2018, ജൂലൈ 30, തിങ്കളാഴ്‌ച

ഒന്നും ആസ്വദിക്കാനാകാതെ മനുഷ്യർ


'ആകാശങ്ങളിലും ഭൂമിയിലുംഅവർക്കിടയിൽ എത്രയെത്ര സുന്ദര ദൃഷ്ടാന്തങ്ങൾ,അതിനടുത്തു കൂടെ അവർ അശ്രദ്ധരായി നടന്നു പോകുന്നു'.
ഖുർആനിലെ പ്രസിദ്ധമായ ഒരു വചനമാണിത്.
പുതിയ കാലത്തെ തിരക്കു പിടിച്ച മനുഷ്യ ജീവിതത്തെ ഈ വചനം കൃത്യമായി വരച്ചു കാട്ടുന്നു.
ഒരു ജലപ്രവാഹത്തിലേക്ക്
അല്പനേരം നോക്കിയിരിക്കാൻ,
പത്തു മിനിറ്റിലധികം ഒരു നല്ല പുസ്തകംവായിച്ചിരിക്കാൻ,കുറച്ചു നേരംനല്ല സംഗീതമാസ്വദിക്കാൻ
നമ്മുടെ 'അസ്വസ്ഥത' നമ്മെ അനുവദിക്കുന്നില്ല.
മനുഷ്യരുടെ എല്ലാ ദുരിത പർവ്വങ്ങൾക്കും കാരണം,സ്വസ്ഥമായി,
ശാന്തമായി ഒരിടത്തിരിക്കാനും,ചുറ്റിലുമുളള സൗന്ദര്യത്തെ ആസ്വദിക്കാനുമാകാത്തതാണെന്ന് ബ്ലെയ്സ് പാസ്കൽ ഒരിക്കലെഴുതി.
ലഭ്യമായ സമയം മുഴുവൻ അനാവശ്യമായ ഒച്ചകൾ കൊണ്ടുംപ്രവർത്തനങ്ങൾ കൊണ്ടും നിറക്കുകയാണ് മനുഷ്യർ.
തിരക്കോടു തിരക്കാണ്
എവിടെയും.

ധൃതി ഒട്ടുമില്ലെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിനുവേണ്ടി നാം കാത്തു നില്ക്കുന്നു.
ട്രാഫിക് ജാമിൽ
അസ്വസ്ഥമായി ഹോണ് മുഴക്കുന്നു.
ക്യൂവിൽ മുന്നിലുളളവനെ ശപിച്ചു കൊണ്ടിരിക്കുന്നു.
എവിടെയുംആവശ്യമില്ലാത്ത ധൃതി കൂട്ടി മനുഷ്യർ വെറുതെ അസ്വസ്ഥരാകുന്നു.

ദാർശനികനായ തോമസ് ഹക്സലിയുടെ ഒരു സംഭവമുണ്ട്.ഒരിക്കൽ ഒരു സംഗീത പരിപാടി കഴിഞ്ഞ്.അദ്ദേഹം തിരക്കിട്ട് പുറത്തിറങ്ങി.റോഡിൽ കാത്തു നിന്ന ഒരു കുതിരവണ്ടിയിൽ ചാടിക്കയറി അദ്ദേഹം പറഞ്ഞു.വേഗം വിട്,വേഗം വേഗം..
അദ്ദേഹത്തിൻറ്റെ ധൃതി കണ്ട് കുതിര നിന്ന ദിശയിലേക്ക് വണ്ടിക്കാരൻ കുതിരവണ്ടി പായിച്ചു.കുറെ ഓടിക്കഴിഞ്ഞപ്പോഴാണ്,മറ്റൊരു ദിക്കിലേക്കാണ് താൻ പോയിക്കൊണ്ടിരിക്കുന്നതെന്ന് ഹക്സലിക്ക് ബോധ്യമായത്..യഥാർത്ഥത്തിൽ അനാവശ്യ ധൃതി മൂലം തനിക്ക് പോകേണ്ട സ്ഥലമേതെന്ന് വണ്ടിക്കാരനോട് പറയാൻ അദ്ദേഹം വിട്ടു പോയിരുന്നു.
അനാവശ്യ ധൃതിയും അസ്വസ്ഥതയും,ധമ്മുടെ ചുറ്റുപാടിനെക്കുറിച്ച
ധാരണയെ നഷ്ടപ്പെടുത്തിക്കളയുന്നു.അതുകൊണ്ടാണ് നിങ്ങൾ ധൃതിപ്പെടരുതെന്ന് നബി പറയാൻ കാരണം.

പ്രഭാതത്തിലുംസന്ധ്യാ സമയത്തുംനമുക്കുവേണ്ടി പാടുന്ന കിളികളുടെ ആരവം നാം കേൾക്കുന്നില്ല.
വീട്ടുമുറ്റത്ത് വിരിഞ്ഞു നില്ക്കുന്ന ഒരു പൂവിൻറ്റെ സൗന്ദര്യംദർശിക്കാൻ നമുക്കാകുന്നില്ല.
ജോലിഭാരം പേറി വീട്ടിലെത്തുമ്പോൾ നമ്മിലേക്കെത്തുന്ന കുഞ്ഞിളം പുഞ്ചിരിയുംനമ്മെ ആകർഷിക്കുന്നില്ല.

വാഷിംങ്ങ്ടണ് d c യിലെ പ്രസിദ്ധമായ മെട്രോ സ്റ്റേഷൻ.ജനുവരിയിലെ തണുത്ത പ്രഭാതത്തിൽ വഴിയരികിൽ വയലിൻ വായിക്കുകയാണ് ഒരു മനുഷ്യൻ.
മനോഹരമായ സംഗീതം.
നഗരം തിരക്കി
ലമരുകയാണ്.
ഓഫീസിലേക്കുംമറ്റുമായി ആളുകൾ തിരക്കിട്ട് പോകുന്നു.ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നേയില്ല..
മനോഹര സംഗീതം കേട്ട് തിരിഞ്ഞുംതിരിഞ്ഞും നോക്കുന്ന കുട്ടികളുടെ കൈ പിടിച്ചു വലിച്ച് മാതാപിതാക്കൾ ധൃതിയിൽ കടന്നു പോയി.
ചിലരൊക്കെ നാണയ തുട്ടുകളെറിഞ്ഞു.
യഥാർത്ഥത്തിൽ,
ലോകപ്രശസ്ത വയലിനിസ്റ്റായ ജോഷ്വോ ബെൽ ആണ് വഴിയരികിൽ വയലിൻ വായിച്ചിരുന്നതെന്ന് ഒരാളും അറിഞ്ഞിരുന്നില്ല.
വാഷിംങ്ങ്ടണ് പോസ്റ്റ് പത്രം ഇത്തരമൊരു പരിപാടി ആസൂത്രിതമായി സംഘടിപ്പിച്ചത്,പൊതു ജനങ്ങളുടെ ആസ്വാദന താത്പര്യം അവബോധം എന്നിവ പരീക്ഷിക്കാനായിരുന്നു.നമുക്കു ചുറ്റിലും
അപ്രതീക്ഷിതമായുണ്ടാകുന്ന സുന്ദരക്കാഴ്ചകളും,പ്രതിഭയുടെ മിന്നലാട്ടങ്ങളും കണ്ട് നമുക്കാസ്വദിക്കാനാവുന്നില്ലെങ്കിൽ,ഉറപ്പിക്കാം..യാന്ത്രികതയുടെ
അസ്വസ്ഥതാ രോഗം നമ്മെയും പിടികൂടിയിരിക്കുന്നുവെന്ന്.
ഇത്തരംമനസ്സുകളാണ് ലോകത്തിൻറ്റെ എല്ലാ മനോഹാരികതകളെയുംമറച്ചു പിടിക്കുന്നത്.
ഭാരതത്തിലെ പുരാതന മഹർഷിമാർ,
മുനിമാർ,ലോകത്തു വന്നിട്ടുളള പ്രവാചകന്മാർ തുടങ്ങിയവർ മൗനത്തിന്റെ ആഴങ്ങളിലാണ് പ്രപഞ്ചത്തിലെ മുഴുവൻ സ്വസ്ഥതയുംതങ്ങളിലേക്ക് ആവാഹിച്ചിരുന്നത് എന്നു കാണാം.

2018, ജൂലൈ 13, വെള്ളിയാഴ്‌ച

വിഡ്ഢികളായ യാത്രക്കാര്‍


ആളുകള്‍ തങ്ങളുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞു പോകുമ്പോള്‍ ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഞാന്‍ അവരോട് പറയാറുള്ളത് ഇങ്ങനെയാണ്: നന്നെ ചുരുങ്ങിയത് കഴിഞ്ഞു പോയ വര്‍ഷത്തെ ഒരു വിലയിരുത്തി അതിന്റെ മൂല്യം കണക്കാക്കൂ, എന്നിട്ട് നിങ്ങള്‍ സന്തോഷിക്കുകയോ ദുഖിക്കുകയോ ചെയ്‌തോളൂ. അല്ലാതെ ആയുസ്സ് കടന്നു പോവുകയും, പാപങ്ങള്‍ അധികരിക്കുകയും, നേട്ടങ്ങള്‍ കുറയുകയും, വിചാരണ അടുത്ത് വരികയുമാണെങ്കില്‍ എങ്ങനെയാണ് മനുഷ്യന്‍ അതില്‍ സന്തോഷിക്കുക?
യൗവ്വനത്തിന്റെ ഘട്ടത്തിലേക്ക് അടുക്കുന്നവരെന്ന നിലയില്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്കുള്ള സന്തോഷം എനിക്ക് മനസ്സിലാക്കാനാകും. എന്നാല്‍ തങ്ങളുടെ അന്ത്യത്തോട് അടുത്തു കൊണ്ടിരിക്കുന്ന മുതിര്‍ന്നവര്‍ അതാഘോഷിക്കുമ്പോള്‍ വിഡ്ഢിത്തമായിട്ടല്ലാതെ അതിന് കാണാന്‍ എനിക്കാവുന്നില്ല. ഇങ്ങനെ ആഘോഷിക്കുന്നവര്‍ അതിന് മുമ്പായി തന്റെ കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തേണ്ടതുണ്ട്.
ജീവിതത്തിലൂടെ യാത്ര ചെയ്യുന്നവരിലേക്ക് നോക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ തെളിയുന്നത് സമീപകാല ഓര്‍മകളാണ്. ജീവിതമെന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു യാത്രയാണ്. അത് കടലിലൂടെയോ കരയിലൂടെയോ ആകാശത്തിലൂടെയോ ആവാം. അതിലെ ദിവസങ്ങള്‍ കരക്കടുക്കുന്നതോ മുങ്ങുന്നതോ ആയ ബോട്ടു പോലെയാണ്. മറയുന്നത് വരെ അകന്നു പോകുന്ന ട്രെയിന്‍ പോലെയാണത്.
യാത്രയില്‍ കൂടെ കരുതാനുള്ള വിഭവങ്ങളും മുന്നൊരുക്കങ്ങളും വളരെ കുറച്ച് മാത്രം ചെയ്യുന്ന വിഡ്ഢികളായ യാത്രക്കാരാണ് പലപ്പോഴും നമ്മള്‍. അതേസമയം ബാഹ്യമോടികള്‍ക്ക് നാം അമിത ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നു. വഴിയിലെ പര്‍വതങ്ങളും മരങ്ങളും മരുഭൂമിയും പച്ചപ്പുമെല്ലാം കണ്ണിമ വെട്ടാതെ നാം പിന്തുടരുന്നു. യാത്ര തുടങ്ങിയത് മുതലുള്ള ദൂരം നാം മറക്കുന്നു. വഴിയുടെ അന്ത്യത്തില്‍ എത്താറായിരിക്കുന്നു എന്നതിനെ കുറിച്ചും നാം അശ്രദ്ധരാവുന്നു.
ഇങ്ങനെ അശ്രദ്ധനായ ഒരു യാത്രക്കാരന്‍ താന്‍ പിന്നിട്ട ദൂരത്തെയോര്‍ത്ത് സന്തോഷിക്കുന്നതെന്തിനാണ്? പാതയുടെ അവസാനത്തോടടുക്കുമ്പോഴുള്ള അവന്റെ സന്തോഷത്തിന് എന്തര്‍ത്ഥമാണുള്ളത്?
നാം യാത്ര ചെയ്യുന്ന ഓരോ ദിവസവും അന്ത്യത്തോട് അടുക്കുകയാണ്. വിളവെടുപ്പല്ലാതെ മറ്റൊന്നുമില്ല. ദുഖമാണോ അതല്ല സന്തോഷമാണോ കാത്തിരിക്കുന്നതെന്ന് അവിടെയാണ് തീരുമാനിക്കപ്പെടുക.
കാലത്തിന്റെ കടന്നു പോക്കിനെ കുറിച്ച അശ്രദ്ധയില്‍ കഴിഞ്ഞവര്‍ വിചാരണാ നാളുകളെ കാത്തിരിക്കുമ്പോള്‍ എങ്ങനെയാണത് ആഘോഷിക്കുക? അന്ത്യത്തില്‍ തന്നെ കാത്തിരിക്കുന്നത് വേദനകളാണെങ്കില്‍ എങ്ങനെയാണ് ഒരാള്‍ക്ക് സന്തോഷിക്കാനാവുക!
പ്രവാചകന്‍(സ) നമുക്ക് ജീവിതത്തിന്റെ അര്‍ഥം വരച്ചു കാണിച്ചു തരുന്നുണ്ട്. നബി(സ) പറയുന്നു: 'എനിക്ക് ഐഹിക ലോകവുമായി എന്ത് ബന്ധമാണുള്ളത്? മരച്ചുവട്ടില്‍ തണല്‍കാഞ്ഞ ശേഷം അതുപേക്ഷിച്ച് പിന്നെയും യാത്രതുടരുന്ന യാത്രക്കാരനെ പോലെ മാത്രമാണ് ഞാന്‍ ഈ ലോകത്ത്.' യാത്രക്ക് പാഥേയവും നല്ല സഹയാത്രികരും മുന്നൊരുക്കവും ആവശ്യമാണെന്ന ബോധമാണ് നമ്മുടെ മനസ്സുകളിലേക്കത് പകര്‍ന്നു നല്‍കേണ്ടത്. ശാശ്വത ജീവിതത്തിലേക്കുള്ള യാത്രക്കാരെന്ന നിലയില്‍ ഐഹിക വിഭവങ്ങളില്‍ ആസക്തനായി അവന്‍ നിന്നു പോകരുത്. യാത്രികന്‍ ഒരിക്കലും താന്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ മനോഹാരിതയില്‍ മയങ്ങിപ്പോകരുത്. തങ്ങള്‍ വിടപറയേണ്ടുന്ന അതിനെ മോടിപിടിപ്പിക്കാനായി കിണഞ്ഞു ശ്രമിക്കുകയും വേണ്ട. തങ്ങള്‍ക്ക് ഒരിക്കലും പിടിതരാത്ത വേട്ടമൃഗത്തിന്റെ പുറകെ പോകുകയും അരുത്.
നല്ല യാത്രികനെ സംബന്ധിച്ചിടത്തോളം എപ്പോഴും അവന്റെ കണ്‍മുന്നിലുണ്ടാവുക ലക്ഷ്യസ്ഥാനമായിരിക്കും. അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്ന അവന്റെ സ്വപ്‌നങ്ങളും അതിനെ ചുറ്റിപ്പറ്റിയായിരിക്കും. അതവരെ അതിന്റെ പാതയില്‍ മുന്നോട്ടു ചലിപ്പിക്കും. ആത്മാര്‍ഥമായി വിയര്‍പ്പൊഴുക്കി, ഉറക്കമിളച്ച് താനുണ്ടാക്കിയ വിളവ് കൊയ്‌തെടുക്കാനുള്ള മനസ്സുമായിട്ടായിരിക്കും അവരുടെ പ്രയാണം. ''അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായി അവര്‍ക്കുവേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട, കണ്‍കുളിര്‍പ്പിക്കുന്ന സമ്മാനം ഒരാള്‍ക്കും അറിഞ്ഞുകൂടാ.'' അതറിയാനുള്ള ആകാംക്ഷയോടെ ധൃതിയില്‍ അവരുടെ കാലുകള്‍ മുന്നോട്ടു നയിക്കും.

2018, ജൂലൈ 9, തിങ്കളാഴ്‌ച

എന്നെ കരയിപ്പിച്ച സന്ദേശം


"മരണമെത്തുന്ന നേരത്ത്"
-------------------------------------------

അന്ന് മഴയുണ്ടാകുമോ...?

അറിയില്ല,...

ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ വെറുതെ  കൊതിക്കുകയാണ്,...
ഒരു ചെറിയ ചാറ്റല്‍മഴ വേണം ...
ആ ചാറ്റല്‍മഴകൊണ്ട്‌ എന്‍റെ വീട്ടിലേക്കുള്ള ഇടവഴി നനഞ്ഞിരിക്കണം....

അന്നേരത്തുള്ള  മണ്ണിന്‍റെ നനഞ്ഞ മണം അവസാനമായി എന്നെ ഒരുനോക്ക് കാണാന്‍ വരുന്നവര്‍ മണക്കണം....

വീട്ടിലെത്തിയാല്‍ പിന്നെ കുന്തിരിക്കം പുകഞ്ഞ മണം  ആസ്വദിക്കണം,........
ഒരു വല്ലാത്ത ദിവസം തന്നെയാകും അത് ... അല്ലെ....

തീരെ വീട്ടില്‍ ഇരിക്കാത്ത എന്നെ, മണിക്കൂറുകളോളം എന്‍റെ വീടിന്‍റെ ഹാളില്‍ മലര്‍ത്തി കിടത്തുന്ന ദിവസം....

കരഞ്ഞ് കരഞ്ഞ് കണ്ണീരുപോലും വറ്റിയ എന്‍റെ ഉമ്മയുടെ സഹിക്കാനാവാത്ത ദിവസം,......

എന്നോട് തല്ലുകൂടിയിട്ടും വഴക്കിട്ടിട്ടും മതിയാവാത്ത എന്‍റെ ചങ്കായ അനിയന്‍റെ  ചങ്ക് പിടയുന്ന ദിവസം,.
എന്‍റെ പൊന്നുപ്പായുടെ  കവിൾ തടങ്ങൾ  കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം,....

എനിക്ക് വേണ്ടി "മീസാന്‍കല്ല്‌" പണിയാന്‍ ഏല്‍പിക്കുന്ന ദിവസം,...
,.....

ഇന്നലെവരെ ഉപയോഗിച്ച വിലകൂടിയ തുണിക്ക് പകരം വിലകുറഞ്ഞ കഫന്തുണി എനിക്ക് വേണ്ടി ഒരുങ്ങുന്ന  ദിവസം,....

എന്‍റെ പൊന്നുമ്മയെ ആശ്വസിപ്പിക്കാന്‍ അയല്‍വാസികളായ താത്തമാരും, ചേച്ചിമാരും അടുക്കള വാതില്‍വഴി എന്‍റെ വീട്ടില്‍ തിങ്ങി നിറയുന്ന ദിവസം,...

കൂടെ...
എന്റെ പേര് ചേർത്ത് വീട് അന്യേഷിച്ചവര്‍ മരിച്ച വീട് എന്ന്‍ മാറ്റിപ്പറയുന്ന നനഞ്ഞ ദിവസം,....

ഒരു സെന്റ്‌  ഭൂമിയെങ്കിലും സ്വന്തമാക്കാനുള്ള  കഠിന പ്രയത്നത്തിനിടയിൽ എനിക്ക് ഒടുവില്‍ ഔധാര്യമായി ആറടി മണ്ണ് കിടക്കാന്‍ ലഭിക്കുന്ന ദിവസം,..

'ദിവസങ്ങള്‍ ഒരുപാട് കണ്ട' ഞാന്‍ കാണാത്ത ഒരു അവസാന ദിവസം,....!

എനിക്കിപ്പോഴും അത്ഭുതം തോന്നുന്നു.

ഒരു ഒരുക്കവും ഇല്ലാതെ കിടക്കുന്ന എന്നെ കാണാന്‍ നിങ്ങളെന്തിനാണ് ഇത്രമേല്‍ ഉടുത്തൊരുങ്ങി വരുന്നത്,.. ?

കളിയാക്കിയവരും, പരിഹസിച്ചവരും ഈ ദിവസത്തില്‍ മാത്രമെന്തിനാണ് എന്നെ ഇത്രമേല്‍ നല്ല വാക്ക് കൊണ്ട് മൂടിപ്പുതപ്പിക്കുന്നത്,.....

ഒടുവില്‍,...... "എന്നാല്‍ ഇനി അതികം വെച്ച് താമസിപ്പികണ്ട" എന്ന് ഏതെങ്കിലും മുതിര്‍ന്ന കാര്‍ന്നവര്‍ പറയുമ്പോള്‍,.....
തൊണ്ടയിലെ അവസാനത്തെ ശബ്ദവും തേങ്ങലായി എന്‍റെ പുന്നാര ഉമ്മ പൊട്ടിക്കരയുന്ന നേരം,....

ആസമയത്ത് എന്‍റെ പൊന്നുപ്പയുടെ മുഖം എനിക്ക് ഓര്‍ത്ത്‌ നോക്കാന്‍ കഴിയുന്നുണ്ട്,....                         
എന്‍റെ അനിയന്‍റെ വിറയാര്‍ന്ന അധരങ്ങള്‍ എനിക്ക് കാണാന്‍ പറ്റുന്നുണ്ട്,....

എന്നെ സ്നേഹിക്കുന്നവരുടെ നനഞ്ഞ കണ്ണും ഞാന്‍ കാണുന്നുണ്ട്,...

എനിക്കറിയാം ,....
പറഞ്ഞയക്കാന്‍ ആരും ആഗ്രഹിചിട്ടല്ല... പോകാന്‍ എനിക്ക് തിടുക്കം ഉണ്ടായിട്ടുമല്ല,....

 പക്ഷെ....
എന്‍റെ റബ്ബ് തീരുമാനിച്ചിരിക്കുന്നു...
എന്‍റെ സമയം,...
എന്‍റെ സന്ദര്‍ഭം,...
എന്‍റെ ഈ നനഞ്ഞ ദിവസം,......

ഉമ്മാ,....
ഞാന്‍ പോവുകയാണ്,.... നിങ്ങളോടെങ്ങിനെയാണ് ഞാന്‍ യാത്ര ചോദിക്കുക,...

നിങ്ങളില്‍ നിന്നും എനിക്ക് നഷ്ടമാകുന്ന ഒരു വല്ലാത്ത സന്ദര്‍ഭമുണ്ട്...
 മഗ്രിബ് നിസ്കരിച്ച് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍,.. നിസ്ക്കാരക്കുപ്പായം ധരിച്ച് മുസല്ലയില്‍ പടച്ചവനോട് "സ്വകാര്യം" പറയുന്ന നിങ്ങളുടെ മടിയില്‍ വന്നിരിക്കുന്ന എന്‍റെ  കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്ദര്‍ഭം,...
അത് ആസ്വദിക്കാന്‍ ഇനി ഞാനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് യാത്ര ചോദിക്കാന്‍ കഴിയുന്നില്ല ഉമ്മാ,.....

ഉമ്മാ,...
നിങ്ങള്‍ എനിക്ക് വേണ്ടി മറക്കാതെ ഒരു കാര്യം ചെയ്യണേ,... എനിക്ക് പേടിയാണ്,.. സ്വയം മറന്നുള്ള സങ്കടത്തില്‍ നിങ്ങളത് മറക്കുമോ ആവോ,....
എന്താണെന്നോ,.. എന്നെ കുളിപ്പിച്ച് കിടത്തിയാല്‍ നിങ്ങളുടെ മഹത്തരമായ പാദങ്ങള്‍ എന്‍റെ പാദങ്ങളിലൊന്ന്‍ തട്ടിക്കണേ,... റസൂല്‍ പറഞ്ഞ കാല്‍പാഥങ്ങളിലെ സ്വര്‍ഗ്ഗം എനിക്കൊന്ന് അനുഭവിക്കാനാണ്...

ഇനി ഞാന്‍ പോവുകയാണ്,..  യാത്ര ചോദിക്കാന്‍  കഴിയാത്ത എന്‍റെ  അവസാനയാത്രയാണിത്..!

എന്നെയും വഹിച്ച് പള്ളിക്കാടിലേക്ക് നടക്കുന്ന എന്‍റെ പ്രിയപ്പെട്ടവർ....

ഒടുവില്‍,.. "ഞാനെന്ന" മയ്യിത്തിന്‍റെ നിസ്കാരം നിര്‍വഹിക്കാന്‍ എന്‍റെ പൊന്നുപ്പാക്കോ അനുജനോ  നിങ്ങള്‍ സൗകര്യം ചെയ്ത് കൊടുക്കണേ,...

ഇനി,.....
ഇനി,......
ഇനിയെന്നെ കബറിലേക്ക് എടുത്തോളൂ,.... മെല്ലേ ആ കുഴിയിലേക്ക് ഇറക്കിവെച്ച് മറമാടിക്കഴിഞ്,....
അല്പസമയം കൂടി തസ്ബീത്തു ചൊല്ലിത്തരണേ...

ഇനി നിങ്ങള്‍ നടന്ന്‍ നീങ്ങികൊള്ളൂ,...
ഇനി എന്‍റെ നന്മയും,.. തിന്മകളും ബാക്കിയാകുന്ന ഇരുണ്ട മുറിയും...
ഞാനും മാത്രമുള്ള ലോകമാണ്,...
ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത മുറി,...
ഓര്‍ക്കുമ്പോള്‍ ചങ്ക്  പൊളിയുന്ന വേദനയാണ്...

നിങ്ങളപ്പോള്‍ എനിക്ക് മുകളില്‍ വിതറിയ മൂന്ന് പിടി മണ്ണിന്‍റെ കയ്യില്‍ പറ്റിപ്പിടിച്ച പൊടി കഴുകിക്കളയുന്ന തിരക്കിലാകും,.... അല്ലേ,... അതേ....
കുറച്ച് ദിവസം കഴിഞ്ഞാല്‍ നിങ്ങളും മറക്കും എന്നെ... പള്ളിക്കാട്ടിലെ അടുത്ത രണ്ട് മീസാന്‍  കല്ലുകള്‍  വരുന്നത് വരെ  മാത്രം നിങ്ങളുടെ  ഓര്‍മകളില്‍ എനിക്ക്  ആയുസ്സുണ്ടാകും  ലേ,.. ?

പക്ഷെ,... എന്നെ  സ്നേഹിക്കുന്നവര്‍ എന്നെ മറക്കില്ലായിരിക്കും....!

ഇനി ഞാന്‍  ഉറങ്ങുകയാണ്.....
ഉണരാന്‍  വേണ്ടിയല്ലാത്ത ഒരു വല്ലാത്ത ഉറക്കം........  !!

മരണം ഓര്‍ത്ത് നോക്കിയിട്ടുണ്ടോ നമ്മള്‍... ഇല്ലെങ്കില്‍  ഓര്‍ത്ത് നോക്കണം..

 പിടയും  ശെരിക്കും  നമ്മുടെ ഉള്ള്... ആരെയും  നോവിക്കാനല്ല.. പക്ഷെ ഒന്ന് ചിന്തിക്കാന്‍... നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ ഭൂമിയില്‍ നമ്മുടെ പേരില്‍ ബാക്കി നില്‍കുന്ന വല്ല നന്മയും ഉണ്ടോ... എന്ത്  മുന്നൊരുക്കമാണ്‌ നമുക്കുള്ളത്....

 എത്രപേരോടാണ്  നമ്മള്‍ വഴക്കിട്ടത്... പൊരുത്തപെടിയിച്ചിട്ടുണ്ടോ... ?  മരണം  നാളെയാണെങ്കിലോ... ? കൊടുക്കാനുള്ള  കടം  എഴുതി വെച്ചിട്ടുണ്ടോ.... ഇന്ന്  രാത്രിയോടെ  നമ്മുടെ  ആയുസ്സ് തീരുകയാണെങ്കിലോ...? കടം തന്നവന്‍ നാളെ നമ്മെ ശപിച്ചാലോ... ?

ഉമ്മയോട് വഴക്കിട്ടാണോ വീട്ടില്‍ നിന്ന് ഇറങ്ങിയത്... ? ബൈക്കിലാണോ യാത്ര ... ? അവസാനത്തെ  യാത്രയായാലോ.... ? പകരം ഉമ്മാനോട് ചിരിച്ച് സലാം പറഞ്ഞിട്ടാണോ യാത്ര പുറപ്പെട്ടത്... ആ മരണത്തിനൊരു സുഖമില്ലേ...?

ചിരിക്കാന്‍ പിശുക്ക് കാണിക്കാറുണ്ടോ... കര്‍ക്കശ സ്വഭാവക്കാരനാണോ..  മരിച്ച് കിടക്കുമ്പോള്‍  നമ്മുടെ  മരണം ആഗ്രഹിക്കുന്ന ആളുകളെ എന്തിന് അതിലൂടെ സമ്പാദിക്കണം... ? ചെറിയ ഈഗോയുടെ  പേരില്‍ ഭാര്യയോട്  പിണങ്ങി മാറി താമസിക്കുകയാണോ.. ? രണ്ടില്‍ ഒരാള്‍  നാളെ മരിക്കുകയാണെങ്കില്‍... ?

 ഓര്‍ക്കണം....
അറ്റാക്ക് രണ്ട് തവണ കഴിഞ്ഞവനും.. ക്യാന്‍സര്‍ രോഗിയും...
മാരകമായ  അസുഖം  ഉള്ളവനും മാത്രമല്ല  മരിക്കുന്നത്....
'സ്വാഭാവിക മരണം' എന്ന്  കേട്ടിട്ടില്ലേ,...

 മരണത്തിന് വയസ്സില്ല....
 ജാതിയില്ല....
മതമില്ല.....
ഗോത്രമില്ല....
ഊരില്ല...
പേരില്ല....
എപ്പോഴും നമ്മില്‍ സംഭവിക്കാം........

അതേ പ്രതീക്ഷിക്കണം....
കൂടെയുണ്ട്....)

നല്ല മരണങ്ങള്‍ നല്‍കി നാഥന്‍  അനുഗ്രഹിക്കട്ടെ,.......ആമീൻ
 
പൊരുത്തപ്പെട്ടു തരണേ സഹോദരാ.... തെറ്റുകൾ വന്നു പോയിട്ടുണ്ടാകും
ഇനിയും ബാക്കിവെച്ചിട്ടെന്തിനാ...

പ്രാർത്ഥനയോടെ ......