2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

മാതാവും പിതാവും

 ഒരു മകൻ ഒരിക്കൽ അവൻറെ ഉമ്മയോട് ചോദിച്ചു.


 മക്കളായ ഞങ്ങളെ വളർത്താൻ ഉപ്പയാണോ  ഉമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??


 ആ ഉമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ  എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു

കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ   നിങ്ങളുടെ ഉപ്പയുടെ  ത്യാഗം ഒന്നും ഈ ഉമ്മയ്ക്ക് ഇല്ല.


ഞാൻ വിവാഹം കഴിഞ്ഞു  വരുമ്പോൾ  നിങ്ങളുടെ ഉപ്പ  ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും  ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.


 പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി  നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഉപ്പ  ഓടുകയായിരുന്നു.


 നമുക്ക്  ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ  വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ഉപ്പയുടെ  വിയർപ്പാണ് ഞാനും  നിങ്ങളും ഈ കുടുംബവും.

ആ മകൻ ഇതേ ചോദ്യം അവൻറെ ഉപ്പയോടു൦ ചോദിച്ചു....


ആ  ഉപ്പയുടെ  മറുപടി... മറ്റൊന്നായിരുന്നു ....


 നിങ്ങളുടെ ഉമ്മയുടെ ത്യാഗം അതെത്ര  എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ  അവൾ  സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. അവളുടെ ക്ഷമയും  സഹനവും ആണ് ഇന്ന് ഈ കുടുംബത്തെ ഇവിടെ വരെ എത്തിച്ചത്. അവൾക്കും  ഉണ്ടായിരുന്നു ഇഷ്ടങ്ങൾ സ്വപ്നങ്ങൾ അതെല്ലാം വേണ്ടെന്നുവയ്ക്കുകയായിരുന്നു  എനിക്കും നിങ്ങൾക്കും വേണ്ടി.... നമ്മുടെ കുടുംബത്തിന് വേണ്ടി.... എൻറെ  സാമ്പത്തികം അവളുടെ കയ്യിൽ ഭദ്രമായിരുന്നു

 എൻറെ വരവുകൾ അറിഞ്ഞ്  അവൾ  ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം  ഉള്ളത് അല്ലാതെ... അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി  പൊരുതുകയായിരുന്നു ... അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല...


ആ മകൻ അവൻറെ  സഹോദരങ്ങളോട് പറഞ്ഞു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് ...

അതെ ഉപ്പയുടെ  ത്യാഗം  മനസ്സിലാക്കുന്ന ഉമ്മയും ഉമ്മയുടെ ത്യാഗം  മനസ്സിലാക്കുന്ന ഉപ്പയും   അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്....

ഉപ്പയും   ഉമ്മയും  രണ്ടല്ല അവർ ഒരു കിരീടത്തിലെ രണ്ടു പൊൻതൂവലുകൾ ആണ്....