളും അതിൽ കണ്ടില്ല. ഗ്ലാസ് കൊണ്ട് ദ്വാരമിട്ട ഒരു ഖബറിൽ മറ്റുള്ള ഖബറുകളിലെ അസ്ഥികളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. ഞങ്ങൾ ആ ചെറിയ ഗ്ലാസിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ ശരിയായിട്ടൊന്നും കാണാൻ സാധിച്ചില്ല. ഗുഹാവാസികൾ മരണപ്പെട്ടപ്പോൾ മറവ് ചെയ്ത ഖബറുകൾ പിൽക്കാലത്ത് തുറന്ന് അസ്ഥികളും തലയോടുകളുമെല്ലാം ഒരു ഖബറിൽ അടക്കം ചെയ്തിരിക്കാനാണ് സാധ്യത. ഖബറുകളും എല്ലുകളും കൂടാതെ മറ്റ് പലതും ഗുഹയിൽ കാണാൻ സാധിക്കും. അൽപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്ലാസ് അലമാരിയിൽ ഗുഹാവാസികളുടെ നായയുടെ തലയോടും താടിയെല്ലും സൂക്ഷിച്ചിരിക്കുന്നു.കൂടാതെ ഗുഹാ വാസികൾ ഉപയോഗിച്ചതായിരിക്കാൻ സാധ്യതയുള്ള കിണ്ടികളും പാത്രങ്ങളും നാണയങ്ങളുമെല്ലാം അലമാരയിൽ സൂക്ഷിച്ചിട്ടുമുണ്ട്.

ഗുഹയുടെ സൂക്ഷിപ്പുകാരൻ പുറത്തേക്ക് ഇറങ്ങാൻ തിരക്ക് കൂട്ടികൊണ്ടിരിക്കുകയാണ്. പുറത്ത് ഇതിനകം തന്നെ കേരളത്തിൽ നിന്നും വന്ന വേറൊരു ഗ്രൂപ്പ് പ്രാർത്ഥന തുടങ്ങിയിരുന്നു. "ഹറാം ഹറാം"- എന്നു പറഞ്ഞു കൊണ്ട് ഗൈഡ് മുറാദ് നീങ്ങുന്നതും കാണാൻ കഴിഞ്ഞു.ആ ഗ്രൂപ്പ് ഇറാഖ് സന്ദർശിച്ചിട്ട് വരികയായിരുന്നുവത്രേ.

_പിന്നീട് ഞങ്ങൾ പ്രവാചക അനുയായി ബിലാലിന്റെ ഖബർ കൂടി സന്ദർശിച്ചു._

*ബിലാലിന്റെ ചരിത്രം ഇസ്ലാമിക വിശ്വാസി സമൂഹത്തിന് വലിയ ഉത്തേജനം നൽകുന്നതാണ്. മക്കയിൽ ഒരടിമയായിരുന്ന അദ്ദേഹമാണ്  റസൂലിന്റെ  നിർദ്ദേശ പ്രകാരം റസൂലിന്റെ മരണം വരെയും മദീനയിൽ ബാങ്ക് വിളിച്ചിരുന്നത്. മക്കാവിജയത്തിന്റെ സമയത്ത്  സഹാബിമാർ ഓരോരുത്തരും കൊതിയോടെ നോക്കിനിൽക്കെ പുണ്യ റസൂലിന്റെ തോളിൽ താങ്ങി കഅബക്ക് മുകളിൽ കയറി ബാങ്ക് വിളിച്ചതും അനുഗ്രഹീത സ്വരമാധുരിക്കുടമയായ ആ കാപ്പിരി തന്നെയായിരുന്നു. നിറമോ , സമ്പത്തോ , സമൂഹത്തിലെ സ്ഥാനമാനങ്ങളോ ഒന്നും ഇസ്ലാമിൽ മഹത്വത്തിന്റെ നിദാനങ്ങളല്ലെന്ന്  പറയുന്നതിന്നു വേണ്ടി ഇസ്ലാമിക ചരിത്രത്തിലെല്ലാം ബിലാൽ അറിയപ്പെടുന്നു.*

ഇനി നേരെ ഹോട്ടലിലേക്ക് എന്ന് പറഞ്ഞാണ് വണ്ടിയിൽ കയറിയത്. അമ്മാനിലെ പ്രധാനപ്പെട്ട King Abdullah മോസ്ക്  സന്ദർശിക്കേണ്ടതാണെന്ന്  ഗ്രൂപ്പിലാരോ പറഞ്ഞു. ഗ്രൂപ്പിന്റെ പ്ലാനിൽ അതില്ല. എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ  ഗ്രൂപ് മാനേജർ  ഷാഫി  ഗൈഡ് മുറാദുമായി സംസാരിച്ച് അതും ശരിയാക്കി. അങ്ങിനെ King Abdullah മോസ്കിലെത്തി. കാണേണ്ടതു തന്നെയാണ് ഇത്. ഇവിടെ നിന്ന് മഗ്രിബും ഇശായും നമസ്ക്കരിച്ചു.
ശേഷം Dayട Inn ഹോട്ടലിൽ ചെക്കിൻ ചെയ്യുമ്പോൾ സമയം ഏകദേശം 7:30 നോട് അടുത്തിരുന്നു. റൂമിൽ കയറി ഫ്രഷായി ഞാനും സമീറും ഡിന്നർ കഴിക്കാൻ ഡൈനിങ്ങ് ഹാളിലേക്ക് പോയി. അടിച്ചു പൊളി ഡിന്നർ, നന്നായി കഴിച്ചു. കുറച്ച് ആപ്പിളും പഴവും കൈയ്യിൽ കരുതി റൂമിലേക്ക് മടങ്ങി.
അടുത്ത ദിവസത്തേക്കുള്ള വേഷം ശരിയാക്കി വെച്ചിട്ട്  ഉറങ്ങാമെന്നു കരുതിയാണ് പെട്ടി തുറന്നത്. വലിയ ചുറ്റിക്കറങ്ങൽ ഇല്ലാത്ത ദിവസമാണ് , തോബിടാം ( അറബിവേഷം) എന്നു കരുതി.
തോബെടുത്തപ്പഴാണ്  പണി പാളുമെന്നായത്. പാന്റും ടീഷർട്ടും പോലെയല്ല, തോബ്  നല്ല കുപ്പീലിട്ട പോലെ ചുളുങ്ങിയിരിക്കുന്നു.  എനിക്ക് നിരാശയായി , പെട്ര സെല്ലയിൽ ഇസ്തിരിപ്പെട്ടിയൊന്നും കിട്ടീട്ടും ഇല്ല.
എന്തായാലും തൂക്കിയിട്ടു നോക്കാമെന്ന് കരുതി കബോർഡ് തുറന്നപ്പഴാണ്, അതിശയിപ്പിച്ചു കൊണ്ട് ഉള്ളിൽ ഇസ്തിരിപ്പെട്ടിയും ഇസ്തിരിയിടാനുള്ള മേശയും !!!  എന്റെ  വേഷപ്പകർച്ചകൾക്ക് ഗ്രൂപ്പും പടച്ചവനും കൂട്ട് .
തോബ്  ഇസ്തിരിയിട്ടു , പതിവു ശീലങ്ങൾക്കു ശേഷം , വീണ്ടും കാഴ്ചകളുടെ അടുത്ത പ്രഭാതത്തിലേക്കുണരാനായി .......... ഞാൻ ഉറങ്ങാൻ കിടന്നു.
*സമീർ പതിവുപോലെ വർണക്കാഴ്ചകളുടെ വിശേഷങ്ങൾ  ഭാര്യയെ അറിയിക്കുകയാണ്.*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ