2017, ജൂലൈ 13, വ്യാഴാഴ്‌ച

പ്രണയമെന്ന് വച്ചാൽ



മറ്റൊരുവളുമായുളള ബന്ധം ഭാര്യയെ തെളിവുസഹിതം
അറിയിച്ചതിന്റെ പേരിലുണ്ടായ പകയാണിതിന്റെ പിന്നിലെ 'മോട്ടിവ് ' എങ്കിൽ അവൾക്കും ഇതിലറിവു കാണുകയില്ലേ..?
അവൾ 'വേണ്ട ചേട്ടാ... അതു പാടില്ല' എന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു ക്വട്ടേഷൻ ഉണ്ടാവുമായിരുന്നില്ല.. അഥവാ അതിനുളള സാധ്യത അൻപതു ശതമാനത്തിലും താഴെ മാത്രമായേനെ!

പ്രണയമെന്ന് വച്ചാൽ ഏറ്റം അനുഭൂതിദായകമായ ഒരു അവസ്ഥയാണ്.. അതങ്ങ് സംഭവിച്ചു പോവുകയാണ്.. വിവാഹേതര പ്രണയവും അങ്ങനെ തന്നെയാണ്.. എന്നും കാണുന്ന ഒരുവനോട് /വളോട് ഗ്രാജ്വലി പ്രണയം തോന്നുന്നു.. അല്ലെങ്കിൽ ഒരൊറ്റക്കാഴ്ചയിൽത്തന്നെ ഉയിരിനോടുരുകിച്ചേരുംപോലെ പ്രണയബദ്ധരാവുന്നു... സംഭവിച്ചു പോവുകയാണ്.. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല.. ജാതി / മതം/വർഗ്ഗം / വർണ്ണം / സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകൾ ഇതൊന്നും ആ നേരത്ത് പ്രണയികളെ ബാധിക്കുന്ന കാര്യവുമല്ല..
വിവാഹപൂർവ പ്രണയങ്ങൾ വിവാഹത്തോടെ ശുഭപര്യവസായിയാകുന്നു.. ( പരാജിത പ്രണയങ്ങൾ അവിടെ നിക്കട്ടെ)
വിവാഹേതര/ വിവാഹാനന്തര പ്രണയങ്ങൾ ശുഭപര്യവസായിയാവുന്നുണ്ടോ..?

നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ മിക്കപ്പോഴും ഇത്തരം പ്രണയങ്ങൾ ക്രൈമാണ്, അഥവാ ക്രൈമിലേക്ക് നയിക്കുന്ന മോട്ടിവാണ്.. കുടുംബസ്ഥർ പ്രണയത്തിലായിപ്പോവുന്നതിനെ അനുഭാവം പ്രകടിപ്പിക്കാനോ അനുകൂലിക്കാനോ ഏറെ ആളുകൾ ഉണ്ടാവില്ല.. ആ പ്രണയികളുടെ കണ്ണിൽ ഏറ്റവും വലിയ തടസ്സം ഭാര്യ /ഭർത്താവ് & കുട്ടികൾ ആയിരിയ്ക്കും..ചിലർ അവരെ പിറകിലുപേക്ഷിച്ച് നടന്നു പോവും... മറ്റു ചിലർ അവരെ വടിവാൾകൊണ്ടറുത്തോ... വിഷമിറ്റിച്ചു കൊടുത്തോ.. ഉറങ്ങിക്കിടക്കുമ്പോൾ മുഖത്ത് തലയണയമർത്തിപ്പിടിച്ചോ തീർത്തു കളയും.. പ്രണയത്തിനു വേണ്ടി കൊലയാളികളാവുന്നവർ! ഇത്തരം വാർത്തകൾ കാണുമ്പോൾ ചെലപ്പോഴെങ്കിലും അനുതാപം തോന്നിപ്പോവും... ഒന്നിക്കാൻ വേണ്ടിയാവും ഇത്തരം ക്രൈമുകൾ ചെയ്യുന്നത്... പക്ഷെ തൊട്ടടുത്ത നിമിഷത്തിൽത്തന്നെ പിടിയ്ക്കപ്പെടുകയും  ജയിലിലാവുകയും ചെയ്യും... പിന്നെ എന്താണ് ആ  പ്രണയത്തിന്റെ ഗതി!
കുടുംബത്തിനു വേണ്ടി പ്രണയം വേണ്ടെന്നു വയ്ക്കുന്നവരും.. കുടുംബമറിയാതെ, അവർക്കു നോവാതെ പ്രണയം സംരക്ഷിക്കുന്നവരുമുണ്ടാവും.. പക്ഷെ അതൊരു ചെറിയ ശതമാനം മാത്രമായിരിയ്ക്കും.. പ്രണയത്തിന് പ്രത്യേക സുഗന്ധമാണ് അത് ആളുകൾ മണത്തറിഞ്ഞുകളയും...

ബോളിവുഡിൽ കുടുംബസ്ഥനായ നടൻ സെയ്ഫ് അലി ഖാൻ നടി കരീനയെ പ്രണയിക്കുന്നു... ആദ്യഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം കരീനയെ കല്യാണം കഴിക്കുന്നു.. അവരിപ്പോൾ കുടുംബമായി ജീവിയ്ക്കുന്നു.. അവിടെങ്ങും ഒരു പ്രശ്നവുമില്ല.. വിവാദവുമില്ല... ഒരു കോപ്പുമില്ല
പക്ഷെ, മല്ലൂവുഡിലെ പ്രമുഖനടന് അതത്ര എളുപ്പമല്ല..    
തന്റെ താരപദവിയുടെ തിളക്കത്തിനു മങ്ങലേല്ക്കും.. ഇമേജ്, കരിയർ ഒക്കെ ശ്രദ്ധിക്കണം.. പിന്നെ മലയാളികൾക്ക് ഒടുക്കത്തെ സദാചാരബോധമാണ്... ഛേ.. വിവാഹിതനും അച്ഛനുമായ ഒരാൾ... അതും സിനിമാതാരം ..മലയാളി സമ്മതിക്കൂല.. (ഇതൊക്കെ മിഥ്യാധാരണകളാണെന്ന് മാത്രം....)
എങ്കിലും പ്രണയിക്കാതിരിക്കാനുമാവുന്നില്ല..
ആ പ്രണയസുഗന്ധം ആളുകളറിയുന്നു.. അത് ഭാര്യയറിയുന്നു.. എത്ര ശ്രദ്ധിച്ചിട്ടും കാര്യമുണ്ടായില്ല... കുടുംബ ജീവിതം  തകരാറിലാവുന്നു
അതിനു കാരണക്കാരിയായവളെ പാഠം പഠിപ്പിച്ചേ മതിയാവൂ എന്നയാൾക്കങ്ങ് തോന്നുകയാണ്...

പക്ഷെ, ഇമേജ് ,കരിയർ ,താരപദവി എന്നിവയൊക്കെ നോക്കാതെ,
മറ്റൊരുവളെ പ്രണയിച്ചു പോയെന്ന കാരണത്താൽ ആദ്യ ഭാര്യയെ divorce ചെയ്ത് അന്തസ്സോടെ പുനർവിവാഹിതനായിരുന്നുവെങ്കിൽ അയാൾക്ക് ഒരു കുഴപ്പവും വരില്ലായിരുന്നു... കഴിവും പ്രതിഭയുമുള്ളയാളാണെങ്കിൽ മലയാളി അയാളെ ചവറ്റുകൊട്ടയിലൊന്നും ഇടൂല.. കുറച്ച് ദിവസം ചർച്ച ചെയ്ത ശേഷം മല്ലൂസ് അതൊക്കെ മറന്നേനെ..
എം. ടി ആദ്യ ഭാര്യയെ ഉപേക്ഷിച്ചിട്ടല്ലേ സരസ്വതിട്ടീച്ചറെ കല്യാണം കഴിച്ചത്... എന്നിട്ടാരും എം.ടി യെ വായിച്ചിട്ടില്ലേ... അദ്ദേഹത്തിന്റെ തിരക്കഥകളിലുണ്ടായ സിനിമകൾ കണ്ടിട്ടില്ലേ..
രണ്ടാമൂഴത്തിന്റെ സിനിമാ version കാണാൻ കാത്തിരിക്കുന്നില്ലേ..?

ഒരു കോമഡി സ്കിറ്റിനു സ്ക്രിപ്റ്റ് തയ്യാറാക്കുന്ന ലാഘവത്തോടെയാണ് ഒരു കൊടും ക്രൂരതയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്...രണ്ടോ മൂന്നോ മിനുട്ട് മാത്രം നീളമുള്ള ഒരു വിഡിയോ ക്ലിപ്പിലൂടെ ഒരു പെണ്ണിനെയങ്ങ് നിശബ്ദയാക്കാമെന്നും, വേണമെങ്കിൽ കാല്ക്കീഴിലിട്ട് ചവിട്ടിയരക്കാമെന്നുമുള്ള വ്യാമോഹത്തിന്റെ സ്ക്രിപ്റ്റ്... അപമാനിതയായാൽ പെണ്ണ് പിന്നെ വാ തുറക്കുകയില്ല എന്ന ആണഹന്തയുടെ സ്ക്രിപ്റ്റ്...
അവളുടെ ഉടലിനെ മുറിപ്പെടുത്താൻ സാധിച്ചിരിക്കാം... പക്ഷെ അഭിമാനത്തെ, ഇച്ഛാശക്തിയെ മുറിപ്പെടുത്താൻ തക്ക ഉറപ്പ് ആ സ്ക്രിപ്റ്റിനില്ലാതെ പോയി...
അവളാണ് ഇന്നിന്റെയും.. ഇനി വരാൻ പോവുന്ന എല്ലാ നാളെകളുടെയും പെൺരൂപം.. ശബ്ദം!