2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

"ബാങ്ക് വിളി" യിലെ ഈ സത്യം അറിയുന്ന എത്രപേരുണ്ട്.


ഭൂമധ്യ രേഖയുടെ കിഴക്കേത്തലക്കലുള്ള  ഇന്തോനേഷ്യ. നിരവധി കൊച്ചു കൊച്ചു ദ്വീപുകളടങ്ങുന്ന രാജ്യമാണല്ലോ ഇന്തോനേഷ്യ. ജാവ, സുമാത്ര, ബോർനിയോ, സൈബിൽ അങ്ങനെ. ഇന്തോനേഷ്യയുടെ കിഴക്കുള്ള സൈബിലിൽ രാവിലെ അഞ്ച് മുപ്പതിന് പ്രഭാത നിസ്കാരത്തിനുള്ള ബാങ്കിന് സമയമായി എന്നിരിക്കട്ടെ. അവിടുത്തെ ആയിരക്കണക്കിന് പള്ളികളിൽ നിന്ന് സുബ്‌ഹി ബാങ്ക് ഉയരുകയായി.

ഈ  പ്രക്രിയ അങ്ങനെ പടിഞ്ഞാറൻ  ഇന്തോനേഷ്യയിലേക്ക് തുടരുന്നു. കിഴക്കൻ-പടിഞ്ഞാറൻ ഇന്തോനേഷ്യകൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മാണിക്കൂറാണ്. സൈബിലിൽ ബാങ്ക് വിളി കഴിയുന്ന ഉടൻ ജക്കാർത്തയിൽ തുടങ്ങുകയായി. പിന്നെ സുമാത്രയിൽ.  ഒന്നര മണിക്കൂർ തുടർച്ചയായ ബാങ്ക് വിളികളാണ്. ഇന്തോനേഷ്യയിലെ ബാങ്ക് വിളികൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ മലേഷ്യയിൽ ബാങ്ക് വിളി തുടങ്ങിക്കഴിയും. അടുത്തത് ബർമ്മയാണ്. ജക്കാർത്തയിലെ ബാങ്ക് വിളിക്ക് ഒരു മണിക്കൂർ ശേഷം ധാക്കയിൽ സുബ്‌ഹി ബാങ്കിന്റെ സമയമാകും.
പിന്നെ കൽക്കട്ട മുതൽ ശ്രീ നഗർ വരെ ബാങ്ക് വിളി മുഴങ്ങാൻ തുടങ്ങും.  പിന്നെ ബോംബെയിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ബാങ്ക് വിളി വ്യാപിക്കുന്നു.

(ഇന്ത്യയിൽ സ്റ്റാൻഡേഡ് ടൈം ആണെങ്കിലും സൂര്യാദയത്തിൽ സമയ വ്യത്യാസമുണ്ടല്ലോ.
അതായത് സൂര്യനുദിക്കുമ്പോൾ ഡൽഹിയിൽ കാണുന്ന യഥാർത്ഥ സമയാന്തരീക്ഷം ആയിരിക്കില്ല തിരുവനന്തപുരത്ത്. അസ്തമയവും അങ്ങനെ തന്നെ.  ഗുജറാത്തും ആസ്സാമും തമ്മിൽ ബാങ്ക് വിളിയിൽ നാൽപ്പത് മിനുട്ടിലേറെ വ്യത്യാസമുണ്ട്. കേരളത്തിൽ തന്നെ തെക്കൻ കേരളവും വടക്കൻ കേരളവുമായി ബാങ്ക് വിളിയിൽ പത്ത് പന്ത്രണ്ട് മിനുട്ട് വ്യത്യാസമുണ്ട്).

ശ്രീനഗറിലും പാക്കിസ്ഥാനിലെ സിയാൽക്കോട്ടും സുബ്‌ഹി ബാങ്ക് ഒരേ സമയത്താണ്. എന്നാൽ കോത്ത, കറാച്ചി, ബലൂചിസ്ഥാനിലെ ഗൊവാദാർ എന്നിവടങ്ങളുമായി സിയാൽക്കോട്ടിലെ സമയത്തിന് 40 മിനുട്ട് വ്യത്യാസമുണ്ട്. ഈ വ്യത്യസ്ത സമയമത്രയും സുബ്‌ഹി ബാങ്ക് നിരവധി പള്ളികളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.

 ബലൂചിസ്ഥാനിൽ തീരും മുമ്പ് അഫ്‌ഗാനിസ്ഥാനിൽ തുടങ്ങും.

പിന്നെ മസ്‌കറ്റിൽ.  മസ്‌കറ്റും ബാഗ്‌ദാദും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസമുണ്ട്.

ഈ ഒരു മണിക്കൂറിൽ ബാങ്ക് മുഴങ്ങുന്നത്  മസ്കറ്റിൽ നിന്ന് സൗദി അറേബ്യയിലേക്ക്, മക്കയിലും മദീനയിലുമായിരിക്കും. തുടർന്ന് യെമൻ, യു എ ഇ, കുവൈറ്റ് അങ്ങനെ ഇറാഖിൽ.  ബാഗ്‌ദാദും ഈജിപ്തിലെ അലക്സാണ്ട്രിയയും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസം. ഈ സമയത്ത് വാങ്ക് മുഴങ്ങുന്നത് സിറിയയിലും ഈജി‌പ്തിലും സോമാലിയയിലും സുഡാനിലും ആയിരിക്കും. അലക്സാണ്ട്രിയയും ഇസ്തംബൂളും  ഒരേ രേഖാംശത്തിലാണ്. കിഴക്കൻ-പടിഞ്ഞാറൻ തുർക്കികൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മണിക്കൂർ. ഈ സമയത്ത് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ബാങ്ക് വിളി മുഴങ്ങിത്തുടങ്ങും.

അലക്സാണ്ട്രിയയും ട്രിപ്പോളിയും തമ്മിൽ സമയ വ്യത്യാസം ഒന്നരമണിക്കൂർ. ഈ സമയത്ത് ആഫ്രിക്ക മുഴുവൻ ബാങ്ക് വിളി കേൾക്കുകയായി. അങ്ങനെ ഇന്തോനേഷ്യയിൽ തുടങ്ങിയ ബാങ്ക് വിളി ഒമ്പതര മണിക്കൂറിന് ശേഷം അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ തീരത്തെത്തുകയായി. ഓർക്കുക, ഈ സമയമത്രയും ഭൂമിയിൽ ബാങ്ക് വിളി നിലക്കുന്നില്ല.

 സുബ്‌ഹി ബാങ്ക് അറ്റ്‌ലാന്റിക്ക് തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ ളുഹർ ബാങ്കിന്റെ സമയയിക്കഴിഞ്ഞിരിക്കും. അവിടെ ളുഹർ ബാങ്ക് മുഴങ്ങും.  അവിടുത്തെ ളുഹർ ബാങ്ക് മസ്‌കറ്റിലെത്തുന്നതിന് മുമ്പ് തന്നെ വീണ്ടും കിഴക്കൻ ഇന്തോനേഷ്യയിൽ അസർ ബാങ്ക് മുഴങ്ങിക്കഴിഞ്ഞിരിക്കും ! ഈ അസർ ബാങ്ക് ധാക്കയിലെത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ മഗ്‌രിബ് ബാങ്ക് വിളിക്കും. സുമാത്രയിൽ മഗ്‌രിബ് ആകുമ്പോഴേക്കും സൈബിലിൽ ഇശാ ബാങ്ക് മുഴങ്ങും !

ഇന്തോനേഷ്യയിൽ സുബ്‌ഹി ബാങ്ക് മുഴങ്ങുമ്പോൾ ആഫ്രിക്കയിൽ ഇശാ ബാങ്ക് മുഴങ്ങുകയാവും.
ഭൂഗോളത്തിന്റെ മറുപകുതിയിൽ ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു...
വടക്കേ അമേരിക്കയിലെയും യൂറൂപ്പിലെയും  തെക്കേ അമേരിക്കയിലെയും സ്ഥിതി ഇതു തന്നെ.

 ചുരുക്കത്തിൽ 24 മണിക്കൂറും ഭൂമിയിൽ ബാങ്കിന്റെ അലയൊലികൾ ഉയരുന്നതായി മനസ്സിലാക്കാം.

സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ .


കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ്‌ ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്‌, മധുരം കമ്മി ...
ഇങ്ങനെ പലപേരിലും അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്
പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ
ചായയും  നമ്മിൽ ഉണർത്തുന്ന  നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് .

അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ

വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,
പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ ,
ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ 'ടേസ്റ്റ്' വേറെ.

മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ.

അതേ ഉമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന  പാതിരാ ചായയുടെ 'ഉന്മേഷം' വേറെ.

കഥ എഴുതുമ്പോൾ , ചിന്ത പുകയുമ്പോൾ,  അവളുണ്ടാക്കി കൊണ്ട് തരുന്ന
ചിന്തക്ക് തീ പടർത്തുന്ന
'ഭാവന'  ച്ചായക്കും
കല്യാണ ത്തലേന്നു പന്തലിന്റെ പണിയും സവാള അരിയലും മണിയറ ഒരുക്കലും ഒക്കെയായി ആർമാദിക്കുമ്പോൾ പെങ്ങൾ വലിയ ഒരു ട്രേയിൽ കൊണ്ട് വന്നു തരുന്ന 'കല്യാണ ചായക്കും' രസമൊന്നു വേറെ.

വല്ല സത്ക്കാരങ്ങൾക്കോ സദ്യകൾക്കോ ചെന്നിട്ടു ബിരിയാണി തട്ടി അവസാനം
അതൊന്നു ഒതുങ്ങാൻ കുടിക്കുന്ന 'ദം ചായ'ക്കും  , പാർട്ടി കഴിഞ്ഞു പോകാൻ നേരം തരുന്ന 'പോകാൻ ചായ' ക്കും
എല്ലാം ഒരേ രുചിയല്ല . സ്വാദല്ല . .!

നമ്മുടെ ഗ്രാമത്തിലെ  ചായക്കടയിൽ നിന്ന്
സൊറ പറഞ്ഞും പത്രം വായിച്ചും  കുടിക്കുന്ന മക്കാനിച്ചായക്ക്‌
അനുഭൂതി  വേറെ .

വിനോദ യാത്രയിലും ഉല്ലാസ വേളകളിലും കറങ്ങി നടക്കുമ്പോൾ കോടമഞ്ഞിന്റെ കുളിരും ടൂറിന്റെ ത്രില്ലും അനുഭവിച്ച്  വഴി യോരത്തു നിന്ന് കുടിക്കുന്ന ഉല്ലാസച്ചായയുടെ നിർവൃതി വേറെ .

വല്ലാതെ ടെൻഷൻ അടിക്കുമ്പോൾ സ്വയം ഉണ്ടാക്കി കുടിക്കുന്ന സുലൈമാനി പകരുന്ന 'പ്രഷർ ചായ'യുടെ ആവേശം വേറെ .

തികച്ചും സർപ്രൈസ് ആയി ഭാര്യയ്ക്ക് വല്ല സമ്മാനവും കൊണ്ട്  പോയി കൊടുത്ത വകയിൽ അപ്പോൾ തന്നെ അവളുണ്ടാക്കി തരുന്ന
'റൊമാൻസ് ചായ'യുടെ 'ചൂട്' വേറെ .

ചേരുവ ഒന്നാണ് ..
പക്ഷേ അവസരത്തിനും സാഹചര്യത്തിനും നമ്മുടെ
മാനസിക അവസ്ഥയ്ക്കും അനുസരിച്ച് ചായ പകരുന്ന അനുഭൂതികൾ
അവർണ്ണനീയം തന്നെ .

എന്താല്ലേ !!!
😍☕☕