സാധാരണ നമ്മള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ തന്നെ നമ്മള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടും, ഞാന്‍ വരുന്നു “എന്‍റെ നാട്ടിലേക്ക്” എന്ന്. അത് കഴിഞ്ഞു പെട്ടികെട്ടലും കുട്ടുകാര്‍ക്ക് ചിലവ് ചെയ്യലും എല്ലാം കുടി ഒരു പുകിലാണ്. പിന്നെ എയര്‍ പോര്‍ട്ടില്‍ ചെന്ന് ബോര്‍ഡിംഗ് പാസ്സും കുടി കിട്ടുമ്പോള്‍ നമ്മുടെ ഒരു ഇരുത്തമുണ്ട്, എമിറെറ്റസ് നമ്മള്‍ കയറിയില്ലങ്കില്‍ പൊങ്ങില്ല എന്ന ഭാവത്തോടെ. ഇനി കയറി കഴിഞ്ഞാല്‍ പടച്ചോനെ പറയണോ മന്‍ക്കോട്ടച്ചിറ ഷാപ്പില്‍ പിന്നെയും അച്ചടക്കം ഉണ്ടാകും.
അങ്ങനെ നാട്ടില്‍ എത്തിയാല്‍, എയര്‍പോര്‍ട്ടില്‍ ഉണ്ടാകും ഒരു ഇന്നോവേ കാറില്‍ കൊള്ളവുന്നതില്‍ കൂടുതല്‍ ആളുകള്‍, മിക്കപോഴും നമുക്ക് ഇരിക്കാനുള്ള സ്ഥലം പോലും കാണില്ല എന്ന ഒരു തമശ ഉണ്ടാകാറുണ്ട് .
ഇനി നിങ്ങള്‍ക്ക് വേറെയൊരു നാട്ടില്‍ പോക്ക് അറിയമോ?
ലീവ് ആപ്ലിക്കേഷന്‍ കൊടുക്കാതെ, ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടാന്‍ സമയം കിട്ടാതെ, കൂട്ടുകാര്‍ക്ക് ചിലവ് ചെയ്യാന്‍ പറ്റാതെ, പെട്ടി കെട്ടാന്‍ പോലും സമയം കിട്ടാതെ പെട്ടന്നൊരു നാട്ടില്‍ പോക്കുണ്ട്. നമ്മള്‍ ഏതു രാജ്യത്താണോ അവിടെ പെട്ടന്ന് മരിച്ചുപോകുന്ന ഒരു അവസ്ഥ.
നമ്മള്‍ മരിച്ചാല്‍ ഉടന്‍ അവിടുള്ള ഏതങ്കിലും ഒരു ഹോസ്പിറ്റലില്‍ കൊണ്ട് പോയി മോര്‍ച്ചറിയില്‍ വെക്കും. അന്നാണ് നമ്മുടെ കമ്പനി നമ്മളെ സ്നേഹിച്ചിരുന്നു എന്ന് നമ്മള്‍ അറിയുന്നത്. അന്ന് എല്ലാവര്‍ക്കും അവധി കൊടുക്കും, ആ അവധി കൊണ്ട് നമുക്ക് ഒരു ഗുണവുമില്ല, കാരണം, ജീവിച്ചിരുന്നപ്പോള്‍ ഐ പി എല്‍ കാണാന്‍ മുറി അവധി പോലും തന്നിട്ടില്ല.
പറഞ്ഞിട്ടു കാര്യമില്ല നമ്മള്‍ അവിടെ ചലനമറ്റു ഐസില്‍ ഇരിക്കുകയാവും. നമ്മുടെ കുട്ടുകാരില്‍ കള്ളുകുടിക്കുന്നവന്‍ അന്ന് കുറച്ചു കുടുതല്‍ കള്ളുകുടിക്കും. ഫേസ്ബുക്ക് പുലികള്‍ നമ്മുടെ പടം വെച്ച് ആദരാഞ്ജലി വാങ്ങി കുട്ടുന്നുണ്ടാകും. അന്നു നമ്മുടെ വാളിലും വരും കുറെ പോസ്റ്റ്, "നീ മരികുന്നില്ല ഞങ്ങളില്‍ ഉണ്ടാകും" എന്നൊക്കെ. ചുമ്മാതെയാ, ആറു മാസം കൊണ്ട് നമ്മള്‍ അവരുടെ മനസ്സില്‍ നിന്നും മരിച്ചിരിക്കും. ഓണ്‍ലൈനില്‍ "ഹായ്" പറഞ്ഞാല്‍ തിരിച്ചു "ഹായ്" പറയാത്തവരുടെ മുതല കണ്ണുനീര്‍ കണ്ടാല്‍ ഒരു ഒറ്റ പൊട്ടീര് കൊടുക്കാന്‍ തോന്നും. പക്ഷെ നടക്കില്ല, ശവമാരേം അടിച്ച ചരിത്രം ഇല്ലല്ലോ.
ഓരോ കമ്പനിയുടെയും കഴിവു പോലെയിരിക്കും നമ്മളുടെ യാത്ര. ചിലപ്പോള്‍ ഒരു ദിവസം, ചിലപ്പോള്‍ ഒരു ആഴ്ച്ച വരെ നീണ്ടു പോകും നമ്മുടെ മടക്കയാത്ര. ആ യാത്രയിലാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്രാനിരക്കുള്ള ടിക്കറ്റില്‍ യാത്ര ചെയ്യുന്നത്, ഇരട്ടി നിരക്ക് കൊടുക്കണം. സാധാരണ രണ്ടു മണിക്കൂര്‍ മുന്‍പാണങ്കില്‍ ഈ യാത്രയില്‍ നാല്മണിക്കൂര്‍ മുന്‍പേ ചെല്ലണം.
സാധാരണ നമ്മള്‍ ചെന്നു മസ്സില്‍ പിടിച്ചു ഇറങ്ങുന്ന മെയിന്‍ ഗേറ്റില്‍ അല്ലേ, പക്ഷെ, ഇപ്രാവശ്യം ഒരു കോര്‍ണറില്‍ ലഗേജ് എടുക്കുന്ന ഒരു വിഭാഗമുണ്ട്, അവിടെയാണ് ചെല്ലേണ്ടത്. നമ്മള്‍ അവിടെ ചെന്നാല്‍ പിന്നെ അവരേറ്റു. ആദ്യംവരുന്നത് ഒരു ഫോര്‍ക്ക് ലിഫ്റ്റാണ്. നേരെ കൊണ്ടുപോയി നമ്മളേം നമ്മുടെ ശവപ്പെട്ടിയേയും കൂടെ തുക്കി നോക്കും. അവിടുന്ന് നേരെ സ്ക്രിനിംഗ് മെഷിനില്‍ ഇട്ടു പരിശോധിക്കും. അവിടുന്ന് നേരെ ബാഗേജു വിഭാഗത്തില്‍ കുടി നേരെ വിമാനത്തിനു അടിത്തടിലോട്ടു കൂടെ.
സുന്ദരികളായ ഐര്‍ഹോസ്റ്റേസ് ഇല്ല, ഭക്ഷവും വെള്ളവും ഇല്ല. പിന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞു ജിവനുള്ള യാത്രക്കാര്‍ വന്നാല്‍ അവരുടെ കൂടെ നമ്മളും പറക്കും. അവര്‍ മുകളില്‍ ഒരായിരം ജീവനുള്ള സ്വപ്നങ്ങലുമായി, മരിച്ച കുറെ സ്വപ്നങ്ങളും പേറി നമ്മള്‍ താഴെയും.
എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ അന്നു കണ്ടതു പോലെ, ഒരു ഇന്നോവ നിറയെ ആളുകളൊന്നും ഉണ്ടാകില്ല സ്വികരക്കാന്‍. ഏതങ്കിലും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ആംബുലന്‍സും, ഏറവും അടുത്ത ഒന്നോ രണ്ടോ ആളുകളും, അത്ര തന്നെ. പക്ഷെ നമുക്ക് ഇരിക്കാന്‍ മാത്രമല്ല കിടക്കാന്‍ ഉള്ള സ്ഥലം കൂടിയുണ്ടാകും അതില്‍. അവിടുന്ന് നീല ലൈറ്റ് മാത്രം ഇട്ടൊരു പോക്കുണ്ട്, അതൊരു വല്ലാത്ത പോക്കാണ് മക്കളേ, വല്ലാത്തൊരു പോക്ക്. പിന്നെ വീട്ടില്‍ എത്തിയാല്‍ നല്ല തരക്കേടില്ലാത്ത നല്ലൊരു സ്വീകരണം കൂടിയാകുമ്പോള്‍ യാത്ര സമ്പൂര്‍ണ്ണം.
പക്ഷെ, ഒരേയൊരു സങ്കടം മാത്രം അപ്പോള്‍ ബാക്കി നില്‍ക്കും, എപ്പോഴും ചോദിക്കുന്ന പോലെ, "ഞാന്‍ തിരിച്ചു വന്നിട്ടും ഉമ്മച്ചി എന്തിനാ കരയുന്നെ" എന്ന്, ചോദിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരേയൊരു സങ്കടം......... ....Zac കിഴക്കേതില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ