2015, മേയ് 27, ബുധനാഴ്‌ച

എന്ത് ഗെയിം


മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു.
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. അത് കാര്‍ത്തികയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു.
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു.
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"
വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു.
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത !
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി - "എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും - അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും. വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും. എന്നാല്‍ എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു !
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ് , എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്.

2015, മേയ് 20, ബുധനാഴ്‌ച

എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.


എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.
••••••••••••••••••••••••••••••••••••••
എന്ത് കൊണ്ടാണ് നമ്മില്‍ ചിലര്‍ നല്ല മത-സദാചാര ബോധാമുള്ളവരായിട്ടും പെരുമാറ്റ ദുഷ്യം ഉള്ളവരായി? പെട്ടന്ന് കോപം കൊണ്ടു  കലിതുള്ളുന്നവരായി? അസ്ഥാനത് പിടിവാശിയുള്ളവരായി?ചിലരോടുള്ള വെറുപ്പ്‌ മനസ്സില്‍ കൊണ്ട് നടക്കുന്നവരായി? തറക്കുന്ന വാക്കുകള്‍ പറയുന്നവരായി? ചിലപ്പോള്‍ കലഹിക്കുന്നവരായി? എന്ത് കൊണ്ട് നമ്മുടെ മത ബോധത്തിന്നു പോലും അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല? അപ്പോള്‍ എവിടെയോ ചില കുഴപ്പമുണ്ട്.  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിശോധിക്കാം. നമ്മുടെ സ്വഭാവം, പെരുമാറ്റം, സംസാര രീതി എന്നിവ രുപീകരിചു വരുന്നത് നമ്മുടെ കുടുബന്തരീക്ഷത്തില്‍നിന്നാണ്. നമ്മുടെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങള്‍ അവയെ കാര്യമായി സ്വാധീനിക്കും.  അംഗീകാരം, പ്രോത്സാഹനം എന്നിവ ലഭിക്കാത്തവര്‍ അപകര്‍ഷത ബോധമുള്ളവര്‍, അന്തര്‍മുഖര്‍,നിരശാജീവികള്‍,ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍, ക്രിമിനലുകള്‍, പിതാവിനെ പേടിയള്ളവര്‍, ആത്മഹത്യ പ്രേരണയുള്ളവര്‍, അദ്ധ്യാപകര്‍ മരിക്കട്ടെ എന്നാഗ്രഹിക്കുന്ന കുട്ടികള്‍, അവരെ ശപിക്കുന്നവര്‍,  നാടുവിട്ടുപോകുന്നവര്‍,വീട്ടില്‍ നിന്നും അകന്നു കഴിയാന്‍ താത്പര്യമുള്ളവര്‍,കാമുകന്‍മാരുടെ കൂടെ ഒളിചോടുന്നവര്‍, വര്‍ഷങ്ങളായി മിണ്ടാത്തവര്‍ ,കുടുംബ കലഹം, വിവാഹമോചനം   തുടങ്ങി പല തരത്തിലുള്ള സ്വഭാവവും,പെരുമാറ്റവും ഉള്ളവരായി നിങ്ങള്ക്ക് കാണാം.
ഇവയല്ലാം യഥാര്‍ഥത്തില്‍ സ്നേഹം കിട്ടാത്തതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അപ്പോള്‍ എന്താണ് സ്നേഹം? കുട്ടികള്‍ക്കുള്ള പഠന സൌകര്യങ്ങള്‍ ഒരുക്കുക, ഭക്ഷണം,വസ്ത്രം,ചികിത്സ തുടങ്ങിയവ നല്‍കുക, അതിനായി പണം സമ്പാദിക്കുക. അതോടു കു‌ടി ബാദ്ധ്യത കഴിഞ്ഞു . ഇതാണ് സ്നേഹമെന്ന് എല്ലാവരും മനസ്സിലാക്കുന്നു.പക്ഷെ അത് സ്നേഹമോ,സ്നേഹപ്രകടനമോ അല്ല.അത് അവകാശവും ചുമതലയുമാണ്. അതിന്നു തിരിച്ചു പ്രതിഫലം ആഗ്രഹിക്കവതല്ല. നമ്മുടെ മാതാപിതാക്കളും,മുതിര്‍ന്നവരും,സമുഹം മൊത്തത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.അടിയന്തരമായി ഇത് മാറ്റിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ നശിച്ചത് തന്നെ. അപ്പോള്‍ വീണ്ടും, എന്താണ് സ്നേഹം? "നിങ്ങളില്‍ നിന്നുണ്ടാകുന്ന ആശയവിനിമയം,പ്രവര്‍ത്തനങ്ങള്‍,സമീപനങ്ങള്‍,സംസാരശൈലി,മുഖഭാവം എന്നിവയില്‍ നിന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അനുഭുതി (പോസറ്റീവ് സ്ട്രോക്ക് )യെ നമുക്ക് സ്നേഹമെന്ന് വിളിക്കാം" ഇത് ലഭിക്കാത്തവര്‍ അത് ലഭിക്കുന്നിടത്തെക്ക് പോകുന്നു.
ഇതില്‍ സംസാര ശൈലിയെ മാത്രം നമുക്ക് എടുക്കാം. ചെറുപ്പകാലത്ത് നാം കുട്ടികളെ പൊട്ടന്‍, മന്ദബുദ്ധി, മണ്ടന്‍, പോത്ത്, ഒന്നിനും കൊള്ളാത്തവന്‍, തുടങ്ങിയവ വിളിക്കുന്നു. അത് അവരുടെ ഭാവി ജീവിതത്തെത്തന്നെ ചിലപ്പോള്‍ ഇരുട്ടിലാക്കിയേക്കാം. ആകാലത്ത്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ജീവിതാന്ത്യം വരെ മറക്കുകയില്ല. ആഘാതം എല്പിച്ചവര്‍ അത് അറിയുന്നുമില്ല. ശരീര  മുറിവ് മാറ്റം, പക്ഷെ മനസ്സിന്റെ മുറിവ് ജീവിതാന്ത്യം വരെ മറക്കില്ല. അറിയുക നന്മകള്‍ അല്ലാഹുവില്‍ നിന്ന്, പെരുമാറ്റം മാതാ-പിതാക്കളില്‍ നിന്ന് , തിന്മ പിശാചില്‍ നിന്ന്.
ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു. ശരീരത്തിനു ഭക്ഷണം ആവശ്യമാണ്‌ എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്‌.
ഉദാ:-റസുല്‍(സ) യുടെ റുമില്‍ മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും, പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും, തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില്‍ കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു. നോക്കു,നമ്മില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.  
   
ഒരു വ്യക്തിയെ തിരിച്ചറിയുകയെന്നാല്‍ അയാളുടെ വ്യക്തിത്വം തിരിച്ചറിയുക എന്നാണ്. അപ്പോള്‍ എന്താണ് വ്യക്തിത്വം? നീ എന്ന വ്യക്തിയുടെ കഴിവും, കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ  കഴിവും, കഴിവുകെടും നീയും  തിരിച്ചറിയുക. അതിനനുസരിച്ച് പെരുമാറുക അപ്പോള്‍ ഒരു പിതാവും തന്റെ പുത്രനോട് അവന്നു കഴയാത്തത് ആവശ്യപ്പെടില്ല.ഒരു ഭര്‍ത്താവും തന്റെ ഭാര്യയടെ കഴിവിന്നതീതമായത് കല്പിക്കില്ല. ഇങ്ങനെ എല്ലാവരും പരസ്പരം തിരിച്ചറിഞ്ഞു പെരുമാറിയാല്‍ കുടുംബവും സമുഹവും രക്ഷപ്പെടില്ലേ? വാക്കുകളിലും, സംസാര-പെരുമാറ്റ രീതികളിലുള്ള പാളിച്ചകള്‍ കുടുംബത്തിലും, സമുഹത്തിലും കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. ചില വാക്കുകള്‍ കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്നു.      

നിങ്ങള്‍ കണ്ടിട്ടില്ലേ?ചില സുഹൃത്തുക്കള്‍,ചില ഭാര്യ- ഭര്‍ത്താക്കള്‍ അവര്‍ ഒരിക്കലും കലഹിചിട്ടില്ല. വഴക്കടിചിട്ടുമില്ല. വര്‍ഷങ്ങളോളം ,അല്ലെങ്ങില്‍ ജീവിതാന്ത്യം വരെ. എന്ത് കൊണ്ട് ? അവര്‍ പരസ്പരം തിരിച്ചറിഞ്ഞു പെരുമാറുന്നു എന്നത് കൊണ്ടാണത് . എപ്പോഴും മകളെ ശകാരിക്കുന്ന മാതാവ്‌, അത് പോലെ മാതാവുമായി ശണ്ടകൂടുന്ന മക്കള്‍. അവര്‍ പരസ്പരം തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നല്ല വാക്ക് പറയുക(ഖൌലന്‍ മഅറൂഫ).നിങ്ങള്‍ എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.

2015, മേയ് 17, ഞായറാഴ്‌ച

നിങ്ങള്‍ മക്കളെ അറിയാന്‍ ശ്രമിക്കാറുണ്ടോ?


നിങ്ങള്‍ മക്കളെ അറിയാന്‍ ശ്രമിക്കാറുണ്ടോ?


രസകരമായ ഒരു സാങ്കല്‍പിക കഥയുണ്ട്. ദൂരെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരുന്ന ഒരാളുടെ കഥ. ഇയാളുടെ വീടിനോട് ചേര്‍ന്ന് ഒരു പാമ്പിന്‍ മാളം ഉണ്ടായിരുന്നത്രെ. പക്ഷേ, ഇദ്ദേഹം ആ പാമ്പിന്റെ സാന്നിധ്യത്തില്‍ അതീവ സന്തുഷ്ടനായിരുന്നു. കാരണം, ആ പാമ്പിന്റെ മുട്ടകള്‍ അങ്ങാടിയില്‍ കൊണ്ട്‌പോയി ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ഇയാള്‍ ഒരുപാട് ലാഭം നേടിയിട്ടുണ്ട്.



ഒരു ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലെ കറവയുള്ള ആടിനെ പാമ്പ് കടിച്ചു. കൊത്തേറ്റ മാത്രയില്‍ ആട് പിടഞ്ഞു ചത്തു. പക്ഷേ, ചത്ത ആടിനെ നോക്കി ഗൃഹനാഥനും ഭാര്യയും പറഞ്ഞതിങ്ങനെ: ''ആടിന്റെ പാല്‍ വിറ്റ് കിട്ടുന്ന കാശിനേക്കാള്‍ ഈ പാമ്പിന്റെ മുട്ടകളാണ് നമ്മെ സമ്പന്നരാക്കിയത്''. പാമ്പിനെ വീണ്ടും മാളത്തിലേക്ക് പോകാന്‍ വിട്ടയച്ചു. താരതമ്യത്തില്‍ പാമ്പ് ആടിനേക്കാള്‍ മെച്ചം!



മറ്റൊരിക്കല്‍, വീട്ടുകാര്‍ വാഹനമായി ഉപയോഗിച്ചിരുന്ന കഴുതയെയും പാമ്പ് കടിച്ചു. കഴുതയുടെ ശവം കണ്ടിട്ടും വീട്ടുകാര്‍ക്ക് തോന്നിയതിങ്ങനെ: ''ഒരു കഴുത ചത്താലും പാമ്പില്‍ നിന്ന് കിട്ടുന്ന വരുമാനം മുടക്കാന്‍ തുനിയണ്ട''. പാമ്പിനെ കൊല്ലേണ്ടതില്ലെന്നവര്‍ തീരുമാനിച്ചു.



രണ്ടു വര്‍ഷം കഴിഞ്ഞു. പാമ്പില്‍ നിന്നുള്ള വരുമാനം ഇരട്ടിയായി. എന്നാല്‍ ഇത്തവണ പാമ്പ് കടിച്ചത് വീട്ടിലെ വേലക്കാരനെ. വേലക്കാരന്റെ മരണവും ഇക്കൂട്ടര്‍ക്ക് നഷ്ടമായി തോന്നിയില്ല. കാരണം വരുമാനം തന്നെ.



അവസാനം ഇവരുടെ മകനെ തന്നെ പാമ്പ് കടിച്ചു. മകന്റെ മരണത്തെ തുടര്‍ന്ന് പാമ്പിനെ കൊല്ലാന്‍ അവര്‍ പദ്ധതിയിട്ടു. അപ്പോഴേക്കും പാമ്പ് സ്ഥലം കാലിയാക്കിയിരുന്നു. മകനെ കുറിച്ച ദുഃഖങ്ങള്‍ മാറിയപ്പോള്‍ തങ്ങളുടെ വരുമാനം അവരുടെ ഓര്‍മയില്‍ തിരിച്ചെത്തി. പാമ്പിനെ തേടി അടുത്തുള്ള കാട്ടിലേക്ക് അവര്‍ ചെന്നു. ഇനിയൊരിക്കലും നിന്നെ ഞങ്ങള്‍ ഉപദ്രവിക്കില്ലെന്നുള്ള ഉറപ്പിന്മേല്‍ പാമ്പിനെ അവര്‍ വീട്ടിലേക്ക് തിരിച്ചു വിളിച്ചു.



പിന്നീടുള്ള രണ്ടു വര്‍ഷം കാര്യമായ ഉപദ്രവം പാമ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന

്നാല്‍ അധികം താമസിയാതെ തന്നെ പാമ്പ് ഇവര്‍ രണ്ടു പേരുടെയും കൂടി ഘാതകനായിത്തീര്‍ന്നു!



അത്ഭുതമെന്ന് പറയട്ടെ, ഈ കഥയിലെ ഗൃഹനാഥനും ഭാര്യയും പാമ്പിനോട് അനുവര്‍ത്തിച്ച അതേനയം തന്നെയാണ് നമ്മില്‍ പല മാതാപിതാക്കളും അവരുടെ മക്കളുമായി ഇടപെടുന്നിടത്ത് സ്വീകരിച്ചു കാണുന്നത്. നാളെ തിരിച്ചു കിട്ടേണ്ട പണച്ചാക്കുകളായി മാത്രം മക്കളെ കരുതി യാതൊരുവിധ നന്മയും അക്കൂട്ടരില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കാത്തവര്‍. വീട്ടിലെ കാറിനെക്കുറിച്ചും ഭൂസ്വത്തുക്കളെക്കുറിച്ചും താന്‍ ചേര്‍ന്ന സമ്പാദ്യപദ്ധതിയെക്കുറിച്ചും മാത്രമുള്ള ചര്‍ച്ചകള്‍ മുഴങ്ങുന്ന കുടുംബാന്തരീക്ഷം. ചെറുപ്രായത്തില്‍ തന്നെ ഏതുവിധേനയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന പിതാവിനെ കണ്ടു വളരുന്ന മകന്‍ തന്റെ ഏകലക്ഷ്യമായി പണസമ്പാദനത്തെ ഏറ്റെടുക്കുകയും ചെയ്യുന്നു.



മക്കളുടെ ഭാവിയെക്കരുതി പോളിസികളും കരുതല്‍ മുതലുകളും കൈയിലുള്ള മാതാപിതാക്കള്‍ ഓര്‍ക്കാത്ത ഒന്നുണ്ട്, അവരുടെ സംസ്‌കരണ പ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ദുരന്തത്തിന്റെ വിത്താണ് തങ്ങള്‍ നടുന്നതെന്ന്.



ധനസമ്പാദനത്തിനായി ഓടിനടന്ന പിതാവിന്റെ അസാന്നിധ്യം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് മക്കളെ നയിക്കുകയും ചെയ്യുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവില്‍ നിന്നും മാതാവില്‍ നിന്നും കിട്ടുന്ന അവഗണന വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ഇരട്ടിയായി തിരിച്ചു കൊടുക്കുകയും ചെയ്യും.



എന്തിനാണ് നമ്മള്‍ മക്കളെ വളര്‍ത്തുന്നത്? എത്ര ഉദാത്തമായ ലക്ഷ്യത്തിനാണതെന്ന് പലര്‍ക്കുമറിയാമെങ്കിലും പ്രായോഗിക മേഖലയില്‍ ഭൂരിഭാഗവും പരാജയപ്പെടുന്നതിന്റെ കാരണമെന്ത്? പ്രശ്‌നങ്ങളെക്കാളേറെ പരിഹാരം നിര്‍ദേശിക്കാനാണ് എന്റെ ശ്രമം.



മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ കോപാകുലരാകുന്ന മക്കളുണ്ട്. എന്നാല്‍ മറ്റുള്ളവരുമായുള്ള ഇവരുടെ പെരുമാറ്റം ഏറെ ഹൃദ്യവും മയമുള്ളതുമാണ്. പലരുടെയും ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്ന് ലഭ്യമാകേണ്ട ചില നന്മകള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടതായി വേണം മനസ്സിലാക്കാന്‍.



ഈ പ്രതിസന്ധികളെ മറികടക്കാന്‍ മാതാപിതാക്കള്‍ക്കായി ചില നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ. നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് തന്നെ ലഭിക്കട്ടെ.



 നിങ്ങള്‍ മക്കള്‍ക്ക് മാതൃകയാവുക. വിശേഷിച്ചും സത്യസന്ധതയില്‍. അവര്‍ക്ക് നല്‍കുന്ന ഓഫറുകളും വാഗ്ദാനങ്ങളും പാലിക്കാന്‍ ശ്രമിക്കുക.

 

 നിങ്ങള്‍ക്കും നിങ്ങളുടെ പത്‌നിക്കും അവരോടുള്ള സ്‌നേഹം ഉറക്കെ പ്രഖ്യാപിക്കുക. 'മുഖത്ത് അരിശവും അകത്ത് പിരിശവും' എന്ന നിലപാട് അവസാനിപ്പിച്ച് കുടുംബം സ്‌നേഹസാന്ദ്രമാക്കുക.



 നിങ്ങളെക്കുറിച്ചുള്ള വിശ്വാസം അവരില്‍ നേടിയെടുക്കുക. നിങ്ങള്‍ അവരെയും വിശ്വാസത്തിലെടുക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും നേട്ടങ്ങളെ അനുമോദിക്കുകയും ചെയ്യുക.



 ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും അവരുമായി തനിച്ചിരിക്കുക. അവരുടെ താല്‍പര്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും ആരായുക. മാസത്തിലൊരിക്കലെങ്കിലും അവരെയും കൂട്ടി പുറത്ത് പോയി ഭക്ഷണം കഴിക്കുക.



 അവരുടെ അഭിരുചി എത്ര ചെറുതാണെങ്കിലും പരിപോഷിപ്പിക്കുക.അവരോടൊപ്പം വായിക്കുക,  കളിക്കുക, ഉല്ലസിക്കുക



 അവരുടെ ചെറുപ്പത്തിലെ കുസൃതികളും മറ്റും അവരുമായി പങ്ക് വെക്കുക. നിങ്ങള്‍ അവരില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടാകും. അതവരെ അറിയിക്കുക.



ധാര്‍മിക മൂല്യങ്ങള്‍ നിങ്ങളില്‍ നിന്ന് അവര്‍ നേരിട്ട് പഠിക്കാനുതകുംവിധം സന്ദര്‍ഭങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുക.



 നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കെതന്നെ പരിപൂര്‍ണ സ്വതന്ത്ര്യം അവര്‍ക്ക് നല്‍കുക. തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശേഷി വളര്‍ത്തിയെടുക്കുന്ന തരത്തില്‍ പരിശീലനങ്ങള്‍ നല്‍കുക.



 അവരുടെ പാഠ്യപദ്ധതിയെക്കുറിച്ചും ടൈംടേബിളിനെക്കുറിച്ചും മനസ്സിലാക്കുക. സാധ്യമെങ്കില്‍ ഹൃദിസ്ഥമാക്കുക. വ്യത്യസ്ത ഘട്ടങ്ങളില്‍ പഠനം എവിടെ എത്തിയെന്ന് അവരോട് ചോദിക്കുമ്പോള്‍ ഈ അറിവ് നിങ്ങള്‍ക്ക് ഉപകരിക്കും.



 കുടുംബ സന്ദര്‍ശന വേളയില്‍ അവരെ കൂടെക്കൂട്ടുക. കുടുംബബന്ധത്തെക്കുറിച്ച സൂക്ഷ്മമായ ബോധം അവരില്‍ വേര് പിടിക്കാന്‍ ഇത് സഹായിക്കും.



 'ഞാന്‍ ഇങ്ങനെയാണ് വളര്‍ന്നത്', 'എന്റെ വാപ്പ ഇങ്ങനെയാണ് എന്നെ വളര്‍ത്തിയത്' തുടങ്ങി സ്ഥിരം വര്‍ത്തമാനങ്ങള്‍ ഒഴിവാക്കുക. കാരണം, നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും എത്രയോ മുമ്പാണ്. അവനാകട്ടെ ഈ പുതിയ കാലത്തിനായി സൃഷ്ടിക്കപ്പെട്ടവനാണ്



 പോസിറ്റീവ് ആയിട്ടല്ലാതെ ഒരു നിര്‍ദേശവും മക്കള്‍ക്ക് നല്‍കാതിരിക്കുക. ഗുണദോഷിക്കുന്ന സന്ദര്‍ഭത്തില്‍ പോലും ജാഗ്രത പുലര്‍ത്തുക.



 അടിയും വടിയും അവസാനത്തെ വഴികളാണ്. ഓര്‍ക്കുക. ''വടിക്ക് മുമ്പില്‍ ബഹുമാനമല്ല, പേടിയാണ് വളരുക. ആ പേടിയോ, വടിയുടെ അഭാവത്തില്‍ നിലനില്‍ക്കുകയുമില്ല.''