2015, ഏപ്രിൽ 28, ചൊവ്വാഴ്ച

അസുഖത്തിന്...............


.
ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില് കലക്കി തിളപ്പിച്ച് പുരട്ടുക
പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില് ഒഴിക്കുക
കണ്ണ് വേദനയ്ക്ക്- നന്ത്യര് വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല് ചേര്ത്തോ അല്ലാതെയോ കണ്ണില് ഉറ്റിക്കുക
മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന് വെള്ളത്തില് ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക
കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണ്ണം ചെറുചൂടുവെള്ളത്തില് കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ് ഒരോ ടീസ്പൂണ് തേന് കഴിക്കുകെ
വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തരച്ച് ഉപ്പുനീരില് ചാലിച്ച് പുരട്ടുക
ചുണങ്ങിന്- വെറ്റില നീരില് വെളുത്തുള്ളി അരച്ച് പുരട്ടുക
അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക
പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്- ഒരു സ്പൂണ് കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തരച്ച് ഉപ്പുനീരില് ചാലിച്ച് പുരട്ടുക
വായ്നാറ്റം മാറ്റുവാന്- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക
തുമ്മലിന്- വേപ്പണ്ണ തലയില് തേച്ച് കുളിക്കുക.
ജലദോഷത്തിന്- തുളസിയില നീര് ചുവന്നുള്ളിനീര് ഇവ ചെറുതേനില് ചേര്ത്ത് കഴിക്കുക
ടോണ്സി ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്- ചെറുതേന് പുരട്ടുക
തലനീരിന്- കുളികഴിഞ്ഞ് തലയില് രസ്നാദിപ്പൊടി തിരുമ്മുക
ശരീര കാന്തിക്ക്- ചെറുപയര്പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര് കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്പോകാന്- തുളസിയില ചതച്ച് തലയില് തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര് കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന്- എരുക്കിന് പാല് പല്ലിലെ ദ്വാരത്തില് ഉറ്റിക്കുക
വിയര്പ്പു നാറ്റം മാറുവാന്- മുതിര അരച്ച് ശരീരത്തില് തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്- ഒരു ഗ്ലാസ് കാരറ്റ് നീരില് ഉണക്കമുന്തിരി നീര്,തേന്,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ് വീതം ഒരോ കഷ്ണം കല്ക്കണ്ടം ചേര്ത്ത് ദിവസവും കുടിക്കുക
ഗര്ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന് അരച്ച് നെറ്റിയില് പുരട്ടുക
മുലപ്പാല് വര്ദ്ധിക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക
ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ പാലില് ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില് ചാലിച്ച് കഴിക്കുക
കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള് മുഖത്ത് നിത്യവും തേയ്ക്കുക
മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തരച്ച് അതിന്റെ നീര് കുടിക്കുക
അമിതവണ്ണം കുറയ്ക്കാന്-ചെറുതേനും സമംവെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക
ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില് ചാലിച്ച് കഴിക്കുക
വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില് ചാലിച്ച് പുരട്ടുക
സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ച തടയാന്- പാല്പ്പാടയില് കസ്തൂരി മഞ്ഞള് ചാലിച്ച് മുഖത്ത് പുരട്ടുക
താരന് മാറാന്- കടുക് അരച്ച് തലയില് തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്- തണ്ണിമത്തന്റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര് തടിക്കുന്നതിന്- ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല് വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില് ചേര്ത്ത് പുരട്ടുക.
ഓര്മ്മ കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്- നാരകത്തില് ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള് കൊള്ളുക
പഴുതാര കുത്തിയാല്- ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില് ഒരു ടീ സ്പൂണ് ചെറുതേന് ചേര്ത്തുകുടിക്കുന്നു.
പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്- ചെറുതേന് കണ്ണിലെഴുതുക
കാല് വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില് ചാലിച്ച് പുരട്ടുക
ദുര്മേദസ്സിന്-ഒരു ടീ സ്പൂണ് നല്ലെണ്ണയില് ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില് ഒരു ടീ സ്പൂണ് തേന് ചേര്ത്ത് രാവിലെ വെറും വയറ്റില് കഴിക്കുക
സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക
ആര്ത്തവകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണം ശര്ക്കരച്ചേര്ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന്- അമരി വേരിന്റെ മേല്ത്തൊലി അരച്ച് പാലില് ചേര്ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന് ചേര്ത്ത് കഴിക്കുക
ജലദോഷത്തിന് ചൂടുപാലില് ഒരു നുള്ളു മഞ്ഞള്പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്ത്ത് കഴിക്കുക
ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില് ഒഴിക്കുക
പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാലില് അരച്ച് പുരട്ടുക
ചര്ദ്ദിക്ക്-കച്ചോല കിഴങ്ങ് കരിക്കിന് വെള്ളത്തില് അരച്ച് കലക്കി കുടിക്കുക
അലര്ജിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില് തേച്ച്കുളിക്കുക
മൂത്രചൂടിന് -പൂവന് പഴം പഞ്ചസാര ചേര്ത്ത് കഴിക്കുക.
ഗര്ഭിണികള്ക്ക് ഉണ്ടാകുന്ന ചര്ദ്ദിക്ക്- കുമ്പളത്തിന്റെ ഇല തോരന് വച്ച് കഴിക്കുക
മുടി കൊഴിച്ചില് നിര്ത്തുന്നതിന്- ചെമ്പരത്തി പൂവിന്റെ ഇതളുകള് അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്സറിന്- ബീട്ടറൂട്ട് തേന് ചേര്ത്ത് കഴിക്കുക
മലയശോദനയ്ക്ക്- മുരിങ്ങയില തോരന് വച്ച് കഴിക്കുക
പരുവിന്- അവണക്കിന് കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില് പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്ഘകാല യൌവനത്തിന്- ത്രിഫല ചൂര്ണം തേനില് ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്ക്ക്- വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില് വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത് കഴിക്കുക
പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില് പാടുകള് വരാതിരിക്കാന്- ഗര്ഭത്തിന്റെ മൂന്നാം മാസം മുതല് പച്ച മഞ്ഞള് അരച്ച് വെളിച്ചെണ്ണയില് ചാലിച്ച് ഉദരഭാഗങ്ങളില് പുരട്ടികുളിക്കുക
കണ്ണിന് കുളിര്മ്മയുണ്ടാകന്- രാത്രി ഉറങ്ങുന്നതിന് മുന്പ് അല്പം ആവണക്ക് എണ്ണ കണ്പീലിയില് തേക്കുക
മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില് അരച്ച് പുരട്ടുക
ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില് ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില് കലക്കി കുടിക്കുക
പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ് പാലില് ദിവസവും കഴിക്കുക
കുട്ടികളില് ഉണ്ടാകുന്ന വിര ശല്യത്തില്-വയമ്പ് വെള്ളത്തില് തൊട്ടരച്ച് കൊടുക്കുക
വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില് ചാലിച്ച് കഴിക്കുക
വയറുകടിക്ക്-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത് പലതവണ കുടിക്കുക
ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില് കുളിക്കുക
രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില് പാലില് കലക്കി കുടിക്കുക
കൊടിഞ്ഞിക്ക്- പച്ചമഞ്ഞള് ഓടില് ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്മ്മശക്തി വര്ധിക്കുന്നതിന്- പാലില് ബധാം പരിപ്പ് അരച്ച് ചേര്ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത് കഴിക്കുക
ചെന്നിക്കുത്തിന്- നാല്പ്പാമരത്തോല് അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂരം,എന്നീവ ചേര്ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില് ചേര്ത്ത് കഴിക്കുക
വേനല് കുരുവിന്- പരുത്തിയില തേങ്ങപ്പാലില് അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുളിയിലയുടെ നീരില് അരച്ച് വിനാഗിരി ചേര്ത്ത് പുരട്ടുക
ശരീര ശക്തിക്ക്- ഓട്സ് നീര് കഴിക്കുക
ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി ചെറുചൂടോടെ തലയില് പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന്- വെളിച്ചെണ്ണയില് കരിംജീരകം ചതച്ചിട്ട് തലയില് തേക്കുക
കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുരുന്നു മുലപ്പാലില്  അരച്ച് കണ്ണില് ഇറ്റിക്കുക....                  .                                       Zac കിഴക്കേതില്‍

2015, ഏപ്രിൽ 26, ഞായറാഴ്‌ച

വാട്ട്‌സ്അപ്പും ഫേസ്ബുക്കും മക്കളെ 'അനാഥ'രാക്കുന്നുനുവോ




       ഏറിയ സമയവും വാട്ട്‌സ്അപ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചെലവിടുന്നതിനാല്‍ മക്കളെയും കുടുംബത്തെയും നോക്കാനോ ശ്രദ്ധിക്കാനോ വളര്‍ത്താനോ നേരം കിട്ടാത്ത രക്ഷിതാക്കളെ കുറിച്ചാണ് ഇപ്പോള്‍ എന്റെ ആധിയത്രയും. സ്മാര്‍ട്ടു ഫോണിലെ വാട്ട്‌സ്അപ്പിന്നും ഫേസ്ബുക്കിനും മുന്നില്‍ കുനിഞ്ഞ കഴുത്തുമായി കുത്തിയിരിക്കുന്ന ഈ തലമുറയെ 'നമ്രശിരസ്‌കരുടെ തലമുറ' എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നമ്മുടെ സമയം ചിട്ടപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമെല്ലാം ഇപ്പോള്‍ വാട്ട്‌സ്അപ്പും ഫേസ്ബുക്കുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ മാധുര്യം നുകരാനോ പ്രകൃതിഭംഗി ആസ്വദിക്കാനോ, ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് ചിന്തിക്കാനോ സമയമില്ല. മക്കളോടും കുടുംബത്തോടും സംസാരിച്ചിരിക്കാന്‍ നേരം കിട്ടുന്നില്ല. ഏത് നിമിഷം നോക്കിയാലും ഫോണില്‍ കണ്ണ് നട്ടിരിക്കുന്ന വ്യക്തിക്ക്, നേടിയെടുക്കേണ്ട ഒരു ലക്ഷ്യമുണ്ടെന്ന വിചാരം പോലുമില്ല. ഭാവി ഭദ്രമാക്കാനുള്ള നിരന്തര പരിശ്രമത്തിന്‌പോലും തടസ്സമായിത്തീര്‍ന്നിരിക്കുന്നു ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍. അത്യന്തം ആപല്‍ക്കരമായ പ്രവണതയാണിത്. മക്കളുടെയും കുടുംബത്തിന്റെയും അടിത്തറ മാന്തുന്നതാണ് വാട്ട്‌സ്അപ്പിനോടും ഫേസ്ബുക്കിനോടുമുള്ള ഭ്രാന്തമായ ഈ ഭ്രമവും അന്ധമായ ആവേശവും വിധേയത്വവുമെന്ന് പറയാതെ വയ്യ.

തന്റെ കണ്‍മുന്നില്‍ നടക്കുന്ന സംഭവത്തില്‍ ഇടപെട്ട് സാധ്യമായത് ചെയ്യുന്നതിന് പകരം, അത് പകര്‍ത്തി വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതിലാണിപ്പോള്‍ ഓരോരുത്തരുടെയും ശ്രദ്ധ. വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു അപകടം സംഭവിക്കുന്നത് കണ്ടെന്നിരിക്കട്ടെ. അപകടം പിണഞ്ഞവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഉത്സാഹിക്കുന്നതിനേക്കാള്‍ ശ്രദ്ധ അത് പകര്‍ത്തി ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിലായിരിക്കും. എന്തിനേറെ പറയുന്നു, ഐ.സി.യു.വില്‍ കിടക്കുന്ന മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അരികത്തിരുന്ന് പ്രാര്‍ഥിക്കുകയും സമാശ്വാസം പകരുകയും ചെയ്യേണ്ട വ്യക്തി തിരക്കിട്ട് ചെയ്യുന്ന പണി, ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തി പുറംലോകത്തെത്തിക്കുകയാണ്! വീട്ടില്‍ മക്കള്‍ നോക്കാനാരുമില്ലാതെ തോന്നിയ പോലെ കളിക്കുകയും മദിക്കുകയും തിമിര്‍ക്കുകയും ചെയ്ത് പുരപൊളിച്ചു പന്തലിടുകയാവും. അന്നേരം ഉമ്മ കിടപ്പുമുറിയില്‍ കയറി വാതിലടച്ചിട്ട് വീഡിയോക്ലിപ്പുകളും സന്ദേശങ്ങളും വാട്ട്‌സ്അപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയക്കുകയാവും. പിതാവ് മറ്റൊരു മുറിയില്‍ കയറി നര്‍മങ്ങളും ഫലിത ബിന്ദുക്കളും സന്ദേശങ്ങളും ഫോട്ടോകളും തന്റെ സ്‌നേഹിതന്മാര്‍ക്ക് വാട്ട്‌സ്അപ്പിലൂടെ കൈമാറുകയാവും. മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണില്‍ തിരക്കിലാണ്. കുട്ടികള്‍ 'അനാഥ'രായി കളി തിരക്കിലും.

ചില രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെക്കുറിച്ചാണ് പരാതി. മക്കള്‍ ഏത് നേരവും വാട്ട്‌സ്അപ്പിലും ഫേസ്ബുക്കിലും കയറി ഫോട്ടോകളും സന്ദേശങ്ങളും അയച്ച് സമയം കളയുകയാണ്. പഠിക്കാന്‍ അവര്‍ക്ക് മനസ്സില്ല. ഇനി മനസ്സുണ്ടായാല്‍ നേരവുമില്ല. ടെക്‌നോളജി അനാഥരാക്കിയ മക്കളായിപ്പോയി നമ്മുടേതെന്ന് അവര്‍ പരിതപിക്കുന്നു. 'സ്മാര്‍ട്ടു ഫോണ്‍ ബന്ധ'മായിരിക്കുന്നു ഈ കാലഘത്തിന്റെ മുഖമുദ്ര. ഒരു ദിവസം ഓഫീസില്‍ കയറി വന്ന സ്ത്രീ പറയുകയാണ്: ''ജീവിതത്തില്‍ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ഞാന്‍ ഒരു സ്മാര്‍ട്ട് ഫോണായെങ്കില്‍ എന്നാണ്. എന്നാല്‍ ദിവസം മുഴുവന്‍ എന്റെ ഭര്‍ത്താവും മക്കളും എന്നെയും കൈയിലേന്തി നടക്കുമല്ലോ!'' തന്റെ മനസ്സിലെ മുഴുവന്‍ ദുഃഖവും വിഷാദവും പ്രതിഫലിപ്പിക്കുന്നുണ്ട് ആ വാക്കുകള്‍. തന്റെ ഭാര്യ ഏത് നേരവും വാട്ട്‌സ്അപ്പിലൂടെ സ്‌നേഹിതകള്‍ക്ക് വീഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും അയച്ചു വീട്ടുകാര്യങ്ങള്‍ തീരെ ശ്രദ്ധിക്കാതിരിക്കുന്നതിനെക്കുറിച്ചായിരുന്നു ഒരു ഭര്‍ത്താവിന്റെ പരാതി. വീടു പരിപാലിച്ചും മക്കളെ പഠിപ്പിച്ചും അവര്‍ക്ക് മതിയായ ശിക്ഷണ-ശീലങ്ങള്‍ നല്‍കി വളര്‍ത്തിയും സമയം ചെലവഴിക്കേണ്ട രക്ഷിതാക്കളുടെ കഥയാണിത്.

വേഗത കൂടിയ ഈ ടെക്‌നോളജി ഭ്രമത്തിന്നും സ്മാര്‍ട്ട് ഫോണ്‍ ഭാന്തിന്നും അടിപ്പെട്ട രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കളുടെ ശിക്ഷണ-ശീല കാര്യങ്ങളിലും ഇതേ വേഗതയാര്‍ന്ന നിലപാട് തന്നെയാണ്. മൈക്രോവേവ് ഓവനില്‍ ആഹാരം ചൂടാക്കുന്ന വേഗതയില്‍ മക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചു കിട്ടണമെന്നാണ് അവരുടെ മോഹം. മക്കളുടെ ശീലങ്ങളും പെരുമാറ്റ രീതികളും നന്നാക്കിയെടുക്കാന്‍ ജാഗ്രത്തായ പരിപാടികളും തുടര്‍ നടപടികളും ചികിത്സയും വേണമെന്ന യാഥാര്‍ഥ്യം അവര്‍ വിസ്മരിക്കുന്നു.

മക്കളുടെ മേല്‍ മാതാപിതാക്കള്‍ക്കുള്ള അധികാരം വിനഷ്ടമായിരിക്കുന്നു. അവരുടെ ആഹാരം, ഭക്ഷണരീതി, വസ്ത്രധാരണം, സ്വഭാവം, സിദ്ധിവിശേഷങ്ങള്‍, നൈപുണി തുടങ്ങി ഒന്നിലും അഭിപ്രായം പറയാന്‍ അവര്‍ക്ക് അധികാരമില്ല. മക്കളുടെ താല്‍പര്യങ്ങളെയും അഭിനിവേശങ്ങളെയുമെല്ലാം രൂപപ്പെടുത്തുന്നതും ഫേസ്ബുക്കും വാട്ട്‌സ്അപ്പും മുഖേന അവര്‍ക്കുണ്ടായിത്തീര്‍ന്ന പുതിയ സുഹൃത്തുക്കളും രക്ഷിതാക്കളുമാണ്. ഒരു ദിവസം വാട്ട്‌സ്അപ്പിലൂടെ കൈമാറി മറിയുന്നത് നാല് ബില്യന്‍ സന്ദേശങ്ങളാണെന്നാണ് കണക്ക്. അതില്‍ ഏറിയ പങ്കും ഓരോ വ്യക്തിയുടെയും കുടംബത്തിന്റെയും രഹസ്യങ്ങളും അശ്ലീലചിത്രങ്ങളും ബന്ധങ്ങള്‍ തകര്‍ക്കുന്ന സന്ദേശങ്ങളുമാണെന്നതാണ് സത്യം. പ്രയോജന പ്രദമായ വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്നത് താരതമ്യേന കുറവാണ്. ഫലിതോക്തികളിലും നേരമ്പോക്കുകളിലുമാണ് അധികമാളുകളുടെയും താല്‍പര്യം. ഗൗരവതരമായ കാര്യങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വസ്തുതക്ക് നേരെ ഞാന്‍ കണ്ണടക്കുന്നില്ല.

രണ്ട് ദിവസം മുമ്പ് ഞാന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ആയിരക്കണക്കായ ആള്‍ക്കാരുമായി സംവദിച്ചു. ഞാന്‍ എടുത്തിട്ട വിഷയം ''എന്റെ മാതാപിതാക്കള്‍ ഓണ്‍ലൈനില്‍'' എന്നതായിരുന്നു. ഞാനുമായി ബന്ധപ്പെട്ടവര്‍ അധികവും യുവതീയുവാക്കളാണ്. മാതാപിതാക്കള്‍ തങ്ങളുടെ സ്‌നേഹിതന്മാരും സുഹൃത്തുക്കളുമായി 'ഓണ്‍ലൈനാവു'കയും തങ്ങളുടെ മക്കളെക്കാള്‍ അവരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. പിന്നെ തമാശയായി ഞാന്‍ കുറിച്ചു: ''എന്നാല്‍ തങ്ങളുടെ മക്കളോട് അവര്‍ 'ഓഫ് ലൈനാ'ണ്.'' മണിക്കൂറുകള്‍ക്കകം അതിന്ന് നാലായിരത്തിലേറെ ലൈക്കുകള്‍ ലഭിച്ചു. നൂറിലേറെ കമന്റുകളും. ചില കമന്റുകള്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ''മാതാപിതാക്കള്‍ ഞങ്ങളോടെപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് സ്മാര്‍ട്ട് ഫോണ്‍ കൈയൊഴിക്കാനാണ്. ഇപ്പോള്‍ അവര്‍ ഞങ്ങളേക്കാള്‍ അതിന്ന് അടിമകളായി. എന്നാലും ഞങ്ങളാണ് ഭേദം.'' മറ്റൊരുവള്‍: ''ഞങ്ങളുടെ ഉമ്മക്ക് ഇപ്പോള്‍ ഞങ്ങളെ ശ്രദ്ധിക്കാനോ ടെലിവിഷന്‍ വീക്ഷിക്കാനോ സമയമില്ല. ഏത് സമയവും വാട്ട്‌സ്അപ്പിലാണ്.'' മൂന്നാമത്തെയാള്‍: ''എന്റെ പിതാവിന്ന് കുറെ പെണ്‍സുഹൃത്തുക്കളുണ്ട്. അവരുമായെല്ലാം വഴിവിട്ട ബന്ധങ്ങളുമുണ്ട്. ഏത് നേരവും വാട്ട്‌സ്അപ്പിലാണ്!'' നാലാമത്തവള്‍: ''എന്റെ ഉമ്മക്ക് വാട്ട്‌സ്അപ്പ് ഭ്രമം. ഉപ്പാക്ക് യാത്രാഭ്രമവും.'' അഞ്ചാമത്തവള്‍: ''പിതാവില്‍നിന്ന് എനിക്ക് വല്ല ആവശ്യവും നിറവേറ്റേണ്ടതുണ്ടെങ്കില്‍ ഞാന്‍ അത് വാട്ട്‌സ് അപ്പിലൂടെയാണ് അറിയിക്കുക. മണിക്കൂര്‍ കഴിഞ്ഞാവും അതിന്ന് മറുപടി. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരുടെതാണെങ്കില്‍ പ്രതികരണം നിമിഷങ്ങള്‍ക്കകം ഉണ്ടാവും.'' ഒരു ഉമ്മ എഴുതി: ''ഞാന്‍ എന്റെ ഫോണ്‍ കൈയില്‍ പിടിക്കുമ്പോഴേക്കും എന്റെ കുഞ്ഞ് അതിന്റെ സ്‌ക്രീന്‍ പൊത്തിപ്പിടിക്കും, 'ഉമ്മാ ഞാനല്ലേ പ്രധാനം' എന്ന് ആ കുഞ്ഞു കണ്ണുകള്‍ പറയുന്നതായി എനിക്ക് തോന്നും.'' കുടുംബങ്ങളില്‍ വാട്ട്‌സ്അപ്പും ഫേസ്ബുക്കും വരുത്തിവെച്ച വിനകളുടെ ഉദാഹരണങ്ങളാണിവ. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അഡിക്റ്റുകളായിത്തീരുന്ന മാതാപിതാക്കള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണെന്ന സത്യം അറിയാതെ പോകുന്നു. മാതാപിതാക്കള്‍ ഒരു മൂലയിലും മക്കള്‍ വേറൊരു മൂലയിലും വാട്ട്‌സ്അപ്പില്‍ സമയം ചെലവിട്ട്, പരസ്പരം ആശയവിനിമയം നടത്തിയും വര്‍ത്തമാനം പറഞ്ഞും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ട അമൂല്യ സന്ദര്‍ങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ബന്ധങ്ങളിലെ അകല്‍ച്ചയും തകര്‍ച്ചയുമാണ് ഒടുവിലെ ഫലം. ഒരു മേല്‍ക്കൂരക്ക് താഴെ അന്യരായി കഴിയാന്‍ വിധിക്കപ്പെടുന്ന ദുരവസ്ഥ!

ഇത്‌പോലെ മറ്റൊരു കാര്യവും എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങളും അതിഥികളും സ്വീകരണമുറിയിലോ വേറെ ഏതെങ്കിലും ഇടങ്ങളിലോ ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയുകയോ ആശയവിനിമയം നടത്തുകയോ സമകാലിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുമ്പോള്‍ കാണാം, ചിലര്‍ ഒരിടത്തേക്ക് മാറിയിരുന്ന് അതിലൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ 'പുറം ലോക'ത്തുള്ളവരുമായി ബന്ധപ്പെടുകയും ചാറ്റ് ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്നു! സാമാന്യ മര്യാദകള്‍ക്ക് നിരക്കാത്തതാണ് ഈ നടപടി എന്ന് അവരോര്‍ക്കുന്നില്ല. ''അരികത്തിരിക്കുന്ന നിങ്ങളെയൊന്നും എനിക്ക് കാര്യമില്ല, ആയിരക്കണക്കായ നാഴികകള്‍ക്ക് അകലെയിരുന്ന് എന്റെ ഫോണില്‍ ബന്ധപ്പെടുന്നവരാണ് എനിക്ക് വേണ്ടപ്പെട്ടവര്‍'' എന്ന് പറയാതെ പറയുകയാണല്ലോ ഈ പ്രവൃത്തിയിലൂടെ. ഇത് നല്‍കുന്ന സന്ദേശം ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉതകില്ല.

നാം സ്മാര്‍ട്ടുഫോണുകള്‍ക്കോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്നോ സാങ്കേതിക വിദ്യകള്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ക്കോ എതിരാണെന്ന് ആരും ധരിക്കരുത്. അവയെല്ലാം നാം പ്രയോജനപ്പെടുത്തണം. പക്ഷേ അവക്ക് അടിമകളായി മക്കളെയും കുടുംബത്തെയും മറക്കുന്ന തലങ്ങളിലെത്തിയാല്‍ ബോധപൂര്‍വമായ ഒരു തിരിഞ്ഞു നടത്തത്തിന്നുള്ള വിവേകം നമുക്ക് നഷ്ടപ്പെട്ടുകൂടാ. ഭര്‍ത്താവിന്റെ വാട്ട്‌സ്അപ്പ് ഭ്രമത്തില്‍ മനംനൊന്ത് 'തനിക്കിവിടെ ഇനിയെന്ത് കാര്യം' എന്ന് ധരിച്ച് കുഞ്ഞുങ്ങളേയും എടുത്തു സ്വന്തം വീട്ടിലേക്ക് കണ്ണീരോടെ പടിയിറങ്ങി പോയ ഭാര്യയെ എനിക്കറിയാം. അയാള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം കുഞ്ഞുങ്ങളെയാണ്; കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെട്ടതാവട്ടെ സ്വന്തം മാതാപിതാക്കളെയും. അതാണ് വാട്ട്‌സ്അപ്പും ഫേസ്ബുക്കും കുടുംബത്തില്‍ വരുത്തിവെച്ച വിന. എല്ലാറ്റിനും ഒരു അതിര് വേണം എന്ന് ചുരുക്കം

🌴

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

കുടുംബത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?


'ഇതെന്തൊരു ചോദ്യം!' എന്നായിരിക്കും പലരുടെയും പ്രതികരണം. ചോദ്യം ആവര്‍ത്തിക്കുകയാണ്: 'കുടുംബത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?' അതിന്റെ ഊടും പാവും എന്തായിരിക്കണം എന്നതിനെക്കുറിച്ച്, അതിന്റെ പവിത്രതയെയും മഹത്വത്തെയും കുറിച്ച്, ഉത്തരവാദിത്തത്തെയും ബാധ്യതകളേയും കുറിച്ച്, അതിന്റെ നിലനില്‍പ്പിനെയും തകര്‍ച്ചയെയും കുറിച്ച്?
അങ്ങനെയങ്ങനെ കുടുംബം നിങ്ങളുടെ ഗൗരവ ചിന്തക്ക് വിഷയമായിട്ടുണ്ടോ?

പലര്‍ക്കുമുണ്ടാവില്ല. യാന്ത്രികമാണ് പലരുടെയും കുടുംബജീവിതം. ഒഴുക്കില്‍പ്പെട്ട് നീങ്ങുന്നതുപോലെ. ബോധപൂര്‍വം ക്രിയാത്മകമായി ആരും ഒന്നും ചെയ്യുന്നില്ല. പുതിയ തലമുറയില്‍ പലരും കുടുംബത്തെയും കുടുംബജീവിതത്തെയും വളരെ ലാഘവത്തോടെയാണ് കാണുന്നത്. സിനിമകളിലും ചാനലുകളിലും കാണുന്നതുപോലുളള, യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത കളിതമാശകളാണ് അവര്‍ക്ക് ജീവിതം. ഇത് ബന്ധങ്ങളുടെ ശിഥിലീകരണത്തിനും മാനസികാകുലതകള്‍ക്കും കാരണമായിത്തീരുന്നു.

ഇങ്ങനെ അലക്ഷ്യമായി നീങ്ങേണ്ട ഒന്നാണോ കുടുംബം? സംസ്‌കൃതിയുടെ നിര്‍മാണം, നിലനില്‍പ്പ്, തകര്‍ച്ച, ഉന്മൂലനം ഇതിലൊക്കെ കുടുംബം കഴിഞ്ഞേ മറ്റേതും വരുന്നുള്ളൂ. സുരക്ഷിത സമൂഹത്തിന്റെ നിര്‍മാണവും നിലനില്‍പ്പും സുഭദ്ര കുടുംബങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. മനുഷ്യജീവിതത്തിലെ വേഗതയേറിയ മാറ്റങ്ങള്‍ കുടുംബാന്തരീക്ഷത്തെയും നിഷേധാത്മകമായി ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. അപ്രധാനങ്ങളായവയ്ക്ക് പ്രാധാന്യം വരികയും പ്രാധാന്യമുളളവ അപ്രധാനമാവുകയും ചെയ്തു. ഇത് കുടുംബഘടനയില്‍ മാറ്റങ്ങളുണ്ടാക്കി. ദൈവികവും പ്രകൃതിപരവുമായ കുടുംബഘടനയില്‍ നിന്നുളള വ്യതിചലനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് സമൂഹം ഇരുട്ടിലകപ്പെടുന്നതിന് കാരണമായി. ഇരുട്ടില്‍ തപ്പിത്തടയുകയാണ് ലോകം. ലോകമെന്ന് പറയുമ്പോള്‍ നാം അതിന് പുറത്തല്ല. ഞാന്‍ അതിലുണ്ട്; നിങ്ങളുമുണ്ട്. ഈ തിരിച്ചറിവാണ് പ്രധാനം. ജീവിതം ഭാരമേറിയതായിരിക്കുന്നു. ആ ഭാരം ശരീരത്തിനും മനസ്സിനുമുണ്ട്. ഭാരം താങ്ങാനാകാതെ വരുമ്പോള്‍ മനുഷ്യനെ നിരാശ ബാധിക്കും. അവന്റെ കുടുംബം തകരും. സമൂഹത്തില്‍ ധാര്‍മിക തകര്‍ച്ച വ്യാപകമാകും. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ചിലര്‍ അക്രമത്തിലേക്കു തിരിയും. ചിലര്‍ മാനസികരോഗികളാകും. ചിലപ്പോള്‍ ആത്മഹത്യയെന്ന അബദ്ധത്തില്‍ അഭയം തേടും. ഇത്തരം ഘട്ടങ്ങളില്‍ ഒരു നല്ല കൗണ്‍സലറെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്ക് തിരിച്ചുവരാനാകും. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്. നിരാശയുടെ അഗാധ ഗര്‍ത്തത്തില്‍നിന്ന് പ്രതീക്ഷയുടെ ഉയരങ്ങളിലേക്ക്. അധര്‍മ്മത്തില്‍നിന്ന് ധര്‍മത്തിലേക്ക്. കുടുംബ തകര്‍ച്ചയില്‍നിന്ന് കുടുംബഭദ്രതയിലേക്ക്. അങ്ങനെ ജീവിതത്തിലേക്ക്. നല്ല വെളിച്ചമുളള ജീവിതത്തിലേക്ക്.

സ്ത്രീയും പുരുഷനും വിവാഹത്തിലൂടെ ഒന്നായിത്തീരുന്നതില്‍ നിന്നാണ് ഒരു കുടുംബം പിറവി കൊളളുന്നത്. ഒന്നിച്ചുചേരുന്ന സ്ത്രീ പുരുഷന്മാര്‍ തികച്ചും വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും. അവര്‍ വളര്‍ന്ന സാഹചര്യം ഭിന്നമായത്‌കൊണ്ട് അവരുടെ സ്വഭാവവും വ്യത്യസ്തമായിരിക്കും. തന്റേതുപോലെ തന്നെയായിരിക്കും തന്റെ ഇണയുടെ സ്വഭാവവും എന്ന് ധരിക്കുന്നതും പ്രതീക്ഷിക്കുന്നതും അബദ്ധമാണ്. ഇണകളുടെ സ്വഭാവവും അഭിരുചികളും താല്‍പര്യങ്ങളും വ്യത്യസ്തമായിരിക്കുമെന്ന് തിരിച്ചറിയുകയും ഉള്‍ക്കൊളളുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. മറിച്ചായാല്‍ അത് കുടുംബകലഹത്തില്‍ കലാശിക്കും.

രണ്ടു മക്കളുളള ദമ്പതിമാര്‍ ഒരിക്കല്‍ കൗണ്‍സലിംഗിന് വന്നു. പതിനഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. അവര്‍ തമ്മില്‍ എന്നും വഴക്കും വക്കാണവുമാണ്. മുമ്പൊരിക്കല്‍ അവര്‍ ത്വലാഖ് ചെയ്ത് പിരിയുകയും ആരുടെയൊക്കെയോ ശ്രമഫലമായി വീണ്ടും കൂടിച്ചേരുകയും ചെയ്തതാണ്. ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച് പറയാനുളള പരാതികളിങ്ങനെ: 'അവള്‍ക്ക് വൃത്തിയും വെടിപ്പും തീരെയില്ല. വീട്ടില്‍ ഒന്നും അടുക്കിയും ഒതുക്കിയും വെക്കില്ല. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മണിക്കൂറുകളോളം കഴുകാതെ വെക്കും. തൂത്തുവാരുന്നതിനിടയ്ക്ക് ഫോണ്‍ ബെല്ലടിച്ചാല്‍ ഉമ്മറത്താണെങ്കിലും ചൂല്‍ അവിടെയിട്ട് പോകും. കഴുകിയുണക്കിയ വസ്ത്രങ്ങള്‍ കട്ടിലില്‍ കൊണ്ടുവന്ന് കൂട്ടിയിടും. എത്ര പറഞ്ഞാലും ഇതിലൊന്നും ഒരു മാറ്റവും വരുത്താന്‍ അവള്‍ തയാറല്ല.'

ഭാര്യക്ക് പറയാനുളളത് മറ്റു ചില കാര്യങ്ങളാണ്: 'ഭര്‍ത്താവിന് എന്നോട് യാതൊരു സ്‌നേഹവുമില്ല. ഒന്നിച്ച് യാത്ര ചെയ്യുന്നത് എനിക്ക് വളരെ സന്തോഷമുളള കാര്യമാണ്. എന്നാല്‍, അദ്ദേഹത്തിന് അതൊട്ടും താല്‍പര്യമുളള കാര്യമല്ല. വസ്്രതങ്ങള്‍ അദ്ദേഹം വാങ്ങി തരുന്നതാണ് എനിക്കിഷ്ടം. എന്നാല്‍ വസ്ത്രം വാങ്ങാന്‍ അദ്ദേഹം കൂടെ വരിക പോലും ചെയ്യില്ല. അങ്ങനെ എന്റെ ഇഷ്ടങ്ങള്‍ പലതും അദ്ദേഹം അംഗീകരിക്കാറില്ല.''

രണ്ടു പേരും വളര്‍ന്ന സാഹചര്യങ്ങളും ശീലിച്ച ശീലങ്ങളുമായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. കൗണ്‍സലിംഗിലൂടെ ഇക്കാര്യം ബോധ്യപ്പെട്ട രണ്ടുപേരും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സന്നദ്ധരായി. അതോടെ അവര്‍ സന്തോഷമുളള ദാമ്പത്യ ജീവിതത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

ഒരു മകന്‍ മാത്രമുളള കുടുംബം. ഉമ്മയും മകനും തമ്മില്‍ വളരെ വലിയ ബന്ധമാണ്. വീട്ടില്‍ വന്നാല്‍ അവനെപ്പോഴും ഉമ്മയുടെ കൂടെയായിരിക്കും. ഓരോ ദിവസത്തെയും വിശേഷങ്ങള്‍ അവന്‍ ഉമ്മയോട് പങ്കുവെക്കും. മകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ ഉമ്മയ്‌ക്കൊരു സംശയം: മകന് തന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലേ? അവന്‍ സദാ സമയവും ഭാര്യയുടെ കൂടെയാണ്. അവനിപ്പോള്‍ തന്നോട് സംസാരം തീരെ കുറവാണ്. ഇങ്ങനെ ആശങ്കകള്‍ വര്‍ധിച്ച് അത് മറ്റു പലതിലേക്കും നീണ്ടുപോയി. അവളെന്റെ മകനെ വശീകരിച്ചു തട്ടിയെടുത്തിരിക്കുന്നു. അവന്റെ പണമെല്ലാം അവള്‍ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. വയസ്സാകുമ്പോള്‍ തന്നെ നോക്കാനും ശുശ്രൂഷിക്കാനും ആരുമുണ്ടാവില്ല. ആശങ്കകള്‍ ഉളളിലിരുന്ന് പൊറുതിമുട്ടിയപ്പോള്‍ അവര്‍ മകനെ വിളിച്ച് സ്വകാര്യമായി തന്റെ വിഷമങ്ങള്‍ പതിന്മടങ്ങായി അവതരിപ്പിക്കുകയും കരയുകയും ചെയ്തു. മകന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഉമ്മയെ സന്തോഷിപ്പിക്കാനായി അവന്‍ ഭാര്യയോട് അകലം പാലിക്കുന്നതായി അഭിനയിച്ചു. ഉമ്മയുടെ സാന്നിധ്യത്തില്‍ അവന്‍ ഭാര്യയോട് സംസാരിക്കാതെയായി. പഴയതുപോലെ കൂടുതല്‍ സമയം ഉമ്മയോടൊപ്പം ചെലവഴിച്ചു. ഇത് ഭാര്യക്ക് പ്രശ്‌നമായി. ഭര്‍ത്താവ് തന്നില്‍ നിന്ന് അകലുകയാണെന്ന് അവള്‍ സംശയിച്ചു. വീട്ടില്‍ കലഹങ്ങള്‍ പതിവായി. സ്വസ്ഥത നഷ്ടപ്പെട്ടു.

കൗണ്‍സലിംഗിലൂടെ മൂന്നുപേരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചു. അതിനനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കാന്‍ മൂവരും തയാറായി. വീട്ടില്‍ വീണ്ടും ആഹ്ലാദത്തിന്റെ പ്രകാശം പരന്നു.

മാതാപിതാക്കള്‍ കൂടാതെ വേറെയും കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടാകും. ഇവരോടൊക്കെയുമുള്ള ഊഷ്മള ബന്ധമാണ് കുടുംബജീവിതത്തില്‍ സന്തോഷം പകരുക. എല്ലാവരെയും ഉപേക്ഷിച്ച് ഒറ്റക്ക് താമസിക്കലാണ് ഉചിതമെന്ന് ഇന്നത്തെ തലമുറ വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ തീരുമാനിക്കാറുണ്ട്. സ്വന്തം വീടുണ്ടാകുന്നതും അതില്‍ ഭാര്യാസന്താനങ്ങളോടൊപ്പം താമസിക്കുന്നതും നല്ല കാര്യം തന്നെ. അപ്പോഴും ബന്ധുമിത്രാദികളോടുളള അടുപ്പവും ബന്ധവും നിലനിര്‍ത്തേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളിലൊരാള്‍ രാത്രി ഫോണില്‍ വിളിച്ചു. ആയിടെയാണ് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും കുടുംബവും തൊട്ടടുത്ത് തന്നെ താമസിക്കുന്നുണ്ട്. സഹോദരന്റെ മക്കളും അദ്ദേഹവും തമ്മില്‍ കൂട്ടുകാരെ പോലെയാണ്. സഹോദരന്റെ മക്കള്‍ ഒരു കുസൃതി ഒപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഫോണില്‍ വിളിച്ചത്. അദ്ദേഹം ജോലി കഴിഞ്ഞ് വന്നപ്പോള്‍ സഹോദരന്റെ മക്കളും ഉമ്മയും ഭാര്യയും ഉമ്മറത്തുണ്ട്. മക്കള്‍ അദ്ദേഹത്തോട് ചോദിച്ചു: ഒരു കാര്യത്തില്‍ ഭാര്യ പറഞ്ഞതാണോ ഞങ്ങള്‍ പറഞ്ഞതാണോ താങ്കള്‍ ചെയ്യുക? പെട്ടെന്ന് മനസ്സില്‍ തോന്നിയ മറുപടി പറഞ്ഞാല്‍ അത് അബദ്ധമാകുമോ എന്ന് ശങ്കിച്ച്, അദ്ദേഹം 'കുളി കഴിഞ്ഞ് വന്നിട്ട് മറുപടി പറയാം' എന്ന് പറഞ്ഞ് വീട്ടില്‍ കയറിയതിനുശേഷം എന്നെ ഫോണില്‍ വിളിച്ചതാണ്. ഞാനദ്ദേഹത്തോട് പറഞ്ഞു 'ഭാര്യ പറഞ്ഞതല്ലേ മക്കളേ ഞാന്‍ കൂടുതല്‍ പരിഗണിക്കേണ്ടത്' എന്ന് ഭാര്യ കേള്‍ക്കെ മക്കളോട് ചോദിക്കുക. സ്‌നേഹപൂര്‍വം അവരെ ചേര്‍ത്ത് പിടിച്ച് ചോദിക്കണമെന്നും നിര്‍ദേശിച്ചു. അദ്ദേഹം അങ്ങനെ ചെയ്തു. അതു കേട്ട ഭാര്യക്ക് വലിയ സന്തോഷവും ആത്മവിശ്വാസവും ഉണ്ടായി. സ്‌നേഹപൂര്‍വം ചേര്‍ത്ത് പിടിച്ച് പറഞ്ഞതുകൊണ്ട് ഒരു കളിയില്‍ തോറ്റ പ്രയാസമേ മക്കള്‍ക്ക് ഉണ്ടായുളളൂ. വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം ഈ കാര്യം ഓര്‍മിച്ച് പറയാറുണ്ട്, 'ഞങ്ങള്‍ക്കിടയിലെ ബന്ധം ഗാഢമാക്കുന്നതിന് ആ സംഭവം വലിയ പ്രയോജനം ചെയ്തിട്ടുണ്ട്' എന്ന്.

മക്കളെ വളര്‍ത്തുക പരിപാവനമായ ഒരു കര്‍മമാണ്. ദൈവബോധമുളള, സച്ചരിതരായ മക്കളെ വളര്‍ത്തിവലുതാക്കി സമൂഹത്തിന് സമ്മാനിക്കുക എത്ര പുണ്യകരം. കുഞ്ഞുങ്ങളോട് സ്‌നേഹപൂര്‍വം ഇടപെടണം. ആവശ്യമായ പെരുമാറ്റ മര്യാദകള്‍ സന്ദര്‍ഭോചിതമായി അവരെ പരിശീലിപ്പിക്കണം. അതിലൊന്നും മക്കളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്. ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ മക്കളും ചിന്തിക്കാത്തതെന്ത് എന്ന് ആശങ്കപ്പെടരുത്; പ്രത്യേകിച്ച് കൗമാരത്തില്‍. മനുഷ്യജീവിതത്തില്‍ കൗമാരം മാറ്റത്തിന്റെ കാലമാണ്. സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്ന കൗമാരത്തില്‍ മക്കള്‍ മാതാപിതാക്കളുമായി പല കാര്യങ്ങളിലും ഭിന്നത പുലര്‍ത്തി എന്നുവരും. പറഞ്ഞതനുസരിക്കാതെ പ്രവര്‍ത്തിച്ചു എന്ന് വരും. അതൊരുപക്ഷേ, അവര്‍ ചെയ്യുന്നതാണ് ശരി എന്ന് വിശ്വസിക്കുന്നതു കൊണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സ്‌നേഹപൂര്‍വം ശരിയേതെന്ന് ബോധ്യപ്പെടാനുളള അവസരം അവര്‍ക്ക് നല്‍കുകയാണ് വേണ്ടത്. കേവല ഉപദേശം വിപരീത ഫലം ഉളവാക്കിയേക്കും. മക്കളോട് സൗഹൃദത്തോടെ ഇടപെടണം. എന്നാല്‍ സുഹൃത്തുക്കളാക്കി മാറ്റരുത്.

ഒരു പിതാവ് തന്റെ മകനുമായി കൗണ്‍സലിംഗിന് വന്നു. ബിരുദ വിദ്യാര്‍ഥിയായ അവന്‍ നമസ്‌കരിക്കുന്നില്ല, ഖുര്‍ആന്‍ പാരായണം ചെയ്യുന്നില്ല എന്നൊക്കെയാണ് പരാതി. അദ്ദേഹത്തെയും മകനെയും കുടുംബത്തെയും കുറിച്ച് പഠിച്ച് നോക്കി. അറുപത് വയസ്സിനടുത്ത് പ്രായമുണ്ട് പിതാവിന്. വിശ്വാസിയാണെങ്കിലും അദ്ദേഹം നമസ്‌കരിക്കുമായിരുന്നില്ല. നാലഞ്ചു വര്‍ഷമായിട്ടേയുളളൂ അതൊക്കെ ആരംഭിച്ചിട്ട്. അതുകൊണ്ടുതന്നെ മകന്‍ വളര്‍ന്നുവന്ന ഘട്ടങ്ങളിലൊന്നും നമസ്‌കരിക്കണമെന്ന കാര്യം അദ്ദേഹം മകനെ ബോധ്യപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍, 55 വര്‍ഷത്തിന്‌ശേഷം തനിക്ക് ബോധ്യമായ കാര്യം, തന്റെ ഉപദേശങ്ങള്‍കൊണ്ട് മകന് ബോധ്യമാവുന്നില്ല എന്നതാണ് വസ്തുത. പിതാവിനെ കാര്യം ബോധ്യപ്പെടുത്തി. മിടുക്കനായ മകനും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ കാലതാമസമുണ്ടായില്ല. വെളിച്ചമുളള വഴി മുമ്പിലുണ്ടായിരുന്നിട്ടും ഇരുട്ടില്‍ തപ്പിത്തടയുന്നവരെ വെളിച്ചമുളള വഴി സ്വയം കണ്ടെത്താന്‍ പ്രാപ്തരാക്കുകയാണ് കൗണ്‍സലര്‍ ചെയ്യുക. അതാണ് കൗണ്‍സലിംഗ്. അതൊരു മനോരോഗ ചികിത്സയല്ല. അതുകൊണ്ടുതന്നെ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ സേവനം തേടിപോകാന്‍ മടി കാണിക്കേണ്ടതില്ല.



 ‍

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

ഫേസ്ബുക്ക്‌ മുഫ്തി


....Zac കിഴക്കേതില്‍

📝📝📝 തക്കാളിയിലെ അല്ലാഹു എന്ന എഴുത്തിനു മാശാഅല്ലാഹ്‌, ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേർ ചേർത്താൽ ഹറാം, പോസ്റ്റ്‌ ഷെയർ ചെയ്താൽ പുണ്യം, ഡിലീറ്റ്‌ ചെയ്താൽ അപകടം, അറബി മാസങ്ങൾ ആദ്യം അറിയിച്ചാൽ സ്വർഗം, ഗെയിം കളിച്ചാൽ നരകം..... തുടങ്ങിയ ഫേസ്ബുക്ക്‌ മുഫ്തിമാരുടെ കിറുക്കൻ ഫത്വകൾ ദയവു ചെയ്തു പ്രചരിപ്പിക്കരുത്‌. അത്രയെളുപ്പം നേടാനാവുന്നതല്ല സ്വർഗ്ഗം, ഒരു പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്താൽ നഷ്ടമാവുന്നതല്ല ഈമാൻ, തക്കാളിക്കുള്ളിൽ പേരെഴുതി മാശാഅല്ലാഹ്‌ പറയിക്കലല്ല അല്ലാഹുവിന്റെ ജോലി.
അവന്റെ സൃഷ്ടികൾ ഓരോന്നും അത്ഭുതമാണ്‌. അത്‌ നോക്കി മാശാഅല്ലാഹ്‌ പറഞ്ഞോളൂ. നിരന്തര ആരാധനയിലൂടെയും പുണ്യപ്രവർത്തനങ്ങളിലൂടെയും സ്വർഗ്ഗം കരസ്ഥമാക്കൂ. തിന്മയിൽ നിന്നും വിട്ടുനിന്ന് നരകമോചനം സാധ്യമാക്കൂ. ....