2015, മാർച്ച് 5, വ്യാഴാഴ്‌ച

ഉപ്പാന്‍റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...


ഉപ്പാന്‍റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...
《》《》《》《》《》《》《》《》

"ഉമ്മാ...
ഞാൻ  ഇറങ്ങുന്നു ഫ്രെണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്..."

"മോനേ...
ഉപ്പാനോട് യാത്ര പറഞ്ഞ്‌ ഇറങ്ങെടാ..."

"ഹും...
എന്തിന്...?
എത്ര നാളായി ഒരു ബൈക്ക് വാങ്ങി തരാൻ പറയുന്നു,
നല്ലൊരു മൊബൈൽ വാങ്ങി തരാൻ പറയുന്നു,
ഫ്രെണ്ട്സുകളുടെ ഇടയിൽ ഞാൻ മാത്രമേ ഇങ്ങനെയുളളൂ,
അല്ലെങ്കിൽ ആ പഴയ ലൂണ ഒഴിവാക്കി പുതിയ വേറൊരെണ്ണം വാങ്ങിക്കൂടെ,  ഇന്നത്തെ കാലത്ത് ഇതൊക്കെ നാണക്കേടാ..."

"അങ്ങനെയൊന്നും പറയല്ലെടാ മോനെ,
ഉപ്പാക്ക് വിഷമമാകും..."

"ഓ...
സാരല്യാ..."

അവന്‍റെ  ഉപ്പാന്‍റെ പ്രിയപ്പെട്ടതായിരുന്നു ആ പഴയ ലൂണ സ്കൂട്ടർ,
അത് പിതാവ് അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു...



അവൻ പുറത്തേക്ക് ഓടി ഇറങ്ങി,
ഷഹബാസ് എന്നാണു പേര് ഇപ്പോൾ എൻട്രൻസ് എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുകയാണ്,

ഉപ്പ ഒരു പഴയ ഗൾഫ് കാരനാണ്...

ഇപ്പോൾ ഒരു പലചരക്ക് കടയുണ്ട്,

അതാണ്‌ ഏക വരുമാനം,

ഉമ്മ വീട്ടിലെ വിളക്കും,

ഏതൊരു എക്സ് പ്രവാസിയേപ്പോലെ തന്നെ കഷ്ടതയും കടവും കൂടെയുണ്ട്...!!!

മകൻ പോയപ്പോൾ ഉപ്പ ചോദിച്ചു...

"അവൻ എങ്ങോട്ടാടീ പോയത്...?

"അറില്യാ എങ്ങോട്ടാണെന്ന്,
നിങ്ങളോട് പറയാൻ പറഞ്ഞപ്പോൾ അവൻ പഴയ പല്ലവി തന്നെ ബൈക്കും മൊബൈലും..."

ഉപ്പ പുറത്തേക്ക് പോയി,

അങ്ങാടിയും കഴിഞ്ഞു യാത്ര ചെയ്തു ഒരു സുഹൃത്തിന്‍റെ അടുക്കലേക്ക് തന്‍റെ ലൂണയുമായി,

പോകുംവഴി അതാ സമ്പന്ന കുടുംബത്തിലെ മക്കളോടൊപ്പം ഷഹബാസ്  മോൻ നില്ക്കുന്നു,

ഉപ്പ അവരുടെ അടുത്തേക്ക് ചെന്നു...

ഇതുകണ്ട് നിന്ന ഷഹബാസിന് ഒരു മടി,
മുണ്ടും പഴയ ഷർട്ടും ഇട്ട ഇവരെ എന്‍റെ  ഉപ്പ ആണെന്ന് കൂട്ടുകാരോട് പറയാൻ...

"മോനെ...
ഇവരൊക്കെ നിന്‍റെ കൂട്ടുകാരാണോ...?"

"ഹ്ഊം"

"ഹൂ ഈസ്‌ ദിസ്‌  ഷഹബാസ്..."

കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു...

അവനൊന്നും മിണ്ടിയില്ല,

അവൻ പോകാൻ അവരോടു തിടുക്കം കൂട്ടി,

മുഴുവൻ യോ, യോ മൊഞ്ചന്മാർ...

ബൈക്കിനോടുളള അവന്‍റെ കമ്പം ഒരു അമർഷത്തോടെ മുഖത്ത് വെളിവായതായി  ഉപ്പാക്ക് തോന്നി...

മറുപടിയൊന്നും പറയാതെ നീങ്ങി,

അതിനിടയിൽ  ഷഹബാസ് പറയുന്നത്  ഉപ്പ കേട്ടു...

"ഇത് ഞങ്ങടെ വീടിനടുത്തുളള ആളാ..."

"ഹ്ഊം...


പൊട്ടാറായ ഹവായി വലിച്ചു കൊണ്ട് ഉപ്പ ലൂണയിൽ മടങ്ങി...

മനസ്സിൽ വേദനയും പേറി മൗനത്തോടെ...

എക്സാമിൽ മാർക്ക് ലഭിച്ചു,

എൻജിനീയറിംഗ് തിരഞ്ഞെടുത്തു,

അവനെ ഉന്നത പഠനത്തിന് ബാംഗ്ളൂരിലേക്ക് അയച്ചു,

പല വിഷമങ്ങൾ പേറിയിട്ടും അവനുളള കാശൊക്കെ മുടങ്ങാതെ അയച്ചു കൊടുത്തു,

വീട്ടിലേക്കു വിളിക്കുമ്പോൾ ഉമ്മയോടെ സംസാരിക്കുകയുളളൂ,

ഉപ്പാനോട്  ഒരുതരം നീരസം...

പഠന കാലത്തിന്‍റെ അവസാന ദിനങ്ങളും കഴിഞ്ഞു,

വർഷങ്ങൾ നിമിഷങ്ങൾ പോലെ കടന്ന് പോയി,

തനിക്ക് നല്ലൊരു സ്മാർട്ട് മൊബൈൽ പോലും നൽകാതിരുന്ന  ഉപ്പാനോടുളള ദേഷ്യം ഷഹബാസിന്‍റെ മനസ്സില്‍ ഇടയ്ക്കിടെ തല പൊക്കിക്കൊണ്ടിരുന്നു,

കോളേജിൽ സഹപാഠികളുടെ കൈകളിൽ കണ്ടിരുന്ന വിവിധ തരത്തിലുളള മൊബൈലുകളും ബൈക്കുകളും തന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പോലെ അവന് തോന്നി...

കോളേജിൽ ഉപ്പ തന്നെ കാണാൻ വരുമ്പോഴൊക്കെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ചു സംസാരിക്കാറില്ലായിരുന്നു,
   
അവൻ ന്യൂ ജനറേഷൻ ആയത് തന്നെ കാരണം,

ഉപ്പ  ഫാഷൻ അല്ലല്ലോ... !!!

അറു പഴഞ്ചൻ... !!!

നാല് മാസത്തെ ലീവിന് നാട്ടിലേക്ക് വരുന്ന വഴി,

ട്രെയിനിലായിരുന്നു യാത്ര...

സമയം അർദ്ധ രാത്രി...

അതിൽ തന്‍റെ അതേ പ്രായമുളള ഒരു പയ്യൻ തന്‍റെ നേരെ മുന്നിലുളള സീറ്റിൽ ഇരിക്കുന്നത് കണ്ടു,

അവൻ കരയുന്നുണ്ടായിരുന്നു,

മൊബൈൽ എടുത്ത് നിരന്തരം കോൾ ചെയ്യുന്നു,

നിഷ്കളങ്കമായ അവന്‍റെ മുഖത്തുളള വിഷമം അവനേയും തളർത്തി കളഞ്ഞു...

 ഷഹബാസ്  അവസാനം അവനോട് ചോദിച്ചു...

"ഞാൻ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു,

നീ എന്തിനാ ഇങ്ങനെ കരയുന്നത്,

എന്താ കാരണം...?

അവൻ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു...

"എന്നെ പിക്ക് ചെയ്യാൻ എല്ലായ്പ്പോഴും. അച്ഛനാണ് വരാറുളളത്...
ഞാൻ വരുന്നുണ്ട് എന്ന് അറിഞ്ഞു എന്‍റെ അച്ഛൻ വീട്ടില്‍ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചതാ,
വരുന്ന വഴി ഒരു ലോറിയുമായി തട്ടി അപകടത്തിൽ പെട്ടു എന്ന് അറിഞ്ഞു..."

അവൻ പൊട്ടി കരഞ്ഞു...

"എന്‍റെ അച്ഛൻ എനിക്ക് ജീവനാണ്,
ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിക്കുന്നത്,
എന്‍റെ പഠനം അവസാനിക്കാൻ ആയത് കൊണ്ട് അച്ഛൻ എനിക്ക് പുതിയൊരു ബൈക്ക് വാങ്ങി തരാമെന്നു പറഞ്ഞു,
സുഹൃത്തുക്കളുടെ ഫോണില്‍ നിന്നാണ് അധികവും വീട്ടിലേക്ക് വിളിക്കാറ്,
അത് കൊണ്ട് നിനക്ക് നല്ലൊരു മൊബൈൽ ഈ അച്ഛൻ വാങ്ങിത്തരുന്നത് വരെ നീ ഈ ആച്ഛനോട് ക്ഷമിക്ക് എന്നൊക്കെ പറഞ്ഞു എന്നെ എന്നും സമാധാനിപ്പിക്കുമായിരുന്നു,
അതൊന്നും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല,
കാരണം ഞങ്ങളുടെ അവസ്ഥ എനിക്ക് അറിയാം,
അച്ഛന്‍റെ കഷ്ടപ്പാടൊക്കെ എനിക്കറിയാം,
എന്നെ പൊന്നു പോലെ സ്നേഹിക്കുന്ന എന്‍റെ അച്ഛൻ,
ആഹ്...
എനിക്ക് സഹിക്കാൻ പറ്റണില്ല..."

അവൻ വിതുമ്പി...

ഇത് കേട്ടപ്പോൾ അവന്‍റെ മനസ്സൊന്നു പിടഞ്ഞു...

"അളളാ...
 ഞാൻ എന്‍റെ  ഉപ്പാന്‍റെ അവസ്ഥ മനസ്സിലാക്കിയില്ലല്ലോ,
ഞാൻ പലപ്പോഴും കുറ്റപ്പെടുത്തി ഒഴിവാക്കിയില്ലേ,
ഇങ്ങനൊരു മനസ്സ് എനിക്കെന്തേ ഇല്ലാതെ പോയത്,
സുഹൃത്തുക്കളുടെ മുന്നിൽ പോലും ഈ ഞാൻ എന്‍റെ  ഉപ്പാനെ...... !!!

ഒരിക്കൽ പോലും ബൈക്കിന്‍റേയും മൊബൈലിന്‍റേയും പേരിൽ ഞാനെന്‍റെ  ഉപ്പാന്‍റെ അവസ്ഥ ഓർത്തില്ലല്ലോ... !!

അവൻ വീട്ടിലേക്ക് വിളിച്ചു,

അവൻ ഒറ്റയ്ക്ക് തന്നെയാണ് ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകാറ്, ആരും വരണ്ടാന്നു എപ്പോഴും പറയുമായിരുന്നു...

"ഹലോ ഉമ്മാ...
ഞാനാ ഷഹബാസ്,
ഉപ്പ എവിടെ...?"

"ഉപ്പ പുറത്ത് പോയിട്ട് കുറേ നേരമായല്ലോ,
വിളിച്ചിട്ട് കിട്ടണില്ല്യാ..."

അവൻ ഫോണ്‍ കട്ട്‌ ചെയ്ത്  ഉപ്പാക്ക് വിളിച്ചു...

കിട്ടുന്നില്ല,

ഒരു മണിക്കൂർ നേരത്തോളം നിരന്തരം ട്രൈ ചെയ്തു കിട്ടുന്നില്ല,

അവന്‍റെ ഉളെളാന്ന് പിടച്ചു,

അവൻ നേരെ ഇരിക്കുന്ന സഹയാത്രികനെ ഒന്നു നോക്കി,

കരഞ്ഞു തളര്‍ന്ന ആ കണ്ണിൽ ഷഹബാസ് അവന്‍റെ  ഉപ്പാന്‍റെ മുഖം കണ്ടു...

ഹൃദയം ഭയത്തോടെ തുടിച്ചു...

എഴുന്നേറ്റ് വാതിലിന്‍റെ അരികിൽ കുറേ നേരം  ഇരുന്നു...

ഒടുവിൽ സ്റ്റേഷന്‍ എത്തി...

വേഗം ഇറങ്ങി നടന്നു...

അവിടെ അധികം ആളൊന്നുമില്ല...

പുലർച്ച ആയിരുന്നു...

ഒന്ന് കൂടി  ഉപ്പാന്‍റെ ഫോണിലേക്ക് വിളിച്ചു,

പക്ഷേ, പതിവ് നിരാശ തന്നെ...

ഉമ്മാക്ക് വിളിച്ചു പക്ഷേ അവിടേയും എത്തിയിട്ടില്ല,

അവന് വല്ലാണ്ട് സങ്കടം വന്നു,

ബാഗുമായി നടന്നു...

അപ്പോളതാ ആ പൊട്ടാറായ ചെരുപ്പിൽ കയറി നിൽക്കുന്ന വിണ്ടു കീറിയ ആ പാദങ്ങൾ തൊട്ടു മുന്നില്‍... !!!

പ്ളാറ്റ്ഫോമിൽ നിന്ന് പുറത്ത് കടക്കുന്ന ഗെയ്റ്റിൽ അവനേയും കാത്ത് കോട്ടുവാ ഇട്ട് നിൽക്കുന്നു അവന്‍റെ പൊന്ന് ഉപ്പാ... !!!

അവൻ ഓടി അരികിലെത്തി എന്നിട്ട് ചോദിച്ചു...

"ഉപ്പ എവിടെയായിരുന്നു,
എത്ര നേരമായി ഞാൻ വിളിക്കുന്നു,
ഫോണ്‍ കിട്ടുന്നുമില്ല..."

"ഓ അതോ,
മോനെ ഇത് കേടായി നന്നാക്കാൻ കൊടുത്തതാ,
ബാറ്ററി ഇല്ല,
ഉമ്മേം കുറേ വിളിച്ചു കാണും അല്ലേ...?"

"ഉപ്പ സാധാരണ ഇവിടെ വരാറില്ലല്ലോ, പിന്നെന്താ ഇന്നിങ്ങനെ..."

"വാ പറയാം മോനേ..."

ഉപ്പ അവനേയും കൊണ്ട് പുറത്തേക്ക് പോയി...

പുറത്ത് നിർത്തിയിട്ടിരുന്ന പുതിയ ബൈക്കിൽ അവനെ ഇരുത്തി,

എന്നിട്ട് പറഞ്ഞു...

"ദാ മോനെ...
നീ ആശിച്ച പോലെ ഒരു ബൈക്ക്,
നിനക്കുളളതല്ലേ എല്ലാം,
ഈ ഉപ്പ  നിനക്ക് വേണ്ടിയല്ലേടാ ജീവിക്കുന്നേ,
നീ വിഷമിക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും നിന്‍റെ കുട്ടിക്കാലം തന്നെയാ എനിക്ക് എപ്പോഴും നിന്നിൽ കാണാൻ കഴിയുക...
ഇനി മോൻ വിഷമിക്കണ്ടാട്ടോ...!!!"

അവർ യാത്രയായി, ഉപ്പയായിരുന്നു വണ്ടി ഓടിച്ചിരുന്നത്, പിറകിൽ ഷഹബാസ് തന്‍റെ കഴിഞ്ഞ നിമിഷത്തിൽ അനുഭവിച്ച ഭയത്തേയും സങ്കടത്തേയും അളന്നു നോക്കിയപ്പോൾ അവന് മനസ്സിലായി തന്‍റെ സ്വർഗ്ഗത്തിന്‍റെ വാതിലുകൾ എവിടെയാണുളളതെന്ന്...

അവൻ ഉപ്പാന്‍റെ പിറകിൽ ചാരിയിരുന്നു,

പൊടുന്നനെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... !!!



മാതാ പിതാക്കളുടെ അവസ്ഥ മനസ്സിലാക്കി അവരോടു പെരുമാറുകയും, ഉളളതിൽ തൃപ്തി നേടി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുക എന്ന നന്മയുടെ സന്ദേശം എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു...

ഇത് പോലെ പിതാവിന്‍റെ വിയർപ്പിന്‍റെ വിലയറിയാതെ,
ന്യൂ മൊഞ്ചന്മാരും മൊഞ്ചത്തിമാരും ആയി അഴിഞ്ഞാടുമ്പോൾ അൽപ്പമെങ്കിലും ഓർക്കുക...

ഇത് അവർക്കും കൂടി സമർപ്പിക്കുന്നു...

"ഉപ്പാന്‍റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ