2015, മേയ് 20, ബുധനാഴ്‌ച

എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.


എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.
••••••••••••••••••••••••••••••••••••••
എന്ത് കൊണ്ടാണ് നമ്മില്‍ ചിലര്‍ നല്ല മത-സദാചാര ബോധാമുള്ളവരായിട്ടും പെരുമാറ്റ ദുഷ്യം ഉള്ളവരായി? പെട്ടന്ന് കോപം കൊണ്ടു  കലിതുള്ളുന്നവരായി? അസ്ഥാനത് പിടിവാശിയുള്ളവരായി?ചിലരോടുള്ള വെറുപ്പ്‌ മനസ്സില്‍ കൊണ്ട് നടക്കുന്നവരായി? തറക്കുന്ന വാക്കുകള്‍ പറയുന്നവരായി? ചിലപ്പോള്‍ കലഹിക്കുന്നവരായി? എന്ത് കൊണ്ട് നമ്മുടെ മത ബോധത്തിന്നു പോലും അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല? അപ്പോള്‍ എവിടെയോ ചില കുഴപ്പമുണ്ട്.  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിശോധിക്കാം. നമ്മുടെ സ്വഭാവം, പെരുമാറ്റം, സംസാര രീതി എന്നിവ രുപീകരിചു വരുന്നത് നമ്മുടെ കുടുബന്തരീക്ഷത്തില്‍നിന്നാണ്. നമ്മുടെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങള്‍ അവയെ കാര്യമായി സ്വാധീനിക്കും.  അംഗീകാരം, പ്രോത്സാഹനം എന്നിവ ലഭിക്കാത്തവര്‍ അപകര്‍ഷത ബോധമുള്ളവര്‍, അന്തര്‍മുഖര്‍,നിരശാജീവികള്‍,ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍, ക്രിമിനലുകള്‍, പിതാവിനെ പേടിയള്ളവര്‍, ആത്മഹത്യ പ്രേരണയുള്ളവര്‍, അദ്ധ്യാപകര്‍ മരിക്കട്ടെ എന്നാഗ്രഹിക്കുന്ന കുട്ടികള്‍, അവരെ ശപിക്കുന്നവര്‍,  നാടുവിട്ടുപോകുന്നവര്‍,വീട്ടില്‍ നിന്നും അകന്നു കഴിയാന്‍ താത്പര്യമുള്ളവര്‍,കാമുകന്‍മാരുടെ കൂടെ ഒളിചോടുന്നവര്‍, വര്‍ഷങ്ങളായി മിണ്ടാത്തവര്‍ ,കുടുംബ കലഹം, വിവാഹമോചനം   തുടങ്ങി പല തരത്തിലുള്ള സ്വഭാവവും,പെരുമാറ്റവും ഉള്ളവരായി നിങ്ങള്ക്ക് കാണാം.
ഇവയല്ലാം യഥാര്‍ഥത്തില്‍ സ്നേഹം കിട്ടാത്തതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അപ്പോള്‍ എന്താണ് സ്നേഹം? കുട്ടികള്‍ക്കുള്ള പഠന സൌകര്യങ്ങള്‍ ഒരുക്കുക, ഭക്ഷണം,വസ്ത്രം,ചികിത്സ തുടങ്ങിയവ നല്‍കുക, അതിനായി പണം സമ്പാദിക്കുക. അതോടു കു‌ടി ബാദ്ധ്യത കഴിഞ്ഞു . ഇതാണ് സ്നേഹമെന്ന് എല്ലാവരും മനസ്സിലാക്കുന്നു.പക്ഷെ അത് സ്നേഹമോ,സ്നേഹപ്രകടനമോ അല്ല.അത് അവകാശവും ചുമതലയുമാണ്. അതിന്നു തിരിച്ചു പ്രതിഫലം ആഗ്രഹിക്കവതല്ല. നമ്മുടെ മാതാപിതാക്കളും,മുതിര്‍ന്നവരും,സമുഹം മൊത്തത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.അടിയന്തരമായി ഇത് മാറ്റിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ നശിച്ചത് തന്നെ. അപ്പോള്‍ വീണ്ടും, എന്താണ് സ്നേഹം? "നിങ്ങളില്‍ നിന്നുണ്ടാകുന്ന ആശയവിനിമയം,പ്രവര്‍ത്തനങ്ങള്‍,സമീപനങ്ങള്‍,സംസാരശൈലി,മുഖഭാവം എന്നിവയില്‍ നിന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അനുഭുതി (പോസറ്റീവ് സ്ട്രോക്ക് )യെ നമുക്ക് സ്നേഹമെന്ന് വിളിക്കാം" ഇത് ലഭിക്കാത്തവര്‍ അത് ലഭിക്കുന്നിടത്തെക്ക് പോകുന്നു.
ഇതില്‍ സംസാര ശൈലിയെ മാത്രം നമുക്ക് എടുക്കാം. ചെറുപ്പകാലത്ത് നാം കുട്ടികളെ പൊട്ടന്‍, മന്ദബുദ്ധി, മണ്ടന്‍, പോത്ത്, ഒന്നിനും കൊള്ളാത്തവന്‍, തുടങ്ങിയവ വിളിക്കുന്നു. അത് അവരുടെ ഭാവി ജീവിതത്തെത്തന്നെ ചിലപ്പോള്‍ ഇരുട്ടിലാക്കിയേക്കാം. ആകാലത്ത്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ജീവിതാന്ത്യം വരെ മറക്കുകയില്ല. ആഘാതം എല്പിച്ചവര്‍ അത് അറിയുന്നുമില്ല. ശരീര  മുറിവ് മാറ്റം, പക്ഷെ മനസ്സിന്റെ മുറിവ് ജീവിതാന്ത്യം വരെ മറക്കില്ല. അറിയുക നന്മകള്‍ അല്ലാഹുവില്‍ നിന്ന്, പെരുമാറ്റം മാതാ-പിതാക്കളില്‍ നിന്ന് , തിന്മ പിശാചില്‍ നിന്ന്.
ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു. ശരീരത്തിനു ഭക്ഷണം ആവശ്യമാണ്‌ എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്‌.
ഉദാ:-റസുല്‍(സ) യുടെ റുമില്‍ മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും, പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും, തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില്‍ കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു. നോക്കു,നമ്മില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.  
   
ഒരു വ്യക്തിയെ തിരിച്ചറിയുകയെന്നാല്‍ അയാളുടെ വ്യക്തിത്വം തിരിച്ചറിയുക എന്നാണ്. അപ്പോള്‍ എന്താണ് വ്യക്തിത്വം? നീ എന്ന വ്യക്തിയുടെ കഴിവും, കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ  കഴിവും, കഴിവുകെടും നീയും  തിരിച്ചറിയുക. അതിനനുസരിച്ച് പെരുമാറുക അപ്പോള്‍ ഒരു പിതാവും തന്റെ പുത്രനോട് അവന്നു കഴയാത്തത് ആവശ്യപ്പെടില്ല.ഒരു ഭര്‍ത്താവും തന്റെ ഭാര്യയടെ കഴിവിന്നതീതമായത് കല്പിക്കില്ല. ഇങ്ങനെ എല്ലാവരും പരസ്പരം തിരിച്ചറിഞ്ഞു പെരുമാറിയാല്‍ കുടുംബവും സമുഹവും രക്ഷപ്പെടില്ലേ? വാക്കുകളിലും, സംസാര-പെരുമാറ്റ രീതികളിലുള്ള പാളിച്ചകള്‍ കുടുംബത്തിലും, സമുഹത്തിലും കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. ചില വാക്കുകള്‍ കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്നു.      

നിങ്ങള്‍ കണ്ടിട്ടില്ലേ?ചില സുഹൃത്തുക്കള്‍,ചില ഭാര്യ- ഭര്‍ത്താക്കള്‍ അവര്‍ ഒരിക്കലും കലഹിചിട്ടില്ല. വഴക്കടിചിട്ടുമില്ല. വര്‍ഷങ്ങളോളം ,അല്ലെങ്ങില്‍ ജീവിതാന്ത്യം വരെ. എന്ത് കൊണ്ട് ? അവര്‍ പരസ്പരം തിരിച്ചറിഞ്ഞു പെരുമാറുന്നു എന്നത് കൊണ്ടാണത് . എപ്പോഴും മകളെ ശകാരിക്കുന്ന മാതാവ്‌, അത് പോലെ മാതാവുമായി ശണ്ടകൂടുന്ന മക്കള്‍. അവര്‍ പരസ്പരം തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നല്ല വാക്ക് പറയുക(ഖൌലന്‍ മഅറൂഫ).നിങ്ങള്‍ എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ