2012, നവംബർ 25, ഞായറാഴ്‌ച

ഇത് പോലെ ജീവിക്കേണ്ടി വരും


1. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ കൂളിംഗ്‌ ഗ്ലാസ്, പാന്റ് എന്നിവ  മാറ്റി മുണ്ടുടുക്കുക.‌

2.
കഴിവതും ചെല്ലുന്ന വിവരം വീട്ടില്‍ ആരെയും അറിയിക്കരുത്.. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി വിളിച്ചു വീടിനു അടുത്തുള്ള ഏതെങ്കിലും ഒരു ടൌണില്‍ നിന്നും ടാക്സി മാറി കേറി വീട്ടില്‍ ചെല്ലുക. വീട്ടുകാര്‍ ചോദിച്ചാല്‍ പറയുക, കാശില്ലാത്തതിനാല്‍ ബസിനു വന്നിറങ്ങി ടാക്സിയില്‍ പോന്നു എന്നെ പറയാവൂ. അപ്പോള്‍ തന്നെ ഏകദേശ
രൂപം വീടുകാര്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. വന്ന ഉടനെ പെട്ടി തുറക്കാന്‍ നില്‍ക്കരുത്. വന്ന പാടെ പെട്ടികള്‍ സ്വന്തം മുറിയില്‍ വക്കുക. അതിനു ശേഷം കാപ്പിയോ മറ്റോ കുടിച്ചു വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക. ചിന്താഭാരം തോട്ടില്‍ എന്ന റഷ്യന്‍ നാടോടിഗാനം സ്മരിക്കുക.

3.
എന്തുപറ്റി എന്ന ചോദ്യത്തിന് തന്റെ ജോലി പോയെന്നും രണ്ടുമൂന്നുമാസത്തെ ശമ്പളം തരാതെ അറബി പറ്റിച്ചു എന്നും അങ്ങ് താങ്ങിയേക്കണം. ഗള്‍ഫന്‍ അല്ലെങ്കില്‍ ഗ്ലോബല്‍ റിസഷന്‍ കാരണം ജോലി വെട്ടിക്കുറച്ചു, അക്കൂടെ താനും ഔട്ടായി എന്നു പറയണം.

4.
ആകെ പൊളിഞ്ഞു നാറാണക്കല്ല് പിടിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ ബാക്കി കാര്യം അവര്‍ ഏറ്റെടുത്തു നാട്ടുകാരെ ബോധിപ്പിച്ചോളും. പാരയായി നില്‍ക്കുന്ന ചേട്ടന്മാരോ അനിയന്മാരോ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

5.
പൊളിഞ്ഞു പാളീസായി എന്ന് കേട്ടാല്‍ നാടുകാര്‍ക്കുണ്ടാകുന്ന സന്തോഷം ചില്ലറയൊന്നുമല്ല. അവരുടെ സന്തോഷം കണ്ടു നമ്മള്‍ ഉള്ളില്‍ മാത്രം ചിരിക്കുക.

6.
രണ്ടുദിവസത്തിന് ശേഷം മാത്രമേ കൂട്ടുകാരെ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. ആദ്യം കാണുമ്പോള്‍ ഒത്തിരി എക്‍സൈറ്റ്മെന്റ് ഒന്നും കാണിക്കരുത്.

7.
സ്ഥായിയായ ഒരു ദുഃഖഭാവം എപ്പോഴും മുഖത്ത് സൂക്ഷിക്കുക.

8.
പള്ളിയിലോ അമ്പലത്തിലോ സ്ഥിരമായി പോകുക. പറ്റുമെങ്കില്‍ ഒരു ധ്യാനവും കൂടുക.

9.
ഗള്‍ഫില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ അവരുടെ ബ്രാന്‍ഡ്‌ മാര്‍ക്ക് ആയ ഓയില്‍മുണ്ടും ടീ ഷര്‍ട്ടും, സ്വര്‍ണ വാച്ച്, ബ്രെയ്സ്ലെറ്റ് എന്നിവയും യുകെ, യുഎസ്എ എന്നിവടങ്ങളില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ ബെര്‍മുഡ, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ടീ ഷര്‍ട്ട്, അമേരിക്കന്‍ ഫ്ലാഗിന്റെ ടീ ഷര്‍ട്ട് എന്നിവയൊക്കെ പൂര്‍ണമായും 6 മാസത്തേക്ക് വര്‍ജിക്കുക. ഇതൊക്കെയിട്ടു നാടുകാരുടെ മുന്‍പില്‍ ചെന്നുപെട്ടാല്‍ അതിട്ടവന്റെ അപ്പനപ്പൂപ്പന്മാരുടെ ജാതകവും വിധിയും ചരിത്രവും ഒക്കെ എടുത്തിട്ട് വിളമ്പിത്തുടങ്ങും.

കുട്ടികളെ വസ്ത്രം ധരിപ്പിക്കുമ്പോള്‍ കഴിവതും വെള്ള ടോപ്‌ അല്ലെങ്കില്‍ ഷര്‍ട്ട്, നീല ജീന്‍സ്, വെളുത്ത കാന്‍വാസ് ഷൂ എന്നിങ്ങനെയുള്ള കോമ്പിനേഷന്‍ ഇടീക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം മൊട്ടയില്‍ നിന്നും വിരിഞ്ഞില്ലെങ്കില്‍ കൂടി നാട്ടിലെ കുട്ടികള്‍ പണി കൊടുക്കാന്‍ ബഹു സമര്‍ത്ഥര്‍ ആണ്. ഈ വേഷം ധരിച്ചു ചെല്ലുന്ന കുട്ടികളെ അവര്‍ അമുല്‍ ബേബി, മ.ബു.(മന്ദ ബുദ്ധി )എന്നൊക്കെയാണ് വിളിക്കാറ്.

10.
പെര്‍ഫ്യൂം ഒഴിവാക്കി കുട്ടികുറ പൌഡര്‍ ഇടുക.

11.
ആദ്യത്തെ ആറു മാസത്തേക്ക് കഴിവതും കുടുംബസമേതമുള്ള യാത്രകള്‍ ഒഴിവാക്കുക. ഒറ്റയ്ക്കാകുമ്പോള്‍ ബസിനു പോയാല്‍ മതിയല്ലോ. തരം കിട്ടിയാല്‍ ഏതെങ്കിലും ഫ്രെണ്ടിന്റെ ബൈക്കിനു ലിഫ്റ്റ്‌ ചോദിക്കുക.

12.
തന്നോട് കടം ചോദിയ്ക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് നേരത്തെ തന്നെ തയ്യാറാക്കി വക്കുക. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്‍പ് അങ്ങോട്ട്‌ സ്വന്തം വിഷമങ്ങള്‍ എല്ലാം പറഞ്ഞു ആവശ്യമില്ലെങ്കില്‍ കൂടി കുറച്ചു കടം മേടിക്കുക.

13.
കടം വാങ്ങിച്ച കാശ് പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കരുത്. നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്.

14.
കടം തന്നവനെ കുറഞ്ഞത്‌ 3 -4 പ്രാവശ്യം ഇട്ടു നടത്തിക്കുക.

15.
കുറച്ചു സ്വര്‍ണം എടുത്തു പണയം വക്കുക. അധികം തുക എടുക്കേണ്ട കാര്യമില്ല. ഒരു പേരിനു മാത്രം. പണയം സമയത്ത് തിരിച്ചെടുക്കരുത്. പണയവസ്തു ലേലം ചെയ്യുന്നതിന്റെ തലേ ദിവസം ആരും അറിയാതെ തിരിച്ചെടുക്കണം. പക്ഷെ ബാങ്കില്‍ നിന്നും പണയപ്പണ്ടത്തിന്റെ ലേല പരസ്യ നോട്ടീസ് പോക്കറ്റില്‍ തന്നെ മറ്റുള്ളവര്‍ കാണത്തക്ക രീതിയില്‍ വച്ചേക്കുക.

16.
പരസ്പരജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുക. ഇതിനായി കുറഞ്ഞത്‌ 8 - 10 പേരോട് ജാമ്യം നില്കാമോ എന്ന് തിരക്കുക.

17.
ഈ ലോണും സമയത്ത് തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്‍ നോട്ടീസുമായി വരുമ്പോള്‍ അവനോടു എവിടുന്നെങ്കിലും കാശ് മറിവിനു മേടിച്ചു തിരിച്ചടയ്ക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കുക. പക്ഷെ ഉടനെയൊന്നും തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്റെ ഭാര്യ ഇതറിയുന്നത് വരെ വെയിറ്റ് ചെയ്യണം.

18.
മദ്യം സിഗരെറ്റ്‌ എന്നിവ കഴിവതും വീട്ടില്‍ തന്നെയിരുന്നു ഒറ്റയ്ക്ക് കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ സിഗരെറ്റ്‌ കൂട്ടുകാരോട് കടം വാങ്ങുക.

19.
വെള്ളമടി കമ്പനിയില്‍ ഷെയര്‍ മുഴുവന്‍ ഒരു കാരണവശാലും ഇടരുത്. പറ്റുമെങ്കില്‍ ടച്ചിങ്ങ്സ് വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ട് പോയി അത് ഷെയറില്‍ കൂട്ടിക്കോളാന്‍ പറയുക.

20.
എന്തൊക്കെ സംഭവിച്ചാലും ഫിക്സെഡ് ഡെപ്പോസിറ്റില്‍ കൈവയ്ക്കരുത്. അത് കഴിവതും സ്വന്തം നാട്ടിലെ ബാങ്കിലോ അല്ലെങ്കില്‍ പരിചയക്കാരോ ബന്ധുക്കളോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

21.
സ്വന്തം നാട്ടില്‍ വീടിനുള്ള സ്ഥലം മാത്രമല്ലാതെ മറ്റു വസ്തുവകകള്‍ വാങ്ങരുത്.

22.
നാട്ടില്‍ തിരിച്ചെതുന്നതിനു് ഒരു വര്‍ഷം മുന്‍പ് കേറിക്കിടക്കാന്‍ ഒരു നല്ല വീട് പണിതിടുക. പക്ഷെ കളര്‍ പെയിന്റ് അടിക്കരുത്. വെള്ളയടിച്ചു കുറച്ചു നാള്‍ അങ്ങിനെ അങ്ങ് ഇട്ടേക്കണം. പായല്‍ പിടിച്ചു ഒരു പരുവം ആകുമ്പോള്‍ അതിനു നല്ല കളര്‍ പെയിന്റ് കൊടുക്കുക. പായലിന്റെ ശല്യം കൊണ്ട് ഗത്യന്തരമില്ലാതെ ചെയ്തതാണെന്ന് നാട്ടുകാരെ പ്രത്യേകം ബോധ്യപ്പെടുത്താന്‍ മറക്കരുത്.

23.
എല്‍ഐസി, മെറ്റ് ലൈഫ് ഏജന്റുമാരെ അകലെ നിന്ന് കാണുമ്പോള്‍ തന്നെ മുറ്റത്ത്‌ നില്‍കുന്ന റബ്ബര്‍ മരത്തിന്റെയോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദ ഭാവത്തില്‍ നില്‍ക്കുക. അവര്‍ അടുത്ത് വരുമ്പോഴേ നാടിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായ കഥ അവരോടു പറയുക. എങ്ങിനെയെങ്കിലും തിരികെ പോകുന്ന കാര്യം സംസാരിച്ചു തുടങ്ങുക. അല്ലെങ്കില്‍ എങ്ങിനെയാണ് ഒരു ഇന്‍ഷുറന്‍സ് എജെന്‍സി തരപ്പെടുത്തുക എന്ന് അവരോടു ചോദിക്കുക. അതുമല്ലെങ്കില്‍ തിരിച്ചു പോകാനുള്ള വിസക്കുള്ള കാശ് ഒന്ന് മറിക്കാമോ എന്ന് ചോദിക്കുക.

24.
മീന്‍ വാങ്ങുമ്പോള്‍ കഴിവതും വില പേശി തന്നെ വാങ്ങുക.

25.
നാട്ടില്‍ ചെന്നാല്‍ ഉടന്‍ അവിടെ പൊതുവേ കാണപ്പെടുന്ന അഴിമതി,കൈക്കൂലി എന്നിവക്കെതിരെ പ്രതികരിക്കാന്‍ തോന്നുക സ്വാഭാവികം ആണ്.പക്ഷെ ഒന്നും കണ്ടില്ലെന്നു നടിക്കുക.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അറബികളെയും സായിപ്പിനെയും കാണുന്ന പോലെ തന്നെ കണ്ടു ബഹുമാനിക്കണം.കാരണം അവരാണ് നാട്ടിലെ അറബിയും സായിപ്പും എല്ലാം.

26.
പുതിയ സംരംഭങ്ങള്‍ നാട്ടില്‍ ചെന്ന ഉടനെ തുടങ്ങരുത്‌.ഉടനെ തുടങ്ങിയാല്‍ പാരകളും പാര്ടികാരും കൂടി നശിപ്പിച്ചു കയ്യില്‍ തരും.ഇവനൊന്നു നന്നായിക്കോട്ടെ എന്ന് നാട്ടുകാര്‍ക് തോന്നുന്നത് വരെ ബിസിനെസ്സുകള്‍ ഒന്നും തുടങ്ങരുത്‌.

ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. കൂട്ടുകാര്‍ നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും.

കാശുകാരന്‍ ആയതിന്റെ ജാഡ കാണിച്ചാല്‍ അധികം താമസിക്കാതെ ഉണ്ടാക്കിയെടുത്ത പണം പിരിവും സഹായവും ഒക്കെയായി നഷ്ടപ്പെട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലെ ജീവിക്കേണ്ടി വരും. അതിലും നല്ലത് കാശെങ്കിലും കൈയില്‍ വച്ചിട്ട് ഇങ്ങിനെ ജീവിക്കുന്നതല്ലെ??


2012, നവംബർ 11, ഞായറാഴ്‌ച

അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍


അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ എല്ലാവര്‍ക്കും അറിയുമോ..?
നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്
യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട് ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദന അനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ പോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട് അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്.
അമ്ളം പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാവുന്നു നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവും അടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25 ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍ അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും. അമ്ളത്തിന്റെ അംശം കൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരം എടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്ന അമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരം ആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍ തുടങ്ങുന്നു. ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയും ഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. ക്ഷാരാംശം ലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ , തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ , കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം, ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്.

അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്, അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്.

പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈ ലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്, ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു.
അസിഡിറ്റി ഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍
* ആസ്പിരിന്‍, ആന്റിബയോടിക് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം
* പഴകിത്തണുത്ത ആഹാരം
* രുചിയും മണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍
* എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം
* ചായ, കാപ്പി, എന്നിവയുടെ അമിത ഉപയോഗം
* മദ്യപാനവും പുകവലിയും
* സമയംതെറ്റിയുള്ള ആഹാരം
* പകലുറക്കം
* മാനസികസംഘര്‍ഷം
* വിരുദ്ധ ആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും)
ലക്ഷണങ്ങള്‍ പലവിധം
ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം. അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ് നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം, പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെ വയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന, തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതും തലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്.
അള്‍സറും അസിഡിറ്റിയും
അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരും പിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കു മരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍ തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും. ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായ വേദനയുണ്ടാക്കും.
ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെ വയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരം കഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക. ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും.
വിശപ്പും അള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ള ദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത് ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍ പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു.
പ്രതിവിധി
അള്‍സറുള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.' എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്. അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരം തണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ് അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നു കണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനും നിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍ പാലിലെ കൊഴുപ്പിനു കഴിയും.
അള്‍സര്‍ ഗുരുതരമാവുമ്പോള്‍ സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗം തുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരം പ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുക അത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ല ചികില്‍സ.
നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെ ലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത് ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കു വ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്. ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ്. .......