2015, ജൂൺ 18, വ്യാഴാഴ്‌ച

ഒരു ഭിക്ഷക്കരെന്റെ കഥ




ഒരിക്കൽ, ഒരിടത്ത്, ഒരു ധനികൻ നടക്കാൻ ഇറങ്ങി. വഴിയോരത്ത് ഇരുന്ന ഒരു ഭിക്ഷ ക്കാരനെ കണ്ടയാൾ നിന്നു. അയാൾ ആ ഭിക്ഷക്കാരന്റെ കണ്ണിലേക്കു സദയം ഒരല്പനേരം നോക്കിയതിനു ശേഷം ചോതിച്ചു എങ്ങിനെയാണ്‌ ഈ അവസ്ഥയിൽ എത്തിയതെന്ന്. ഭിക്ഷക്കാരൻ പറഞ്ഞു "സാർ, ഏകദേശം ഒരു വർഷമായ് എനിക്കൊരു ജോലിയുമില്ല, നിങ്ങളെക്കണ്ടാൽ ഒരു ധനികനെ പോലുണ്ട്. നിങ്ങൾ എനിക്കൊരു ജോലി തരികയാണെങ്കിൽ എന്റെ ഈ ദുരവസ്ഥ മാറും." ധനികൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു " ശരി, ഞാൻ നിന്നെ സഹായിക്കാം പക്ഷെ ജോലി തന്നല്ല മറിച്ച് ഒരല്പം കുടി നല്ല വിധത്തിൽ...  നിനക്ക് സമ്മതം ആണ് എങ്കിൽ ഞാൻ നിന്നെ എന്റെ കച്ചവടത്തിൽ പങ്കാളിയാക്കാൻ ഉദ്ദേശിക്കുന്നു. നമുക്ക് രണ്ടുപേർക്കും ചേർന്ന് ഒരു  കച്ചവടം തുടങ്ങാം. ഭിക്ഷക്കാരനു ഒന്നും മനസ്സിലായില്ല. "സാർ, എന്താണ് ഉദ്ദേശിച്ചത്? "എനിക്കൊരു വലിയ നെൽപാടം ഉണ്ട്. അതിലെ അരി നീ വിപണിയിൽ കൊണ്ട് പോയി വിൽക്കണം. വില്പനയ്ക്ക് വരുന്ന എല്ലാ ചിലവുകളും ഞാൻ വഹിക്കും, നീ ചെയേണ്ടത് ഇത്രമാത്രം അരി വിൽക്കുക അതിനു ശേഷം ഓരോ മാസവും ലാഭത്തിലെ എന്റെ വിഹിതം എനിക്ക് തരിക. ഭിക്ഷക്കാരന്റെ കണ്ണ് നിറഞ്ഞു. അയാൾ പറഞ്ഞു " നന്ദി സാർ, നന്ദി, തീർച്ചയായും എന്റെ പ്രാർത്ഥനകൾക്ക് കിട്ടിയ ഉത്തരമാണ് നിങ്ങൾ..” ഒരു ചെറിയ വിരാമത്തിനു ശേഷം അയാൾ ചോദിച്ചു "സാർ,  ലാഭം എങ്ങിനെ ആയിരിക്കും വീതിക്കുക? എനിക്ക് 10 ശതമാനവു നിങ്ങള്ക്ക് 90 ശതമാനവു അല്ലെങ്കിൽ ഞാൻ 5 ശതമാനം വെച്ച് നിങ്ങള്ക്ക് 95 ശതമാനം തരികയോ?" ധനികൻ വിസമ്മത ഭാവത്തിൽ തലയാട്ടീട്ടു പറഞ്ഞു "നീ എനിക്ക് 2.5% തരണം ബാക്കി 97.5% വും നിനക്ക് വെക്കാം. അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാനായില്ല. അൽപ സമയത്തേക്ക് അയാൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. സ്വപ്ന തുല്ല്യമായൊരു വാഗ്ദാനം ആയിരുന്നു അത്. ധനികൻ ചിരിച്ചു കൊണ്ട് പറഞ്ഞു, സഹോതരാ, എനിക്കത്രയും മതി കാരണം എന്റെ കൈവശം നിനക്ക് ഊഹിക്കാൻ കഴിയുന്നതിൽ കൂടുതൽ സമ്പത്ത് ഉണ്ട്. നീ എനിക്ക് 2.5 % മാത്രം തരണം അങ്ങനെ നീ അഭിവൃദ്ധിപ്പെടുക. ഭിക്ഷക്കാരൻ അയാളുടെ മുന്നിൽ മുട്ടുമടക്കി നിന്നു പോയി. “ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചെയ്യാം. നിങ്ങൾ ചെയ്യുന്ന ഈ ഉപകാരത്തിനു ഞാൻ എന്നെന്നും കടപ്പെട്ടവനായിരിക്കും.”

പഴയ ഭിക്ഷക്കാരൻ അങ്ങാടിയിൽ അരിക്കട തുടങ്ങി. അയാൾ നല്ല വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അയാൾ നന്നായ് അധ്വാനിച്ചു. നേരം പുലരും മുമ്പേ എഴുന്നേൽക്കും, രാത്രി വളെരെ വൈകി ഉറങ്ങും. അരിക്കട നല്ല നിലയിൽ മുന്നോട്ടു പോയി, പക്ഷെ പ്രധാന കാരണം അരിയുടെ ഗുണ മേന്മ തന്നെ ആയിരുന്നു.

അമ്പരപ്പിക്കുന്ന ലാഭമായിരുന്നു 30 ദിവസത്തിന് ശേഷം ലഭിച്ചത്. അയാൾ പൈസ എണ്ണി തിട്ടപ്പെടുത്താൻ തുടങ്ങി. പണം കയ്യിൽ വരുമ്പോഴുള്ള അനുഭൂതി അയാൾ ശരിക്കും അസ്വതിക്കാൻ തുടങ്ങി. അതോടൊപ്പം അയാളുടെ മനസ്സില് ഒരു ചിന്തയും ഉടലെടുത്തു. ഹാ! ഞാൻ എന്തിനു 2.5% എന്റെ പങ്കാളിക്ക് കൊടുക്കണം? ഈ ഒരു മാസമത്രയും ഞാൻ അയാളെ കണ്ടില്ല! രാവും പകലും കഷ്ട്ടപ്പെട്ട്‌ ഞാനാണ്‌ ഈ കച്ചവടം ഇത്രയും നല്ല നിലയിൽ എത്തിച്ചത്. ലാഭം മുഴുവനും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ധനികൻ അയാളുടെ 2.5% ലാഭവിഹിതം വങ്ങിക്കാനായ് വന്നു. പഴയ ഭിക്ഷക്കാരൻ പറഞ്ഞു "നിനക്ക് 2.5% ലാഭ വീതത്തിന് ഒരു അർഹതയുമില്ല. ഇത് എന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. അതുകൊണ്ട് ലാഭം മുഴുവനും എനിക്ക് മാത്രം അവകാശപെട്ടതാണ്”.

ആ ധനികനായ കച്ചവട പങ്കാളി നിങ്ങളായിരുന്നു എങ്കിൽ, എന്ത് വികാരമാണ് നിങ്ങളിൽ ഉണ്ടായിട്ടുണ്ടാവുക?

നമ്മളിൽ ചിലരെങ്കിലും ആ പഴയ ഭിക്ഷ ക്കാരനെ പ്പോലെ ആണ്. നമ്മുടെ ജീവിതവും നാം ശ്വസിക്കുന്ന ഓരോ ശ്വാസവും അള്ളാഹു തന്നതാണ്. പണം സമ്പാതിക്കാനുള്ള നമ്മുടെ കഴിവുകളും, സംസാര പാടവവും, നിർമാണ നൈപുണ്യവും അള്ളാഹു തന്നതാകുന്നു.
നമ്മുടെ ശരീരവും, കണ്ണുകളും, ചെവികളും, വായും, കൈകളും, കാലും, ഹൃദയവും എല്ലാം അല്ലാഹുവിന്റെ സൃഷ്‌ടി ആകുന്നു.
നമ്മുടെ ബുദ്ധിശക്തിയും, സര്‍ഗ്ഗശക്തിയും(creativity), മനോവികാരവും, യുക്തിയും നമ്മൾ സംസാരിക്കുന്ന ഭാഷയുമെല്ലാം അള്ളാഹു തന്നതാണ്.

2.5% (സകാത്ത്) കൊടുക്കുന്നത് അല്ലാഹുവിനോടുള്ള നന്ദി പ്രകടനവും ബാധ്യതാ നിർവഹണവും ആണ്.

നാം തിരിച്ചു കൊടുക്കാനുള്ളതിനെ ക്കുറിച്ച് ഒരിക്കലം മറക്കാതിരിക്കുക.

Zac kizhakkethil

2015, ജൂൺ 16, ചൊവ്വാഴ്ച

മനുഷ്യന്റെ ഓരൊ അവസ്ഥ


ഇന്നും വളരെ ലേയ്റ്റായി..!!
ഇനി ഓഫീസിലെത്തിയാൽ സാറിന്റെ മുഖം കാണേണ്ട കാര്യമാലോചിക്കുമ്പോൾ.......!!!!!!

ധൃതിയിൽ നടക്കുന്നതിനിടക്കാണ്‌ എന്നെ ആരോ വിളിക്കുന്നത്‌ കേട്ടത്‌.
ഞാനൊന്ന് തിരിഞ്ഞു നോക്കി... വീണ്ടും നടന്നു.

"ഹേയ്‌... നിങ്ങളെ തന്നെയാ...!!! ഒന്ന് നിൽക്കൂ...!! "

തിരിഞ്ഞു നോക്കുമ്പോൾ... ഒരു വയസനായ വ്യക്തി.
" എന്താ...?? "

" എങ്ങോട്ടാ... ഇത്ര ധൃതിയിൽ. ഇന്നലേയും കണ്ടല്ലോ. " - അയാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

" ഓഫീസിലേക്കാ... തിരക്കുണ്ട്‌. പിന്നെ കാണാം " - ഞാൻ നടന്ന് കൊണ്ട്‌ പറഞ്ഞു.

" തിരക്കൊഴിഞ്ഞ സമയമെപ്പോഴാ... എനിക്കൊന്ന് സംസാരിക്കാനുണ്ട്‌. " - അയാൾ പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

'വല്ല സഹായവും ചോദിക്കാനാവും.മകളുടെ കല്ല്യാണം.. ഓപ്പറേഷനെന്നൊക്കെ പറഞ്ഞിംഗ്‌ വരും. എല്ലാം തട്ടിപ്പുകളാ...' - ഞാൻ പിറുപിറുത്തുകൊണ്ട്‌ ഒന്നും മിണ്ടാതെ വേഗം നടന്നു നീങ്ങി.
***************

ഇന്നും അയാളവിടെ തന്നെയുണ്ട്‌. അയാളെ ശ്രദ്ധിക്കാതെ ഞാൻ ധൃതിയിൽ നടന്നു.
അന്നും അയാൾ പറഞ്ഞു, എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന്.
അതും എനിക്ക്‌ ഗുണമുള്ളതെന്തോ കാര്യമാണെന്ന്.!!

ഇന്ന് നേരത്തെ കിടക്കണം. നാളെ നേരത്തെ ഇറങ്ങി അയാളുടെ കാര്യം എന്താണെന്ന് അറിയണം. എനിക്ക്‌ ഗുണമുള്ള എന്താണ്‌ അയാളുടെ പക്കലുള്ളത്‌...??
സോഷ്യൽ മീഡിയയിലെ സംവാദങ്ങളും ബഹളങ്ങളും നോക്കാതെ ലാപ്ടോപ്‌ അടച്ചുവെച്ച്‌ ഞാൻ കിടന്നു.

പിറ്റേന്ന് നേരത്തെ ഇറങ്ങി. അയാളവിടെ തന്നെയുണ്ട്‌. എന്നെ കണ്ടപ്പോൾ അയാൾ പുഞ്ചിരിച്ചു.
" എന്താണ്‌ നിങ്ങൾക്ക്‌ പറയാനുള്ളത്‌...?? "

" നിങ്ങളിവിടെ ഇരിക്കൂ... ഇന്ന് നിങ്ങൾക്ക്‌ സമയമുണ്ടല്ലോ..." - അയാൾ സാവധാനം പറഞ്ഞു.

" സമയം ഞാൻ നിങ്ങൾക്ക്‌ വേണ്ടി ഉണ്ടാക്കിയതാണ്‌. എന്താ നിങ്ങൾക്ക്‌ സംസാരിക്കാനുള്ളത്‌...!!!" - ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

" ആദ്യം നിങ്ങളിവിടെ ഇരിക്കൂ... ഞാൻ പറയാം. "
എനിക്കവിടെ ഇരിക്കേണ്ടി വന്നു.

" ഞാൻ നിങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി കാണുന്നു. ഒരു യന്ത്രം കണക്കെയുള്ള നിങ്ങളുടെ ഈ പോക്കും.. വരവും..! എന്നും നിങ്ങൾ തിരക്കിലാണല്ലോ...!!!!"

" അതേ... എനിക്കൊട്ടും സമയം കളയാനില്ല. കാരണം ഞാൻ എന്നെ എന്റെ അധികാരികൾ ഏൽപിച്ച ജോലിയിൽ ആത്മാർത്തതയുള്ളവനാണ്‌. പിന്നെ എന്റെ കുടുംബത്തോട്‌ കൂറുള്ളവനുമാണ്‌."
- ഞാൻ തെല്ല് ഹുങ്കോടെ പറഞ്ഞു.

" ഓഹോ...! കൊള്ളാം. നിങ്ങൾ ആള്‌ കൊള്ളാം. എന്നിട്ട്‌ നിങ്ങളിക്കാര്യങ്ങളിൽ വിജയിച്ചവനാണോ...!! "

" എന്താ സംശയം. ഇന്ന് ഞാനെന്റെ കമ്പനിയിലെ ഉയർന്ന സ്ഥാനത്താണ്‌. എനിക്ക്‌ നാട്ടിൽ വലിയൊരു വീടുണ്ട്‌. ഒരുപാട്‌ സ്വത്തുണ്ട്‌. എന്റെ മക്കൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസമുണ്ട്‌."
-  എന്റെ മുഖത്ത്‌ ആത്മവിശ്വാസം നിറഞ്ഞു നിന്നു.

" ആഹാ..!!! ഭാഗ്യവാൻ. എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ. നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവും നിങ്ങളെ കുറച്ച്‌ ജോലികൾ ഏൽപിച്ചിരുന്നു. നിങ്ങളതെല്ലാം ചെയ്തിരുന്നൊ?? "

" അത്‌ പിന്നെ... അതിനിയും ചെയ്യാമല്ലോ.. അല്ലേ..
അല്ല നിങ്ങൾക്കിതാണോ പറയാനുള്ളത്‌ !!! "

" അതേ... ചെയ്യാം. പക്ഷേ.. മരണമെപ്പോഴെത്തുമെന്ന് ആർക്കാണറിയുന്നത്‌..!!

"അതിന്‌ എനിക്കിപ്പോൾ ഒരു രോഗവുമില. പൂർണ്ണ ആരോഗ്യവാൻ. മാത്രവുമല്ല വല്ല രോഗവും വന്നാലും ചികിത്സിക്കാൻ പണവുമുണ്ട്‌."

"ആരോഗ്യം....!!! :/ പണം......  :/ !!!! - അയാൾ പുച്ഛഭാവത്തോടെ പിറുപിറുത്തു.
" നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ ഉയർന്ന വിദ്യഭ്യാസം നൽകി. അവർക്ക്‌ നിന്റെ സൃഷ്ടാവിനെ കുറിച്ച്‌ പഠിപ്പിച്ചൊ? "

" അതിനവർക്കിനിയും സമയമുണ്ടല്ലൊ...!! അവർ ഇപ്പോൾ പഠിക്കേണ്ട പ്രായമല്ലേ..!!" - ഞാൻ തെല്ല് അരിശത്തോടെ പറഞ്ഞു.

" സമയമെന്നത്‌ എപ്പോഴും നിലനിൽക്കുന്നതാണെന്ന് ആരാ നിങ്ങളെ പഠിപ്പിച്ചത്‌.."

" ഞാനിതുവരെ ജീവിച്ചില്ലെ. അതുപോലെ എന്റെ മക്കളും."

"നിങ്ങൾക്ക്‌ നിർബന്ധമാക്കിയ സകാത്തിനെ നിങ്ങൾ കൊടുത്തിരുന്നൊ...!! "

" അത്‌ പിന്നെ... അത്‌..   അത്‌ കൊടുക്കാമല്ലോ...!!!" - ഞാൻ ഒരു നിമിഷം പകച്ചു.

" ചുരുക്കി പറഞ്ഞാൽ... എല്ലാം "ചെയ്യാം" എന്ന്. അല്ലെ.
ഒന്നിനും സമയമില്ലാത്ത നിങ്ങൾ  ഇന്ന് നിങ്ങളുടെ കാര്യങ്ങൾ മാറ്റിവെച്ച്‌ എന്നോട്‌ സംസാരിക്കാനായ്‌ നേരത്തെ വന്നു.
അപ്പോൾ നിങ്ങൾക്ക്‌ സമയമല്ല പ്രശ്നം. "

"അല്ല.. നിങ്ങളാരാ ഇതൊക്കെ പറയാൻ. ഞാൻ എനിക്ക്‌ ഇഷ്ടമുള്ളത്‌ പോലെ ചെയ്യും. എന്റെ പണം എന്റെ കുടുംബം എന്റെ ജോലി എന്റെ ജീവിതം "  - വിറച്ചുകൊണ്ട്‌ ഞാൻ ഉച്ചത്തിൽ പറഞ്ഞു

" പക്ഷേ... ഈ ജീവൻ അത്‌ നിന്നെ സൃഷ്ടിച്ചവന്റേതാണ്‌. അതവൻ തിരിച്ചെടുത്താൽ....!!! "

ഞാൻ വിയർത്തു നനഞ്ഞു. എന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.
" അല്ലാഹ്‌...!! എങ്കിൽ എന്റെ മക്കൾ, എന്റെ ഭാര്യ അവർ അനാഥരാവും. അവർ കഷ്ടപ്പെടും. എനിക്കത്‌ ആലോചിക്കാൻ കഴിയില്ല...!!"

" അപ്പോഴും നീ ഈ ദുനിയാവിനെകുറിച്ച്‌ വ്യാകുലപ്പെടുന്നു. നീ ഇപ്പോൾ മരണപ്പെടുകയാണെങ്കിൽ നിന്റെ പരലോക ജീവിതം എങ്ങിനെയിരിക്കുമെന്ന് നിനക്ക്‌ അറിയില്ലേ...!!!  - അയാളുടെ കണ്ണുകൾ തിളങ്ങി.

"ഞാൻ പോവുന്നു.... എനിക്ക്‌ നിങ്ങളോട്‌ സംസാരിക്കണ്ട. " - ഞാൻ ധൃതിയിൽ എഴുനേറ്റു.

ഒരടിപോലും മുന്നോട്ട്‌ നീങ്ങുന്നില്ല. കാലുകൾ കുഴയുന്നു. കൈകൾക്ക്‌ കനം കൂടുന്നു. കണ്ണിൽ നെറ്റിയിലെ വിയർപ്പു തുള്ളികൾ ഇറ്റിയിറങ്ങി തളം കെട്ടുന്നുണ്ട്‌.
ഞാനിപ്പോൾ തളർന്ന് വീഴും.

ഞാനയാളെ തിരിഞ്ഞു നോക്കി.
" എന്നെയൊന്ന് സഹായിക്കൂ... എന്നെ രക്ഷിക്കൂ."

മുഖത്തെ ചിരി മായ്ച്ചുകൊണ്ട്‌ അയാൾ പറഞ്ഞു:
"വൈകിപ്പോയി സഹോദരാ. എനിക്ക്‌ നിങ്ങളേയും കൊണ്ട്‌ പോയേ തീരൂ...!! നിങ്ങൾക്കിപ്പോൾ ഒന്നിനും സമയമിലാത്തവനായിപോയി"

അയാളുടെ മുഖം വിവർണ്ണമായി, കണ്ണുകൾ ചുവന്നു, കണ്ണുകളിൽ നിന്ന് അഗ്നി ചൂട്‌ പരക്കാൻ തുടങ്ങി
എന്നെയും കൊണ്ട്‌ അയാൾ മുകളിലേക്കുയർന്നു.
ആ നിമിഷം എന്റെ കാൽ വിരലിലെ ഞരമ്പുകൾ വലിഞ്ഞ്‌ ശിരസ്സിലേക്ക്‌ ചുരുങ്ങികൊണ്ടിരുന്നു.
ഒരിറ്റു വെള്ളത്തിനായി ചുണ്ടുകൾ വിറച്ചു.
കണ്ണുകൾ മുകളിലേക്ക്‌ മറിഞ്ഞു.അവസാനം ഞെട്ടറ്റു വീണ ഇലയെപോലെ എന്റെ ശരീരം ആ ബെഞ്ചിലേക്ക്‌ വീണു.
********
എന്റെ പണം, എന്റെ പണമെന്ന് പറഞ്ഞിരുന്ന അയാളുടെ
മയ്യിത്ത്‌ മറ്റാരുടെയൊ പണം കൊണ്ട്‌ നാട്ടിലെത്തി.
മരണവീടിന്റെ ഒരു മൂലയിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു:

" മനുഷ്യന്റെ ഓരൊ അവസ്ഥ. ഒരു കുഴപ്പവുമിലാ

2015, ജൂൺ 12, വെള്ളിയാഴ്‌ച

എന്താ ഒരു പൊതിക്കെട്ട്


"എന്താ ഒരു പൊതിക്കെട്ട്?'
"ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ.. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും"
"പൊറോട്ടയോ? ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? "
"ങ്ഹെ, അപ്പൊ അത് കൊള്ളൂല?"
"ഇല്ല. പിന്നെ ബീഫ് ഫ്രൈ.... സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ് ഫുഡ് കാര് ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും"
"ശ്ചെ ..!!"
"അതേന്ന്. അതിന്റെ കൂടെ ഈ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ...! അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്. ട്രാൻസ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും"
"അപ്പൊ ബീഫ് ഫ്രയും പൊറോട്ടയും കളഞ്ഞേക്കാം. ആ ബേക്കറീന്നു വല്ല പഫ്സും വാങ്ങാം."
"പഫ്സോ? അതും മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. അതിന്റെ കൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേർത്ത് അകത്തു വയ്ക്കും. "
"എന്നാപ്പിന്നെ, അല്പം കേക്കാകാം.."
"കേക്കണ്ട. അത് മുഴുവൻ പ്രിസർവേറ്റീവല്ലേ? "
"എന്നാപ്പിന്നെ അവനു പൊട്ടറ്റോ ചിപ്സ് ഇഷ്ടമാ.. ലെയ്സ് ആയിക്കോട്ടെ.."
"പൊട്ടറ്റോ ചിപ്സ്..!! പൊട്ടാ, അത് മുഴുവൻ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ? രുചി കൂട്ടാൻ ചേർക്കുന്നത്? ക്യാൻസർ വരാൻ വേറെ വഴി വേണ്ട. :"
"ഓ, കള..!! വല്ല ഫ്രൂട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..!!"
"ആപ്പിൾ.? ആപ്പിളിന്റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രെ ആണെന്നേ .. കഴുകിയാലും പോവില്ല. നേരെ വയറ്റിൽ പോയി കുടലിൽ പറ്റിപ്പിടിക്കും. ക്യാൻസർ, ക്യാൻസർ.."
"തൊലി ചെത്തിക്കളഞ്ഞാലോ?"
"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാൻ അകത്തേയ്ക്ക് എച് എഫ് സീ എസ് എന്ന സ്വീറ്റനർ കുത്തിവയ്ക്കുകയല്ലേ? ആപ്പിൾ കഴിച്ച് കൊളസ്ട്രോൾ കൂടി ചത്തെന്ന് നാട്ടുകാർ അദ്ഭുതം കൂറും"
"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ. "
"തമിഴൻ അമോണിയ മുക്കി തരുന്നതല്ലേ? കഴിച്ചു ചാക് .."
"ഞാൻ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ.."
"ചോറോ? പോളീഷ് ചെയ്യുവാന്നു പറഞ്ഞ് അവന്മാര് അരിയിൽ പ്ലാസ്റിക് സ്പ്രേ അടിക്കുകയല്ലേ? തവിടിന്റെ നിറം വരാൻ റെഡ് ഓക്സൈഡും.. നന്നായിരിക്കും. കുടലിൽ ബ്രൗണ്‍ നിറത്തിൽ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാൻസർ."
"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ.."
"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങൾ ചവച്ച്ചുതുപ്പുന്ന കാർബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാർബണ്‍ ഡയോക്സൈഡ് "
"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"
"പറ്റൂല. നിയമം വഴി അത് നിരോധിച്ചിരിക്കുകയാ"
:😭😭😭😭😭😭

2015, ജൂൺ 9, ചൊവ്വാഴ്ച

ചെറുപയറിന് 'വേവ്' കൂടുതലാ


"നമ്മുടെ ദേശീയപതാകയ്ക്ക് എത്ര വർണ്ണങ്ങളുണ്ട്....." ????
ശാന്തമ്മ ടീച്ചറുടെ ഈണത്തിലുളള ചോദ്യം!
ചോതിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി..
'' മൂൂൂൂന്ന്..."
ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...;
അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !!
"ഞാൻ ചോതിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കിടന്ന് കാറണ്ട !! "
ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ;
ക്ലാസ് മൊത്തം കരിഞ്ഞ മണം !
എല്ലാരും മിണ്ടാതെ ഇരിക്കുന്നു ; ടീച്ചർ എന്ടെ അരികിലേക്ക് വന്ന് , എന്നെ നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ്‍ അതിന് മുകളിലൂടെ പുറത്തേക്കിട്ടാണ് നോട്ടം., "ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച് വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !!
'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !!
തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു
'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?'
"ങ്ങേ !"
"ങ്ങേന്നല്ല ; ദേശീയ പതാകയിലെ ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാന്ന് ?? "
"പച്ച , ചോപ്പ് , വെളള "
ഒരു ശെരിയുത്തരം പറഞ്ഞ 'ഗമ'യിൽ ടീച്ചറെ നോക്കി പല്ലിളിച്ച് നിൽക്കവേ....
ചെമ്പരത്തിക്കൊളളി മുഖത്തിന് നേരെ വെച്ച് വട്ടം വരച്ചോണ്ട് ടീച്ചർ കണ്ണ്‍ പുറത്തേക്കിട്ട് പറഞ്ഞു...
"ക്രമത്തിൽ പറയെടാ !!! "
പണി പാളി ;
ക്രമം ലേശം ബുദ്ധിമുട്ടാവും !!
വാടാ ചക്കരേ എന്ന മട്ടിൽ വടിയെ നോക്കി ഞാൻ നിൽക്കുമ്പൊ ;
എന്നോട് എന്തോ ഒരിത്‌ തോന്നിയ ഒരു പെണ്‍കുട്ടി ; ടീച്ചർ കാണാതെ 'കപിൽദേവ്'
പതാകയും പൊക്കിപ്പിടിച്ച് നിൽക്കുന്ന 'ചട്ട'യുളള നോട്ട്ബുക്ക് എനിക്ക്‌ കാണിച്ചു തന്നു..!
ഒരു വട്ടം പതാകയിലും, പിന്നെ അവളുടെ കളങ്കമില്ലാത്ത സ്നേഹം തുളുമ്പുന്ന മുഖത്തേക്കും നോക്കി ഞാനുത്തരം പറഞ്ഞു..
"ചോപ്പ്
വെളള
പച്ച "
ഉത്തരം പറഞ്ഞ് തീരും മുമ്പേ എൻടെ ചെവി പിടിച്ച് കറക്കി മുഖം സ്കൂൾ ഗ്രൗണ്ടിലെ കൊടിമരത്തിലേക്ക് തിരിച്ച് പിടിച്ച് അവിടെയുളള പതാകയിലേക്ക് ചൂണ്ടി ടീച്ചർ ചോതിച്ചു...;
"ചുവപ്പാണോ കഴുതേ അത് !? "
ഞാൻ നോക്കിയിട്ട് വെളളയും പച്ചയും കാണുന്നപോലെ ചുവപ്പ് തന്നെയാണ് അവിടെയും കണ്ടത് ;
പിന്നെ ടീച്ചറെന്തിനാ എൻടെ ചെവി പിടിച്ച് കറക്കിയത് ?
ശാന്തമ്മ ടീച്ചറെ കാഴ്ച്ച ശക്തി പോയോ പടച്ചോനേ...ന്ന് വിചാരിച്ച് ഞാൻ വിഷമത്തോടെ നിന്നു !!
ടീച്ചർ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു..;
എനിക്ക് കപിൽദേവിനെ കാണിച്ചു തന്ന പെണ്‍കുട്ടിയുടെ തോളത്ത് തട്ടി പറഞ്ഞു ,
"നീ പറ "
അവൾ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ;
ങ്ങേ... അതൊരു പൂവിൻടെ പേരല്ലേ ; കുങ്കുമം!!!
"കുങ്കുമം , വെളള , പച്ച "
'ഗുഡ്... കുട്ടി ഇരിക്കൂ '
അപ്പൊ ഞാനോ !!
'നീ നാളെ 1000 വട്ടം "കുങ്കുമം, വെളള, പച്ച"
എന്നെഴുതിയിട്ട് ക്ലാസ്സിൽ കേറിയാ മതി !!
ന്നാലും വേണ്ടില്ല, ഒരു തീരുമാനമായല്ലോ എന്ന മട്ടിൽ ഞാൻ ബെഞ്ചിലിരുന്നു !!
പറഞ്ഞാൽ കേൾക്കുന്ന കുട്ടി ആയത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പൊ അസീസിൻടെ കടയിൽ നിന്ന് എഴുതാനുളള പത്തിരുപത് പേപ്പറും വാങ്ങിയാണ് വീട്ടിലേക്ക് പോയത്...;
പിറ്റേന്ന് സ്കൂളിൽ പോവാതെ ഇരുന്നെഴുതി (ഉത്തരവാദിത്തം !)
അന്ന് വൈകുന്നേരം അടുക്കള ഭാഗത്തെ അമ്മിത്തണയിലിരുന്ന് അവിലും ചായയും അടിക്കുമ്പൊ ക്ലാസ്മേറ്റും കൂട്ടുകാരനും അയൽവാസിയുമായ ഷഫീക് സ്കൂൾ വിട്ട് വരുന്നു..;
"ഞാനിന്ന് ലീവാക്കിയത് ആരേം ചോയിച്ചീനോ ; ഞാൻ ഫുൾ എഴുതി, നാളെ വരും"
'ആ...' ന്നും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി. എന്താന്നറിയില്ല ; അവനൊരു മൂഡില്ല !! എന്താ പ്രശ്നം ; ആ....' എന്തേലുമാവട്ടെ !
പിറ്റേന്ന് ക്ലാസ്സിൽ കേറും മുമ്പേ ഓഫീസ് റൂമിൽ പോയി ഇരുപത് പേപ്പറുകളിലായി ആയിരം വട്ടം ഞാനെഴുതിയ വർണ്ണലോകം ഞാൻ ശാന്തമ്മ ടീച്ചർക്ക് കൈമാറി !!
മറ്റുക്ലാസുകളിലെയും ഒരുപാട് കുട്ടികൾ ഓഫീസ് റൂമിൽ വന്ന് എല്ലാ അദ്ധ്യാപകർക്കും ഇങ്ങനെ ഓരോ കെട്ടുകൾ കൊടുക്കുന്നുണ്ട് ;
എന്ടെ കെട്ട് , ഞാൻ കഷ്ട്ടപ്പെട്ടെഴുതിയ കെട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ജനലിലൂടെ കഞ്ഞിപ്പുരയിലേക്കിട്ടു !!
(ഉച്ചകഞ്ഞി വെക്കുമ്പോൾ ചേരിയും ചിരട്ടയും പോരാഞ്ഞിട്ടായിരിക്കും;
ഓഫീസ് റൂമിൻടെ ജനലിനുളളിലൂടേ കഞ്ഞിപ്പുരയിലേക്ക് ഈ പേപ്പറുകൾ ഇട്ട് കൊടുക്കും !!)
ശാന്തമ്മ ടീച്ചറെന്നോട് പറഞ്ഞു....;
"എടാ നീയൊക്കെ ഒരുത്തരം പറയുന്നത് കേൾക്കാനുളള ആഗ്രഹം കൊണ്ടാണ് ഇത്രേം
ഈസിയായ ചോദ്യം ചോതിക്കുന്നത് ;
നിനക്കൊക്കെ വേറെ വല്ല പണിക്കും പോയിക്കൂടെ !"
ഞാൻ സ്ഥിരം മറുപടിയായ ഒരു ചിരി സമ്മാനിച്ച് പുറത്തേക്കിറങ്ങുമ്പൊ ഓഫീസ് റൂമിൻടെ പടിക്കൽ ഒരു വലിയ കെട്ട് പേപ്പറുകളുമായി ഷഫീക് നിൽക്കുന്നു ;
ഞാൻ ലീവാക്കിയ ദിവസം അവന് കിട്ടിയ മുട്ടൻ പണിയാണ് ആ പേപ്പറുകളിൽ എന്നെനിക്ക് മനസ്സിലായി ;
ക്ലാസിൽ പോയന്വേഷിച്ചപ്പൊഴാണ് കാര്യമറിഞ്ഞത് !!
ദേശീയപതാകയിലെ വെളള വർണ്ണത്തിൻടെ മധ്യത്തിലുളള‌ ചക്രത്തിൻടെ പേര് ആദ്യമായി ഇവൻടെ വായിൽ നിന്ന് ഒരുത്തരം കേൾക്കാനുളള ആഗ്രഹം കൊണ്ട് ടീച്ചറിവനോട് ചോതിച്ചു...
ചക്രം കറക്ടായിരുന്നു ;
അശോകൻ 'കേശവ'നായിപ്പോയി !!
2000 പ്രാവശ്യമെഴുതിയ "ആശോകചക്രം" പിടിച്ച് നിൽക്കുന്ന ഷഫീകിനെയാണ് ഞാനവിടെ കണ്ടത് "!!!
" ഞാനായിരമല്ലേ എഴുതിയത് ;
ഇവനെന്തിനാ രണ്ടായിരം !!"??
ഒരുപാടാലോചിച്ചപ്പൊഴാണ് എനിക്ക് കാര്യം മനസ്സിലായത് ;
ഞാനെഴുതിയത് കഞ്ഞിക്കാണ്,
ഇവനെഴുതിയത് ചെറുപയറിനും;
ചെറുപയറിന് 'വേവ്' കൂടുതലാ...!!
*******ശുഭം*********
((കഥാപാത്രങ്ങൾക്ക് ജീവനുണ്ട് ;
കഥ വെറും സാങ്കൽപ്പികം മാത്രമാണ്))