(0 % കൊളെസ്ട്രോൾ )
*100% Cholesterol Free Healthy Ice-Cream*
ഈ ഐസ് ക്രീം എത്ര വേണേലും കഴിച്ചോളൂ ഒരു കൊളെസ്ട്രോളും കൂടില്ല 100 % ഉറപ്പു.. സാധാരണ ഐസ് ക്രീം ധാരാളം കൊഴുപ്പു അടങ്ങിയതിനാൽ കൊളെസ്ട്രോൾ ഉള്ളവർ കഴിക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ ഇതിൽ ഒരു കൊഴുപ്പും ചേർക്കുന്നില്ല; മാത്രമല്ല ആരോഗ്യകരമായ ചേരുവകകൾ മാത്രമേ ഉള്ളു.. രുചിയിൽ ഒട്ടും പുറകിൽ അല്ലതാനും; മധുരം മാത്രമേ ഇതിൽ ഹാനികരമായുള്ളു; അത് നിങ്ങൾക്കു ക്രമീകരിക്കാം;
ആവശ്യമുള്ള ചേരുവകകൾ:
-------------------------------------------
1 ) ചക്കക്കുരു തോട് കളഞ്ഞു ബ്രൗൺ നിറമുള്ള തൊലി ചുരണ്ടി കളഞ്ഞു അല്പം വെള്ളമൊഴിച്ചു രണ്ടു വിസിൽ കൊടുത്തു കുക്കറിൽ വേവിച്ചു വെള്ളം ഊറ്റി കളഞ്ഞു തണുപ്പിച്ചത് - ഒരു കപ്പ്
2 ) കണ്ടെൻസ്ഡ് മിൽക്ക് / മിൽക്‌മൈഡ് - അര കപ്പ് (മധുരം അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ആകാം)
3 ) വാനില എസ്സെൻസ് - രണ്ടു തുള്ളി മാത്രം
5 ) അക്വാ ഫാബ - രണ്ടര കപ്പ് (ഇതാണ് ഈ ഐസ് ക്രീമിൽ വിപ്പിംഗ് ക്രീമിന് പകരം ഉപയോഗിക്കുന്നത് ഇത് എങ്ങിനെ ഉണ്ടാക്കാമെന്ന് പറഞ്ഞു തരാം) ഇതുണ്ടാക്കാൻ മടിയുള്ളവർ വിപ്പിംഗ് ക്രീം ഉപയോഗിച്ചോളൂട്ടോ; അപ്പോൾ മിൽക്‌മൈഡ് കൂടുതൽ ചേർക്കേണ്ടി വരും; കാരണം അക്വാ ഫാബയിൽ മധുരം ഉണ്ടാകും എന്നാൽ വിപ്പിംഗ് ക്രീമിൽ സാധാരണ മധുരം ഉണ്ടാകാറില്ല;
തയ്യാറാക്കുന്ന വിധം:
-------------------------------
1 ) ആദ്യം അക്വാ ഫാബ തയ്യാറാക്കണം; ഇതിനായി പറയുന്ന അളവുകൾ കൃത്യമായി പാലിക്കണം;എന്നാലേ നല്ല റിസൾട്ട് കിട്ടുകയുള്ളു; ഇതിനായി ഒന്നര കപ്പ് വെള്ള കടല എടുത്തു 8 മണിക്കൂർ കുതിർക്കാൻ വയ്ക്കുക (4 കപ്പ് വെള്ളമൊഴിച്ചു ) അതിനു ശേഷം കഴുകിയെടുത്തു രണ്ടു കപ്പ് വെള്ളം ഒഴിച്ച് കുക്കറിൽ മീഡിയം തീയിൽ 8 വിസിൽ കൊടുത്ത ശേഷം തീ വളരെ കുറച്ചു 20 മിനിറ്റ് കൂടി അടുപ്പിൽ വച്ചശേഷം തീ ഓഫ് ചെയ്തു കുക്കർ തുറക്കാതെ തന്നെ വയ്ക്കുക; ഏകദേശം രണ്ടര മണിക്കൂർ കഴിയുമ്പോൾ കുക്കർ തുറന്നു അതിലെ വെള്ളം അരിപ്പയിലൂടെ ഒരു പാത്രത്തിൽ ഊറ്റിയെടുക്കുക; ഈ വെള്ളം രണ്ടു മണിക്കൂർ അനക്കാതെ വയ്ക്കുക; ഇപ്പോൾ നല്ല തിക്ക് ആയുള്ള ഇളം മഞ്ഞ നിറമുള്ള ദ്രാവകം ലഭിക്കും ഇതിനെ പറയുന്ന പേരാണ് അക്വാ ഫാബ; ഇത് വളരെ ആരോഗ്യകരമായ ഒന്നാണ്; ഇനി ഇത് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വച്ച് തണുപ്പിക്കുക; (ഉണ്ടാക്കിയ അന്ന് ഉപയോഗിക്കുന്നില്ലെങ്കിൽ ഐസ് ട്രെയിൽ ഒഴിച്ച് ക്യൂബ്സ് ഉണ്ടാക്കി സൂക്ഷിക്കാം) തണുപ്പിച്ച ഈ കടല വെള്ളം ഒരു കുഴിയുള്ള ബൗളിൽ ഒഴിച്ച് ഈ വെള്ളത്തിന്റെ അളവിന്റെ മുക്കാൽ ഭാഗം ഐസിങ് ഷുഗർ ചേർത്ത് ഇളക്കുക; (ഉദാഹരണത്തിന് 4 ടേബിൾസ്പൂൺ ഈ വെള്ളം ഉണ്ടെങ്കിൽ 3 ടേബിൾസ്പൂൺ ഐസിങ് ഷുഗർ ചേർത്താൽ മതിയാകും)
ഇനി ഹാൻഡ് ബീറ്റർ ഉപയോഗിച്ച് ആദ്യത്തെ 5 മിനിറ്റ് സ്പീഡ് ഒന്നിലും പിന്നീടുള്ള ഓരോ അഞ്ചു മിനിറ്റ് കഴിയുമ്പോഴും സ്പീഡ് കൂട്ടി കൂട്ടി കൊടുക്കുക; അവസാനം മാക്സിമം സ്പീഡിൽ ബീറ്റ് ചെയ്യുക; ഓരോ അഞ്ചോ ആറോ മിനിറ്റ് കഴിയുമ്പോൾ ഒന്ന് രണ്ടു മിനിറ്റ് ബീറ്റർ ഓഫ് ചെയ്യണം ഇല്ലെങ്കിൽ മോട്ടോർ ചൂടാകും; ഈ രീതിയിൽ ഏകദേശം ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ബീറ്റ് ചെയ്യുക; നല്ല സ്റ്റിഫ് ആയ വെളുത്ത നിറമുള്ള വിപ്പിംഗ് ക്രീമിനെ പോലെ തന്നെ ഇരിക്കുന്ന അക്വാ ഫാബ ക്രീം ഇപ്പോൾ റെഡിയായി കഴിഞ്ഞു; ഇത് ഫ്രിഡ്‌ജിൽ സൂക്ഷിച്ചു പിന്നീടും ഉപയോഗിക്കാം; അപ്പോൾ കൊളെസ്ട്രോൾ ഫ്രീ ആയുള്ള ക്രീം ബേസ് റെഡിയായി
2 ) ഇനി മിക്സിയുടെ ജാറിൽ ചക്കക്കുരു വേവിച്ചതും കോൺടെന്സ്ഡ് മിൽക്ക് ഉം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക; ക്രീമിൽ മധുരം ഉള്ളതിനാൽ ആവശ്യത്തിന് മാത്രം മിൽക്‌മൈഡ് ചേർക്കുക;
3 ) ഇനി വിപ്പ് ചെയ്തു വച്ചിരിക്കുന്ന ക്രീമിലേക്കു അരച്ച് വച്ച ചക്കക്കുരുവും രണ്ടു തുള്ളി വാനില എസ്സെൻസ് ഉം കൂടി ചേർത്ത് ഒരു മരത്തവി കൊണ്ട് ഫോൾഡ് ചെയ്തു യോജിപ്പിക്കുക;
4 ) ഇത് ഒരു എയർ ടൈറ്റ് ആയുള്ള പാത്രത്തിൽ അടച്ചു 24 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക;
സ്വാദിഷ്ടമായ ആരോഗ്യകരമായ അടിപൊളി ചക്കക്കുരു ഐസ് ക്രീം റെഡി; കുറച്ചു ബുദ്ധിമുട്ടാൻ തയ്യാറാണെങ്കിൽ യാതൊരു ദോഷവുമില്ലാത്ത രുചികരമായ ഐസ് ക്രീം ഉണ്ടാക്കിയെടുക്കാം;
ഐസ് ക്രീം സ്കൂപ് ചെയ്തു തേൻ മുകളിൽ ഒഴിച്ച് ഒരു ചെറി വച്ച് സെർവ് ചെയ്തോളൂട്ടോ
വൽകഷ്ണം: *മടിയന്മാർക്കു* ഈ റെസിപ്പി ദഹിക്കില്ലാട്ടോ..