മരണം ഒരു യാഥാർത്ഥ്യമാണ്. വലിയൊരു അനുഗ്രവും. മരണമില്ലായിരുന്നുവെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു. മൂത്തു നരച്ച് പല്ലു കൊഴിഞ്ഞ് വില്ലുപോലെ വളഞ്ഞ് ഉണക്ക മുന്തിരി പോലെ ചുക്കിച്ചുളിഞ്ഞ് മരിക്കാതെ, മടുപ്പിക്കുന്ന ഈ ലോകത്ത് മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ചോർത്തിട്ടുണ്ടോ?
അപ്പുപ്പൻമാരും അമ്മുമ്മമാരും നാടും വീടും നിറഞ്ഞു കവിഞ്ഞ് ഒരോ കുടുംബത്തിലും നൂറും ഇരുന്നൂറും ചിലപ്പോൾ അതിൽ കൂടുതലും അംഗങ്ങൾ ഉണ്ണാനും ഉറങ്ങാനും ഉടുതുണിക്കുമായി കലപിലകൂട്ടി കലഹിക്കുന്ന കാഴ്ച സുന്ദരമായിരിക്കുമോ?
കാലനില്ലാ കാലത്തെക്കുറിച്ച് കുഞ്ചൻ നമ്പ്യാർ വർണിച്ച ഒരു വരി ഇപ്രകാരമാണ്:
"അഞ്ഞുറു വയസ്സുള്ളോരപ്പുപ്പനവനിന്ന് കുഞ്ഞായിട്ടിരിക്കുന്നോരപ്പുപ്പനവനുണ്ട്!"
അഞ്ഞൂറു വയസ്സുള്ള അപ്പുപ്പന്റെ അപ്പുപ്പൻ കുഞ്ഞായിട്ട് ഇവിടെത്തന്നെയിരുന്നാൽ തലമുറകളുടെ തളളിച്ചയിൽ സംസ്കരണ കേന്ദ്രമില്ലാത്ത കേരളത്തിലെ മാലിന്യക്കൂമ്പാരം പോലെ മനുഷ്യക്കൂമ്പാരങ്ങളുടെ ഇടമായി ഭൂമി മാറുകയില്ലേ?
കുറച്ചു ജീവിച്ച് കട്ടിലൊഴിഞ്ഞു കൊടുക്കുന്ന നമ്മൾ അടുത്ത തലമുറയോട് വലിയ കാരുണ്യമാണു ചെയ്യുന്നത്. ജീവിതത്തിന്റെ അനശ്വരതയിൽ ചിരഞ്ജീവിയായി ജീവിക്കാൻ ഇഹലോകം പര്യാപ്തമല്ല. പരിമിതമായ വിഭവങ്ങൾ മാത്രമേ പടച്ചവൻ ഇവിടെ ഒരുക്കിയിട്ടുള്ളൂ. ഭൂമിയിൽ വാസത്തിന് വന്ന പ്രഥമ മനുഷ്യരോട് പടച്ചവൻ പറഞ്ഞ വാചകം ഖുർആൻ ഉദ്ധരിക്കുന്നത് കാണുക: നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (ഖുർആൻ: 2/36) ഒരു നിശ്ചിത കാലത്തേക്കുള്ള വിഭവങ്ങൾ മാത്രമേ ഇവിടുള്ളൂ
കുറഞ്ഞ ദൂരം മാത്രമുള്ള നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടതും അനുഭവിച്ചതുമായ സൗഭാഗ്യങ്ങൾ ചെറുതായിരുന്നോ?
ഇന്നലെകളിൽ ഞാൻ കിടന്ന വയറിനേക്കാൾ വലിയ ലോകം വേറെയുണ്ടോ?
കെകാലിട്ടടിച്ച് മടിയിൽ കിടന്നപ്പോൾ കണ്ട മാതാവിന്റെ മുഖത്തേക്കാൾ മനസ്സിനെ സ്വാധിനിച്ച വേറെ മുഖമുണ്ടോ?
തൊട്ടിലിൽ കാലിട്ടടിക്കുമ്പോൾ കുഞ്ഞിളം കാലിൽ ചുംബിച്ച്, പിച്ചവെക്കാൻ പ്രായമെത്തിയപ്പോൾ കുഞ്ഞിക്കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച പിതാവിനോളം ധൈര്യം പകർന്നവർ വേറെയുണ്ടോ?
വളരാൻ കിടന്ന ഉദരത്തിൽ നമ്മുടെ മുമ്പോ ശേഷമോ കയറിക്കിടന്ന സഹോദങ്ങൾ തന്ന മനോഹരമായ കളി ജീവിതം വേറെ എവിടെയെങ്കിലും അനുഭവിക്കുമോ?
ജീവിതയാത്രയിൽ കണ്ടുമുട്ടിയ ഇണ സമ്മാനിച്ച അനിർവചനീയ നിമിഷങ്ങളും മക്കളോരോന്നായി കടന്നു വന്നപ്പോഴുണ്ടായ ആനന്ദവും ഒരു ഓലക്കുടിലായാൽ പോലും വീട് തന്ന സുരക്ഷിതത്വവും കൂടെ നടന്ന കൂട്ടുകാരും അങ്ങനെ അങ്ങനെ വാക്കുകളെ തോൽപ്പിക്കുന്ന അനുഗ്രഹക്കൂമ്പാരങ്ങൾ തുച്ഛ ജീവിതത്തിൽ നാം വാരിക്കൂട്ടിയില്ലേ? എന്നിട്ടും ... നമുക്ക് തൃപ്തിയായോ? ലഭിച്ചതൊന്നും പോരെന്ന ആർത്തിയല്ലേ ഇപ്പോഴും നമ്മെ കിതപ്പിക്കുന്നത്!?
ഈ ആർത്തിക്കിടയിൽ നാം മറന്നതാരെയാണ്? ഓർക്കാതെ പോയതന്താണ്?
അളവില്ലാതെ അനുഗ്രഹങ്ങളെ വാരിത്തന്നവന് നന്ദി പറയാൻ മറന്നു.
അനുഗ്രഹങ്ങൾ ആസ്വദിച്ചെഴുന്നേൽക്കുമ്പോൾ ഹംദ് ചൊല്ലാൻ മറന്നു.
നന്മയുടെ കച്ചവടക്കാർ വഴിയിൽ വെച്ച് തന്ന പുണ്യങ്ങളെ മറന്ന് വെച്ച് നടന്നു.
ചെന്നു ചേരേണ്ട വീടിനെ മറന്നു.
മടക്കം റബ്ബിലേക്കാണെന്ന് മന:പ്പൂർവ്വം മറന്നു, എല്ലാം മറന്ന് നാം ധൃതിയിൽ ഓടുകയാണ്. ഒരായിരം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനിടയിലും പരാതിക്കെട്ടുകൾ ചുമലിൽ ചുമന്ന് നെടുവീർപ്പുകളുമായുള്ള ഓട്ടം.
സ്പീഡ് കുറക്കണ്ട. വേഗത്തിലോടു . ആറടി നീളത്തിൽ അരപ്പൊക്കത്തിൽ നിനക്കായ് കുഴിച്ച കുഴിയിലേക്ക്.... ഒറ്റക്ക് പോയി വീഴുന്ന ഒത്ത കുഴിയിലേക്ക്. ..ഇഹലോകത്തെ കളിയുടെ അവസാനം ആ കുഴിയാണ്. വേറെ ആരും അവകാശത്തർക്കത്തിന് വരില്ല. നീ ഓടി നേടിയ കുഴി നിനക്ക് സ്വന്തം.
ആറടി മണ്ണിൽ അമർന്നു കിടക്കുന്നതിന് മുമ്പ് പാശ്ചാത്താപത്തിനും തുടർ ജീവിതത്തിൽ മാറ്റത്തിനും തയാറാണെങ്കിൽ ആ കുഴിയിലാണ് നിന്റെ സ്വർഗ വാതിലുകൾ. റമദാൻ നിന്നെ കൈപിടിച്ച് കൊണ്ടു പോയത് അവിടെക്കാണ്. സ്വർഗത്തിലേക്കുള്ള ഒരായിരം വിഭവങ്ങളുമായി ധൃതിയിലോടുന്ന നിന്നോടൊപ്പം റമദാനും വന്നുപോയി. റമദാൻ കൈപിടിച്ചേൽപ്പിച്ച നന്മകളെ മരണം വരെ കൈക്കുമ്പിളിൽ സുക്ഷിക്കാൻ സാധിച്ചാൽ നമുക്ക് മന്ദഹസിച്ചു മരിക്കാം. പടച്ചവന്റെ മുന്നിൽ പതിതരാകുന്ന നേരത്ത് നമുക്കായി റമദാൻ അവിടെയെത്തും. വിജയം വാങ്ങിത്തരുന്നത് വരെ വാശിയോടെ വാദിക്കുന്ന വക്കീലായി. റബ്ബ് തുണക്കട്ടെ!