2019, മാർച്ച് 21, വ്യാഴാഴ്‌ച

ചമയങ്ങളില്ലാത്തൊരാൾ


കുഴിച്ചു വെച്ചൊരു
ഖബറിനടുത്തൊന്ന്
ഒറ്റക്ക് പോയിരുന്നു ഇന്നലെ...


കല്ലടുക്കിവെച്ചിട്ടുണ്ട് എങ്കിലും
കെട്ടിമേഞ്ഞിട്ടില്ല.
മണ്ണുരുളകൊണ്ട്
വിടവൊതുക്കിയിട്ടില്ലായിരുന്നു ഉള്ളില്‍ ആരും ഇല്ലാത്ത,
എണ്ണിയെണ്ണി
മണ്ണ് വാരിയെറിയാൻ
കൂടപ്പിറപ്പുകളും
നാട്ടുകാരും
തിരക്ക് കൂട്ടാൻ
തുടങ്ങിയിട്ടില്ലായിരുന്നു.

എന്നാലും
മീസാൻ കല്ലും
മൈലാഞ്ചി ചെടിയും
അടയാളമാവാൻ വേണ്ടി
അരികിൽ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു
ആ ഖബര്‍ ഏതോ മയ്യിത്തും കാത്ത് നില്‍പ്പാണെന്ന് മനസ്സിലായി

ഏതോ ഭാഗ്യവനായ മനുഷ്യന്‍
ആ കബറില്‍ വരും
വെട്ടി ഒതുക്കി ചെത്തി മിനുക്കിയ കബറില്‍
ഇനിയൊരു മയ്യത്ത് മാത്രം മതി.

ഭൂമിയില്‍ ദൈവത്തെ സ്നേഹിച്ച പോലെ
മനുഷ്യരെ സ്നേഹിച്ചവന്‍ ഉണ്ടാക്കേണ്ടുന്ന
ഒരു പുണ്യഭവനമായി എനിക്കതിനേ തോന്നി.

മീസാന്‍ കല്ലില്‍
എനിക്കറിയാത്ത ഭാഷയില്‍
എത്രയോ മനോഹരമായ രീതിയില്‍
ഒരു പേരുണ്ടായിരുന്നു
ആ ഭാഗ്യവനായ മനുഷ്യന്‍റെ.

തെറ്റുകണ്ടാല്‍ പ്രതികരിക്കുന്ന
ഭൂമിയിലെ അസത്യങ്ങളോട് വെറുപ്പുള്ള,
ചെയ്യുന്ന നന്മകളെ മറ്റുള്ളവരെ കാണിക്കാത്ത,
മിണ്ടാതിരുന്നു മൗനം ഭൂജിച്ചവരോട് മിണ്ടി പറഞ്ഞ,
ഒട്ടും അഹങ്കാരം കാണിക്കാത്ത,
പിച്ചക്കാരനും പച്ചപണക്കാരനും കൈനീട്ടി തോളോട് ചേര്‍ത്തി കെട്ടിപിടിച്ച,
ഭൂമിയിലെ മനുഷ്യരെ മനുഷ്യരായി മാത്രം കണ്ട്
ജാതിയും മതവും കൊണ്ട് മാറ്റി നിര്‍ത്താത്ത,
ഒരു മനുഷ്യന്‍റെ മയ്യത്ത്.

പാതി താണ കണ്ണുകളെ മുഴുവനും അടച്ച്
പഞ്ഞി കൊണ്ട് മൂക്ക് മറച്ച്
വാക്ക് മടങ്ങിയ വായയും
ചലനം നിലച്ച നാക്കും
ചേര്‍ത്ത് ഒരു കെട്ടും കെട്ടി
വെള്ള പുതപ്പിച്ചു കിടത്തിയ 
ആ മയ്യത്ത് കാണാന്‍ ആഗ്രഹിച്ച് നടക്കാന്‍ തുടങ്ങി...

ആറടിയുള്ള കബറില്‍
ചേര്‍ത്തുവെക്കുന്ന ആറായിരം തെറ്റുകള്‍ മാത്രം ചെയ്ത
മനുഷ്യനാണെന്ന്
നാട്ടുക്കാര്‍ കുറ്റം പറഞ്ഞ
ആ മനുഷ്യന്‍റെ വീട്
എവിടെയോ പരിചയം തോന്നി.

ഉറ്റവരുടെ അലമുറകളില്ലാത്ത വീട്
ശാന്തമായി തോന്നി.
അവിടെയൊരു മരണം നടന്നതായി തോന്നുന്നില്ല.

പക്ഷെ ഞാന്‍ ആ വീട്
എവിടെയോ കണ്ടിട്ടുണ്ട്..

അവിടെ ഒരു മൂലയില്‍ തലതാഴ്ത്തി ഒരു ഉമ്മയുണ്ടായിരുന്നു
ഒരുപാട് സങ്കടം സഹിച്ചവരാണെന്ന് അവരെ കണ്ടപ്പോള്‍ തോന്നി,
അവര്‍ക്ക് ഇത് ഭര്‍ത്താവായിരിക്കില്ല.
ഉമ്മയോ മകനോ ആയിരിക്കണം...

ഒരുപാട് കരഞ്ഞവരുടെ മുഖത്ത് കണ്ണീര്‍
തുടക്കാന്‍ ഉമ്മക്കോ മകനോ, മാത്രമേ കഴിയൂ...

അവരുടെ ഇടയിലേക്ക് ഒരു പ്രായമുള്ളവര്‍ വന്ന്
കെട്ടിപിടിക്കുന്നത് കണ്ടു
ആ കണ്ണീര്‍ തുടക്കാന്‍ തുടങ്ങി.
അതേ ഈ മയ്യത്ത് മകനാണ് 
ഒരുസ്ത്രീ ഇത്രമാത്രം സങ്കടപ്പെടണമെങ്കില്‍ അത്  മകനാവണം
മണിയറപുല്‍ക്കും മുമ്പ് മരണപ്പെട്ട മകന്‍
അല്ലങ്കില്‍ അവര്‍ക്ക് ചേര്‍ത്ത് പിടിച്ച് കരയാന്‍ ഒരു പെണ്‍കുട്ടി ഉണ്ടാവുമായിരുന്നു.
മകന്‍ പ്രണയിച്ചു കെട്ടിയ അവന്‍റെ പ്രിയപ്പെട്ടവള്‍
അത്രമാത്രം ഇഷ്ടം വാരിവിതറിയ പെണ്ണ്,
ഇതൊന്നും ഇല്ല....

അവിടെ വരെ പോയിട്ട്
മയ്യത്തും കാണാതെ
മടങ്ങാന്‍ പറ്റില്ലലോ..?


ഉറ്റവരുടെ മയ്യത്ത്
കാണലില്‍ നിന്ന് ഞാനും
കണ്ടൂ ആ മയ്യത്ത്

'ഹോ'
എവിടെയോ
കണ്ടപ്പോലെ...
ഞാന്‍ ചുറ്റും നോക്കി
പലരെയും പരിചയം തോന്നുന്നു
 പക്ഷെ ആരെയും അറിയില്ല
ഇതെന്താണ് ഇങ്ങനെ...

പരിചയം
എവിടെയാണെന്ന് നോക്കാന്‍
പുറത്തിറങ്ങിയപ്പോള്‍
ഞാന്‍ കണ്ടൂ.

ഇഷ്ടങ്ങളുടെ കൊട്ടാരം
പണിതവന്‍റെ ആരും അറിയാത്ത -
കൂറെ നന്മകളായ സുഹൃത്തുകള്‍
കണ്ണുനിറഞ്ഞ ഏതോക്കെയോ വൃദ്ധര്‍,
സ്ത്രികള്‍
എല്ലാം മനുഷ്യര്‍
കരയുന്നില്ല ആരും.
കണ്ണ് കലങ്ങാത്തവരായിട്ട് ആരും ഇല്ല.

എല്ലാവരെയും
എനിക്ക്
പരിചയം തോന്നുന്നുണ്ട്

അപ്പോഴെക്കും മയ്യത്തും
ചുമ്മന്ന് നടന്നിരുന്നു
കബറും തേടി...

വിരിച്ചിട്ട കബറില്‍
അയാളെ ഇറക്കി
കല്ലടുക്കി
മണ്ണുരുളകൊണ്ട് വിടവുകള്‍ നികത്തി
മണ്ണുവാരിയിടാന്‍ തുടങ്ങി
ഒരോരുത്തര്‍
തിടുക്കം കാട്ടാതെ,
പ്രിയപ്പെട്ടവനെ പറഞ്ഞക്കാന്‍ അത്രയും മടിയായിരുന്നു.
മീസാന്‍ കല്ലുകള്‍ അടയാളം തീര്‍ത്തു
മൈലാഞ്ചി ചെടി
അയാള്‍ക്കായ് പ്രാര്‍ത്ഥനയിലായി

 ''നീ വന്ന കാരണം ഞാന്‍ പുതിയൊരു ചെടിയായി അംഗീകരിച്ചു ദൈവം നിനക്ക് മോക്ഷം നല്‍ക്കട്ടെ ''

ആ ഭാഗ്യവാന്‍റെ കബറും
മൂടി...

തിരിച്ചു നടക്കാന്‍ തുടങ്ങി,
അപ്പോള്‍ ഞാന്‍ കണ്ടൂ.
നിറഞ്ഞ കണ്ണുകളില്‍ കണ്ണീര്‍ വീഴുന്നത്
ഇനി ഇല്ലാ എന്ന് വിശ്വസിക്കാന്‍
പറ്റാത്ത രൂപത്തില്‍...

ആ കൂട്ടത്തിലുണ്ടായിരുന്നു
മരണം വിശ്വസിക്കാന്‍
കഴിയാത്തൊരു പെണ്‍കുട്ടി.
കണ്ടപ്പോള്‍
കബറാളിയുടെ കൂട്ടാളി
ആവേണ്ടവളായിരുന്നെന്ന്
തോന്നി
വട്ട മുഖമല്ലെങ്കിലും
അവള്‍ മുഖം മറച്ചിരുന്നു
ഒറ്റ നോട്ടത്തില്‍ ഒരു ഹൂറിയെ പോലെ...
അവളെയും എനിക്ക് പരിചയം തോന്നി.
എന്‍റെ മാത്രം തോന്നലുകളാണ് എല്ലാം

തിരിച്ചു നടക്കാന്‍ നേരം
ഞാന്‍ വീണ്ടും
തിരിഞ്ഞുനോക്കി
ഭാഗ്യവനായ മനുഷ്യന്‍റെ പേര്...