2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ഒരു പഴയ കാലം

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്...!

അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന്  തീര്‍ന്നോന്ന്....!

മഴക്കാലത്ത് ഷര്‍ട്ടിന്‍റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് വാങ്ങി തരുമോന്ന് ചോദിച്ചപ്പോള്‍ അച്ഛനെന്നോട് പറഞ്ഞു ,  സൂക്ഷിച്ച് നടന്നാല്‍ ഹവായി ചെരുപ്പാണെങ്കിലും ഷര്‍ട്ടില്‍ ചെളി തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്.....!

കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞ് വിടും നേരം എന്‍റെ കയ്യില്‍ തരാന്‍ പോകുന്ന നോട്ടുകള്‍ക്കിടയില്‍ കണക്കില്‍ പെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോന്നറിയാന്‍ അച്ഛന്‍ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി.

എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തില്‍ നിന്നും മത്തനില്‍ നിന്നും ചേനയില്‍ നിന്നും നൂറു ഗ്രാം വീതം മുറിച്ചെടുക്കുമ്പോള്‍ കടക്കാരന്‍റെ മുഖത്തൊരു പരിഹാസച്ചിരി വിരിയാറുണ്ടായിരുന്നു.

കണക്ക് കൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താല്‍ പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് അവിടെ നില്‍ക്കുന്ന സമയത്ത്  മുട്ടായി ഭരണിയില്‍ നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാന്‍.

ആറ്റുനോറ്റ് വരുന്ന ഓരോ ഓണത്തിനും കോടിയെടുത്തപ്പോള്‍ എനിക്കും ഏട്ടനും ഒരേ നിറത്തിലുള്ള ഷര്‍ട്ടിന്‍റെ തുണിയെടുക്കുന്നത് കാണുമ്പോഴൊക്കെ അമ്മ ചോദിക്കുമായിരുന്നു  , വെവ്വേറെ നിറമുള്ള തുണിയായിരുന്നെങ്കില്‍ മക്കള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി , മാറ്റി ഉടുത്തൂടായിരുന്നോ എന്ന്.

അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും  ഉത്തരം കിട്ടിയിരുന്നില്ല.....!

ആദ്യമായി ജോലിക്ക് പോവും നേരം ഞാനമ്മയുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.

അച്ഛനാ സമയം പറമ്പിലെന്തോ പണിയിലായിരുന്നു.

ഒരു ദിവസം കൊലായില്‍ കിടന്ന എന്‍റെ ഷൂവ് അച്ഛന്‍ കൈ കൊണ്ടെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു.

ജീവിതത്തില്‍ ഇന്നേ വരെ ചെരുപ്പിടാത്ത അച്ഛന്‍റെ മുഖത്തപ്പോ കൗതുകമായിരുന്നു...!

ആദ്യത്തെ ശമ്പളം ഞാന്‍ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു.

അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളില്‍ പലപ്പോഴും മൂക സാക്ഷിയായി   കൊലായില്‍ അച്ഛനിരിപ്പുണ്ടാവാറുണ്ട്.

മെല്ലെ മെല്ലെ അച്ഛന്‍റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയാരുന്നു.

കയ്യും കണക്കുമില്ലാതെ ഞാന്‍ വാങ്ങികൂട്ടിയ പച്ചകറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയില്‍ കിടക്കുന്നത് പതിവായിരുന്നു.

അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്ന അച്ഛന്‍ , പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ട് പിന്നീട് ഒന്നും പറയാതെയായി.

പതിനൊന്ന് മണിക്ക് ശേഷം അനാവശ്യമായി കത്തുന്ന ബള്‍ബെല്ലാം അണച്ചിട്ട് പോവ്വാറുള്ള അച്ഛന്‍ പിന്നീടാ വഴി വരാതായി.

അച്ഛന്‍റെ ചിറകില്‍ നിന്ന് സ്വതന്ത്രനായ ഞാന്‍ ശരിക്കും വീട്ടു ഭരണം ആസ്വദിക്കുകയായിരുന്നു.

പതിയെ പതിയെ അച്ഛനാ വീട്ടില്‍ തീര്‍ത്തും മൗനിയായി മാറുകയായിരുന്നു.

ഒരു ദിവസം ഓഫീസില്‍ നിന്ന് എന്നെ കാണാന്‍ വന്ന സഹപ്രവര്‍ത്തകരുടെ അരികിലേക്ക് വിയര്‍പ്പ് മണക്കുന്ന ആ പുറം കീറിയ ഷര്‍ട്ടുമിട്ട് അച്ഛന്‍ പറമ്പില്‍ നിന്ന് വന്ന് സംസാരിച്ചത് എന്‍റെ നിലയ്ക്കും വിലയ്ക്കും കുറച്ചിലായെന്ന് ആ മുഖത്ത് നോക്കിയെനിക്ക് പറയേണ്ടി വന്നു.

രണ്ട്  ദിവസം കഴിഞ്ഞ് ജനവാതിലിനരികില്‍ നില്‍ക്കും നേരം പറമ്പില്‍ നിന്ന് അച്ഛനാരോടോ സംസാരിക്കുന്നതായി തോന്നി.

പോയി നോക്കിയപ്പോള്‍ കണ്ടത് , തൂമ്പയുമായി ഇരുന്ന് തന്നെതാനെ സംസാരിക്കുന്നതാണ്.

പിറ്റേ ദിവസം അമ്മ പറയുന്നത് കേട്ടു , അച്ഛനിപ്പോ രാത്രി ഉറക്കമില്ലെന്നും, അലമാരയില്‍ വച്ച പഴയ പുസ്തകമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരിക്കലാണ് പണിയെന്നും.

എല്ലാം പറഞ്ഞതിനൊടുവില്‍ അമ്മ എന്നെ നോക്കി വേദനയോടെ പറഞ്ഞു , അച്ഛനെന്തോ പറ്റിയിട്ടുണ്ട് മോനേന്ന്.

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മുറ്റത്തെത്തിയപ്പോള്‍ കേട്ടത്  തൂമ്പ നിലത്ത് കൊത്തണ ശബ്ദമാണ്.

ചെന്ന് നോക്കിയപ്പോള്‍ കണ്ടത് , പറമ്പില്‍ തലങ്ങും വിലങ്ങും കിളച്ച് മറിച്ച് എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന അച്ഛനെയാണ്.

അകത്തേക്ക് കയറിയപ്പോള്‍ ഭീതിയോടെ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ച് അച്ഛനെ ചൂണ്ടികാണിച്ച് പൊട്ടി കരഞ്ഞു.

സ്വന്തക്കാരില്‍ നിന്നും ബന്ധുക്കാരില്‍ നിന്നും അകന്ന് താമസിക്കുന്ന അച്ഛന്‍റെ ഒരേ ഒരു ചങ്ങാതി ശങ്കരേട്ടനോട്  ഞാന്‍ വിവരങ്ങളെല്ലാം വിളിച്ച് പറഞ്ഞു.

പിറ്റേന്ന് വീട്ടിലേക്ക് വന്ന ശങ്കരേട്ടന്‍ അച്ഛന്‍റെ കൂടെ കുറേ നേരം ഇരുന്നു. അവര്‍ രണ്ടാളും കൂടി പറമ്പിലെല്ലാം നടന്നു.  കുറേ നേരം സംസാരിച്ചു.

തിരിച്ച് പോവ്വാന്‍ നേരം ശങ്കരേട്ടനെന്‍റെ കൈ പിടിച്ച് കുറച്ച് ദൂരം നടന്നു.

ആരും അറിയാത്ത , ആരോടും പറയാത്ത എന്‍റെ അച്ഛന്‍റെ ഭൂതകാലം ശങ്കരേട്ടന്‍ എന്നോട് പറയുകയായിരുന്നു.

പോവ്വാന്‍ നേരം ശങ്കരേട്ടന്‍ ഇടറിയ ശബ്ദത്തോടെ പറഞ്ഞു , അവന്‍റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ് , ആ മനസ്സ് താളം തെറ്റാതെ നോക്കണേ മോനേ , അങ്ങനെ വന്നാല്‍ ഈശ്വരന്‍ പോലും പൊറുത്ത് തരില്ല ' എന്നും

ഒന്നും പറയാനാവാതെ ശങ്കരേട്ടന്‍ പോവുന്നതും നോക്കി ഞാന്‍ നിന്നു.

ഒരു ഷര്‍ട്ടിടാന്‍ മോഹിച്ചിട്ട്  പട്ടാളക്കാരന്‍ കുഞ്ഞപ്പേട്ടന്‍റെ പഴയ ഷര്‍ട്ടൊരെണ്ണം ചോദിച്ച് വാങ്ങി വെട്ടി ചെറുതാക്കി ഉടുത്ത് നടന്നിട്ടുണ്ടത്രേ എന്‍റെ അച്ഛന്‍....!

വിശന്ന് വയറെരിഞ്ഞ് തളരും നേരം ആടിന് കൊടുക്കാനെന്നും പറഞ്ഞ് അയല്‍ വീട്ടീന്ന് കഞ്ഞി വെള്ളം  വാങ്ങി കൊണ്ട് വന്ന് അതില്‍ കയ്യിട്ടിളക്കി അടിയില്‍ കിടക്കുന്ന വറ്റെടുത്ത് കുടിച്ച് വിശപ്പടക്കിയുണ്ടത്രെ എന്‍റെ അച്ഛന്‍.....!

അച്ഛനെ മനസ്സിലാക്കാന്‍ എനിക്കിതുവരെ  കഴിയാതെ പോയല്ലോന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സ് നീറി പുകഞ്ഞു

അച്ഛനെ തിരഞ്ഞ് ഞാന്‍ അകത്തേക്ക് ചെന്നു. അവിടെ കണ്ടില്ല.

അടുക്കളപ്പുറത്തും ഇടനാഴിയിലും നോക്കി . അവിടെയും കണ്ടില്ല.

ഒടുവില്‍ ഞാന്‍ പറമ്പിലേക്ക് നടന്നു.

അവിടെ കൊത്തി കിളയ്ക്കുന്നുണ്ടായിരുന്നു.

 മെല്ലെ മെല്ലെ ഞാനച്ഛന്‍റെ അരികിലേക്ക് നടന്നു.

അയല്‍ക്കാരന്‍റെ പഴയ ഷര്‍ട്ട്  വെട്ടി ചെറുതാക്കി ഇട്ട് നടന്ന ഗതികേട് തന്‍റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

അയല്‍ക്കാരന്‍റെ വീട്ടിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ഗതികേട് തന്‍റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ എന്‍റെ തല കുറ്റബോധത്താല്‍ താഴുന്നുണ്ടായിരുന്നു.

അടുത്തെത്തി പുറകിലൂടെ അച്ഛനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു.

തിരിഞ്ഞ് നിന്ന് എന്നെ നോക്കിയ അച്ഛന്‍റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പി നിന്ന് മാപ്പിരന്നു.

'ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ'  എന്ന് പറഞ്ഞ് ആ വലം കൈ എടുത്ത് ഞാനെന്‍റെ മുഖത്ത് വച്ചപ്പോള്‍ അച്ഛനാ കൈ എടുത്തെന്‍റെ തലയിലൂടെ തലോടി ചോദിച്ചു ,

' തലയില്‍ എണ്ണയൊന്നും ഇടാറില്ലല്ലേ , അതാണിങ്ങനെ മുടിയെല്ലാം പാറി പറന്ന് നില്‍ക്കുന്നതെന്ന് '

'അച്ഛാ ' , എന്ന് വിളിച്ച് ഞാന്‍ കെട്ടിപ്പിടിച്ച് പറഞ്ഞു , രണ്ട് വഴക്കെങ്കിലും ഈ മുഖത്ത് നോക്കി പറയച്ഛാ  എന്ന്.

ഒന്നും പറയാതെ അച്ഛനെന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .

തൂമ്പ ആ കയ്യില്‍ നിന്ന് വിടുവിപ്പിച്ച് ഞാനാ കൈ ചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് കൊണ്ട് പോയി.

എനിക്കറിയാമായിരുന്നു , ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയാല്‍ എന്‍റെ അച്ഛന്‍റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്.

എനിക്കറിയാമായിരുന്നു, മക്കളാല്‍ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തപ്പെടാന്‍ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്.

ഒരു കിണ്ണം കഞ്ഞിയെടുത്ത് കുമ്പിളില്‍ കോരി ആ വായയിലേക്ക്  വച്ച് കൊടുക്കുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു , അച്ഛന് മതി മോനേ , വയറ് നിറഞ്ഞെന്ന്.

അത് കേട്ട് ഞാനാ കാതില്‍ മെല്ലെ പറഞ്ഞു , മുഴുവന്‍ കഴിക്കച്ഛാ , ഇല്ലേല്‍ ബാക്കിയായ കഞ്ഞിയെന്നും പറഞ്ഞ് അമ്മ ആ തെങ്ങിന്‍ ചോട്ടില്‍ കൊണ്ട് പോയി കളയും ' എന്ന്.

അത് കേട്ട അച്ഛന്‍ ഓരോ കുമ്പിളും ആവേശത്തോടെ  കോരി കുടിക്കാന്‍ തുടങ്ങി.......!


എന്താണ് ജംഉം ഖസ്റും.❓

🔰എന്താണ് ജംഉം ഖസ്റും.❓
എങ്ങിനെയാണ് യാത്രയിലെ നമസ്കാരം.❓
••••••••••••••••••••••••••••••••••••••••••••

👉🏾രണ്ട് നേരത്തെ നമസ്കാരങ്ങള് ഏതെങ്കിലും ഒന്നിന്റെ സമയത്ത് റക്അത്തുകള് ചുരുക്കാതെ പൂര്ണമായും നമസ്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്.

ഉദാഹരണം: ളുഹ്റിന്റെ സമയത്ത് നാല് റക്അത്ത് അസ്വറും, ഇതുപോലെ അസ്വര് നമസ്കാര സമയത്ത് നാല് റക്അത്ത് ളുഹ്റും നമസ്കരിക്കുന്നതാണ് ജംഅ്. എന്നാല്, ഇങ്ങനെ അസ്വറും മഗ്രിബും ജംആക്കാവുന്നതല്ല.
സുബ്ഹ് നമസ്കാരത്തിന് ഒരിളവും ബാധകവുമല്ല.

👉🏾ഖസ്ര് കൊണ്ടുള്ള ഉദ്ദേശ്യം നാല് റക്അത്തുള്ള നമസ്കാരം രണ്ട് റക്അത്താക്കി ചുരുക്കി നിര്വഹിക്കുക എന്നതാണ്.

ഇത് യാത്രാവേളയില് മാത്രം അനുവദനീയമായ ഒരിളവാണ്. ഈ ഇളവനുസരിച്ച് യാത്രാവേളയില് ളുഹ്ര്-അസ്വര്നമസ്കാരങ്ങള് ഈരണ്ട് റക്അത്തായി ചുരുക്കി നിര്വഹിക്കാവുന്നതാണ്.

ജംഅ്, ഖസ്ര് എന്നീ രണ്ടിളവുകളും യാത്രാവേളയില് അനുവദനീയമാണ്. ഇതനുസരിച്ച് ളുഹ്റിന്റെ സമയത്ത്ളുഹ്ര് രണ്ട് റക്അത്തും ശേഷം അസ്വര് രണ്ട് റക്അത്തുമായി നമസ്കരിക്കാം.
ഇതേപ്രകാരം അസ്വറിന്റെ കൂടെ ളുഹ്റും നിര്വഹിക്കാവുന്നതാണ്.

ഇവിടെയെല്ലാം തന്നെ ആദ്യത്തെ നമസ്കാരമാണ് ആദ്യം നിര്വഹിക്കേണ്ടത്.

🔹പലരും ധരിച്ചിരിക്കുന്നതു പോലെ ജംഉം ഖസ്റും എന്നത് ഒരേ പ്രക്രിയയുടെ പേരല്ല. രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ നിബന്ധനകളും പ്രത്യേകതകളുമുണ്ട്.

▪യാത്രക്കാരന് മാത്രം ബാധകമായ ആനുകൂല്യമാണ് ഖസ്ര്. ജംആകട്ടെ ന്യായമായ കാരണങ്ങളുള്ളവര്ക്കൊക്കെ ഉപയോഗപ്പെടുത്താവുന്ന ഇളവാണ്. ഇസ്ലാമിക വിധികളെപറ്റി ധാരണയില്ലാത്തവര് പലരും, ഇത്തരം ഇളവുകളെ സംബന്ധിച്ച് അറിവില്ലാത്തതിനാല് പല ഘട്ടങ്ങളിലും കര്മ്മങ്ങള് ഉപേക്ഷിക്കുന്നതായി കാണാം.

മറ്റു ചിലരാകട്ടെ, ഇസ്ലാം ഒരിക്കലും ഉദ്ദേശിക്കാത്ത ബുദ്ധിമുട്ടുകള് സ്വയം വഹിക്കുകയും മറ്റുള്ളവരെ അതിന് നിര്ബന്ധിക്കുകയും ചെയ്യുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

🔰ജംആക്കുക എന്നതിന്റെ താല്പര്യമെന്താണ്❓
ആ ആനുകൂല്യം ആര്ക്കൊക്കെ.❓
____________________________

👉🏾രണ്ടു നേരത്തെ നമസ്കാരം ഒരു സമയത്ത് നമസ്കരിക്കലാണ് ജംആക്കുക (ചേര്ത്ത്നമസ്കരിക്കുക) എന്നാല്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം നമസ്കാരം ഖദാ (നഷ്ടപ്പെടുക) ആക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്.

മുന്കൂട്ടി നിശ്ചയിച്ച യാത്രകള്ക്ക് തയാറെടുക്കുമ്പോള് യാത്രാ ഷെഡ്യൂളില് നമസ്കാരം അജണ്ടയിലുണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള് വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടയില്ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന് സാധ്യതയുണ്ട്.

നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്അങ്ങനെയും, വൈകിപ്പിക്കുന്നതാണ് സൗകര്യമെങ്കില്അങ്ങനെയും ചെയ്യാന് പാകത്തില് യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര് ആദ്യത്തെ നമസ്കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്കാരത്തോടൊപ്പം ജംആക്കുമെന്ന് മനസ്സില് കരുതേണ്ടതാണ്. സമയത്തിന് നമസ്കരിക്കാന് ന്യായമായ തടസ്സമുള്ളവര്ക്കും ജംഅ് ചെയ്യാവുന്നതാണ്.

♦യാത്രക്കാര്ക്ക് പുറമെ ഓപ്പറേഷന് തിയേറ്ററിലെ ഡോക്ടര്മാര്, നഴ്സുമാര്, ശ്രദ്ധ തെറ്റാതെ രോഗിയുടെ അടുത്ത് നില്ക്കേണ്ടവര്, പരീക്ഷാ ഹാളില് ബന്ധിതരായ വിദ്യാര്ത്ഥികളും അധ്യാപകരും, ഇന്റര്വ്യൂപോലുള്ള കാര്യങ്ങള്ക്കായി ധാരാളം സമയം ചെലവഴിക്കാന് നിര്ബന്ധിതരായവര്, വാഹനം കാത്തുനില്ക്കുന്നവര്തുടങ്ങിയവര്ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്കിയ ജംഅ്എന്ന ഇളവ്.

ഇതു സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്നു അബ്ബാസില് നിന്ന് ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്.

മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ തിരുമേനി (സ) മദീനയില് വെച്ച് ളുഹ്റും അസ്റും, മഗ്രിബും ഇശാഉം ജംആക്കി നമസ്കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്നു അബ്ബാസിനോടന്വേഷിച്ചപ്പോള് അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ച്ചെയ്തതാണ് എന്നായിരുന്നു.

ഈ ഹദീസ് അവലംബിച്ച് ഇമാം ഇബ്നു സീരീനെപോലുളള പ്രഗത്ഭ പണ്ഡിതന്മാര് യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്ക്ക് പുറമെ മറ്റനിവാര്യമായ സാഹചര്യങ്ങളിലും ജംആക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
അതൊരു സ്ഥിരം ഏര്പ്പാടാവരുതെന്നും അവര് നിബന്ധന വെച്ചിട്ടുണ്ട്.

ഈ അഭിപ്രായത്തിനാണ് ഇമാം ഇബ്നുല് മുന്ദിര് മുന്ഗണന നല്കിയത്. ശറഹുമുസ്ലിമില് ഇമാം നവവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്
📗(യാത്രക്കാരുടെ നമസ്കാരം: ശറഹു മുസ്ലിം)..

🚫സുബ്ഹ് നമസ്കാരത്തിന് ഇത്തരം ഇളവുകള് ബാധകമല്ല. അതുപോലെ അസ്റും മഗ്രിബും ചേര്ത്ത് ജംആക്കാന് പറ്റില്ല. അസ്ര് നമസ്കാരത്തിനു മുമ്പ് പുറപ്പെടുകയും മഗ്രിബ് കഴിഞ്ഞേ ലക്ഷ്യസ്ഥാനത്തെത്തൂ എന്നു ബോധ്യമാവുകയും ചെയ്താല് അത്തരം സന്ദര്ഭങ്ങളില് ലഭ്യമായ സൗകര്യങ്ങള് എവിടെയാണോ ഉള്ളത് അവിടെ വെച്ച് അസ്ര് നമസ്കരിക്കുക. അപ്പോള് സാധ്യമാകുന്ന നിബന്ധനകള് പൂര്ത്തിയാക്കിയാല് മതി. ബസ്സിലാണെങ്കില് സീറ്റിലിരുന്നുംവുദുവിന് സാധ്യമല്ലാത്തപക്ഷം തയമ്മും ചെയ്തും നമസ്കരിക്കുക.
പലരെയും ഇത്തരം സന്ദര്ഭങ്ങളില് ചില സംശയങ്ങള് പിടികൂടാറുണ്ട്.

📚പ്രമുഖ കര്മ്മശാസ്ത്ര ഗ്രന്ഥമായ ‘കശ്ശാഫുല് ഖിനാ ഇ’ല് മുലയൂട്ടുന്ന സ്ത്രീക്ക് വരെ ജംആക്കാമെന്ന് പറയുന്നു. ശരീരത്തിലും വസ്ത്രത്തിലും കൂടെക്കൂടെ നജസാവുമെന്നതും,ഓരോ നമസ്കാരത്തിനും വൃത്തിയുള്ള വെവ്വേറെ വസ്ത്രം അണിയേണ്ടി വരുമെന്നതുമൊക്കെയാണ് അതിന് കാരണമായി വിശദീകരിച്ചിരിക്കുന്നത്.

ആര്ത്തവവേളകളിലല്ലാത്ത സന്ദര്ഭങ്ങളിലും ചില സ്ത്രീകള്ക്ക് രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇതൊരു രോഗമാണ്. രക്തസ്രാവമുള്ള സ്ത്രീകള്ക്ക് നമസ്കാരം ജംആക്കാമെന്ന് കുറിക്കുന്ന ഹദീസുകളും കാണാം. അത്തരം സ്ത്രീകള് അഞ്ച് നേരവും കുളിച്ച് ശുദ്ധിയാവുക പ്രയാസമായതിനാല് ളുഹറും അസറും അസറിന്റെ സമയത്തും മഗ്രിബും ഇശാഉം ഇശാഇന്റെ സമയത്തും നമസ്കരിച്ചാല്മതി.

ഹംന ബിന്ത് ജഹ്ശി(റ)നോട് തിരുമേനി അങ്ങനെ നിര്ദേശിച്ചതായി ഇമാം അഹ്മദ്, തിര്മിദി, ഇബ്നുമാജ തുടങ്ങിവര് ഉദ്ധരിച്ച ഹദീസില് കാണാം.

മൂത്രവാര്ച്ച പോലുള്ള രോഗമുള്ളവരും ഇതില് ഉള്പെടും. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്ക്ക് അവരുടെ പ്രയാസം മനസ്സിലാക്കി ഇസ്ലാമിക ശരീഅത്ത് ധാരാളം ഇളവുകള് നല്കിയിട്ടുണ്ട്.മാത്രമല്ല, ഇത്തരം ഇളവുകള് ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. കാരണം അല്ലാഹു തന്നെയാണല്ലോ അതനുവദിച്ചുതരുന്നത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

🔰നമസ്കാരം ഖസ്റാക്കുന്നവര് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്.❓
________________________________

1⃣. യാത്ര പുറപ്പെട്ട ശേഷമേ ഖസ്റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ. യാത്ര അവസാനിച്ച ശേഷവും ഖസ്റാക്കാന് പാടുള്ളതല്ല. ഇത് പക്ഷേ ജംആക്കുന്നവര്ക്ക് ബാധകമല്ല. യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിപ്പിച്ചശേഷവുമെല്ലാം നമസ്കാരം ജംആക്കാവുന്നതാണ്.

2⃣. യാത്ര എന്ന് പൊതുവെ പറയപ്പെടുന്ന ദൂരമെങ്കിലും വഴിദൂരമുള്ളവര്ക്കാണ് ഈ ഇളവുള്ളത്. ഇത്ര കിലോമീറ്റര്, ഇത്ര മൈല് എന്ന് തുടങ്ങിയ കാര്യത്തില് ഇരുപതിലധികം അഭിപ്രായങ്ങളാണുള്ളത് (ഫത്ഹുല് ബാരി കാണുക). ഖുര്ആനിലും ഹദീസിലും യാത്ര എന്നു പറയുകയല്ലാതെ അതിന്റെ ദൂരം നിര്ണയിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള് ഉണ്ടായിട്ടുള്ളത്.[നമസ്കാരം ചുരുക്കി നമസ്കരിക്കുന്നതിനും നോമ്പ് ഒഴിക്കുന്നതിനുംമിക്ക പണ്ഡിതരും നിശ്ചയിച്ചിട്ടുള്ള ദൂരം ഏതാണ്ട് 84 കിലോമീറ്ററാണ്. ഈ ദൂരനിര്ണയം ഏകദേശക്കണക്ക് മാത്രമാണ്. നബി(സ)യോ അനുചരന്മാരോ മീറ്ററും കിലോമീറ്ററും കണക്കുകൂട്ടി ദൂരം നിര്ണയിച്ചു തന്നിട്ടില്ല. ചില പണ്ഡിതന്മാരുടെഅഭിപ്രായത്തില്ദൂരം ഒരുപാധിയേയല്ല.]

3⃣. യാത്രക്കാരന് പൂര്ണ്ണമായി നമസ്കരിക്കുന്നവന്റെ പിന്നില് മഅ്മൂമായിട്ടാണ്നമസ്കരിക്കുന്നതെങ്കില് അയാളും ഇമാമിനെപ്പോലെ നാലു റക്അത്തുതന്നെ നമസ്കരിക്കേണ്ടതാണ്.

യാത്രക്കാരുടെ നമസ്കാരത്തെപറ്റിവിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: യാത്രയില് ഖസ്റാക്കുന്ന വിഷയത്തില് പണ്ഡിതന്മാര് ഭിന്നാഭിപ്രായക്കാരാണ്. എന്നാല് ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങി ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണം യാത്രക്കാര് ഖസ്റാക്കുന്നതാണ് ഉത്തമം എന്നാണ്
📗(ശറഹു മുസ്ലിം).

ശാഫിഈ മദ്ഹബിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥത്തില് ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നു: നമസ്കാരം ഖസ്റാക്കലും ആക്കാതിരിക്കലുമൊക്കെ അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്. തുടര്ന്നദ്ദേഹംപറയുന്നു: ഇങ്ങനെ ഖസ്റാക്കാമെന്നത് കറാഹത്തായി ആരെങ്കിലും മനസ്സിലാക്കുകയോ, അതല്ലെങ്കില് ഇങ്ങനെ ഖസ്റാക്കുന്നത് അനുവദനീയമാണെന്നകാര്യത്തില് സന്ദേഹിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം ഖസ്റാക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. എന്ന് മാത്രമല്ല ഇത്തരം പശ്ചാത്തലത്തില് പൂര്ണമായിനമസ്കരിക്കുന്നത് കറാഹത്താവുക കൂടി ചെയ്യും.ഖസ്റാക്കാനുള്ളവൈമനസ്യം നീങ്ങുവോളം ഈ കറാഹത്തിന്റെ വിധിയും തുടരും. ഇത്തരം ഘട്ടത്തില് എല്ലാതരം ഇളവുകളുടെയും കാര്യം ഇപ്രകാരം തന്നെ.

ഇതേ അഭിപ്രായം തന്നെയാണ് ഉസ്മാനുബ്നു അഫ്ഫാന്, സഅദുബ്നു അബീ വഖാസ്, ആഇശ തുടങ്ങിയ മഹാന്മാരായ സ്വഹാബികളുടെതും. കൂടാതെ ഇബ്നു മസ്ഊദ്, ഇബ്നു ഉമര്, ഇബ്നു അബ്ബാസ്, ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങിയ പന്ത്രണ്ടോളം സ്വഹാബിമാരുടെയും മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരുള്പ്പെടെയുള്ള ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായവും ഇതുതന്നെയാണെന്നും അദ്ദേഹം തുടര്ന്നു പറയുന്നു…
(യാത്രക്കാരന്റെനമസ്കാരം എന്ന ഭാഗം, അല് മജ്മൂഅ്).

📗(ബുഖാരി: 1084, മുസ്ലിം: 695).

തിരുചര്യയെ അക്ഷരംപ്രതി ചാണിനു ചാണായി പിന്പറ്റിയ മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്നു ഉമര് പറയുന്നു: ഞാന് റസൂല്(സ), അബൂബക്കര്(റ), ഉമര്(റ),ഉസ്മാന്(റ) തുടങ്ങിയവരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അവരാരും യാത്രയില് രണ്ട് റക്അത്തിലധികം നമസ്കരിക്കാറുണ്ടായിരുന്നില്ല.

ലോകത്തേറ്റവും കൂടുതല് ആളുകള് പിന്പറ്റുന്ന ഹനഫി മദ്ഹബിന്റെ വീക്ഷണമാകട്ടെ, ഖസ്റാക്കുക എന്നത് കേവലം അനുവദനീയമോ അഭികാമ്യമോ മാത്രമല്ല വാജിബ് (നിര്ബന്ധം) തന്നെ ആണെന്നാണ്.
📗(മുസ്ലിം, 1605).

ഭയാശങ്കകളുള്ള സന്ദര്ഭത്തില്മാത്രം നല്കപ്പെട്ട ഒരിളവാണ് ഖസ്ര് എന്നായിരിന്നു മഹാനായ ഉമറി(റ)ന്റെ ധാരണ. പിന്നീട് ഇസ്ലാമിക സമൂഹം പൂര്ണമായും സുരക്ഷിതമായപ്പോള് അദ്ദേഹം തിരുമേനിയോട് ഇനിയും നമസ്കാരം ഖസ്റാക്കുന്നതിന്റെ പ്രസക്തിയെപറ്റിചോദിക്കുകയുണ്ടായി. അന്നേരം തിരുമേനിപ്രതികരിച്ചതിങ്ങനെ: ”അല്ലാഹു നിങ്ങളോട് കാണിച്ച ഒരു ഔദാര്യമാണത്. ആ ഔദാര്യം നിങ്ങള് സ്വീകരിക്കുക”

🔹അതിനാല് ആവശ്യമില്ലാത്ത വസ്വാസുകളുണ്ടാക്കി അത്തരം ഇളവുകള് ഒഴിവാക്കേണ്ടതില്ല.. കാരുണ്യവാനായ നാഥന് നല്കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

📗(ബുഖാരി. 2. 20. 186)

ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) പത്തൊമ്പത് ദിവസം ഖസ്റാക്കിക്കൊണ്ട് (മക്കാവിജയ വേളയില്) അവിടെ താമസിച്ചു. ഞങ്ങള് യാത്ര ചെയ്യുകയും ഒരു സ്ഥലത്തു19 ദിവസം വരെ താമസിക്കുകയും ചെയ്താല് ഖസ്റാക്കും. വര്ദ്ധിപ്പിച്ചാല് പൂര്ത്തിയാക്കും.

Sahih Al-Bukhari Hadith 5.593 Narrated by Ikrima

📗(ബുഖാരി. 2. 20. 189)

ഹാരിസത്തു(റ) പറയുന്നു: ഞങ്ങള് തികച്ചും നിര്ഭയരായിരിക്കുന്ന സന്ദര്ഭത്തില്തന്നെ നബി(സ) ഞങ്ങളെയും കൂട്ടി മിനായില് വെച്ച് രണ്ട് റക്ത്താക്കി നമസ്കരിച്ചിട്ടുണ്ട്.

📗(ബുഖാരി. 2. 20. 209)

ഇബ്നുഉമര്(റ) നിവേദനം: നബി(സ) വേഗം എത്തേണ്ടതായ യാത്രയിലാണെങ്കില് മഗ്രിബിന്റെയും ഇശായുടെയും ഇടയില് ജംഅാക്കി നമസ്കരിക്കും. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യാത്രയില് ളുഹ്റും അസ്റും അപ്രകാരം തന്നെ മഗ്രിബും ഇശായും ജം: ആക്കി നമസ്കരിക്കാറുണ്ട്.

📗(ബുഖാരി. 2. 20. 203)

ജാബിര്(റ) നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തന്റെ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാറുണ്ട്. ഫര്ള് നമസ്കരിക്കുവാന് ഉദ്ദേശിക്കുമ്പോള് വാഹനപ്പുറത്ത് നിന്ന് ഇറങ്ങി ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് നമസ്കരിക്കും.

📗Sunan of Abu-Dawood Hadith 1231 Narrated by Jabir ibn Abdullah

ജാബിര്(റ) നിവേദനം: നബി(സ) തബൂകില് ഇരുപതു ദിവസം താമസിച്ചപ്പോള്എല്ലാം നമസ്കാരം ചുരുക്കുകയാണുണ്ടായിട്ടുള്ളത്

الله اعلم

 www.thadkira.com

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

ഏറെ ചിന്തിപ്പിക്കുന്ന വാക്കുകൾ


അനാഥ മന്ദിരങ്ങൾ നിറയെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ്

വൃദ്ധമന്ദിരങ്ങളിൽ സമ്പന്നരുടെ മാതാപിതാക്കളും